ആത്മഹത്യ

ആത്മഹത്യ... 

ഓരോ വ്യക്തികളിലേക്കും കൂട്ടായ്മകളിലേക്കും  കുടുംബത്തിലേക്കും സമൂഹത്തിലേക്കും ദേശത്തിലേക്കും രാജ്യത്തിലേക്കും ഒക്കെ  വിരൽ ചൂണ്ടേണ്ടുന്ന മുഖ്യമായ ചർച്ചാവിഷയം..

ആത്മഹത്യ ഒരിക്കലും ഒന്നിനും ഒരു  പരിഹാരമാവില്ല.  നമ്മുടെ അറിവോടെയോ ആവശ്യപ്രകാരമോ സംഭവിക്കാത്ത ഒന്നാണ് ജനനം.. അപ്പോൾ അതിലെ ജീവൻ നശിപ്പിക്കുവാൻ അവകാശമോ അധികാരമോ നമുക്കില്ല എന്ന പരമമായ സത്യം ഓരോരുത്തരും മനസിലാക്കേണ്ടതുണ്ട്. വിവരവും വിവേകവും ഉള്ള  മനുഷ്യജന്മം ഒരു വരദാനമാണ്.

നിർമല ഹൃദയരാണ് ആത്മഹത്യയ്‌ക്കൊരുങ്ങുന്നവർ. ഒരു ദുർബ്ബലനിമിഷത്തിൽ തോന്നുന്ന ആ വികാരത്തിനടിമപ്പെട്ടുപോകാതെ അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ മനഃശക്തിയുള്ളവർക്കുമാത്രമേ കഴിയൂ. കൂടെ ജീവിക്കുന്നവരും കുടുംബവും സമൂഹവും ഒക്കെ ഈ വിഷയത്തിൽ എന്നും ജാഗരൂകരായിരിക്കേണ്ടതാണ്..
എന്നാൽ, അവരൊക്കെത്തന്നെയാണ് ഇവിടെ നടക്കുന്ന പല ആത്മഹത്യകളുടെയും പിന്നിലുള്ളത് എന്നതാണ് ഏറെ  പരിതാപകരം.
ആദ്യം ഒരുപാട് അയവുകളോടെ ആരംഭിച്ചു പിന്നീട്  അന്യായമായി അടിച്ചേൽപ്പിക്കുന്ന നിയമനിബന്ധനകൾ  പലപ്പോഴും ആത്മഹത്യയ്ക്ക് കാരണമാകാറുണ്ട്. സത്യത്തിനും നീതിക്കും യാതൊരു വിലയും കൽപ്പിക്കാതെ തെളിവുകൾ മാത്രം സാക്ഷിയാക്കി നിയമം നടത്തുമ്പോൾ നിർമ്മലഹൃദയർ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. അറിവിന്റെ അഭാവത്തിൽ ഒരിക്കൽ ഒരു വ്യക്തി ചെയ്തുപോയതും  പിന്നീട് തിരുത്താവുന്നതുമായ ഒരു വാക്കിനെയോ പ്രവർത്തിയെയോ
വീണ്ടും വീണ്ടും ചൂണ്ടിക്കാണിച്ചു കുറ്റപ്പെടുത്തി മറ്റുള്ളവരാൽ  മുറിവേൽക്കുന്നവരും ആത്മഹത്യാ ശ്രമം നടത്താറുണ്ട്.
പാരമ്പര്യമായുണ്ടാകുന്ന മാനസിക സംഘര്ഷങ്ങള്ക്കു പുറമെ  നിരന്തരമായ കുറ്റാരോപണങ്ങളാലും മനുഷ്യമനസുകളിൽ അപകർഷതയുടെ വേരുകൾ മുളയ്ക്കാവുന്നതാണ്.
ഓരോ വര്‍ഷവും പരീക്ഷാഫലം അറിഞ്ഞുകഴിഞ്ഞാല്‍  ആവശ്യത്തിലേറെ പ്രാധാന്യം നല്കിക്കൊണ്ടുള്ള വിളംബരചിത്രങ്ങള്‍ പ്രദര്‍ശനത്തിനു വയ്ക്കുന്നതിലൂടെയും അപകര്‍ഷതയുടെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ചും ഇവിടെ ആത്മഹത്യകള്‍ ഉടലെടുക്കുന്നുണ്ട്.

ശരിയായ കൗൺസിലിംഗിലൂടെ ചുരുക്കം ചില മനസുകളെ അപകർഷതയുടെ ലോകത്തുനിന്ന് പുറത്തു കൊണ്ടുവരുവാൻ സാധിച്ചേക്കാം... പൂരിഭാഗം നിർമ്മലഹൃദയർക്കും സ്നേഹത്തോടെയുള്ള സമീപനം മാത്രമേ ഫലപ്രദമാകൂ. ശരിയും തെറ്റും വേർതിരിച്ചറിയുന്നവർ ശരികൾ ചെയ്യാൻ പ്രാപ്തരാണ്.. എന്നാൽ പ്രവർത്തികൾ തെറ്റായിപ്പോകുന്നവർക്കു പലപ്പോഴും ശരിയുടെ  വശം അറിയായ്കയുമുണ്ടാകാം. അതു മനസിലാക്കാതെ അവരെ തെറ്റിദ്ധരിക്കുകയും ക്രൂരമായി അവരോടു സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതും ചിലപ്പോൾ മാനസികമായി അവരെ തളർത്തിയേക്കാം. അറിവും ക്ഷമയും ഉള്ള മനഃശക്തിയുള്ളവർ ഒന്നു വിട്ടുകൊടുത്ത് അവരെ ജീവിക്കുവാൻ അനുവദിക്കുകയാണ് വേണ്ടത്.

ജീവിതം ജീവിക്കാനുള്ളതാണ്. ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികം.. അമിതമായ പ്രതീക്ഷകളിലും ആഗ്രഹങ്ങളിലും മനസ്സിനെ തളച്ചിടാതിരിക്കുക.  എന്തിലും ഏതിലും കുറ്റവും കുറവും കണ്ടു പിടിക്കുന്ന പ്രവണതയില്‍ മനസ്സിനെ അലയാന്‍ വിടാതിരിക്കുക.  എപ്പോഴും  മനസ്സിൽ  പോസിറ്റീവ് ചിന്തകൾ വളർത്തുക. ഒരു പരിധിവരെ ആത്മഹത്യകള്‍ കുറയാന്‍ സാധ്യതയുണ്ടാകും.  എന്തും സഹിച്ചും ക്ഷമിച്ചും സ്നേഹത്തോടെയും സന്തോഷത്തോടെയും തനിയെ  മരണം വന്നു വിളിക്കുവോളം ജീവിതം ജീവിച്ചുതന്നെ ആസ്വദിക്കുവാന്‍   ഏവർക്കും ശക്തിയും ബുദ്ധിയും സർവ്വേശ്വരൻ കനിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... ആശംസിക്കുന്നു....

സസ്നേഹം,
ദേവി. കെ. പിള്ള
25/02/2019

അഭിപ്രായങ്ങള്‍