ഉൾത്തിളക്കം

ഉൾത്തിളക്കം 

മാതൃവന്ദനം

എന്മനതാരിൽ വിളങ്ങും സ്നേഹദീപമേ,
പാലമൃതൂട്ടുന്ന നിൻ സ്നേഹലാളനം
ഓർമ്മയിലെത്താൻ മടിക്കുന്നു സന്തതം
എങ്കിലുമാ നിർവൃതിക്കെന്റെ വന്ദനം!

എന്നിലെ ജീവൻറെ താളസ്വരൂപമേ,
ആ മൃദുമന്ദസ്മിതത്തിന്റെയോർമ്മയിൽ
കൊച്ചു കുറുമ്പിൻറെ ബാല്യം തിളങ്ങിടും
സുന്ദരസൗഭാഗ്യസന്തോഷവന്ദനം!

പക്വതയോടെന്നെ സന്മാർഗ്ഗപാതകൾ
ചൊല്ലി, നയിച്ചന്നു നേരിൻറെ കാവലായ്
നിത്യവസന്തം വിരിച്ചങ്ങു കാത്തതിൻ
ധന്യതയാലെൻറെയാത്മാർത്ഥവന്ദനം!

വാനിലെ നക്ഷത്രക്കൂട്ടത്തിലെത്തി നീ
രാത്രിയിലെന്നും കിനാവിൻറെ താളമായ്
ലാളനയോടെൻറെ ചാരത്തണഞ്ഞിടും
തൃപ്തിയിലെന്നെന്നുമേകുന്നു വന്ദനം!

നിന്മുഖപത്മമെനിക്കൊന്നു കാണുവാൻ
പിന്നെയുമാ ഗർഭപാത്രത്തിലെത്തണം
നിന്നിലെ ജീവന്റെ സ്പന്ദിക്കുമംശമാ-
മെന്നിലെ ജീവത്തുടിപ്പിൻറെ വന്ദനം!

അച്ഛനമ്മമാർ

വായിച്ചു തീരാത്ത പുസ്തകം നീയമ്മേ-
യെന്നെൻറെ ചിത്തേ നിനച്ച നേരം
അച്ഛൻ പിണങ്ങുന്ന ഭാവമെൻ മുന്നിലായ്
വന്നൊന്നു നിൽക്കുന്നു ചോദ്യമൊടെ.

വാത്സല്യമേറുന്ന ലാളനയ്‌ക്കൊപ്പമെൻ
ചിത്തത്തിനെന്നും പ്രകാശമാകും
താതാ, പിണങ്ങല്ലെയങ്ങെനിക്കേകിയോ-
രാ ചിത്തവ്യാപ്തം മറപ്പതോ ഞാൻ?

ദുഃഖം നിഴൽപോലെ പിന്തുടർന്നെത്തിയെ-
ന്നുള്ളം തളർന്നങ്ങു നിന്നിടുമ്പോൾ,
ഞാനുണ്ടു കൂട്ടായിയെന്നു ചൊല്ലുന്നൊരെ-
ന്നച്ഛനെയാണെന്നുമേറെയിഷ്ടം.

സ്നേഹം മനസ്സിൻറെ കോണിലേക്കെന്നുമേ
മാറ്റിശ്ശകാരിക്കുമമ്മയേക്കാൾ
സ്നേഹത്തെച്ചാലിച്ചു നന്മയോടൊപ്പമാ-
യൂട്ടുന്നെൻ താതൻറെ ശീലമിഷ്ടം.

അച്ഛൻറെ സാന്നിദ്ധ്യമില്ലയെന്നുള്ളതിൽ
നീറുന്നിതെൻ ചിത്തമെന്നുമെന്നും.
ഓർമ്മച്ചുരുൾ നിർത്തി വേദനിക്കാത്തതായ്
അമ്മേ, എനിക്കില്ല നാൾകളൊന്നും.

ആ രണ്ടു ജീവൻ പൊലിഞ്ഞുപോയീടുകിൽ
ആരോരുമില്ലാത്തപോലെ തോന്നും.
ആരൊക്കെയുണ്ടെങ്കിലും നമുക്കെപ്പൊഴും
ആരോരുമില്ലാത്തപോലെ തോന്നും.

ഗുരുനാഥർ

അകതാരിലറിവിന്റെ വിത പാകി
ജലമേകി മുളപൊട്ടിത്തളിരായി
ശിഖരങ്ങളൊരുപാടു വളരുമ്പോൾ
ഇലവന്നു മുകുളങ്ങളുരുവാകാൻ,

ഇരുളിന്റെ മറ നീങ്ങിയൊളിവീശി-
യനുനാളിലറിവിന്റെ പടികേറീ
വലിയോരു മരമായിത്തണലേകി-
യടിവേരു മണലിന്നു പതമാകാൻ,

ഒരുനാളുമണയാതെ തെളിവോടെ-
യകതാരിലൊളിദീപത്തിരിനാളം
തുണയേകിയറിവിൻറെ പുകഴോടെ
വരമായച്ചിരകാലം വിളയാടാൻ,

നവകാലദിനപാഠവഴികാട്ടും
ഗുരുനാഥരിഹലോകയഭിമാനം!
മനമാകെപ്രഭയേറ്റും ഗുരുവന്ദ്യർ-
ക്കഭിവാദ്യവചനങ്ങളതു നേരാം!

സൂര്യൻ

അങ്ങകലെച്ചക്രവാള സീമയിൽ
പൊങ്ങിവരും സൂര്യനെത്ര സുന്ദരൻ.
തങ്കവർണ്ണത്തേരിലേറി വന്നവൻ
രാജകീയപാർവ്വയേകി നിന്നിടും.
തേർതെളിച്ചു വാനവീഥി പൂകിടും
ഭാസ്ക്കരന്റെ സത്ഗുണങ്ങളത്രയും
ശോഭയുള്ള തൂളിയായി നിത്യവും
മോദമോടെത്തൂവിടുന്നു ഭൂമിയിൽ.
പൂത്തിരിയെ വെന്നിടുന്ന പുഞ്ചിരി-
ച്ചന്തമോടു ചിന്തിടുന്ന രശ്മികൾ
കാത്തിവിടെ നിന്നിടുന്നു പൂക്കളും
പൂങ്കുയിലും മൈനകളും കാകനും.
പാരിലാകെ വെട്ടമേകിടാൻ വരും
സൂര്യനെന്നുമാദിദേവനല്ലയോ
സുന്ദരസ്സുശോഭയേകുമർക്കനായ്
വന്ദനങ്ങളോതിടാനുണർന്നിടാം.

അക്ഷരദീപം

ഹരിശ്രീ കുറിച്ചൊരു നാവിൽ തുടക്കം
എഴുതിപ്പഠിച്ചിടാമാദ്യാക്ഷരങ്ങൾ.
വരമേകി വാണി കടാക്ഷം ചൊരിഞ്ഞാൽ,
അകമെയിരുൾ നിറയാതൊന്നുനോക്കാം.

അറിയാത്ത പൈതലിൽ ജ്ഞാനം നിറയ്ക്കാൻ
വിവരം, വിവേകമതെല്ലാം തിരിക്കാൻ,
ഗുരുവായിട്ടനുഭവപാഠങ്ങളെയും
കരുതീടുവാൻ മനമുണ്ടായിടേണം.

അറിവിന്റെയക്ഷയപാത്രം തുറക്കാം
അറിയാനിയക്ഷരദീപം കൊളുത്താം.
അറിയേണ്ടപാഠമതെല്ലാം പഠിച്ചാൽ,
അഭിമാനപൂരിതരാകാം ജഗത്തിൽ.

പുഞ്ചിരി

സൂര്യനുദിച്ചാലന്നു മുഴുക്കേ-
യംബരമാകെയാർത്തുചിരിക്കും
മോദസുഖത്താലൂർജ്ജിതരായി
ഭൂമിയിലുള്ളോരൊക്കെ രസിക്കും.

പുഞ്ചിരിയെല്ലാം സുന്ദരമല്ലേ
സ്നേഹമുഖത്തിൻ ഭാഷയതല്ലേ
ഇഷ്ടമനസ്സിൻ പുഞ്ചിരികണ്ടാൽ
സങ്കടമെല്ലാം പമ്പകടക്കും.

നമ്മുടെ പുഞ്ചിരി മറ്റുമനസ്സിൽ
നല്ലൊരു ദീപശ്ശോഭ തെളിക്കാൻ,
നിത്യസുഖത്തിൻ നന്മകളോതി
സത്യമുഖത്താലൊത്തു ചിരിക്കാം.

ഹർഷമുഖങ്ങൾ കണ്ടു രസിക്കാൻ
സുന്ദരനാളൊന്നോർത്തു സുഖിക്കാൻ
ഒത്തിരി നന്മച്ചിന്തകളോടെ
ഇത്തിരി നേരം പുഞ്ചിരി തൂകാം.

മാതൃഭാഷ

മാതാവു നൽകുന്ന പാലിന്നമൃതുപോൽ
മാതൃഭാഷയ്ക്കുണ്ടൊരൈശ്വര്യമെപ്പൊഴും.

മന്ദമായ് വീശുന്ന കാറ്റിൻസുഖം തരും
മാരിപോലൊന്നു നാമോതും മലയാളം.

മാമലക്കാറ്റിന്നുപോലും രുചിക്കുമീ
മാതൃഭാഷാഗാനപല്ലവി കേൾക്കുകിൽ.

മറ്റുള്ള ഭാഷകൾ നല്ലപോൽ ചൊൽകിലും
മാനസം തൃപ്തിയായീടുകില്ലാ നിജം.

മോദത്തിലും പിന്നെ കോപത്തിലും സദാ
മാതൃദേശത്തിന്റെ ഭാഷതന്നെ സുഖം.

മാന്യമായ് കാവ്യം രചിക്കുമ്പൊഴും 
മാതാവു നൽകുന്നൊരുമ്മപോലെ 
 
മാതൃഭാഷാപദം ഹർഷബാഷ്പം തൂകി
മന്ദസ്മിതത്തോടിങ്ങോടിയടുത്തിടും.

മോഹവാഗ്‌ദാനങ്ങളേകിടാൻ ചാരത്തു
മൽപ്രിയൻ പ്രേമമോടോതും മലയാളം.

താതൻ ശകാരങ്ങളേകി ശിക്ഷിപ്പതും
തായിന്റെ വാത്സല്യവും മാതൃഭാഷയിൽ

കേട്ടുവെന്നാലേയെനിക്കെന്നും തൃപ്തമാ-
യുള്ളം നിറഞ്ഞപോൽ തോന്നീടുകയുള്ളൂ.

മാതൃരാജ്യത്തിൻ്റെ ശ്രേഷ്ഠകിരീടമാം
മാതൃഭാഷയ്‌ക്കെന്നുമായുസ്സു നീളുവാൻ

മാതൃഭാഷയ്ക്കുള്ള സ്ഥാനമാനത്തെ നാം
മക്കൾക്കു പാഠമായ് ചൊല്ലിക്കൊടുക്കണം.

ശിശുദിനം

കണ്ണിനു കണ്ണായിത്തന്നെവേണം
കുഞ്ഞുങ്ങളൊക്കെ വളർന്നീടുവാൻ
നന്നായ്‌ വളർന്നങ്ങു വന്നാലവർ
നാടിനും വീടിനും കണ്ണിലുണ്ണി.

നല്ല പ്രതീക്ഷകളോടെ ദൈവം
നമ്മുടെ കൈകളിലേൽപ്പിക്കുന്ന
പിഞ്ചോമനക്കുഞ്ഞുമാനസത്തെ
നന്മപ്രതീകങ്ങളാക്കി മാറ്റാം.

കൈ വളർന്നെന്നും കാൽ വളർന്നെന്നും
നോക്കി രസിക്കുന്നോരമ്മമാരെ.
കുഞ്ഞിൻറെ ബുദ്ധിവളർച്ചയിലും
ശ്രദ്ധവച്ചീടാൻ മറന്നീടല്ലേ.

സത്യവും ന്യായവും നീതിയും നാം
നിത്യവും ചൊല്ലി വളർത്തിയെന്നാൽ,
പത്തരമാറ്റായ് മിന്നീടുമോരോ
തങ്കക്കുടങ്ങളായ് മാറുമവർ.

ഇന്നത്തെയോരോ കുരുന്നുമക്കൾ
നാടിന്റെ നാളത്തെ സമ്പത്താകും
ധർമ്മബോധത്തോടെയെന്നും പാരിൽ
സ്വർഗ്ഗംപണിഞ്ഞവർ വാഴ്ന്നിടട്ടെ.

മാമലനാട്ടിൻ ദേവതയേ !

മാമല നാടിനെ കാത്തീടുവാൻ
മാലോകരൊക്കെയും ശ്രദ്ധിക്കണം
മലയാളനാടിന്റെ ഭാവിയെല്ലാം
മാലോകർതന്നുടെ കൈയിലല്ലേ
മലയാളംപോലും പറയുവാനായ്
മടിയുള്ള മലയാളിയുള്ള നാട്ടിൽ
മലനാട്ടു മക്കളിൽ നാമിതെല്ലാം
മലപോലെ നമ്പുവാനായിടുമോ?
മരമില്ല, ചെടിയില്ല, കാറ്റുമില്ല
മഴയിങ്ങു പെയ്യുവാൻ വഴിയുമില്ല.
മഴയെങ്ങാൻ വന്നിങ്ങു പെയ്തുവെന്നാൽ
മഴ തോരാനായൊരു മാർഗ്ഗമില്ലാ.
മഴക്കാലമെന്നിങ്ങു കേൾക്കുമ്പോഴേ
മഴവെള്ളപ്പാച്ചിലാണോർമ്മകളിൽ.
മലയാളമക്കൾതൻ മാനസത്തിൽ
മതിയായ ഗുണമെല്ലാമേറ്റിടേണം.
മലയാളമക്കളിൻ നാവിലെന്നും
മലയാളം തത്തിക്കളിച്ചിടേണം
മലയാളനാടിൻ പുരോഗതിക്കായ്
മതിയായ ബുദ്ധികൾ തന്നിടേണം.
മലയാളനാടിനു മകുടമായി
മണിദീപമേറ്റി നാം വാഴുവാനായ്
മലയാണ്മ കാക്കുന്ന ദേവതയെ
മനമോടെ വാഴ്ത്തിസ്തുതിച്ചീടുന്നേൻ.

ആരോഗ്യമാണ് സമ്പത്ത്

ആരോഗ്യമെന്നെന്നുമാശ്വാസമേകുന്ന
ജീവിതസമ്പാദ്യമാണു സത്യം.
നിദ്രയ്ക്കു ഭംഗങ്ങളില്ലാത്ത രാവെന്നും
വ്യാധികളെല്ലാമൊഴിച്ചിടുന്നു.

ആയാസമില്ലാത്ത വ്യായാമവും നമ്മെ
നിത്യവുമുന്മേഷമാക്കിടുന്നു
ആരോഗ്യമുള്ളോരു ദേഹം മനസ്സിനു
സങ്കടമില്ലാതെ കാത്തിടുന്നു.

സമ്പാദ്യശീലം മനുഷ്യർക്കു വേണ്ടുന്ന-
താകിലു മാവശ്യപോഷകങ്ങൾ
ദേഹത്തിനാരോഗ്യമേകുംവിധം നിത്യ
ഭക്ഷണമായിട്ടെടുത്തിടേണം.

രോഗങ്ങളില്ലാതെ പാരിൽ നടക്കേണ-
മെങ്കിലണുക്കൾ നശിച്ചിടേണം.
രോഗാണുനാശം ഭവിച്ചീടുവാൻ നമ്മൾ
വൃത്തി സുഖാധാരമാക്കിടേണം.

രോഗങ്ങളാർക്കും വരാതേയിരുന്നാലെ
രോഗവിമുക്തർ ജഗത്തിലെങ്ങും
ഉത്കൃഷ്ടമായിട്ടൊരുങ്ങിപ്രവർത്തിച്ചി-
തുത്തമരായെങ്ങുമേ ചരിക്കാം.

ബാലിക

ബാലികയാണു പിറന്നതെന്നാൽ
പൂമുഖമാകേയിരുൾ നിറഞ്ഞൂ
കാർമുകിലോടിനടന്നകാലം
പോയ് മറഞ്ഞെന്നറിഞ്ഞീടണം നാം.

ബാലികയൊന്നു പിറന്നുവെന്നാൽ
മൂക്കു ചുളിച്ചു നടന്നു മെല്ലേ
പ്രാണനെടുത്തൊരു കാലമെല്ലാം
ദൂരെയകന്നല്ലോ പെൺകരുത്തിൽ.

പാകിമുളച്ചയിടത്തുനിന്നൂ
പൂത്തു തളിർത്തിടും കാലമായാൽ
മാറ്റി നടപ്പെടുമെന്ന സത്യം
ഓർത്തു വളർത്തുക വേണമെന്നും.

വീട്ടുചെരാതൊളി മാത്രമല്ലാ
നാട്ടുനിലാവൊളിയായിരിക്കാൻ
പാഠശാലപ്പടിയേറിടേണം
പാഠങ്ങളൊക്കെപ്പഠിച്ചിടേണം.

പീഡനകാലമതും ചെറുക്കാൻ
ശക്തികൊടുത്തു വളർത്തിടേണം
നാടിനു നന്മകളോർത്തു ചെയ്യാൻ
പ്രാപ്തിയൊരുക്കി വളർത്തിടേണം.

തൻ്റെ പാദങ്ങളിൽ നീർന്നുനിൽക്കാൻ
വേണ്ട വിദ്യാഭ്യാസമേകിടേണം
നാടു ഭരിപ്പതിനുള്ള ശക്തി
നേടിയെടുപ്പതിനൊത്തു നില്ക്കാം.

ബാലികയെന്ന നിലാവെളിച്ചം
ഭൂമിയിലാകെ പരന്നിടട്ടെ.
ചിത്രപതംഗമനോഹിതം പോ-
ലെന്നുമവൾ വിഹരിച്ചിടട്ടെ!

ചിങ്ങപ്പുലരി

ചിങ്ങമാസയിളവെയിലിൽ
ചിന്തിടുമീ മഴയുതിരിൽ
പൂക്കളോടു കഥപറയാൻ
പാറിയെത്തിയൊരു ശലഭം.

ആടിമാസദുരിതമിനി
ആടിയാടിയകലുകയായ്
ചിങ്ങമാസയുശമലരിൽ
പൂത്തിടട്ടെ ശുഭസുദിനം!

പുത്തനാണ്ടു പുലരികളായ്
ജീവിതത്തിലൊളിപകരാൻ
സൂര്യദേവനിനി ദിനവും
പൂത്തുലഞ്ഞു ശുഭമരുളും.

ഈണമുള്ള കവിതകളായ്
ഈ വരുന്ന പുലരികളിൽ
ഈശ്വരന്റെ കൃപ നിറയാൻ
ഹൃദ്യമായ പ്രാർത്ഥനകൾ!

സൗഹൃദം

മാധ്യമലോകത്തെ സൗഹൃദസംഘങ്ങൾ
അക്ഷരസല്ലാപസായുജ്യങ്ങൾ.
വർണ്ണച്ചിറകു മിനുക്കിവച്ചൂ നിത്യം
വാനിടമാകെപ്പറന്നീടണ്ടേ?

വിൺമിഹിരത്തേലൊളിച്ചു കളിച്ചീടാം
വെള്ളിനിലാക്കൊമ്പിലൂയലാടാം.
പൂങ്കുയിലോടൊത്തു പാട്ടുകൾ പാടിടാം
തുമ്പികളെപ്പോലെ കൂട്ടുകൂടാം.

ചിത്തത്തിലൂറുന്ന ദുഃഖക്കറയെ നാ-
മപ്പപ്പോഴായിട്ടിറക്കി വയ്ക്കാൻ,
വാനത്തു പാറുന്ന ദേശാടനക്കിളി-
ക്കൂട്ടങ്ങളെപ്പോലെ കിന്നരിക്കാം.

അമ്പിളിമാമൻറെ തോളിലേറിച്ചെല്ലാം 
താരകളെല്ലാം പെറുക്കിക്കൂട്ടാം
വാർമഴവില്ലിൽ കൊരുത്തോരോ വർണ്ണങ്ങൾ
തോരണമായ് തൂക്കി രസിച്ചീടാം.

കാട്ടുമരച്ചോല ശാഖകളിലെല്ലാം
കേറിയിറങ്ങാം കുരങ്ങുപോലേ
പാടവരമ്പത്തെ മൈനപോലെങ്ങെങ്ങും
പാടി നടക്കാനൊരുങ്ങിവായോ.

ആറ്റുമണൽപ്പൊത്തിലുള്ള പൊന്മാനിൻറെ
മുട്ടകളെണ്ണാനുമൊത്തു കൂടാം
രാക്കിളിയോടൊത്തു പാറിനടന്നീടാം
താരാട്ടുപാട്ടിന്റെയീണമാകാം.

കടിഞ്ഞൂൽ ചാമ്പയ്‌ക്ക.

വാസനപ്പൂച്ചെടിത്തോട്ടമതിൽ
വാഴച്ചെടിക്കു സമീപമായി
വലിയൊരു മോഹത്തിൽ ചാമ്പ നട്ടു.
വർഷങ്ങളേഴു കൊഴിഞ്ഞുവല്ലോ.

വെള്ളമൊഴിച്ചതിനെന്നുമെന്നും
വാട്ടമൊന്നില്ലാതെ ഞാൻ വളർത്തി.
വായാടി ഞാനവളെത്തഴുകും
വേളയിലെന്നോടു പുഞ്ചിരിക്കും.

വേണ്ടവേണ്ടെന്നൊടു കൂട്ടുവേണ്ടാ
വായും തുറന്നു ചിരിച്ചിടേണ്ടാ
വന്നുവന്നെത്രനാൾ നോക്കി ഞാനും
വന്നില്ല പൂഞ്ചില്ലയൊന്നുപോലും.

വെറ്റില കിള്ളുവാനിന്നലെ ഞാൻ
വന്നൊന്നവളുടെ ചാരെ നിന്നു.
വാടാത്ത തളിരിലയാട്ടിയാട്ടി
വായ്പൊത്തിനിന്നവളെന്നെത്തോണ്ടി.

വമ്പു പറഞ്ഞു കടിഞ്ഞൂൽ ഫലം
വീമ്പുമിളക്കിയങ്ങാടിനിന്നു.
വന്നെൻ മുഖത്തിലും ചന്ദ്രവെട്ടം
വാ തുറന്നവളോടു നന്ദി ചൊല്ലി.

വാകപ്പൂവിൻറെ നിറത്തിലവൾ
വാതുറന്നെന്നെ ചിരിച്ചുകാട്ടി.
വീറോടുള്ളവളുടെ നില്‌പുകണ്ടു
വായും പൊളിച്ചങ്ങുനിന്നുപോയ് ഞാൻ.

പൂത്തുമ്പി

ഇന്നെന്റെയങ്കണമലരുകളിൽ
പൊന്നുടുപ്പിട്ടൊരു പൂത്തുമ്പി വന്നു.
കണ്ണിൽ വിരുന്നലഞൊറികളുമായ്
പാറിടുന്നാച്ചെറു പൂത്തുമ്പിയെങ്ങും.

പാറിപ്പറന്നൊരു മണിശലഭം
തേൻ നുകർന്നാടി രസിക്കുന്ന കണ്ടു,
കാറ്റിൽകുളിർക്കതിരുലയുകയായ്
പൂക്കളും ചേർന്നുലയുന്നതുണ്ടേ.

ചന്തം കലർത്തിയ പുലരിയിതിൽ
സുന്ദരിത്തുമ്പിയിലാശിച്ചു ഞാനും
കൈനീട്ടി നോക്കിയതിൽ ഭയമായ്
പാറിയാ ശലഭമകന്നേപോയ്.

വാനത്തുദിച്ചിടുമരുണനുമെൻ
ചമ്മലിൽ വാടിയയാസ്യം കണ്ടു.
കണ്ണൊന്നു ചിമ്മി, ചിരിയും വിതറി
ഞാനതിൽ നാണിച്ചകംപൂകി മെല്ലേ.

ഓണമെത്തി

പൊൻവയൽച്ചേറിലേയ്ക്കൊന്നിറങ്ങീ
പാടിയുമാടിയും കൊയ്തെടുത്ത
നെന്മണിക്കായിയിങ്ങോടിയെത്തും
വെള്ളരിപ്രാവിനിന്നോണമാണേ.

മാരിവിൽച്ചേലിലെൻ മാവിൻകൊമ്പിൽ
മോദമായ് കെട്ടിയോരൂയലാടാൻ
മോഹമൊടൊത്തുതന്നെത്തിയല്ലോ
മഞ്ഞണിത്തുമ്പിയും കൂട്ടുകാരും.

തുമ്പികൾ പൂവിലെത്തേൻ കുടിക്കാൻ
തഞ്ചമായ്പ്പാറിവന്നെത്തിടുമ്പോൾ
ഓണമായോണമായെന്നു ചൊല്ലാൻ
ഓടിവന്നെത്തിയോ വെണ്ണിലാവേ.

പൂങ്കുയിൽ പാടിയൊന്നാനയിച്ചും
പൂക്കളം കണ്ടുകണ്ടാസ്വദിച്ചും
പൂവടപ്പായസസദ്യയുണ്ണാൻ
ഓണമാവേലിയിങ്ങെത്തിയല്ലോ.

ധന്യജന്മം!

ഇല്ലത്തു പെൺകുഞ്ഞു വന്നൂ പിറക്കുമ്പോൾ
സ്വപ്നങ്ങളോരോന്നു കാണുമമ്മ
ലക്ഷ്മീകടാക്ഷം ഗൃഹത്തിൽ കനിഞ്ഞെന്നു
പെൺകുഞ്ഞിനെ നോക്കിയോതിടുന്നു

പൂന്തോപ്പിലെങ്ങെങ്ങും പാറി നടക്കുന്ന
പൂമ്പാറ്റയാണല്ലൊ ബാലികേ നീ.
കണ്ണാടി നോക്കീ സ്വയം പുഞ്ചിരിക്കുന്ന
പ്രായത്തിലെത്തുന്നു പൂങ്കിനാക്കൾ.

കൗമാരകാലത്തു കണ്ണിൽ വിരിക്കുന്ന
നാണത്തിലാകൃഷ്ടനായൊരുത്തൻ
സ്നേഹത്തിലെന്നും പൊതിഞ്ഞു തരുന്നുണ്ടാ
മംഗല്യസൂത്രത്തിൻ സംരക്ഷണം.

പിന്നേ വസന്തം വിരിഞ്ഞങ്ങു ജീവിക്കേ,
കൂട്ടായിയെത്തുന്നു മക്കൾജന്മം
കുഞ്ഞൂ പിറക്കുന്ന നേരം ജനിക്കുന്നു
വാത്സല്യമൂറുന്ന തായ്മനസ്സും.

പുണ്യം പൊതിഞ്ഞെത്തുമമ്മച്ചിരിച്ചന്ത-
മെന്നെന്നുമീ ജന്മസാഫല്യമായ്.
വറ്റാത്ത സ്നേഹജലധിജലംപോലെ
ആഴത്തിലാണമ്മസ്നേഹചിത്തം.

പിന്നേയുമെത്തുന്നിതമ്മാമ്മ, മുത്തശ്ശി
സ്ഥാനങ്ങളാകുന്ന ജന്മപുണ്യം.
സ്ത്രീ ജന്മമല്ലോ ജഗത്തിൽ ലഭിക്കുന്ന
ശ്രേഷ്ഠതരമായ ധന്യജന്മം!

അമ്മയെന്ന വനിത

അമ്മമനം ഞാനാദ്യമറിഞ്ഞൂ
അത്തിരു ചിത്തസ്നേഹമറിഞ്ഞൂ
അമ്മമടിത്തട്ടെന്നൊരു മെത്ത
ആദിമുതൽക്കേ നമ്മുടെ സ്വന്തം.

അത്രസുഖത്തിൽ വേറൊരു സ്വർഗ്ഗം
ഇല്ല ജഗത്തിൽ എന്നതു സത്യം.
ഇത്തിരിയുള്ളോരെന്നുടെ ചേച്ചീ
ഇക്കിളികൂട്ടീട്ടെന്നെയുണർത്തി.

ഈരടി ചൊല്ലിപ്പാടിയുറക്കി
ഈണമതിൽ ഞാൻ മെല്ലെയുറങ്ങി
ഉമ്മകളായെൻ ചുണ്ടിലമർന്നൂ
ഉണ്മമനസ്സിൻ നേരുമറിഞ്ഞു.

എന്നിലെ സ്നേഹത്താമരയുള്ളം
ഏണിയിലേറിച്ചാരുതകണ്ടൂ
ഐഹികമാകും പെണ്മണിയായാൽ
ഒത്തമനസ്സോരമ്മയുമാകും.

ഓമനയാമെൻ പൊന്മകളേ ഞാൻ
ഓതി വളർത്തീ നന്മകളെല്ലാം
അന്തരമുണ്ടാ പൊന്നുമനസ്സിൽ
അപ്പടി സ്നേഹം മാത്രമതാണേ.

അമ്മയെയോർത്തും അച്ഛനെയോർത്തും
ആധികളാണാച്ചിത്തമതൊക്കെ
ഇത്തരമുള്ളോരോമനനെഞ്ചം
ഈയുലകത്തിൽ കണ്ടതുമില്ലാ.

ഉണ്മയിലെന്നും വീടിനു നന്മ
ഊക്കൊടു സ്നേഹം കാട്ടിയ പെണ്മ
എത്ര മനോജ്‌ഞം സത്യമിലോകം
ഏറിയ പങ്കും സ്നേഹമതായാൽ.

പ്രതീക്ഷ

പുതിയ പ്രതീക്ഷാമുകുളവുമായി
സകലമുണർത്തീയരുണനുദിപ്പൂ.
ഇനിമയിലോരോ ദിനവുമടർത്താൻ
തുണയരുളുന്നീ നവമുകുളങ്ങൾ.

അമിതപ്രതീക്ഷായരുമമനസ്സിൽ
അമൃതു പകർത്താനലസത കാട്ടും.
അതുവഴി നമ്മിൽ വിരസതയേറും
ഹൃദയവിഷാദത്തനിമയൊരുക്കും.

കനിവൊടു ചെയ്യാം പരനു സഹായം
അതിലൊരു നന്മത്തിരി തെളിയിക്കാം.
നലമൊരു കർമ്മം ധരയിലെ ധർമ്മം
ഹൃദയവിശാലം സുഖകരമെന്നും.

കടവുൾമനസ്സിൻ പടവുകളേറാൻ
പ്രണയമതൊന്നിന്നകമഴിയേണം.
തരളിത സ്നേഹം മഹിയിലെ സ്വർഗ്ഗം
അതുമതിദൈവപ്രിയകരരാകാൻ.

പുതിയൊരു പൂപോൽ വിടരണമെന്നും
മധുരപ്രതീക്ഷാ മനിതമനസ്സിൽ.
സഫലത കാണാതവ കൊഴിയുമ്പോൾ
നലമതിനാകാം തളരുകവേണ്ടാ.

എന്റെ കേരളം

കല്ലോലജാലസൃതിസൈകതത്തിൽ
പാദാഗ്രമെന്നും ബലമോടെയൂന്നി
സഹ്യാദ്രിസൈന്യം തല കാത്തുനില്ക്കും
കേരങ്ങൾ തിങ്ങും മമ കേരളാംബേ,

സംസ്കാരസമ്പന്ന കലാലയത്തിൽ
ശീതോഷ്ണസമ്മിശ്ര ഋതുക്കളാലെ
ചിത്രാംശുവേകും സുഖലോലുപത്തിൽ
ഭൂജാതരാകാൻ കനിവേകി ദൈവം.

കായൽക്കുളിർമാരുതനാർദ്രസാന്ദ്രം
സൗഹാർദ്ദമേകുന്നിതനർഘസൗഖ്യം
ഈടുറ്റ നെയ്ത്തിൻ കസവിൽ ജ്വലിക്കും
ഐശ്വര്യവർഷം മലനാട്ടുമക്കൾ.

നല്ലാലിലത്താലി രഥോത്സവത്തിൽ
മങ്കയ്‌ക്കു ഭാവങ്ങളതിരാഗലോലം
സ്നാനം കഴിഞ്ഞുള്ള ദിനാചരങ്ങൾ
ആരോഗ്യമേകും പരിപാലനങ്ങൾ.

പഞ്ചാരിമേളം കണിയുത്സവങ്ങൾ
സന്ധ്യയ്ക്കു ദീപം തെളിയിച്ചു നിത്യം
ഭക്ത്യാദരത്താൽ ജപകീർത്തനങ്ങൾ
ഓണം വിഷുക്കാഴ്ചകളാതിരാപ്പൂ

സ്വർഗം കനിഞ്ഞേകുമനുഗ്രഹങ്ങൾ
ഒന്നും മനസ്സിൽ നിനവായതില്ലാ
മാത്സര്യരാഷ്ട്രീയകൊലപാതകങ്ങൾ
നാട്ടിൽ നിറഞ്ഞിന്നനർത്ഥവൃന്ദം.

ചിത്തം കലങ്ങി മതികെട്ടുപോയി
രോഗം നിറഞ്ഞു ദിനവാർത്തയായി.
മർത്ത്യർമനസ്സിൽ കുടിയേറിപ്പാർക്കും
സ്വാർത്ഥച്ചെകുത്താനെയറുത്തുമാറ്റി

മാവേലി മന്നനിവിടം ഭരിച്ചപോൽ
സന്മാർഗ്ഗവിത്തുകൾ പാകി മുളപ്പിച്ചു
മാമലനാട്ടിനു നന്മകൾ കൊയ്യുവാ-
നാരുണ്ടിനാട്ടിൻ ഗതിമാറ്റിടാനായ്?

അമ്മേ,

കുട്ടിക്കുറുമ്പുകള്‍ കാട്ടിച്ചിരിക്കുന്ന
ഉണ്ണിയൊന്നെന്‍കൈയിലെത്തേണ്ടതായ് വന്നു
പത്തുമാസത്തിലെന്‍ ജീവനെ കാക്കുവാന്‍
നീ പെട്ട കഷ്ടത്തെ ഞാനറിഞ്ഞീടുവാന്‍

തായ് തന്ന സ്വര്‍ഗീയ ബാല്യത്തിന്നോര്‍മ്മയെന്‍
കൈപിടിച്ചിന്നുമെന്‍ കൂടെ നടക്കുന്നു.
നിന്നെ ഭയന്നു ഞാന്‍ കൌമാരസ്വപ്നത്തില്‍
നീന്താന്‍ മടിച്ചതും നല്ലോര്‍മ്മകള്‍ തന്നെ.

നീ തന്ന നല്ലുപദേശങ്ങളോരോന്നും
യൌവനം തള്ളിനീക്കീടുവാന്‍ കൂട്ടായി
കൈകളില്‍ ചൂരലുമായെന്റെ നിഴലായി-
യിന്നും വഴിതെളിച്ചീടുന്നതുണ്ടമ്മേ.

ഇന്നത്തെയെന്റെയീ ജീവിതമത്രയും
അമ്മതന്‍ ത്യാഗവും മോഹവുമല്ലയോ
ഇന്നു നീ ഭൂമിയിലില്ലെന്നതോര്‍ക്കവെ
നെഞ്ചകം വിങ്ങിയെന്‍ കണ്ണുകലങ്ങുന്നു.

അമ്മേ, നിന്‍‍ സ്‌നേഹത്തിനീടായി ഭൂമിയില്‍
മറ്റൊന്നും കണ്ടില്ലയീ ജന്മവീഥിയില്‍
വാനോളമുള്ളോരു കായിതം പോരല്ലോ
മാതാവിൻ മേന്മകള്‍ രേഖപ്പെടുത്തുവാൻ.

എത്ര ജന്മങ്ങളാണിക്കടം വീട്ടുവാന്‍
ഞാനെടുക്കേണ്ടതെന്നോര്‍ക്കുന്നിതെപ്പൊഴും
എഴുജന്മങ്ങളും പോരാതെ വന്നിടും
തൃപ്തിയോടമ്മതൻ സേവനം ചെയ്യുവാന്‍.

ജന്മങ്ങളെത്രയ്ക്കിനീം ലഭിച്ചീടുകില്‍
അമ്മേ നിന്നുദരത്തില്‍ വന്നു ജനിക്കുവാന്‍,
സല്‍പുത്രനായ് നിന്നെ പാലിച്ചു വാഴുവാന്‍,
ബ്രഹ്മാവുമൊന്നങ്ങനുഗ്രഹിച്ചീടണം.

വസന്തം

മാരിയൊഴിഞ്ഞൂ വേനലണഞ്ഞു
മാനസമാകെപ്പൂവിടരുന്നു.
പൗർണ്ണമിരാവിൽ മോദവസന്തം
എന്റെ കിനാവിൽ ചന്ദനഗന്ധം.

വാടികതോറും പൂവിരിയുമ്പോൾ
തേൻനുകരാൻ പൂത്തുമ്പികളെത്തി
പൂവഴകായ് നീ വന്നു തലോടാൻ
പൂങ്കുയിലായ് ഞാൻ പാടിയടുത്തു.

പുഞ്ചിരിയാൽ നീ ചാരെയണഞ്ഞാൽ
സുന്ദരമാം നിൻ പൂമുഖമല്ലാ,
നന്മനിറഞ്ഞാ മാനസമാണെൻ
പ്രാണസഖീ നിൻ നാഥനു മോഹം.

കണ്മണി, നിന്നെക്കണ്ടൊരു നാളിൽ
കൊഞ്ചലുമായെൻ ഹൃത്തിൽ നുഴഞ്ഞു
നന്മകളാലാ ചിത്തമറിഞ്ഞു
നിൻ തുണയാകാനന്നു കൊതിച്ചു.

തേൻ നിറയുമ്പോൾ പൂവിനെ തേടി
വന്നണയുന്നൂ ചിത്രപതംഗം.
എന്നതുപോൽ നിൻ നല്ല മനസ്സിൻ
വെണ്മയെ ഞാനും തേടിവരുന്നൂ.

വേനൽമഴ

വേനലിൻ വിയർപ്പുതുള്ളി
ഊറിനിന്ന ഭൂമിതന്റെ
മാറിലേക്കു ചാറി മെല്ലെ
കാർനിറഞ്ഞ മേഘപാളി.

വൻമരം, മലർ, ചെടിക്കു
ചൂടിനെശ്ശമിപ്പതിന്നു
പാടി വന്നു നൃത്തമാടി
നല്കുളിർ ചൊരിഞ്ഞ മാരി.

വേനൽമഴപ്പെയ്ത്തു കണ്ടു
ബാല്യകാലം തറ്റുടുത്തു
മോദമായ് വിരൽ കടിച്ചു
നാണമോടടുത്തു വന്നു.

മുറ്റമൊക്കെ വെള്ളമായി
കപ്പലൊന്നതിൽ നനഞ്ഞു.
തുള്ളി ഞാൻ പടക്കമെന്ന-
പോൽ കളിച്ചയോർമയെത്തി.

പൗർണ്ണമിരാഗം

പൗർണ്ണമിരാവിന്നഴകേ നീ -
യനുപമരാഗം ചൊരിയാൻ വാ...
തളിരില കിള്ളി, മലരിൽ നുള്ളി,
വരുമൊരു കാറ്റിൻ കഥ പറയാം.
ചിറകുമിനുക്കിത്തുണയായ് നീ
തനിമയിലെന്നെത്തഴുകാൻ വാ
മണിശലഭങ്ങൾ മധു തേടും
നവകുസുമത്തിൻ കഥ പറയാം.
വിജനവിഹായസ്സിലിനനൊഴിഞ്ഞാ-
ലഴകുനിലാവിന്നൊളിയേ വാ...
തവനിഴലോടൊത്തുയരത്തിൽ
മണിമുകിലോരത്തൊളിയാം ഞാൻ.
നിശയുടെ താരത്തിരിതാഴ്ന്നാൽ
നിറവിലിരിക്കും മതിയേ വാ
ഭുവിയുണരുമ്മുന്നഴകേ നിൻ
പ്രണയമതെന്നിൽ പകരാൻ വാ....

നന്മ

നന്മതൻ കാവൽകാക്കും
മാനവർ നിത്യംനിത്യം
മൂഢരാംലോകർക്കെന്നും
ആക്ഷേപക്കോലംമാത്രം.
നന്മകൾ ചൊല്ലുന്നേരം
അജ്ഞാനത്തിമിർപ്പാലെ
സന്തതം ക്രോധംകാട്ടും
നിന്ദയും ചൊല്ലാനെത്തും.
നന്മതൻ ചിത്തത്താലേ
വഞ്ചിതക്കോലം വന്നാൽ
ചഞ്ചലം തെല്ലുംവേണ്ടാ
കാത്തിടാം, ശാന്തം നാൾകൾ
മൗനമായ് കാലം നീക്കാം
സങ്കടം വേണ്ടാ വേണ്ടാ.
നന്മയിൻ ശ്രോതാവായാൽ,
നിശ്ചയം ജേതാവാകും.

തൃക്കാർത്തിക

ദേവീ! നിൻ ചിരിപോലിന്നെ-
ന്നില്ലത്തിൻ പൂമുഖമാകേ
മൽകൈയാൽ തെളിയിക്കുന്നൂ
ഐശ്വര്യത്തിരുദീപങ്ങൾ!
അജ്ഞാനങ്ങളകറ്റാനായ്
വിജ്ഞാനത്തിരിയേറ്റീടാം
സ്നേഹത്തിന്നൊളിതൂകാമീ
ഐശ്വര്യത്തിരുനാളിൽ.
നീ നല്‌കും നിറകാരുണ്യം
സർവ്വർക്കും വരമായെത്താൻ
ഭക്ത്യാ ഞാൻ തെളിയിക്കുന്നു
നാവിൽ നാമജപത്തോടേ.

ഒരു തിരിനാളമാകാം

മനസ്സിന്‍റെ കിളിവാതില്‍ മെല്ലെത്തുറന്നു
മഹത്ത്വങ്ങളണിചേരും ദീപം കൊളുത്താം.

മലര്‍ഗന്ധമണിദീപശ്ശോഭയ്ക്കു മുന്നില്‍
മന:ശക്തിയുയരാനായ് കൈകൂപ്പിനില്ക്കാം.

മലര്‍പോലെ ഗുണമേറും മാണിക്യദൃശ്യം
മയില്‍പ്പീലിയഴകേറും നേത്രം നിറയ്ക്കാം.

മൊഴിച്ചന്തമിയലും കര്‍ണ്ണങ്ങള്‍ രസിക്കാന്‍
മണിക്കുയിലിണയോതും രാഗം ശ്രവിക്കാം.

മന:സാക്ഷി നലമാക്കി സ്നേഹം വിതയ്ക്കാം
മതിപ്പുള്ള വിളയായിത്തങ്ങാം ജഗത്തില്‍.

മരിച്ചാലുമുടയോര്‍തന്നോര്‍മ്മയ്ക്കകത്തായ്
മറഞ്ഞോരു തിരിനാളമായങ്ങിരിക്കാം.

തൂമ്പ

മണ്ണായാലും പുല്ലായാലും
ചെത്തിച്ചേമ്പിയടുപ്പിക്കും
തൂമ്പയ്ക്കുള്ളൊരു സ്വാർത്ഥതയേ
കണ്ടുപഠിച്ചോ മാനവരും?.

ഇങ്ങോട്ടെന്നൊരു സ്വാർത്ഥമനം
തൂമ്പയ്ക്കെന്നും കൂട്ടാളി.
അങ്ങോട്ടെന്നൊരു ഭാഷയതോ
തൂമ്പയ്ക്കൊട്ടും വശമില്ല.

മണ്ണിൻമക്കൾ പാതിയിലധികം
തൂമ്പക്കഥപോലാണെന്നും
തൂമ്പയ്‌ക്കെതിരായ് ചിന്തിക്കാൻ
മാനവചിത്തം വളരേണം.

ഇല്ലാത്തവരെന്നില്ലാതായി-
ത്തുല്യതയെങ്ങും നിറയുമ്പോൾ,
തമ്മിലസൂയക്കലഹങ്ങൾ,
വൈരാഗ്യങ്ങൾ പമ്പകടക്കും.

ജാതി, മതത്തെ മറന്നീടാം
നന്മ മനസ്സിൽ വളർത്തീടാം.
മാനവമാനസമൊത്തെന്നും
ഏകതയോടെ വാണീടാം.

നാട്ടിൻ ക്ഷേമസമത്വത്തിൽ
സാധുജനത്തിൻ പട്ടിണി മാറും.
സ്വാർത്ഥത കാട്ടിത്തന്നീടും
തൂമ്പക്കഥയെ മറന്നീടാം.

സ്വാർത്ഥതയില്ലാതെന്നെന്നും
സർവ്വചരാചര നന്മയ്ക്കായ്
നിത്യമുദിക്കുന്നർക്കഗുണം
കണ്ടുപഠിക്കാം നാമെന്നും.

ഭക്തിയിലുള്ളതിശുദ്ധതയിൽ
ഭാസ്ക്കരതേജോമയമായി
സ്നേഹവിളക്കിൻ നറുവെട്ടം
പാരിതിലെങ്ങും വീശട്ടെ!

വാത്സല്യം

അമ്മയും അച്ഛനും തന്ന വാത്സല്യമെൻ
സുന്ദര ബാല്യകാലോർമ്മയിൽ പൂത്തിടും.

ചാട്ടവുമോട്ടവും വീഴ്ചയും രക്തവും
കണ്ടു ഭയന്നവർ മാനസം നൊന്തതും

പിന്നെയടുത്തണഞ്ഞെൻറെയാ കണ്ണുനീർ
തൂത്തു തുടയ്പ്പതും സാന്ത്വനിപ്പിപ്പതും

പുഞ്ചിരിതൂകിയെൻ സങ്കടം മാറ്റിടാൻ
നന്മകളൊക്കെയും ബുദ്ധിയായ്ച്ചൊൽവതും

സന്തതമോമനിച്ചീടുവാൻ ധന്യമാ-
യിന്നലെയെന്നപോലത്തിടുന്നോർമ്മയിൽ.

സുന്ദരസ്വപ്നകൗമാരമെത്തീടവേ,
ചിന്തകളൊക്കെയും നേർവഴിക്കാകുവാൻ

സദ്‌ഗുണമേന്മകൾ ചൊല്ലിയെൻ മാനസം
നന്മയിലേക്കുമെത്തിച്ചു വാത്സല്യമായ്.

യൗവ്വനകാലമെൻ കൈപിടിച്ചീടുവാൻ
സുന്ദരമാനസംകൊണ്ടവനെത്തവേ,

മംഗളം പാടിയെൻ ജീവിതം വന്നതിൽ-
പ്പിന്നെയാണച്ഛൻ്റെ വാത്സല്യമാനസം

നിത്യമോദങ്ങളായ് ഞാൻ ദിനം കണ്ടതും
തൊട്ടറിഞ്ഞെൻമനം സങ്കടപ്പെട്ടതും.

പാഠം പഠിപ്പിച്ച വാദ്യാരുമേകിടും
മുന്നിൽ ചെന്നൊന്നു നിന്നീടുകിൽ വാത്സല്യം

ഒട്ടും മടിക്കാതിരട്ടിയായ് സന്തതം
നമ്മളിൽത്താഴെയുള്ളോർക്കും നാമേകണം.

മൂത്തവർ നൽകുന്ന സ്നേഹവാത്സല്യങ്ങൾ
പാരിതിൻ ധന്യമാം സ്വർഗ്ഗാനുഭൂതികൾ

ദൈവമേ, നീ തരും നല്കകടാക്ഷങ്ങളായ്
ഇന്നുമെൻ നാൾകളിൽ നന്ദി ചൊല്ലുന്നു ഞാൻ.

കടലാസ്സുവഞ്ചി

കാലങ്ങളെത്ര കടന്നുപോയെങ്കിലും
കാലവർഷത്തിന്റെ കോളു കാൺകെ,
കാടും പടലുമായ് കൂടെയൊഴുകുന്ന
കായൽക്കരകളാണെന്നോർമ്മയിൽ.

തോരാത്ത മഴയിലെൻ തറവാട്ടിലെ-
ത്തോടു നിറഞ്ഞു കവിഞ്ഞൊഴുകേ,
തോളോടുതോളുചേർന്നാടിയുലഞ്ഞാലും
തോൽക്കാതെൻ കടലാസുവഞ്ചി പായും.

മുറ്റത്തെ മണ്ണിലായ് കെട്ടിനില്ക്കാറുള്ള
മുന്നാഴി വെള്ളത്തിന്നോളങ്ങളിൽ
മൂന്നാലു കടലാസുവഞ്ചികളെന്റെ
മുൻകാലയോർമ്മയിലെത്താറുണ്ട്.

കടലോടു മല്ലിട്ടെൻ ജീവിതനൗക
കരയോടടുക്കുന്ന കാലത്തിലും
കടലാസുവഞ്ചിയിൽ കനവിലെത്തും
കസവുള്ള പട്ടുടുത്തെന്റെ ബാല്യം.

ഇന്നലെ, ഇന്ന്, നാളെ

ഇന്നലെ ജീവിച്ച മാനവ മാനസം
ഇത്രയ്ക്കു സ്വാർത്ഥരല്ലായിരുന്നു.
ഇഷ്ടവുമായ്ത്തട്ടിനോക്കിയിരുന്നു വൻ-
കഷ്ടം പരർക്കതിൽ ചെയ്തിടാതെ.

ഇന്നു മനുഷ്യർക്കു തോന്നിടുമാഗ്രഹം
നട്ടു, നനച്ചങ്ങു സ്വായത്തമാക്കാൻ
മറ്റൊരു ജീവന്റെ കഷ്ടതയോർത്തിടാ-
നാരും മെനക്കെടുന്നില്ല സത്യം.

ഇന്നനുഭാവത്തിലെത്തിയ സൗകര്യ
സ്വർഗ്ഗങ്ങളൊക്കെയും ഇന്നലത്തെ
മാനവർ ജീവിച്ച കഷ്ടവും നഷ്ടവും
സൗകര്യമില്ലായ്മതൻ ഫലമോർമ്മിക്ക.

ഇത്തരമിന്നു വളർന്നിടുമീ ജനം
നാളത്തെ ഭീതിയായ് മാറിടാതോ?
ഇത്രയുമോർത്തിട്ടു നമ്മളും മാനുഷാ
ഇത്രയ്ക്കു സ്വാർത്ഥരാകാതിരിക്കാം.

ഇന്നലെ കണ്ടോരോ തെറ്റുകളൊക്കെയും
ഇന്നേ തിരുത്തിയാൽ നാളെ നമ്മൾ,
നല്ലൊരു ഭാവിക്കു കൈകളെ കോർത്തിടാം
നന്മച്ചിരാതൊളിക്കീർത്തിയേകാം.

സ്വർഗ്ഗം തേടുന്നവരേ

ചിത്തം വരയ്ക്കുന്ന ചിത്രങ്ങളൊക്കെയും
ഛിദ്രം വരുത്താതെ നന്മച്ചരിത്രമായ്
കുത്തിക്കുറിക്കുന്ന വർണ്ണങ്ങളാകുകിൽ
നിത്യസ്‌മിത്തിന്റെ ചേലുള്ള സ്വർഗ്ഗമായ്

എത്തിപ്പിടിക്കാനൊരുങ്ങുന്നതൊക്കെയും
തട്ടിപ്പറിക്കാൻ വരും സർവ്വശക്തിയും
നഷ്ടങ്ങളാക്കാതെ നന്നെന്ന ചിന്തയിൽ
ഇഷ്ടങ്ങളാക്കാൻ കഴിഞ്ഞാലെ സ്വർഗ്ഗമായ്.

ആത്മാർത്ഥസ്നേഹം ഭരിക്കും മനസ്സിനെ
ദൈവം നയിക്കേ, സുരം ശാതജീവിതം
കല്ലില്ല , മുള്ളില്ല, യാ പാതയിൽ മൃദു-
റോസായിതൾസിദ്ധിയേകുന്ന സ്വർഗ്ഗമായ്.

അകാലമൃത്യു.

കാലയവനികയ്ക്കുള്ളേ മറയുവാൻ....
കാലനുണ്ടല്ലോ കണക്കു നോക്കീടുവാൻ.
കാലൻ വിളിക്കാത്ത കാലംവരേയ്ക്കും നാം
കാലന്നരികിലേയ്ക്കെത്താൻ വിസമ്മതം.
കാലൻ വരും വരെ കാത്തിരുന്നീടുവാൻ
കാലത്തിൻ മക്കളിൽ ക്ഷമയേതുമില്ല.
കാലവിരുദ്ധമാം കാരണം കാട്ടിയീ
കാലകമിതാക്കൾ കോമരം തുള്ളുമ്പോൾ,
കാലം വരുവോളം കാത്തിരുന്നോർക്കെല്ലാം
കാലദോഷം നല്കി, ദുഃഖത്തിലാഴ്ത്തിയും
കാലം നമുക്കായി കാത്തുവച്ചുള്ളോരു
കാലമാം സ്വർഗ്ഗാനുഭൂതിയുപേക്ഷിച്ചും
കാലന്റെ മുന്നിൽ പോയ് യാചിച്ചു യാചിച്ചു
കാലന്റെ കൈകളിൽ താനേ കുതിച്ചതാൽ
കാലംവരാതെയകാലമൃത്യുവെന്നു
കാലികവാർത്തയിൽ ഒന്നാമിടം തേടി.
കാലമാം ദുഖമൊഴിഞ്ഞുപോകും നല്ല-
കാലത്തിനായി നാം കാത്തിരുന്നീടുകിൽ,
കാലം നമുക്കായി കാത്തുവയ്ക്കുന്നൊരു
കാലമാം സ്വർഗ്ഗാനുഭൂതി നുകർന്നിടാം.

ഇലപൊഴിയും കാലം

പ്രകൃതിസൗന്ദര്യത്തിൻ മാറ്റുകൂട്ടീടുന്ന
നിന്റെയീ വർണ്ണമനോജ്ഞമാറ്റം
ആഞ്ഞടിച്ചാട്ടിത്തളർത്തിയീ മാരുതൻ
തല്ലിത്തൊഴിച്ചടർത്തീടുന്നേരം.

കാലത്തിൻ മാറ്റങ്ങളേൽപ്പിച്ച വേപഥു
പേറിനിന്നീടുന്ന കണ്മണീ നിൻ
കണ്ണിലൂറീടുന്ന നെഞ്ചകനീറ്റലിൽ
വെന്തു വെണ്ണീറായുരുകുന്നു ഞാൻ.

ഏകാന്തതതൻ വിരിമാറിലേക്കു ഞാൻ
ആണ്ടുപോകുന്നിതാ പ്രാണപ്രിയേ.
പൊഴിയാനൊരുങ്ങുംപ്രണയിനീ നിന്നെ ഞാൻ
കെട്ടിപ്പുണർന്നൊന്നു ചുംബിച്ചോട്ടെ.

എൻവിരിമാറിലേക്കൊന്നിനിച്ചായുവിൻ
വർണ്ണമയൂഖമനോഹരീ നീ.
നിന്റെ നിശ്വാസത്തിൻ ചൂടിലമർന്നു ഞാൻ
ഒന്നു മയങ്ങിയുറങ്ങിടട്ടെ !

പൂത്തൂതളിർത്തുനീയെന്നെയുണർത്തിടും
നാൾവരെ നാമെന്നുമോർത്തുവയ്ക്കാൻ,
നിന്നെയീ കൈവലയത്തിൽ പൊതിഞ്ഞു ഞാൻ
കെട്ടിപ്പുണർന്നൊന്നു ചുംബിച്ചോട്ടെ.

വിഷുക്കാലം

ഇളംതെന്നലോമനിക്കും
വിഷുപ്പൂക്കളോടു കൊഞ്ചാൻ
വിഷുപ്പക്ഷി, നീയുണർന്നൂ
പുലർകാലെയെത്തിയല്ലോ

വെളുക്കുന്നതിന്നുമുമ്പേ
കണിക്കൊന്ന പൂത്ത കൊമ്പിൽ.
വിഷുപ്പാട്ടു പാടിയെന്നേ-
യുണർത്താനിതോടിവന്നോ

കണിക്കൊന്ന പൂക്കുംകാലം
തെരുക്കോലമാകെ മാറും.
കണിക്കൊന്ന പൂത്തുവെന്നാൽ
കണിക്കണ്ണനെത്തിടുന്നൂ

കൊലുസിന്റെ താളമേളം
കിലുങ്ങുന്നു വീടുതോറും
നലം പീതവർണ്ണകാലം
മനസ്സിന്റെ പുണ്യകാലം

വിഷുക്കാലമെത്തിയെന്നാൽ,
വിഷുപ്പക്ഷി പാടിടുന്നൂ.
വിഷുത്താള മേളമോടേ
വിഷുക്കാഴ്ച്ച ഞാനൊരുക്കും.

വിഷുക്കണി.

ലോകപ്രതീകമാമോട്ടുരുളിയൊന്നു
തേച്ചുമിനുക്കിയെടുത്തിടേണം.
കൈകാൽമുഖം നനച്ചെത്തിയ പിന്നെ നാം
വർഷം മുഴുവനും തോഷസമൃദ്ധിക്കായ്
വിഷ്ണുചൈതന്യത്തിൻ സങ്കല്പത്തോടതിൽ
പുത്തനുണക്കലരി ചൊരിഞ്ഞീടണം.
പൊൻമുഖച്ഛായതന്നോർമ്മയിൽ നാമൊരു
സ്വർണ്ണനിറമുള്ള കണിവെള്ളരിക്കയും
കാലപുരുഷക്കിരീടമായ്ക്കാണുന്ന
സൗവർണ്ണശോഭയാം കർണ്ണികാരത്തിന്റെ
പൂമണിക്കൊമ്പൊന്നു മേലെ വച്ചീടണം.
കദളിവാഴപ്പഴപ്പടല വേണം.
മാമ്പഴം വേണം വരിക്കച്ചക്ക വേണം.
നാളികേരത്തിനെ രണ്ടുമുറിയാക്കി
നെയ്ത്തിരിയിട്ടോരോ ദീപം തെളിക്കണം.
വെറ്റില, പാക്കുമെടുത്തോരരികത്തായ്
നൽപുതുവസ്ത്രവുമൊന്നു കരുതേണം
വെള്ളോട്ടുകിണ്ടിയിൽ വെള്ളം തുളുമ്പണം
കണ്ണന്റെ വിഗ്രഹച്ചാരത്തു നല്ലൊരു
മംഗളമായുള്ളയഷ്ടമംഗല്യത്തട്ടിൽ
പൂർണ്ണകുംഭം, വിളക്കു, വാൽക്കണ്ണാടിയും
ചന്ദനക്കിണ്ണവും വലംപിരിശംഖും
കുങ്കുമച്ചെപ്പും താംബൂലവും സ്വസ്തികം
കൈനീട്ടമായ് നല്കാൻ നാണയം വയ്ക്കണം
ആമാടപ്പെട്ടീന്നു പാലയ്ക്കാമാലയും
കൃഷ്ണന്റെ വിഗ്രഹത്തേലൊന്നു ചാർത്തണം
എല്ലാമൊരുക്കിയയോട്ടുരുളി പിന്നെ
ഭക്തിയായ് കണ്ണന്റെ മുന്നിൽ വച്ചിടണം.
കാലത്തെഴുന്നേറ്റു സ്നാനംകഴിഞ്ഞിട്ടു
ദീപം കൊളുത്തി വിഷുക്കണി കാണണം.

അത്തച്ചമയം

തിരുവോണഘോഷങ്ങളതിനായിയാദ്യം
കുസുമങ്ങളോരോ നിറങ്ങളിലെത്തും

ചിരിതൂകി ഘോഷത്തിലണിനിരക്കാൻ
മലനാട്ടു മങ്കയ്ക്കുമാശതന്നെ

കസവുള്ള മുണ്ടുമണിഞ്ഞു നിരന്നു
മുറയോടെയത്തത്തിൻതാലങ്ങളേന്തി

മലയാളിമങ്കമാർ മംഗളം പാടി
ഗജവീരനമ്പാരി മേളങ്ങളോടെ

മലനാട്ടു മാവേലിയെഴുന്നള്ളുമ്പോൾ
നിറവോടെയൈശ്വര്യദീപം തിളങ്ങും

തിരുക്കൊച്ചിയാസ്ഥാന പൂണിത്തുറയിൽ
നിറമുള്ളയത്തച്ചമയം നടക്കും.

തിരുവോണദൃശ്യത്തിനാരംഭം കാണാൻ
ഒരു ഭാഗ്യമന്നൊക്കെയുണ്ടായിരുന്നു.

ചടങ്ങിന്റെ ഘോഷമതൊക്കെയൊഴിഞ്ഞു
പുതുക്കൊച്ചി, ചമയം നിറുത്തിപണ്ടേ.

പലരായിയത്തക്കളങ്ങളൊരുക്കുന്ന
ചെറുഘോഷമായിട്ടങ്ങതുമൊതുങ്ങി.

പുതുമയോടത്തത്തിന്നാഘോഷം മാത്രമാ-
യൊതുങ്ങിയിരിക്കുന്നിതത്തദിനത്തില്‍

അണുവൊന്നു പ്രാണന്റെയാപത്തായ് വന്നപ്പോ-
ഴതുപോലുമില്ലാതെയായിയിന്നും

അതിജീവനത്തിന്റെ നാളുകളാകയാൽ
പുറമേക്കു പോയില്ല, പൂ പറിക്കാൻ.

തൊടിയിൽ വിരിഞ്ഞുള്ള പൂക്കളിറുത്തു ഞാൻ
അഴകായ് നിരത്തുന്നു പൂക്കളത്തിൽ.

കൊതിയോടിറുക്കുന്ന പൂക്കളെയൊക്കെയും
മണലിൽ നിരത്തുമ്പൊഴെന്തു ചന്തം.

സൂര്യചന്ദ്രന്മാർ 

സൂര്യൻ :

കാത്തു നിന്നു കാൽകുഴഞ്ഞു
പോയ്‌ മറഞ്ഞോ ചന്ദ്രികേ !
സന്ധ്യയിൽ ഞാനേറെ നേരം
നിന്നെ നോക്കിയിന്നലെ.

രാത്രിതൻ നിലാവൊളിയിൽ
നിന്നെയൊന്നു കാണുവാൻ,
എന്നുമെന്റെയാശമനം
വെമ്പിടുന്നിതമ്പിളീ.

രാത്രി വന്നെൻ കനവുകളിൽ
പാരിജാതം തൂകി നീ
എന്റെ നിദ്രയപഹരിച്ചു-
കൊണ്ടുപോകും കാമിനീ...
.
അങ്ങനെ ഞാൻ വൈകിടുന്നു
നിത്യവുമിങ്ങത്തിടാൻ.
ആഴമുള്ള കായലിൽ ഞാൻ
കുളിച്ചു വന്നു, വൈകിയോ?

ഇന്നും നിന്നെ കാണ്മതില്ല-
യെന്റെ മോഹസുന്ദരീ....
എന്നുമെന്നുമിങ്ങനേ
ഞാൻ വരുന്ന സന്ധ്യകൾ

രണ്ടുമെന്നെ കാത്തിടാതെ
സന്തതം നീ മായുകിൽ
എന്നു നിന്റെ തേനഴകിൽ
ഞാൻ രമിക്കും തിങ്കളേ....?

ചന്ദ്രൻ :

എങ്ങുമെങ്ങും പോയതില്ല
സൂര്യദേവ! സുന്ദരാ!
പൂത്തിരിപോൽ കത്തിനില്ക്കും
നിന്നൊളിയിൽ മങ്ങി ഞാൻ

നിൻ നയനച്ചാതുരിയിൽ
മോഹിതയായെപ്പൊഴും
ചാരെ വരാൻ മോഹമോടെ
യിങ്ങുതന്നെ നിന്നിടുന്നു.

നീയുമെന്റെ സ്വപനവീഥി-
തന്നിലെന്നുമെത്തി മെല്ലേ 
തോളിലേറ്റിക്കൊഞ്ചിടുന്നെൻ
ചന്തമുള്ള ഗന്ധർവ്വാ.

രണ്ടുപേരുമൊത്തുനിന്നാൽ
മൊത്തവും നാം ക്ഷീണിതർ
പാതിപാതിയായി നമ്മൾ
പാരിനെന്നും കാവലേകാം.

ലോകപിതാനായകാ,
മക്കളെ നീ കാത്തിടൂ
ധർമ്മ കർമ്മീ , നിന്നിലെന്നും
തൃപ്ത ഞാനെൻ നാഥനേ!

ഭൂവിതിലെ നന്മകൾത-
ന്നുത്തമനേ, നിത്യവും
കൈയെടുത്തു കുമ്പിടുന്നേൻ 
ഭൂജനത്തോടൊപ്പമായ്.

ഭൂമിയിലെ മക്കളെല്ലാം
നമ്മളുടെ സ്വന്തമല്ലേ
താതനായി നീയവർക്കു
നന്മചെയ്തു മേവുമ്പോൾ,
തായിൻ സ്നേഹമേകുവതിൽ
മോദമാണെൻ ദേവനേ

നിറക്കൂട്ടുകൾ

കൗമാരകാലദിനത്തിലെന്റെ
മാനസമുറ്റമടിച്ചു തൂത്തു
സ്നേഹമണിച്ചെടി നട്ടുവച്ചു
ലാളന നല്കി വളർത്തി മെല്ലേ.

പൂച്ചെടി മെല്ലെ വളർന്നുവന്നു
പൂമരമായി നിവർന്നുനിന്നു
പൂത്തു, തളിർത്തു, ചിരിച്ചുനിന്നു
കാറ്റിലിളകി രസിച്ചുനിന്നു.

പൂമരമാകെ തളിർത്തുലഞ്ഞു
ഒത്തിരിയൊത്തിരി പൂമൊട്ടുകൾ
ശാഖകളിൽ തലപൊക്കി നിത്യം
പുഞ്ചിരിയോടെ കൈകൂപ്പിനിന്നു.

പൂത്ത മലർകളിലൊന്നുമാത്രം
സുന്ദരിയായിയെനിക്കു തോന്നി.
തൊട്ടുതലോടി രസിച്ചു നില്ക്കേ,
കണ്ണുതുറന്നവളെന്നെ നോക്കി.

തെല്ലനുരാഗസുഖം പകർന്നു
ചന്ദനഗന്ധിയവൾ ചിരിച്ചു.
ആ ചിരിയെൻ ഹൃദയത്തിനുള്ളിൽ
നിത്യസുഖം പകരാൻ തുടങ്ങി.

നാളുകൊഴിഞ്ഞതിനൊപ്പമായി
മറ്റു മലർകൾ പൊഴിഞ്ഞു വീണു.
പിന്നൊരു പൂവു വരാൻ തടുത്തു
പൂമരശാഖയൊഴിഞ്ഞുനിന്നു.

അന്നൊരു നാളിലിതൾ തഴുകി
നിന്നൊരു നേരമവൾ മറഞ്ഞു
എന്നനുവദമതൊന്നുപോലും
കേൾക്കുവതിന്നവൾ നിന്നതില്ല.

എൻ ഹൃദയത്തിലെ വാതിൽ മെല്ലേ
തള്ളിയവൾ കളിയായ് കടന്നു
ഹൃത്തിലെ വാതിലടച്ചു ചാവി
ഇക്കിളികൂട്ടിയെനിക്കു നല്കി.

രാത്രിയിലെന്നെയുറക്കിടാതെ
നിത്യനിശാസുഖമായിയെന്റെ
ചാരെയിരുന്നു കഥ മനഞ്ഞു
പുഞ്ചിരിതൂകിയവൾ മൊഴിഞ്ഞു.

എൻ ഹൃദി പൂട്ടി, കൊടുത്തു ചാവി
കള്ളിയവൾ കരം നീട്ടി വാങ്ങി.
അന്നുമുതൽക്കവളെന്നുമെന്റെ
മാനസസുന്ദരറാണിതന്നെ.

മംഗളമായൊരു താലികെട്ടി,
സീമന്തരേഖയിൽ പൊട്ടുതൊട്ടു.
ഞാൻ തൊടുവിച്ചൊരു കുങ്കുമത്തിൽ
മിന്നിമിനുങ്ങിയവൾ തുടുത്തു.

ഇത്തിരി നേരമവൾ പിരിഞ്ഞാൽ
താങ്ങുവതില്ലയെനിക്കു സത്യം.
ഒട്ടി നടന്നു കുറുമ്പുകാട്ടും
കുട്ടിയവൾമാത്രമെന്റെ ലോകം.

എന്റെ പ്രിയേ, തവ മാനസത്തിൽ
നിത്യമൊളിച്ചു കളിച്ചു ഞാനും
എന്നനുരാഗമേ, നിൻ പ്രണയം
എൻ പ്രണയത്തിൻ നിറക്കൂട്ടുകൾ.

പിണ്ഡതർപ്പണം

പകുതി വെന്തോരരിയുമെള്ളും
മധുവും നെയ്യുമതിൽ കുഴച്ചു
ജലകലക്കമലിനതയ്ക്കുൾ
വിതറിയെന്നാലതു തെളിഞ്ഞു.

കടലഴുക്കും പുഴയഴുക്കും
ത്വരിതമായിയകലുവാനായ്
പഴയ മീനൂട്ടു തുടരലാണീ
ശുഭദയാചാരമലിനനീക്കം.

കടകമാസം കഠിനമാസം
അധികമാരിക്കരയൊഴുക്കിൽ
വികൃതമാകും ജലധിയെല്ലാം
കടകവാവിൽ മലിനമുക്തം.

വിടപറഞ്ഞോരുടയവർക്കാം
കടമയാണെന്നറിയുമെങ്കിൽ
പുനിതമെല്ലാം മനസിചേരാൻ
മനിതരെല്ലാമനുസരിക്കും.

കരയഴുക്കിൻ തെളിമയിങ്കൽ
കരിനിറക്കാക്കകളെ വെല്ലാൻ
കരയിലാരാണിതുവരേക്കും
അവരു പിണ്ഡസുകൃതമുണ്ണും

ഇനിയകാലങ്ങളകലെയായി
പഴയപോലെ പുതുസമൂഹം
കരുതുവാനീ മൃദുലബന്ധം
ധരയിലിപ്പോൾ നിലവിലില്ലാ.

തനയരെക്കൊന്ന ജനനിയാലും
ജനകനെക്കൊന്ന തനയരാലും
ഹൃദയബന്ധം തകരുവോളം
പുതുമയല്ലേ നിലവിലിപ്പോൾ.

ജനനിയോടും ജനകനോടും
വലിയ സ്നേഹക്കുറവുകാട്ടും
അലസപുത്തൻതലമുറയ്ക്കീ
അറിവു നല്കാൻ മനസുകാട്ടാം.

ഇനിവരും നൽത്തലമുറയ്ക്കായ്
ഇവിടെ നാമിന്നറിയ വേണം
ഉലകനീതിത്തടയകറ്റാൻ
ഇനിയിതൊക്കെപ്പറയ വേണം.

പ്രപഞ്ചശാന്തത

ഉരുൾ പൊട്ടീ മലയിടിഞ്ഞും
മഴപ്പെയ്ത്തിൽ മരമടർന്നും
മണൽ വാരിപ്പുണരുമോരോ
കൊടും ക്രൂര മരണമെങ്ങും
തുടർകാഴ്ച്ചാവിനയൊരുക്കി
നടുക്കത്തിൽ മനമുടഞ്ഞും
ജനം തീരാനണുവിൻ രൂപ-
മവതരിച്ചോ ദൈവശക്തി?

പണത്തിന്മേൽ മനമൊതുക്കി
ചെകുത്താനെക്കുടിയിരുത്തി
മദിച്ചെന്നുമഹങ്കരിക്കും
മനുഷ്യർതൻ മൃഗമനസ്സിൻ
സ്വാർത്ഥമോഹച്ചിറകറുത്തു
മനുഷ്യത്വം കുടിയിരുത്താൻ
ഹൃദന്തങ്ങൾ മുഴുവനായും
നലം നന്മത്തിരി തെളിക്കാ-
നതിൽ സ്നേഹം നടനമാടാൻ,
പ്രപഞ്ചശാന്തത കൈവരിക്കാൻ.
ജഗത്തിലൈക്യം വിളയാടാ-
നൊരു മനസ്സായീ ജപം തുടങ്ങാം.

മനുഷ്യമനസ്സിന്നനീതികൾ
പൊറുത്തിടാനായിരന്നീടാം.
മനഃസാക്ഷി മടങ്ങിയെത്താൻ
മനമുരുക്കീ പ്രാർത്ഥിച്ചീടാം.

ജീവിതയാത്ര

ധരിത്രിയിൽ ജനിച്ചനാൾമുതൽക്കു നാം തുടങ്ങുമീ
വിധിച്ചതും കൊതിച്ചതും കലർന്നിടുന്ന യാത്രകൾ.
കൊഴിഞ്ഞുപോകുമെങ്കിലും ജഗത്തിലുള്ള യാത്രയെ
സുഗന്ധമുള്ള പുഷ്പമായ് നിനച്ചിടേണമേവരും.

നനുത്ത നല്ലയാശയം മനസ്സിലെത്തിയാൽ നിജം
കരുത്തിനായ് വിളിക്കണം തുണച്ചിടുന്ന ദേവനെ.
ഇടയ്ക്കു കാണുമെത്രയോ ചരാചരങ്ങളീ ഭുവി
നിറഞ്ഞു വാണിടും നമുക്കു ചുറ്റുമെത്ര സുന്ദരം.

തടസ്സമൊന്നുമെത്തിടാതെ കാത്തിടാൻ സ്തുതിക്കുകിൽ,
ജയിച്ചു നാം വിളങ്ങിടാൻ തുണച്ചിടുന്നു ദൈവവും.
പ്രപഞ്ചസത്യദൈവമേകിടുന്ന സർവ്വവും സദാ.
പ്രസാദദിവ്യജ്ഞാനമായ് സ്തുതിച്ചിടുന്നു സന്തതം.

പകച്ചു നിന്നിടാതെയും തളർന്നുപോയിടാതെയും
ചിലപ്പോഴെത്തിനോക്കിടുന്ന തോൽവിയും സഹിക്കണം.
ദിനം മുഴുത്തു നേർവരുന്ന സങ്കടങ്ങളൊക്കെയും
പഠിച്ചിടാൻ ലഭിച്ചിടുന്ന പാഠമായി കാണണം.

സ്വയം സുഖത്തിനായ് നിനച്ചു ചെയ്തിടുന്നതൊന്നുമേ
പരർക്കു ദോഷമായ് ഭവിച്ചിടാതെ നോക്കണം സദാ.
അനുഗ്രഹത്തിലെത്തിടും സുഖത്തെ നേടിടുന്നതിൽ
അഹങ്കരിച്ചിടാതെ നാം വിവേകമായ് ചരിക്കണം.


ഉൾത്തിളക്കം 

ദേവി നെടിയുട്ടം 

ഉൾത്തിളക്കം 

ആത്മാർത്ഥതയാണ് ഉൾത്തിളക്കത്തിലെ ഓരോ കവി തയും പ്രകടമായിക്കാണുന്ന ഒരു ഭാവം. കവി ചിന്തിക്കു ന്നതും പറയുന്നതും നമ്മളെ അനുഭവപ്പെടുത്തുന്നതു 

മെല്ലാം ഒന്നുതന്നെയാണ്. അതാണ് മൂല്യങ്ങളിൽ ഏറ്റവും മൂല്യമുള്ള ഗുണം. ആത്മാർത്ഥതയുടെ നൂലിൽ ഓരോ കവിതകളും കോർത്തു കെട്ടിയാൽ ആ മാലയിൽ ചേരാത്ത ഒറ്റക്കവിതപോലും ബാക്കിയുണ്ടാവില്ല ഈ "ഉൾത്തിളക്ക'ത്തിൽ. ജീവിതമൂല്യങ്ങൾ ഉരുക്കിത്തൂക്കി പൊന്നുപോലെ വിളയിച്ച് അടുത്ത തലമുറയിലേക്ക് 

കൈമാറ്റം ചെയ്യാനുള്ള ഉപാധിമാത്രമാണ് ദേവിക്ക് കവി തകൾ. ദേവി നെടിയൂട്ടം എന്ന എഴുത്തുകാരിയുടെ ജീവി തത്തെ നയിക്കാനും നിർമ്മിക്കാനും സഹായിക്കുന്ന മൂല്യ ങ്ങൾ കവിതകളിലും പ്രതിഫലിക്കുമ്പോൾ അത് ഒരു വ്യക്തിയുടെ മാത്രമല്ല, കലയുടെ ധർമ്മവും പരിപൂർണ്ണ മായി നിർവ്വഹിക്കുന്നു. ഓരോ കവിതകളിലും ഓരോ മാനുഷിക മൂല്യങ്ങൾ ഒപ്പിവെച്ച് കവിതകൾക്ക് ജീവൻ കൊടുക്കുന്ന പവിത്രമായ ഒരു കർമ്മമാണ് ദേവി നെടി യൂട്ടത്തിന്റെ രചനകൾ നിർവ്വഹിക്കുന്നത്. ഉൾത്തിളക്കം എന്ന ഈ പുസ്തകത്തിനെ മാനുഷികമൂല്യങ്ങളുടെ വെളി 

പാടുപുസ്തകമെന്ന് വിളിക്കാം. 


എം എസ്സ് വിനോദ് 

ദേവി നെടിയുട്ടം 

Cover Design: AK Sukumaran 


 


മാതൃവന്ദനം


എന്മനതാരിൽ വിളങ്ങും സ്നേഹദീപമേ,

പാലമൃതൂട്ടുന്ന നിൻ സ്നേഹലാളനം

ഓർമ്മയിലെത്താൻ മടിക്കുന്നു സന്തതം

എങ്കിലുമാ നിർവൃതിക്കെന്റെ വന്ദനം!


എന്നിലെ ജീവൻറെ താളസ്വരൂപമേ,

ആ മൃദുമന്ദസ്മിതത്തിന്റെയോർമ്മയിൽ

കൊച്ചു കുറുമ്പിൻറെ ബാല്യം തിളങ്ങിടും

സുന്ദരസൗഭാഗ്യസന്തോഷവന്ദനം!


പക്വതയോടെന്നെ സന്മാർഗ്ഗപാതകൾ

ചൊല്ലി, നയിച്ചന്നു നേരിൻറെ കാവലായ്

നിത്യവസന്തം വിരിച്ചങ്ങു കാത്തതിൻ

ധന്യതയാലെൻറെയാത്മാർത്ഥവന്ദനം!


വാനിലെ നക്ഷത്രക്കൂട്ടത്തിലെത്തി നീ

രാത്രിയിലെന്നും കിനാവിൻറെ താളമായ്

ലാളനയോടെൻറെ ചാരത്തണഞ്ഞിടും

തൃപ്തിയിലെന്നെന്നുമേകുന്നു വന്ദനം!


നിന്മുഖപത്മമെനിക്കൊന്നു കാണുവാൻ

പിന്നെയുമാ ഗർഭപാത്രത്തിലെത്തണം

നിന്നിലെ ജീവന്റെ സ്പന്ദിക്കുമംശമാ-

മെന്നിലെ ജീവത്തുടിപ്പിൻറെ വന്ദനം!


അച്ഛനമ്മമാർ


വായിച്ചു തീരാത്ത പുസ്തകം നീയമ്മേ-

യെന്നെൻറെ ചിത്തേ നിനച്ച നേരം

അച്ഛൻ പിണങ്ങുന്ന ഭാവമെൻ മുന്നിലായ്

വന്നൊന്നു നിൽക്കുന്നു ചോദ്യമൊടെ.


വാത്സല്യമേറുന്ന ലാളനയ്‌ക്കൊപ്പമെൻ

ചിത്തത്തിനെന്നും പ്രകാശമാകും

താതാ, പിണങ്ങല്ലെയങ്ങെനിക്കേകിയോ-

രാ ചിത്തവ്യാപ്തം മറപ്പതോ ഞാൻ?


ദുഃഖം നിഴൽപോലെ പിന്തുടർന്നെത്തിയെ-

ന്നുള്ളം തളർന്നങ്ങു നിന്നിടുമ്പോൾ,

ഞാനുണ്ടു കൂട്ടായിയെന്നു ചൊല്ലുന്നൊരെ-

ന്നച്ഛനെയാണെന്നുമേറെയിഷ്ടം.


സ്നേഹം മനസ്സിൻറെ കോണിലേക്കെന്നുമേ

മാറ്റിശ്ശകാരിക്കുമമ്മയേക്കാൾ

സ്നേഹത്തെച്ചാലിച്ചു നന്മയോടൊപ്പമാ-

യൂട്ടുന്നെൻ താതൻറെ ശീലമിഷ്ടം.


അച്ഛൻറെ സാന്നിദ്ധ്യമില്ലയെന്നുള്ളതിൽ

നീറുന്നിതെൻ ചിത്തമെന്നുമെന്നും.

ഓർമ്മച്ചുരുൾ നിർത്തി വേദനിക്കാത്തതായ്

അമ്മേ, എനിക്കില്ല നാൾകളൊന്നും.


ആ രണ്ടു ജീവൻ പൊലിഞ്ഞുപോയീടുകിൽ

ആരോരുമില്ലാത്തപോലെ തോന്നും.

ആരൊക്കെയുണ്ടെങ്കിലും നമുക്കെപ്പൊഴും

ആരോരുമില്ലാത്തപോലെ തോന്നും.


ഗുരുനാഥർ


അകതാരിലറിവിന്റെ വിത പാകി

ജലമേകി മുളപൊട്ടിത്തളിരായി

ശിഖരങ്ങളൊരുപാടു വളരുമ്പോൾ

ഇലവന്നു മുകുളങ്ങളുരുവാകാൻ,


ഇരുളിന്റെ മറ നീങ്ങിയൊളിവീശി-

യനുനാളിലറിവിന്റെ പടികേറീ

വലിയോരു മരമായിത്തണലേകി-

യടിവേരു മണലിന്നു പതമാകാൻ,


ഒരുനാളുമണയാതെ തെളിവോടെ-

യകതാരിലൊളിദീപത്തിരിനാളം

തുണയേകിയറിവിൻറെ പുകഴോടെ

വരമായച്ചിരകാലം വിളയാടാൻ,


നവകാലദിനപാഠവഴികാട്ടും

ഗുരുനാഥരിഹലോകയഭിമാനം!

മനമാകെപ്രഭയേറ്റും ഗുരുവന്ദ്യർ-

ക്കഭിവാദ്യവചനങ്ങളതു നേരാം!


സൂര്യൻ


അങ്ങകലെച്ചക്രവാള സീമയിൽ

പൊങ്ങിവരും സൂര്യനെത്ര സുന്ദരൻ.

തങ്കവർണ്ണത്തേരിലേറി വന്നവൻ

രാജകീയപാർവ്വയേകി നിന്നിടും.

തേർതെളിച്ചു വാനവീഥി പൂകിടും

ഭാസ്ക്കരന്റെ സത്ഗുണങ്ങളത്രയും

ശോഭയുള്ള തൂളിയായി നിത്യവും

മോദമോടെത്തൂവിടുന്നു ഭൂമിയിൽ.

പൂത്തിരിയെ വെന്നിടുന്ന പുഞ്ചിരി-

ച്ചന്തമോടു ചിന്തിടുന്ന രശ്മികൾ

കാത്തിവിടെ നിന്നിടുന്നു പൂക്കളും

പൂങ്കുയിലും മൈനകളും കാകനും.

പാരിലാകെ വെട്ടമേകിടാൻ വരും

സൂര്യനെന്നുമാദിദേവനല്ലയോ

സുന്ദരസ്സുശോഭയേകുമർക്കനായ്

വന്ദനങ്ങളോതിടാനുണർന്നിടാം.


അക്ഷരദീപം


ഹരിശ്രീ കുറിച്ചൊരു നാവിൽ തുടക്കം

എഴുതിപ്പഠിച്ചിടാമാദ്യാക്ഷരങ്ങൾ.

വരമേകി വാണി കടാക്ഷം ചൊരിഞ്ഞാൽ,

അകമെയിരുൾ നിറയാതൊന്നുനോക്കാം.


അറിയാത്ത പൈതലിൽ ജ്ഞാനം നിറയ്ക്കാൻ

വിവരം, വിവേകമതെല്ലാം തിരിക്കാൻ,

ഗുരുവായിട്ടനുഭവപാഠങ്ങളെയും

കരുതീടുവാൻ മനമുണ്ടായിടേണം.


അറിവിന്റെയക്ഷയപാത്രം തുറക്കാം

അറിയാനിയക്ഷരദീപം കൊളുത്താം.

അറിയേണ്ടപാഠമതെല്ലാം പഠിച്ചാൽ,

അഭിമാനപൂരിതരാകാം ജഗത്തിൽ.


പുഞ്ചിരി


സൂര്യനുദിച്ചാലന്നു മുഴുക്കേ-

യംബരമാകെയാർത്തുചിരിക്കും

മോദസുഖത്താലൂർജ്ജിതരായി

ഭൂമിയിലുള്ളോരൊക്കെ രസിക്കും.


പുഞ്ചിരിയെല്ലാം സുന്ദരമല്ലേ

സ്നേഹമുഖത്തിൻ ഭാഷയതല്ലേ

ഇഷ്ടമനസ്സിൻ പുഞ്ചിരികണ്ടാൽ

സങ്കടമെല്ലാം പമ്പകടക്കും.


നമ്മുടെ പുഞ്ചിരി മറ്റുമനസ്സിൽ

നല്ലൊരു ദീപശ്ശോഭ തെളിക്കാൻ,

നിത്യസുഖത്തിൻ നന്മകളോതി

സത്യമുഖത്താലൊത്തു ചിരിക്കാം.


ഹർഷമുഖങ്ങൾ കണ്ടു രസിക്കാൻ

സുന്ദരനാളൊന്നോർത്തു സുഖിക്കാൻ

ഒത്തിരി നന്മച്ചിന്തകളോടെ

ഇത്തിരി നേരം പുഞ്ചിരി തൂകാം.


മാതൃഭാഷ


മാതാവു നൽകുന്ന പാലിന്നമൃതുപോൽ

മാതൃഭാഷയ്ക്കുണ്ടൊരൈശ്വര്യമെപ്പൊഴും.


മന്ദമായ് വീശുന്ന കാറ്റിൻസുഖം തരും

മാരിപോലൊന്നു നാമോതും മലയാളം.


മാമലക്കാറ്റിന്നുപോലും രുചിക്കുമീ

മാതൃഭാഷാഗാനപല്ലവി കേൾക്കുകിൽ.


മറ്റുള്ള ഭാഷകൾ നല്ലപോൽ ചൊൽകിലും

മാനസം തൃപ്തിയായീടുകില്ലാ നിജം.


മോദത്തിലും പിന്നെ കോപത്തിലും സദാ

മാതൃദേശത്തിന്റെ ഭാഷതന്നെ സുഖം.


മാന്യമായ് കാവ്യം രചിക്കുമ്പൊഴും 

മാതാവു നൽകുന്നൊരുമ്മപോലെ 

 

മാതൃഭാഷാപദം ഹർഷബാഷ്പം തൂകി

മന്ദസ്മിതത്തോടിങ്ങോടിയടുത്തിടും.


മോഹവാഗ്‌ദാനങ്ങളേകിടാൻ ചാരത്തു

മൽപ്രിയൻ പ്രേമമോടോതും മലയാളം.


താതൻ ശകാരങ്ങളേകി ശിക്ഷിപ്പതും

തായിന്റെ വാത്സല്യവും മാതൃഭാഷയിൽ


കേട്ടുവെന്നാലേയെനിക്കെന്നും തൃപ്തമാ-

യുള്ളം നിറഞ്ഞപോൽ തോന്നീടുകയുള്ളൂ.


മാതൃരാജ്യത്തിൻ്റെ ശ്രേഷ്ഠകിരീടമാം

മാതൃഭാഷയ്‌ക്കെന്നുമായുസ്സു നീളുവാൻ


മാതൃഭാഷയ്ക്കുള്ള സ്ഥാനമാനത്തെ നാം

മക്കൾക്കു പാഠമായ് ചൊല്ലിക്കൊടുക്കണം.


ശിശുദിനം


കണ്ണിനു കണ്ണായിത്തന്നെവേണം

കുഞ്ഞുങ്ങളൊക്കെ വളർന്നീടുവാൻ

നന്നായ്‌ വളർന്നങ്ങു വന്നാലവർ

നാടിനും വീടിനും കണ്ണിലുണ്ണി.


നല്ല പ്രതീക്ഷകളോടെ ദൈവം

നമ്മുടെ കൈകളിലേൽപ്പിക്കുന്ന

പിഞ്ചോമനക്കുഞ്ഞുമാനസത്തെ

നന്മപ്രതീകങ്ങളാക്കി മാറ്റാം.


കൈ വളർന്നെന്നും കാൽ വളർന്നെന്നും

നോക്കി രസിക്കുന്നോരമ്മമാരെ.

കുഞ്ഞിൻറെ ബുദ്ധിവളർച്ചയിലും

ശ്രദ്ധവച്ചീടാൻ മറന്നീടല്ലേ.


സത്യവും ന്യായവും നീതിയും നാം

നിത്യവും ചൊല്ലി വളർത്തിയെന്നാൽ,

പത്തരമാറ്റായ് മിന്നീടുമോരോ

തങ്കക്കുടങ്ങളായ് മാറുമവർ.


ഇന്നത്തെയോരോ കുരുന്നുമക്കൾ

നാടിന്റെ നാളത്തെ സമ്പത്താകും

ധർമ്മബോധത്തോടെയെന്നും പാരിൽ

സ്വർഗ്ഗംപണിഞ്ഞവർ വാഴ്ന്നിടട്ടെ.


മാമലനാട്ടിൻ ദേവതയേ !


മാമല നാടിനെ കാത്തീടുവാൻ

മാലോകരൊക്കെയും ശ്രദ്ധിക്കണം

മലയാളനാടിന്റെ ഭാവിയെല്ലാം

മാലോകർതന്നുടെ കൈയിലല്ലേ

മലയാളംപോലും പറയുവാനായ്

മടിയുള്ള മലയാളിയുള്ള നാട്ടിൽ

മലനാട്ടു മക്കളിൽ നാമിതെല്ലാം

മലപോലെ നമ്പുവാനായിടുമോ?

മരമില്ല, ചെടിയില്ല, കാറ്റുമില്ല

മഴയിങ്ങു പെയ്യുവാൻ വഴിയുമില്ല.

മഴയെങ്ങാൻ വന്നിങ്ങു പെയ്തുവെന്നാൽ

മഴ തോരാനായൊരു മാർഗ്ഗമില്ലാ.

മഴക്കാലമെന്നിങ്ങു കേൾക്കുമ്പോഴേ

മഴവെള്ളപ്പാച്ചിലാണോർമ്മകളിൽ.

മലയാളമക്കൾതൻ മാനസത്തിൽ

മതിയായ ഗുണമെല്ലാമേറ്റിടേണം.

മലയാളമക്കളിൻ നാവിലെന്നും

മലയാളം തത്തിക്കളിച്ചിടേണം

മലയാളനാടിൻ പുരോഗതിക്കായ്

മതിയായ ബുദ്ധികൾ തന്നിടേണം.

മലയാളനാടിനു മകുടമായി

മണിദീപമേറ്റി നാം വാഴുവാനായ്

മലയാണ്മ കാക്കുന്ന ദേവതയെ

മനമോടെ വാഴ്ത്തിസ്തുതിച്ചീടുന്നേൻ.


ആരോഗ്യമാണ് സമ്പത്ത്


ആരോഗ്യമെന്നെന്നുമാശ്വാസമേകുന്ന

ജീവിതസമ്പാദ്യമാണു സത്യം.

നിദ്രയ്ക്കു ഭംഗങ്ങളില്ലാത്ത രാവെന്നും

വ്യാധികളെല്ലാമൊഴിച്ചിടുന്നു.


ആയാസമില്ലാത്ത വ്യായാമവും നമ്മെ

നിത്യവുമുന്മേഷമാക്കിടുന്നു

ആരോഗ്യമുള്ളോരു ദേഹം മനസ്സിനു

സങ്കടമില്ലാതെ കാത്തിടുന്നു.


സമ്പാദ്യശീലം മനുഷ്യർക്കു വേണ്ടുന്ന-

താകിലു മാവശ്യപോഷകങ്ങൾ

ദേഹത്തിനാരോഗ്യമേകുംവിധം നിത്യ

ഭക്ഷണമായിട്ടെടുത്തിടേണം.


രോഗങ്ങളില്ലാതെ പാരിൽ നടക്കേണ-

മെങ്കിലണുക്കൾ നശിച്ചിടേണം.

രോഗാണുനാശം ഭവിച്ചീടുവാൻ നമ്മൾ

വൃത്തി സുഖാധാരമാക്കിടേണം.


രോഗങ്ങളാർക്കും വരാതേയിരുന്നാലെ

രോഗവിമുക്തർ ജഗത്തിലെങ്ങും

ഉത്കൃഷ്ടമായിട്ടൊരുങ്ങിപ്രവർത്തിച്ചി-

തുത്തമരായെങ്ങുമേ ചരിക്കാം.


ബാലിക


ബാലികയാണു പിറന്നതെന്നാൽ

പൂമുഖമാകേയിരുൾ നിറഞ്ഞൂ

കാർമുകിലോടിനടന്നകാലം

പോയ് മറഞ്ഞെന്നറിഞ്ഞീടണം നാം.


ബാലികയൊന്നു പിറന്നുവെന്നാൽ

മൂക്കു ചുളിച്ചു നടന്നു മെല്ലേ

പ്രാണനെടുത്തൊരു കാലമെല്ലാം

ദൂരെയകന്നല്ലോ പെൺകരുത്തിൽ.


പാകിമുളച്ചയിടത്തുനിന്നൂ

പൂത്തു തളിർത്തിടും കാലമായാൽ

മാറ്റി നടപ്പെടുമെന്ന സത്യം

ഓർത്തു വളർത്തുക വേണമെന്നും.


വീട്ടുചെരാതൊളി മാത്രമല്ലാ

നാട്ടുനിലാവൊളിയായിരിക്കാൻ

പാഠശാലപ്പടിയേറിടേണം

പാഠങ്ങളൊക്കെപ്പഠിച്ചിടേണം.


പീഡനകാലമതും ചെറുക്കാൻ

ശക്തികൊടുത്തു വളർത്തിടേണം

നാടിനു നന്മകളോർത്തു ചെയ്യാൻ

പ്രാപ്തിയൊരുക്കി വളർത്തിടേണം.


തൻ്റെ പാദങ്ങളിൽ നീർന്നുനിൽക്കാൻ

വേണ്ട വിദ്യാഭ്യാസമേകിടേണം

നാടു ഭരിപ്പതിനുള്ള ശക്തി

നേടിയെടുപ്പതിനൊത്തു നില്ക്കാം.


ബാലികയെന്ന നിലാവെളിച്ചം

ഭൂമിയിലാകെ പരന്നിടട്ടെ.

ചിത്രപതംഗമനോഹിതം പോ-

ലെന്നുമവൾ വിഹരിച്ചിടട്ടെ!


ചിങ്ങപ്പുലരി


ചിങ്ങമാസയിളവെയിലിൽ

ചിന്തിടുമീ മഴയുതിരിൽ

പൂക്കളോടു കഥപറയാൻ

പാറിയെത്തിയൊരു ശലഭം.


ആടിമാസദുരിതമിനി

ആടിയാടിയകലുകയായ്

ചിങ്ങമാസയുശമലരിൽ

പൂത്തിടട്ടെ ശുഭസുദിനം!


പുത്തനാണ്ടു പുലരികളായ്

ജീവിതത്തിലൊളിപകരാൻ

സൂര്യദേവനിനി ദിനവും

പൂത്തുലഞ്ഞു ശുഭമരുളും.


ഈണമുള്ള കവിതകളായ്

ഈ വരുന്ന പുലരികളിൽ

ഈശ്വരന്റെ കൃപ നിറയാൻ

ഹൃദ്യമായ പ്രാർത്ഥനകൾ!


സൗഹൃദം


മാധ്യമലോകത്തെ സൗഹൃദസംഘങ്ങൾ

അക്ഷരസല്ലാപസായുജ്യങ്ങൾ.

വർണ്ണച്ചിറകു മിനുക്കിവച്ചൂ നിത്യം

വാനിടമാകെപ്പറന്നീടണ്ടേ?


വിൺമിഹിരത്തേലൊളിച്ചു കളിച്ചീടാം

വെള്ളിനിലാക്കൊമ്പിലൂയലാടാം.

പൂങ്കുയിലോടൊത്തു പാട്ടുകൾ പാടിടാം

തുമ്പികളെപ്പോലെ കൂട്ടുകൂടാം.


ചിത്തത്തിലൂറുന്ന ദുഃഖക്കറയെ നാ-

മപ്പപ്പോഴായിട്ടിറക്കി വയ്ക്കാൻ,

വാനത്തു പാറുന്ന ദേശാടനക്കിളി-

ക്കൂട്ടങ്ങളെപ്പോലെ കിന്നരിക്കാം.


അമ്പിളിമാമൻറെ തോളിലേറിച്ചെല്ലാം 

താരകളെല്ലാം പെറുക്കിക്കൂട്ടാം

വാർമഴവില്ലിൽ കൊരുത്തോരോ വർണ്ണങ്ങൾ

തോരണമായ് തൂക്കി രസിച്ചീടാം.


കാട്ടുമരച്ചോല ശാഖകളിലെല്ലാം

കേറിയിറങ്ങാം കുരങ്ങുപോലേ

പാടവരമ്പത്തെ മൈനപോലെങ്ങെങ്ങും

പാടി നടക്കാനൊരുങ്ങിവായോ.


ആറ്റുമണൽപ്പൊത്തിലുള്ള പൊന്മാനിൻറെ

മുട്ടകളെണ്ണാനുമൊത്തു കൂടാം

രാക്കിളിയോടൊത്തു പാറിനടന്നീടാം

താരാട്ടുപാട്ടിന്റെയീണമാകാം.


കടിഞ്ഞൂൽ ചാമ്പയ്‌ക്ക.


വാസനപ്പൂച്ചെടിത്തോട്ടമതിൽ

വാഴച്ചെടിക്കു സമീപമായി

വലിയൊരു മോഹത്തിൽ ചാമ്പ നട്ടു.

വർഷങ്ങളേഴു കൊഴിഞ്ഞുവല്ലോ.


വെള്ളമൊഴിച്ചതിനെന്നുമെന്നും

വാട്ടമൊന്നില്ലാതെ ഞാൻ വളർത്തി.

വായാടി ഞാനവളെത്തഴുകും

വേളയിലെന്നോടു പുഞ്ചിരിക്കും.


വേണ്ടവേണ്ടെന്നൊടു കൂട്ടുവേണ്ടാ

വായും തുറന്നു ചിരിച്ചിടേണ്ടാ

വന്നുവന്നെത്രനാൾ നോക്കി ഞാനും

വന്നില്ല പൂഞ്ചില്ലയൊന്നുപോലും.


വെറ്റില കിള്ളുവാനിന്നലെ ഞാൻ

വന്നൊന്നവളുടെ ചാരെ നിന്നു.

വാടാത്ത തളിരിലയാട്ടിയാട്ടി

വായ്പൊത്തിനിന്നവളെന്നെത്തോണ്ടി.


വമ്പു പറഞ്ഞു കടിഞ്ഞൂൽ ഫലം

വീമ്പുമിളക്കിയങ്ങാടിനിന്നു.

വന്നെൻ മുഖത്തിലും ചന്ദ്രവെട്ടം

വാ തുറന്നവളോടു നന്ദി ചൊല്ലി.


വാകപ്പൂവിൻറെ നിറത്തിലവൾ

വാതുറന്നെന്നെ ചിരിച്ചുകാട്ടി.

വീറോടുള്ളവളുടെ നില്‌പുകണ്ടു

വായും പൊളിച്ചങ്ങുനിന്നുപോയ് ഞാൻ.


പൂത്തുമ്പി


ഇന്നെന്റെയങ്കണമലരുകളിൽ

പൊന്നുടുപ്പിട്ടൊരു പൂത്തുമ്പി വന്നു.

കണ്ണിൽ വിരുന്നലഞൊറികളുമായ്

പാറിടുന്നാച്ചെറു പൂത്തുമ്പിയെങ്ങും.


പാറിപ്പറന്നൊരു മണിശലഭം

തേൻ നുകർന്നാടി രസിക്കുന്ന കണ്ടു,

കാറ്റിൽകുളിർക്കതിരുലയുകയായ്

പൂക്കളും ചേർന്നുലയുന്നതുണ്ടേ.


ചന്തം കലർത്തിയ പുലരിയിതിൽ

സുന്ദരിത്തുമ്പിയിലാശിച്ചു ഞാനും

കൈനീട്ടി നോക്കിയതിൽ ഭയമായ്

പാറിയാ ശലഭമകന്നേപോയ്.


വാനത്തുദിച്ചിടുമരുണനുമെൻ

ചമ്മലിൽ വാടിയയാസ്യം കണ്ടു.

കണ്ണൊന്നു ചിമ്മി, ചിരിയും വിതറി

ഞാനതിൽ നാണിച്ചകംപൂകി മെല്ലേ.


ഓണമെത്തി


പൊൻവയൽച്ചേറിലേയ്ക്കൊന്നിറങ്ങീ

പാടിയുമാടിയും കൊയ്തെടുത്ത

നെന്മണിക്കായിയിങ്ങോടിയെത്തും

വെള്ളരിപ്രാവിനിന്നോണമാണേ.


മാരിവിൽച്ചേലിലെൻ മാവിൻകൊമ്പിൽ

മോദമായ് കെട്ടിയോരൂയലാടാൻ

മോഹമൊടൊത്തുതന്നെത്തിയല്ലോ

മഞ്ഞണിത്തുമ്പിയും കൂട്ടുകാരും.


തുമ്പികൾ പൂവിലെത്തേൻ കുടിക്കാൻ

തഞ്ചമായ്പ്പാറിവന്നെത്തിടുമ്പോൾ

ഓണമായോണമായെന്നു ചൊല്ലാൻ

ഓടിവന്നെത്തിയോ വെണ്ണിലാവേ.


പൂങ്കുയിൽ പാടിയൊന്നാനയിച്ചും

പൂക്കളം കണ്ടുകണ്ടാസ്വദിച്ചും

പൂവടപ്പായസസദ്യയുണ്ണാൻ

ഓണമാവേലിയിങ്ങെത്തിയല്ലോ.


ധന്യജന്മം!


ഇല്ലത്തു പെൺകുഞ്ഞു വന്നൂ പിറക്കുമ്പോൾ

സ്വപ്നങ്ങളോരോന്നു കാണുമമ്മ

ലക്ഷ്മീകടാക്ഷം ഗൃഹത്തിൽ കനിഞ്ഞെന്നു

പെൺകുഞ്ഞിനെ നോക്കിയോതിടുന്നു


പൂന്തോപ്പിലെങ്ങെങ്ങും പാറി നടക്കുന്ന

പൂമ്പാറ്റയാണല്ലൊ ബാലികേ നീ.

കണ്ണാടി നോക്കീ സ്വയം പുഞ്ചിരിക്കുന്ന

പ്രായത്തിലെത്തുന്നു പൂങ്കിനാക്കൾ.


കൗമാരകാലത്തു കണ്ണിൽ വിരിക്കുന്ന

നാണത്തിലാകൃഷ്ടനായൊരുത്തൻ

സ്നേഹത്തിലെന്നും പൊതിഞ്ഞു തരുന്നുണ്ടാ

മംഗല്യസൂത്രത്തിൻ സംരക്ഷണം.


പിന്നേ വസന്തം വിരിഞ്ഞങ്ങു ജീവിക്കേ,

കൂട്ടായിയെത്തുന്നു മക്കൾജന്മം

കുഞ്ഞൂ പിറക്കുന്ന നേരം ജനിക്കുന്നു

വാത്സല്യമൂറുന്ന തായ്മനസ്സും.


പുണ്യം പൊതിഞ്ഞെത്തുമമ്മച്ചിരിച്ചന്ത-

മെന്നെന്നുമീ ജന്മസാഫല്യമായ്.

വറ്റാത്ത സ്നേഹജലധിജലംപോലെ

ആഴത്തിലാണമ്മസ്നേഹചിത്തം.


പിന്നേയുമെത്തുന്നിതമ്മാമ്മ, മുത്തശ്ശി

സ്ഥാനങ്ങളാകുന്ന ജന്മപുണ്യം.

സ്ത്രീ ജന്മമല്ലോ ജഗത്തിൽ ലഭിക്കുന്ന

ശ്രേഷ്ഠതരമായ ധന്യജന്മം!


അമ്മയെന്ന വനിത


അമ്മമനം ഞാനാദ്യമറിഞ്ഞൂ

അത്തിരു ചിത്തസ്നേഹമറിഞ്ഞൂ

അമ്മമടിത്തട്ടെന്നൊരു മെത്ത

ആദിമുതൽക്കേ നമ്മുടെ സ്വന്തം.


അത്രസുഖത്തിൽ വേറൊരു സ്വർഗ്ഗം

ഇല്ല ജഗത്തിൽ എന്നതു സത്യം.

ഇത്തിരിയുള്ളോരെന്നുടെ ചേച്ചീ

ഇക്കിളികൂട്ടീട്ടെന്നെയുണർത്തി.


ഈരടി ചൊല്ലിപ്പാടിയുറക്കി

ഈണമതിൽ ഞാൻ മെല്ലെയുറങ്ങി

ഉമ്മകളായെൻ ചുണ്ടിലമർന്നൂ

ഉണ്മമനസ്സിൻ നേരുമറിഞ്ഞു.


എന്നിലെ സ്നേഹത്താമരയുള്ളം

ഏണിയിലേറിച്ചാരുതകണ്ടൂ

ഐഹികമാകും പെണ്മണിയായാൽ

ഒത്തമനസ്സോരമ്മയുമാകും.


ഓമനയാമെൻ പൊന്മകളേ ഞാൻ

ഓതി വളർത്തീ നന്മകളെല്ലാം

അന്തരമുണ്ടാ പൊന്നുമനസ്സിൽ

അപ്പടി സ്നേഹം മാത്രമതാണേ.


അമ്മയെയോർത്തും അച്ഛനെയോർത്തും

ആധികളാണാച്ചിത്തമതൊക്കെ

ഇത്തരമുള്ളോരോമനനെഞ്ചം

ഈയുലകത്തിൽ കണ്ടതുമില്ലാ.


ഉണ്മയിലെന്നും വീടിനു നന്മ

ഊക്കൊടു സ്നേഹം കാട്ടിയ പെണ്മ

എത്ര മനോജ്‌ഞം സത്യമിലോകം

ഏറിയ പങ്കും സ്നേഹമതായാൽ.


പ്രതീക്ഷ


പുതിയ പ്രതീക്ഷാമുകുളവുമായി

സകലമുണർത്തീയരുണനുദിപ്പൂ.

ഇനിമയിലോരോ ദിനവുമടർത്താൻ

തുണയരുളുന്നീ നവമുകുളങ്ങൾ.


അമിതപ്രതീക്ഷായരുമമനസ്സിൽ

അമൃതു പകർത്താനലസത കാട്ടും.

അതുവഴി നമ്മിൽ വിരസതയേറും

ഹൃദയവിഷാദത്തനിമയൊരുക്കും.


കനിവൊടു ചെയ്യാം പരനു സഹായം

അതിലൊരു നന്മത്തിരി തെളിയിക്കാം.

നലമൊരു കർമ്മം ധരയിലെ ധർമ്മം

ഹൃദയവിശാലം സുഖകരമെന്നും.


കടവുൾമനസ്സിൻ പടവുകളേറാൻ

പ്രണയമതൊന്നിന്നകമഴിയേണം.

തരളിത സ്നേഹം മഹിയിലെ സ്വർഗ്ഗം

അതുമതിദൈവപ്രിയകരരാകാൻ.


പുതിയൊരു പൂപോൽ വിടരണമെന്നും

മധുരപ്രതീക്ഷാ മനിതമനസ്സിൽ.

സഫലത കാണാതവ കൊഴിയുമ്പോൾ

നലമതിനാകാം തളരുകവേണ്ടാ.


എന്റെ കേരളം


കല്ലോലജാലസൃതിസൈകതത്തിൽ

പാദാഗ്രമെന്നും ബലമോടെയൂന്നി

സഹ്യാദ്രിസൈന്യം തല കാത്തുനില്ക്കും

കേരങ്ങൾ തിങ്ങും മമ കേരളാംബേ,


സംസ്കാരസമ്പന്ന കലാലയത്തിൽ

ശീതോഷ്ണസമ്മിശ്ര ഋതുക്കളാലെ

ചിത്രാംശുവേകും സുഖലോലുപത്തിൽ

ഭൂജാതരാകാൻ കനിവേകി ദൈവം.


കായൽക്കുളിർമാരുതനാർദ്രസാന്ദ്രം

സൗഹാർദ്ദമേകുന്നിതനർഘസൗഖ്യം

ഈടുറ്റ നെയ്ത്തിൻ കസവിൽ ജ്വലിക്കും

ഐശ്വര്യവർഷം മലനാട്ടുമക്കൾ.


നല്ലാലിലത്താലി രഥോത്സവത്തിൽ

മങ്കയ്‌ക്കു ഭാവങ്ങളതിരാഗലോലം

സ്നാനം കഴിഞ്ഞുള്ള ദിനാചരങ്ങൾ

ആരോഗ്യമേകും പരിപാലനങ്ങൾ.


പഞ്ചാരിമേളം കണിയുത്സവങ്ങൾ

സന്ധ്യയ്ക്കു ദീപം തെളിയിച്ചു നിത്യം

ഭക്ത്യാദരത്താൽ ജപകീർത്തനങ്ങൾ

ഓണം വിഷുക്കാഴ്ചകളാതിരാപ്പൂ


സ്വർഗം കനിഞ്ഞേകുമനുഗ്രഹങ്ങൾ

ഒന്നും മനസ്സിൽ നിനവായതില്ലാ

മാത്സര്യരാഷ്ട്രീയകൊലപാതകങ്ങൾ

നാട്ടിൽ നിറഞ്ഞിന്നനർത്ഥവൃന്ദം.


ചിത്തം കലങ്ങി മതികെട്ടുപോയി

രോഗം നിറഞ്ഞു ദിനവാർത്തയായി.

മർത്ത്യർമനസ്സിൽ കുടിയേറിപ്പാർക്കും

സ്വാർത്ഥച്ചെകുത്താനെയറുത്തുമാറ്റി


മാവേലി മന്നനിവിടം ഭരിച്ചപോൽ

സന്മാർഗ്ഗവിത്തുകൾ പാകി മുളപ്പിച്ചു

മാമലനാട്ടിനു നന്മകൾ കൊയ്യുവാ-

നാരുണ്ടിനാട്ടിൻ ഗതിമാറ്റിടാനായ്?


അമ്മേ,


കുട്ടിക്കുറുമ്പുകള്‍ കാട്ടിച്ചിരിക്കുന്ന

ഉണ്ണിയൊന്നെന്‍കൈയിലെത്തേണ്ടതായ് വന്നു

പത്തുമാസത്തിലെന്‍ ജീവനെ കാക്കുവാന്‍

നീ പെട്ട കഷ്ടത്തെ ഞാനറിഞ്ഞീടുവാന്‍


തായ് തന്ന സ്വര്‍ഗീയ ബാല്യത്തിന്നോര്‍മ്മയെന്‍

കൈപിടിച്ചിന്നുമെന്‍ കൂടെ നടക്കുന്നു.

നിന്നെ ഭയന്നു ഞാന്‍ കൌമാരസ്വപ്നത്തില്‍

നീന്താന്‍ മടിച്ചതും നല്ലോര്‍മ്മകള്‍ തന്നെ.


നീ തന്ന നല്ലുപദേശങ്ങളോരോന്നും

യൌവനം തള്ളിനീക്കീടുവാന്‍ കൂട്ടായി

കൈകളില്‍ ചൂരലുമായെന്റെ നിഴലായി-

യിന്നും വഴിതെളിച്ചീടുന്നതുണ്ടമ്മേ.


ഇന്നത്തെയെന്റെയീ ജീവിതമത്രയും

അമ്മതന്‍ ത്യാഗവും മോഹവുമല്ലയോ

ഇന്നു നീ ഭൂമിയിലില്ലെന്നതോര്‍ക്കവെ

നെഞ്ചകം വിങ്ങിയെന്‍ കണ്ണുകലങ്ങുന്നു.


അമ്മേ, നിന്‍‍ സ്‌നേഹത്തിനീടായി ഭൂമിയില്‍

മറ്റൊന്നും കണ്ടില്ലയീ ജന്മവീഥിയില്‍

വാനോളമുള്ളോരു കായിതം പോരല്ലോ

മാതാവിൻ മേന്മകള്‍ രേഖപ്പെടുത്തുവാൻ.


എത്ര ജന്മങ്ങളാണിക്കടം വീട്ടുവാന്‍

ഞാനെടുക്കേണ്ടതെന്നോര്‍ക്കുന്നിതെപ്പൊഴും

എഴുജന്മങ്ങളും പോരാതെ വന്നിടും

തൃപ്തിയോടമ്മതൻ സേവനം ചെയ്യുവാന്‍.


ജന്മങ്ങളെത്രയ്ക്കിനീം ലഭിച്ചീടുകില്‍

അമ്മേ നിന്നുദരത്തില്‍ വന്നു ജനിക്കുവാന്‍,

സല്‍പുത്രനായ് നിന്നെ പാലിച്ചു വാഴുവാന്‍,

ബ്രഹ്മാവുമൊന്നങ്ങനുഗ്രഹിച്ചീടണം.


വസന്തം


മാരിയൊഴിഞ്ഞൂ വേനലണഞ്ഞു

മാനസമാകെപ്പൂവിടരുന്നു.

പൗർണ്ണമിരാവിൽ മോദവസന്തം

എന്റെ കിനാവിൽ ചന്ദനഗന്ധം.


വാടികതോറും പൂവിരിയുമ്പോൾ

തേൻനുകരാൻ പൂത്തുമ്പികളെത്തി

പൂവഴകായ് നീ വന്നു തലോടാൻ

പൂങ്കുയിലായ് ഞാൻ പാടിയടുത്തു.


പുഞ്ചിരിയാൽ നീ ചാരെയണഞ്ഞാൽ

സുന്ദരമാം നിൻ പൂമുഖമല്ലാ,

നന്മനിറഞ്ഞാ മാനസമാണെൻ

പ്രാണസഖീ നിൻ നാഥനു മോഹം.


കണ്മണി, നിന്നെക്കണ്ടൊരു നാളിൽ

കൊഞ്ചലുമായെൻ ഹൃത്തിൽ നുഴഞ്ഞു

നന്മകളാലാ ചിത്തമറിഞ്ഞു

നിൻ തുണയാകാനന്നു കൊതിച്ചു.


തേൻ നിറയുമ്പോൾ പൂവിനെ തേടി

വന്നണയുന്നൂ ചിത്രപതംഗം.

എന്നതുപോൽ നിൻ നല്ല മനസ്സിൻ

വെണ്മയെ ഞാനും തേടിവരുന്നൂ.


വേനൽമഴ


വേനലിൻ വിയർപ്പുതുള്ളി

ഊറിനിന്ന ഭൂമിതന്റെ

മാറിലേക്കു ചാറി മെല്ലെ

കാർനിറഞ്ഞ മേഘപാളി.


വൻമരം, മലർ, ചെടിക്കു

ചൂടിനെശ്ശമിപ്പതിന്നു

പാടി വന്നു നൃത്തമാടി

നല്കുളിർ ചൊരിഞ്ഞ മാരി.


വേനൽമഴപ്പെയ്ത്തു കണ്ടു

ബാല്യകാലം തറ്റുടുത്തു

മോദമായ് വിരൽ കടിച്ചു

നാണമോടടുത്തു വന്നു.


മുറ്റമൊക്കെ വെള്ളമായി

കപ്പലൊന്നതിൽ നനഞ്ഞു.

തുള്ളി ഞാൻ പടക്കമെന്ന-

പോൽ കളിച്ചയോർമയെത്തി.


പൗർണ്ണമിരാഗം


പൗർണ്ണമിരാവിന്നഴകേ നീ -

യനുപമരാഗം ചൊരിയാൻ വാ...

തളിരില കിള്ളി, മലരിൽ നുള്ളി,

വരുമൊരു കാറ്റിൻ കഥ പറയാം.

ചിറകുമിനുക്കിത്തുണയായ് നീ

തനിമയിലെന്നെത്തഴുകാൻ വാ

മണിശലഭങ്ങൾ മധു തേടും

നവകുസുമത്തിൻ കഥ പറയാം.

വിജനവിഹായസ്സിലിനനൊഴിഞ്ഞാ-

ലഴകുനിലാവിന്നൊളിയേ വാ...

തവനിഴലോടൊത്തുയരത്തിൽ

മണിമുകിലോരത്തൊളിയാം ഞാൻ.

നിശയുടെ താരത്തിരിതാഴ്ന്നാൽ

നിറവിലിരിക്കും മതിയേ വാ

ഭുവിയുണരുമ്മുന്നഴകേ നിൻ

പ്രണയമതെന്നിൽ പകരാൻ വാ....


നന്മ


നന്മതൻ കാവൽകാക്കും

മാനവർ നിത്യംനിത്യം

മൂഢരാംലോകർക്കെന്നും

ആക്ഷേപക്കോലംമാത്രം.

നന്മകൾ ചൊല്ലുന്നേരം

അജ്ഞാനത്തിമിർപ്പാലെ

സന്തതം ക്രോധംകാട്ടും

നിന്ദയും ചൊല്ലാനെത്തും.

നന്മതൻ ചിത്തത്താലേ

വഞ്ചിതക്കോലം വന്നാൽ

ചഞ്ചലം തെല്ലുംവേണ്ടാ

കാത്തിടാം, ശാന്തം നാൾകൾ

മൗനമായ് കാലം നീക്കാം

സങ്കടം വേണ്ടാ വേണ്ടാ.

നന്മയിൻ ശ്രോതാവായാൽ,

നിശ്ചയം ജേതാവാകും.


തൃക്കാർത്തിക


ദേവീ! നിൻ ചിരിപോലിന്നെ-

ന്നില്ലത്തിൻ പൂമുഖമാകേ

മൽകൈയാൽ തെളിയിക്കുന്നൂ

ഐശ്വര്യത്തിരുദീപങ്ങൾ!

അജ്ഞാനങ്ങളകറ്റാനായ്

വിജ്ഞാനത്തിരിയേറ്റീടാം

സ്നേഹത്തിന്നൊളിതൂകാമീ

ഐശ്വര്യത്തിരുനാളിൽ.

നീ നല്‌കും നിറകാരുണ്യം

സർവ്വർക്കും വരമായെത്താൻ

ഭക്ത്യാ ഞാൻ തെളിയിക്കുന്നു

നാവിൽ നാമജപത്തോടേ.


ഒരു തിരിനാളമാകാം


മനസ്സിന്‍റെ കിളിവാതില്‍ മെല്ലെത്തുറന്നു

മഹത്ത്വങ്ങളണിചേരും ദീപം കൊളുത്താം.


മലര്‍ഗന്ധമണിദീപശ്ശോഭയ്ക്കു മുന്നില്‍

മന:ശക്തിയുയരാനായ് കൈകൂപ്പിനില്ക്കാം.


മലര്‍പോലെ ഗുണമേറും മാണിക്യദൃശ്യം

മയില്‍പ്പീലിയഴകേറും നേത്രം നിറയ്ക്കാം.


മൊഴിച്ചന്തമിയലും കര്‍ണ്ണങ്ങള്‍ രസിക്കാന്‍

മണിക്കുയിലിണയോതും രാഗം ശ്രവിക്കാം.


മന:സാക്ഷി നലമാക്കി സ്നേഹം വിതയ്ക്കാം

മതിപ്പുള്ള വിളയായിത്തങ്ങാം ജഗത്തില്‍.


മരിച്ചാലുമുടയോര്‍തന്നോര്‍മ്മയ്ക്കകത്തായ്

മറഞ്ഞോരു തിരിനാളമായങ്ങിരിക്കാം.


തൂമ്പ


മണ്ണായാലും പുല്ലായാലും

ചെത്തിച്ചേമ്പിയടുപ്പിക്കും

തൂമ്പയ്ക്കുള്ളൊരു സ്വാർത്ഥതയേ

കണ്ടുപഠിച്ചോ മാനവരും?.


ഇങ്ങോട്ടെന്നൊരു സ്വാർത്ഥമനം

തൂമ്പയ്ക്കെന്നും കൂട്ടാളി.

അങ്ങോട്ടെന്നൊരു ഭാഷയതോ

തൂമ്പയ്ക്കൊട്ടും വശമില്ല.


മണ്ണിൻമക്കൾ പാതിയിലധികം

തൂമ്പക്കഥപോലാണെന്നും

തൂമ്പയ്‌ക്കെതിരായ് ചിന്തിക്കാൻ

മാനവചിത്തം വളരേണം.


ഇല്ലാത്തവരെന്നില്ലാതായി-

ത്തുല്യതയെങ്ങും നിറയുമ്പോൾ,

തമ്മിലസൂയക്കലഹങ്ങൾ,

വൈരാഗ്യങ്ങൾ പമ്പകടക്കും.


ജാതി, മതത്തെ മറന്നീടാം

നന്മ മനസ്സിൽ വളർത്തീടാം.

മാനവമാനസമൊത്തെന്നും

ഏകതയോടെ വാണീടാം.


നാട്ടിൻ ക്ഷേമസമത്വത്തിൽ

സാധുജനത്തിൻ പട്ടിണി മാറും.

സ്വാർത്ഥത കാട്ടിത്തന്നീടും

തൂമ്പക്കഥയെ മറന്നീടാം.


സ്വാർത്ഥതയില്ലാതെന്നെന്നും

സർവ്വചരാചര നന്മയ്ക്കായ്

നിത്യമുദിക്കുന്നർക്കഗുണം

കണ്ടുപഠിക്കാം നാമെന്നും.


ഭക്തിയിലുള്ളതിശുദ്ധതയിൽ

ഭാസ്ക്കരതേജോമയമായി

സ്നേഹവിളക്കിൻ നറുവെട്ടം

പാരിതിലെങ്ങും വീശട്ടെ!


വാത്സല്യം


അമ്മയും അച്ഛനും തന്ന വാത്സല്യമെൻ

സുന്ദര ബാല്യകാലോർമ്മയിൽ പൂത്തിടും.


ചാട്ടവുമോട്ടവും വീഴ്ചയും രക്തവും

കണ്ടു ഭയന്നവർ മാനസം നൊന്തതും


പിന്നെയടുത്തണഞ്ഞെൻറെയാ കണ്ണുനീർ

തൂത്തു തുടയ്പ്പതും സാന്ത്വനിപ്പിപ്പതും


പുഞ്ചിരിതൂകിയെൻ സങ്കടം മാറ്റിടാൻ

നന്മകളൊക്കെയും ബുദ്ധിയായ്ച്ചൊൽവതും


സന്തതമോമനിച്ചീടുവാൻ ധന്യമാ-

യിന്നലെയെന്നപോലത്തിടുന്നോർമ്മയിൽ.


സുന്ദരസ്വപ്നകൗമാരമെത്തീടവേ,

ചിന്തകളൊക്കെയും നേർവഴിക്കാകുവാൻ


സദ്‌ഗുണമേന്മകൾ ചൊല്ലിയെൻ മാനസം

നന്മയിലേക്കുമെത്തിച്ചു വാത്സല്യമായ്.


യൗവ്വനകാലമെൻ കൈപിടിച്ചീടുവാൻ

സുന്ദരമാനസംകൊണ്ടവനെത്തവേ,


മംഗളം പാടിയെൻ ജീവിതം വന്നതിൽ-

പ്പിന്നെയാണച്ഛൻ്റെ വാത്സല്യമാനസം


നിത്യമോദങ്ങളായ് ഞാൻ ദിനം കണ്ടതും

തൊട്ടറിഞ്ഞെൻമനം സങ്കടപ്പെട്ടതും.


പാഠം പഠിപ്പിച്ച വാദ്യാരുമേകിടും

മുന്നിൽ ചെന്നൊന്നു നിന്നീടുകിൽ വാത്സല്യം


ഒട്ടും മടിക്കാതിരട്ടിയായ് സന്തതം

നമ്മളിൽത്താഴെയുള്ളോർക്കും നാമേകണം.


മൂത്തവർ നൽകുന്ന സ്നേഹവാത്സല്യങ്ങൾ

പാരിതിൻ ധന്യമാം സ്വർഗ്ഗാനുഭൂതികൾ


ദൈവമേ, നീ തരും നല്കകടാക്ഷങ്ങളായ്

ഇന്നുമെൻ നാൾകളിൽ നന്ദി ചൊല്ലുന്നു ഞാൻ.


കടലാസ്സുവഞ്ചി


കാലങ്ങളെത്ര കടന്നുപോയെങ്കിലും

കാലവർഷത്തിന്റെ കോളു കാൺകെ,

കാടും പടലുമായ് കൂടെയൊഴുകുന്ന

കായൽക്കരകളാണെന്നോർമ്മയിൽ.


തോരാത്ത മഴയിലെൻ തറവാട്ടിലെ-

ത്തോടു നിറഞ്ഞു കവിഞ്ഞൊഴുകേ,

തോളോടുതോളുചേർന്നാടിയുലഞ്ഞാലും

തോൽക്കാതെൻ കടലാസുവഞ്ചി പായും.


മുറ്റത്തെ മണ്ണിലായ് കെട്ടിനില്ക്കാറുള്ള

മുന്നാഴി വെള്ളത്തിന്നോളങ്ങളിൽ

മൂന്നാലു കടലാസുവഞ്ചികളെന്റെ

മുൻകാലയോർമ്മയിലെത്താറുണ്ട്.


കടലോടു മല്ലിട്ടെൻ ജീവിതനൗക

കരയോടടുക്കുന്ന കാലത്തിലും

കടലാസുവഞ്ചിയിൽ കനവിലെത്തും

കസവുള്ള പട്ടുടുത്തെന്റെ ബാല്യം.


ഇന്നലെ, ഇന്ന്, നാളെ


ഇന്നലെ ജീവിച്ച മാനവ മാനസം

ഇത്രയ്ക്കു സ്വാർത്ഥരല്ലായിരുന്നു.

ഇഷ്ടവുമായ്ത്തട്ടിനോക്കിയിരുന്നു വൻ-

കഷ്ടം പരർക്കതിൽ ചെയ്തിടാതെ.


ഇന്നു മനുഷ്യർക്കു തോന്നിടുമാഗ്രഹം

നട്ടു, നനച്ചങ്ങു സ്വായത്തമാക്കാൻ

മറ്റൊരു ജീവന്റെ കഷ്ടതയോർത്തിടാ-

നാരും മെനക്കെടുന്നില്ല സത്യം.


ഇന്നനുഭാവത്തിലെത്തിയ സൗകര്യ

സ്വർഗ്ഗങ്ങളൊക്കെയും ഇന്നലത്തെ

മാനവർ ജീവിച്ച കഷ്ടവും നഷ്ടവും

സൗകര്യമില്ലായ്മതൻ ഫലമോർമ്മിക്ക.


ഇത്തരമിന്നു വളർന്നിടുമീ ജനം

നാളത്തെ ഭീതിയായ് മാറിടാതോ?

ഇത്രയുമോർത്തിട്ടു നമ്മളും മാനുഷാ

ഇത്രയ്ക്കു സ്വാർത്ഥരാകാതിരിക്കാം.


ഇന്നലെ കണ്ടോരോ തെറ്റുകളൊക്കെയും

ഇന്നേ തിരുത്തിയാൽ നാളെ നമ്മൾ,

നല്ലൊരു ഭാവിക്കു കൈകളെ കോർത്തിടാം

നന്മച്ചിരാതൊളിക്കീർത്തിയേകാം.


സ്വർഗ്ഗം തേടുന്നവരേ


ചിത്തം വരയ്ക്കുന്ന ചിത്രങ്ങളൊക്കെയും

ഛിദ്രം വരുത്താതെ നന്മച്ചരിത്രമായ്

കുത്തിക്കുറിക്കുന്ന വർണ്ണങ്ങളാകുകിൽ

നിത്യസ്‌മിത്തിന്റെ ചേലുള്ള സ്വർഗ്ഗമായ്


എത്തിപ്പിടിക്കാനൊരുങ്ങുന്നതൊക്കെയും

തട്ടിപ്പറിക്കാൻ വരും സർവ്വശക്തിയും

നഷ്ടങ്ങളാക്കാതെ നന്നെന്ന ചിന്തയിൽ

ഇഷ്ടങ്ങളാക്കാൻ കഴിഞ്ഞാലെ സ്വർഗ്ഗമായ്.


ആത്മാർത്ഥസ്നേഹം ഭരിക്കും മനസ്സിനെ

ദൈവം നയിക്കേ, സുരം ശാതജീവിതം

കല്ലില്ല , മുള്ളില്ല, യാ പാതയിൽ മൃദു-

റോസായിതൾസിദ്ധിയേകുന്ന സ്വർഗ്ഗമായ്.


അകാലമൃത്യു.


കാലയവനികയ്ക്കുള്ളേ മറയുവാൻ....

കാലനുണ്ടല്ലോ കണക്കു നോക്കീടുവാൻ.

കാലൻ വിളിക്കാത്ത കാലംവരേയ്ക്കും നാം

കാലന്നരികിലേയ്ക്കെത്താൻ വിസമ്മതം.

കാലൻ വരും വരെ കാത്തിരുന്നീടുവാൻ

കാലത്തിൻ മക്കളിൽ ക്ഷമയേതുമില്ല.

കാലവിരുദ്ധമാം കാരണം കാട്ടിയീ

കാലകമിതാക്കൾ കോമരം തുള്ളുമ്പോൾ,

കാലം വരുവോളം കാത്തിരുന്നോർക്കെല്ലാം

കാലദോഷം നല്കി, ദുഃഖത്തിലാഴ്ത്തിയും

കാലം നമുക്കായി കാത്തുവച്ചുള്ളോരു

കാലമാം സ്വർഗ്ഗാനുഭൂതിയുപേക്ഷിച്ചും

കാലന്റെ മുന്നിൽ പോയ് യാചിച്ചു യാചിച്ചു

കാലന്റെ കൈകളിൽ താനേ കുതിച്ചതാൽ

കാലംവരാതെയകാലമൃത്യുവെന്നു

കാലികവാർത്തയിൽ ഒന്നാമിടം തേടി.

കാലമാം ദുഖമൊഴിഞ്ഞുപോകും നല്ല-

കാലത്തിനായി നാം കാത്തിരുന്നീടുകിൽ,

കാലം നമുക്കായി കാത്തുവയ്ക്കുന്നൊരു

കാലമാം സ്വർഗ്ഗാനുഭൂതി നുകർന്നിടാം.


ഇലപൊഴിയും കാലം


പ്രകൃതിസൗന്ദര്യത്തിൻ മാറ്റുകൂട്ടീടുന്ന

നിന്റെയീ വർണ്ണമനോജ്ഞമാറ്റം

ആഞ്ഞടിച്ചാട്ടിത്തളർത്തിയീ മാരുതൻ

തല്ലിത്തൊഴിച്ചടർത്തീടുന്നേരം.


കാലത്തിൻ മാറ്റങ്ങളേൽപ്പിച്ച വേപഥു

പേറിനിന്നീടുന്ന കണ്മണീ നിൻ

കണ്ണിലൂറീടുന്ന നെഞ്ചകനീറ്റലിൽ

വെന്തു വെണ്ണീറായുരുകുന്നു ഞാൻ.


ഏകാന്തതതൻ വിരിമാറിലേക്കു ഞാൻ

ആണ്ടുപോകുന്നിതാ പ്രാണപ്രിയേ.

പൊഴിയാനൊരുങ്ങുംപ്രണയിനീ നിന്നെ ഞാൻ

കെട്ടിപ്പുണർന്നൊന്നു ചുംബിച്ചോട്ടെ.


എൻവിരിമാറിലേക്കൊന്നിനിച്ചായുവിൻ

വർണ്ണമയൂഖമനോഹരീ നീ.

നിന്റെ നിശ്വാസത്തിൻ ചൂടിലമർന്നു ഞാൻ

ഒന്നു മയങ്ങിയുറങ്ങിടട്ടെ !


പൂത്തൂതളിർത്തുനീയെന്നെയുണർത്തിടും

നാൾവരെ നാമെന്നുമോർത്തുവയ്ക്കാൻ,

നിന്നെയീ കൈവലയത്തിൽ പൊതിഞ്ഞു ഞാൻ

കെട്ടിപ്പുണർന്നൊന്നു ചുംബിച്ചോട്ടെ.


വിഷുക്കാലം


ഇളംതെന്നലോമനിക്കും

വിഷുപ്പൂക്കളോടു കൊഞ്ചാൻ

വിഷുപ്പക്ഷി, നീയുണർന്നൂ

പുലർകാലെയെത്തിയല്ലോ


വെളുക്കുന്നതിന്നുമുമ്പേ

കണിക്കൊന്ന പൂത്ത കൊമ്പിൽ.

വിഷുപ്പാട്ടു പാടിയെന്നേ-

യുണർത്താനിതോടിവന്നോ


കണിക്കൊന്ന പൂക്കുംകാലം

തെരുക്കോലമാകെ മാറും.

കണിക്കൊന്ന പൂത്തുവെന്നാൽ

കണിക്കണ്ണനെത്തിടുന്നൂ


കൊലുസിന്റെ താളമേളം

കിലുങ്ങുന്നു വീടുതോറും

നലം പീതവർണ്ണകാലം

മനസ്സിന്റെ പുണ്യകാലം


വിഷുക്കാലമെത്തിയെന്നാൽ,

വിഷുപ്പക്ഷി പാടിടുന്നൂ.

വിഷുത്താള മേളമോടേ

വിഷുക്കാഴ്ച്ച ഞാനൊരുക്കും.


വിഷുക്കണി.


ലോകപ്രതീകമാമോട്ടുരുളിയൊന്നു

തേച്ചുമിനുക്കിയെടുത്തിടേണം.

കൈകാൽമുഖം നനച്ചെത്തിയ പിന്നെ നാം

വർഷം മുഴുവനും തോഷസമൃദ്ധിക്കായ്

വിഷ്ണുചൈതന്യത്തിൻ സങ്കല്പത്തോടതിൽ

പുത്തനുണക്കലരി ചൊരിഞ്ഞീടണം.

പൊൻമുഖച്ഛായതന്നോർമ്മയിൽ നാമൊരു

സ്വർണ്ണനിറമുള്ള കണിവെള്ളരിക്കയും

കാലപുരുഷക്കിരീടമായ്ക്കാണുന്ന

സൗവർണ്ണശോഭയാം കർണ്ണികാരത്തിന്റെ

പൂമണിക്കൊമ്പൊന്നു മേലെ വച്ചീടണം.

കദളിവാഴപ്പഴപ്പടല വേണം.

മാമ്പഴം വേണം വരിക്കച്ചക്ക വേണം.

നാളികേരത്തിനെ രണ്ടുമുറിയാക്കി

നെയ്ത്തിരിയിട്ടോരോ ദീപം തെളിക്കണം.

വെറ്റില, പാക്കുമെടുത്തോരരികത്തായ്

നൽപുതുവസ്ത്രവുമൊന്നു കരുതേണം

വെള്ളോട്ടുകിണ്ടിയിൽ വെള്ളം തുളുമ്പണം

കണ്ണന്റെ വിഗ്രഹച്ചാരത്തു നല്ലൊരു

മംഗളമായുള്ളയഷ്ടമംഗല്യത്തട്ടിൽ

പൂർണ്ണകുംഭം, വിളക്കു, വാൽക്കണ്ണാടിയും

ചന്ദനക്കിണ്ണവും വലംപിരിശംഖും

കുങ്കുമച്ചെപ്പും താംബൂലവും സ്വസ്തികം

കൈനീട്ടമായ് നല്കാൻ നാണയം വയ്ക്കണം

ആമാടപ്പെട്ടീന്നു പാലയ്ക്കാമാലയും

കൃഷ്ണന്റെ വിഗ്രഹത്തേലൊന്നു ചാർത്തണം

എല്ലാമൊരുക്കിയയോട്ടുരുളി പിന്നെ

ഭക്തിയായ് കണ്ണന്റെ മുന്നിൽ വച്ചിടണം.

കാലത്തെഴുന്നേറ്റു സ്നാനംകഴിഞ്ഞിട്ടു

ദീപം കൊളുത്തി വിഷുക്കണി കാണണം.


അത്തച്ചമയം


തിരുവോണഘോഷങ്ങളതിനായിയാദ്യം

കുസുമങ്ങളോരോ നിറങ്ങളിലെത്തും


ചിരിതൂകി ഘോഷത്തിലണിനിരക്കാൻ

മലനാട്ടു മങ്കയ്ക്കുമാശതന്നെ


കസവുള്ള മുണ്ടുമണിഞ്ഞു നിരന്നു

മുറയോടെയത്തത്തിൻതാലങ്ങളേന്തി


മലയാളിമങ്കമാർ മംഗളം പാടി

ഗജവീരനമ്പാരി മേളങ്ങളോടെ


മലനാട്ടു മാവേലിയെഴുന്നള്ളുമ്പോൾ

നിറവോടെയൈശ്വര്യദീപം തിളങ്ങും


തിരുക്കൊച്ചിയാസ്ഥാന പൂണിത്തുറയിൽ

നിറമുള്ളയത്തച്ചമയം നടക്കും.


തിരുവോണദൃശ്യത്തിനാരംഭം കാണാൻ

ഒരു ഭാഗ്യമന്നൊക്കെയുണ്ടായിരുന്നു.


ചടങ്ങിന്റെ ഘോഷമതൊക്കെയൊഴിഞ്ഞു

പുതുക്കൊച്ചി, ചമയം നിറുത്തിപണ്ടേ.


പലരായിയത്തക്കളങ്ങളൊരുക്കുന്ന

ചെറുഘോഷമായിട്ടങ്ങതുമൊതുങ്ങി.


പുതുമയോടത്തത്തിന്നാഘോഷം മാത്രമാ-

യൊതുങ്ങിയിരിക്കുന്നിതത്തദിനത്തില്‍


അണുവൊന്നു പ്രാണന്റെയാപത്തായ് വന്നപ്പോ-

ഴതുപോലുമില്ലാതെയായിയിന്നും


അതിജീവനത്തിന്റെ നാളുകളാകയാൽ

പുറമേക്കു പോയില്ല, പൂ പറിക്കാൻ.


തൊടിയിൽ വിരിഞ്ഞുള്ള പൂക്കളിറുത്തു ഞാൻ

അഴകായ് നിരത്തുന്നു പൂക്കളത്തിൽ.


കൊതിയോടിറുക്കുന്ന പൂക്കളെയൊക്കെയും

മണലിൽ നിരത്തുമ്പൊഴെന്തു ചന്തം.


സൂര്യചന്ദ്രന്മാർ 


സൂര്യൻ :


കാത്തു നിന്നു കാൽകുഴഞ്ഞു

പോയ്‌ മറഞ്ഞോ ചന്ദ്രികേ !

സന്ധ്യയിൽ ഞാനേറെ നേരം

നിന്നെ നോക്കിയിന്നലെ.


രാത്രിതൻ നിലാവൊളിയിൽ

നിന്നെയൊന്നു കാണുവാൻ,

എന്നുമെന്റെയാശമനം

വെമ്പിടുന്നിതമ്പിളീ.


രാത്രി വന്നെൻ കനവുകളിൽ

പാരിജാതം തൂകി നീ

എന്റെ നിദ്രയപഹരിച്ചു-

കൊണ്ടുപോകും കാമിനീ...

.

അങ്ങനെ ഞാൻ വൈകിടുന്നു

നിത്യവുമിങ്ങത്തിടാൻ.

ആഴമുള്ള കായലിൽ ഞാൻ

കുളിച്ചു വന്നു, വൈകിയോ?


ഇന്നും നിന്നെ കാണ്മതില്ല-

യെന്റെ മോഹസുന്ദരീ....

എന്നുമെന്നുമിങ്ങനേ

ഞാൻ വരുന്ന സന്ധ്യകൾ


രണ്ടുമെന്നെ കാത്തിടാതെ

സന്തതം നീ മായുകിൽ

എന്നു നിന്റെ തേനഴകിൽ

ഞാൻ രമിക്കും തിങ്കളേ....?


ചന്ദ്രൻ :


എങ്ങുമെങ്ങും പോയതില്ല

സൂര്യദേവ! സുന്ദരാ!

പൂത്തിരിപോൽ കത്തിനില്ക്കും

നിന്നൊളിയിൽ മങ്ങി ഞാൻ


നിൻ നയനച്ചാതുരിയിൽ

മോഹിതയായെപ്പൊഴും

ചാരെ വരാൻ മോഹമോടെ

യിങ്ങുതന്നെ നിന്നിടുന്നു.


നീയുമെന്റെ സ്വപനവീഥി-

തന്നിലെന്നുമെത്തി മെല്ലേ 

തോളിലേറ്റിക്കൊഞ്ചിടുന്നെൻ

ചന്തമുള്ള ഗന്ധർവ്വാ.


രണ്ടുപേരുമൊത്തുനിന്നാൽ

മൊത്തവും നാം ക്ഷീണിതർ

പാതിപാതിയായി നമ്മൾ

പാരിനെന്നും കാവലേകാം.


ലോകപിതാനായകാ,

മക്കളെ നീ കാത്തിടൂ

ധർമ്മ കർമ്മീ , നിന്നിലെന്നും

തൃപ്ത ഞാനെൻ നാഥനേ!


ഭൂവിതിലെ നന്മകൾത-

ന്നുത്തമനേ, നിത്യവും

കൈയെടുത്തു കുമ്പിടുന്നേൻ 

ഭൂജനത്തോടൊപ്പമായ്.


ഭൂമിയിലെ മക്കളെല്ലാം

നമ്മളുടെ സ്വന്തമല്ലേ

താതനായി നീയവർക്കു

നന്മചെയ്തു മേവുമ്പോൾ,

തായിൻ സ്നേഹമേകുവതിൽ

മോദമാണെൻ ദേവനേ


നിറക്കൂട്ടുകൾ


കൗമാരകാലദിനത്തിലെന്റെ

മാനസമുറ്റമടിച്ചു തൂത്തു

സ്നേഹമണിച്ചെടി നട്ടുവച്ചു

ലാളന നല്കി വളർത്തി മെല്ലേ.


പൂച്ചെടി മെല്ലെ വളർന്നുവന്നു

പൂമരമായി നിവർന്നുനിന്നു

പൂത്തു, തളിർത്തു, ചിരിച്ചുനിന്നു

കാറ്റിലിളകി രസിച്ചുനിന്നു.


പൂമരമാകെ തളിർത്തുലഞ്ഞു

ഒത്തിരിയൊത്തിരി പൂമൊട്ടുകൾ

ശാഖകളിൽ തലപൊക്കി നിത്യം

പുഞ്ചിരിയോടെ കൈകൂപ്പിനിന്നു.


പൂത്ത മലർകളിലൊന്നുമാത്രം

സുന്ദരിയായിയെനിക്കു തോന്നി.

തൊട്ടുതലോടി രസിച്ചു നില്ക്കേ,

കണ്ണുതുറന്നവളെന്നെ നോക്കി.


തെല്ലനുരാഗസുഖം പകർന്നു

ചന്ദനഗന്ധിയവൾ ചിരിച്ചു.

ആ ചിരിയെൻ ഹൃദയത്തിനുള്ളിൽ

നിത്യസുഖം പകരാൻ തുടങ്ങി.


നാളുകൊഴിഞ്ഞതിനൊപ്പമായി

മറ്റു മലർകൾ പൊഴിഞ്ഞു വീണു.

പിന്നൊരു പൂവു വരാൻ തടുത്തു

പൂമരശാഖയൊഴിഞ്ഞുനിന്നു.


അന്നൊരു നാളിലിതൾ തഴുകി

നിന്നൊരു നേരമവൾ മറഞ്ഞു

എന്നനുവദമതൊന്നുപോലും

കേൾക്കുവതിന്നവൾ നിന്നതില്ല.


എൻ ഹൃദയത്തിലെ വാതിൽ മെല്ലേ

തള്ളിയവൾ കളിയായ് കടന്നു

ഹൃത്തിലെ വാതിലടച്ചു ചാവി

ഇക്കിളികൂട്ടിയെനിക്കു നല്കി.


രാത്രിയിലെന്നെയുറക്കിടാതെ

നിത്യനിശാസുഖമായിയെന്റെ

ചാരെയിരുന്നു കഥ മനഞ്ഞു

പുഞ്ചിരിതൂകിയവൾ മൊഴിഞ്ഞു.


എൻ ഹൃദി പൂട്ടി, കൊടുത്തു ചാവി

കള്ളിയവൾ കരം നീട്ടി വാങ്ങി.

അന്നുമുതൽക്കവളെന്നുമെന്റെ

മാനസസുന്ദരറാണിതന്നെ.


മംഗളമായൊരു താലികെട്ടി,

സീമന്തരേഖയിൽ പൊട്ടുതൊട്ടു.

ഞാൻ തൊടുവിച്ചൊരു കുങ്കുമത്തിൽ

മിന്നിമിനുങ്ങിയവൾ തുടുത്തു.


ഇത്തിരി നേരമവൾ പിരിഞ്ഞാൽ

താങ്ങുവതില്ലയെനിക്കു സത്യം.

ഒട്ടി നടന്നു കുറുമ്പുകാട്ടും

കുട്ടിയവൾമാത്രമെന്റെ ലോകം.


എന്റെ പ്രിയേ, തവ മാനസത്തിൽ

നിത്യമൊളിച്ചു കളിച്ചു ഞാനും

എന്നനുരാഗമേ, നിൻ പ്രണയം

എൻ പ്രണയത്തിൻ നിറക്കൂട്ടുകൾ.


പിണ്ഡതർപ്പണം


പകുതി വെന്തോരരിയുമെള്ളും

മധുവും നെയ്യുമതിൽ കുഴച്ചു

ജലകലക്കമലിനതയ്ക്കുൾ

വിതറിയെന്നാലതു തെളിഞ്ഞു.


കടലഴുക്കും പുഴയഴുക്കും

ത്വരിതമായിയകലുവാനായ്

പഴയ മീനൂട്ടു തുടരലാണീ

ശുഭദയാചാരമലിനനീക്കം.


കടകമാസം കഠിനമാസം

അധികമാരിക്കരയൊഴുക്കിൽ

വികൃതമാകും ജലധിയെല്ലാം

കടകവാവിൽ മലിനമുക്തം.


വിടപറഞ്ഞോരുടയവർക്കാം

കടമയാണെന്നറിയുമെങ്കിൽ

പുനിതമെല്ലാം മനസിചേരാൻ

മനിതരെല്ലാമനുസരിക്കും.


കരയഴുക്കിൻ തെളിമയിങ്കൽ

കരിനിറക്കാക്കകളെ വെല്ലാൻ

കരയിലാരാണിതുവരേക്കും

അവരു പിണ്ഡസുകൃതമുണ്ണും


ഇനിയകാലങ്ങളകലെയായി

പഴയപോലെ പുതുസമൂഹം

കരുതുവാനീ മൃദുലബന്ധം

ധരയിലിപ്പോൾ നിലവിലില്ലാ.


തനയരെക്കൊന്ന ജനനിയാലും

ജനകനെക്കൊന്ന തനയരാലും

ഹൃദയബന്ധം തകരുവോളം

പുതുമയല്ലേ നിലവിലിപ്പോൾ.


ജനനിയോടും ജനകനോടും

വലിയ സ്നേഹക്കുറവുകാട്ടും

അലസപുത്തൻതലമുറയ്ക്കീ

അറിവു നല്കാൻ മനസുകാട്ടാം.


ഇനിവരും നൽത്തലമുറയ്ക്കായ്

ഇവിടെ നാമിന്നറിയ വേണം

ഉലകനീതിത്തടയകറ്റാൻ

ഇനിയിതൊക്കെപ്പറയ വേണം.


പ്രപഞ്ചശാന്തത


ഉരുൾ പൊട്ടീ മലയിടിഞ്ഞും

മഴപ്പെയ്ത്തിൽ മരമടർന്നും

മണൽ വാരിപ്പുണരുമോരോ

കൊടും ക്രൂര മരണമെങ്ങും

തുടർകാഴ്ച്ചാവിനയൊരുക്കി

നടുക്കത്തിൽ മനമുടഞ്ഞും

ജനം തീരാനണുവിൻ രൂപ-

മവതരിച്ചോ ദൈവശക്തി?


പണത്തിന്മേൽ മനമൊതുക്കി

ചെകുത്താനെക്കുടിയിരുത്തി

മദിച്ചെന്നുമഹങ്കരിക്കും

മനുഷ്യർതൻ മൃഗമനസ്സിൻ

സ്വാർത്ഥമോഹച്ചിറകറുത്തു

മനുഷ്യത്വം കുടിയിരുത്താൻ

ഹൃദന്തങ്ങൾ മുഴുവനായും

നലം നന്മത്തിരി തെളിക്കാ-

നതിൽ സ്നേഹം നടനമാടാൻ,

പ്രപഞ്ചശാന്തത കൈവരിക്കാൻ.

ജഗത്തിലൈക്യം വിളയാടാ-

നൊരു മനസ്സായീ ജപം തുടങ്ങാം.


മനുഷ്യമനസ്സിന്നനീതികൾ

പൊറുത്തിടാനായിരന്നീടാം.

മനഃസാക്ഷി മടങ്ങിയെത്താൻ

മനമുരുക്കീ പ്രാർത്ഥിച്ചീടാം.


ജീവിതയാത്ര


ധരിത്രിയിൽ ജനിച്ചനാൾമുതൽക്കു നാം തുടങ്ങുമീ

വിധിച്ചതും കൊതിച്ചതും കലർന്നിടുന്ന യാത്രകൾ.

കൊഴിഞ്ഞുപോകുമെങ്കിലും ജഗത്തിലുള്ള യാത്രയെ

സുഗന്ധമുള്ള പുഷ്പമായ് നിനച്ചിടേണമേവരും.


നനുത്ത നല്ലയാശയം മനസ്സിലെത്തിയാൽ നിജം

കരുത്തിനായ് വിളിക്കണം തുണച്ചിടുന്ന ദേവനെ.

ഇടയ്ക്കു കാണുമെത്രയോ ചരാചരങ്ങളീ ഭുവി

നിറഞ്ഞു വാണിടും നമുക്കു ചുറ്റുമെത്ര സുന്ദരം.


തടസ്സമൊന്നുമെത്തിടാതെ കാത്തിടാൻ സ്തുതിക്കുകിൽ,

ജയിച്ചു നാം വിളങ്ങിടാൻ തുണച്ചിടുന്നു ദൈവവും.

പ്രപഞ്ചസത്യദൈവമേകിടുന്ന സർവ്വവും സദാ.

പ്രസാദദിവ്യജ്ഞാനമായ് സ്തുതിച്ചിടുന്നു സന്തതം.


പകച്ചു നിന്നിടാതെയും തളർന്നുപോയിടാതെയും

ചിലപ്പോഴെത്തിനോക്കിടുന്ന തോൽവിയും സഹിക്കണം.

ദിനം മുഴുത്തു നേർവരുന്ന സങ്കടങ്ങളൊക്കെയും

പഠിച്ചിടാൻ ലഭിച്ചിടുന്ന പാഠമായി കാണണം.


സ്വയം സുഖത്തിനായ് നിനച്ചു ചെയ്തിടുന്നതൊന്നുമേ

പരർക്കു ദോഷമായ് ഭവിച്ചിടാതെ നോക്കണം സദാ.

അനുഗ്രഹത്തിലെത്തിടും സുഖത്തെ നേടിടുന്നതിൽ

അഹങ്കരിച്ചിടാതെ നാം വിവേകമായ് ചരിക്കണം.




അഭിപ്രായങ്ങള്‍