മഴക്കവിതകള്‍



മഴയൊരു നിത്യകാമുകി

മഴവരുന്നാളെന്‍റെയുള്ളമെല്ലാം
തെരുതെരെത്തുള്ളിക്കുതിച്ചുപാടും

മണിമുകില്‍ വാനം നിറഞ്ഞുകണ്ടാല്‍,

മമമനം മൂളും സ്വകാര്യരാഗം.
പവനനോടൊപ്പം രമിച്ചു മേഘ-
ജ്ജലകണം തുള്ളിത്തുളുമ്പിവന്നാല്‍,
ഹരിതശോഭയ്ക്കന്നു മാറ്റുകൂടും
മഹിമഹാമേളങ്ങളാണതെങ്ങും.
പ്രിയയവള്‍ തോരാതെ പെയ്തിടുമ്പോള്‍,
പ്രിയമൊരാളാരോ വിരുന്നിനെത്തി
പ്രണയരാഗത്തില്‍ നനച്ചിടുംപോല്‍,
പ്രണയിനിത്തൂവല്‍ കുടഞ്ഞുവിട്ടു.
പ്രിയനുമായ് കൊഞ്ചാന്‍ വരുംസുഗന്ധ-
പ്രിയതയായ് തോന്നുന്നു മാനസത്തില്‍.
ഇഴകളായ് മൂര്‍ദ്ധാവിലൂടെ വെള്ളം
കവിളിലൂടൊന്നങ്ങൊലിച്ചിറങ്ങി
അധരവും ചുംബിച്ചു നീ കടക്കെ,
മഴയിലെന്നുള്ളം കുതിര്‍ന്നിടുന്നു,
മധുമഴച്ചാറല്‍ രസിച്ചു നില്ക്കേ,
മിഴികളില്‍ നാണം മറച്ചുവച്ചു
മൊഴിയുമാ രാഗത്തിനീണമെന്നില്‍
മിഥുനമായ് മെല്ലേയലിഞ്ഞനേരം
മധുനുകര്‍ന്നീടും പതംഗമായ് ഞാന്‍
മഴ വരാനായിക്കൊതിച്ചിടുന്നു.
മഴവരുന്നാളെന്‍റെയുള്ളമെല്ലാം
തെരുതെരെത്തുള്ളിക്കുതിച്ചിടുന്നു


വേനല്‍ മഴ 

കാത്തു നിന്നു കാല്‍ കുഴഞ്ഞു 

കാര്‍മുകിലിന്‍ മേനി നൊന്തു
വേനല്‍മഴേ നീ വരുമൊ...
ഞാനിനിയും കാത്തിടണോ?

പൂക്കളൊക്കെ നീ വരുന്ന
കാഴ്ച്ചകാണുവാനൊരുങ്ങി
വാനിലേയ്ക്കു കണ്ണുനട്ടു
നിന്നെനോക്കി നിന്നിടുന്നു
.
കോകിലങ്ങളൊക്കെ മൌന-
മായിരുന്നു മൂളിടാതെ
പാറിവന്ന വണ്ടിനെന്തു
ക്ഷീണമെന്നറിഞ്ഞതുണ്ടൊ

വേനലിന്റെ താപമേറ്റു
സര്‍വ്വതും കരിഞ്ഞുണങ്ങി
പാരിതില്‍ ചരാചരങ്ങ-
ളൊക്കെയങ്ങു വാടിടുന്നു.

വേനലില്‍ തളര്‍ന്നുനിന്നു
കേണിടുന്ന ജീവനൊക്കെ
സര്‍വ്വനാശമേകിടാതെ
നീ കനിഞ്ഞു പെയ്യുകില്ലെ.?



പ്രളയഭീതി

മഴയെന്നും ഭീതിയുണർത്തിവരും
ദുരിതത്തിൻ വിത്തുകളായിടുമോ
ഭയമോടെ വെന്തുരുകുന്നു ദിനം
പ്രളയത്തിന്നോർമ്മകളാലെ ജനം.

ഗഗനത്തിൽ സൂര്യനുദിച്ചു പകൽ-
ച്ചിരിതൂകും വാനൊളി മായ്ച്ചിതിലേ
മുടിമാടിച്ചീകിയൊതുക്കിവരും
മഴമേഘത്തോരണമാലകളേ,

ചെറുമോഹച്ചിന്തുകളോടെ ദിനം
കഥചൊല്ലിപ്പെയ്യുക നീ മിതമായ്.
ഭയമേറ്റിപ്പാരിതിലേവരിലും
ദുരിതങ്ങൾ വാരി വിതയ്ക്കരുതേ.

കൊലുസിൻ സ്നേഹക്കിന്നരമായ്
മഴതൻമോഹക്കുളിർ ചൊരിയേ,
ചൊടിയിൽ മന്ദസ്മിതമായണയും
പവനാ, നീയും ശ്രുതി മീട്ടിവരാവു.

ഹൃദിയിൽപ്പമ്മിയടുത്തൊരുവൾ
അനുരാഗത്തിൻ കൺകളുമായ് 
തുണയായ് ചാരെയണഞ്ഞതുപോൽ
ചിറകെല്ലാം കോതി, മിനുക്കിവരൂ.

മണിമേഘത്തോരണമാം മഴയേ
ശ്രുതി മീട്ടിപ്പെയ്തിടു നീ ധരയിൽ
മൃദുരാഗം പാടി നനച്ചിടുവാൻ
കുളിരേകിപ്പെയ്‌തിടു നീയിവിടേ.


 പുലരിക്കതിരോൻ

         പുലരിക്കതിരോൻ മായും വാനിൽ 

മണിമുകിലെത്തു മ്പോൾ , 
ഉണരൂ സഖിയേ കാണാൻ വായോ 

മണിമുകിലിൻ ചന്തം.

ഇരുളിന്നലയാൽ മേഘക്കൂട്ടം 
പ്രഭയെ മറയ്ക്കുമ്പോൾ,
കുയിലിന്നനുരാഗത്തിൻ ഗീതിക-

ളണിയാൻ വാ വാ.


ഇടിയും മഴയും വന്നീ ജൂണിൻ

പുലരി ഭയക്കുമ്പോൾ, 
കരളിൽ കുളിരായ് മണ്ണിൽ സർവ്വം 

നനയുകയായെങ്ങും.

മരവും ചെടിയും പൂവും മൊട്ടും
മിഴിമൊഴിയാലെന്നെ
തുണയായണയാനാനന്ദിക്കാ-

നരികെ വിളിക്കുന്നു.

അതിലെൻ മനവും തുള്ളിത്തുള്ളി-

ച്ചിരികളുയർത്തു മ്പോൾ,
മഴയിൽ നനയാനെന്നിൽ മോഹം
പെരുകുകയായുള്ളിൽ.

ഒടുവിൽ പടികൾ താണ്ടീ ഞാനും
നനയുകയാണിപ്പോൾ
മഴയിൽ നനയാൻ കൂട്ടായ് വാ വാ 

കിളിമകളേ നീയും..

തുടരും മഴയിൽ മുറ്റത്തെല്ലാം 

കുമിളകൾ തുള്ളുമ്പോൾ,
നനവിൽ കുതിരുംസ്നേഹത്താലേ
ശുഭദിനമോതാൻ വാ.
              


വാർമഴവിൽ

കാലവർഷസൂചനയായ് 
വാനിലെത്തി വാർമഴവിൽ
മേഘവൃന്ദവീണകളിൽ
നിന്നുതിർന്നു ചാറലുകൾ.

രാഗലോലശ്രേണികളിൽ
ശ്രീ പൊഴിഞ്ഞപൂമഴയിൽ
ഈണമോടെ പാടിവരും
മെയ് നനഞ്ഞ പൂങ്കുയിലേ,

മുറ്റമൊക്കെ തുള്ളികളായ്
പെയ്തിടുന്ന വന്മഴയിൽ
പൂത്തുനിന്ന പൂവണിതൻ
മേനിയാകെ പൂത്തുലയും.

വെള്ളിപോലെ തുള്ളിടുമാ
മാരിവെള്ളമാർത്തൊഴുകും
ചന്തമുള്ള കാഴ്ചകളിൽ
മോദമോടെ ഞാൻ നനയും.


ഭാസ്കരനേ, മഴയെന്നു വരും?

താമരയോടനുരാഗവുമായ്‌ 
വാനഴകിൽ ചിരിതൂകി വരും
ഭാസ്കരനേ, തവ താപമതിൽ
വെന്തുരുകുന്നു ജനം ധരയിൽ.

പൊൻകിരണങ്ങളുതീർത്തുവിടും
നിന്നുടെ മോഹിത ചുംബനമാം
ചൂടു സഹിച്ചു സഹിച്ചിവിടെ
തോപ്പു, മലർ, ചെടി, പൂമരവും

ഉച്ചിവയിൽ തല ചുട്ടുവരും
സാധു ജനത്തെയുമൊക്കെയിനി
മെല്ലെ നനച്ചു കുളിർചൊരിയാൻ
തേന്മഴയായിവിടെന്നു വരും?

കാർമുകിലോടിനടന്നിടുമാ
മങ്ങിയവാനനിഴൽത്തണലും
മാരിയുമെത്തുവതീഭുവിയിൽ
സർവ്വചരാചരമോഹമതായ്

മാമലനാടിനു ക്ഷേമവുമായ്
താപനിലയ്ക്കു മറക്കുടയായ്
വന്നു നനച്ചു സുഖം പകരാൻ 
ഭാസ്കരനേ, മഴയെന്നു വരും?



കിനാപ്പുഞ്ചിരി
('മദിര'യിൽ ഒരു ശ്രമം )


മേഘമണിക്കുടമൊന്നിലൊളിച്ചൊരു സുന്ദരമായ കുളിർമഴയിൽ
മൊത്തമതായി നനഞ്ഞു കുതിർന്നു കുളിച്ചുവരാനതിമോഹവുമായ് 
അങ്കണമണ്ണിനൊടൊത്തുരമിച്ചമഴക്കുമിളക്കളികണ്ടിതു ഞാൻ
തങ്കമണിക്കൊലുസൊന്നു കിലുക്കിയ കിന്നരമോടെയിറങ്ങിയതിൽ
തുള്ളിയതും മമ പാദവുമായി രസിപ്പതുകണ്ടൊരു മാരിമുകിൽ
വെമ്പലുമായി പെരുംമഴ പെയ്തുടനെൻമൃദുമേനി നനച്ചിടവേ,
ഞാനൊരു ബാലികയായിയതാമഴമേളമൊരുക്കിയ താളമതിൽ
മോഹനരാഗവുമായൊരു മാരി മുളച്ചുവരും മണിമേഘമതിൽ
തൊട്ടുവരാനതിമോഹമതെന്നിലുദിച്ചൊരു ബാലിശബുദ്ധിയതിൽ
മോഹമണിച്ചിറകൊക്കെ മിനുക്കിയയെന്റെ തുണയ്‌ക്കൊരു മാരുതനും
ചേർന്നു പറന്നതിദൂരമതെത്തി വിഹായസുകണ്ടിതു ശൂന്യതയിൽ.
മേഘമതൊക്കെയുമങ്ങു ചൊരിഞ്ഞു ധരയ്ക്കു കുളിർമഴവെള്ളമതായ്.
ആശമനം ചെറുതായൊരു സങ്കടവാക്കുകളോതിയനേരമതെൻ
കണ്ണുതുടച്ചരികേ മമ കുഞ്ഞു കരം കവരുന്നിതു മാരുതനും.
തോർന്ന മഴക്കുളിരിൽക്കളിയാടി നടന്നൊരു ചിത്രപതംഗവുമാ-
യൊത്തൊരുമിച്ചു പറന്നിതു മൂവരുമെത്തി മനോഹര ഭൂമിയതിൽ
പുഞ്ചിരിതൂകി വിടർന്ന മലർത്തൊടിഗന്ധവുമായി രസിച്ചു മുദാ.
ചഞ്ചലനേത്രമതഞ്ജനസുന്ദര ശംഖുമലർക്കൊടി കൊഞ്ചിടവേ
അമ്മതുറന്ന ജനൽപ്പൊഴുതൊന്നിലകത്തു കടന്ന വെളിച്ചമതിൽ
കണ്ണു തുറന്നു വെറും കനവെന്നതറിഞ്ഞു മനം ചെറുപുഞ്ചിരിയിൽ

മേടച്ചിരി 


മീനച്ചൂടു സഹിച്ചു ഭൂവിൽ 
വാടിപ്പോയിതു സർവ്വവുമേ 
മാരിക്കാറിനുപോലും നിൻറെ 
 താപത്തിൽ സഹതാപം വന്നു  
വാനിൽ വിലസും  രവിയേ, നിന്‍
 വെള്ളിക്കതിരിന്നിഴപോലെ 

ചൂടില്‍ കിരണം ജ്വലിച്ചിടും   
മേടച്ചിരിയാലുലഞ്ഞിതാ .


കാരുണ്യത്തിൻ തേരു  തെളിച്ചു   
തെല്ലാശ്വാസമതേകാനെത്തി
സർവ്വചരാചരയാശകൾപോലെ  
വന്നിതു മെല്ലെപ്പെയ്‌തു മാരി


സര്‍വ്വം കുളിരും വിധത്തിൽ നീ 
ചാറല്‍ മഴയായ്ത്തുടങ്ങവേ,
മീനച്ചൂടിൽ വാടിയതെല്ലാം 
താപം കുറഞ്ഞു, കുളിർന്നിതാ..





















**************

ചാറൽ 

വാനത്തഴകായുദിച്ചയരുണാ
വെള്ളിക്കതിരിന്നിഴയ്ക്കു സമമായ്‌
ചൂടില്‍ കിരണം ജ്വലിച്ചു നിരയായ് 

പാരില്‍ വിലസിത്തെളിഞ്ഞ രവി നിന്‍

മേടച്ചിരിയാലുലഞ്ഞു സകലം

താപം സഹിയാതലഞ്ഞുവരവേ,
ചാറല്‍ മഴയായ്ത്തുടങ്ങിയൊടുവില്‍
സര്‍വ്വം കുളിരും വിധത്തിലുതിരും
വേനൽമഴയാല്‍ കുതിർന്നു ധരയും
ചൂടിൻ കഠിനം കുറഞ്ഞു, സുഖമായ്.‍..


വേനല്‍ മഴേ ...

കാത്തു നിന്നു കാല്‍ കുഴഞ്ഞു 

കാര്‍മുകിലിന്‍ മേനി നൊന്തു

വേനല്‍മഴേ നീ വരുമൊ...

ഞാനിനിയും കാത്തിടണോ?

പൂക്കളൊക്കെ നീ വരുന്ന
കാഴ്ച്ചകാണുവാനൊരുങ്ങി
വാനിലേയ്ക്കു കണ്ണുനട്ടു
നിന്നെനോക്കി നിന്നിടുന്നു.

കോകിലങ്ങളൊക്കെ മൌന-
മായിരുന്നു മൂളിടാതെ
പാറിവന്ന വണ്ടിനെന്തു
ക്ഷീണമെന്നറിഞ്ഞതുണ്ടൊ

വേനലിന്റെ താപമേറ്റു
സര്‍വ്വതും കരിഞ്ഞുണങ്ങി
പാരിതില്‍ ചരാചരങ്ങ-
ളൊക്കെയങ്ങു വാടിടുന്നു.
വേനലില്‍ തളര്‍ന്നുനിന്നു
കേണിടുന്ന ജീവനൊക്കെ
സര്‍വ്വനാശമേകിടാതെ
നീ കനിഞ്ഞു പെയ്യുകില്ലെ.?
*****************



മണിമുകിലിൻ ചന്തം


പുലരിക്കതിരോൻ മാഞ്ഞൂ വാനിൽ 
മണിമുകിലെത്തീല്ലോ 

ഉണരൂ സഖിയേ കാണാൻ വായോ 
മണിമുകിലിൻ ചന്തം

കുയിലിന്നനുരാഗത്തിൻഗീതിക-
ളണിയാം വാ വാ

ഇരുളിന്നലയാൽ മേഘക്കൂട്ടം 
പ്രഭയെ മറയ്ക്കുന്നൂ

ഇടിയും മഴയും വന്നീ ജൂണിൻ
പുലരി നനയ്ക്കുന്നൂ

കരളിൽ കുളിരായ് മണ്ണിൽ സർവ്വം 
നനയുകയായെങ്ങും

തുടരും മഴയിൽ മുറ്റത്തെല്ലാം 
കുമിളകൾ തുള്ളുന്നു

മരവും ചെടിയും പൂവും മൊട്ടും

മിഴിമൊഴിയാലെന്നെ


തുണയായണയാനാനന്ദിക്കാ-
നരികെ വിളിക്കുന്നു

അതിലെൻ മനതിൽ തുള്ളിത്തുള്ളി-
ച്ചിരികളുയർന്നല്ലോ

മഴയിൽ നനയാനെന്നിൽ മോഹം

പെരുകുകയായുള്ളിൽ


ഒടുവിൽ പടികൾ താണ്ടീ ഞാനും
നനയുകയാണിപ്പോൾ

മഴയിൽ നനയാൻ കൂട്ടായ് വാ വാ 
കിളിമകളേ നീയും.

നനവിൽ കുതിരും സ്നേഹത്താലേ

ശുഭദിനമോതാൻ വാ.



********

വാർമഴവിൽ

കാലവർഷസൂചനയായ് 

വാനിലെത്തി വാർമഴവിൽ

മേഘവൃന്ദവീണകളിൽ

നിന്നുതിർന്നു ചാറലുകൾ
രാഗലോലശ്രേണികളിൽ
ശ്രീ പൊഴിഞ്ഞപൂമഴയിൽ
ഈണമോടെ പാടിവരും
മെയ് നനഞ്ഞ പൂങ്കുയിലേ,

മുറ്റമൊക്കെ തുള്ളികളായ്
പെയ്തിടുന്ന വന്മഴയിൽ
പൂത്തുനിന്ന പൂവണിതൻ
മേനിയാകെ പൂത്തുലയും.

വെള്ളിപോലെ തുള്ളിടുമാ
മാരിവെള്ളമാർത്തൊഴുകും
ചന്തമുള്ള കാഴ്ചകളിൽ
മോദമോടെ ഞാൻ നനയും.

**********

കിനാപ്പുഞ്ചിരി('മദിര'യിൽ ഒരു ശ്രമം )

മേഘമണിക്കുടമൊന്നിലൊളിച്ചിതു ചാറിയ ചിന്ന കുളിർമഴയിൽ
മൊത്തമതായി നനഞ്ഞു കുതിർന്നു കുളിച്ചുവരാനതിമോഹവുമായ് 

അങ്കണമണ്ണിനൊടൊത്തുരമിച്ചമഴക്കുമിളക്കളികണ്ടിതു ഞാൻ

തങ്കമണിക്കൊലുസൊന്നു കിലുക്കിയ കിന്നരമോടെയിറങ്ങിയതിൽ

തുള്ളിയതും മമ പാദവുമായി രസിപ്പതുകണ്ടൊരു മാരിമുകിൽ
വെമ്പലുമായി പെരുംമഴ പെയ്തുടനെൻമൃദുമേനി നനച്ചിടവേ
ഞാനൊരു ബാലികയായിയതാമഴമേളമൊരുക്കിയ താളമതിൽ
മോഹനരാഗവുമായൊരു മാരി മുളച്ചുവരും മണിമേഘമതിൽ
തൊട്ടുവരാനതിമോഹമതെന്നിലുദിച്ചൊരു ബാലിശബുദ്ധിയതിൽ
മോഹമണിച്ചിറകൊക്കെ മിനുക്കിയയെന്റെ തുണയ്‌ക്കൊരു മാരുതനും
ചേർന്നു പറന്നതിദൂരമതെത്തി വിഹായസുകണ്ടിതു ശൂന്യതയിൽ.
മേഘമതൊക്കെയുമങ്ങു ചൊരിഞ്ഞു ധരയ്ക്കു കുളിർമഴവെള്ളമതായ്.
ആശമനം ചെറുതായൊരു സങ്കടവാക്കുകളോതിയനേരമതെൻ
കണ്ണുതുടച്ചരികേ മമ കുഞ്ഞു കരം കവരുന്നിതു മാരുതനും.
തോർന്ന മഴക്കുളിരിൽക്കളിയാടി നടന്നൊരു ചിത്രപതംഗവുമാ-
യൊത്തൊരുമിച്ചു പറന്നിതു മൂവരുമെത്തി മനോഹര ഭൂമിയതിൽ
പുഞ്ചിരിതൂകി വിടർന്ന മലർത്തൊടിഗന്ധവുമായി രസിച്ചു മുദാ.
ചഞ്ചലനേത്രമതഞ്ജനസുന്ദര ശംഖുമലർക്കൊടി കൊഞ്ചിടവേ
അമ്മതുറന്ന ജനൽപ്പൊഴുതൊന്നിലകത്തു കടന്ന വെളിച്ചമതിൽ
കണ്ണു തുറന്നു വെറും കനവെന്നതറിഞ്ഞു മനം ചെറുപുഞ്ചിരിയിൽ

                *******************  
                           

അഭിപ്രായങ്ങള്‍