ശ്ലോകങ്ങൾ


ശ്ലോകസദസ്സ് (പരിശീലനം)

1

വിഷയം : ഇഷ്ടദൈവങ്ങൾ.

വൃത്തം : ഇന്ദ്രവജ്ര: (തതജഗഗ)
തംതംത തംതംത തതംത തംതം

1
മാതാ, പിതാ, സദ്ഗുരുവേ! നമസ്തേ
വിഘ്നേശ! ഹേരംബ! നമോനമസ്തേ
സർവ്വേശ്വരീ നിത്യകടാക്ഷമേകാൻ
ജ്ഞാനാംബികേ! നിന്നെ നമസ്കരിപ്പു

2
ഓം ശ്രീഗണേശാ! തവ രൂപമാദ്യം
വന്ദിച്ചിടുന്നെൻ കുലദൈവമേ! ഞാൻ.
വിഘ്നേശ്വരാ! നിൻ തിരുമുമ്പിലെന്നും
വിഘ്നങ്ങളൊന്നൊന്നൊഴിയാൻ തൊഴുന്നേൻ.

3
ശ്ലോകംരചിക്കാൻ പദമാലയായി
സർവ്വർക്കുമെന്നും തുണയേകി നിത്യം
ചിത്തേവസിച്ചോരറിവായ് വിളങ്ങാൻ
വന്ദിച്ചിടുന്നേൻ വരവാണിമാതേ!

4
സൂര്യോദയം കുങ്കുമസൌകുമാര്യം
ശ്രേയസ്സ്ക്കരം നീരദവർണ്ണജാലം
കാല്യാമൃതം ശ്രീകരപുഷ്പധന്യം
കാവ്യാത്മകം സുന്ദരസുപ്രഭാതം

5
അജ്ഞാനമെല്ലാമകലാൻ വണങ്ങാം
വിജ്ഞാനരാജാ! ഗണനായകാ! ഞാൻ.
ജ്ഞാനേശ്വരാ! നീയറിവായ് വിളങ്ങാൻ
വിജ്ഞാനദീപം തൊഴുകുന്നു നിത്യം.

6
ശംഖം, ഗദാ, പദ്മവുമേന്തി, കൈയിൽ
ചക്രം തിരിക്കുന്ന മുരാരി! കൃഷ്ണാ!
വൃന്ദാവനത്തിൽക്കളിയാടു കണ്ണാ!
പുല്ലാങ്കുഴൽപ്പാട്ടിലലിഞ്ഞു രാധാ

7
ധർമ്മം ജയിക്കാൻ രണഭൂമിതന്നിൽ
പാർത്ഥന്റെ തേരാളി ചമഞ്ഞിരുന്നു
ഗീതോപദേശം ധരതന്നിലെസ്സത്-
സന്ദേശമായിട്ടരുളീ മുകുന്ദൻ!

8
വിശ്വപ്രദീപത്തിരിയേന്തിയർക്കൻ
താരാപഥംപൂകിയുദിച്ചുനിന്നാൽ,
പാൽപ്പല്ലുകാട്ടിച്ചിരിതൂകിനിൽക്കും
കണ്ണന്റെ മന്ദസ്മിതമാണു മുന്നിൽ

9
ഉണ്ണിക്കരങ്ങൾക്കൊരു മുത്തമേകീ
തൃക്കൈ നിറച്ചും നറുവെണ്ണവയ്ക്കാം.
ശ്രീവാസുദേവാ! തവകീർത്തനങ്ങൾ
ഭക്ത്യാ കുറിക്കാൻ തുണയായിടേണേ!

10
നേരായമാർഗ്ഗങ്ങളെനിക്കു മുന്നിൽ
നിത്യേന കാട്ടിത്തരുവാൻ നമിപ്പു.
സത്യത്തെമാത്രം പറയാൻ, ശ്രവിക്കാൻ,
സദ്ബുദ്ധിതോന്നിച്ചിടുവാൻ നമിപ്പൂ.

2

വിഷയം : ഇഷ്ടവിഷയം
രഥോദ്ധത-രനരലഗ--.
തംത തംത തത തംത തംതതം

11
ഭംഗിയായി നവകാവ്യമൊക്കെയും
നിത്യമിങ്ങെഴുതുവാൻ ശ്രമിക്കവേ,
നല്ലനല്ല വിഷയങ്ങളെൻെറയീ
തൂലികാഗ്രമതിലെത്തിടേണമേ

12
അംബികേ! ശരണമംബികേ! സദാ
കുമ്പിടുന്നു തവ മുന്നിലെത്തി ഞാൻ
കാവ്യഭംഗി ദിനമാസ്വദിക്കുവാൻ
ജ്ഞാനമെന്നിലരുളാൻ തുണയ്ക്ക നീ

13
സ്വാഗതം ദിനമയൂഖനേകുവാൻ
സ്വാക്ഷരത്തിലെഴുതീ ദിനംദിനം
സ്വാഗതസ്സുഖദതാളമേകി ഞാൻ
സ്വാഗതക്കവിതയാലപിച്ചിടാം.

സ്വാഗത ---രനഭഗഗ--
തംത തംത തത തംത തതംതം

14
ഇമ്പമോടെ ദിനവും വിരിയുന്നീ
ചെമ്പരുത്തിസുമമെത്രയമോഘം.
പൂവുമീയിലയുമൊത്തു ചതച്ചാൽ
താളിയാക്കി മുടി വൃത്തിവരുത്താം.

15
കമ്മലിട്ടു,മുടിചീകിയൊതുക്കി-
ക്കൊണ്ടലാകെയിളകുന്ന നഭസ്സിൽ
കാല്യശോഭയരുളാനുദയാർക്കൻ
കാന്തിയോടെയിനിയെത്തി ലസിക്കും

16
കർമ്മസാക്ഷി ദിനമൊന്നു തലോടേ
കാഞ്ചനക്കമലമെത്ര വിരിഞ്ഞു
കൊഞ്ചിനിന്നു സരസീരുഹമപ്പോൾ
കല്പിതക്കവിതയെത്ര മനഞ്ഞു.

17
മന്ദഹാസമണിമുല്ലസുഗന്ധം-
പേറിവന്ന പവനാ!, പറയാമോ
മുത്തമിട്ടരിയമുല്ലമനസ്സും-
കട്ടു മെല്ലെ വിലസീടുകയാണോ?

18
അങ്കണപ്പരിസരങ്ങളിലെല്ലാം
പൂത്ത പൂങ്കുല തിരഞ്ഞുതിരഞ്ഞൂ
മൂളിമൂളിയൊരു നൽക്കരിവണ്ടായ്
പാറിടാനിനിയമോഹമെനിക്കും

3
വിഷയം : പൂക്കൾ
ഉപേന്ദ്രവജ്ര--ജതജഗഗ--- 
തതംത തംതംതത തംത തംതം

19
നനുത്ത മഞ്ഞപ്പു കലർന്നപൂവായ്
വിരിഞ്ഞ മന്ദാരമതെത്ര ചന്തം.
വെളുത്തമന്ദാരദളം വിടർന്നാൽ
വിശുദ്ധി തേടിത്തരുമെന്നു തോന്നും

20
അഴുക്കിലൂന്നുംശിഫയാൽ വളർന്നൂ
പുലർച്ചനേരത്തു വിടർന്നുകാണും
സുമോദചെന്താമരയോടെനിക്കും
ദിനേശനെപ്പോലൊരുപാടു മോഹം

21
വിശിഷ്ടവിഷ്ണുപ്രിയലക്ഷ്മിയായി
മനസ്സിലെന്നും കരുതിത്തൊഴാൻ ഞാൻ
പ്രദോഷനേരം തുളസിക്കറയ്ക്കൽ
ക്കൊളുത്തിടുന്നൂ തിരിദീപമെന്നും.

22
അടർത്തിടാനായരികത്തുചെന്നാ-
ലമർത്തി, മുള്ളാലതുകുത്തിയാലും
സുഗന്ധറോസാമലരിൻെറ ചന്തം
മനസ്സിനെന്നും സുഖമാണു ചൊല്ലാം

വംശസ്ഥം--.....ജതജര-----
തതംത തംതംതത തംത തംതതം

23
പ്രഭാതനേരത്തു വിടർന്നു ഭംഗിയായ്
നിരന്നുനിൽക്കും നിറമുള്ള പൂവുകൾ
സുഗന്ധസൌരഭ്യസുമോദമേകവേ
മനംകവർന്നാടിയുലയുന്നു നിത്യം.

24
നലംതരും സൌഹൃദസജ്ജനം വരം
പ്രഭാതസന്ദേശസുഖം പകർന്നിടും
സുഗന്ധമേകുന്നരിമുല്ലമൊട്ടുകൾ
വിടർന്നുകണ്ടാലതു ഹർഷദായകം

മനസ്സിനിഷ്ടം പനിനീരുപെയ്യുമീ
നനുത്ത റോസാദലമൊന്നു കാണുകിൽ.
ഹൃദന്തമെന്നും പ്രണയാർദ്രമാകുമീ
ചെമന്നവർണ്ണോജ്ജ്വകാന്തിയിൽ.

4

വിഷയം : ജീവജാലങ്ങൾ
ദ്രുതവിളംബിതം------നഭഭര-
തതത തംതത , തംതത തംതതം

25
പുലരിപൂത്തിതു, പൂങ്കുയിലെത്തിടും
സുഖദഗീതിക പാടിയുണർത്തുവാൻ.
നയനമോഹനമായതുപോലവൻ
ശ്രവണസുന്ദരഗാനവുമേകിടും.

ഉജ്ജ്വല--നനഭര--
തതത തതത , തംതത തംതതം

26
സ്വരസുഖലയമില്ലവനെങ്കിലും
ശിഖികളതുലസുന്ദരനർത്തകർ!
തരുവതിവിടെ നല്ലൊരു ദൃശ്യമാ-
ണവകളിനിയ പീലിനിവർത്തവേ!

27
മരണമിവിടെ ദേഹവിയോഗമേ
കവികുലമതിലത്രമനസ്സിലീ
കവിവരനെ സദാ സ്മരണയ്ക്കകം
പുനിതഹൃദയമായ് നിലനിർത്തുമേ

ഉജ്ജ്വലം--ഭഭനയ-
തംതത തംതത, തതതത തംതം.

28
പൊന്നുഷനായകനണയുമുഷസ്സിൽ
കോകിലമെന്നൊരു വിഹഗമെനിക്കായ്
പാടിയ പാട്ടിലെ മധുരിമകേട്ടാൽ
നിത്യമുണർന്നിടുമതിമുദമീ ഞാൻ.

29
ഇവ്വിധമീ കവിധരയൊഴിയുമ്പോൾ
ദേഹവിയോഗവുമിഹ തെളിവേകി
സജ്ജനശാശ്വതസുരസദനംതാ-
നുജ്ജ്വലകീർത്തിതമരണവിശേഷം

5
വിഷയം : ദൈവങ്ങൾ, പൂക്കൾ, ജീവികൾ ഇവ ഒഴിവാക്കി ഇഷ്ടമുള്ള ഏതു വിഷയവുമാവാം. .

വൃത്തം : മഞ്ജുഭാഷിണി, ഇന്ദുവദന, മാലിനി.

മഞ്ജുഭാഷിണി -- സ ജ സ ജ ഗ
തതതം , തതംത തത , തംത തംതതം.

30
ക്ഷമയെന്ന നല്ല ഗുണമുള്ള മാനസം
ക്ഷതമേറ്റിടാതെ നിറവോടെ വാണിടാം.
ക്ഷതിയൊന്നുമാർക്കുമിഹ നല്കിടാതവർ
ക്ഷിതിയെത്രയെത്രദിവമെന്നറിഞ്ഞിടും

31
ഇരുളാറ്റി നാമകതളിർപ്രകാശമാ-
മറിവൊന്നുയർത്തുവതിനായ് നമിച്ചിടാം.
നിറദീപമാല നിരയായ് കൊളുത്തിടാൻ
തിരിനീട്ടിയെണ്ണപകരാം ചെരാതിലും

32
നലമായ് ചിരിച്ചു പുലരും സുഖാവഹ-
പ്പുലരിക്കു പൂക്കളഴകേകിടുന്നപോൽ
വലിയോരു നന്മമനമേകിടുന്നതാം
നറുമോദപുഞ്ചിരിയുമെത്ര സാന്ത്വനം

33
മലിനങ്ങളായ മനമുള്ളതാലെയീ
മനുജർക്കു തമ്മിലതിമത്സരങ്ങളായ്.
മരണം വരുന്ന സമയത്തിതൊക്കെയും
മലപോൽ വഹിച്ചു ഗമനത്തിനൊക്കുമോോ

34
സമയം ശരിക്കു വിനിയോഗമാക്കുവാൻ
തരമായ്ത്തിരിച്ചു പണികൾക്കു വേണ്ടപോൽ
ചെറുപട്ടികക്രമമൊരുക്കി വച്ചിടാം
എളുതായ്, മനപ്പിരിമുറുക്കമാറ്റിടാം.

ഇന്ദുവദന ----- ഭ ജ സ ന ഗ ഗ-
തംതതത , തംതതത , തംതതത , തംതം

35
ചെയ്തതൊരബദ്ധമതറിഞ്ഞ നിമിഷത്തിൽ-
ത്തന്നെയതിനായി ക്ഷമയൊന്നു പറയുമ്പോൾ,
നന്മയവരിൽ കുളിരുപാകിടണമെങ്കിൽ
മാപ്പരുളുവാനകതളിർകനിവു വേണം..

36
കാവ്യരചനയ്ക്കുതകുമാറു പദമെത്താൻ
വായനയിലൂടെ പദജാലമറിയേണം.
നല്ല വിഷയങ്ങളതു ഹൃത്തിലണയാനും
വായന ലഭിച്ചിടുകതന്നെയതു മുഖ്യം

മാലിനി ------ ന ന മ യ യ 
തതതത , തതതംതം , തംതതം , തംതതംതം.

37
ഒരു നുണ പറയാനായ് തോന്നിയാലോർമ്മ വേണം,
പല നുണയതിനായ് നാം ചേർത്തുചൊല്ലേണ്ടതെല്ലാം.
മൊഴിവതു ഋതമെന്നാൽ ഭാരമുണ്ടാവുകില്ലാ,
ഹൃദിയൊരു സുരസൌഖ്യം സന്തതം ലഭ്യമല്ലോ!

38
പരരുടെ ചില വാക്കും കർമ്മവും ഹൃത്തിനേകും
പെരിയ കദനഭാരം നാമറിഞ്ഞീടുമെന്നാൽ,
കരുതുക, മനമൊട്ടും വേദനിപ്പിച്ചിടാതെ
കഴിവതുമവരേയും സ്നേഹമായ് ചേർത്തുനിർത്താൻ.

6
ഇഷ്ടവിഷയം

പഞ്ചചാമരം -- ജരജരജ
തതം തതം തതം തതം തതംത തംത തംതതം

39
ശ്രവിച്ചിടാൻ, രസിച്ചിടാൻ മനസ്സുഖം ലഭിച്ചിടാൻ
രസാവഹം പദങ്ങളേയടുക്കിടാം രചിച്ചിടാം
നനുത്ത ഭാവനാതലങ്ങളും വികാസമാക്കിടാം
ദുഷിച്ച ചിന്തകൾക്കു നാം വിരാമമിട്ടു വാണിടാം

40
ദിനം നഭസ്സിലേക്കുയർന്നുവന്നുദിച്ചു ഭാസ്കരൻ
ദിനപ്രകാശധാരയാൽ പുണർന്നിടുന്നു ഭൂതലം.
ദിവാകരശ്ശുഭോദയപ്രഭാമയത്തിലീ സരോജവും
ദിനേശനായ് ദളംവിരിച്ചു കൈവണങ്ങിനിന്നിടും.

41
മനസ്സുണർത്തി മോഹമേകിടാൻ വിടർന്നുനിന്നിടും
മരന്ദമൂറിടും സുവർണ്ണസൂനജാലഭൂഷയാം
മനോജ്ഞകേരളപ്രഭാതസുന്ദരിക്കു വന്ദനം
മനോഹരങ്ങളായ കീർത്തനങ്ങളോടെ വന്ദനം.

42
മരാ മരാ മരാ മരാ നിരത്തിയൊന്നു ചൊല്ലവേ
ലഭിച്ചിടുന്നതുണ്ടു താളമൊത്ത പഞ്ചചാമരം.
ലഘുക്കളായ് ഗുരുക്കളായ് രസാവഹം പദങ്ങളേ-
യടുക്കിയാൽ രുചിച്ചിടാം നമുക്കു പഞ്ചചാമരം

43
വിമൂകമേഘവും വിഹംഗജാലവും പരസ്പരം
വിശേഷമോതിയോതിമെല്ലമെല്ലെയൊത്തുനീങ്ങവ
വിഭാതരാഗമോടെയെത്തിടും ദിനം വനപ്രിയം
തരാതരത്തിലീ സുമങ്ങളൊക്കെയും വിടർത്തിടാൻ


മന്ദാക്രാന്ത ---മഭനതതഗഗ
തംതംതംതം / തതത തതതം / തംത തംതം, തതംതം.
(4,10, അവസാനം യതി).

44
കാണാപ്പൂരം ഗഗനമരുളും ഭാനുവെത്തുന്നതോടെ
മേഘക്കൂട്ടം നിറമയമിതാ വാനിലോടുന്നു ഭംഗ്യാ.
വർണ്ണപ്പൂവും തളിരിലകളും വന്ദനംചൊല്ലി നില്ക്കേ
പാറിപ്പാറും കിളികുലവുമീ വാനിലെത്രയ്ക്കു ചന്തം!

45
ശങ്കിക്കേണ്ടാ മണിമിഹിരമേ, നിങ്ങളൊന്നങ്ങൊതുങ്ങൂ
തങ്കംപോലേ തപനനൊളിയായ് വാനിടംപൂകിടാനായ്
സങ്കല്പിച്ചാൽ കണിശമവനായ്‌ സ്വാഗതം ചൊല്ലിടാനായ്
തങ്കത്താരും മുദമൊടനുനാൾ കൈവണങ്ങീടുമല്ലോ

46
തങ്കത്തേരും മണിമകുടവും സൂര്യദേവന്റെയൊപ്പം
കാണും ഞാനീ പുലരിയുദയം ദർശനംചെയ്തിടുമ്പോൾ.
ഈ ചെമ്പോത്തും ചെറുകിളികളും സുപ്രഭാതത്തിലെന്നും
വർണ്ണപ്പൂവിൻ മധുനുകരുവാൻ വന്നിടുന്നോ മുദത്താൽ

47
വാനത്തോളം മനിതമനവും മെല്ലെയൊന്നങ്ങുയർന്നാൽ
സർവ്വോന്മേഷം ധരയിലഖിലം സ്നേഹമാണെന്നറിഞ്ഞാൽ
വൈരാഗ്യത്താൽ കലഹമിയലും മത്സരോത്സാഹമെല്ലാം
ഇല്ലാതാകാൻ കരുണയകമേ തോന്നിയാലെത്ര നന്നായ്

യുദ്ധത്താലേ മരണമധികം നാശനഷ്ടങ്ങളേറും
രാജ്യത്തെങ്ങും വിരസചരിതം ശാന്തിയില്ലായ്മതന്നേ

കുസുമിതലതാവേല്ലിത---മതനയയയ---
തംതംതംതംതം/ തതത തതതം / തംത തംതം, തതംതം.
(5,11.അവസാനം യതി ‌)
(ഗൗരി + ചന്ദ്രലേഖ= കുസുമിതലതാവേല്ലിത)

[തംതംതംതംതം + തതത തതതം / തംതതം, തംതതംതം
.........ഗൗരി................................ചന്ദ്രലേഖ...........................]

7
പരിശീലനം അവസാനം

ശാർദ്ദൂലവിക്രീഡിതം--മസജസതതഗ
തംതംതം തത തംതതംത തതതം // തംതംത തംതംതതം (12ൽ യതി)

48
സാമോദം പല പക്ഷിജാലമണയും വാനത്തു ചിത്രങ്ങളായ്
മുറ്റത്തും മുദമോടെ പാറി കിളികൾ നീലക്കുയിൽപ്പാട്ടിനായ്
തോട്ടത്തിൽപ്പല വർണ്ണസൂനനിരയും പൂത്തങ്ങു നിന്നീടവേ
വന്നെത്തും ചിറകുംവിടർത്തി ശലഭം തേനുണ്ടുപാറീടുവാൻ

49
വാനത്തേക്കുയരുന്ന ഭാസ്കരമുഖം ശോഭാമൃതംതൂകവേ,
മേഘക്കൂട്ടമണഞ്ഞു വർണ്ണമണിയും ചേലോടൊരുങ്ങീടുവാൻ
വർണ്ണപ്പൂനിര കാല്യവന്ദനവുമായ് സൂര്യാഗമസ്വാഗതം -
ചൊല്ലാനായ് വിടരുന്നു പൊൻപുലരിയിൽ ചെന്താരിനോടൊപ്പമായ്

50
വാകപ്പൂങ്കൊമ്പിലിരുന്നു പൂങ്കുയിലുപാടും പാട്ടുകേൾക്കുന്നതും
ഭാതപ്പൂവിൻ മധുതേടി വന്ന ശലഭം പാറിപ്പറക്കുന്നതും
തങ്കത്താരിൻ ദളമൊക്കെയൊന്നു വിടരാനാരംഭമായീടവേ
കാറ്റത്താടും തരുചില്ല പൂത്തിതുലയും നേരം സുഗന്ധോത്സവം.

മത്തേഭവിക്രീഡിതം- മഭരനമയഗഗ
തം തംതംതം തത തംതതംത തതതം തംതംത തംതംതതം.

51
സിന്ദൂരപ്പൊട്ടുകണക്കെ ഭാസ്കരനുദിക്കും വാനിടം കാണ്മതും
മാനത്തോടും നിറമേഘമാല തഴുകിപ്പാറും വിഹംഗങ്ങളും
കണ്ടെന്നെന്നും ധര കൺ‌തുറന്നു രവിയെക്കൂപ്പാനൊരുങ്ങുന്നതും
നിത്യംനിത്യം നവ സുപ്രഭാതകണിയായ് കണ്ടങ്ങുണർന്നീടലാം.

സ്രഗ്ദ്ധര-------------------മരഭനയയയ-
തംതംതം തംതതംതം // തതതതതതതം //തംതതം തംതതംതം (7,14,21 യതി)

52
മാനത്തെപ്പൊൻതിളക്കം, ദിനമണിയുദയം കണ്ടുണർന്നാൽ നമിക്കാം
ചെമ്മാനപ്പൂമയൂഖം പുതുമയൊടുതിരും സുപ്രഭാതം വിടർത്തും
ഭാസന്തപ്പൊന്മുഖത്തിൻ പ്രഭയതിൽ വിടരും ചെന്നിറത്താമരയ്ക്കും
ലാവണ്യംചൂടിനിൽക്കും പുലരിമലരിനും വന്ദനം ചൊല്ലിടുന്നു

53
പൂമാനം പൂത്തുകണ്ടാൽ ഹിമകണമുതിരുംവർണ്ണമേഘക്കവാടം.
മോദത്താലെത്തിടുന്നീ കുയിലിണ ദിനവും പാട്ടുപാടീയുണർത്താൻ
പക്ഷിക്കൂട്ടംപറക്കും കളകളമൊഴിയാൽ നിദ്രവിടങ്ങുണർന്നു
സന്തോഷപ്പൂക്കളാലേ പുതുപുലരിയും പൂത്തുലഞ്ഞാടിടുന്നു.

ശ്ലോകസദസ്സ് ആരംഭം ദളം... 1 റൗണ്ട് 1

ശ്ലോകം....5 അ - ശ

54
അമ്പത്തൊന്നക്ഷരമുത്തുകോർത്ത പദഹാരംകൊണ്ടു ഞാനും വരാം
ശ്ലോകംതീർക്കാനുമതാസ്വദിച്ചു രസമോടൊന്നിന്നു ചൊല്ലിടുവാൻ
ശ്ലോകാർത്ഥത്തിന്നുചിതങ്ങളായ പദമേവം ഹൃത്തിലെത്തീടുവാൻ
ദേവീമൂകാംബികതന്നനുഗ്രഹവുമെന്നിൽച്ചേർന്നു നിന്നീടണേ!

മത്തേഭവിക്രീഡിതം

ദളം... 1 റൗണ്ട് 2 ശ്ലോകം....5 ന - ക

55
നവദീപികയുടെ പൊന്നൊളി വിതറീ
ഗഗനം നിറമയമാക്കിയയുദയം
കണികണ്ടുണരുകയെന്നതു വരമാ-
യരുളുമീ ദിനകരദേവനു നമനം!

ദൂഷണഹരണം

ദളം... 1 റൗണ്ട് 3 ശ്ലോകം....5 മ - മ

56
മന്ദാരപ്പൂന്തളികയുമായി
മന്ദം ഞാനാത്തിരുവടികൂപ്പാം!
മണ്ണാകുംമുന്നറിയുക, കണ്ണാ!
തിണ്ണം നീയെൻ കനവുകളെല്ലാം

മത്ത

ദളം... 1 റൗണ്ട് 4 ശ്ലോകം....5 ത - ത

57
തന്മയഭാവമുയർന്ന പദത്തൊടനുഗ്രഹമായ്
ചേലിലൊരാശയമെന്മനതാരിലുണർത്തിടുവാൻ,
താമരസൂനമിരിപ്പിടമാക്കിയയംബികതൻ
ചേതന വന്നു നിറഞ്ഞുകനിഞ്ഞിടണേ ദിനവും

അശ്വഗതി

ദളം... 1 റൗണ്ട് 5 ശ്ലോകം....5 ജ - ക

58
ജോലികഴിഞ്ഞു സദാ പല ചിന്തകളോടെ മുഷിഞ്ഞുവരുന്നതുപോലെ
കൂടണയാനതിശീഘ്രതയോടെയിരുട്ടിനുമുന്നെയൊരുങ്ങിയിറങ്ങി
കുങ്കുമവർണ്ണമണിഞ്ഞ നഭസ്സുമുഴുക്കെനിരന്നു പറന്നു ഖഗങ്ങൾ
സന്ധ്യമയങ്ങിയ നേരമതെന്തൊരു സുന്ദരമീ നിറവാനിലെ ഭംഗി!

സരോജസമം

******
ദളം... 2 റൗണ്ട് 1 ശ്ലോകം....5 അ - വ

59
അജ്ഞാനത്തിന്നാഴമൊഴിയുവാൻ തുണയരുളൂ
വിജ്ഞാനത്തിന്നക്ഷയനിധിയാം ഗജമുഖനേ!
വിഘ്നേശാ! വിഘ്നങ്ങളൊഴിയുവാൻ മമ നമനം!
ഹേരംബാ! കുംഭോദര! ഗണനായക! ശരണം!

സാരസകലിക

ദളം... 2 റൗണ്ട് 2 ശ്ലോകം....5 ര - ര

60
രാമനാമം ജപിക്കാതെയെന്നെങ്കിലും
സാന്ധ്യദീപം തൊഴാനായിരുന്നീടുമോ!
രാമനാരായണായെന്നനാമങ്ങളാൽ
മാനസം ശുദ്ധമായ് മാറിടും സന്തതം

സ്രഗ്വിണി

ദളം... 2 റൗണ്ട് 3 ശ്ലോകം....5 ച - ഭ

61
ചിത്തേവന്നുചിതങ്ങളായ വിഷയം തത്തിക്കളിച്ചീടുവാൻ
വാണീദേവിയനുഗ്രഹിച്ചു വരമായ് നിത്യം തുണച്ചീടണേ!
ഭാസന്തന്റെ പുലർക്കഥയ്ക്കു സതതം നാവിൽ വിരുന്നായ് വരും
കാവ്യങ്ങൾക്കനുയോജ്യമായ പദവും തോന്നിച്ചിടാനായ്ത്തൊഴാം!

ശാർദ്ദൂലവിക്രീഡിതം

ദളം... 2 റൗണ്ട് 4 ശ്ലോകം....5 അ - വ

62
സന്താപമൊക്കെയുമൊഴിഞ്ഞിടുവാൻ ജഗത്തിൽ
വിശ്വേശ്വരാ! തവ കടാക്ഷമതൊന്നു വേണം
സന്തോഷമൊക്കെ നിതരാം കളിയാടിടാനായ്
കാരുണ്യവാരിധെ! വരം ചൊരിയേണമെന്നും.

വസന്തതിലകം.

ദളം... 2 റൗണ്ട് 5 ശ്ലോകം....5 മ - വ

63
മധുരക്കവിതയ്ക്കുതകുംവിധം
പദസമൂഹമതെൻ മതിചേരണേ!
വരദേ! വരവാണി! മഹേശ്വരീ!
ദിനവുമെന്നിലനുഗ്രഹമേകണേ

ഹരിണപ്ലുത

ദളം... 3 റൗണ്ട് 1 ശ്ലോകം....5 അ - ക അന്തിയായരുണവർണ്ണമായിതാ കുങ്കുമത്തിലകനങ്ങു യാത്രയായ് കൂടുതേടി ഖഗജാലമൊക്കെയും പാറിടുന്ന നഭമെത്ര സുന്ദരം. രഥോദ്ധത

ദളം 3.... റൗണ്ട് 2
ശ്ലോകം 4 (ക - ക)

64
കർണ്ണികാരസുമങ്ങളേ! നിറവോടെ പൂത്തുനിരന്നുവോ,
മേടമാസമടുത്തുവന്നിതു മോദമായ് മനതാരിലും
കൃഷ്ണ! കൃഷ്ണ! മുരാരി! നിന്നുടെ തൃപ്പദം കണികാണുവാൻ,
മാധവാ! ജഗഭാവുകം വരമായ്ത്തരാൻ വരണേ, തൊഴാം

മല്ലിക

ദളം 3 റൗണ്ട് 3
ശ്ലോകം 4 ന - ക

65
നന്ത്യാർവട്ടം വിടർന്നൂ, പരിമളമുതിരും സുപ്രഭാതത്തിലെങ്ങും
വണ്ടിന്നുള്ളം തുളുമ്പീ, മടുമധുനുകരാൻ ചാരെയെത്തുന്നു മൂളീ
കാറ്റത്താടിക്കളിക്കും ചെടിയുടെ ശിഖരം, പൊന്നുഷസ്സിന്റെ ഭംഗി,
വെള്ളപ്പൂവിന്റെ ചന്തം പുലരിയിലിതുപോൽ കണ്ടു ഞാനാസ്വദിക്കാം

സ്രഗ്ദ്ധര

ദളം 3(റൗണ്ട് - 4) ശ്ലോകം -5
വിഷയം പ്രത്യക്ഷദൈവങ്ങൾ
അക്ഷരം - പ - മ

66
പതിരൊട്ടുമില്ലാത്തതാം സ്നേഹദൈവ-
ത്തിരുപൂജ്യരാണല്ലോ മാതാപിതാക്കൾ.
മതിയിൽ പ്രകാശം തെളിക്കുന്ന ദൈവം
ഗുരുതന്നെ, യാ ശ്രേഷ്ഠപാദം നമിക്കാം.

വൃത്തം : സുഗത (നവീനവൃത്തം)
ലക്ഷണം : സുഗതാഖ്യവൃത്തം സയംയംയ വന്നാൽ



കുത്തുവിളക്കിൻ തിരിപോൽ
ഭവ്യതയോടേയെരിയും
ദിവ്യചെരാതിന്നൊളിയിൽ
സുന്ദരമാണീയുലകം.
2
പുലരി
അർക്കൻ മഴയാലൊളിഞ്ഞഗഗനെ
മേഘക്കലകൾ മുഷിഞ്ഞ പുലരി
കാറ്റിൻമൊഴിയാലുതിർന്നുവരുമാ
ചാറൽമഴയിൽ നനഞ്ഞ പുലരി
3
വേനൽമഴയിൽ കുതിർന്നു സുഖമായ്
ചൂടിൻ കഠിനം കുറഞ്ഞ പുലരി
ഏപ്രിൽമഴയിൽ കുതിർന്ന മണലും
ഞാനും മലരും ചിരിച്ച പുലരി

തൊടിയില് വിരിഞ്ഞ മലരേ, നിന്

ദൂഷണഹരണം

സനജം നഗമിഹ ദൂഷണഹരണം
തതതം തതതത തംതത തതതം
4
അരുണോദയതിരുദീപിക ദിനവും
തൊഴുവാനൊരു നവകീർത്തനമെഴുതാൻ,
വരദേ! ശുഭ പദമായകതളിരിൽ
വരവാണിനി! വിളയാടണമറിവായ്
5
അകതാരിലെയിരുളാറ്റിടുവതിനായ്
വരണേ ഗണപതി! ഷണ്മുഖസഹജാ!
അറിവായ് മമമനതാരിണ നിറയാൻ
വരമായ് വരു ഗണനായക! സതതം

സ്രഗ്ദ്ധര

ഏഴേഴായ് മൂന്നു ഖണ്ഡം മര ഭനയയയം
സ്രഗ്ദ്ധരാവൃത്തമാകും.
.തംതംതം തംതതം തം തത തതത തതം തം തതംതം തതംതം
6
ആദിത്യാ നിന്നെ വാഴ്ത്താൻ ദിനസരി വരണം ഭക്തിമാധുര്യമോടേ
അമ്പത്തൊന്നക്ഷരത്തിൽ പുണിതപദമൊടെൻ കാവ്യപാദം രചിക്കാൻ
ആകണ്യാകർണ്യമാകുംവിധമതിനെ രുചിച്ചീയുഷസ്സിൽ നമിക്കാൻ
അംബേ! വാണീ! തൊഴുന്നേൻ പദമുചിതമൊടെൻ തൂലികത്തുമ്പിലെത്താൻ

വസന്തതിലകം 

ചൊല്ലാം വസന്തതിലകം തഭജം ജഗംഗം
തംതംത തംതത തതംത തതംത തംതം.
7
കാണുന്നു ദൈവഗുണമമ്മയിലെന്നുമെങ്ങും
ദൈവം നമുക്കരികിലെപ്പൊഴുമെത്തിടാനായ്
പറ്റാത്തതാലെ മൃദുമാനസമേകി പാരിൽ
മാതാവിനെന്നു പറയുന്നതൊരുണ്മതന്നെ
8
അന്തിച്ചെമപ്പു കലരുന്നതുകണ്ട നേരം
ദേശാടനക്കിളികളൊക്കെ മടങ്ങിടുന്നു
കൈ, കാൽ, മുഖം കഴുകി ദീപവുമേറ്റി വച്ചു
ഭക്ത്യാദരം തൊഴുതു നാമജപങ്ങളോടെ.
9
അംഭോജമൊക്കെ വിരിയുന്ന സരസ്സുനോക്കി
ആമോദമായി മൊഴിയും സവിതാവിതിന്നും
ആനന്ദമായ് പുലരിദീപവുമേന്തിനിൽക്കെ
ആലോലമായ് പവനനെത്തി സഗന്ധമേകി.
10
ആലിപ്പഴം പൊഴിയുമെന്നതുപോലെയിന്നും
മഞ്ഞിൻകണങ്ങളുതിരുന്നൊരു താളമോടെ
ആദിത്യനെത്തി മധുചുംബനമേകിടമ്പോൾ
കോരിത്തരിച്ചു മകരക്കുളിരിൽ പ്രഭാതം.
11
ആകാശഗംഗയിലമോഘസുമം വിടർന്നു
ആകാശഗങ്ങളണിയായ്ച്ചിറകും വിടർത്തി
ആതങ്കമേതുമറിയാതകലുന്ന കാഴ്ച
അത്രയ്ക്കു സുന്ദരസുഖാവഹമാണു കാണാൻ.
12
ആലസ്യഭാവമകലുംവിധമൂർജ്ജമോടേ
ആകൃഷ്ടമായ് പ്രകൃതി പുഞ്ചിരിതൂകിനിൽക്കാൻ
ആകാംക്ഷയേകുമതിമോഹനചിത്രമായി
ആരാധ്യദേവനിവിടെന്നുമുദിച്ചിടുന്നു.
13
അഴകൊടരുണബിംബം വന്നുദിക്കുന്ന നേരം
അരുമമിഹിരമെല്ലാം മെല്ലെയായ് നീങ്ങിടുന്നു.
ഉദയസുകൃതദീപം വാനിടംപൂകിയെന്നാൽ
ഉലകമുണരുമാദ്യം പിന്നെയീ സുപ്രഭാതം

മാലിനി
14
അരുണകിരണമെല്ലാം പൂത്തിരിപ്പൂവുപോലെ
അതിശയവരവർണ്ണം വാനവീഥിക്കു ചന്തം
അകലെയകലെ സൂര്യൻ വെട്ടമേകുന്ന ദൃശ്യം
അകമലരിലിതെന്നും ഭക്തിസാന്ദ്രം നമിക്കാം.
15
അഗശിഖരമതേറും ശോണവർണ്ണാ! ദിനേശാ!
തവകരണമിറങ്ങീ പാരിടത്തെപ്പുണർന്നാൽ
കലികകളുടെ മെയ്യിൽ നീ തലോടുന്ന നേരം
കുസുമനിര വിടർന്നൂ വന്ദനം ചൊല്ലുമല്ലോ
16
അരുണിമയുടെ ചേലിൽ ഭാനുവന്നെത്തിയെന്നാൽ
ചെറുകുരുവികളോതും നാദമേളങ്ങളോടെ
കുയിലിണയുടെ ഗീതം കേട്ടുകേട്ടൊന്നുണർന്നാൽ
അഖിലമഴകുസ്വർഗ്ഗം ധാത്രിയിൽത്തന്നെയല്ലേ?

ചമ്പകമാലാ
ഭം മസഗം കേൾ ചമ്പകമാലാ (രുക്മവതി)
തംതത തംതം തം തതതം തം
17
അംബരമുറ്റം സുന്ദരമാക്കാൻ
അംബുദമെല്ലാമിന്നുമൊരുങ്ങി.
പുഞ്ചിരിതൂകിക്കൊണ്ടു ദിനേശൻ
പൂത്തിരിപോലീ വാനിലുദിച്ചു.
18
അങ്കണവാടിപ്പൂ വിടരുമ്പോ-
ഴെന്തൊരു ചന്തം പൊന്നുഷകാണാൻ.
കങ്കടമൂരിപ്പങ്കരുഹങ്ങൾ
സങ്കടമെല്ലാം പമ്പകടത്തി.
19
അഞ്ചിതസൂര്യൻ താമരമൊട്ടിൽ
തഞ്ചമൊടെന്നും കൊഞ്ചുവതാലെ
ശിഞ്ജിതമോടേ മഞ്ജരി പാടി
കാഞ്ചനവർണ്ണത്താരു വിടർന്നു.
20
അംശുധരാ! നീ ചാരെയണഞ്ഞാൽ
അംശുകമെല്ലാം വാരിയണിഞ്ഞു
അക്ലമമെന്യേ മൊട്ടുകളെല്ലാം
അഞ്ജലിയേകാനായ് വിടരുന്നു.

രഥോദ്ധത
തംതതം തതത തംതതം തതം

ശ്രീകൃഷ്ണജപം 
21
മാധവാ തവ മനസ്സു കാണുവാൻ
മർത്ത്യരിൽ വിവരമേതുമില്ലയോ.
മാനവർക്കു നലമായതൊന്നുമേ
മാനമോടെയിവരെന്നു ചെയ്യുമോ
22
കൃഷ്ണ! കൃഷ്ണ! കലിദോഷനാശകാ!
മോക്ഷദായകാ! മധുസൂതനാ! ഹരേ!
ലോകപാലക! കൃപാകരാ! ഹരീ!
വാസുദേവ! വനമാലി! കൈതൊഴാം!
23
മാധവാ! യദുകുലാധിപാ! ഹരേ!
കേശവാ! കലിയുഗത്തിലീ ജഗം
കാക്കണേ! ദുരിതശാന്തിയേകണേ!
മാനവർക്കു മതിബോധമേറ്റണേ!.
24
വിശ്വരക്ഷക! മുരാരിയേ! നമോ!
സത്യലോകപരിപാലകാ! നമോ!
ബാലഗോപ ഹരിനാമമോതിടാം
മാഞ്ഞിടട്ടെ കലിദോഷമൊക്കെയും.

ശ്രീരാമജപം
25
രാമ! രാമ! കലിദോഷനാശകാ!
സൂര്യവംശജാ! നമോ! നമോസ്തുതേ!
കേശവൻറെയവതാരമേ! നമോ!
മുക്തിദായക! നമോ! നമോസ്തുതേ!
26
ഭക്തിഹീനരുടെ മാനസങ്ങളിൽ
ഭക്തിയായി വിളയാടുവാൻ ദിനം
രാമരാമ ഹരിനാമ കീർത്തനം
നിത്യനാമജപമാക്കിയാൽ മതി.
27
ന്യായനീതികളകന്നുപോയൊരീ
കാലമാണു കലികാലമെന്നതാൽ
സത്യമായഗുണകാലമെത്തുവാൻ
രാമനാമജപമാണിതുത്തമം.

പ്രഭദ്രകം

നജഭജരങ്ങളാൽ വരുമിഹ പ്രഭദ്രകം
തതത തതംത തംതത തതംത തംതതം
28
യദുകുലനന്ദനാ! ജഗതിയാകെ നന്മയാൽ
നിറയുവതിന്നു ഞാനെഴുതി നിൻറെ കീർത്തികൾ.
തവതിരുമുമ്പിലെന്നുമതുമായിയെത്തുവാൻ
ദിനവുമെനിക്കു ദേഹബലമേകിടേണമേ.
29
വിഷമയഭക്ഷണങ്ങളിലമർന്നു ജീവനെ-
പ്പൊലിയുമി മർത്ത്യജീവിതമിരന്നു കണ്ണനായ്
മലരുമിറുത്തെടുത്തു, മനതാരു നീറിടും
കദനമിറക്കിവച്ചു വരുവാനിറങ്ങി ഞാൻ.

വാണിനി 

നജഭജരങ്ങളോടു ഗുരു വാണിനീതിവൃത്തം
തതത തതംത തംതത തതംത തംതതം തം
30
കമലവിലോചനാ! ഉദയസൂര്യനോടു ചേർന്നീ
ധരണിയുണർത്തിടാനതിപുലർച്ചെയെത്തിയോ നീ
മഥുരസുമോഹനാ! സുഖസുഷുപ്തമാമുഷസ്സിൽ
സകലചരാചരങ്ങളുമുണർന്നു കൈ തൊഴുന്നു.
31
നയനമനോഹരൻറെ ചിരിയിൽ മയങ്ങിയോ
മൊഴിയുവതിന്നുവന്നതഖിലം മറന്നുപോയ്
തിരുനടയിൽ നമിച്ചടിയനൊന്നു നിൽക്കവേ
അരികിലണഞ്ഞു സാന്ത്വനവുമായി മാധവൻ.

വസന്തമാലിക)

മുകിൽവർണ്ണാ!
32
മണിവേണുവുമൂതിവന്ന കണ്ണാ!
മുകിൽവർണ്ണാ! തവ വിശ്വരൂപദൃശ്യം
മനതാരിലെനിക്കു നിത്യമോദം
മണിപോലാച്ചിരിയാണെനിക്കുമോഹം.
33
കരുണാമയനെൻറെ മാനസത്തിൽ
കണിയായെന്നുമെയെത്തിടാൻ തൊഴാം ഞാൻ
കലികാലദുരന്തനാശമേകാൻ
കരുണാസാഗരകീർത്തനം രചിക്കാം.
34
കരയും ജനമാനസത്തിനേൽക്കും
കദനത്തിൻ കഥയൊക്കെയൊന്നു ചൊല്ലാൻ
കരവും തൊഴുതാനടയ്ക്കൽനില്ക്കേ
കരളിൻ നൊമ്പരമൊക്കെയും മറക്കും.
35
ചിരിതൂകി മനം മയക്കിയെന്നിൽ
ചിരകാലക്കവിൻറെ വിത്തുപാകും
ചിരികണ്ടു മയങ്ങി ഞാൻ മടങ്ങും
ചരിതത്തിൻ കഥയും തുടർന്നിടുന്നു.

മാലിനി
36
മഹിയിലെയിരുളാറ്റാൻ ദീപവും കൈയിലേന്തി
അഹിമികരണനെന്നും വാനിടംപൂകിടുമ്പോൾ,
പുതുപുലരി വിടർത്തും ഭാനുബിംബത്തിനുള്ളിൽ
പുതിയൊരു ചിരിതൂകും കണ്ണനാണെന്നു തോന്നും.
37
കണിമലരുകളിന്നേ വീഥിതോറും വിടർന്നു
കനകമണികളെപ്പോൽ കാറ്റിലാടിക്കളിച്ചാൽ,
വിഷമകരമിതല്ലോ നിൻറെ മുന്നിൽ നിരത്തി
വിഷുവിനു കണികാണാനെന്തുചെയ്യേണ്ടു കണ്ണാ!

നവമാലിക

ഇഹ നവമാലികാ നജഭയങ്ങൾ
തതത തതംത തംതത തതംതം
38
മലരണിമൊട്ടുകൾ തഴുകിടാനായ്
തൊടികളിലെത്രയോ ചെടികളാണീ
ചുടുകിരണങ്ങളിങ്ങണയുവാനായ്
ക്ഷമയൊടു കാത്തുനില്പതുമുഷസ്സിൽ.
39
തരുവിനുപോലുമിക്കുളിരുതാങ്ങാൻ
കഴിയുകയില്ലയീ മകരമാസം
ദിനകരരശ്മിയും കുളിരുകോരാ-
മിലകൊഴിയുന്നതാം മകരമാസം
40
വെയിലുതിരേണമീ മുകുളങ്ങൾ
നിരനിരയായ് വിടർന്നു ചിരിതൂകാൻ
മധുനകരാൻ, രസിച്ചതു രുചിക്കാൻ
ശലഭവുമെത്തുകില്ലതിപുലർച്ചേ.
41
മലരണിമൊട്ടുകൾ തഴുകിടാനായ്
തൊടികളിലെത്രയോ ചെടികളാണീ
ചുടുകിരണങ്ങളിങ്ങണയുവാനായ്
ക്ഷമയൊടു കാത്തുനില്പതുമുഷസ്സിൽ.

പാണിനി

നജജ ജജംജ ജലംഗ നിരന്നു പദത്തിൽ വരുന്നതു പാണിനിയാം.
തതത തതംത തതംത തതംത തതംത തതംത തതംത ത തം

പുലരി
42
മിഹിരനിരയ്ക്കു നിറങ്ങളണിഞ്ഞുയരുന്ന ദിവാകരദീപികയാൽ
ജഗതിയിലുള്ള ചരാചരമത്രയുമെന്നുമുണർന്നു ചരിക്കുകയായ്.
കനകനിറത്തിലുദിച്ചൊരു സൂര്യനു ചുറ്റിനുമീമഴവില്ലഴകിൽ
പുലരികളൊക്കെയുമെത്ര സുഖാവഹമീ ഖഗനിത്ര തെളിഞ്ഞിടുകിൽ
43
തൊടികളിലാകെ നിരന്നു വിരിഞ്ഞതിസുന്ദരമായ സുമങ്ങളിലേ-
ക്കണയുവതിപ്പുതു ചിത്രപതംഗമതെത്ര മനോഹരകാഴചകളായ്
ഹിമകണമിച്ചെറുപുല്ലുകളിൽപ്പൊഴിയും മണിമുത്തുകളെന്നതുപോ-
ലതിലതിമോഹനമായ് തെളിയുന്ന കലാവിരുതൊക്കെ വരച്ചതിതാർ?
44
പുതുപുലർഗീതവുമായിവരുന്നൊരു പൂങ്കുയിലിൻ തുണയായുഷയിൽ
കിളികുലമൊക്കെ വരും കളകൂജനമാധുരി പാടിയുണർത്തിടുവാൻ ജഗതിയിലേവരുമെന്നുമുണർന്നു കരംതൊഴുകുന്നിതു നന്മവരാൻ
ദുരിതനിവാരണമേകി ദിനംദിനമീ ധര കാത്തിടണേയരുണാ!

നവമല്ലിക

സജഭം ര പാദമായ് നവമല്ലികാ
തതതം തതംത തംതത തംതതം
45
പുകയാൽ മറഞ്ഞൊരിപ്പുലർവേളയിൽ
കുയിലൊന്നു കൂകുവാൻ മടിയാർന്നിതാ.
വിഹഗങ്ങളെത്തിടാതതിമൌനമായ്
പുലരാൻ മടിക്കുമിപ്പുതുഭാതവും
46
നനയാൻ കൊതിച്ചു ഞാനുണരുമ്പൊഴീ
ഗഗനം മറച്ചുകൊണ്ടതിശീതമായ്
നിറദീപകാഴ്ചകൾ തെളിയാതെയെൻ
മണിമുറ്റമാകെയും പനിനീർക്കണം.

47
പനിനീരുപെയ്യുമിപ്പുലരിക്കുളിർ-
മഴമർമ്മരത്തിലിപ്പുതുപൂവിതൾ
നനയുന്ന കാഴ്ചയിൽക്കൊതിപൂണ്ടു ഞാ-
നുണരുന്നു മല്ലെയീയനുഭൂതിയിൽ

ഇന്ദ്രവജ്ര
തംതംത തംതംത തതംത തം തം
48
സത്യത്തെമാത്രം തുണയാക്കിയെന്നും
പാരിൽ വസിച്ചാലതുന്നെ ഭക്തി
നല്ലോർമ്മയായിപ്പതിയുംവിധത്തിൽ
ചൊല്ലിപ്പഠിപ്പിച്ചിതു നിത്യമമ്മ
49

ക്ഷേത്രത്തിലെന്നും തെളിയും വിളക്കിൻ
ചൈതന്യമേൽക്കാനതിമോദമെന്നിൽ
ചേന്നത്തു കണ്ണൻെറ നടയ്ക്കലെത്തി-
ക്കൈകൂപ്പിനിന്നാൽ നിറയുന്നു ചിത്തം
50

ഉണ്ണിക്കു കൈയിൽക്കരുതുന്ന വെണ്ണ
നേദിച്ചു സേവിച്ചു തിരിച്ചവന്നാൽ
കണ്ണൻ കളിക്കാനകതാരിലെത്തും
പിന്നക്കുറേനേരമെനിക്കു സ്വർഗ്ഗം
51

ക്ഷേത്രത്തിലാരാധനയായ്ത്തുടങ്ങി
ഭക്തിക്കു നിത്യം വഴിയൊന്നൊരുക്കി
ആത്മാർത്ഥചിത്തം വളരാൻ തുണച്ച
അമ്മയ്ക്കു നിത്യം സ്തുതി ചൊല്ലിടുന്നു
52

നേരം വെളുക്കുന്നതു കണ്ടുവെന്നാൽ
കാകൻ പറന്നെത്തിടുമങ്കണത്തിൽ
തഞ്ചത്തിലാടിത്തലയും കുണുക്കി
മണ്ണിൽപ്പുഴുക്കൾ ചികയുന്നു മെല്ലെ.
53

മഞ്ഞിൽക്കുളിച്ചുള്ള വിഭാതനേര-
ത്തെന്നോടുമോതുന്നു മയൂരവര്യൻ
“നാട്യം പഠിക്കാനെഴുനേൽക്ക വേഗം“
ശല്യത്തിലായെന്നു നിനച്ചു ഞാനും!
54

ആദിത്യനെത്തിച്ചിരിതൂകിനില്ക്കേ
പൂങ്കോഴികൂവുന്നതുകേട്ടുണർന്നേൻ
കൂവുന്ന പൂവൻറെ തലമേലിരിക്കും
പൂവെത്ര ഭംഗിക്കിളകുന്നു മെല്ലേ.

55
കാലത്തു ജോലിക്കു വരുന്നപോലെ
കാകൻ കരഞ്ഞങ്ങണയുന്നുവെന്നും
മുറ്റം വെടുപ്പാക്കിടുവാനുഷസ്സിൽ
ചാഞ്ഞും ചെരിഞ്ഞും നടമാടിടുന്നു.

56
മഞ്ഞിൻകണങ്ങൾ കണിമുത്തുപോലെ
മിന്നിത്തിളങ്ങുന്നതുകണ്ട നേരം
പാട്ടൊന്നു പാടാൻ പുലരുമ്പൊഴെത്തും
മൈനക്കിളിക്കും കുളിരുന്നതുണ്ടേ

57
പച്ചക്കറത്തോട്ടമൊരുക്കി വീട്ടിൽ
വിത്തൊക്കെ വാങ്ങിച്ചു വിതച്ചു ഞാനും
തക്കാളിയൊന്നങ്ങു മുളച്ചുപൊങ്ങി
നില്ക്കുന്നതായുള്ള കിനാവുകണ്ടു.

മാതാപിതാ, പിന്നെ ഗുരു, ദൈവ ചിന്താ-
പ്രാധാന്യമെന്നും മമ ചിത്തെയുണ്ടേ.
കൂട്ടായ് നിഴൽപോലെ നടന്നിടുംപോൽ
കൈകൂപ്പി നിത്യേന തൊഴുന്നു ഞാനും

മൌക്തികപംക്തി

58
ഹിമകണമേന്തും നൽക്കുളിരോടെ
ജനുവരിയിൽ പൂക്കുന്ന ജമന്തീ
കനകനിറത്തിൽ, പീതനിറത്തിൽ
നയനമനോജ്ഞം നിന്നണിദൃശ്യം

59
വിടരുക പത്മം സൂര്യനുദിച്ചു
ഗഗനപഥത്തിൽ പൊൻപ്രഭതൂകി
തരളിതയാകും നിന്നനുരാഗം
നുകരുവതിന്നായ് നോക്കിയിരിപ്പൂ.

ഉപേന്ദ്രവജ്ര

60
നമുക്കു കാവൽഭടനെന്നപോലെ
ഹിമം പൊഴിഞ്ഞിത്ര കടുപ്പമോടെ
വെളുത്ത സഹ്യാദ്രി നിരന്നു നിന്ന-
ങ്ങലങ്കരിക്കുന്നതു ഭംഗിതന്നെ

61
നിരന്നുനില്ക്കും ഹിമപർവ്വതങ്ങൾ
രസിച്ചുകാണാനൊരു യാത്രപോയി
മടങ്ങിയെത്താനൊരുമോഹമുള്ളിൽ
മനസ്സുപോകാത്തയിടങ്ങളുണ്ടോ

62
പ്രഭാതനേരത്തു വിടർന്നിടുന്നു
ജെമന്തി, മന്ദാരസുമങ്ങളൊക്കെ.
വിരിഞ്ഞു പൂക്കൾ നിരയായി നിന്നാൽ
മനം നിറഞ്ഞാലതു നല്ലതല്ലേ.

വൃത്തം : സുഗന്ധി(.27.02.23 വെള്ളി.നവീനവൃത്തം - ദേവി)
ലക്ഷണം : ജഭംഭ ഗംഗനിരന്നു സുഗന്ധീ
താളം : തതംത തംതത തംതത തംതം.

പനിനീർപ്പു

63
യുവത്വമുള്ളൊരു പെണ്മണിപോലെ
തുടുത്ത പൂങ്കവിളുള്ളൊരു റോസാ
നനുത്ത പുഞ്ചിരിതൂകുമവൾക്കോ
മൃദുത്വമുള്ളൊരിതൾക്കളാണേ

64
സുഗന്ധവാഹിനി സുന്ദരിറാസാ
വിടർന്നനില്പതു കിള്ളിയെടുക്കാൻ
തുനിഞ്ഞയെന്നുടെ കൈകളെ മുള്ളാൽ
വലിച്ചു നൊമ്പരമേകിയകറ്റി.

65
തുറന്ന ജാലകവാതിലടച്ചു,
ഇരുട്ടിലായിത പാരിടമാകെ
തുഷാരബിന്ദുവിലാകെ വിറച്ചു
സുമങ്ങളും തലതാഴ്ത്തിയുറങ്ങി

തതത തതംതം തംതത തം തം

പ്രഭാതപുഷ്പങ്ങൾ

66
കുയിലിണപാടും പാട്ടിലെയീണ-
ശ്രവണസുഖത്തിൽ താമര മെല്ലേ
വിടരുകയായ് കൈകൂപ്പി വണങ്ങി-
പ്പുലരിയിലെന്നും വന്ദനമോതും.

67
ദിനകരദീപപ്പൊൻകണികണ്ടാൽ
കവിളിലെ നാണപ്പുഞ്ചിരിയോടെ
പുതിയദളത്തിൻ ചാരുതയോടെ
വിടരുവതിച്ചെന്താമരസൂനം.

68
ഉലകമുണർത്താൻ വാനിലുദിക്കും
പ്രിയകരദേവാ! നിൻപ്രിയ പത്മം
പതിയെ വിടർന്നൂ പൊൻചിരിതൂകി
പുലരിയിലെന്നും നീതിപുലർത്തും.

69
ഹിമകണമേന്തും നൽക്കുളിരോടെ
ജനുവരിയിൽ പൂക്കുന്ന ജമന്തീ!
കനകനിറത്തിൽ, പീതനിറത്തിൽ
നയനമനോജ്ഞം നിന്നണിദൃശ്യം.

തതംതം തംതംത തതംതം

70
നിവേദ്യങ്ങൾ സൂര്യനു നല്കി
നിലാവിൻ പൊന്നോമനയായി
തമസ്സിൻ മാറിൻ തപമേറ്റു
നിശാഗന്ധിപ്പൂവിരിയുന്നു

കാന്ത

യഭം കാന്താ നരസലഘുവും ഗ നാലിനു പത്തിനും.
തതംതം തം തത തതത തം തതം തതതം തതം

തളസിച്ചെടി

71
പുലർച്ചയ്ക്കീ തുളസി തൊഴുകാം മനസ്സിനു വിഷ്ണുതൻ
കടാക്ഷത്തിൻ പുനിതവരമായ് നമുക്കതു ചേർന്നിടും.
സുഗന്ധംപോൽ രുചികരമിതിൻ പലാശവിശേഷവും
മരുന്നാകും, ഗുണിതഫലമാം ചെടിക്കൊരു വന്ദനം!

ധരണി

സസനംലഗം ധരണി
തതതം തതതം തതത തതം

72
ഉഷയിൽ പ്രഭയായ് ദിനമണി നീ
വരുവാൻ തുളസിച്ചെടികളിലെ
ഇലയും കതിരും പരിമളമോ-
ടിളകും പവനൻ തഴുകിടവേ.

73
പുലരിക്കണിപോൽ കവിതയുമായ്
വനലക്ഷ്മി കുലച്ചിതു തൊടിയിൽ
മധുരം നുണയാനഴകഴകായ്
കൊതിപൂണ്ടു വരും നവകിളികൾ.

74
പgലരിക്കണിയായ്ത്തരണി വരാൻ
തൊടിയിൽച്ചെടികൾ മുകുളവുമായ്
വിടരാൻ കൊതിപൂണ്ടണിയണിയാ-
യിലയോടുഷതൻകഥ പറയും.

രേഫമഞ്ചൊന്നു ചേർന്നെങ്കിലോ ചന്ദ്രരേഖാഖ്യമാം
തംതതം തംതതം തംതതം തംതതം തംതതം

75
വർണ്ണമേഘങ്ങളെത്തുന്ന മാനത്തുദിക്കുന്നതാം
ഭാസ്കരാ നിൻറെ വർണ്ണങ്ങളിൽപ്പക്ഷിപാറുന്നതും
പട്ടുപാവാടചുറ്റിക്കളിക്കുന്നയീ ഭൂമിയും
കൂടെയോടുന്നൊഴുക്കുള്ളയോരോനദിക്കാഴ്ചയായ്.

മരതകനീലം

സതനം തം യം മരതകനീലാഭിധവൃത്തം
തതതം തംതംത തതത തംതംത തതംതം

76
ഝലവും റാവിക്കരയിലെ മഞ്ഞും കണികണ്ടു
ദിനവും ഞാനുണരുമൊരുകാലം സ്മൃതിതന്നിൽ.
കുളിരുകോരും മഞ്ഞുരുകിയൊലിക്കും നവദൃശ്യം
പതിവായ്ക്കണ്ടാൽക്കവിതതുളുമ്പും മനതാരിൽ.

പഞ്ചചാമരം
തതംത തംതതം തതംത തംതതം തതംത തം

77
മുടക്കമേതുമേ വരുത്തിടാതെയെൻ കുടുംബമ-
ന്നു സർപ്പരാജനായ് വിളക്കു കാവിലേറ്റി നിത്യവും
നിറഞ്ഞ പൂജചെയ്തിരുന്നു കാലദോഷമാറ്റുവാൻ
കനിഞ്ഞുതന്നു നാഗരാജനന്നു മോദസൌഖ്യവും

78
സുവർണ്ണനൂലുപോലെസർപ്പമൊന്നു കണ്ടു കാവിലായ്
മിഴിച്ചതെന്നെ നോക്കിനില്ക്കെ നല്ല കൌതുകത്തിലായ്
മനസ്സു സർപ്പരാജനെത്തൊഴാൻതുടങ്ങിയപ്പൊഴേ
പറന്നകന്നു മായമായതെങ്ങുപോയ് മറഞ്ഞതോ

തടിനി

79
വിഷമൊന്നു തീണ്ടിയൊരുനാൾ ഭിഷഗ്വരഗൃഹവും തെരഞ്ഞു ഗമനം-
തുടരുമ്പൊഴെൻറെ തലയും കറങ്ങി ജനകൻഭയന്ന ദിനവും
നിശയിൽക്കുടുംബമണിയായുറക്കമൊഴിയാനെനിക്കു കഥചൊ-
ല്ലിയുഷസ്സുണർന്ന ദിനവും മറക്കുകയസാദ്ധ്യമാണിയുലകിൽ


അതിമുദിതം

തംതം തസം തം ഗമത്രാദിമുദിതം കേൾ വൃത്തമാം
തംതംത തംതംത തംതംത തതതം തംതംത തം

80
നാഗങ്ങളും കാവുപൂജാവിധികളും പണ്ടേമുതൽ
സങ്കല്പദൈവങ്ങളായ് കണ്ടു വളരാൻ സാധിച്ചതിൽ,
ഭക്ത്യാദരംതന്നെയിന്നും മമ മനസ്സിൻ കോണിലാ-
പ്പുള്ളോർക്കുടം പാട്ടുമുണ്ടെന്നുരുപാടിഷ്ടത്തൊടെ

മഞ്ജുഭാഷിണി

സജസം കഴിഞ്ഞു ജഗ മഞ്ജുഭാഷിണി
തതതം തതംത തതതം തതംത തം

81
ജനകൻ നമുക്കു നവനായകൻ സദാ
ജനകന്റെ ചിത്തമതതുല്യമെങ്കിലും
‘സുഖമേതു, വേറെ ദിവമേതു‘ ,പാർക്കുകിൽ
ജനനിക്കു തുല്യമിവിടിന്നിതാരു, ചൊൽ!

82
സുഖമായിയമ്മമടിമേൽ ശയിച്ചു നാം
ദിവമാകുമൻപുനുകരാം വളർന്നിടാം
കുറവേതുമില്ല മനതാരിലെപ്പൊഴും
തനയർക്കു നന്മയരുളന്നിതമ്മാർ

അശ്വഗതി
തംതത തംതത തംതത തംതത തംതത തം

83
നന്മകളാണു മനസ്സിലെയാഗ്രഹമെങ്കിലതേ
തേടിവരും നവധന്യനിമിത്തവുമായരികിൽ
നന്മകളാൽ മനമൊന്നു തെളിച്ചുതരാനണയും
സജ്ജനസൌഖ്യമതാണിജഗത്തിലെ ഭാര്യവരം

84
എന്നുടെയുള്ളിലെയിക്കവിഭാവന ഞാനറിയാൻ
നമ്മുടെയീ ഗുരുവാണൊരു കാരണമെന്നതു ഞാൻ
നല്ലഭിമാനമൊടെന്നുമെ ചൊല്ലിടുമാദരവാൽ
മോദമൊടിന്നറിയിക്കുകയാണിതു നിങ്ങളെയും

ദീപിക(നവീനവൃത്തം)

തംതംതരം പാദമായിട്ടു ദീപികാ
തംതംത തംതംത തംതംത തംതതം

85
ചേന്നത്തുകണ്ണൻെറ വെണ്ണക്കൈ കാണുവാൻ
തൃക്കോവിലിൻമുന്നിലെത്തുന്നു രാവിലെ
ആ ദിവ്യമാം വിഗ്രഹത്തിൻെറയഞ്ജന-
ക്കണ്ണിൻ തിളക്കത്തിലിണ്ടൽ കൊഴിഞ്ഞിടും

86
കൈകൂപ്പി ഞാനീ നടയ്ക്കൽ തൊഴുമ്പൊഴെൻ
നാവിൻെറ തുമ്പത്തു വന്നോരു കീർത്തനം
ഭക്ത്യാദരത്തോടെ ഞാനൊന്നു ചൊല്ലവേ
കൃഷ്ണാ! മറക്കുന്നു ദുഖങ്ങളൊക്കെയും

87
നിന്നോടു സംവാദമെന്നും നടത്തുവാൻ
നിൻമുന്നിലുള്ളോരിയാൽച്ചോട്ടിലിങ്ങനെ
നാമം ജപിച്ചൊന്നിരുന്നാൽ മനഃസുഖം
താനേയണഞ്ഞീടുവാനെന്തു കാരണം?

88
കാലത്തുദിക്കുന്ന സൂര്യൻെറ ശോഭയിൽ
പൂർവ്വാംബരത്തിൻെറ വർണ്ണം രസിച്ചിതെൻ
മുറ്റത്തുലാത്തും ചകോരക്കുടുംബമേ
ചെങ്കണ്ണുമീ വർണ്ണവും തന്നതാരു ചൊൽ


വംശസ്ഥം

തതംത തംതംത തതംത തംതതം

89
വെളുത്ത പയ്യൊന്നു തൊഴുത്തിലുള്ളൊരാ
നനുത്ത ബാല്യസ്മരണയ്ക്കു തോരണം
നിരത്തിടുന്നെൻ മനതാരിലിന്നുമീ
വയസ്സുകാലക്കനവിൻ നിറങ്ങളായ്

വൃത്തം      : പാവനപഥി.
ലക്ഷണം : ഭംഭമ സംനജയം വന്നാലതു പാവനപഥിതൻ ഗണപാദം.  
താളം        : തംതത തംതത , തംതംതം തത,  തംതത തതതം , തതതംതം.

90                    
അമ്മയുമച്ഛനുമാദ്യം പിന്നെ വരും ഗുരുവരനും മമ ചിത്തേ 
വന്ദനമാദ്യമവർക്കേകും പുലർസൂര്യനു നമനം പറയുംമുൻ. 
വാണി! സരസ്വതി! മൂകാംബേ! തവ കാലിണ ദിനവും തൊഴുതിട്ടേ 
ശ്ലോകമെഴുത്തിനെടുപ്പൂ ഞാൻ മമ തൂലിക, ശരണംവിളിയോടേ 

വൃത്തം      : ശാരിക.
ലക്ഷണം  : ഭംഭഭ ഭംര നിരന്നുവരുന്നതു ശാരികാ.
താളം        : തംതത തംതത തംതതതംതത തംതതം 

91
സുന്ദരഭാസ്കര! നിൻ കണിദീപിക നിത്യവും 
കണ്ടുണരുന്നിത ധാത്രിമനോഹരി മോദമായ് 
സുന്ദരമാം ചമയങ്ങളുഷസ്സിനു ഭംഗിയായ് 
നല്കുവതീയിനനെന്നുമുദിച്ചുവരുന്നതാൽ 

92
നിത്യനിരാമയ! നിന്നുദയത്തിരുഭംഗിയാൽ 
ഭാതവുമൊത്തിരി ചന്തമിയന്നു പുലർന്നിടും 
മാമരശാഖയിലെത്തിയ പൂങ്കുയിൽ പാടവേ 
സുന്ദരമാം സുമജാലമതൊക്കെ വിടർന്നിടും 

ശാരികയുടെ അവസാനത്തെ രഗണം കളഞ്ഞാൽ മോദക അല്ലെങ്കിൽ മോദകം  എന്ന പ്രാചീനവൃത്തമാകും

ലക്ഷണം : 
നാലുഭചേർന്നുവരുന്നിഹമോദക.
മോദകമായി വരുന്നു ഭഭംഭഭ
അവലംബം: വാഗ്‌വല്ലഭം

93
.സുന്ദരഭാസ്കര! നിൻ കണിദീപിക-
കണ്ടുണരുന്നിത ധാത്രിമനോഹരി 
സുന്ദരമാം ചമയങ്ങളുഷസ്സിനു 
നല്കുവതീയിനനെന്നുമുദിച്ചിഹ
(മോദക / മോദകം)

94
വാണി!മഹേശ്വരി! വാണരുളും നവ 
ചേതനയാൽ പദമെത്തുവതെന്നുമെ 
താളമതൊന്നു മനസ്സിലണഞ്ഞതു-
മീ പദമൊക്കെ നിരത്തി രചിക്കുമെ 
( മോദകം)

ശാരികയുടെ അവസാനത്തെ രണ്ടക്ഷരങ്ങൾ കളഞ്ഞാൽ കർമ്മഠം എന്ന പ്രാചീനവൃത്തമാകും.

(കർമ്മഠം)
അവലംബം : വാഗ്‌വല്ലഭം
ലക്ഷണം    : കേൾ ഭഭ ഭംഭഗ ചേർന്നിഹ കർമ്മഠമാം

95
സുന്ദരഭാസ്കര! നിൻ കണിദീപികയായ്
കണ്ടുണരുന്നിത ധാത്രിമനോഹരിയും 
സുന്ദരമാം ചമയങ്ങളുഷസ്സിനുമായ്
നല്കുവതീയിനനെന്നുമുദിച്ചുവരും

96
മന്ദമായിഴയുന്നപോലെ പദങ്ങളൊക്കെയടുക്കിയാൽ
നല്ല താളമൊടൊത്ത മല്ലികവൃത്തമങ്ങു രചിച്ചിടാം.
അത്തരത്തിലൊരർത്ഥമായ പദങ്ങളാലെഴുതുന്നതാൽ
ചന്തമായൊരു ചിന്ത നമ്മിലുയർത്തുമീ ശുഭശ്ലോകവും .
 മല്ലിക 

97
വിവരം, വിവേകം മതിയിൽത്തെളിച്ചും
വിനയം മനസ്സിന്നകമേ നിറച്ചും
ഹൃദിതന്നഹന്താശമനം ലഭിക്കാൻ
തുണയായിരിക്കാൻ ശരണം മുകുന്ദാ!
കോകരതം

വിശാഖപ്പൂക്കളം

98
വിരോചനൻറെ പ്രകാശധാരയിൽ
വിനാശമൊക്കെയുമൊഴിഞ്ഞുപോയിടാൻ,
വിശാഖനാളിൻ വിനയത്തൊടിന്നിടാം
വിശാലമായൊരു വിശേഷപൂക്കളം..

വിഹംഗമാം കില ജംഭരംലഗം
താളം-തതം തതം തത തംതതം തതം)

99
വിൺമതിച്ചിരിയഹന്ത നീക്കിടാൻ
വിസ്മയത്തൊടണയും ചതുർത്ഥിനാൾ!.
വിഘ്നനാശക! വിനായകാ! തൊഴാം!
വിദ്യതന്നഖിലനായകാതൊഴാം!

100
ചിന്തയൊന്നതു വിചിത്രമായ് ദിനം
ചിത്തമാകെ കടയുന്ന വേളയിൽ
ചിന്മയാ! ഗണപതീ! വിനായകാ!
ചിത്തിലെക്കദനമാറ്റുവാൻവരൂ.

101
ചിത്തമൊത്തൊരുമയായ് സുമങ്ങളാൽ
ചിത്തിരക്കളമൊരുക്കിയങ്കണം
ചിത്രമാക്കിയണിയിച്ചിരിക്കവേ
ചിന്തുപാടിയണഞ്ഞു പൂങ്കുയിൽ.

102
പരരുടെ കർമ്മത്തിലിപ്പാരിലെത്തി
വിധിയുടെവീഥിച്ചെരാതും കൊളുത്തി
പരിധികളില്ലാത്തൊരേകാന്തയാത്ര
തലയിലെഴുത്തോർക്കിലിന്നാർക്കു മായ്ക്കാം?

103
ശുഭദകിരണം ഭംഗിയായ് താണിറങ്ങാൻ
ഗഗനതിലകം വന്നുദിച്ചല്ലൊ വാനിൽ.
മണിമുകിലുകൾ വന്നുവോ നൃത്തമാടാൻ
മഴയുതിരുമോ, ഇന്നുമീ പൊന്നുഷസ്സിൽ.

104
കണ്ണാ! തവതൃക്കൈകളിലേകാം നറുവെണ്ണ.
കാവ്യാത്മകമായിത്തവ ചൈതന്യചരിത്രം
കാലോചിതമായിട്ടെഴുതാനായ്തുണയേകി-
ക്കാരുണ്യമതെന്നിൽ ചൊരിയേണം ഭഗവാനേ!

105
കരുണയോടുലകനീതിജയിക്കാൻ,
തിരുനടയ്ക്കലടിയൻ വരുമെന്നും!
ഒരുമയോടെ ജനമൊക്കെ വസിക്കാ-
നരുമകീർത്തനമതൊന്നു ജപിക്കും!

106
ആറ്റുകാലധിപ കാത്തരുളീടാ-
നേറ്റിവെച്ചു തിരിയൊന്നു നടയ്ക്കൽ.
നീറ്റലൊക്കെയകലാൻ തിരുനാമം
തെറ്റിടാതെ നമനത്തൊടു ചൊല്ലാം

107
വർണ്ണം വാരി വിതറിയി മേഘനിരകളിൽ നിത്യം
വന്നെത്തും നവതിലകരൂപനെയിനി വന്ദിക്കാം!
ആരാമം നിറയെ വിരിയും സുമനിര ഭാതത്തിൽ
മോദത്താൽ പുതിയ ശലഭം വരുമിതു തേനുണ്ണാൻ!

108
മണിമേഘമൊഴിഞ്ഞ വാനിലേ-
ക്കരുണൻ പൂത്തിരിപോലുദിക്കവേ,
വിടരും സരസീരുഹങ്ങളും
കണിയായ് കണ്ടു തൊഴാം ദിനം ദിനം !

109
നിസ്വാർത്ഥത്തിൻ മഹിമയഖിലം സത്യമാക്കീയുദിച്ചൂ
തേജസ്സോടേ ദിനസഹജനായ് സൂര്യനെത്തുന്നു വാനിൽ!
ജന്മം പുണ്യം! ധരയിലെ വരം! വർണ്ണദേശീയപൂവായ്‌
ചേറിൽപ്പൂക്കും സരസിജസുമം പാഠമോതുന്നു നിത്യം!

110
ആകാശത്തിൽ ദിനവുമണയും പൂത്തിരിച്ചന്തമോടേ
ഭീമാകാരം പ്രണയതിലകം താമരപ്പൂവിനെന്നും.
ആരാമത്തിൽ വിരിയുമഴകായ് പുഞ്ചിരിപ്പൂക്കളെല്ലാം
ഭാസന്താ! നീ പ്രഭയരുളിയീ ധാത്രിയിൽ സുപ്രഭാതം!

111
വാണീമാതേ! പദമലരുകൾ സന്തതം കുമ്പിടുന്നേൻ
ചിത്തത്തിങ്കൽ നിപുണവതിയേ, നീ വസിച്ചീടുവാനായ്.
നിത്യം നിത്യം തവ പുകഴുകൾ കാവ്യമാക്കീ രചിക്കാൻ,
വന്നെത്തേണം പദമുചിതമായ് തൂലികത്തുമ്പിലെന്നും.

112
മായക്കണ്ണാ! തവതിരുകരം വെണ്ണയാൽ ഞാൻ നിറയ്ക്കാം.
ഉണ്ണിക്കണ്ണാ! പഴവുമവിലും നേദ്യവും ഞാനൊരുക്കാം.
ലോകത്തീന്നീ മഴദുരിതവും മാരകാണുക്കളേയും
ദൂരത്താക്കാൻ തുണയരുളി നീ കൂടെ നിൽക്കേണമെന്നും.

113
കാവ്യപാഠമതു നിത്യവും ഹൃദയശുദ്ധിയോടെ പകരും ഗുരോ! 
ശിഷ്യരായിവിടെയെത്തിയെന്നതതിഭാഗ്യദായകമതല്ലയോ!
ശിഷ്യർതന്നുടെ നിരൂപണങ്ങളതിവിസ്മയത്തൊടെ രചിക്കവേ
ശ്രീലകത്തിലെ മഹാകവീ! തവ മഹത്ത്വമേറി ഹൃദിതന്നിലും 

114
സായൂജ്യം മാനസത്തിൽ,  പ്രിയഗുരു നലമോടേകിയോരീ പ്രതീപാ-
ലങ്കാരശ്ലോകമിന്നോളമെഴുതിയയെഴുത്തിന്റെ സംതൃപ്തിയായി. 
ചേർക്കും നെഞ്ചോടു  ഞാനീ വരികളതുലസൌഭാഗ്യമായെൻ കരുത്താ-
യുത്സാഹത്തോടെയെന്നും കവിതയെഴുതുവാൻ ധൈര്യമെന്നിൽ ജ്വലിക്കാൻ. 

115
ശരിയായി ശിഷ്യഗണമൊക്കെയേതു നിലവാരമെന്നതറിയാൻ 
ഗുരു നല്കിടുന്ന രസമാർന്നകാവ്യശകലങ്ങളെത്ര ഗുണമായ് 
ഗുരുവിന്റെ ചിത്തമറിയാം, നമുക്കു രസമായെഴുത്തു തുടരാം 
ഗമയോടെ നിത്യരചനയ്ക്കു നല്ല പദമൊക്കെയൊന്നു തിരയാം. 

116
ഒരോവിധത്തിലിവിടെന്നും രചിച്ച രചനാവൈഭവങ്ങളഖിലം
ശ്രദ്ധിച്ചു നോക്കി ഗുരു നല്കുന്നതാമറിവിനാലിന്നു നാം കവികളായ് 
ശ്രേഷ്ഠം, മഹത്ത്വമതുതന്നേ ദിനം സമയമിത്രയ്ക്കെടുത്തു ഗുരു തൻ     
പ്രോത്സാഹനം ദിനവുമീരീതിയിൽത്തരുവതു ശിഷ്യർക്കിതെത്ര ഗുണമേ!

117
കാവ്യത്തിലെത്രയിനി നാമറിയേണ്ടതെല്ലാം 
ശ്ലോകാവലോകനമതൊന്നു നടത്തി നിത്യം 
ജ്ഞാനംപകർന്നു ഗുരുവെത്രതരത്തിലെന്നും 
ശ്ലോകങ്ങളാലെ  പലവിധത്തിലുരച്ചിടുന്നു 

118
നേരത്തോടെ ദിനമുണരുവാൻ വൃത്തിയെന്തെന്നു ചൊല്ലാൻ,
മുറ്റത്തെന്നും കിളികളണയും കാഹളങ്ങൾ മുഴക്കും.
ചിത്തത്തിങ്കൽ കടമകളുണരാൻ കൊത്തി മാലിന്യമെല്ലാം
ലോകത്തിൽ നാം പലവിധഗുണം ചെയ്തു ജീവിക്കുവാനായ്!

119
തെറ്റിന്നറ്റത്തിലേറും സഹജരുടെ മനം കുറ്റമറ്റൊന്നു കാണാൻ
മറ്റുള്ളോർ കുറ്റമോതാൻ ചെറിയൊരിടമതും പറ്റിടാതൊന്നു കാക്കാൻ,
ചെറ്റെന്നെൻ മാനസത്തിൽ നിറവൊടു നിറയൂ തെറ്റുപറ്റാത്തപോലെ
മറ്റാർക്കും ദോഷമേറ്റാൻ വഴിയെതുമരുളാതേറ്റിയാറ്റെൻ മുകുന്ദാ!

സ്രഗ്ദ്ധര

Total - 185

സുഗത 

ഗുണമുള്ള സന്താനമാണീ ജഗത്തിൻ 
പൊരുളെന്ന സത്യം മറക്കല്ലെയാരും 
മതമില്ല, മാത്സര്യമില്ലാത്ത ലോകം 
മതിതന്നിലെത്രയ്ക്കു സൌഖ്യങ്ങളേകും 

സ യ യം  ല ഗം   ചേർന്നു നീഹാരമായ്  
തതതം തതംതം തതംതം തതം 

മനമെന്നതാണെന്റെ ദേവാലയം 
അതിലമ്മയാരാധ്യയാം വിഗ്രഹം
ജനകൻ  വിളക്കാണെനിക്കെന്നുമേ 
ഗുരുവായ് പ്രകാശം തരും നാളവും 






അഭിപ്രായങ്ങള്‍