നരജന്മം

നരജന്മമൊരഞ്ചറിവുള്ള വരം
പ്രഥമസ്തുതിയൊന്നതിനേകിടണം
ദിനജീവിതമിപ്രകൃതിക്കു ധനം
ഇഹസത്യമതുള്ളമറിഞ്ഞിടണം.

ഉലകത്തിനു വത്സലരായ് വളരാന്‍
ധരതന്നിലെ ബാലകരാം ജനനം.
നിറമുള്ള കിനാവു വിരുന്നുവരും
മധുരപ്പതിനേഴിനു തേന്‍ചുവകള്‍.
.
വളരുന്നൊരു തായ്മടി,തന്തമനം.
ഗുണമേന്മയൊടോര്‍ത്തു നടന്നിടുകില്‍
സുഖമേകിടുമക്ഷിനിയന്ത്രിതരായ്
നിറയൌവ്വനവും ചെറുസ്വര്‍ഗ്ഗസുഖം.

ചപലപ്രിയചിന്തയൊതുക്കിയതില്‍
തളരാതെ കരുത്തുകളേകിടുകില്‍
പ്രണയം നുകരാന്‍ പ്രിയരെത്തിടുമാ
പുതുജീവിതകാലമതാണു വരം .

ദിനനന്മകളാലെ മനം കുളിരാന്‍
വരമായി ലഭിച്ചൊരു ബന്ധുജനം.
സ്വജനത്തിനെയെന്നതുപോല്‍ മനതില്‍
കരുതിപ്പെരുമാറുകിലോ സുഖദം

മണമുള്ള മലര്‍ വിരിയും തൊടിപോല്‍
ഗുണമുള്ളൊരു മാനസമായിടണം
കരുണക്കരമോടെ നടന്നിടുവാ-
നുയരങ്ങളിലര്‍ക്കനുദാഹരണം!

ഹൃദിയില്‍ പരിപാവനസ്നേഹവുമായ്‌
മധുരം കിനിയും മൃദുവാക്കുകളാല്‍
മനധര്‍മ്മഭവസ്മരണയ്ക്കുതകി
നിറവായ്‌ നിറമേകി മറഞ്ഞിടണം.

വെറുതെയൊരു ശത്രു വളര്‍ന്നുവരും
വിനയാകുമഹന്തയഹംനിറയാന്‍
അനുവാദമതൊന്നു തടഞ്ഞിടുകില്‍
നരജന്മമതും വരദാനമതേ!

അഭിപ്രായങ്ങള്‍