പുതുവർഷപ്രതീക്ഷകൾ.


മാനവഹൃത്തിലുള്ള സ്വാർത്ഥതയൊഴിയേണം
മറ്റുള്ള സമ്പത്തുകൾ കാത്തെന്നും ജീവിക്കേണം.

പ്രളയം, ഭൂകമ്പങ്ങൾപോലുള്ള ദുരന്തത്തിൽ
ഭൂമിക്കു തകർച്ചകൾ വന്നിടാതിരിക്കേണം.

നാടിന്റെ സമ്പത്താകും സുന്ദരപ്രകൃതിയെ
സ്നേഹിച്ചു, സംരക്ഷിക്കാനേവരുമൊരുങ്ങേണം 

സ്ത്രീകളും കുട്ടികളും നിർഭയം ജീവിക്കുവാൻ,
നിസ്വാർത്ഥനേതൃനിര നാടിനെ ഭരിക്കേണം.

മാനുഷബന്ധങ്ങളിൽ കാപട്യമില്ലാതാവാൻ
സ്നേഹത്തിലാത്മാർത്ഥത നിറഞ്ഞുനിന്നിടേണം. 

തിന്മകൾ പിഴുതെടുത്തോരോരോ മനസ്സിലും
നന്മകൾ നട്ടുവയ്ക്കാൻ മാനവർ മുതിരേണം.

സ്വാർത്ഥമോഹങ്ങൾക്കായീ നാടിനേയൊറ്റുന്നവർ
മോഹനഭൂമിതന്നിൽ ജീവിക്കാനാർഹരല്ല

ഭക്ഷണസാധനത്തിൽ മായങ്ങൾ ചേർക്കുന്നോരെ
രക്ഷിക്കുന്നേമാന്മാർക്കും ശിക്ഷകൾ നല്കീടേണം.

നാടിന്റെ നട്ടെല്ലാകും കൃഷിയെ മാനിക്കേണം
കർഷകവൃന്ദങ്ങൾക്കായേറ്റേണമാനുകൂല്യം.

ആണുങ്ങൾ, പെണ്ണുങ്ങളെന്നുള്ളൊരു മനസ്ഥിതി
മാറിയീ ഭൂലോകത്തിൽ മാനവരൊന്നാകണം.

കല്ലിലും മുള്ളിലും നാം ദർശിക്കും ദൈവങ്ങൾതൻ
ചൈതന്യംതന്നെയോരോ ചിത്തത്തിൽ വാഴുന്നതും

എന്നുള്ള നഗ്നസത്യം മാനവനറിയേണം
സ്നേഹത്താൽ വൃദ്ധിനേടി ഭൂമി നീ പുഷ്പ്പിക്കേണം.

പ്രാകൃതപ്രകൃതിയിൽ മാറ്റമുണ്ടായീടുവാൻ
പ്രപഞ്ചം മുഴുക്കെയുമൊന്നായിട്ടുണരേണം

മാനവമനസത്തിൻ വിശ്വാസം തകർക്കാതെ
സംസ്കാരസമ്പന്നരായ് നേതാക്കൾ ഭരിക്കേണം.

അഭിപ്രായങ്ങള്‍