തോരാക്കണ്ണീർ


പഠിപ്പുചൊല്ലിടുന്ന മാഷു തൻ മനസ്സിലും
ദയയ്ക്കു സ്ഥാനമില്ലയോ, കരഞ്ഞു കേണിടും
കുരുന്നു ശിഷ്യയോടു പാശമെന്നതില്ലയോ
നിറത്തിൽ വന്ന മാറ്റമൊന്നു കണ്ടതില്ലയോ.

മനം ദുഷിച്ച മാനവാ, പറിച്ചെടുത്തെറിഞ്ഞുവോ
വിരിഞ്ഞിടുന്നതിന്നു മുൻ കൊഴിച്ചു വീഴ്ത്തിയോ
കുരുന്നു ജീവനോടുപോലുമിത്ര ക്രൂരമായ-
നാസ്ഥ കാട്ടുവാനുമീ മനുഷ്യനാവുമോ?

ജനിച്ചനാൾ മുതൽക്കൊരായിരം കിനാവുമായ്
വളർത്തിവന്നൊരമ്മതൻ മനസ്സുടച്ച ദുഷ്ടരേ
തണുത്തു ജീവനറ്റതാം മുഖത്തു നോക്കുവാൻ
വിധിച്ചയമ്മയെന്തു ചൊല്ലിയാശ്വസിക്കുവാൻ.

മനഞ്ഞ സ്വപ്നമൊന്നുടഞ്ഞു പോയ് , കുടുംബവും
സുഖിച്ചു വാണിടാനസാദ്ധ്യമായ് തുടർന്നിടും
കുരുന്നു ജീവനന്നു വന്നതും വളർന്നതും
ദിനം നിനച്ചു, തോർന്നിടാതെ കൺ നനഞ്ഞു പോം .

സഹിച്ചയമ്മതൻ മനക്കലക്കമെത്രയോ ?
ശ്രവിച്ച വാർത്തയിൽ മനം നുറുങ്ങി നമ്മളും
കരഞ്ഞ തായ് മനം തളർന്നു ശാപമായ് വരും
കടുത്ത തീയെരിച്ചു ചാമ്പലാക്കിടും നിജം.


.

Comments