ജീവജലം!

ജലമതെന്നുമൊരമൃതമാകും
ജനനിയാണീ ഭൂമിയില്‍.
വസുധയിങ്ങനെ വരളുമെങ്കില്‍,
ഇവിടെ ജീവന്‍ വാഴുമോ?
സകലരും ജലസുഖവരത്താല്‍
ധരയിലെന്നും വാഴുവാന്‍
ജലധിയാല്‍, പുഴ,യരുവിയാലും
കുളവു, മാഴി, കായലാല്‍
ഭുവിയിതിങ്ങനെ ജലസമൃദ്ധം
അതിനെയെന്നും കാക്കണം.
മലിനമാക്കിയിവിടെയെങ്ങും
ജനസമൂഹസ്വാര്‍ത്ഥത.
അരുണകോപമതധികമായി-
ട്ടരികെ വന്നാല്‍ പൊള്ളിടും
അറിവുകള്‍ക്കൊരു കുറവുമില്ല
അലസചിത്തച്ചെയ്തിയാല്‍,
സുഖദജീവിതമനുഭവിക്കും
വിധി തടുക്കും മാനവര്‍
ചിലരിതെന്നുമിവിടെ വിതയ്ക്കും
ചപല ദ്രോഹക്കൊയ്ത്തിനാല്‍
പറവകള്‍, മൃഗ, പുഴുതരങ്ങള്‍,
കുടിജലത്തിന്‍ ക്ഷാമമായ്
അരുമജീവിതമുരുകിവീഴും
കൊടുമയാകും കാഴ്ചകള്‍
പലതുമിങ്ങനെയനുഭവത്തില്‍
വരുവതുണ്ടീഭൂമിയില്‍.
വസുധയില്‍ ജലയുറവയെത്താന്‍
കരുതലോടേ വാഴണം.
അതിനുവേണ്ടി മനിതമനസ്സില്‍
ഉയരണം നിസ്വാര്‍ത്ഥത.
ധരണിയില്‍ സുരസുഖസുഷുപ്തം
നലമൊടെന്നും വാഴുവാന്
ഉണരണം നവ മൃദുലചിന്ത
സകല ചിത്തത്തിങ്കലും.

അഭിപ്രായങ്ങള്‍