വിഷു

വിഷു

മണിക്കൊന്ന പൂത്താൽ വിഷുക്കാലമായി
ഇളം മഞ്ഞസൂനം പ്രപഞ്ചത്തിലാകെ
ചിലങ്കയ്‌ക്കു തുല്യത്തിലൈശ്വര്യമൊടെ 
കണിക്കൊന്നയെന്നോരു പേരിൽ വിടർന്നേ .


മനോജ്ഞങ്ങളാകുന്ന പൂങ്കൊമ്പുതോറും
മഴക്കാറുപോലെച്ചുരുൾചാരുകേശേ
മയിൽപീലി ചൂടിച്ചിരിക്കുന്നു കണ്ണൻ
നിജം മേടമാസം പുലർന്നാൽ മനോജ്‌ഞം.


തളിർമുല്ല മൊട്ടിന്റെ ചന്തം കലർത്തി
കുരുന്നോമനച്ചുണ്ടിനോടൊന്നു ചേർത്തൂ
മുളംതണ്ടുരാഗങ്ങളൂതുന്നു കൃഷ്ണൻ
നറുംവെണ്ണയോളം മൃദുത്താളമാകും.


കുറുമ്പന്റെ രാഗത്തൊടൊപ്പം ശ്രവിക്കാം
വിഷുപ്പക്ഷി പാടും വിഷുത്താളരാഗം
കണിക്കൊന്ന പൂത്തോരു പൂവിന്റെ ചേലിൽ
കുരുന്നോമനപ്പല്ലുകാട്ടിച്ചിരിക്കും .


കുറുമ്പോടെ നില്ക്കുന്ന കണ്ണന്റെ കണ്ണിൻ
തിളങ്ങുന്നൊരൈശ്വര്യമെല്ലാം ഗൃഹത്തിൽ
തെളിഞ്ഞങ്ങു തങ്ങാനുറങ്ങുന്ന മുമ്പേ
കണിക്കാഴ്ച ഞാനിന്നൊരുക്കുന്നു കണ്ണാ.


മഴയ്ക്കുള്ള മേഘം കനിഞ്ഞെന്റെ കണ്ണാ
ജഗത്തിന്റെ ദാഹം ശമിപ്പിച്ചിടാനായ്
മിതക്കാലവർഷം കനിഞ്ഞേകു കണ്ണാ
ധരയ്‌ക്കെന്നുമെന്നും സമാധാനമേകൂ .


വരങ്ങൾ ചൊരിഞ്ഞൊന്നു കാക്കെന്റെ കണ്ണാ
ജഗത്തിന്റെ നാഥാ കരം കൂപ്പി നിന്നേ 

വണങ്ങുന്നിതേവർക്കുമീ മേടനാളിൽ
വിഷുക്കോടി ചുറ്റാൻ, കണിക്കാഴ്ച കാണാൻ.

വിഷുപ്പക്ഷി പാടുന്നയീണം രസിച്ചീ
വിഷുസ്സദ്യയുണ്ണാൻ സസന്തോഷമീ ഞാൻ
വിഷുക്കാലയാശംസകൾ നേർന്നിടാമെൻ
പ്രിയർക്കായി നന്മപ്രഭാതങ്ങളോടെ !

അഭിപ്രായങ്ങള്‍