പ്രണയവും സ്‌നേഹവും

പ്രണയവും സ്‌നേഹവും

ഇന്ന് ലോകം പ്രണയദിനം ആഘോഷിക്കുന്ന വിശേഷനാള്‍. ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പ്രണയദിനാശംസകള്‍..!

പ്രണയവും സ്‌നേഹവും തമ്മിലുള്ള അന്തരംതന്നയാവട്ടെ ഇന്നു ചികയുന്ന ചിന്താവിഷയം. പ്രണയവും സ്‌നേഹവും രണ്ടാണ് എന്നെനിക്കു തോന്നാറുണ്ട്. എന്റെ മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ നിങ്ങളോട് പങ്കുവയ്ക്കുവാന്‍ ഈ ശുഭദിനംതന്നെ തിരഞ്ഞെടുക്കുന്നു. ശരിയാണെങ്കിലും തെറ്റാണങ്കിലും നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുക.. ഒരു തുറന്നെഴുത്തിലൂടെ അറിവുകളെ അതിന്റെ പൂര്‍ണ്ണതയിലെത്തിക്കാനുള്ള ഒരു ശ്രമമായി കാണുക എന്റെ ഈ എഴുത്തിനെ...

പ്രണയമുള്ളയിടങ്ങളിലെല്ലാം സ്‌നേഹമുണ്ടെന്നു പറയാനാകുമോ..? സ്‌നേഹത്തില്‍ പ്രണയവും അതിഷ്ഠിതമെന്നല്ലേ പറയാനാകൂ. പ്രണയം എപ്പോള്‍ വേണമെങ്കിലും ആരിലും കടന്നുചെല്ലും. അതിന് പ്രായപരിധികള്‍ ഇല്ല. ആ പ്രണയം വിവാഹത്തിലെത്തുകയാണെങ്കില്‍, ഇടയ്ക്ക് വേറൊരു പ്രണയവും കടന്നുവരാതിരിക്കുകയാണെങ്കില്‍ ആ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കാതെ മുന്നോട്ടു കൊണ്ടുപോകാനും സന്തോഷപ്രദമായ ജീവിതം നയിക്കാനും സാധിച്ചേക്കാം. എപ്പോഴും എല്ലാവര്‍ക്കും ആ സിദ്ധി ലഭിക്കുമെന്ന് ഒരു നിശ്ചയവും ഇല്ല. പിന്നീടു വരുന്ന പ്രണയങ്ങളില്‍ ആദ്യപ്രണയം പലപ്പോഴും പലരിലും മധുരിക്കുന്ന ഓര്‍മ്മകളായും, മായ്ക്കാനാകാത്ത വേദനകളായും ചിലരിലെങ്കിലും ഒഴുഞ്ഞുപോകാതെ സ്വൈര്യം.കെടുത്തുന്ന ഒരു വില്ലനായും കുടികൊള്ളാറുണ്ട്. കാരണം, ആദ്യമായി കടന്നുവരുന്ന പ്രണയം മറക്കാനോ, വെറുക്കാനോ പ്രയാസമായതുതന്നെ. അല്ല, അത് അസാദ്ധ്യമെന്നുതന്നെ പറയാം.

പ്രണയജോഡികള്‍, പരസ്പരം അതിരുകള്‍ നിര്‍ണ്ണയിച്ചും, സ്വന്തം ഇണയുടെ ഇഷ്ടങ്ങളില്‍, സങ്കടങ്ങളില്‍, സന്തോഷങ്ങളില്‍ എന്നുവേണ്ടാ എന്തിലും ഏതിലും ഒരു നിബന്ധന, ഒരു കണക്ക്, ഒരു നിരൂപണം തുടങ്ങിയ ബലംപിടുത്തങ്ങളുടെ ഈഗോയിസങ്ങളുടെ ഒക്കെയുള്ള ഒരു വല്ലാത്ത കടന്നുകയറ്റത്തിന്റെ വിലങ്ങുതടികളായി രണ്ടുപേരിലേക്കു മാത്രം ഒതുങ്ങിപ്പോകും.. സുഖമുള്ള അസ്വാതന്ത്ര്യം എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. അപ്പോള്‍ പ്രണയം സ്വാതന്ത്രം നഷ്ടപ്പെടുത്തും. അങ്ങനെ സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോള്‍, പ്രതീക്ഷകള്‍ പലതും തകരുമ്പോള്‍ വേദനയും, വിരോധവും വിദ്വേഷവും വൈരാഗ്യവും ഒക്കെ സമ്മാനിക്കില്ലേ ഈ പ്രണയം..?

എന്നാല്‍, ആത്മാര്‍ത്ഥമായ സ്‌നേഹം പ്രണയത്തേക്കാള്‍ ഒരുപാടു ശ്രേഷ്ഠതകളോടെ ഉയരങ്ങളില്‍ സ്ഥാനംപിടിച്ചിരിക്കുന്നു എന്നാണ് എനിക്കു പറയാനാകുന്നത്. സ്‌നേഹം ദൈവത്തെപ്പോലെ വിശാലമാണ്, സത്യമാണ്...., മനസ്സില്‍ നിറഞ്ഞുകവിയുന്ന ദൈവചൈതന്യമാണ് . അതിന് പ്രതാക്ഷകളോ, അളവുകളോ, അസ്വാതന്ത്ര്യങ്ങളോ, അതിര്‍വരമ്പുകളോ ഒന്നുംതന്നെയില്ല. അതൊന്നുകൊണ്ടുതന്നെ ആത്മാര്‍ത്ഥസ്‌നേഹം പ്രണയത്തേക്കാള്‍ എത്രയോ വലുതാണ്. സ്‌നേഹത്തിന്‍െ വലുപ്പം തിരിച്ചറിയാന്‍ സ്‌നേഹത്തോളം വിശാലതയും വലുപ്പവുമുള്ള ഹൃദയത്തിനേ കഴിയൂ എന്നുമാത്രം.

പ്രണയത്തോടൊപ്പം സ്‌നേഹവും ചേര്‍ന്നുനില്ക്കുന്ന ഒരുപാടു ജീവിതങ്ങളുണ്ട് ഈ ഭൂമിയില്‍. ആ മനസ്സുകളെയാണ് സ്വര്‍ഗം എന്നു വിശേഷിപ്പിക്കേണ്ടത്. അല്ലേ...?

എല്ലാ പ്രണയിതാക്കളിലും പ്രണയത്തോടൊപ്പം ആത്മാര്‍ത്ഥമായ സ്‌നേഹവും ചേര്‍ന്നു നില്ക്കട്ടെ എന്ന് ആത്മാര്‍ത്ഥമായിത്തന്നെ പ്രാര്‍ത്ഥിച്ചുകൊണ്ട് എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നല്ല ഒരു പ്രണയദിനം ആശംസിക്കുന്നു.

സസേനേഹം,
ദേവി കെ. പിള്ള

അഭിപ്രായങ്ങള്‍