ഭഗവത്കൃപ

വിടപറയും വിധിവരുവോളം
ഹൃദികമലച്ചിരികളുമായി
ദിനമരികത്തണയും നിന്റെ
നിഴൽപോലെ തുടരാൻ മോഹം.
സ്നേഹപ്പൂഞ്ചിറകുവിരിച്ചെ-
ന്നരികിൽ നീ സതതം വന്നാൽ,
മനതിൽ ഞാൻ കനവുംകണ്ടു
ഇനിയും നിൻകൂടെ നടക്കാം.
മൃദുലേ നിൻചാരുത കാൺകേ,
ദിനവും നിൻസ്പന്ദനമായി
ഈയിടെയായ് ഞാനണയുമ്പോൾ
മധുകണമല്ലെന്നുടെ ലക്ഷ്യം.
ഒരു ചരടിൽ കോർത്തിണയാക്കി
ഇരുമനസ്സിൻസ്നേഹകണങ്ങൾ
പകരുന്നതിനായി ജഗത്തിൽ
തിരുമനമായ് ചേർത്തിതു ദൈവം
ഉലകിൽ ഞാൻ ബഹുമതിയോടെ
തവമനമോടൊട്ടിനടക്കേ,
വരുമൊരുനാൾ പ്രാണനടർത്താൻ
യമരാജൻ ദൈവികദൂതൻ.
അതുവരെ നാം മാനസവീര്യം
കളയാതെയേകമനസ്സായ്
ഭുവിയതിലെ സുഖദുഃഖങ്ങൾ
ഭഗവത്കൃപയായി രുചിക്കാം.

അഭിപ്രായങ്ങള്‍