പുലരി


പുലരിയില്‍ പുഞ്ചിരി തൂകിനിന്നീടുന്ന
മലരുകള്‍ക്കെന്തെന്തുത്സാഹമല്ലേ
ദിനകരന്‍ വന്നാലെന്‍ മാനസമെപ്പൊഴും
മലരുമിപ്പൂക്കള്‍പോലാനന്ദിക്കും

കലപിലശബ്ദത്താലെന്നെയുണര്‍ത്തുന്ന
കിളികള്‍തന്നാരവം കേൾപ്പതുണ്ടോ
മധുരമായ് പാടുന്ന കുയിലിന്റെയൊച്ച ഞാന്‍
അനുകരിച്ചീടുമ്പോഴെന്തു മോദം

മണിമുകില്‍ മാനത്തു ചന്തമായ് കോറിടും
വരകളെക്കാണുവാനുണ്ടു ചന്തം
തിലകസിന്ദൂരമായ് വാനില്‍ തെളിഞ്ഞിതാ
ദിനകരനാം വിശ്വചിത്രകാരന്‍

അഭിരുചിക്കൊത്തപോലഴകുള്ള തോട്ടവും
തൊടിയിലെ പൂക്കള്‍തന്‍ സൗരഭ്യവും
അലസമായ് തേന്‍ നുകര്‍ന്നീടുന്ന ഭ്രമരവും
അകമെയെന്‍ ഭാവനയ്ക്കുണര്‍വു നല്കും

അഭിപ്രായങ്ങള്‍