ഉണ്ണിക്കവിതകൾ

ഉണ്ണിമോള്‍ക്കൊരു താരാട്ട്.


ഉണ്ണിമോളെന്‍ പൊന്നുമോളാരിരോ
ആരീരാരീ...രാരാരിരോ
ജന്മ സാഫല്യമേ നീയുറങ്ങു
ഉണ്ണി വാവേ നീയുറങ്ങു

പട്ടുനൂല്‍ കൊണ്ടൊരു തൊട്ടില്‍കെട്ടി
എന്‍ ഹൃദയം മെത്തയാക്കി
പൂമെയ്യു നോവാതതില്‍ക്കിടത്തി
താരാട്ടു ഞാന്‍ പാടുമല്ലോ

നന്മതന്‍ മേടുകള്‍ നോക്കിവേണം
നിന്‍ പാദങ്ങള്‍ നീങ്ങീടുവാന്‍
നല്ലവളായി നീ വളരേണം
സര്‍വ്വരും വാഴ്ത്തീടണം

നിന്‍നേരെ നീളുന്ന കൈകള്‍ക്കെന്നും
കരുത്തറ്റു പോയീടുവാന്‍
വേണ്ടത്ര ശക്തിയുമാര്‍ജ്ജിക്കണം
കരുത്തുള്ള പെണ്ണാകണം

നിന്മെയ്യ് കണ്ടാരും കൊതിച്ചിടെണ്ടാ
വസ്ത്രം കൊണ്ടു മറയ്ക്കേണം
നിന്മനം ന്യായങ്ങള്‍ കണ്ടീടണം
കരമതില്‍ ചേര്‍ത്തീടണം.

ഇന്നാരിരോപാടി ഞാനുറക്കാം
നാളെ നിന്‍റെ നന്മ ചൊല്ലാന്‍
മാലോകരെല്ലാരും പുകഴണം
സത്കീര്‍ത്തി പാടീടണം

നിന്‍ ജന്മ നാളിനെയമ്മയെന്നും
പുണ്യമായി കരുതട്ടെ
നിന്‍പേരിലഭിമാനമായെന്നും
അച്ഛന്‍ പാരില്‍ വാഴ്ന്നീടട്ടെ!

ഉണ്ണിവാവേ നീയുറങ്ങീടുവാന്‍
താരാട്ടു പാടാം ഞാനിന്നു
ജന്മസാഫല്യമേ നീയുറങ്ങു
ഉണ്ണീ മോളേ നീയുറങ്ങു

നല്ല സ്വപ്നം കണ്ടു നീയുറങ്ങി
ഉന്മേഷത്തോടുണര്‍ന്നീടു
നാളെനിന്‍ പാതയില്‍ നന്മചേരാന്‍
എന്നുമെന്‍റെ പ്രാര്‍ത്ഥനകള്‍



എന്റെ ഉണ്ണിമോൻ

കൊഞ്ചും മിഴിത്താരിതൾവിടർത്തി
ചാരത്തെന്നുണ്ണി കളിച്ചിടുമ്പോൾ
നാളുകളോടിക്കൊഴിഞ്ഞതെല്ലാം
ഞാനറിഞ്ഞില്ലെന്റെ കൂട്ടുകാരേ..

അമ്മമ്മയാണെടാ പൊന്നുണ്ണിയേ
എന്നെത്രചൊല്ലിക്കൊടുത്തുവെന്നോ
എന്നിട്ടുമുണ്ണീടെ നാവിൽനിന്ന്
'ഗ്രാൻമാ'യെന്നൊരുകൊഞ്ചൽമാത്രം.

'അമ്മമ്മേ'യെന്നവൻ കൊഞ്ചിടവേ,
ചെഞ്ചുണ്ടിലായിരം മുത്തമേകാൻ
ആശയുണ്ടെന്നുള്ളിലെന്നതെന്റെ
പുന്നാരമോളറിയാത്തതെന്തേ?

ഉണ്ണിയോടൊത്തു കളിച്ച നാൾകൾ
ഓർമ്മതൻ താളിൽ കുറിച്ചുവച്ചു.
നെഞ്ചിലെ വിങ്ങലൊളിച്ചുവച്ചെൻ
ഉണ്ണിമോനൊപ്പം ചിരിച്ചു ഞാനും.

കണ്ണുനീർ വീണെൻ കവിൾ നനഞ്ഞാൽ,
ഡോണ്ട്ക്രൈ, ബിഹാപ്പിയെന്നു ചൊല്ലി
ഉണ്ണിമോനെങ്ങാൻ കരഞ്ഞു പോയാൽ,
പിന്നെയെൻനെഞ്ചു പൊടിഞ്ഞുപോകും.

എത്രനാൾ കാക്കണം ഞാനിനിയെൻ
ഉണ്ണിയെ മാറോടണച്ചിടുവാൻ?
വീഡിയോക്യാമറകൊണ്ടു ഞാനെൻ
ഉണ്ണിയെ കൊഞ്ചിക്കളിപ്പിച്ചിടാം.

മുത്തശ്ശിയന്നെത്ര വേദനയാൽ
ഉണ്ണീ, നിന്നമ്മയെയൊന്നു കാണാൻ
വീഥിക്കണ്ണോടെയിരുന്നനാൾകൾ
ഓർമ്മയിൽവന്നൊരു നോവുനല്കി.

അന്നു ഞാൻ ചെയ്തൊരു പാപകർമ്മം
ഇന്നിതായെന്നെയും തേടിവന്നു.
മുത്തശ്ശിയ്ക്കായിട്ടു കുത്തിവച്ചാ
പാളയിൽ കഞ്ഞി ഞാൻ മോന്തിടട്ടെ.!!


ഉണ്ണിക്കായൊരു കവിത

എന്നു വരും ഉണ്ണീ എന്നു വരും
ഇനിയെന്നുവരുമെന്റെ കണ്‍മുന്നില്‍
നെഞ്ചകംമലര്‍ക്കെ തുറന്നുവച്ചെന്‍
സാഫല്യമേ നിന്നെ കാത്തിരിപ്പൂ

കാച്ചെണ്ണതേച്ചു കുളിപ്പിച്ചീടാംനിന്റെ

കരിമിഴിരണ്ടിലും അഞ്ജനമെഴുതാം
ഓമനനെറ്റിയില്‍ ഗോപിയുംചാര്‍ത്താം
നിന്നെ മടിയിലിരുത്തി ഓമനിക്കാം

കുണ്ഡലവും വളമോതിരവും

കണ്ഠത്തില്‍ മണിമാല കാല്‍ത്തളയും
അരയില്‍ മണിയരഞ്ഞാണവും നല്ല
തങ്കത്തില്‍ത്തീര്‍ത്തു ഞാന്‍ചാര്‍ത്തീടാം

മുറ്റത്തെ മഴവെള്ളക്കെട്ടിലെന്നുണ്ണി

തുള്ളിക്കളിക്കാന്‍ നീയോടി വായോ
കൊഞ്ചല്‍തുളുമ്പുമാ കവിളിണയില്‍
തഴുകിത്തലോടാന്‍ തിടുക്കമായി

കാച്ചിക്കുറുക്കിയ നറുംപാലെടുത്ത്

ഒറചേര്‍ത്തു കട്ടത്തൈരാക്കിവെണ്ണ
കടഞ്ഞെടുത്തുറിയില്‍കരുതിവയ്ക്കാം
ഓടിവായോ ഉണ്ണീ കട്ടുതിന്നാന്‍

കൂട്ടരുമൊത്ത് കളിച്ചുരസിക്കാനായ്

തൊടിയില്‍ ഞാനൊരു കൊന്നനടാം
ആലിലവയറുമായ് ചാടിത്തുള്ളാന്‍
ആല്‍മരവും ഞാന്‍ നട്ടുവയ്ക്കാം

ഉണ്ണിക്കൈരണ്ടിലും വെണ്ണനല്കാം

ഉണ്ണിക്കവിളില്‍ പൊന്നുമ്മനല്കാം
ഉണ്ണിക്കാതിനു പീയൂഷമായ് നല്ല
ഉണ്ണിക്കഥകളും ചൊല്ലിത്തരാം

പാറിനടന്നുനീ ക്ഷീണിതനായാല്‍

പാല്‍പ്പായസം തന്നെ നല്‍കീടാം
പാല്‍ചോറുണ്ടുനീ മയങ്ങുന്നനേരം
മധുരമായ്താരാട്ടു പാടിയുറക്കാം

അഞ്ജനമെഴുതിയ കണ്ണുകളോടെ

ചെഞ്ചുണ്ടില്‍ കള്ളപ്പുഞ്ചിരിയോടെ
കാല്‍ത്തളകിലുക്കിയ പാദങ്ങളോടെ
ആ പവിഴാധരങ്ങളില്‍ മുരളിയോടെ

ഉണ്ണിപ്പാദത്താല്‍ പിച്ചവയ്ക്കാന്‍
അധരത്തില്‍മധുരക്കൊഞ്ചലുമായ്
ഓടിവാ ഉണ്ണീയെന്‍ കണ്‍മുന്നില്‍
കണ്‍‍കുളിര്‍ക്കെയൊന്നു കാണട്ടെ !

അഭിപ്രായങ്ങള്‍