എന്‍റെ മരണമോഹം




എന്‍റെ മരണമോഹം
(വെറുതേ കാടുകയറിയ ഒരു ചിന്ത)

ധരിത്രിയില്‍ ജനിച്ചു നല്ല തൃപ്തമായ ജീവിതം

ലഭിച്ചതില്‍ സ്തുതിച്ചുതന്നെ പിന്നിടുന്നു ഞാന്‍ ദിനം
പിറന്ന വീടുമെന്‍റെയച്ഛനമ്മമാരെയും സദാ
സ്തുതിച്ചിടുന്നു, സോദരങ്ങളേയുമെന്‍റെ നാഥനേം
ജനിച്ച രണ്ടു മക്കളിന്‍ തുണയ്ക്കു വന്ന മക്കളും
ഇഹത്തിലെന്‍റെ ജന്മപുണ്യമായ കൊച്ചുമക്കളും
നലത്തെ മാത്രമായെനിക്കു നല്കിവന്നതാല്‍
വിഹംഗമായ് പറന്നു ഞാന്‍ സ്വതന്ത്രമായ് നടന്നതും
പ്രമോദവും പ്രദീപ്തിയും രുചിച്ചു ഞാന്‍ വസിച്ചതും
അടുത്തവര്‍ മനസ്സു ഞാനടുത്തറിഞ്ഞിരുന്നതും
ദിനം വരും സുഹൃത്തുമെന്‍ മനസ്സറിഞ്ഞിരുന്നതും
സുഖങ്ങളില്‍ സുഖങ്ങളായ് മലര്‍ക്കെ ഞാന്‍ ചിരിച്ചതും
വയസ്സിനേറ്റപോലെയായ് രസിച്ചുതന്നെ വാഴ്ന്നതിന്‍
നനുത്തയെന്‍റെയോര്‍മ്മകള്‍ നിലച്ചുതന്നെ നില്ക്കവേ,
മരിക്കുവാന്‍ കിടക്കയില്‍ കൊതിച്ചു ഞാന്‍ കിടക്കണം.
മരുന്നുമാശുപത്രിവാസമായ സൂചികുത്തലും
സഹിച്ചു ഞാന്‍ മടുത്തതാലെ വേണ്ടെനിക്കു നാഥനേ
മരിക്കുമെന്ന വാര്‍ത്ത കേട്ടു മക്കളൊക്കെയെത്തിടാന്‍
നിലച്ചിടാതെയെന്‍റെ നേര്‍ത്ത ശ്വസമൊന്നു കാക്കണേ
മുതിര്‍ന്ന നാലു മക്കളും വളര്‍ന്ന കൊച്ചുമക്കളും
അടുത്തിരുന്നിതെന്നന്ത്യയാത്ര മംഗളങ്ങള്‍ നേരണം
കരുത്തു നല്കി കൂടെനിന്ന മിത്രമായവര്‍ പലര്‍
സഹോദരങ്ങളോടുചേര്‍ന്ന’ടുത്തുവന്നിരിക്കണം
വിളിച്ചടുത്ത കാലനെ പുണര്‍ന്നു ഞാന്‍ ഗമിക്കവേ,
പിരിച്ചെടുത്തനൊമ്പരം സഹിച്ചുകൊണ്ടുതന്നെ നീ
തലയ്ക്കലെന്‍റെ നാഥനങ്ങിരുന്നെനിക്കു നല്കണം
തണുത്തയെന്‍റെ നെറ്റിയൊന്നമര്‍ത്തിയന്ത്യചുംബനം.
വെളുത്ത വസ്ത്രമൊന്നതില്‍ പുതച്ചു ഞാന്‍ കിടക്കവേ.
തളര്‍ന്നിടാതെ മക്കളെന്നടുത്തുവന്നിരിക്കണം.
പതുക്കെ ഞാന്‍ മരിച്ചതായുണര്‍വ്വവര്‍ക്കു നല്കണം
കരഞ്ഞിടാതെ ധൈര്യമായ് തുണയ്ക്കു വന്നിതെത്തണേ
ഭയത്തിനാലെയുള്ളവും നടുങ്ങിടാതെ നോക്കണേ
മരിച്ചു ഞാന്‍ ഗമിച്ചടുത്തനാള്‍മുതല്‍ക്കു ദൈവമേ
മനക്കരുത്തു നല്കിയെന്‍ പ്രിയന്‍റെ കൂടെ നില്ക്കണേ
മരിച്ചു പിന്നെ മുക്തി നേടി ദൈവപാദം പൂകിയാല്‍
നഭസ്സിലേറെ ശോഭയോടെ മിന്നി നിര്‍ത്തുവാന്‍ തഥാ
ഇഹത്തിലുള്ള സങ്കടങ്ങള്‍ ഒക്കെയങ്ങൊഴിച്ചിടാന്‍
മനം നിറഞ്ഞു കണ്ണനോടിരന്നിടാം നിരന്തരം.


                                         ************

അഭിപ്രായങ്ങള്‍