ഒരു കട്ടിലിന്‍റെ വിലാപം




ഒരു കട്ടിലിന്‍റെ വിലാപം 

 (പ്രളയത്തില്‍ കുതിര്‍ന്ന ഒരു കട്ടില്‍, അതിന്‍റെ അവശേഷിച്ച ഭാഗങ്ങള്‍കൊണ്ടൊരു ബെഞ്ചായി മാറിയ അവസ്ഥയില്‍ വിലപിക്കുകയാണ്)

പ്രളയമെന്നൊരു ദുരിതമെത്തി
നനയുമെന്നതെന്‍ കനവിലില്ലാ
പ്രിയജനങ്ങളെ മമ മനസ്സില്‍
ദിനവുമിന്നിതു പരിഭവംതാന്‍

അതിമനോഹര ത്രിദിവസൌധം

അതിലെനിക്കൊരു മധുവസന്തം
അരമനയ്ക്കൊരു പുതിയചന്തം
അഭിരുചിക്കൊരു കുറവുമില്ലാ
അതിഥിയൊന്നാ..ഗമനമായാല്‍
അവനമൊക്കെയുമധികമാകും
വിരികളില്‍ മമയഴകു കൂടും
മധുരമായവര്‍ കനവുനെയ്യും
പകലിലെന്നുടെയഴകു കാണാന്‍
പലരുമങ്ങനെ കയറി വന്നൂ
പലദിനത്തിലെ പുകളിലെന്റെ
നയനചാതുരി തെളിമയേറി
ചെമചെമന്നൊരു മലരുപോലെന്‍
വദനമാകേ തെളിവു നാണം
അഴകിനൊത്തൊരു തലയെടുപ്പില്‍
അകമെയെത്തിയ പൊടിയഹന്ത
പരിധിവിട്ടൊരു നിനവിലെന്‍റെ
ചെറുമനസ്സിനു പെരുമഹന്ത

ഒരു ദിനത്തിലു പ്രളയമെത്തി

മുഴുവനങ്ങനെ നന നനഞ്ഞു
ഒഴുകിയെന്നുടെ വലിയ ഭാഗം
ജലവുമൊത്തൊരു ലയനത്തിലായ്‍
അലിയുമെന്നുടെ തലയുമപ്പോള്‍
അടരുമെന്നിലെ പലക നോക്കി
നിറയുമാ ജല കുളിരിനൊപ്പം
അകമെയുള്ളൊരു വലിയഭള്ളിന്‍
ഘനവുമങ്ങനെയൊഴുകിയല്ലോ
അതിലെ കാലുകള്‍ മുഴുവന്‍ ചേര്‍ത്തു
ഇവിടെ ഞാനൊരു ചെറിയ ബെഞ്ചാ-
ണഴകു പോയൊരു പകരക്കാരന്‍
പലരും വച്ചിതു വിരലു മൂക്കില്‍
മമ ഗതിക്കിനിയരിയ മാനം..
നനയുമെന്നുടെ നയനമോടെ
ശയനയറയ്ക്കു വിടയും ചൊല്ലി
എളിമയെന്നൊരു ഗുണവിശേഷം
ഇനിമയുള്ളൊരു വലിയ പാഠം
കരുതിയെന്നുടെയകമെ ഞാനും.
ഇവിടെയിന്നിനി കഴിയുമെന്നും.



അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ