നന്മ (കാവ്യസമാഹാരങ്ങള്‍)

നന്മ(കവിതാസമാഹാരം)

നെടിയൂട്ടം ദേവി കെ പിള്ള



നമസ്‌കാരം !


വരദേ! വാണീ! നിന്‍ തുണയാലെ
വരണേ കാവ്യം സുന്ദരമായ്
ദിനവും വന്നെന്‍ കനവുകളെല്ലാം
നിറവേറീടാന്‍ കാത്തിടണേ !


ആമുഖം


ഒരുപാടു വര്‍ഷങ്ങള്‍ക്കുമുമ്പ് പരിചയപ്പെട്ടതാണ് ഞന്‍ ദേവിയെ. 
എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ സ്വദേശിയായ നെടിയൂട്ടം ദേവി കെ പിള്ളയ്ക്ക് ചിത്രരചനയോടൊപ്പം കവിതയിലും താല്‍പര്യം ഉണ്ട്. ഭര്‍ത്താവ് പി എ കെ പിള്ള വിമുക്തഭടന്‍. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരായ മക്കള്‍ സംഗീതയും സന്തോഷും കുടുംബസമേതം അവരവരുടെ തട്ടകങ്ങളില്‍ താമസം. ജോലിയില്‍നിന്നു വിരമിച്ച്, ദൈനംദിന കുടുംബകര്‍ത്തവ്യങ്ങളില്‍ കൈത്താങ്ങായി
ക്കൊണ്ട് നല്ലപാതിയുടെ കടന്നുവരവും, മക്കളുടെ ഉദ്യോഗലബ്ധിയും സമ്മാനിച്ച സമയലബ്ധിയാണ് ദേവിക്ക് എഴുത്തിന്റെ ലോകത്തേയ്ക്ക് പ്രവേശിക്കാനുള്ള വഴിയൊരുക്കിയത്. അതേവരെയും, സാമൂഹ്യമായ കാര്യങ്ങളിലൊന്നും കാര്യമായ ശ്രദ്ധ പതിപ്പിക്കാതെ, കുടുംബഭദ്രതയെക്കുറിച്ചുമാത്രം ആകുലപ്പെട്ടു കഴിയുകയായിരുന്നു. ഇന്ന് സാമൂഹ്യജീവിയായി ബാക്കിയുള്ള ജീവിതം കഴിച്ചുകൂട്ടുവാനുള്ള പരിശ്രമത്തിലാണ്. ശക്തമായ വായനയോ സാഹിത്യപശ്ചാത്തലമോ ഇല്ലാതിരുന്നിട്ടും ചുറ്റുപാടുകള്‍ സമ്മാനിക്കുന്ന നോവുകളെയും നീറ്റലുകളെയും ആഹ്ലാദങ്ങളെയും അവ സമ്മാനിക്കുന്ന ആശയങ്ങളെയും ചിന്തകളെയുമെല്ലാം വൃത്താലങ്കാരാത്മകമല്ലാതെ ചെറിയൊരു താളബോധത്തോടെ കുറിച്ചിടുമായിരുന്നു. സ്‌നേഹത്തിലധിഷ്ഠിതമായ മനുഷ്യത്വത്തിന്റെ വക്താക്കളെയാണ് ഇഷ്ടപ്പെടുന്നത്. ശുഭാപ്തിവിശ്വാസവും നന്മയും വേണ്ടുവോളം കൈമുതലായുണ്ട്. സുഖദുഃഖങ്ങളെല്ലാം നമ്മെ കൂടുതല്‍ ഊര്‍ജ്ജ്വസ്വലരാക്കുവാനുള്ള ഭഗവദ്പ്രസാദമായി കരുതിയാല്‍ വിജയം നമ്മോടൊപ്പം എപ്പോഴുമുണ്ടാകുമെന്നും മുന്നോട്ടുള്ള ഓരോ ചലനങ്ങളിലും നന്മകള്‍ കണ്ടെത്തി സ്വായത്തമാക്കുകയെന്നതാവണം ഓരോരുത്തരുടെയും ജീവിതലക്ഷ്യമെന്നും ഉള്ള വിശാലമനസ്സിന്റെ ഉടമയാണ് ദേവി. ഒരു പട്ടാളക്കാരന്റെ ഭാര്യയായതിനാല്‍, ഭാരതത്തിനകത്ത് വിവിധ സ്ഥലങ്ങളില്‍ കറങ്ങാനും താമസിക്കുവാനുമുണ്ടായ സാഹചര്യങ്ങളിലൂടെ ജനഹൃദയങ്ങളെയും അവസ്ഥകളെയും തൊട്ടറിയാനുള്ള ഭാഗ്യം സിദ്ധിക്കുകയും അവയെ അടിസ്ഥാനമാക്കിയുള്ള രചനകള്‍ ലേഖനങ്ങളായും കവിതകളായും ഓര്‍മക്കുറിപ്പുകളായും വെളിച്ചപ്പെടുത്തുവാന്‍സാധിക്കുകയും ചെയ്തിട്ടുണ്ട്. ചെറിയ പ്രായത്തില്‍ത്തന്നെ കേരളം വിട്ടു ജീവിക്കേണ്ടിവന്നതുകാരണം മലയാളത്തിനെയും എഴുത്തിനെയും ഒരുപാടു സ്‌നേഹിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കാനാകുന്നത്. ദേവിയുടെ വിരിയുന്ന പുഞ്ചിരി എന്ന കവിതയാണ് ആദ്യമായി സഹകാര്യം മാസികയിലൂടെ അച്ചടിമഷിപുരണ്ടത്. പിന്നീട് ഓണം സ്മൃതികള്‍ എന്ന ലേഖനവും ഓണക്കാലം എന്ന കവിതയും സഹകാര്യം എന്ന മാസികയിലൂടെ അച്ചടിമഷിപുരണ്ടിട്ടുണ്ട്. ദേവിയുടെ ജൂണ്‍സ്മരണ, അമ്മക്കിളി, വിരഹം, പ്രണയം, മനസ്സ്, എന്നീ കവിതകള്‍ കൊ-ഓപ്പറെറ്റീവ് ഔട്ട് ലുക്കിന്റെ 'തുടിപ്പുകള്‍' എന്ന കവിതാസമാഹാരംവഴി വെളിച്ചം കണ്ടിട്ടുണ്ട്. കൂടാതെ ദേവിയുടെ 'അമ്മ' എന്ന മറ്റൊരു കവിത 'താളിയോല' കവിതാസമാഹാരത്തിലൂടെയും മാതാവാകുന്ന 'സ്ത്രീത്വത്തിന് പൂര്‍ണതയേകുന്നത് പിതാവിന്റെ പുരുഷത്വം' എന്ന ഒരു ലേഖനം രാഷ്ട്രഭൂമിയിലൂടെയും 'വീണ്ടുമൊരോണം' എന്ന ഒരു കവിത 'സാഹിത്യശ്രീ' എന്ന മാസികയിലൂടെയും വെളിച്ചം കണ്ടു. മാത്രമല്ല, ഓണ്‍ലൈന്‍ പെണ്ണെഴുത്തുകാരില്‍ ഒരാളായി അറിയപ്പെടുന്നു ഇന്ന് ദേവി കെ പിള്ള. 


ധാരാളം കവിതകള്‍ എഴുതിയിട്ടുണ്ട്. ഏറെക്കുറേ എല്ലാംതന്നെ ഞാന്‍ വായിച്ചിട്ടുമുണ്ട്. സമൂഹനന്മയെ മുന്‍നിറുത്തിയുള്ള നല്ല നല്ല രചനകള്‍ ഈ എഴുത്തുകാരിയില്‍നിന്ന് ഇനിയും പ്രതീക്ഷിക്കാം. ഇപ്പോള്‍ നൂറില്‍പ്പരം കവിതകള്‍ രണ്ടു പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുവാനുള്ള ഈ ശ്രമം അഭിനന്ദനമര്‍ഹിക്കുന്നു. ഈ സംരംഭത്തിന് എന്റെ അകമഴിഞ്ഞ ആശംസകള്‍. !……………… 


സ്‌നേഹപൂര്‍വം 
നളിനകുമാരിവിശ്വനാഥ്.


ആസ്വാദന /ആശംസാക്കുറിപ്പ്




മലയാളത്തിലെ അമ്പത്തൊന്നക്ഷരങ്ങലെപ്പോലെ, ദേവി കെ പിള്ളയുടെ അമ്പത്തൊന്നു രചനകള്‍വീതം രണ്ടു ബുക്കുകള്‍. ഓരോ രചനയും സോദ്ദേശ്യപരമായോ ആശയപരമായോ മികവു പുലര്‍ത്തുന്നുണ്ടെന്ന കാര്യത്തില്‍ സംശയമേയില്ല.

ആത്മധൈര്യവും തിരിച്ചറിവും പോലുള്ള രചനകള്‍ ചിന്തിക്കുന്നവരെ ചിന്താശീലരാക്കുവാനും പര്യാപ്തമാണ്.

പറയാനൊരുപാടുണ്ടെങ്കിലും എന്നെ മോഹിപ്പിച്ച സുപ്രഭാതം എന്ന രചനയെക്കുറിച്ച് രണ്ടുവാക്കു പറഞ്ഞ് വിടകൊള്ളട്ടെ ഞാന്‍.

അതിമനോഹരമായ അവതരണം, സഹജമായ കല്പന, പ്രകൃതിയോടുള്ള പ്രണയം ഇതെല്ലാമാണ് ആ രചനയില്‍ ഞാന്‍ വായിച്ചത്.

പണ്ട് അമ്പാടിയില്‍ കൊച്ചുകണ്ണനെ തൊട്ടിലാട്ടിയുറക്കി യശോദ പുറത്തുവന്നപ്പോള്‍ അത്യന്തസുന്ദരമായ ആ പ്രകൃതിഭംഗിയില്‍ ലയിച്ചങ്ങു നിന്നുപോയത്രേ. പാടുന്ന കിളികളോടും ആടുന്ന മയിലുകളോടും കണ്ണനെയുണര്‍ത്തരുതെന്ന് പറയാന്‍മറന്ന അവര്‍ പെയ്യുന്ന മഴയോടും വീശുന്ന കാറ്റിനോടും കിന്നാരം ചൊല്ലിയങ്ങിരുന്നുപോയി. അന്നേരമതാ ഉറക്കംവിട്ട് കണ്ണനുണ്ണിയുണരുന്നു. അപ്പോളാണ് തന്റെ പണികളൊന്നും നടന്നില്ലല്ലോ എന്നാകുലപ്പെട്ടുപോയത്. അതുമവര്‍ക്കു മറ്റൊരനുഭൂതിയായി.

ആ സന്ദര്‍ഭമൊക്കെ ഇവിടെ ഓര്‍ത്തുപോയി ഞാന്‍. ആ വിശ്വപ്രകൃതിയില്‍ ഒരുനിമിഷം ലയിച്ചുപോകത്ത നരജന്മങ്ങളുണ്ടോ ?

ഇനിയും നിരവധി അക്ഷരഹാരങ്ങള്‍ എന്റെ പ്രിയപ്പെട്ട ചേച്ചിയമ്മയ്ക്ക് കോര്‍ക്കാന്‍ സാധിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ,

ശുഭകാമനകളേടെ,
വിജു നമ്പ്യാര്‍.

സമര്‍പ്പണം

വന്ദ്യമാതാപിതാക്കള്‍ക്കും, ഗുരുക്കന്മാര്‍ക്കും
കുടുംബാംഗങ്ങള്‍ക്കും അക്ഷരസ്‌നേഹികളായ
സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും മുമ്പാകെ
വിനയപൂര്‍വ്വം സമര്‍പ്പിക്കുന്നു.


ഒരുമയുണരണം മനമൊക്കെയും
അകമെ നിറയണം ഭയഭക്തിയും
കരുണ കരുതണം കരമൊക്കെയും
ചിരിയില്‍ വിരിയണം ദിനമൊക്കെയും


വാണിസ്തുതി


സത്യമായി, സ്‌നേഹമായി,
ശക്തിയായി വാണീമാതേ,
നിത്യമെന്നില്‍ നിറഞ്ഞു നീ
കനിഞ്ഞിടേണം.

അര്‍ത്ഥസംപുഷ്ടങ്ങളാകും
പദസമൂഹങ്ങളായി
ജ്ഞാനേശ്വരിയകക്കാമ്പില്‍
നിറഞ്ഞിടേണം.

കാവ്യമാതേ, സരസ്വതീ-
ദേവി നീയെന്‍ മാനസത്തില്‍
സപ്തസ്വരലയമായി
വിളങ്ങിടേണം.

കൈകള്‍ രണ്ടും കൂപ്പി നിന്നെ
ഭക്തിയോടെ കുമ്പിടുന്നേന്‍
വന്നിടേണം മൂകാംബികേ,
അനുഹ്രഹമായ്.

പുലരി

പുലരിയില്‍ പുഞ്ചിരി തൂകി നിന്നീടുന്ന
മലരുകള്‍ക്കെന്തെന്തുത്സാഹമെന്നും
ദിനകരന്‍ വന്നാലെന്‍ മാനസമെപ്പൊഴും
മലരുമിപ്പൂക്കള്‍പോലാനന്ദിക്കും.

കലപിലശബ്ദത്താലെന്നെയുണര്‍ത്തുന്ന
കിളികള്‍തന്നാരവം കേള്‍പ്പതുണ്ടോ
മധുരമായ് പാടുന്ന കുയിലിന്റെയൊച്ച ഞാ-
നനുകരിച്ചീടുമ്പോഴെന്തു ചന്തം.

മണിമുകില്‍ മാനത്തു ചന്തമായ് കോറിടും
വരകളെക്കാണുവാനുണ്ടു ചന്തം
തിലകസിന്ദൂരമായ് വാനില്‍ തെളിഞ്ഞിതാ
ദിനകരനാം വിശ്വചിത്രകാരന്‍.

അഭിരുചിക്കൊത്തപോലഴകുള്ള തോട്ടവും
തൊടിയിലെ പൂക്കള്‍തന്‍ സൗരഭ്യവും
അലസമായ് തേന്‍ നുകര്‍ന്നീടുന്ന ഭ്രമരവും
അകമേയെന്‍ ഭാവനയ്ക്കുണര്‍വു നല്കും.
23/03/2013

ബാല്യകാലം

ഓര്‍മകളില്‍ നിറമേകും കുട്ടിക്കാലം
തിരികെ വരാത്തൊരാ വര്‍്ണകാലം
സ്മരണയില്‍മാത്രമൊതുങ്ങും കാലം
മധുരം കിനിയുമാ ബാല്യകാലം.

മുറ്റത്തെ ചക്കരമാവിന്‍കൊമ്പില്‍
കളിയൂഞ്ഞാലാടി രസിച്ചകാലം
ഇല്ലിമരത്തിന്റെ തുഞ്ചാനക്കൊമ്പില
കാല്‍വിരല്‍ത്തുമ്പിനാല്‍ തൊട്ടകാലം 

പച്ചോലപ്പന്തു മെടഞ്ഞുകളിച്ചതും
തെങ്ങോലപ്പാമ്പിനെ കണ്ടുപേടിച്ചതും
ഉമ്മറ മുറ്റത്തെ വരിക്കപ്ലാംചോട്ടില്‍
മണ്ണപ്പം ചുട്ടു വിളമ്പിക്കളിച്ചതും 

അനിയത്തിമാരും കൂട്ടരുമൊത്തന്നു
കണ്ണാരംപൊത്തിക്കളിച്ചതുമെല്ലാം
മറക്കില്ലൊരിക്കലും വീട്ടുതൊടിയിലെ
പുളിമരച്ചോടുമാ ചങ്ങാതിമാരെയും.

എന്നും തൃസന്ധ്യയക്കു തുളസിത്തറയില്‍
കൈത്തിരിവച്ചു, നാമം ജപിച്ചു,
അത്താഴമുണ്ണാനായുറക്കച്ചടവോടെ-
ന്റച്ഛനെയും കാത്തങ്ങിരുന്ന കാലം. 

പിച്ചനടന്നൊരാ മുറ്റം നിനച്ചാല്‍
പഴമ തുളുമ്പുമാ തറവാടോര്‍ത്താല്‍.

സ്മരണതന്‍ കുടക്കീഴിലൊരിക്കല്‍ക്കൂടെ
ആ തളിര്‍ബാല്യത്തിലെത്താന്‍ കൊതിക്കും.


മാതൃസ്മരണ


ആനന്ദബാല്യത്തെ നല്കിയെന്നമ്മതന്‍
സ്‌നേഹത്തിന്നാരാമഭംഗിയിന്നോര്‍മകള്‍
ചിത്തത്തിലെപ്പൊഴുമായിരം പൂവുക-
ളൊന്നായ് വിടര്‍ന്നങ്ങു ഹര്‍ഷമായ് നിന്നിടും. 

തായിന്റെ സ്‌നേഹത്തിന്നീടായി ഭൂമിയില്‍
മറ്റൊന്നും കണ്ടില്ലയീ ജന്മവീഥിയില്‍.
വാനോളമുള്ളോരു കായിതം പറ്റുമോ
മാതാവിലുള്ളതാം മേന്മകള്‍ കോറിടാന്‍. 

കാഠിന്യമുള്ളോരു പാറയായ്‌ത്തോന്നിടും
പെട്ടന്നു കാര്‍മേഘമായിടും, ചാറിടും
അപ്പപ്പൊഴായുള്ള നേരമാ മാനസം
മഞ്ഞിന്‍കണങ്ങള്‍ക്കു തുല്യമായ്മാറിടും. 

കത്തിച്ചുവച്ചുള്ള ചന്ദനത്തണ്ടുപോല്‍
ചാരമായ് പോകുന്ന നേരമാ രൂപവും
ചുറ്റും പരത്തുവാന്‍ പാഠം പഠിപ്പിച്ചും
സൗരഭം വീശുന്നു, പാരിലായ് നിത്യവും
 
ഇന്നെന്റെയീ നല്ല ജീവിതം മൊത്തവും
തായിന്‍ കരുത്താം പ്രചോദനം തന്‍ഫലം
ഇല്ലല്ലൊയിന്നീ ധരിത്രിയി'ലോര്‍ക്കവേ
എന്‍ മനോവേദന ചൊല്ലാവതല്ലല്ലൊ

ജന്മങ്ങളെത്രയ്ക്കിനീം ലഭിച്ചീടുകില്‍
അമ്മതന്നുദരേ ജനിക്കുമാറാകണം.
സല്‍പുത്രനായ് നിന്നു പാലനംചെയ്യുവാന്‍
ബ്രഹ്മാവുമൊന്നങ്ങനുഗ്രഹിച്ചീടണം.


പിതൃസ്മരണ


പാരിതിലേയ്ക്കു ഞാന്‍ ജാതയായ
നാളൊരു ശുഭദിനമായിക്കണ്ടെന്‍
കുഞ്ഞിളം കവിളില്‍ പൊന്നുമ്മനല്കി
നെഞ്ചിലേറ്റി ജന്മം ധന്യമാക്കി.

ആദ്യമായ് ചൂണ്ടുവിരലെനിക്കേകി-
യെന്‍ കുഞ്ഞുപാദങ്ങള്‍ തറയിലൂന്നി
പിച്ചവയ്ക്കാനന്നു തുണയായി
പിഞ്ചുമനസ്സിനു ധൈര്യമേകി. 

വേണ്ടുന്നതൊക്കെയും വാങ്ങിനല്കി
മോഹമുകുളങ്ങള്‍ വാടാതെ നോക്കി
കൊഞ്ചിപ്പറഞ്ഞും കൂടെക്കളിച്ചു-
മെന്‍ ബാല്യം വാത്സല്യഭരിതമാക്കി.

നെഞ്ചിലായിരം കിനാവു കണ്ടെന്‍
നാവിലാദ്യമായ് ഹരിശ്രീ കുറിപ്പിച്ചു
മുന്നിലെന്‍ നന്മയെമാത്രം കണ്ടു
ശാസിച്ചും ശിക്ഷിച്ചുമന്നു വളര്‍ത്തി.
 
പ്രായചാപല്യങ്ങളൊന്നുമെന്നെ
തീണ്ടിയശുദ്ധമൊന്നാക്കിടാതെ
കണ്ണുകള്‍, കാതുകള്‍ കൂര്‍പ്പിച്ചുവച്ചെന്‍
കൗമാരം ഭദ്രമായ് സൂക്ഷിച്ചു.

ആവതില്ലാ തെല്ലും കാവലേകാന്‍
നീണ്ടനാളെന്നോതാതെയോതി
നന്മപ്രതീകത്തെ തേടിയേല്പിച്ചെന്നെ
മനസ്സാലെയനുഗ്രഹം നല്കിയെന്നും.

നാട്ടാര്‍തന്‍ വാക്കുകള്‍ കേട്ടൊരുനാള്‍
കൂട്ടീട്ടുപോകുവാന്‍ വന്നു ചാരെ
വീടിന്റെ നന്മയെന്നകമേ കണ്ടു
കൂടെ വരില്ലെന്നു ഞാനുമോതി.
 
ശിരസ്സീന്നു കൈയും വലിച്ചെടുത്തു
മെല്ലത്തിരിഞ്ഞാ പാദം ചലിപ്പിച്ച-
കലുന്ന കാഴ്ചതന്‍ സ്മരണയന്നേ
തങ്ങിയെന്‍ നെഞ്ചിതില്‍ വിങ്ങലായി

നിന്നെയോര്‍ക്കാത്ത വിഭാതങ്ങളെ-
ന്നായുസ്സിലൊരുപോതുമില്ലയച്ഛാ..
ഇന്നെന്ന വിട്ടു നീ ബഹുദൂരം പോയി
ഇനിയെന്നു ഞാന്‍ നിന്നരികെയെത്തും..?

നെഞ്ചകത്തിന്നൊരു വിണ്ടുകീറല്‍
ഉണ്ടെന്റെയ്ച്ഛനെ കാണാത്തതില്‍
നിന്നഭാവത്തിലാ തറവാടു ശൂന്യം
എങ്ങുമനാഥത്വം പേറിനില്പൂ.

ഒന്നായലിഞ്ഞിട്ടു വിട്ടൂപോയി
ഒറ്റയക്കു ചുറ്റി മടുത്തതാലേ,
ആറാം തിഥിനാളില്‍ത്തന്നെയെത്തി-
യെന്നമ്മയേയങ്ങു നീ കൂട്ടിപ്പോയോ ?

വാനിലെന്നമ്മയോടുത്തു കാണും
മാഞ്ഞു, മറഞ്ഞൊരു താരകമേ,
അര്‍പ്പിച്ചിടട്ടെ ഞാനശ്രുപൂക്കള്‍;
കോടിപ്രണാമമായാത്മാക്കള്‍ക്കായ്.


സോദരീ...

ദേഹം വെടിഞ്ഞൊരു ദേഹിയാം സോദരീ
നിന്നെ കരുന്നില്‍ വഹിച്ചതേ ഗര്‍ഭപാത്രം
പിന്നെന്നെയും വഹിച്ചതാലുളവായൊരാ-
രക്തബന്ധത്തിന്നളവറ്റയാഴത്താല്‍ നിന്‍
മരണവാര്‍ത്ത കേട്ടെന്‍ ഹൃദയസ്പന്ദനം
സ്തംഭിച്ചുപോയൊട്ടേറെ നിമിഷങ്ങള്‍.

പ്രപഞ്ചസത്യമാം മരണത്തെപ്പോലും
ഞാനറിയാതെയന്നു പഴിച്ചുപോയി
സ്വയബോധം വീണ്ടെടുത്തവശേഷിച്ച
കടമയുമായി വെക്കം പുറപ്പെട്ടു സോദരീ
നീറും നെഞ്ചുമായരുകിലെത്താന്‍ വെമ്പി
നിശ്ചലമായാ ദേഹമെങ്കിലുമൊന്നു കാണാന്‍.

പ്രാണന്‍ തുടിക്കാത്തൊരാ ദേഹം കാണാന്‍
ത്രാണിയെനിക്കില്ലെന്ന സത്യമറിഞ്ഞു
വലിയോരപകടരൂപത്തില്‍ മാര്‍ഗമദ്ധ്യേ
വന്നാ സന്താപയാത്ര ദൈവം തടഞ്ഞതില്‍
തെല്ലൊരാശ്വാസമുണ്ടെനിക്കിന്നു സത്യം
അപകടദുരിതങ്ങള്‍ തുടരുന്നുവെങ്കിലും.

തിരുവായിലവസാനമായെന്നിരുകരങ്ങളാല്‍
ഒരുപിടിയരി വാരിവിതറാനായില്ലയെങ്കിലും
ജീവചൈതന്യമായെന്‍ കണ്മുന്നില്‍ നിറ-
ഗൗരവത്തോടെ നീയിന്നു തെളിയുമ്പോള്‍,
അപകടംപോലുമെനിക്കനുഗ്രഹമെന്നെ-
ന്നുള്‍മനം മന്ത്രിച്ചുപോകുന്നിതറിയാതെ.

അമ്മതന്‍ കടിഞ്ഞൂല്‍പുത്രിയാം മൂത്ത സോദരീ
നീയെന്നകതാരിലോരമ്മതന്‍ സ്ഥാനം വഹിച്ചിരുന്നു
നിനക്കു നാഥനായ് വരാതെ പോയൊരാളും
പിന്നതില്‍ പിറക്കാതെ പോയൊരുണ്ണിയും
എന്നകക്കാമ്പിലൊരുപോതും ഫലിക്കാത്ത
കനവായിമാത്രം തത്തിക്കളിക്കാറുണ്ടിന്നും. 

ശേഷിച്ച മോഹങ്ങള്‍ കോര്‍ത്തിണക്കി
ഉള്ളിന്റെയുള്ളില്‍ ഞാന്‍ കാത്തുവച്ച
എന്നഗ്രഹാരത്തിന്‍ നിലവിളക്കേ,
ഒരുനാളുമണയാതെന്‍ മുന്നില്‍ ജ്വലിക്കും
നിറശാലീനസൗന്ദര്യപ്പൊന്‍ദീപമായ് നിന്നെ
കാണുവാനാണെനിക്കേറെയിഷ്ടം.


മാതൃദിനം


തായിന്നൊരു കുഞ്ഞും കുഞ്ഞിന്നൊരു തായും
ദൈവം വരമേകും പാരില്‍ നിജപുണ്യം


കുഞ്ഞൊന്നു ജനിച്ചാല്‍ തായിന്‍ മനമെന്നും
സ്‌നേഹം ദിനമേറും നീരിന്നുറവല്ലോ.


പിന്നെന്നുമവള്‍തന്‍ നിദ്രയ്‌ക്കൊരു ഭംഗം
കുഞ്ഞിന്‍ ഗതിയോര്‍ത്താ ചിത്തം ഘനമേറും


തന്‍ മക്കളതെല്ലാം ഭൂവില്‍ മുഴുനേരം
ആപത്തുകളില്ലാതെന്നും വിഹരിക്കാന്‍


തന്‍ കുഞ്ഞിനുവേണ്ടിയെന്നേരവുമെങ്ങും
സന്തോഷമതെല്ലാം ചോദിച്ചു നടക്കും


മക്കള്‍തന്‍ നന്മകളെക്കൂടാതൊരു ചെറുചിന്ത
വന്നെത്തുകയില്ലാ ചിത്തത്തിലുമെന്നും.


ആയുസ്സിനുവേണ്ടി മണ്ടുന്നവളെന്നും
ദൈവത്തിനു നേരെ ചാവുംവരെയല്ലോ..


അമ്മതന്‍ സുഗന്ധം


വാട്ടമില്ലയൊന്നിനും സുന്ദരം മനോഹരം
തോട്ടമൊക്കെ ഭംഗിയായ് കണ്ടിടുന്നതുണ്ടിതാ
പൂക്കളൊക്കെയിങ്ങനെയുല്ലസിച്ചു കാണ്കയാ-
ലെന്‍ മനസ്സു മോദമായ് തുള്ളിടേണ്ടതല്ലയോ..?

വണ്ടുമൊന്നുവന്നുടന്‍ തേന്‍നുകര്‍ന്നുപോയിതാ
കുഞ്ഞുമഞ്ഞതുമ്പികള്‍ പാറിവന്നു ചുറ്റിലും
ഓണമായിയെന്നതെന്നോര്‍മയില്‍ വരുത്തുവാന്‍
ഓണഗാനമൊന്നിതാ മൂളിയെന്റെ കാതിലും.

അങ്കണത്തിലാകെയെന്‍ കങ്കണം കിലുക്കി ഞാന്‍
പുഞ്ചിരിച്ചു പൂക്കളോടുകൊഞ്ചിടേണ്ടതല്ലയോ
ആടിവന്നുപോയപിന്നോടിയങ്ങുവന്നിടും
ഓണമെന്നു ചൊല്ലി ഞാനൂയലാടിയില്ലയേ.

വന്നിരിക്കിനാട്ടിടാമെന്നു ചൊല്ലി മെല്ലെയെ-
ന്നമ്മതന്‍ സുഗന്ധമോ 'ടൊന്നു വീശി മാരുതന്‍
അത്രനാളുമുണ്ടതാമോണസദ്യയോര്‍മയില്‍
എന്റെയമ്മതന്മുഖം തങ്ങിനിന്നിടുന്നിതാ.


ജൂണ്‍സ്മരണ


ജൂണ്‍മാസമാരിയില്‍ കിന്നാരവും ചൊല്ലി
വെള്ളം തെറിപ്പിച്ചുമുല്ലാസമോടന്നു
വിദ്യാലയംവരെ പോകുന്ന ബാല്യവും
വിസ്മരിച്ചീടുവാനാകില്ലയാര്‍ക്കുമോ.

ചങ്ങാതിമാരുടെ തോളുരുമ്മിയെന്നും
വെള്ളിടീം മിന്നലും തെല്ലു പേടിക്കാതെ
റോഡ്‌ന്റെയോരത്തിലൂടെ കുട ചൂടി
പള്ളിക്കു പോകുന്ന കുട്ടികള്‍ കൗതുകം .

കാലവര്‍ഷത്തിന്റെയാരംഭമാകുകില്‍
പിന്നോട്ടു സഞ്ചരിച്ചീടുന്നു മാനസം
സുന്ദരക്കാഴ്ചകള്‍ കണ്ടു രസിക്കവേ
ബാല്യവും തേടിയെന്നോര്‍മ പോയീടുന്നു.

മൂത്തുനരച്ചിന്നു ദേഹമെന്നാകിലും
മായാതെമങ്ങാതെയുള്ളതാമോര്‍മക-
ളഞ്ചാറുവയസ്സിന്റെ പ്രായത്തിലെത്തീട്ടു
മയ്ല്‍പ്പീലിയും നീര്‍ത്തിയാടി നിന്നീടുന്നു.

ലാളിച്ചുതീരാത്തൊരോമനപ്പൊന്‍നിധി
സ്വപ്നമായെപ്പോഴും മുന്നിലെത്തീടുന്നു
കാലമാം മിഥ്യതന്നത്ഭുതമെന്നോണ-
മെത്തിപ്പിടിക്കുവാന്‍ സാദ്ധ്യമായീടുമോ ?

ഇല്ലില്ല കൈയെത്തുകില്ലെന്നതാണുണ്മ-
യെങ്കിലും നീട്ടുന്നു കൊതിയോടെയേവരും
ഇമ്പമോടെന്നുമേ താലോലമാട്ടുവാന്‍
കാലം വിരുന്നായി നല്കീടുമാ സ്വര്‍ഗം.
31/05/2017


സുപ്രഭാതം


തുഷാരബിന്ദുക്കളുതിര്‍ന്ന മണ്ണില്‍
വിടര്‍ന്നുനില്ക്കും പുതുപൂക്കളെല്ലാം
നിരന്നു വീശും നവഗന്ധമേല്ക്കാ-
നുയര്‍ന്നു വാനില്‍ നിലകൊണ്ടുസൂര്യന്‍

പെരുത്ത നാണത്തൊടു കൂമ്പിനിന്നാ-
നനുത്തുമിന്നും ചെറുമൊട്ടുകള്‍ക്കും
വിരിഞ്ഞിടാനുള്ളൊരുണര്‍വു നല്കി
വെളുത്തുനേര്‍ത്താ കിരണങ്ങളെല്ലാം.

വിടര്‍ന്നപൂവിന്‍ പുതുഗന്ധമെങ്ങും
പരത്തിയാകെ ശലഭങ്ങളേയും
വിളിച്ചു കാറ്റും കുളിരേകി വന്നു
പുലര്‍ന്ന നാളിന്‍ വരവോതി നീങ്ങി.

കുലച്ചുനില്ക്കും വനലക്ഷ്മിതന്നില്‍
കറുത്ത വണ്ടൊന്നു പറന്നിരുന്നു
നുകര്‍ന്ന തേനില്‍ കൊതിപൂണ്ടൊരണ്ണാന്‍
ചിലച്ചുകൊണ്ടങ്ങു കുതിച്ചുചാടി.

കുരുപ്പു കുത്തീട്ടണിമുറ്റമൊക്കെ-
യിഴഞ്ഞുനീങ്ങും പുഴുജീവനെല്ലാം
എടുത്തുതിന്നും കുരുവിക്കുരുന്നും
കറുത്ത കാക്കേം കലഹിച്ച ശബ്ദം

അകത്തുറങ്ങുന്നരുമക്കിടാവിന്‍
കുരുന്നുകാതില്‍ പതിയുന്ന നേരം
ഉണര്‍ന്നയുണ്ണിക്കു പറഞ്ഞു ഞാനും
ചിരിച്ചുകൊണ്ടിന്നൊരു സുപ്രഭാതം.


വിരിയുന്ന പുഞ്ചിരി


ചുണ്ടേലത്തിരി പുഞ്ചിരി കാണാന്‍
നെഞ്ചിന്നുള്ളിലു മൊഞ്ചതു വേണം
അഞ്ചുംനെഞ്ചു കലങ്ങണ കാണാന്‍
നെഞ്ചിന്നീറമൊരൊത്തിരി വേണം.

ക.ഷ്ടപ്പാടുകള്‍ കാണണമെങ്കില്‍
കണ്ണില്‍ കനിവിന്‍തുള്ളികള്‍ വേണം
കണ്ണീര്‍ തേവി നനയ്ക്കണമെങ്കില്‍
വിണ്ണില്‍ മുട്ടണ ചിന്തകള്‍ വേണം.

മൊട്ടായ് നില്ക്കണ സ്വപ്നമതൊക്കെ
അജ്ഞാനത്തിലെ മൂഢത തന്നെ.
പൂവായ് കാണണ സ്വപ്നമതെല്ലാം
ജ്ഞാനത്തിന്‍ വരമായ് കണ്ടീടാം

മുന്നില്‍ കാണണയജ്ഞതരെല്ലാം
ജന്മമതിന്നെളിമത്തരിയാക്കാം
മുല്ലപ്പൂവിനെ സഖിയായ് മാറ്റാം
മുല്ലപ്പൂമണമെങ്ങം വീശാം.

സ്‌നേഹം കൊണ്ടൊരു മുത്തുണ്ടാക്കാം
മുത്തുകള്‍ കൊണ്ടൊരു മാല കൊരുക്കാം
പുഞ്ചിരിനൂലാല്‍ കൂട്ടിക്കെട്ടുകില്‍
ഹൃത്തിനു ചേര്‍ന്നൊരു ഹാരമതാക്കാം.


നഗ്നപാദം


നഗ്നപാദങ്ങളാലേറെ നേരം
നിത്യമങ്ങങ്കണപ്പാതതോറും
സഞ്ചരിച്ചീടുകില്‍ നന്മ ചേരു-
മെന്നതെന്നമ്മ ചൊല്ലീടുമെന്നും.

മണ്ണിലങ്ങോട്ടു പാദം പതിക്കൂ
മര്‍ദ്ദമേല്ക്കട്ടെ കാല്‍ വെള്ളയേല്‍
ദേഹഭാഗങ്ങളും നിന്‍ ശിരസ്സും
കൂടെയേറ്റീടുമാ നന്മയെല്ലാം.

കല്ലിലും മണ്ണിലും നീ മെതിച്ചാല്‍
ദേഹമാരോഗ്യമോടങ്ങിരിക്കും
കാല്‍ത്തഴമ്പേറ്റു നിന്‍ കാലുകള്‍ക്കും
നല്ക്കരുത്തേറിടും നിശ്ചയംതാന്‍.

ഭക്ഷണത്തിന്നിരിക്കുന്ന നേര-
ത്തെങ്കിലും നല്കിടൂയെന്റെ കുഞ്ഞേ
പാദരക്ഷാവിരക്തിക്കൊരന്ത്യ-
മെന്നതും ചൊന്നതെന്നമ്മതന്നെ.

നന്മ

തായകംപോലൊരു നന്മതന്‍ ശ്രേഷ്ഠത്തി-
ന്നുത്ഭവസ്ഥാനമീ പാരിതില്‍ കാണുമോ ?
അമ്മതന്നാഗ്രഹംപോലെയീയുര്‍വിയില്‍
വാഴ്ന്നിടും മക്കളില്‍ നന്മകള്‍ ചേര്‍ന്നിടും.

സ്‌നേഹവാത്സല്യമോടോതിയില്ലെങ്കിലും
താതനിന്‍ വാക്കിനെ വേദമായ് കാണുകില്‍
നന്മയാമബ്ധിയില്‍ നീന്തിടാനായിടും
പാണിയില്‍ സ്വര്‍ഗമാം ക്ഷോണിയും ഭദ്രമെ.

വിദ്യയെ നേടണം ഭക്ഷണം തേടണം
ഓജസ്സും തേജസ്സും കൈവരുത്തീടണം
അമ്മയേമച്ഛനേമാദരിച്ചീടണം
അന്ത്യശുശ്രൂഷകള്‍ ഹാര്‍ദ്ദമോടേകണം.

നന്മകള്‍ പിഞ്ചിലേ നെഞ്ചിലേറ്റീടണം
സ്വാര്‍ത്ഥമോഹങ്ങളെ ചുട്ടെരിച്ചീടണം
സത്യമേ ചൊല്ലുവാന്‍ ധൈര്യമുണ്ടാവണം
ധര്‍മകര്‍മാദിയില്‍ ശ്രദ്ധയുണ്ടാവണം.

അദ്ധ്യയശ്രേഷ്ഠരോടെന്നമേ താഴണം
ഉദ്യമസ്ഥാനമതോര്‍ക്കണമുച്ചിയില്‍
ക്ഷീണിതര്‍ക്കേകണം നന്മയാമാശ്രയം
ചുറ്റുപാടെന്നുമേ വൃത്തിയാക്കീടണം.

ഭംഗിയോ വര്‍ണമോ ജാതിയോ ഭാഷയോ
അര്‍ത്ഥമോ വേഷമോ വ്യാധിയോയൊന്നുമെ
വിഘ്‌നമായ് തോന്നിടാതെന്നുമേ നന്മയാം
സ്‌നേഹ സൗഹാര്‍ദ്ദമായൂഴിയില്‍ വാഴണം.


ആത്മാര്‍ത്ഥസൗഹൃദം


അമ്മയാണാദ്യമമ്മിഞ്ഞനല്കിയെന്‍
കൈപിടിച്ചുമ്മവച്ചെത്തിയ സൗഹൃദം
അത്ര പവിത്രമാം മറ്റൊരു സൗഹൃദം
പാരിലിന്നോളവും കണ്ടതില്ലാ നിജം.

പിന്നെയെന്റച്ഛനും സോദരവൃന്ദവും
കൂട്ടിനായെത്തിയെന്‍ വീട്ടിലെ സൗഹൃദം
സ്‌കൂളിലന്നാദ്യമായ് ബാല്യകാലത്തിലെന്‍
ബാഹ്യലോകത്തിലെ സൗഹൃദം തേടി ഞാന്‍.

മാനസം പക്വമായ്ത്തീര്‍ന്നതാം വേളയില്‍,
ചിന്തകള്‍ പങ്കിടാന്‍ വന്നതാം സൗഹൃദം
ഹൃത്തിലായ് സങ്കടം നല്കിയ നേരത്തു
ഭാവനചെയ്‌തൊരെന്‍ സൗഹൃദമിങ്ങനെ

മാനസം പങ്കുവച്ചുല്ലസിച്ചീടുവാന്‍
മാത്രമായീടാതെ മിത്രമുണ്ടാവണം
ദുഃഖഭാരങ്ങളെ പങ്കുവച്ചീടുവാന്‍
ഉറ്റചങ്ങാതിയീ പാരിലുണ്ടവണം.

വേണ്ടപോല്‍ ചിന്തനം ചെയ്‌തെടുത്തീടുകില്‍
രക്തബന്ധങ്ങളെ വെല്ലുമീ സൗഹൃദം
കണ്‍നിറഞ്ഞീടുവാന്‍ കാരണക്കാരനായ്
മാറിടാതെന്നുമേ കൂടെയുണ്ടാവണം.

കീര്‍ത്തികള്‍ വന്നുചേര്‍ന്നീടുമെന്‍ തോഷവും
ഘോഷമാക്കീടുവാന്‍ സൗഹൃദം വേണമെ
കൈകൊടുത്തെത്തണം ചാരെയായ് ഗര്‍ത്തമാം
ജീവിതപ്പാതയില്‍ നീന്തിടും വേളയില്‍.

പ്രത്യുപകാരപ്രതീക്ഷകള്‍ വച്ചിടാ-
തെത്തണം കഷ്ടമാം നേരവും സൗഹൃദം
ജാതിയും വര്‍ണവുമംഗലാവണ്യവും
നോക്കിടാതിങ്ങു വന്നെത്തണം സൗഹൃദം.
 
പാതതെറ്റാതെയീ സൗഹൃദമൊക്കെയും
ഹൃത്തിലെന്നാളിലും തങ്ങിനിന്നീടണം
സ്‌നേഹം പകര്‍ന്നവര്‍ക്കേകുവാനെന്നിടം
പഞ്ഞമില്ലാത്തതാം സ്‌നേഹമുണ്ടാകണം.

സ്‌നേഹവാക്കോതുവാന്‍ പ്രാപ്തരാം സൗഹൃദം
തെറ്റുകളോതണം കുറ്റവും ചൊല്ലണം
തേങ്ങിടുംമാനസം ചായുവാന്‍ തോള്‍തരും
സൗഹൃദം വന്നുചേര്‍ന്നീടുകില്‍ ധന്യ ഞാന്‍.

ഖ്യാതിയില്‍ കൂട്ടിനുണ്ടയൊരെന്‍ സൗഹൃദം
വ്യാധിയിന്‍ ശയ്യയില്‍ വന്നണഞ്ഞീടണം
വെള്ളയില്‍ മൂടിയെന്നന്ത്യമാം യാത്രയില്‍
അഞ്ജലിയര്‍പ്പണം ചെയ്യുവാനെത്തണം.

കൃത്രിമംകൊണ്ടു നിറഞ്ഞൊരീ ഭൂമിയി-
ലിങ്ങനെയുള്ളൊരു സൗഹൃദം നേടുവാന്‍
ഭാഗ്യമുണ്ടാകുകില്‍ സത്യമായ് ചൊല്ലിടാ-
മുര്‍വിയില്‍ ജീവിതം സ്വര്‍ഗമായത്തീര്‍ന്നിടും.


അജ്ഞാതസോദരന്‍

തനിമയിലെന്മനം വാടിയ വേളയില്‍
ഓര്‍ക്കുട്ടിലേയ്‌ക്കെന്നെ കൈപിടിച്ചേറ്റി നീ
സസ്‌നേഹക്കൂട്ടിലേയ്ക്കാനയിച്ചു പിന്നെ
മനസ്സെന്ന സൗഹൃദക്കൂട്ടിലും ചേര്‍ത്തു. 

എങ്ങോട്ടുപോയി മറഞ്ഞെന്റെ സോദരാ
സൗഹൃദവിജ്ഞാനസാഗരമദ്ധ്യത്തി-
ലിന്നിന്റെയോര്‍മകള്‍ക്കാധാരമായ നീ
നിന്നെത്തിരയുന്നെന്‍ മാനസമെന്നുമെ. 

പേരെന്ത്, നാടേതെന്നാരായാന്‍ വിട്ടുപോയ്
നന്ദിവാക്കോതിയെന്നകതാരിലുള്ളതാം
സ്‌നേഹമറിയിക്കാനാകാതെ പോയതില്‍
വ്യഥയുണ്ടു സോദരായിന്നുമോര്‍ത്താല്‍. 

സ്‌നേഹമയിയായ കാണാത്തൊരമ്മയായ്
അടുത്തറിയുന്നൊരകലാത്ത ചേച്ചിയായ്
സ്‌നേഹം കൊതിക്കുന്നൊരനിയത്തിപ്രാവായ്
സാന്ത്വനം പകരുന്ന ഹൃദ്യമാം തോഴിയായ് 

പിണങ്ങിയും പരിഭവഭാവം നടിച്ചും
പകരം പിണങ്ങുവാന്‍ പഴുതേതുമേകാതെ
ഉടനേയിണങ്ങിയീ സൗഹൃദവള്ളം
നന്നായ്ത്തുഴയുവാന്‍ കാരണമായൊരെന്‍, 

കാണാന്‍ കൊതിച്ചിട്ടും കണ്ണില്‍പ്പെടാത്തതാ-
മജ്ഞാതസോദരാ, അറിയാതെ നിന്നെ
ഹൃദ്യമായെന്നെന്നും വന്ദിച്ചുപോകുന്നു
ഒന്നല്ല രണ്ടല്ലൊരായിരംവട്ടം ഞാന്‍.


എന്റെ കണ്ണന്‍


വിണ്ണോളമുള്ളൊരു മോഹമെന്നില്‍
കണ്ടങ്ങു കണ്ണാലുഴിഞ്ഞു കണ്ണന്‍
മോഹിച്ച മോഹങ്ങളൊക്കെ മണ്ണില്‍
വിണ്ണോളമെത്തിച്ചു തന്നു കണ്ണന്‍.

തിന്മയ്ക്കു മുന്നങ്ങു കണ്ണടച്ചു
നന്മയ്ക്കുമാത്രം തുണച്ചു കണ്ണന്‍
ഇന്നോളമെന്നും നിഴല്‍ കണക്കെ
എന്നോടു ചേര്‍ന്നു നടന്നു കണ്ണന്‍.

വെണ്ണക്കരുത്തുള്ള കൈകളാലെന്‍
ചിത്തം പതുക്കെയളന്നു കണ്ണന്‍
കുട്ടിക്കുറുമ്പിന്റെയോര്‍മകള്‍ക്കെന്‍
വീട്ടില്‍ കളിക്കാനുമെത്തി കണ്ണന്‍.

മണ്ണില്‍ കളിച്ചു രസിച്ചിടുന്നീ
കണ്ണന്റെ രൂപത്തിലുണ്ണിമക്കള്‍
മുന്നില്‍ തെളിഞ്ഞുള്ള മാര്‍ഗമെല്ലാം
നന്നായിരിക്കേണമെന്റെ കണ്ണാ.

എന്നും തുണച്ചങ്ങു കാത്തിടേണം
എന്നില്‍ തുണച്ചെന്നപോലെ കണ്ണാ,
നന്മയ്ക്കു വര്‍ണ്ണങ്ങളേകി നില്‌ക്കേ-
യെന്‍ ദേഹി നിന്‍പാദെചേര്‍ക്കു കണ്ണാ.


ഉഷഗീതിക


കളകളം പാടിയെന്നങ്കണത്തിങ്കലായ്
കിളിമകള്‍ നിത്യവും വന്നു വിളിച്ചിടും
കുയിലവന്‍ പാടുന്ന പാട്ടുകള്‍ കേള്‍ക്കവേ
അനുകരിച്ചീടുവാനുമ്മറത്തെത്തി ഞാന്‍

അവനുടെ പാട്ടിന്റെ കൂടെ ഞാന്‍ പാടിയാ-
ലുടനവനെന്നോടു കോപമായ് പിന്നെയാ
സ്വരമൊന്നുയര്‍ത്തീട്ടു പാടിനോക്കീടുന്നു
ക്ഷമയോടെ മിണ്ടാതെ കാത്തിരിക്കുന്നു ഞാന്‍

ഒരുവേള ഞാനൊന്നു പാടിയാലോയെന്റെ
സ്വരമതില്‍പാടുന്നു കിളിയവന്‍ ഹര്‍ഷമായ്
അവനോടുചേര്‍ന്നൊന്നു പുലരിയില്‍പ്പാടിയാല്‍
ശുഭകരംതന്നെയാണന്നെന്റെ ചിന്തകള്‍.

ഒരുനാളുപോലുമാ കുയിലിനെക്കാണാതെ-
യവനുടെ മണിനാദമൊന്നു കേട്ടീടാതെ
അവനെയനുകരിച്ചൊന്നു പാടീടാതെ
പുലരുന്നതില്ലയെന്‍ പൊന്നുഷസ്സൊന്നുമേ.


കവിതയില്‍നിന്ന്


ഇത്ര നാള്‍ ശീലിച്ചു ഹൃദ്യമാക്കി ഞാനും
സംസ്‌കൃതകാവ്യങ്ങളൊത്തപോലെന്നുള്ളില്‍
ഒത്തിരി വാക്കുകള്‍ ശേഖരിച്ചിന്നോളം
ഹൃത്തിലാക്കി നല്ല കാവ്യങ്ങളാക്കുവാന്‍.

ലക്ഷണം ചേര്‍ന്നുള്ള വൃത്തത്തിനായി നാം
യോജിച്ചപോലുള്ള പ്രത്യേക വാക്കുകള്‍
തേടിത്തിരഞ്ഞങ്ങു കോര്‍ത്തതില്‍നിന്നൊരു
സന്ദേശപാഠം പഠിച്ചങ്ങു ഭേഷായി.

ജീവിതം ജീവിച്ചു പോരുന്ന വീഥിയില്‍
നേരിടും കഷ്ടമാം ഹേതുവേ പോക്കിടാന്‍
പോരുന്ന മാര്‍ഗവും തേടണം യോജ്യമായ്
എന്നൊരു പാഠവും ശീലിച്ചിടേണമെ.


നല്ലവരാകാം


ചുറ്റുപാടു വൃത്തിയാക്കി വയ്ക്കുക
സ്വന്തമായി തോപ്പില്‍ വേല ചെയ്യുക
നല്ലതായ ഭക്ഷണം ഭുജിക്കുക
ആകുവോളം നല്ല ശക്തി നേടുക.

ഭക്തി നല്ല ശക്തിയായി കാക്കുക
സജ്ജനങ്ങളോടു കൂട്ടു കൂടുക
കണ്ണുകൊണ്ടു നല്ല കാഴ്ച കാണുക
കാതുകൊണ്ടു നല്ലതൊക്കെ കേള്‍ക്കുക.

വായനയ്ക്കു നല്ല ബുക്കു വാങ്ങുക
ബുദ്ധികൊണ്ടു നന്മതന്നെ ചെയ്യുക
നന്മകൊണ്ടു ശാന്തിയോടെ വാഴുക
ശാന്തിയാണുസ്വര്‍ഗമെന്നതറിയുക.


പ്രണയവസന്തം


വീഥിയിന്നോരമായന്നു ഞാന്‍ കണ്ടൊരാ
സുന്ദരിക്കോതയാണെന്‍ മനോവാടിയില്‍
പൂക്കളായ് കായ്കളായിന്നുമീ ഭംഗിയില്‍
പിന്നെയും മോഹമായ് പൂത്തുനില്ക്കുന്നതും.

കണ്ടപ്പേള്‍ നിന്നെയെന്‍ സ്വന്തമാക്കീടുവാന്‍
ആശയാല്‍ മാനസം തുള്ളിയന്നാളിലായ്
അത്രമേല്‍ നിന്റെയാ പ്രേമമാം കണ്ണുകള്‍
വശ്യമായെന്നിലങ്ങിഷ്ടമായെന്‍ സഖി.

മല്‍സഖേ നീ സദാ കൂട്ടിനായ് വന്ന നാള്‍
നിന്നെയെന്‍ മാനസക്കോവിലിന്‍ വിഗ്രഹ-
മാക്കി ഞാന്‍ പൂജയില്‍ മുങ്ങിയന്നാളുമെ-
ന്നോര്‍മയില്‍ തേന്‍ നുകര്‍ന്നീടുവാനെത്തിടും.

മഞ്ഞുപോലുള്ളതാം നിന്നിളം മേനിയോ
മീനിണക്കണ്‍കളില്‍ വന്നതാം നാണമോ
വാക്കിലും നോക്കിലും ചുണ്ടിലും കണ്ടതാം
വശ്യമാര്‍ന്നുള്ള നിന്നാര്‍ദ്രഭാവങ്ങളോ ?

എന്നെയന്നാദ്യമായ് തൊട്ടുണര്‍ത്തി പ്രിയേ
സ്‌നേഹമായ് നീയുമെന്‍ കൂടെയുണ്ടാകുകി-
ലെന്നതെന്‍ മാനസം ചൊന്നതാമോദമായ്
കാമുകക്കണ്‍കളില്‍ പ്രണയവും വന്നുപോയ്

മല്‍സഖീയന്നു ഞാന്‍ നിന്നെയും കൂട്ടിയെന്‍
പ്രേമമാം തോണിയില്‍ യാത്രയാരംഭമായ്
തോഷവും ദഃഖവും നമ്മളങ്ങൊന്നിച്ചു
പായസംപോലെയീ കൈകളില്‍ നാലിലും

ഉണ്ടതും കണ്ടതും കണ്ടുകണ്ടീശ്വരന്‍
നന്മയായ് വാഴ്ചയില്‍ കൂടെയുണ്ടായതാല്‍
കഷ്ടമോ നഷ്ടമോ ഭീമമാകാതെയീ-
ജീവിതക്കായലിന്‍ മദ്ധ്യവും താണ്ടി നാം.
 
നല്‍വിരുന്നായിതാ വന്നോരു മക്കളും
തൂവലും പക്ഷവും വന്നതിന്‍ പിന്നെയോ
അന്നവും തേടിയാ ദൂരദൂരങ്ങളില്‍
പോയവര്‍ വന്നിടും പിന്നെയങ്ങൊത്തപോല്‍ .

സ്‌നേഹമായൊന്നുപോല്‍ നമ്മളീ തോണിയെ
ബാക്കിയാം നാളുകള്‍ ഹര്‍ഷമായ് നീക്കുവാന്‍
കൂടെയുണ്ടാകണം കണ്മണീ നീയുമെന്‍
ശക്തിയായിന്നുപോലന്ത്യകാലംവരെ.


ഓണം വരവായി


ഓണപ്പൂമധുരത്തേന്‍ തുമ്പി നുണഞ്ഞാല്‍
പാരെങ്ങും മലയാളിക്കുത്സവമായി
നല്ലോലക്കുട ചൂടി മാബലി വന്നാല്‍
പൊന്നോണം വരവായി മാമലനാട്ടില്‍.

പൊന്നോണത്തുമ്പികളോടൊത്തു ചിരിച്ചു
കുഞ്ഞുങ്ങള്‍ തൊടിനീളേ പാറിനടന്നു
കൈക്കുമ്പിള്‍ നിറയുന്ന പൂവുകളാലെ
അത്തപ്പൂക്കളവും മുറ്റത്തിലൊരുങ്ങി.

തുമ്പപ്പൂവുകളില്‍ വെണ്‍തുമ്പി നിരന്നു
പൊന്നോണം വരവായെന്നോതിയിരുന്നു
ഊഞ്ഞാലപ്പടിമേലേയുണ്ണി ചിരിച്ചാല്‍
പൂഞ്ചേലക്കുരുവിക്കന്നോണനിലാവ്.

വെണ്‍പട്ടില്‍ നിറവാനം മിന്നിമിനുങ്ങി
വാര്‍തിങ്കള്‍ക്കലയോടെ രാവുമൊരുങ്ങി
ചിത്തത്തില്‍ മണിദീപശോഭ തിളങ്ങി
തേന്‍വര്‍ണപ്പൂവഴകാല്‍ മുറ്റമൊരുങ്ങി.

പൂന്തിങ്കള്‍വദനത്തില്‍ പുഞ്ചിരിയോടെ
ദീപത്തിന്നൊളിയേന്തിച്ചെന്നതിമോദാല്‍
മാവേലിക്കടവച്ചങ്ങാര്‍പ്പുവിളിച്ചു
ഓണപ്പൂവുകളാല്‍ വാഴ്ത്തും മലയാളി.


പ്രണയം


നിന്നെയെന്നില്‍ നിന്നകറ്റാന്‍
ശ്രമിച്ചവരെയെല്ലാമകറ്റിനിര്‍ത്തി
നീയെന്നോടടുത്തപ്പോള്‍, പ്രിയേ..,
നീയാണിനിയെന്റെയെല്ലാമെന്നെ-
ന്നുള്‍മനമെന്നോടു മന്ത്രിച്ചിരുന്നു.

നിന്റെ മൃദുസ്പര്‍ശനം കാറ്റില്‍
പാറുമൊരപ്പൂപ്പന്‍താടിപോലെ-
ന്നെത്തഴുകുമ്പോള്‍, പ്രിയതേ...,
നീയാണെന്‍ ശക്തിയും വിജയവു-
മെന്നെന്‍മനമെന്നോടുരച്ചിരുന്നു.

നിന്നെ കാണുമ്പോഴൊക്കെ-
യെന്റെയാത്മാവില്‍ പ്രണയത്തിന്‍
സുഗന്ധമാണെപ്പൊഴും...സഖിയേ..,
നീ നടന്നടുത്ത നിന്റെയോരോ
കാലടികളിലുമെന്റെ സൗഭാഗ്യങ്ങള്‍
ഞാന്‍ തെളിഞ്ഞുകണ്ടു..

നിന്‍യൊരോ കിളിമൊഴിയും
പൂക്കളില്‍നിന്നിറ്റുവീഴും തേന്‍തുള്ളിപോ-
ലെന്നെയുന്മത്തനാക്കുന്നു....സഖേ..,
നിന്റെ സാമീപ്യമെന്നില്‍
ഗന്ധര്‍വഗീതമുണര്‍ത്തുന്നു.

എന്റെയോരോ ചലനങ്ങളും
നിനക്കായിമാത്രം തുടിക്കും....പിയതമേ..,
നീയില്ലാതെ ഞാനോ, ഞാനില്ലാത നീയോ
ഒരുനാളുമവശേഷിക്കരുതീ ഭൂമിയില്‍.
ഇതുമാത്രമാണെന്റെ പ്രാര്‍ത്ഥന.


മഞ്ഞമന്ദാരം


മാധവന്‍ കൈയിലെ ശുദ്ധമാം വെണ്ണപോല്‍
മുഗ്ദ്ധമാം മാനസംകൊണ്ടെന്റെ ചാരെ നീ
മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തീട്ടു
മന്ദസ്മിതംതൂകി വന്നിങ്ങു നില്ക്കവേ,
 
മൗനാനുവാദമോടെന്‍പാണി ചേര്‍ത്തന്നു
മത്സഖി വന്നൊരാ നാളിന്റെയോര്‍മകള്‍
മങ്ങാതെ സത്യമായ് സ്‌നേഹമായ് നിത്യവും
മാധുര്യമേറുന്നുവെന്നിലും തോഷമായ്. 

മാന്‍പേടയായെന്റെയാശതന്നങ്കണേ
മുഗ്ദ്ധാനുരാഗം ചൊരിഞ്ഞു നിന്നീടവെ
മിന്നാമിനുങ്ങിന്റെ മിന്നും വെളിച്ചമാം
മാസ്മരക്കാഴ്ച നീ കിന്നാരമോഹമേ. 

മിണ്ടാതെനില്ക്കുന്ന പൂക്കളെക്കാണവേ
മന്മനം മൂകമായ് മക്കള്‍തന്നോര്‍മയില്‍
മാറുന്ന മോഹമായെന്നില്‍ നിറഞ്ഞിടും
മാറ്റുചോരാത്തെന്റെ പ്രിയതമേ, യെന്നും 

പൂമുഖം പുഞ്ചിരിപ്പൂക്കളാല്‍ മൂടി നീ
ഐശ്വര്യദീപമായെന്നും ജ്വലിക്കണം
മെല്ലെത്തഴുകിത്തലോടിത്തളിര്‍ത്തോരു
മഞ്ഞമന്ദാരമായ് പൂക്കണം നീ, സദാ.


മഴവില്ല്


സുന്ദരമാമൊരു വൈകുന്നേരം
രസകരമായൊരു യാത്ര നടത്തി
അമ്മയുമായി മനം കുളിരേ ഞാന്‍
സ്മരണകളൊക്കെയടുക്കുന്നേരം
 
മാനസമാകെയൊരാതിരയാകും
ദിനവുംപോലെയതങ്കണയോരം.
മഴവരുമോന്നൊരു ശങ്കയുമായി-
യംബരമാകെയിരുണ്ടുവരുന്നു
 
നോക്കിയതാശകളൊക്കെയുമായെന്‍
മിഴികളുടക്കിയതാ മഴവില്ലില്‍
വാര്‍മഴവില്ലതിമോഹനമായി
നയനസുഖാവഹമായി വിരിഞ്ഞു 

അംബരമാകെ മനോഹരമായി
ധരയിലതുത്സവഘോഷവുമായി
ഏഴു നിറങ്ങളിലാ മഴവില്ലോ
ഗഗനമതില്‍ വിരിയുന്നതു കണ്ടാല്‍ 

മാനസമൊ പതിനാലുനിറങ്ങള്‍-
വിരിയുംപോലതിസുന്ദരമാകും
നയനമനോജ്ഞം വാനിലതായി
അഴകൊടു കാണും വാര്‍മഴവില്ലെ, 

ഇടിയൊടു മിന്നല്‍, കാറ്റുമതായി
ധരയിലിതെത്താറായൊരു വര്‍ഷം
അതിനൊരു ചിഹ്നം വാനിലുയര്‍ന്നു
രസകരമായിയേഴുനിറത്തില്‍
 
നിരുപമവര്‍ണച്ചാന്തും പൂശി
തെളിയുവതല്ലേ വാനമതില്‍ നീ.
അഴകെഴുമീ നൽ മഴവിൽചായം 
വിലസുകയാണോ നഭസ്സിണ് മാറിൽ.

മദര്‍ തെരേസ


കടല്‍ കടന്നൊരു മാലാഖ
കാരുണ്യത്തിന്‍ സാഗരമായ്
ദൈവീകത്തിന്‍ തേജസ്സുമാ-
യെത്തി നല്ലൊരു മാതാവായ്.

നിരാലംബര്‍ക്കവലംബമായ്
രോഗികള്‍ക്കാശ്വാസമായ്
ദഃഖിതര്‍ക്കു സാന്ത്വനമായ്
പുകഴായെന്നുമിങ്ങു തിളങ്ങി.

കാരുണ്യം നിറഞ്ഞ മനസ്സാലെ
നന്മതന്‍ വിത്തുകള്‍ പാകി
സമാധാനം കൊയ്‌തെടുത്ത്
ഭാരതമനസ്സില്‍ ദേവതയായ്.

സ്‌നേഹത്തിന്‍ തലോടലുകള്‍
ആവോളമാസ്വദിച്ച ഭാരതം
ആ വേര്‍പാടിന്‍ വേദനകള്‍
തകര്‍ന്നു തളര്‍ന്നുപോയ്.

ജന്മംകൊണ്ടല്ലെങ്കിലും
അവര്‍തന്‍ സേവനംകൊണ്ട്
ഭാരതമണ്ണിനെ പുണര്‍ന്നു
ഭാരതീയര്‍ക്കു സ്വന്തമായി.

(മോളുടെ കവിത
വിവര്‍ത്തനം ചെയ്തത്)



ശുഭദിനം


കാലത്തു പൂവന്റെ കൂവലും കേട്ടു
സുഖദമൊടു വിടരുമൊരു പുലരിയതു കണ്ടു
പൂക്കളിന്‍ തേന്‍ നുകര്‍ന്നീടുന്നതായ
ശലഭമൊരു മലരിനൊടു കുശലമതു ചൊല്ലി.

മേഘവൃന്ദങ്ങളാല്‍ മായുന്നു സൂര്യന്‍
പുലരിയിലെയരുണനുടെ കിരണമതുമില്ല
മഞ്ഞിന്‍ കണത്തോടു ചേര്‍ന്നൊന്നു ചാറി
കിരണമതിലൊളിയുമൊരു നിഴലുമറ തേടി.

കൊക്കുകള്‍ മെല്ലെ മിനുക്കി രസിക്കും
പുലരിമഴ നനയുമൊരു കുയിലിണയെ കണ്ടു
ഞാനേറ്റുപാടീടുവാനെന്നപോലെ
കുളിരുമൊരു പവനനുടെ വിറയിലതു പാടി.

ചങ്ങാതിമാരായയേവര്‍ക്കുമായി
പ്രിയമുയരുമമൃതരസമമഹൃദയമോതാം
മഞ്ഞില്‍ കുളിച്ച പുലര്‍വന്ദനങ്ങള്‍
സുകൃതലയ സുഖദമൊരു ശുഭദിനവുമോതാം


ഇടവപ്പാതി


ഇടവപ്പകുതിക്കിവിടം മുഴുവന്‍
പുഴയും നദിയും കവിയും വിധമായ്
ചൊരിയും മഴതന്‍ മൊഴിയാം ചിരിയില്‍
അതിയുഷ്ണവുമങ്ങൊഴിയും മികവായ്.

നയനം നനയും തനുവും കുളിരും
വരമായ് വരുമീ മഴതന്‍ കുളിരില്‍,
കൃഷകന്‍ മനതില്‍ തളിരായുതിരും
മണലും കുതിരും ധരയും ഹരിതം.

തൊടിയിന്‍ മലരില്‍ നിറയും മധുവും
നുകരന്‍ വരുമാ ശലഭം മൊഴിയും
ഇടവിട്ടിടവിട്ടതിമോഹനമായ്
ധരയില്‍ പൊഴിയും മഴയേ നമനം.

ഇടവം നടുവില്‍ പഠനം തുടരും
വഴിയേ തുണയായ് മഴതന്‍ വരവും
നനയും പ്രജകള്‍ക്കഭയം കുടയും
ഹൃദയം കവരും നയനോത്സവമായ്.

ത്വരയില്‍ വിശറും പവനന്‍ മകനും
ഇടിവാളൊളിയുമൊലിയും വരവേ
ധരയിന്‍ മുഖവും ഇരുളില്‍ മറയും
മനുജന്‍ വദനേ ചിരിയും മറയും.

തവതാണ്ഡവവും മുഖഭാവവുമായ്
വരുവാനൊരു നാള്‍ തുനിയാതിനി നീ
ഭയമോടലറും ജനജീവിതവു-
മൊരുപോലമരാന്‍ വരവേണ്ടരികില്‍.


കര്‍ഷകന്‍


പുലരുമ്പോള്‍ കര്‍ഷകന്‍ കച്ചചുറ്റി
വയലില്‍ പോയീടുന്ന കാഴ്ചയെന്നും
കണിയായിക്കണ്ടങ്ങുണര്‍ന്നീടുവാന്‍
പ്രഥമക്ഷേമങ്ങളവര്‍ക്കേകണം.

കൃഷിചെയ്യും കര്‍ഷകനാണു പൊന്നേ
പശിയാറ്റാന്‍ നട്ടെല്ലായ് നാടിനെന്നും
ധരയീ പ്രകൃതിതന്‍ വരദാനം
അതിനെന്നും കൂട്ടായി കര്‍ഷകനും.

കൃഷകന്‍തന്നദ്ധ്വാനം നിസ്വാര്‍ത്ഥമാം
പരസേവയ്ക്കുത്തമോദാഹരണം
മലരും തേനും തേനീച്ചയുമെന്നും
കലരുന്നു നിസ്വാര്‍ത്ഥസേവനത്തില്‍.

മണലില്‍ സീരത്താല്‍ ചിത്രം വരയ്ക്കും
കലയില്‍ ശ്രേഷ്ഠര്‍ കര്‍ഷകക്കൂട്ടങ്ങള്‍
വിളയും കൊയ്ത്തും കഴിയുന്നകാലം
ധരതന്നില്‍ കര്‍ഷകര്‍ക്കാഘോഷം.

ഇവിടേ സസ്യലതാദികള്‍കൊണ്ടു
ദിനവും കര്‍ഷകര്‍ കാവ്യ രചിക്കും
മനുഷ്യന്‍ മണ്ണിന്‍ സുഹൃത്തായിയെന്നാല്‍
കനകം കൊയ്തു രസിച്ചിടാമല്ലൊ.

കൃഷകന്‍ ചേറിന്നറപ്പുതോന്നി
ദിനവും പാടത്തിറങ്ങാന്‍ മടിച്ചാല്‍
അറയും പത്തായവും പാഴ്‌വസ്തു
അരിപാറ്റും നെല്കുത്തുമോര്‍മയാകും.

വയലില്‍ വേലയ്ക്കുപോകാതിരുന്നാല്‍
ധരയില്‍ നെല്‍ക്കതിരാടുകില്ല
ധരയില്‍ നെല്‍ക്കതിരാടാതിരുന്നാല്‍
വയറില്‍ ചോറും വിശപ്പാറ്റുകില്ല. 

ഗഗനത്തിന്‍ നീല വര്‍ണത്തിലല്ലോ
കവിതന്‍ ഭാവം കലര്‍ന്നുള്ള കാവ്യം
വയലിന്‍ പച്ചപ്പുതപ്പിലീ നാടും
അഭിമാനപൂരിതമല്ലേയെന്നും.

കുമരിപ്പെണ്‍ കണ്‍കളില്‍ ദൃശ്യമാകും
അനുരാഗത്തുടിപ്പിൻ നാണത്തെപ്പോല്‍
വിളമുറ്റിത്തലതാഴ്ത്തും കതിരിന്നും
വയലേലപ്പെണ്ണിനും നാണമാണോ..?


ഓണസ്മരണ


ചിങ്ങമാസത്തിലെന്‍ കുഞ്ഞുകുഞ്ഞോര്‍മയില്‍
ചാറലായെത്തിടുമോണമാവേലിയും
പൂക്കളും തുമ്പിയും നല്ക്കളിയൂയലും
കൊച്ചുവീടും കളിക്കൂട്ടരും തോട്ടവും

കുഞ്ഞുടുപ്പിട്ടു ഞാന്‍ പാറിനടന്നതും
പൂവണിത്തുമ്പികള്‍ കൂട്ടിനായ് വന്നതും
കൂട്ടരുമൊത്തു ഞാന്‍ പൂക്കളെത്തേടിയാ
പാടവരമ്പിലൂടോടി നടന്നതും

ആമ്പല്‍ക്കുളത്തിലെച്ചേറില്‍ കാലൂന്നി ഞാന്‍
ചേമ്പിലക്കുമ്പിളില്‍ പൂക്കളിറുത്തതും
കുന്നിലും മേട്ടിലും തോട്ടുവരമ്പിലും
പാവാട ചുറ്റിയന്നോടിക്കളിച്ചതും

ആവണിയോര്‍മതന്‍ പര്‍ണാശ്രമങ്ങളില്‍
തേന്‍മണി നാകപ്രണയപ്പൂ ചൂടിക്കാന്‍
ദാവണിക്കാലവും പൂവണിക്കോലവും
തൂമണിക്കാറ്റുമായ് കിന്നരിച്ചു വരും.


പൂന്തോട്ടപാലനം


സുഗന്ധപൂക്കളെക്കനിഞ്ഞ തോട്ടമേ
അനാഥയാക്കി ഞാന്‍ പിരിഞ്ഞതില്ലയേ
നിനക്കുമുന്നെ ഞാന്‍ വളര്‍ത്ത മക്കളെ
നിനച്ചൊരെന്മനം കലങ്ങി നിത്യവും.

കുരുന്നുമക്കളെ കരത്തിലേന്തിയെന്‍
മണിക്കിനാക്കളില്‍ നിറഞ്ഞു നിന്നവര്‍
മനസ്സിലെപ്പൊഴും തെളിഞ്ഞു കണ്ടുടന്‍
കൊതിച്ചു കാണുവാന്‍, പുറപ്പെടും ദിനം.

കൊഴിഞ്ഞ നിന്‍ ചിരിയറിഞ്ഞുവേഗമായ്
വിരിഞ്ഞുനിന്നുനിന്‍ മലര്‍ ചിരിക്കുവാന്‍
തിരഞ്ഞു ഞാനുമന്നലഞ്ഞു പോയതും
കുറച്ചു നാളുകള്‍ നിനക്കു പാലനം

തരാന്നതെന്‍ സഖി പറഞ്ഞു വന്നതും
മനസ്സു മൊത്തമായ് കരഞ്ഞുകൊണ്ടു ഞാന്‍
തിരിച്ചു വന്നിടുംവരേയ്ക്കു നിന്നെയെന്‍
സഖിക്കു നല്കിയാണിയാത്ര പോയതും.

അവര്‍ മുടക്കമേ വരുത്തിടാ നലം
നിനച്ചു പാലനം ദിനം ദിനം നല്കി
നിനക്കു ചന്തമായ് ചമഞ്ഞു നിന്നിടാന്‍
വിരിഞ്ഞു നില്ക്കുമീ മലര്‍കളത്രയും

അതിന്നു സാക്ഷിയാണതെന്നറിഞ്ഞിതാ
മനോഹരങ്ങളാം മലര്‍കളെന്നപോല്‍
സുഗന്ധമേകുമാ മനസ്സു നോക്കിയേ
തൊഴുന്നിതാ സഖേ, കരങ്ങള്‍ കൂപ്പി ഞാന്‍


സന്ധ്യേ വിട !


സന്ധ്യ വന്നു കുറി തൊട്ടുനിന്നപ്പോള്‍
കങ്കണം പതിയെ കൊഞ്ചിടുന്നതിന്‍
ശബ്ദമായ് കിളികളും പറക്കവേ
അര്‍ക്കനോ പതിവുപോലെ യാത്രയായ്.
 
മൗനമായി വിടചൊന്ന വേളയില്‍
മ്ലാനമോടെ വിരഹം കവര്‍ന്നുടന്‍
കുങ്കുമക്കളറിലായി വാനവും
ചെന്തളിര്‍മുഖമതൊന്നു വാടിയാല്‍ 

മൂകമായിരുളു പമ്മി വന്നിടും
വൈകിവന്ന മതിമാമനോടുടന്‍
സങ്കടങ്ങളുരിയാടി നിന്നിടും
അംബരക്കവിളിലൂടൊലിച്ചിടും 

കണ്ണുനീര്‍ മണിയുതിര്‍ന്ന പാടുകള്‍
മെല്ലെ മായ്ച്ച വരതാരകങ്ങളെ
സാക്ഷിയാക്കി ശുഭരാത്രി നേര്‍ന്നിടാം
പൃഥ്വിയോടു സുഖനിദ്ര ചൊല്ലിടാം.


മണ്ണും മഴയും


പൂമഴേ പൊന്മഴേ ഒന്നിങ്ങു പോരുമോ
മായാതെ മറയാതെന്‍ പൊന്നെ

ദാഹം ശമിക്കാതെ കേഴുന്നു മണ്ണിന്നു
വേഴാമ്പല്‍ പക്ഷിയെപ്പോലെ.

വാനത്തു മേയുന്ന വെണ്‍മേഘവൃന്ദമെ
നീയെന്നും ഭൂമിക്കു സ്വന്തം.

ആ ഗര്‍ഭം പേറിയയേഴഴകുള്ളൊരു
മാരിവില്‍ നിന്മകനല്ലെ ?

വെണ്മുകില്‍, മണിമുകില്‍ പ്രായത്തിലെത്തിയാല്‍
പിന്നവളീമണ്ണിന്‍ സ്വന്തം.

മാരിപ്പെണ്ണായവള്‍ നൃത്തച്ചുവടുകള്‍
വയ്ക്കണമീമണ്ണിലെന്നും

മണ്ണിന്‍ വിരഹത്തെ തീര്‍ക്കുകയെന്നതു
നിന്നുടെ കര്‍ത്തവ്യമല്ലേ ?

മാരിവില്‍ മാനത്തു ചന്തമായ് കാണവാന്‍
മാനസം വെമ്പി നില്ക്കുന്നു.

മണിമുകില്‍ മാനത്തു നെട്ടോട്ടമോടുന്ന
കാഴ്ചയെന്‍ കണ്ണിന്നമൃതം.

മിന്നലിന്നാരവത്തോടെയിങ്ങെത്തിയാല്‍
നിന്നെ ഭയക്കന്നു മര്‍ത്ത്യര്‍.

നാടുമീ നാട്ടാരുമൊന്നുപോലീയിടെ
വ്യാകുല ചിത്തരായ് കാണ്മൂ.

പൂമഴേ പൊന്മഴേ ഒന്നിങ്ങു പോരുമോ
മടിച്ചു നീ നിന്നിടാതെന്റെ കണ്ണേ...

പൂമഴ, പൊന്മഴയായി ഞാന്‍ വന്നെത്താം
ഇന്നു ഞാന്‍ ചൊല്‍വതു കേട്ടാല്‍.

മണ്ണിന്റെ മക്കളഹങ്കാരകേളികള്‍
നിര്‍ത്തുകയല്ലാതെയെന്റെ

വെണ്മുകില്‍, ഋതുവായി മണിമുകിലാകുവാ-
നില്ലൊരു മാര്‍ഗവും വേറെ.

പൂമഴ പൊന്മഴയായന്നു വന്നിടാം നല്ല-
നൃത്തവുമാടിടാം മണ്ണില്‍.

അന്നുഞാനെന്റെ പ്രണയത്തിന്‍ സാക്ഷിയായ്
നൃത്തവുമാടിടാം നിന്നില്‍.


മടിമേലുണ്ണി


കണ്ണനുമുന്നില്‍ ഗുരുവായൂരില്‍
അല്ലലു ചൊല്ലി നടയില്‍ നിന്നു
കണ്ണിനെ മൂടിയിരുകൈ കൂപ്പി
നിന്നിടുമെന്നില്‍ നയനം ചിമ്മി.

കണ്ണുതുടയ്ക്കാനരുകില്‍ വന്നു
സങ്കടമോതിയഴലില്‍ കൂപ്പും
രണ്ടുകരങ്ങള്‍ തഴുകി കൃഷ്ണന്‍
കൂടെവരാമെന്നുരിയാടീട്ടും

എന്റെ മനസ്സില്‍ വിളയാട്ടായി
കള്ളനവന്‍ ചൊല്ലിയ കര്‍ത്തവ്യം
പോലതു ചുമ്മാ കരുതിപ്പോന്നു
മാധവനന്നെന്‍ കാതിലുമോതി,

'വാക്കുതരാം നിന്‍ മടിമേലുണ്ണി
വന്നിടുവാനും ദിനമായ് വത്സേ'
അങ്കമതില്‍ കൊഞ്ചിയിരിക്കും
ഉണ്ണിയുമായ്ഞാന്‍ വിളയാടുമ്പോള്‍

മാധവനെന്നില്‍ നിറസാമീപ്യം
നല്കിവരുന്നെന്നൊരു സന്തോഷം
കണ്ണനുമുന്നില്‍ ഗുരുവായൂരില്‍
അല്ലലു ചൊല്ലി നടയില്‍ നില്‌ക്കേ.
13/07/2017 

ധന്യമീ സന്ധ്യകള്‍


വിണ്ണില്‍ മിത്രനരങ്ങൊഴിഞ്ഞു മെല്ലെ
വന്നു താരകളൊക്കെയും നഭസ്സില്‍
വാര്‍തിങ്കള്‍ ചിരിതൂകി നിന്നനേരം
മിന്നാമിന്നിയുമെത്തി കിന്നരിക്കാന്‍.

തെന്നല്‍ വന്നൊരു പാട്ടു മൂളി ദൂരെ
വാനമ്പാടിയതേറ്റുപാടി നിന്നു
രാവിന്‍യാമമതിന്നിരുട്ടിലോരാ
കാവല്‍ക്കാരിവരെങ്ങു പോയൊളിച്ചു.

പത്മാക്ഷന്‍ കുറിതൊട്ടുവന്നുവെന്നാല്‍
വാനത്തില്‍ നിറമോടിയായി പിന്നെ
കാര്‍മേഘങ്ങളരങ്ങൊഴിഞ്ഞു കണ്ടാല്‍
കാകന്‍ പാറിവരുന്നിതങ്കണത്തില്‍.

പൂവന്‍ കൂവിയുണര്‍ത്തിടാനൊരുങ്ങെ
വണ്ണാത്തിക്കിളി പാട്ടുപാടിയെത്തി
കൂടെപ്പാടിടുമാ കുയില്‍പ്പിടയ്ക്കും
സന്തോഷം തിരതല്ലി, യെത്ര ധന്യം.


തിരുവോണപ്പുലരി


മാവേലിമന്നനിങ്ങെഴുന്നള്ളാന്‍ നേരമായി
മലയാളമനസ്സുകളേ കണ്ടില്ലേ ഓണനിലാവും
തിരുവോണപ്പുലരിയില്‍ പുവടയുണ്ടാക്കിയോ,
പൂപ്പന്തലൊരുക്കിയതില്‍ തോരണം തൂക്കിയോ ?

പൊന്‍പാടമുഴുതുമറിച്ചും വാരിവിതച്ചും
പൊന്നാനി നെന്മണിയാക്കിയ പൊന്‍മകനേ
പൊന്നോണനെല്‍ക്കതിരെല്ലാം കൊയ്തുമെതിക്കും
പൂനിലാപ്പുടവ ചുറ്റിയ മലയോളിമങ്കമാരേ..

നാടിന്റെ പഴമ കാക്കാന്‍ വെളുക്കെച്ചിരിക്കും
പൊന്നോണക്കോടി ചുറ്റിയ മുത്തശ്ശിമാരേ..
വീടിന്റെയങ്കണംതോറും പൂക്കളംതീര്‍ക്കാന്‍
ഓണപ്പൂത്താലമേന്തും കുഞ്ഞിക്കുരുന്നുകളേ…

സ്‌നേഹപ്പൂവാലൊരുക്കിയ പൂക്കളംകാണാന്‍
ഓണപ്പൂത്തുമ്പികള്‍ മൂളും പാട്ടുകള്‍ കേള്‍ക്കാന്‍
ഹര്‍ഷോന്മാദമായി തിളങ്ങും കൈരളി കാണാന്‍
മാവേലിമന്നനിങ്ങെഴുന്നള്ളാന്‍ നേരമായി

വിളക്കത്തൊരു നാക്കില വച്ചു മലയാളിമങ്ക വിളമ്പും
സന്തോഷപ്പായസത്തെയാര്‍ത്തിയോടുണ്ണാനായി
നല്ലോലക്കുടയും ചൂടി വാമനദേവനോടൊപ്പം
വന്നെത്തും രാജനെയങ്ങോട്ടെതിരേല്ക്കാനൊരുങ്ങാം
.
നന്മയാല്‍ മനം നിറച്ചു, ആര്‍പ്പും കുരവയുമായ്
മലയാളമക്കളൊരുങ്ങും തിരുവോണപ്പുലരിയായി.
വാനത്തെ നിലാവുപോല്‍ ചൊടിയില്‍ ചിരി വിടര്‍ത്തി
പടിയോളം പൂവിതറിയാനയിച്ചു കൊണ്ടുവരാം..

വീടും സുഭിക്ഷമാണേ..പ്രജകളും സന്തോഷമാണേ
ആര്‍പ്പേ….ഇറോ…ഇറോ…മന്നനെ വായേ വായോ…


ഉണ്ണിമക്കള്‍


എന്നുവരും എന്റെ ഉണ്ണിമക്കള്‍
ഇനിയെന്നു വരുമെന്റെ കണ്‍മുന്നില്‍
നെഞ്ചകം മലര്‍ക്കെ തുറന്നുവച്ചെന്‍
സാഫല്യങ്ങളെ ഞാന്‍ കാത്തിരിപ്പൂ.

കാച്ചെണ്ണ തേച്ചു കുളിപ്പിച്ചിടാം
അഞ്ജനമെഴുതാം മിഴിയഴകില്‍
ഓമനനെറ്റിയില്‍ ഗോപിചാര്‍ത്തി
മടിയിലിരുത്തിയോമനിക്കാം.

കുണ്ഡലവും വള, മോതിരങ്ങള്‍
കണ്ഠത്തില്‍ മണിമാല, കാല്‍ത്തളകള്‍
അരയില്‍ മണിയരഞ്ഞാണവും നല്ല
തങ്കത്തില്‍ത്തന്നെ ചാര്‍ത്തീടാം.

മഴവെള്ളക്കെട്ടിലെന്നുണ്ണികളേ,
തുള്ളിക്കളിക്കാനോടിവായോ
കൊഞ്ചല്‍ തുളുമ്പുമാ കവിളിണകള്‍
തഴുകിത്തലോടാന്‍ തിടുക്കമായി.

കാച്ചിക്കുറിക്കിയ നറുംപാലെടുത്തു
ഒറചേര്‍ത്തു കട്ടത്തൈരാക്കി വെണ്ണ
കടഞ്ഞെടുത്തുറിയില്‍ കരുതിവയ്ക്കാം
ഓടിവായോയെന്റെയുണ്ണികളേ...

ഉണ്ണിക്കരങ്ങളില്‍ വെണ്ണ നല്കാം
ഉണ്ണിക്കവിളില്‍ പെന്‍മുത്തമേകാം
ഉണ്ണിക്കാതിനു പീയുഷമായ് നല്ല
ഉണ്ണിക്കഥകളും പറഞ്ഞുതരാം.

കൂട്ടരുമൊത്തു രസിച്ചീടുവാന്‍
തൊടിമദ്ധ്യേ ഞാനൊരു കൊന്ന നടാം
ആലിലവയറുമായ് ചാടിത്തുള്ളാന്‍
ആല്‍മരവും ഞാന്‍ നട്ടുവയ്ക്കാം. 

പാറിനടന്നങ്ങു ക്ഷീണിതരായാല്‍
പാല്പായസംതന്നെ നല്കീടാം
പാല്‌ചോറുണ്ടു മയങ്ങിടുമ്പോള്‍
പാട്ടൊന്നു പാടി ഞാന്‍ താരാട്ടാം

ചെഞ്ചുണ്ടില്‍ കള്ളച്ചിരിയോടുണര്‍ന്നു
അധരത്തില്‍ മധുരക്കൊഞ്ചലുമായ്
പിഞ്ചു പാദങ്ങളാല്‍ പിച്ച വച്ചുവച്ചു
എന്റെ ചാരത്തു വന്നീടെന്നുണ്ണികളേ...


മാറ്റച്ചന്ത


മാറ്റമുണ്ടു മാറ്റമുണ്ടു മാറ്റച്ചന്തയില്‍
കാര്യമായ മാറ്റമുണ്ടു മാറ്റച്ചന്തയില്‍
മാറ്റമുണ്ടു മാറ്റമുണ്ടു മാറ്റച്ചന്തയില്‍
മാറ്റി വാങ്ങലില്ലയിപ്പൊ മാറ്റച്ചന്തയില്‍

കാശുവാങ്ങി കീശയില്‍ നിറച്ചുവയ്ക്കണം
കാര്യമായി കണിയും കണ്ടു സദ്യയുണ്ണുവാന്‍
പേശിപ്പേശി വാങ്ങിടും കുറച്ചുതന്നെ കേട്ടിടും
കീശകാലിയാകുമെന്ന പേടികൊണ്ടു മാനവര്‍

അഞ്ചുനാള്‍വരേയ്ക്കുമിപ്പോള്‍ നീണ്ടു നിന്നിടും
രണ്ടു നാളിലുള്ളതായ മാറ്റച്ചന്തയും
മാറ്റമില്ലേ മാറ്റമില്ലേ.. മാറ്റച്ചന്തയില്‍
കാര്യമായ മാറ്റമില്ലേ..മാറ്റച്ചന്തയില്‍..?

കൊന്നപ്പൂവും കണ്ണനേയും കണികാണും മുന്‍
മ്യൂസിയവും കാണുമീ വിഷുമാറ്റത്തില്‍
മാറ്റമില്ലേ മാറ്റമില്ലേ..മാറ്റച്ചന്തയില്‍
കാര്യമായ മാറ്റമില്ലേ..മാറ്റച്ചന്തയില്‍..?


അസൂയ


അജ്ഞാനചിത്തത്തിലെന്നുമെന്നും
അന്ധതതന്നുടെയാധിപത്യം
നിത്യം പുകഞ്ഞങ്ങുയര്‍ന്ന ധൂമം
ഈര്‍ഷ്യയായ് വന്നൊരസൂയയാലെ.
 
മാനസം തന്നിലുണ്ടാകും ദ്വേഷം
ക്രൂരമാമര്‍ബുദംപോലെ ഹൃത്തില്‍
പെറ്റുപെരുകി ഭരിച്ചുവെന്നാല്‍
സര്‍വത്ര നാശം വിതച്ചിടുന്നു. 

ബുദ്ധി ദുഷിക്കാതെയെന്നുമെന്നും
നന്മയുണ്ടാകുവാന്‍ പ്രാര്‍ത്ഥിച്ചീടാം
ജ്ഞാനം വളര്‍ത്താന്‍ ദിനം മനസ്സില്‍
സത്യത്തിന്‍ ദീപമതേറ്റിവയ്ക്കാം.


ആകാശയാത്ര


അകലെയായൊരാ ചെറുവിമാനവും
അതിലെ കൗതു കഥകളും
ചെറുതിലേ സദാ ജനനിയോടു ഞാന്‍
പറയുമായിരുന്നതു നിജം. 

പുതുമയോടെ ഞാ'നരുകിലായിതാ
ഗഗനവാഹനം തൊടുകയായ്
തിരികെ വന്നതും ഗഗനയാത്രയിന്‍
വരദമായയീ വിവരണം. 

അധികമായതിന്‍ കുശലമൊക്കെയും
വിശദമായിനിപ്പറയണം
അതിനുവേണ്ടതാമനുഭവങ്ങളെന്‍
രസകരങ്ങളാം നിധികളും.

ധരയെ വിട്ടതും വിഹഗമായുടന്‍
ജരതിയായ ഞാന്‍ കനവിലായ്
മുകിലുകീറിയും ശിഖരമേറിയും
പറപറന്നുപോയ് തനിമയില്‍. 

ചിറകു വീശിയും കടലു താണ്ടിയും
അനില സൗഹൃദം പരതിയും
വിജനമായൊരാ ഹിമവിരിക്കിടെ
ഗഗനമദ്ധ്യേ ഞാന്‍ യുവതിയായ്.

അകലെയായിതാ മണിമുകില്‍കളാല്‍
ഇരുളടഞ്ഞുടന്‍ മഴയുമായ്
മഴ പൊഴിഞ്ഞതുമിടിമുഴക്കമായ്
ഭയവുമായുടന്‍തിരികെ ഞാന്‍ 

ഗഗനം വിട്ടതും പരതി ഭൂമിയില്‍
ഹരിതകാഴ്ചതന്‍ സുകൃതവും
മുകളിലുള്ളപോല്‍ മുകിലുമാത്രമാ-
യവിടെ ദര്‍ശനം രസകരം.

അരുമയായൊരീ ധരയിലെന്‍ നിഴല്‍
പതിയുവോളവും വിളറി ഞാന്‍
വദനരൂപവും ഹൃദയവേഗവും
വികൃതമായി ഞാന്‍ മുഴുവനും.


ആത്മധൈര്യം


ഭൂവില്‍ ജനിച്ചാല്‍ മണ്ണായിടുംവരെ
അരച്ചാണ്‍ വയറിനെ കാത്തിടേണം
തട്ടിപ്പറിച്ചങ്ങു കട്ടുമുടിക്കാതെ
മറ്റേതുമാര്‍ഗവും സ്വീകരിക്കാം.

ഏതു ജോലിക്കുമതിന്റേതായ
മാന്യതയുണ്ടെന്നറിഞ്ഞിടേണം
പ്രത്യക്ഷമാകും പ്രതിബന്ധങ്ങള്‍
ധീരതയോടെന്നും നേരിടേണം.


തോല്‍വികള്‍ പാഠങ്ങളാക്കിടേണം
ഭീരുവായ്മാറാതെ നോക്കിടേണം
പാഠങ്ങള്‍ നന്നായിട്ടുള്‍ക്കൊള്ളേണം
പ്രായോഗികമവയാക്കിടേണം.

അദ്ധ്വാനശാലങ്ങളുണ്ടായാല്‍പ്പോരാ
ലക്ഷ്യബോധങ്ങളും കൂടെവേണം
നാലുകാശിന്നു വരവുണ്ടായാല്‍
അതിലൊന്നു നാളേയ്ക്കായ് കരുതിടേണം.

സമ്പാദ്യശീലം വളര്‍ത്താത്തവന്‍
നാടിനും ഭാരമെന്നോര്‍ത്തിടേണം
ലക്ഷ്യത്തിലെത്തുവാന്‍ സത്യം വേണം
സത്യം പറഞ്ഞിടാന്‍ ധൈര്യം വേണം.

ചഞ്ചലമനസ്സങ്ങുപേക്ഷിക്കേണം
ആത്മധൈര്യത്തെയങ്ങാര്‍ജ്ജിച്ചിടേണം
വീരമായ് മുന്നേറിയുയര്‍ന്നിടേണം
വിജയപതാകയുയര്‍ത്തിടേണം.


സംസാരം


ആശയപ്രകടനം നടത്തുവാന്‍
നമുക്കാശ്രയമല്ലോ സംസാരം
നമ്മുടെ വാക്കും സ്വരരീതികളും
വ്യക്തിത്വത്തിനു നിദര്‍ശനം.

ആന്തരീക താത്പര്യങ്ങള്‍
മുഖഭാവത്തില്‍ വ്യക്തമാവും
സ്വരത്തിലെ ഘനവും മൃദുത്വവും
ശ്രോതാവെന്നും തിരിച്ചറിയും.

സംസാരത്തിന്‍ ശൈലിയില്‍
ചില സ്വഭാവവും പ്രതിഫലിക്കും
സംസാരത്തിലെ സ്വരഭേദത്താല്‍
മിത്രങ്ങള്‍പോലും ശത്രുക്കളാകും.

പരുഷമായ സംസാരത്താല്‍
വെറുപ്പിനു പാത്രീഭവിച്ചിടും
മധുരമായ സംസാരകല
മാന്യതയ്ക്കു വഴിയൊരുക്കും.


പ്രവാസവിരഹം


കണ്ടനാള്‍മുതല്‍ സ്വന്തമായിടാന്‍
രണ്ടുപേരുമങ്ങാശയായ്
നീണ്ടനാളുകള്‍ പ്രേമസാഗരം
നീന്തിവന്നു പിന്നകന്നതും.

നീര്‍തുളുമ്പുമായക്ഷിയോടെ നീ
ചാരെ കണ്‍മൊഴി ചൊന്നതും
നിന്റെ കണ്ണിലെ പ്രേമദാഹമെന്‍
നെഞ്ചിലേറ്റതാം നൊമ്പരം.

ഓമലാളുടെയോര്‍മയില്‍ ദിനം
വാടുമെന്‍ മനം പാതിയായ്
ഒന്നു കാണുവാനെത്രനാളു ഞാന്‍
കാത്തിരിക്കണം കാതരേ...

നിന്റെ മോഹവും എന്റെ ദാഹവും
മൂകമാരിയായ് പെയ്യുവാന്‍
നിന്നെ ഞാന്‍ തനിച്ചാക്കിവന്നതില്‍
മാനസം വിരഹാര്‍ദ്രമായ്.

പൊങ്ങി, താണിതെന്‍ നെഞ്ചിടിപ്പിലെ
താളമൊന്നവതാളമായ്
സ്വപ്നമായി നീയെന്നുമെത്തിടും
നിദ്രതന്നിലെന്‍ കണ്മണി.

നിന്നെയോര്‍ത്തിടും വേളയില്‍ സദാ
തേങ്ങിടുന്നിതെന്‍ മാനസം
ആഴമാകുമീ സ്‌നേഹമൊക്കെയും
പാരിലെന്നുമേ വിരഹമാം.


സ്വന്തം കഴിവുകള്‍


മനസ്സിന്നടിത്തട്ടില്‍ തപ്പിയാല്‍ കിട്ടും
മാറ്റു കുറയാത്തയേറെ കഴിവുകള്‍.
ഒന്നായടുങ്ങിക്കിടക്കുമതത്രയും നമ്മുടെ
സ്വന്തമാണെന്നതങ്ങോര്‍ക്കുന്നനേരം 

ഏഴാംകടലിന്നടിയില്‍ കിടക്കുന്ന
പത്തരമാറ്റള്ളോരളവറ്റ സമ്പത്തിന്‍
ബോധോദയം വന്നു മുങ്ങിത്തപ്പാനൊരു
മുക്കുവക്കൂട്ടം തുനിഞ്ഞിറങ്ങമ്പോലെ 

ഉത്തമബോധമുദിച്ചിട്ടു മാനവാ
മങ്ങിക്കിടക്കുമാ വൈരമുത്തുക്കളെ
വാരിയെടുത്തുനാം തേച്ചുമിനുക്കിയി-
ട്ടാവുംവിധമങ്ങവതരിപ്പിക്കണം. 

സ്വയമേ പ്രകാശിപ്പാനവസരം വന്നാല്‍
സങ്കോചമേതുമെ കൂടാതെയങ്ങോട്ടു
പ്രകടിപ്പിച്ചീടുവാന്‍ മുന്നോട്ടു വന്നിടാം.
ശക്തിയേറെയുണ്ടു മാനവാ, നമ്മിലും.
 
ഉള്ളിന്റെയുള്ളില്‍ കുടികൊള്ളും നന്മകള്‍
നാടിന്റെ അഭിവൃദ്ധിക്കുതകുന്നതാകട്ടെ.
സര്‍വരുംനമ്മെ പുകഴ്ത്തുമാറാകട്ടെ
ഇവ്വണ്ണമൊക്കെയും മിന്നിത്തിളങ്ങുമ്പോള്‍
അഭിമാനിയായെങ്ങും മരുവുന്ന നേരം
അഹങ്കാരമൊട്ടുമെ തീണ്ടാതിരിക്കട്ടെ നമ്മെ.


സില്‍ക്കുടുപ്പ്


ചേലുള്ള നല്ലൊരു സില്‍ക്കുടുപ്പേ
ചേച്ചിക്കായ് തയ്പ്പിച്ച പച്ചുടുപ്പേ
ചേച്ചി വലുതായിപ്പോയതിനാല്‍
കൈയില്‍ നീ വന്നങ്ങു ചേര്‍ന്നതല്ലേ ?

വേറെയുടുപ്പുകളുണ്ടെന്നാലും
നിന്നെയാണങ്ങെനിക്കേറെയിഷ്ടം
വലുതായിപ്പോയാലും കൈവിടില്ല
മറ്റാര്‍ക്കും നിന്നെ ഞാന്‍ നല്കുകില്ല.

നിന്നെയണിയുന്ന നാള്‍ മുഴുക്കെ
പൂമ്പാറ്റയായി ഞാന്‍ പാറിപ്പറക്കും
എന്തു പവറാണെന്നെനിക്കെന്‍
കൂട്ടുകാര്‍പോലും കളിയാക്കിടും.

അലക്കി വിരിക്കുന്ന നാളുകളില്‍
നിദ്ര തഴുകാതെ ഞാന്‍ ശയിക്കേ
കണ്‍മുന്നില്‍ വന്നു പതുങ്ങി നിന്നെന്‍
കനവിലും വന്നു നീയാടാറില്ലേ ?

ഞാന്‍ വലുതായിക്കഴിഞ്ഞുവെന്നാല്‍
അനിയത്തിക്കുട്ടിക്കു കൈമാറണം
അമ്മയുണ്ടാക്കിയ നിയമമതു
പാലിക്കാതിരിക്കാനോ വകയുമില്ല.

എന്നും ഭയന്നപോലന്നൊരു നാള്‍
അമ്മയുണ്ടാക്കിയ നിയമവുമായ്
അനിയത്തിക്കുട്ടിയോടിവന്നെന്‍
മുന്നിലായുടുപ്പിനായ് നിന്നുവല്ലോ.

സില്‍ക്കുടുപ്പിനെ കൈയിലാക്കാന്‍
രണ്ടാളുമടിപിടിയായി പിന്നെ
അമ്മതന്‍ കോപമിരട്ടിച്ചന്നെന്‍
കാതീന്നു പൊന്നീച്ച പറന്നുപോയി.

സ്‌കൂളു വിട്ടു ഞാന്‍ വന്നനേരം
നാവേറു പാടുവാനായി വന്ന
കുറത്തീടെ കുട്ടയില്‍ കണ്ടു ഞാനെന്‍
ജീവന്റെ ജീവനാം സില്‍ക്കുടുപ്പ്.

സങ്കടംകൊണ്ടെന്നിരുകണ്‍കളും
കലങ്ങിച്ചെമന്നുതുടുത്ത നേരം
കണ്ണീരൊഴുകിയ കവിള്‍ത്തടങ്ങള്‍
മെല്ലേ തഴുകിക്കൊണ്ടോതിയമ്മ.

ജീവിതയാത്രയില്‍ നാമിതുപോല്‍
കയറ്റിറക്കങ്ങള്‍ തരണം ചെയ്തു
വന്നിങ്ങുപോയൊരുടുപ്പിനെപ്പോല്‍
വിസ്മയമൊത്തിരി കണ്ടിടേണം.

ശാശ്വതമല്ലയീലോകത്തൊന്നും
ശാഠ്യം പിടിക്കരുതൊന്നിനുമായ്
വിട്ടുകൊടുത്തു സഹകരിച്ചെന്നും
ഐക്യമോടുര്‍വിയില്‍ ജീവിക്കണം.


എന്റെ തുളസി


മട്ടുപ്പാവില്‍ നല്ലൊരു കോണില്‍
കണ്ണനെ മനസ്സില്‍ ധ്യാനം ചെയ്തു
ദിനവും തൊഴുതു വണങ്ങാനാ-
യൊരു തുളസിച്ചെടിയെ ഞാന്‍ നട്ടു.

ഉദയാസ്തമനവേളകളില്‍ ഞാന്‍
നന്നെ വണങ്ങി, പരിപാലിച്ചും
വാട്ടിയുണക്കി വല്ലാതവളെ
ചെന്നൈ വെയിലിന്നാധിക്യം.

ഇലയും കതിരും വാടിയുണങ്ങി
കമ്പും ചില്ലയുമായ് നിന്നു
പരിഭവപ്പുഴയായ് കേഴുമവ-
ളെന്നെക്കാണും വേളകളില്‍.

ഇങ്ങനെ പോയാല്‍ വൈകാതെ
ഉണങ്ങിശുഷ്‌കിച്ചെന്നോടൊരുനാള്‍
യാത്രാമൊഴിയും ചൊല്ലുമിവള്‍
നിറകണ്ണോടെ ഞാനോര്‍ത്തു.

അന്നു പടുക്കയിലസ്വാസ്ഥ്യം
നിദ്രയുമങ്ങു പിണങ്ങിപ്പോയ്
പുലരാനേഴര നാഴിക മുന്നേ
ഉദിച്ചോരാശയമെന്നുള്ളത്തില്‍.

പൊള്ളും വെയിലീന്നൊരു ശമനം
കാംക്ഷിക്കുന്നുണ്ടാ മനസ്സും
അവളുടെ ദീനവിലാപങ്ങള്‍
കേള്‍ക്കരുതിനിയൊരു നാള്‍പോലും

അര്‍ക്കനുണര്‍ന്നങ്ങുയരും മുന്നെ
സാന്ത്വനവാക്കുകളോതിച്ചെന്നു
മട്ടുപ്പാവിന്‍ കോണില്‍നിന്നും
ഫ്‌ളാറ്റിന്‍ മുഖപ്പില്‍ സ്ഥാപിച്ചവളെ. 

ഉദയാസ്തമനവേളകള്‍തോറും
വെള്ളമൊഴിച്ചു മുടങ്ങാതെന്നും
പരിപാലിച്ചു വളര്‍ത്തീയവളെ
അവളോ നന്നായ് പൂത്തുതളിര്‍ത്തു
.
അഴകിയ പുത്തന്‍ കതിരുകളെല്ലാം
കാറ്റിന്നൊപ്പം നന്നായാട്ടി
ഒരു നാണച്ചിരിചോടെന്നെ നോക്കി
മെല്ലെ മൊഴിഞ്ഞവള്‍ നന്ദി.

എങ്ങനെയുരുവായെന്നതിലല്ല
എപ്പടി വളരും എന്നതില്‍ത്തന്നെ
നന്മയും തിന്മയുമെന്നൊരു സത്യം
അറിയാന്‍ കഴിയുമിതിലൂടെ.


കേരളഗ്രാമപ്രഭാതം


ഉല്ലാസമോടൊന്നുലാത്തീടുവാനായ്
പുലരിയിലെയനിലനൊടു കുശലമതു ചൊല്ലി
പോകുന്ന നേരത്തു ഞാനൊന്നു കണ്ടു
വിരസതയിലുറയുമൊരു വിജനലയവീഥി.

ഉദ്യാന വീഥിയിന്നോരമായ് ചേര്‍ന്നു
കനകരഥമഴകിലെഴുമലരുകളുതിര്‍ന്നു
പൂങ്കാമരത്തിലെ പൂക്കളും കണ്ടു
അരുണനുടെ കിരണമണി പ്രഭയുമതു കണ്ടു.

കേരളത്തിന്റെ പ്രഭാതങ്ങള്‍പോലെ
കിളികളുടെ കളകളവുമനവരതമില്ല
പൂവന്റെ കൂവലും കേട്ടുണര്‍ന്നില്ല
അനുകരണമതിനുമൊരു കുയിലിണയുമില്ല.

കേരളഗ്രാമപ്രഭാതങ്ങളൊക്കെ
നയനമതിനമൃതമയമധുരലയമല്ലൊ
കോകിലം പാടിയുണര്‍ത്തും പ്രഭാതം
രസകരമതകതളിരിലുതിരുമൊരുണര്‍വും.
06/04/2017 

ഗ്രാമം സുന്ദരം


ജാതിക്കയും പാക്കും നല്ല മൂലികയും തിങ്ങിനില്ക്കും
ഔഷധക്കാറ്റേറ്റിട്ടെന്നും ജീവിക്കാനായി

ജന്മനാടാം കേരളത്തിന്‍ സുന്ദരമാം പ്രകൃതിയെ
സ്വദേശത്തിലൊരുതോപ്പില്‍ കണ്ടെത്തിയല്ലോ.

ആരോഗ്യമായ് ജീവിതത്തിന്‍ സായാഹ്നങ്ങളാസ്വദിച്ചും
സ്വസ്ഥസുഖസന്തോഷങ്ങളനുഭവിച്ചും

ബാല്യകാലസ്മരണകള്‍ പുല്കിയെന്നും ജീവിക്കാനും
സ്‌നേഹക്കല്ലാല്‍ വീടുകെട്ടി പിറന്ന മണ്ണില്‍.

തങ്കത്തേക്കാള്‍ മാറ്റുകൂടും പൊന്നുമക്കളിടയ്ക്കിടെ
വന്നു വന്നു സന്തോഷത്തെയേകി വരുന്നു.

ഇത്രയേറെ സൗഭാഗ്യങ്ങള്‍ ജീവിതത്തിലേകിയെന്നെ
പാരിലിന്നു കാത്തീടുന്ന ദൈവചൈതന്യം

നിറഞ്ഞൊരു പ്രകാശമായ് കുടികൊള്ളും മക്കള്‍മനം
ദിവ്യമായോരിടമല്ലേ നിജമായിട്ടും

മക്കളുടെ മാനസത്തില്‍ നീയിരുന്നാല്‍ പാരിടത്തില്‍
മറ്റെന്താണു വേണ്ടതെന്റെ കാര്‍മുകില്‍വര്‍ണാ.

എന്നുമെന്നുമിതുപോലെ ഞങ്ങളുടെ മാനസത്തിന്‍
സ്‌നേഹത്തിലെയാത്മാര്‍ത്ഥത കാത്തുകൊള്ളുവാന്‍

കൈയെടുത്തു കുമ്പിടുന്നു സന്തതം ഞാന്‍ സര്‍വേശ്വരാ
കൈവിടല്ലേ കണ്ണാ നിന്നെ നമ്പിടുമെന്നെ.


പ്രണയവും പ്രായവും


ആത്മാര്‍ത്ഥമായൊരു ചിത്തമുണ്ടാകുകില്‍
തൊണ്ണറ്റിയഞ്ചിലും പ്രണയമുണ്ടാകും
ആ ദിവ്യ പ്രണയവും പേറിയീ പാരില്‍
സ്വര്‍ഗമാം രാഗലയത്തിലൊഴുകിടാം.

സന്ദേഹമൊട്ടുമേ വേണ്ടതില്‍ കൂട്ടരേ
സൗന്ദര്യമാവോളം ചിത്തിനുണ്ടായാല്‍
പ്രായത്തിനൊട്ടുമേ മൂല്യമില്ലാത്തിടം
പ്രണയത്തിലാണെന്നുതന്നെ ചൊല്ലേണ്ടു.

ചിത്തത്തിലൊട്ടുമേ സ്‌നേഹമില്ലാത്തവര്‍
നേട്ടങ്ങളൊന്നുമേ കൊയ്യുകില്ലാ ഭൂവില്‍
വിണ്ടുംവരണ്ടുമാ ദാമ്പത്യജീവിതം
കണ്ടു മടുത്തുള്ള കാഴ്ചപോല്‍ മങ്ങിടും.

സ്വത്തില്‍ പ്രിയം വന്നു കണ്ണൊന്നു മൂടിയാല്‍
ഒട്ടിച്ചുവച്ച മുറിവായ് മുഴച്ചിടും
ഒത്തൊന്നുപോകുവാന്‍ പറ്റാത്തതായിടും
മറ്റുള്ളവര്‍ പല തെറ്റുകള്‍ ചൊല്ലിടും.

ദേഹം തളര്‍ന്നതാല്‍ രോഗം വളര്‍ന്നിടും
ചിത്തം തളരാതെ മോഹം വളര്‍ത്തിടാം.
ഹൃത്തില്‍ നിറങ്ങളെ തേച്ചു വര്‍ണാഭമായ്
ചന്തം കലര്‍ത്തി മനോജ്ഞങ്ങളാക്കാം.

പ്രേമോപഹാരവും സ്‌നേഹസല്ലാപവും
പങ്കിട്ടു ജീവിതം മോദമാക്കീടുകില്‍
ആനന്ദപ്രണയത്തിന്‍ വാനം നുകര്‍ന്നിടാം
പട്ടം കണക്കെ പറന്നുചെല്ലാം നിജം.


സജ്ജനം


ശുദ്ധമായ പാലിലല്പം വെള്ളമൊന്നു പകര്‍ന്നെന്നാല്‍
പാലു നല്ല ഗുണമുള്ള പാനീയംതന്നെ.

സജ്ജനങ്ങളോടു ചേരും തിന്മമനംപോലുമങ്ങു
നന്മകൊണ്ടു നിറഞ്ഞുള്ള സജ്ജനമാകും.

നല്ലവരിലുള്ളതായ നന്മയൊന്നറിഞ്ഞീടുവാന്‍
നന്മയുള്ള മനസ്സിനു മാത്രമെയാവൂ.

തിന്മയുള്ള മാനസത്തില്‍ തെല്ലു നന്മയുണ്ടായെന്നാല്‍
നന്മമനമതുമാത്രം കണ്ടെത്തുമല്ലോ.

തിന്മയുള്ള മാനസങ്ങള്‍ കണ്ണുകൊണ്ടു കാണ്മതെല്ലാം
അവരവര്‍ മനസ്സിലെ തിന്മകള്‍തന്നെ.

നന്മയുള്ള മാനസത്തില്‍പോലുമവര്‍ തിന്മ കാണും
തിന്മയല്ലാതൊന്നുമവര്‍ക്കറിയില്ലല്ലോ.

ശുദ്ധമില്ലാ ജലത്തിലോരല്പം പാലു കലക്കിയാല്‍
ഗുണമില്ലാ പാനീയമായ് മാറീടുമല്ലോ..

നന്മകൊണ്ടു നിറഞ്ഞതാം കറയറ്റ മാനസങ്ങള്‍
ഭൂമിയിലെ ജീവിതത്തെ സ്വര്‍ഗമാക്കീടും..


കാലനെന്‍ കനവില്‍


ധരയില്‍ രസിച്ചാസ്വദിച്ചൊരു ജീവിതം
തീര്‍ന്നുപോയെന്നു ചൊല്ലുന്നു ദൈവം
യമരാജനോടായി കല്പനയേകിടും
സ്വപ്നമൊന്നെന്നെയും തേടിയെത്തി.

പതറിപ്പതിക്കുന്നയെന്‍ മിഴിതന്നിലെ
വിസ്മയക്കാഴ്ചകള്‍ കണ്ടു രാജന്‍
പടിവാതിലും ചാരിയങ്ങനെ നിന്നുപോ-
യെന്‍ മുഖഛായയിലായ് മയങ്ങി.

ധരയില്‍ കഴിഞ്ഞോരു കാലങ്ങളില്‍ സദാ
നാഥനും മക്കളും നല്കുമോരോ
പരിപാലനസ്‌നേഹവും കരുതല്‍കളും
കണ്ടു കാലന്റെ ബോധം കലങ്ങി.

കരുണക്കരങ്ങള്‍ ദിനം പകര്‍ന്നീടുന്ന-
യെന്നയല്‍വാസിതന്‍ സ്‌നേഹങ്ങളും
ബന്ധുമിത്രാദികളേകിടും മര്യാദയും
കണ്ടു കാലന്റെ ചിത്തം പകച്ചു.

യമരാജനെക്കണ്ടു കൈകൂപ്പിയങ്ങു ഞാന്‍
പോകുവാന്‍ സമ്മതം കാട്ടിടുമ്പോള്‍
കരയുന്ന മക്കള്‍ക്കൊരാദരവേകുവാ-
നായിരം പാണികള്‍ നീണ്ടുവന്നു.

അതിലാശ്വസിച്ചാസ്വദിച്ചുടനേ യമനോ
അല്പനായ് മൂകനായ് ചാരെ വന്നു
എന്‍പ്രാണനുംകൊണ്ടു പോകുവാനാകാതെ
രാജനും നിന്നുപോയല്പനേരം.

ഒടുവില്‍ ശരിക്കും വരുന്നോരു സത്യമായ്
വാതിലും താണ്ടിയെന്‍ പ്രാണന്‍ കവരാന്‍
മുതിരുന്ന വില്ലന്റെ കൈകളിലേയ്ക്കു ഞാ-
നെത്തിടുന്നേരത്തെന്‍ കണ്‍ തറന്നു.


കുറവേതുമില്ല കണ്ണാ


പാരിലെന്റെ ജീവിതത്തില്‍ സൗഭാഗ്യങ്ങളേറെത്തന്ന
കണ്ണാ നിന്നെ കൈയെടുത്തു കുമ്പിടുന്നു നിത്യവും ഞാന്‍
മാനസത്തെ ശുദ്ധമാക്കി നിന്റെ മുന്നില്‍ വന്നുനിന്നാല്‍
സങ്കടങ്ങളൊക്കയും ഞാന്‍ പാടെയങ്ങു മറക്കുന്നു.

അജ്ഞതയാലഹന്തകള്‍ ചെയ്തതിന്റെ ഫലമായി
വന്നുപെട്ട ചിന്നച്ചിന്ന സംഭവങ്ങള്‍ പാഠമായി
അല്ലാതൊരു കുറ്റമില്ല കുറവുകളൊട്ടുമില്ല-
യെന്നു നീയെന്നകക്കാമ്പില്‍ ജ്ഞാനമായി വിളങ്ങുന്നു.

ഉണ്ണിക്കണ്ണാ നീയേകിയ നിത്യസ്വര്‍ഗമെന്‍ ജീവിതം
തൃപ്തമായിയെപ്പോഴുമെ നിന്റെ മുന്നില്‍ വന്നു നിന്നു
കണ്ണുകളെ ശുദ്ധമാക്കി മൂടിവച്ചു പ്രാര്‍ത്ഥിച്ചെന്നാല്‍
അമ്പാടിയില്‍ പിറന്നതാം കണ്ണനുണ്ണി നിന്നെക്കാണാം.

നിനയ്ക്കുന്ന നേരമൊക്കെയോടിവന്നെന്‍ ചാരെ നിന്നു
നീങ്ങിടാതെ കണ്ണാ നീയെന്‍ കണ്‍മുന്നില്‍നിന്നു
മതിമതിയിതുമതി ജീവിതത്തില്‍ പുണ്യമായി
എന്റെ പ്രാണന്‍ നിന്റെ പാദചുംബനത്തിലെത്തുവോളം.


ആശംസാകുറിപ്പുകൾ





ശ്രീമതി സരോജാദേവി എന്ന നെടിയൂട്ടം ദേവി കെ പിള്ളയെ എനിക്ക് മൂന്നുനാലുവര്‍ഷമായി അറിയാം. ഫേയ്‌സ് ബുക്കിലെ രചനകളിലൂടെയാണ് പരിചയപ്പെട്ടത്. നേരിട്ടുകണ്ടിട്ടുണ്ട്, പരിചയം പുതുക്കിയിട്ടുണ്ട്. ഗദ്യവും പദ്യവും ഒന്നുപോലെ വളരെ നന്നായി, കൈകാര്യംചെയ്യാനറിയുന്ന അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളാണ് ശ്രീമതി ദേവി കെ പിള്ള. ഒരു സ്ത്രീയായതുകൊണ്ടായിരിക്കാം ഗൃഹാതുരത്വം നിറഞ്ഞ കവിതകളാണ് അവര്‍ ഏറെയും ചമയ്ക്കുന്നത്. ബാല്യകാലവും കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധവുമൊക്കെ ഇവരുടെ കവിതയിലൂടെ തിരനോട്ടം നടത്തുന്നുണ്ട്. ചിലപ്പോള്‍ അമ്മയായും ചിലപ്പോള്‍ സഹോദരിയായും മറ്റുചിലപ്പോള്‍ അമ്മൂമ്മയായുമൊക്കെ കവിതയില്‍ പല വേഷങ്ങളണിയുന്നുണ്ട്. ചിലപ്പോള്‍ തത്വചിന്തകയായും വരികള്‍ എഴുതുന്നു. ഇനിയുമിനിയും ഇതുപോലുള്ള രചനകള്‍ ആ തൂലികയില്‍ പിറവികൊള്ളട്ടേ, അങ്ങനെ കൈരളി ധന്യയാകട്ടേ എന്നു പ്രാര്‍ത്ഥിക്കുന്നു. പ്രിയ സഹോദരിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു 


ജോസഫ് വി ബോബി.





സ്‌നേഹവാത്സല്യങ്ങള്‍ തുളുമ്പുന്ന കുടുംബ കവിതകള്‍ രചിക്കുന്ന അനുഗൃഹീതയാണ് ദേവി കെ പിള്ള. എപ്പോഴും വൃത്തം പാലിച്ച് എഴുതണമെന്ന് നിഷ്‌ക്കര്‍ഷയുള്ളവര്‍. അമ്മക്കവിതകളിലും ഉണ്ണിക്കവിതകളിലുമാണ് ദേവിയുടെ ശ്രേഷ്ടത ഏറെ പ്രകടമാകുന്നത്. ഇനിയും ഒത്തിരി സംഭാവനകള്‍ ദേവിയില്‍നിന്നുണ്ടാവട്ടെ. സമാഹാരമിറക്കുന്ന ഈ വേളയില്‍ ആശംസകള്‍ നേരുന്നു.! 

വാസുദേവന്‍ അന്തിക്കാട്,
ഉഷാദേവി നൈതാത്ത്.







കൃത്രിമത്വലേശമില്ലാത്ത മലയാളഭാഷയുടെ മാധുര്യമാണ് ദേവി കെ പിള്ളയുടെ കവിതകളുടെ മുഖമുദ്ര. ജൂവിതയാത്രയില്‍ വന്നണയുന്ന അനുഭവങ്ങളും, നേട്ടങ്ങളും, ദുഃഖങ്ങളും, പ്രതീക്ഷകളും ഇവിടെ കവിതയായ് ഉറവകൊള്ളുന്നു. ഇവയുണര്‍ത്തുന്ന കൗതുകവും, സന്തോഷവും, വേദനയും, പ്രാര്‍ത്ഥനകളും ആസ്വാദകരില്‍ ഒരു പുതിയ അനുഭവമാകട്ടെ എന്നാശംസിക്കുന്നു. 

കൃഷ്ണകുമാര്‍ സി വി






ലളിതവും താളനിബദ്ധവുമായ വരികളിലൂടെ അനുവാചകരില്‍ ആസ്വാദന
ത്തിന്റെ മനോഹരമായൊരനുഭവമൊരുക്കുന്ന നെടിയൂട്ടം ദേവി. കെ പിള്ള എന്ന കവയിത്രിക്കും, ഈ കവിതാസമാഹാരത്തിനും ആശംസകള്‍ നേര്‍ന്ന് 

രാജികൃഷ്ണകുമാര്‍.






ശ്രീത്വവും കുലീനവുമായ ഇടപെടലുകളിലൂടെ സ്‌നേഹവായ്പിന്റെയും സന്തോഷത്തിന്റെയും പ്രസാദാത്മകമായ മനസ്സോടെ സൗഹൃദങ്ങളെ കാത്തുസൂക്ഷിക്കുന്ന പ്രിയ സഹോദരി ശ്രീമതി ദേവി കെ പിള്ള ദീര്‍ഘകാലമായി സാമൂഹ്യ-സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അച്ചടി മാദ്ധ്യമങ്ങളിലും ഓണ്‍ലൈന്‍ , ബ്ലോഗ്, ഫേയ്‌സ്ബുക്ക് തുടങ്ങിയ നവമാദ്ധ്യമങ്ങളിലും ഒരുപോലെ ലേഖനങ്ങളും കഥകളും കവിതകളും എഴുതിക്കൊണ്ടിരിക്കുന്ന പ്രിയ സഹോദരിയുടെ രചനകള്‍ പുസ്തകമായി പ്രസിദ്ധീകരിക്കുന്നുവെന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. പ്രസ്തുത സംരംഭത്തിന് എല്ലാവിധ അഭിനന്ദനങ്ങളും ഭാവുകങ്ങളും ആശംസകളും നേരുന്നു. 


ടി കെ ഉണ്ണി.









അഭിപ്രായങ്ങള്‍