എന്റെ വാർദ്ധക്യഭാവന


ബാല്യവും കൗമാരവും വാത്സല്യത്തേരിലേറി
മാരിവില്ലൂഞ്ഞാലതൻ തുഞ്ചത്തായാടീടുന്നൂ.
യൗവ്വനപ്രേമാർച്ചനക്കാലത്തിൻ പാരിജാത -
പ്പൂക്കളോ വാനോളവും സൗരഭ്യം വീശിനില്പൂ.
ജീവിതസ്സായാഹ്നമാം വാർദ്ധക്യത്തേർ തെളിക്കാൻ
മക്കളായ് വന്നെത്തിയോർ കൂട്ടായിയില്ലെന്നാലും
സ്നേഹമായിന്നോളവും നോക്കുന്നെൻ മക്കൾരണ്ടും
ദൂരെയായ് വാഴുന്നതാം കാഴ്ചയ്ക്കും സാക്ഷിയായ് ഞാൻ.
മക്കളേ, നിങ്ങൾ ദിനം സന്തോഷത്തേർതെളിച്ചും
കൺകലങ്ങാതേയുമീ ലോകത്തിൽ വാണിടേണം.
എന്നു ഞാൻ പ്രാർത്ഥിച്ചിടാം നക്ഷത്രപ്പൂവിളക്കായ്
മാനസം വാടാതെ ഞാനന്ത്യത്തിൽ കണ്ണടയ്ക്കാം.
ദേഹിയെൻ ദേഹത്തെവിട്ടെങ്ങോട്ടോ പാറിടുമ്പോൾ
ചാരെയെൻ മക്കൾ വരാൻ തെല്ലും ഞാനാശിക്കില്ലാ.
കാരണം മറ്റൊന്നുമായ്ക്കാണല്ലേ മിത്രങ്ങളേ
അമ്മതൻ വേർപാടുകണ്ടന്നു ഞാനെത്ര നൊന്തു.
എത്തണേ മിത്രങ്ങളേയന്ത്യത്തിൽ യാത്രചൊല്ലാൻ
വെള്ളയിൽ മൂടുന്നയെൻ ദേഹത്തിൽ തൊട്ടു നിങ്ങൾ
മുത്തമായ് നല്കുന്നതാം സ്നേഹത്തിൻ കൺമൊഴിക്കായ്
പഞ്ഞമുണ്ടാകില്ലയെന്നെൻ ചിത്തം കൂറീടുന്നു.

അഭിപ്രായങ്ങള്‍