പ്രഭാതവന്ദനം




ശക്തിപ്രഭാവം 

ആകാശമൊക്കെച്ചെമന്നൂ മെല്ലെ
പാരിൽ പ്രകാശം പരന്നൂ

തൊണ്ടിപ്പഴത്തിന്റ ചാറിൽ മുങ്ങി
ചന്തം കലർത്തിവന്നെത്തീ
വാനത്തുദിക്കുന്നു സൂര്യൻ നിത്യം
വൃത്തം വരച്ചിടുംപോലേ
അർക്കന്റെ രശ്മിത്തലോടൽ ചെമ്മേ
നമ്മേ വിളിച്ചുണർത്തുന്നൂ.
ആദിത്യദേവന്റെയൂർജ്ജം നമ്മിൽ
ശക്തിപ്രഭാവമായ് മിന്നും.
കണ്ടാൽ കൊതിക്കും പ്രഭാതം നല്ലോ-
രാരോഗ്യദായകംതന്നെ.
അർക്കന്റെ മുന്നിൽ മുടങ്ങാതെത്താം
ആത്മാർത്ഥവന്ദനം ചൊല്ലാം
ബുദ്ധിക്കതെത്തുന്നപോലേ നിത്യം
ഭക്തിപ്രണാമവും ചൊല്ലാം.

*************

പുലരിക്കാഴ്‌ച

പുലരിമഞ്ഞിൻ കുളിരു പെയ്തു
തെരുവിലെല്ലാം ജലകണങ്ങൾ
അരുണശോഭക്കിരണമേറ്റു 

മണികളായങ്ങിലയിൽ മിന്നി.


കിളികുലത്തിൻ കലപിലയ്ക്കുൾ
കുയിലു പാടുന്നിനിയ രാഗം
മധുരമായൊന്നനുകരിക്കാൻ
മനതിലെന്നും വരുമൊരാശ.

കർണ്ണികാരമരങ്ങൾ പൂത്തു
തെരുവിലാകേയണിനിരന്നു.
അതിനു മദ്ധ്യേയുദയസൂര്യൻ
കളിപറഞ്ഞങ്ങുയർന്നുപൊങ്ങി.

നിണമുതിർക്കുന്നധരമോടെ
സ്മിതവുമേകീയൊളിപരത്തും
ദിനകരന്റെ വരവിലിന്നും
പ്രിയമൊടോതാം സുദിനസൗഖ്യം.

****************

സിന്ദൂരത്തിലകം 

ആകാശത്തിരുമണിമുറ്റം
വർണ്ണത്താൽ പ്രസരിതമായി.
വാനത്തിൽ തൊടുകുറിപോലെ 
സിന്ദൂരത്തിലകവുമെത്തി.
കണ്ണിൽ തേൻകണിയുമൊരുക്കി
ഉന്മേഷം സിരകളിലേറ്റാൻ
ആത്മാർത്ഥശ്രുതിലയമോടെ
സത്യത്തേനമൃതവുമായി,
നിത്യം വന്നുദയദിനേശൻ
ദൂരത്തായ് തെളിയുവതുണ്ടേ.
ചിത്തത്തേനലകളുയർത്തും
സന്തോഷസ്മിതവദനത്താൽ
നാമെല്ലാമുണരുകവേണം
സ്നേഹത്താൽ ശുഭദിനമോതാൻ.

***************

അരുണകിരണം 

ഗഗനശിഖരമാകേയർക്കാനാൽ പൂത്തൊരുങ്ങീ
അരുണകിരണമെത്തീ താമരപ്പൂമുഖത്തിൽ
ഇനിയസുഖദരാഗം നാണമായ് മിന്നിനിന്നു 
അരുണനുമതുകണ്ടൂ രാഗലോലാനുരാഗം
മധുരവചനമോതീ പുഞ്ചിരിച്ചങ്ങുനിന്നു.
കണിസുഖമൊരു ദീപം വാനിലെത്തുന്നനേരം
അരുണകിരണവൃന്ദം ഭൂവിലെത്തുന്നു മന്ദം
കള കള കിളിനാദം കാതിലെത്തുന്നതോടെ
കനവുകളുടെ ലോകം വിട്ടുണർന്നൊന്നു ഞാനും
തൊടിമലരൊടു കൊഞ്ചിപ്പാറിമൂളുന്ന വണ്ടിൻ
സുരസുഖലയരാഗം കേട്ടൊരാനന്ദമോടെ -
ന്നകതളിരിലെ സ്നേഹം പങ്കുവച്ചീടുവാനായ്
പ്രിയസഹജരൊടിന്നും ചൊല്ലിടാം സുപ്രഭാതം.

**************

പുലർകാലവന്ദനം!


താമരവള്ളിത്തുമ്പുകളിൽ
പൂത്തൊരു പൂമൊട്ടേ, ദിനവും
നിന്നെ വിടർത്താനായിയിതാ 

ഭാസ്കരനെത്തീ വാനഴകിൽ.
പൊൻകിരണത്താൽ കൊഞ്ചിയവൻ

നിൻ മൃദുമെയ്യിൽത്തഴുകുമ്പോൾ,
സ്വർഗ്ഗസുഖത്തിൻ ലാളനയിൽ
നീ വിടരുന്നു സുന്ദരമായ്.
നല്ലനുരാഗകണ്ണുകളാൽ
നീ മൊഴിയും നൽവാക്കുകളും
നിന്നധരത്തേൻപുഞ്ചിരിയും
കൊണ്ടു മദിച്ചങ്ങർക്കനിതാ.
ഭൂമിയെ നോക്കിച്ചന്തമെഴും
പുഞ്ചിരി തൂകികൊണ്ടു ദിനം
സർവ്വമുണർത്തുന്നർക്കനു നൽ -
വന്ദനമോതാനായുണരാം..


****************


*സർഗ്ഗപ്രഭാതം*
കുങ്കുമവർണ്ണം വാരി വിതച്ചൂ
സൂര്യനുദിക്കും സുന്ദരവാനിൽ
പക്ഷികുലങ്ങൾ പാറിവരുമ്പോൾ
കണ്ണിനു സായൂജ്യത്തിരയോട്ടം.
പൊൻകിരണങ്ങൾ ഭൂവിലിറങ്ങി
പച്ചവിരിപ്പിന്നാഭ തിളങ്ങി,
മുല്ലമലർതൻ ഗന്ധവുമായി
അങ്കണമാകെക്കാറ്റു പരന്നു.
തേൻമധുരപ്പൂഞ്ചന്തമെഴും നല് -
പുഞ്ചിരിതൂകിപ്പൂമരമെല്ലാം
മാടിവിളിക്കുന്നേരമതോരോ
ചിത്രപതംഗം ചാരെ വരുന്നൂ.
പാരിതിലെന്നും പൊൻപ്രഭയേകും
നൽപുലരിക്കാഴ്ചക്കതിരോൻ
എത്ര മനോജ്ഞകാഴ്ചകളാണീ
നിത്യസുഖത്തിൻ സർഗ്ഗപ്രഭാതം !
-----

തിലകക്കുറി


മണിപോൽ ചൊടിയിൽ ചിരിയുതിരും

മുകിലിൻ നടുവേയദിതി സുതൻ.
കലയായ് തിലകക്കുറിയഴകിൽ
കണിയായുയരും രവി ദിനവും.
അരുണാ, തവ കൺമിഴിമൊഴിയിൽ,
അനുരാഗിണിയായ് കമലമിതാ
കിരണാവലികൾ തഴുകിയതിൽ
കമലാദളവും വിടരുകയായ്.
തൊടിയിൽ വിരിയും മലരുകളിൽ
തെളിയും മധുവിൻ രുചിമധുരം
മലരിൽ നിറയും മധു നുകരാൻ
മദമോടണയും മണിശലഭം.
നയനോത്സവമായനുദിനവും
നമനം ശുഭദം സുരസുഖദം.


ഭാസ്കരനേ, മഴയെന്നു വരും?


താമരയോടനുരാഗവുമായ്‌ 

വാനഴകിൽ ചിരിതൂകി വരും
ഭാസ്കരനേ, തവ താപമതിൽ
വെന്തുരുകുന്നു ജനം ധരയിൽ.

പൊൻകിരണങ്ങളുതീർത്തുവിടും
നിന്നുടെ മോഹിത ചുംബനമാം
ചൂടു സഹിച്ചു സഹിച്ചിവിടെ
തോപ്പു, മലർ, ചെടി, പൂമരവും
ഉച്ചിവയിൽ തല ചുട്ടുവരും
സാധു ജനത്തെയുമൊക്കെയിനി
മെല്ലെ നനച്ചു കുളിർചൊരിയാൻ
തേന്മഴയായിവിടെന്നു വരും?
കാർമുകിലോടിനടന്നിടുമാ
മങ്ങിയവാനനിഴൽത്തണലും
മാരിയുമെത്തുവതീഭുവിയിൽ
സർവ്വചരാചരമോഹമതായ്
മാമലനാടിനു ക്ഷേമവുമായ്
താപനിലയ്ക്കു മറക്കുടയായ്
വന്നു നനച്ചു സുഖം പകരാൻ 
ഭാസ്കരനേ, മഴയെന്നു വരും?നിറദീപം

ശുഭശോഭിതസുന്ദരാർക്കബിംബം 
ഗഗനത്തിൽ നിറദീപമായി നിന്നു 

സുഖശീതളയീണമോടെ വന്നു 

കുയിലോതീ നവരാഗസുപ്രഭാതം

ആര്‍ക്കനെത്ര സുന്ദരന്‍ 

അങ്ങകലെ ചക്രവാള സീമയിൽ
പൊങ്ങിവരുമർക്കനെത്ര സുന്ദരൻ

പൂത്തിരിയെ വെന്നിടുന്ന പുഞ്ചിരിയിൽ 

ചന്തമൊടു ചിന്തിടുന്ന രശ്മിയെ
കാത്തിവിടെ നിന്നിടുന്നു പൂക്കളും
പൂങ്കുയിലും മൈനകളും കാകനും.
സുന്ദര സുശോഭയേകുമർക്കനേ
വന്ദനമങ്ങോതി മെല്ലെ വന്നിടാം.

പ്രഭാതസ്തുതി

പൂർണ്ണനിലാവിനെ മായ്ച്ചൂ വാനിൽ 

പൂത്തിരിപോലെ ജ്വലിച്ചൂയർക്കൻ
പൂങ്കലികയ്‌ക്കു സമീപം രശ്മി
പൂവിതളൊക്കെ വിടർത്താൻ വന്നു

താരകളൊക്കെ മറച്ചൂ വിണ്ണിൽ
താലിയൊരുക്കിയിറങ്ങീ ഭൂവിൽ
താമരയോടനുരാഗം ചൊല്ലാൻ
താമസമൊന്നു വരുത്താതെത്തീ.
സർവ്വചരാചര സന്താപത്തിൻ
സാക്ഷകളൊക്കെയടയ്ക്കാനെത്തും
സുന്ദര ശോഭിതയർക്കാനന്ദാ
വന്ദനമോതി വണങ്ങീടുന്നേൻ!



സൂര്യോദയം 

സൂര്യോദയത്തിന്റെ ശോണിമയിൽ 
വിസ്മയംപൂണ്ടുഞാൻ നിന്നിടുമ്പോൾ

ഭൂമിയെപുല്കുന്ന രശ്മി മെല്ലെ 

തൊട്ടുതഴുകിക്കടന്നു പോകേ,
എന്നങ്കണവാടിയിൽ പൂത്തുനില്ക്കും
പൂങ്കലികകളെല്ലാം വിടർന്നു മെല്ലെ
മന്ദമായവിടെയ്ക്കൊഴുകിവന്നു
വീശും പരിമളക്കാറ്റിനൊപ്പം
പൂമരക്കൊമ്പിലിരുന്നിരുന്ന
കോകിലം പാടിടും രാഗങ്ങളെൻ
മാനസമാകെയുണർത്തിടുമ്പോൾ
സ്നേഹമായോതട്ടെ സുപ്രഭാതം !

പ്രഭാതവന്ദനം

ചക്രവാളത്തിന്റ സീമയിൽ ഭാസ്കരാ 

നിന്നർദ്ധവൃത്താകൃതിയെത്ര ചന്തം
ഇന്നുമീ വാനത്തു കോറിയ നിൻ ചിത്രം
കണ്ടു ഞാൻ വിസ്മയത്തേരിലേറി
ഓരോ പ്രഭാതവും വെവ്വേറെ വർണ്ണത്തിൽ
കണ്ണഞ്ചും കാഴ്ചകൾ തന്നേയല്ലോ കണ്ണിന്നു പീയൂഷമേകുന്ന കാഴ്ച്ചയിൽ
ചിത്തത്തിലൂർജ്ജവുമേറിടുന്നൂ
പാരിതിൽ സർവ്വർക്കും ക്ഷേമങ്ങളേകിടും
അർക്കാ ! നിനക്കെന്റെ വന്ദനങ്ങൾ..

പുലർക്കാഴ്ചകൾ

പൊൻതൂവലൊക്കെയും പാറിപ്പറത്തിയി-

പ്പൂങ്കോഴി പിന്നെയും കൂവുന്നിതാ
കാക്കക്കറുമ്പനും മൈനകുറുമ്പിയും
മുറ്റം മുഴുക്കെയും തൂക്കും ദിനം
ആനന്ദകോകിലം രാഗങ്ങളോതിയെൻ
ചിത്തം മയക്കുവാനെത്തും സദാ
കണ്ണും തിരുമ്മി ഞാൻ കോലായിലെത്തിയാൽ
കാണാം ദിവാകരൻ ദൂരങ്ങളിൽ
ആകാശമൊക്കെയും വർണ്ണാഭമായതിൽ
ചെമ്പട്ടുകുങ്കുമപ്പൊട്ടൊന്നുപോൽ,
കുന്നിൽ മറഞ്ഞിടും മെല്ലെത്തെളിഞ്ഞിടും
കണ്ടാൽകൊതിക്കുമാ ബാലാർക്കനായ്
കൈനീട്ടിനോക്കി ഞാനെത്തിപിടിക്കുവാൻ
തെന്നിക്കളിച്ചുവാ പൊള്ളും പഴം...



പ്രളയഭീതി

മഴയെന്നും ഭീതിയുണർത്തിവരും

ദുരിതത്തിൻ വിത്തുകളായിടുമോ
ദിനമെങ്ങും വെന്തുരുകുന്നു മനം
പ്രളയത്തിന്നോർമ്മകളാലെ ജനം


ഗഗനത്തിൽ സൂര്യനൊളിഞ്ഞു പകൽ-
ച്ചിരിതൂകും വാനൊളി മായ്ച്ചിതിലേ
മുടിമാടിച്ചീകിയൊതുക്കി വരും
മഴമേഘത്തോരണമാലകളേ...,

ചെറുമോഹച്ചിന്തുകളോടെ ദിനം
കഥചൊല്ലിപ്പെയ്യുക നീ മിതമായ്.
ഭയമേറ്റിപ്പാരിതിലേവരിലും
ദുരിതങ്ങൾ വാരി വിതയ്ക്കരുതേ.

കൊലുസിൻ കിന്നാരമണിക്കവിതേ
ധരയിൽ സന്തോഷമലർ ചൊരിയൂ.
ചൊടിയിൽ മന്ദസ്മിതമായണയൂ
പവനാ നീയും ശ്രുതി മീട്ടി വരൂ.

ഹൃദയങ്ങൾതമ്മിലടുത്തൊരുവൾ
അനുരാഗക്കൺകളുമായരികിൽ
തുണയായിക്കൂടെയണഞ്ഞതുപോൽ
ചിറകെല്ലാം കോതി മിനുക്കിവരൂ.

മണിമേഘത്തോരണമാം മഴയേ
ശ്രുതി മീട്ടിപ്പെയ്തിടു നീ ധരയിൽ
മൃദുരാഗം പാടി നനഞ്ഞിടുവാൻ
കുളിരേകിപ്പെയ്‌തിടു നീ യിവിടേ...

പുലരിക്കുളിർ

ചാറൽമഴയായ് തുടങ്ങി, അരുണൻ 

വാനിൽ കണിയായ് മറഞ്ഞിതുടനെ
വേനൽമഴയിൽ കുതിർന്നു പുലരി
ചൂടിൻ മറയിൽ കുളിർന്നു പുലരി
സൂര്യൻ മലയിൽ മറഞ്ഞു പതിയെ 
ചിരിച്ചയൊളിയിൽ തെളിഞ്ഞ പുലരി.



ഉദയേശ്വരജ്യോതി

ഭുവനം മുഴുവന്നൊളി തൂകി ദിനം
ഗഗനത്തിരുമുറ്റമതിൽക്കതിരോൻ

കണികണ്ടുണരാനതിശോഭിതനായ്

മണിദീപമതായിയുദിച്ചുയരും.

മഹനീയ ഗുണത്തിലകോദയവും
കുയിലിൻ കളഗീതലയശ്രുതിയും
തൊടിയിൽ വിടരും മലരിൽ മധുവു
ണ്ടുവരും വരിവണ്ടു ധരയ്ക്കു വരം.
പ്രഭമങ്ങിയ വൈകിയ നേരമതിൽ
നിറസന്ധ്യ ചെമന്നു തുടുത്തു വരും.
നിശ നീട്ടിയ കൈകളിലെത്തിയുടൻ
പകലോനൊളിയുന്നിരുളിൻമറയിൽ
രജനീശ്രുതിമീട്ടിയ രാക്കിളിതൻ
മൃദുരാഗമതെന്നെ മയക്കിടവേ,
നിശയിൽ വിരിയും മലർവാസനയിൽ
സുഖമായ് കനവൊന്നു തലോടിടവേ,
ഒരുപാതിധരയ്ക്കൊളിസേവയതി-
ന്നൊഴിവേതുമില്ല, ഗമിച്ചു രവി
ഇരുളിൻ പിടിയിൽ കഴിയുന്നിടമാം
മറുപാതി ജനത്തിനു വെട്ടവുമായ്.
ഉരുവാകിയനേരമതന്നുമുതൽ
ഒഴിയാതെ മിടിച്ചിടുമെൻ ഹൃദയം
മിടിയൊക്കെ നിറുത്തി ഗമിച്ചിടുമെ
ഒരുനാൾ മരണത്തിലകപ്പെടുകിൽ.
അതുപോലെയിയർക്കനു വിശ്രമമാ -
യൊരു നാളുമതില്ല, നിനച്ചിതു ഞാൻ,
ഒഴിവോടൊരുനാൾ രവി പോയിടുകിൽ,
ജഗമൊക്കെയിരുൾപ്പിടിയിൽ മറയും
അഴകൊക്കെ രസിച്ചിടുമെൻനയനം
അലയേണമതന്ധതയിൽ സതതം.
പതിവായ് നയനോത്സവമേകിവരാ
നിതുപോൽ ഭഗവാനില്ലുലകിൽ.
ഉദയേശ്വരജ്യോതിയരുൾ ചൊരിയാൻ
തിരുരൂപമതായ് നിലകൊണ്ടു ഭവാൻ
മനഃശുദ്ധതയോടെ ദിനം തൊഴുകാം.
ഹൃദിവന്ദനമോടെ വണങ്ങിവരാം.

വണക്കം


ബാലാർക്കബിംബം പൂർവേയുദിച്ചു 

രശ്മിക്കരം നീട്ടി മെല്ലെയുണർത്തി. 

മാരിക്കുളിർത്തെന്നൽ വീശിക്കടന്നു 

ആരാമപുഷ്പങ്ങൾക്കാഹ്ലാദമായി.
പുള്ളിക്കുയിൽ പാടി, പൂമ്പാറ്റ വന്നു
പൂക്കൾക്കുചുറ്റും പാറിക്കളിച്ചു.
സുപ്രഭാതത്തിൻ രാഗാർദ്ര ഗീതം
സ്വർഗ്ഗാനുരാഗശ്രുതി മീട്ടി നിന്നു.
എല്ലാരിലും നല്ലയുത്സാഹമേകാൻ
വാനത്തുദിക്കുന്നർക്കാ വണക്കം !



സുപ്രഭാതം....

കാലത്തെഴുന്നേറ്റു ചുറ്റും നോക്കീ-
ട്ടർക്കനേയിങ്ങെങ്ങും കാണ്മതില്ലാ.
സുപ്രഭാതത്തിന്റെ ശോഭയേകീ -
ട്ടാദിത്യനെങ്ങോ മറഞ്ഞിരിപ്പൂ. 
എങ്ങു തിരിഞ്ഞൊന്നു നോക്കിയാലും 
ഒന്നുപോലുള്ളൊരു കാഴ്ചതന്നെ. 
വാനത്തെ പുല്കുവാൻ വെമ്പി നില്ക്കും 
അംബരചുംബിയാംകെട്ടിടങ്ങൾ.
കൂവിയുണർത്തുവാൻ പൂവനില്ലാ 
രാഗങ്ങൾ പാടാൻ കുയിലുമില്ലാ 
കേരങ്ങൾ തിങ്ങുന്ന കേരളത്തിൻ 
സുപ്രഭാതത്തിന്റെ ചേലുമില്ലാ.... 
എങ്കിലുമോതുന്നു കൂട്ടുകാരേ..
സ്നേഹം നിറഞ്ഞൊരു സുപ്രഭാതം... 
നല്ലോരു നാളിന്റെയാശംസയും 
ഇന്നു നിങ്ങൾക്കായി നേർന്നിടുന്നു..

[13/11/2018, 9:55 AM] Devi K.Pillai From Banglore 🙏🏻




 ഹരിലാവണ്യം 

പുലരിയിലുയരുമി ഹരിലാവണ്യം
പുതുദിനമരുളിയ ശുഭകാരുണ്യം

ധരണിയിലുതിരുമി കിരണാവേശം 

ഹൃദികളിലണിയണ നവതാരുണ്യം.

ഇരുളുകളുതിരുമി പകലോൻ വന്നാൽ,
കരളിലതുയരുമെ പുതു മോഹങ്ങൾ
ചൊടികളിലുതിരണ ചിരിയാലപ്പോൾ 
മൊഴികളിലണിയുമെ മുഖലാവണ്യം.
തൊടിയിലെ ചെടികളെ തഴുകാനായി
കിരണമതൊഴുകിടുമതിമോദത്താൽ
ഇതളുകൾ വിരിയണ നയനാനന്ദം
പ്രകൃതിയതണിയുമെ നവതാരുണ്യം.
ഇതളുകളുതിരണ സൗരഭ്യത്താൽ
പവനനുമണയുമെ സസുഖാനന്ദം
മലരുകളുതിരണ മധുമാധുര്യം
നുകരുമി ശലഭവുമതിചാതുര്യം.

പുലർകാല വന്ദനം

ചക്രവാളസീമയിൽ പൊങ്ങിവരും ഭാസ്കരാ 
നിന്റെയർദ്ധവൃത്താകൃതിക്കെന്തു ചന്തം 
ഇന്നുമീ വാനത്തു കോറിയ നിൻ ചിത്രം 
കണ്ടു ഞാൻ വിസ്മയത്തേരിലേറി 
ഓരോ പ്രഭാതവും വെവ്വേറെ വർണ്ണത്തിൽ 
കണ്ണഞ്ചും കാഴ്ചകൾ തന്നേയല്ലോ 
കണ്ണിന്നു പീയൂഷമേകുന്ന കാഴ്ച്ചയിൽ 
ചിത്തത്തിലൂർജ്ജവുമേറിടുന്നൂ 
പാരിതിൽ സർവ്വർക്കും ക്ഷേമങ്ങളേകിടും 
അർക്കാ ! നിനക്കെന്റെ വന്ദനങ്ങൾ..

സുപ്രഭാതം പ്രിയരേ....

മാനത്തു കായ്ച്ചൊരു പൂങ്കനിയെ -നിന്നെ -
കാണുവാനെന്തൊരു ചന്തം

കാലത്തു നേരത്തുദിച്ചുയരും - നിന്റെ-

വർണ്ണത്തിലാകൃഷ്ടയായിതായെൻ
കൈനീട്ടി നോക്കി ഞാനെത്തിപ്പിടിക്കുവാൻ - നിന്നെ -
കൈക്കുള്ളിലാക്കുവാൻ മോഹിച്ചു.
ആർക്കും പിടിതരാതെങ്ങോട്ടേയ്ക്കാണീ - നിന്റെ -
പോക്കിതെന്നെന്നോടു ചൊല്ലാമോ... 

അഭിപ്രായങ്ങള്‍