നനുനനുത്ത ബാല്യം

പിഞ്ചോമനകൾ 
 
കണ്ണിനു കണ്ണായിത്തന്നെവേണം
കുഞ്ഞുങ്ങളൊക്കെ വളർന്നീടുവാൻ
നന്നായ്‌ വളർന്നങ്ങു വന്നാലവർ
നാടിനും വീടിനും കണ്ണിലുണ്ണി.

നല്ല പ്രതീക്ഷകളോടെ ദൈവം
നമ്മുടെ കൈകളിലേൽപ്പിക്കുന്ന
പിഞ്ചോമനക്കുഞ്ഞുമാനസങ്ങൾ
നന്മപ്രതീകങ്ങളാക്കി മാറ്റാം.

ബാല്യം 

കൊഴിഞ്ഞുപോയ ബാല്യമേ
തിരിച്ചുവാ'ന്നു ചൊല്ലുവാൻ,
സുരസ്സുഗന്ധമേകി നാം
വളർത്തിടാം ദിനംദിനം.
 
നിറഞ്ഞ ബാല്യമെപ്പൊഴും
നനുത്തയോർമ്മയായ് വരാൻ,
തളിർ മനസ്സതെന്നുമേ
തളർന്നിടാതെ നോക്കണം. 

തിരിഞ്ഞു നോക്കി നില്ക്കുകിൽ
നിനച്ചു പുഞ്ചിരിച്ചിടാൻ,
ദയക്കു പാരിലുള്ളതാം
മതിപ്പു ചൊല്ലിടേണ്ടു നാം. 

വരങ്ങളായ് കരങ്ങളിൽ
ലഭിച്ചിടുന്ന മക്കളെ
സഖാക്കളോടിണങ്ങിടും
വിധത്തിൽ നാം വളർത്തണം. 

വരും ദിനങ്ങളിൽ നലം
ജഗം ഭരിച്ചു വാണിടാൻ
സ്വദേശസ്നേഹപൂക്കളായ്
വളർത്തിടാൻ ശ്രമിക്കണം. 

കുരുന്നു മാനസങ്ങളിൽ
വിവിവേകമൊന്നുറച്ചിടും
ദിനങ്ങളെത്തിടും വരെ
കരങ്ങളേകി നില്ക്കണം. 

വയർ നിറച്ചു ഭക്ഷണം
കൊടുത്തു നാം വളർത്തവേ,
മനം നിറഞ്ഞ സ്നേഹമൊ-
ന്നറിഞ്ഞുതന്നെയേകണം. 

കിളിന്തു മാനസങ്ങളിൽ
തെളിഞ്ഞുയർന്നു നന്മകൾ
വളർന്നു പന്തലിച്ചിടാൻ
നമിച്ചു നന്മ ചെയ്തിടാം. 

ഗുണംനിറഞ്ഞനന്മകൾ
മടിച്ചിടാതെ ചെയ്യണം
നിധിക്കുടങ്ങളായ് നിജം
പഠിച്ചിടട്ടെ മക്കളും. 

വളർന്നു, ജീവിതത്തിലെ
കടുത്തവീഥിയിൽ മനം
തളർന്നിടാതെയോർക്കുവാൻ
നനുത്ത ബാല്യമേകിടാം.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ