അമ്മ
അമ്മയും നന്മയുമൊന്നുതന്നെ
കാണാന്‍കഴിയുന്ന ദൈവംതന്നെ
"അമ്മ''യെന്നാലാതു പെണ്മയുടെ
പൂർണ്ണതയേകുന്ന പുണ്യപദം
അമ്മേയെന്നൊന്നു വിളിച്ചിടുവാൻ
ദൈവം പഠിപ്പിച്ചു വിട്ടതല്ലേ
അമ്മതൻ പാലു നുണഞ്ഞിടവേ
നാമറിഞ്ഞൂ പല വാക്കുകളും
ഉപമകളില്ലാത്ത വാത്സല്യത്തിൻ
ഉടയാത്തോരുറവിടമല്ലേയമ്മ
കാരുണ്യക്കടലിലെ ജലമാണമ്മ
ക്ഷമയുടെ പര്യായപദമാണമ്മ
അളവറ്റ തെറ്റിനും ശിക്ഷയില്ലാ-
ക്കോടതിവിധികർത്താവെന്നുമമ്മ
തനയരിലെന്നെന്നും സ്വാർത്ഥയമ്മ
നിഷ്ക്കളസ്നേഹത്തിന്നുറവയമ്മ
അമ്മതന്‍സ്ഥാനംവഹിക്കുവാനീ
ഭൂലോകത്താരേലും വേറെയുണ്ടോ
അമ്മയും നന്മയുമൊന്നുതന്നെ
കാണാന്‍കഴിയുന്ന ദൈവംതന്നെ
അനാഥത്വം.
മുളയില്ലാതൊരു ചെടിയുണ്ടോ?
ചെടിയിൽ പൂക്കുന്നോരോ മൊട്ടും
മലരായ് വിരിയും നേരമതിൽ,
മധുനുകരാനായെത്തീടും
മണിശലഭങ്ങൾ പരാഗങ്ങൾ.
ഉത്ഭവമില്ലാതെങ്ങനെ വളരും
ജനനിയുടുദരെ നാമെല്ലാം?
വിരിയും മലരിനെയാശ്ലേഷിക്കും
നിധിവണ്ടുകളാണഛന്മാർ.
ജനനിയെ വാഴ്‌ത്തും നാവിന്മേൽ
ജനകനുമെത്താറുണ്ടെന്നും.
ജനനീ ജനകൻ വകഭേദങ്ങൾ
മമ മനമെന്നും കരുതാറില്ല.
നയനാമൃതമായീ ധരയിൽ
നടമാടീടാനില്ലിപ്പോൾ.
അകലെ മറഞ്ഞെൻ താരകളേ,
ഗഗനമതിൽ ഞാൻ തേടുന്നു,
ദിനവും കണികണ്ടുണരാനെൻ
മനമാശിക്കും രൂപങ്ങൾ.
അരികത്തണയാൻ, മടിയിലിരിക്കാൻ
കൊതിയാണിന്നും സത്യത്തിൽ.
അരുമമുഖങ്ങൾ കാണാതെൻ
മനമതിലുണ്ടൊരനാഥത്വം.
ഇരുവരുമിന്നെൻ മനതാരിൽ
കുടികൊള്ളുന്ന മഹത്വങ്ങൾ.
സ്നേഹസാഗരം
.
“അമ്മ'' യെന്നതു പെണ്മതന്‍ പൂര്‍ണ്ണപുണ്യത തന്‍ പദം
ഭൂമി ദേവി വരം തരും നല്‍ക്കിരീടമതീ ഭുവില്‍ .
തായ്മനസ്സു വിശുദ്ധമാം സ്നേഹസാഗരമാകുകില്‍
ബാല്യമെന്നതവര്‍ തരും സ്വര്‍ഗ്ഗല്ലയൊ പാരിതില്‍
അമ്മമാരിതെശോദയായ് യാദവര്‍കുലസന്തതീ
കണ്ണനെത്തിയനുഗ്രഹം തന്നതാണതു നിശ്ചയം.
കണ്ണനായ് വിളയാടിടും കുഞ്ഞുനാവിലെ കൊഞ്ചലില്‍
തായ്ച്ചൊടിക്കൊരു മോഹമായ് പൂത്തുനിന്നിടുമുമ്മകള്‍.
കൈയു വിട്ടകലുന്ന തന്‍ കണ്‍മണിച്ചെറുപാതയില്‍
പാദമൊന്നതു തെന്നവേ അമ്മയോടിയടുത്തിടും.
തെറ്റുകുറ്റമതൊക്കെയും പൂര്‍ണ്ണമായിപൊറുത്തതിന്‍
നന്മ ചൊല്ലി വളര്‍ത്തിടാന്‍ അമ്മതന്നെ ധരിത്രിയില്‍.
വേണ്ടുംനേരത്തു ബുദ്ധിയില്‍ വേണ്ടതൊക്കെയുമെത്തുവാന്‍
നല്ല ഭക്ഷണരീതികള്‍ ചൊല്ലിച്ചൊല്ലി വളര്‍ത്തിടും
സത്യധര്‍മ്മഗുണങ്ങളായ് മാന്യമാം പെരുമാറ്റവും
സ്വാര്‍ത്ഥതയ്ക്കു വിനാശമായ് സത്സ്വഭാവവുമോതിടും.
നന്മകൊണ്ടു നിറഞ്ഞ നല്‍ മാനസങ്ങളാതാക്കിടാന്‍
നാടിനൊത്തൊരു പൌരനായ് നമ്മെയൊന്നുവളര്‍ത്തുവാന്‍
പാടുപെട്ടു നടക്കുമീ തായ്മനസ്സിലെയാശപോല്‍
ഒന്നു നിന്നുകൊടുക്കുകില്‍ നാടു നന്മയിലെത്തിടും.
മക്കളാല്‍പ്പെരുസങ്കടം ഏതു തായും സഹിച്ചിടും
ക്ഷേത്രമൊക്കെയലഞ്ഞിടും പ്രാര്‍ത്ഥനാവഴിപാടിനായ്.
മക്കളില്‍വന്ന സങ്കടം കണ്ടുനില്പതസാദ്ധ്യമേ
പാരിലേതൊരു തായിനും നെഞ്ചുവിങ്ങി തകര്‍ന്നിടും
ഭൂമിയില്‍ ചിലയച്ഛനും വന്നുദാഹരണങ്ങളായ്
മക്കളില്‍ വഴികാട്ടിയായ് മേവിടുന്നതു കണ്ടിടാം
ജീവിതപ്പെരുവീഥിയില്‍ കല്ലു, മുള്ളു ചവിട്ടുകില്‍
ചിന്തയില്‍ മമ തായ് വരും ചൊല്ലിയെന്നെ തിരുത്തിടാന്‍.
ഇന്നുമെന്നിരുപാദവും നേര്‍വഴിക്കു നയിക്കുവാന്‍
ദൈവമായ് മനതാരിലെന്‍ ശക്തിയായ് മരുവുന്നു തായ്.
എന്റെ അച്ഛൻ
കാലത്തുണരുമ്പോഴച്ഛനെ ഞാൻ
കാണാതന്നുസ്‌കൂളിൽ പോയിരുന്നു.
രാത്രിയെന്നച്ഛൻ വന്നെത്തുവോളം
കാത്തിരിക്കാനമ്മ സമ്മതിക്കാൻ
ചുമ്മാപഠിക്കുകയാണെന്നപോൽ
പുസ്തകം കയ്യിലെടുത്തിരുന്നു.
അച്ഛൻ വരാനൊന്നു വൈകിയെന്നാൽ,
ഉള്ളിന്റെയുള്ളിൽ പിടച്ചിലേറും.
വേണ്ടാത്ത ചിന്തകൾ വേട്ടയാടി -
ക്കൊണ്ടെന്റെ ചിത്തമുലച്ചിരുന്നു.
അച്ഛൻവന്നെത്തിക്കുളികഴിഞ്ഞാൽ
ഉണ്ണാനിരിക്കുന്ന നേരമെന്നും
ചാരേ വിളിച്ചെനിക്കുരുള നൽകും.
അതിനാണു കാത്തിരിക്കുന്നതെന്നെൻ
അമ്മ കളിയായ്ച്ചിരിച്ചിടുമ്പോൾ
സ്നേഹമാണെന്നോടെൻ കുട്ടിക്കെന്നും
നന്നായ് വരുമെന്റെ കുട്ടിയെന്നും
അച്ഛനന്നാളിൽ പറഞ്ഞതെല്ലാം
വാസ്തവമായിയെന്നിന്നു ഞാനെൻ
ഓർമ്മയിൽ തേടി രസിച്ചീടുന്നു.
അച്ഛന്റെ കഷ്ടങ്ങളൊക്ക ഞാനെൻ
ബാല്യത്തിലേയെന്നുമോർത്തിരുന്നു.
രാപ്പകലില്ലാതെ കണ്ണും നട്ട്
ഏഴുപെണ്മക്കളെപ്പോറ്റിടുന്ന
അമ്മയോടൊത്തിരി സ്നേഹമെന്നിൽ
പണ്ടുമുതൽക്കേയുണ്ടായെങ്കിലും
ആണ്മക്കളെപ്പോലെ ധൈര്യമേകി
അല്ലലില്ലാതെ വളർത്തിടാനായ്
കഷ്ടങ്ങളേറെ സഹിച്ചയെന്റെ
അച്ഛനോടാണെനിക്കേറെയിഷ്ടം.
ഞങ്ങളാക്കണ്മുന്നിലുണ്ടായീടാൻ
ഓരോരോ കൂരയൊടിച്ചുകൂട്ടി
അച്ഛന്റെ സമ്പത്തിൽ വാഴുവാനായ്
എന്നെന്നുമോതിനടന്നിരുന്ന
അച്ഛനെയാണെനിക്കേറെയിഷ്ടം...
അച്ഛനെയാണെനിക്കേറെയിഷ്ടം...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ