പ്രാർത്ഥന

അക്ഷരാവലി കേൾ രസംജഗ
തംതതം തതതം തതംത തം   അക്ഷരാവലി 
പ്രാർത്ഥന  

വിശ്വമാകെ നിറഞ്ഞുനില്ക്കുമീ 
സ്നേഹദീപവിശുദ്ധനാളമേ!

നേർവഴിക്കു നയിക്കണേ! മനം
നേരുകാത്തു കഴിഞ്ഞിടേണമേ!

നിത്യശോഭിതദിവ്യഭൂമിതൻ 
സദ്ഗുണങ്ങളുയർത്തിടേണമേ! 

ധർമ്മചിന്തയിലൂടെയേവരും
കർമ്മകാഞ്ചനകല്യരാകണേ!  

അക്ഷരാവലി 
  

(മോന് പിറന്നാൾ സമ്മാനം)
ഒരു പ്രാർത്ഥന
കണ്ണനു നേദ്യപ്പായസവും
വെണ്ണയുമായ് ഞാനെത്തുകയായ്
താമരനേത്രാ, നിൻ നടയിൽ
കൈത്തിരിയും ഞാനേറ്റുകയായ്.
വിണ്ണിലിരുന്നെന്നോമനയായ്‌
പുഞ്ചിരി തൂകിക്കൊണ്ടൊരുനാൾ
കൺകുളിരേ നീയെൻ മടിയിൽ
വന്നു പിറന്നീ സുന്ദരനാൾ.
പൊന്നുതിരുന്നായോർമ്മദിനം
മുല്ലമലർത്തേൻതുള്ളികളായ്
സന്തതമെന്നിൽ വന്നണയും
ജീവിതസാഫല്യത്തിരുനാൾ.
ഉണ്ണിമനസ്സിൽ ചന്ദനമായ്‌
വന്നണയാനീ തൃപ്പടികൾ
തൊട്ടിരുകൈയാൽ നന്ദനനേ
കുമ്പിടുവാനായെത്തിയിതാ.
നിത്യവുമുണ്ണിച്ചിന്തകളിൽ
നന്മ നിറയ്ക്കാനെത്തിടണേ.
നേർവഴികാട്ടാനെപ്പൊഴുമെൻ
ഉണ്ണിയൊടൊത്തുണ്ടായിടണേ.
കണ്ണിനു നേരേ വന്നിടുമാ -
പത്തുകളെല്ലാം നീക്കിടണേ
കാലടി നീക്കുന്നേരമതും
നൽത്തുണയേകിക്കാത്തിടണേ.
ഭക്തി വളർത്തിച്ചിത്തമതിൽ
നല്ലൊരു ചെതന്യത്തികവിൽ
പാരിതിലെന്നും വാഴ് വതിനായ്
കാത്തു കടാക്ഷിച്ചീടണമേ.

വിഷുക്കൈനീട്ടം

കണ്ണാ! കടല്‍വര്‍ണ്ണാ! വാസുദേവാ!
പുല്ലാങ്കുഴല്‍നാദമോടെ വന്നോ
വന്നൂ വിഷുക്കാലമിന്നു വീണ്ടും
പൂക്കുന്നിതാ കര്‍ണ്ണികാരമെല്ലാം

മേടം പിറക്കുന്ന പുണ്യനാളില്‍
കൊഞ്ചുന്ന ദന്തങ്ങള്‍ കാട്ടിനില്ക്കും
നിന്മുഖമൊന്നങ്ങു കണ്ടുണരാൻ 
മോഹിച്ചുറങ്ങിയതാണിന്നലെ 

കണ്ണാ! മുകില്‍വര്‍ണ്ണാ! ഗോപബാലാ!
വൃന്ദാവനത്തിന്‍റെ രാഗനാഥാ!
പീലിക്കതിര്‍ചൂടിയെത്തിയോ നീ 
കൈനീട്ടമേകാന്‍ വിഷുപ്പുലര്‍ച്ചേ.‍



ആദിത്യദേവനെയാരാധിക്കും 
ചെന്താമരപ്പൂവിൻ നില്പുകണ്ടാൽ
വൃന്ദാവനത്തിൽ നീ കാത്തുനില്ക്കും 
രാധയാണെന്നങ്ങു തോന്നിപ്പോകും

മേടക്കുളിര്‍ത്തെന്നലീണമേറ്റെന്‍
പൂവാടിയില്‍ പൂത്തപൂക്കളെല്ലാം
പൊന്നിതൾ കാട്ടിച്ചിരിച്ചുനിലക്കേ
നിന്നോമൽദന്തങ്ങളാണു കണ്ണിൽ   

മുറ്റത്തു നില്ക്കുന്ന കര്‍ണ്ണികാര-
പ്പൂക്കള്‍ക്കു നിന്‍ ചേലവര്‍ണ്ണമല്ലേ
മോഹിച്ച മോഹങ്ങളൊക്കെ നീയെന്‍
ചാരത്തിതേകിക്കനിഞ്ഞതല്ലേ..

അഭിപ്രായങ്ങള്‍