മടക്കയാത്ര



ചെറുമകൾച്ചിരികണ്ടുപുണർന്നിടാൻ,
പുതിയതായി വിരുന്നു വരുന്നൊരെൻ  
ചെറുമകൻറെ മുഖം കണികാണുവാൻ
വിധിയൊരുക്കിയ സുന്ദരനാളുകൾ.

കൊഴിയുമീ പുതുവർഷ സുശോഭയും . 
പുതിയസങ്കടമൊന്നിനിയേറെ നാൾ 
ചിരിതടുത്തു മുഖത്തിലമർന്നിടേ,-
യഭിനയിച്ചു ചിരിക്കണമല്ലൊ ഞാൻ. 

തനയനൊത്തുകഴിഞ്ഞ ദിനത്തിലും 
മരുമകൾ മകളായ സുഖത്തിലും  
കരളു മോദമനോജ്ഞമതാകവേ,  
ദിനമതെത്ര കൊഴിഞ്ഞിതു വേഗമായ്.

നയനമോഹന കാന്തി വിടർത്തി നീ 
മിഴികളാൽ മണികൊഞ്ചിയനാൾകളിൽ  
മതിമറന്നുകഴിഞ്ഞ ദിനങ്ങളെൻ 
സ്മരണയായിയൊതുങ്ങുകയായിതാ.

കൊതിയകറ്റി മനസ്സിനു സാന്ത്വനം 
പറയുവാൻ മതി തേടി പരസ്പരം 
തെരയുമീ ശ്രുതിനൊമ്പരമാനസം 
പടിയിറങ്ങുകയായിനി മൗനമായ്.

കരയുമെൻ മുഖമൊന്നതു കാണുകിൽ  
പിടയുമെൻ തനയന്റെ മനം നിജം
അതിനു ഞാനിടയാക്കുകയില്ലയെൻ
ചിരിയുതിർന്ന മുഖത്തൊടിറങ്ങിടാം.

ചെറുമകൾച്ചിരി മാഞ്ഞുതുടങ്ങവേ,
മമ  നിയന്ത്രണമൊന്നതു വിട്ടുപോയ്
പതിയെ മാനസമൊന്നറിയാതെയെൻ 
കരവുമാട്ടിയിറങ്ങി നടക്കയായ്.   

സകലരും കരമാട്ടി മടങ്ങിയാ 
വിരഹമെന്നെയുലച്ചുതുടങ്ങിയോ 
വദനമാകെയിരുൾമണിമേഘമായ്
മഴയുതിർന്നിടുമെന്നതുപോലെയായ്.


തതത തംതത തംതത തംതതം. 


അഭിപ്രായങ്ങള്‍