ബ്ലോഗ് ചലഞ്ചിൽ ഒപ്പം ഞാനുമുണ്ട് - സന്തോഷം ബ്ലോഗുകൾ വീണ്ടും സജീവമാകട്ടെ

ചിത്രം കടപ്പാട് ശ്രീ രമേശ് 
വളരെയധികം സന്തോഷം .....ജീവിതത്തിലെ  ഒഴിച്ചുകൂടാനാവാത്ത കുറെ തിരക്കുകളാലും പിന്നെ വർക്കിന്റെ തിരക്കുകളാലും പാടെ മറന്നു കിടന്നിരുന്ന എന്റെ ബ്ലോഗുകളെ പൊട്ടിതട്ടിയെടുക്കുവാൻ , വീണ്ടു ബ്ലോഗെഴുത്തിൽ ഉണർന്നു പ്രവർത്തിക്കുവാൻ എന്റെ ചില മിത്രങ്ങൾ നടത്തുന്ന ആഹ്വാനത്തെ സ്വീകരിച്ചുകൊണ്ട് ഇനിമുതൽ  എന്‍റെ ബ്ലോഗിലും സജീവമാകാനുള്ള തീരുമാനമെടുക്കുന്നു ഇന്ന് ഞാൻ.


എന്റെ ആത്മമിത്രവും പ്രസിദ്ധ ബ്ലോഗറുമായ ശ്രീ ഫിലിപ്പ് സാറിന്‍റെ പോസ്റ്റിലൂടെയാണ് ഇതേപ്പറ്റി കൂടുതല്‍ അറിയാന്‍ സാധിച്ചത്.... അതില്‍ സാറിനോടുള്ള നന്ദിയും സന്തോഷവും അറിയിക്കുന്നു....   

തുടർന്നുള്ള നാളുകളിൽ ഈ ബ്ലോഗും സജീവമാക്കാൻ ശ്രമിക്കുന്നതാണ്.  

നന്ദി 
നമസ്‌കാരം 


ദേവി കെ. പിള്ള.


യാത്രാവിവരണം 


കാനഡ സന്ദർശനവും നയാഗ്ര വെള്ളച്ചാട്ടവും 

കാനഡ സന്ദർശനം ആസൂത്രണം  ചെയ്ത കാലം മുതൽ സ്വപ്നം കണ്ടതാണ് നയാഗ്ര വെള്ളച്ചാട്ടം.  അതുകൊണ്ടുതന്നെ നയാഗ്ര കണ്ടില്ലെങ്കിൽ ഈ സന്ദർശനത്തിന്  പൂർണ്ണതയും ഉണ്ടാവില്ല എന്നതാണ് സത്യം.  ജൂലൈ 11, 3 am ന് ചെന്നൈ എയർപോർട്ടിൽനിന്നു പുറപ്പെട്ട ഞങ്ങൾ 8 മണിയോടെ ഹോങ്കോങ്ങിൽ എത്തി.  അവിടുന്ന് 5.10ന് ടൊറോന്റോയ്ക്ക്.. കാനഡയിലെ ജൂലൈ 11ന്  ഏകദേശം  9മണിയോടെ എയർപോർട്ടിൽ എത്തി. ഞങ്ങളെ സ്വീകരിക്കാൻ സ്നേഹത്തിന്റെ ചിഹ്നമായ ഒരുകുടന്ന റോസാപ്പൂക്കളുമായി മോനും ദിവ്യയും ഉണ്ണിമോളും  നേരത്തേതന്നെ എത്തിയിരുന്നു. ഏതാണ്ട് ഒന്നര വർഷത്തിനുശേഷമുള്ള കണ്ടുമുട്ടലിൽ  ഹൃദ്യമായ  ആശ്ലേഷാലിംഗങ്ങളാൽ പരസ്പരം സ്നേഹം പ്രകടനത്തിന്റെ  ആനന്ദലഹരിയിൽ കണ്ണുകൾ ഈറനണിഞ്ഞ കുറച്ചു നിമിഷങ്ങൾ. അവിടുന്ന്  വീട്ടിൽ എത്തിയ ഞങ്ങളെ നിറഞ്ഞ നിഷ്ക്കളങ്കതയോടെ മെഴുകുതിരി ഏറ്റിവച്ച് കേക്ക് മുറിച്ച് മധുരം നല്കിയാണ് ഉണ്ണിമോൾ അവളുടെ സ്നേഹം പ്രകടിപ്പിച്ചത്.  വാത്സല്യം തുളുമ്പിയ രണ്ടു സുവർണ്ണനിമിഷങ്ങളെയും  മയിൽപ്പീലിത്തൂവൽത്തൂലികയാൽ  എന്റെ മനസ്സിന്റെ പ്രധാന ഏടിൽ കോറിയിടാൻ ഞാൻ മറന്നില്ല. പിറ്റേന്ന് യാത്രാക്ഷീണമൊക്കെ മാറിയശേഷം മിസ്സിസ്സാഗയിലെ  യിലെ മെട്രോ മാർക്കറ്റ് വരെ ഒരു ചെറിയ ഔട്ടിങ്. ഇവിടുത്തെ ജനങ്ങളെപ്പോലെതന്നെ ഇരട്ടിയിലേറെ വലിപ്പം ഉള്ള പച്ചക്കറികൾ കണ്ട് അത്ഭുതം തോന്നിയ ഞാൻ എന്റെ മൊബൈലിൽ അവയുടെ കുറച്ചു ചിത്രങ്ങൾ ഒപ്പിയെടുത്തു.  അടുത്ത ദിവസം ജാക്ക് ഡാർലിംഗ് പാർക്കിലേയ്‌ക്കൊരു ചെറിയ യാത്ര.  കണ്ണഞ്ചിക്കും വർണ്ണപുഷ്പങ്ങളാൽ ഉള്ള   അലങ്കാരം ആണ് അവിടെ എല്ലായിടത്തും കാണാൻ സാധിച്ചത്. മനുഷ്യർ വസ്ത്രങ്ങൾ മാറിമാറി ധരിക്കുന്നതുപോലെ ഇവിടുത്തെ പ്രകൃതി കാലാവസ്ഥയ്ക്കനുസൃതമായി വേഷങ്ങൾ മാറിക്കൊണ്ടിരിക്കും 
എന്ന വാർത്ത എന്നിൽ ആകാക്ഷ നിറച്ചിരിക്കുന്നു. ആറു മാസം ഉണ്ടല്ലോ. എല്ലാം കാണണം.. എന്നിട്ടുവേണം കേരളത്തിലേയ്ക്കു മടങ്ങാൻ. 
ഒന്റാറിയോ തടാകത്തിന്റെ തീരങ്ങളിൽ അങ്ങിങ്ങായി ഒരുക്കിയിട്ടുള്ള  അതിമനോഹരങ്ങളായ  ചെറിയ ചെറിയ പൂന്തോട്ടങ്ങളും കാഴ്‌ചക്കവാടങ്ങളും പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കാൻ മാത്രമല്ല, അവയെല്ലാം ക്യാമറയിലൂടെ  ഒപ്പിയെടുത്തോർമ്മസാക്ഷ്യങ്ങളായ്  സൂക്ഷിക്കുവാനുള്ള  ആകാംക്ഷയുമുളവാക്കും നമ്മിൽ.   തെളിഞ്ഞ വമ്പൻ  നീലത്തടാകത്തിൽ ആപത്ക്കരങ്ങളായ ഗൂസുകളും അരയന്നങ്ങളും യഥേഷ്ടം വിഹരിക്കുന്ന കാഴ്ച നമ്മെ വിസ്മയിപ്പിക്കും. ഒരേ നിറത്തിൽ അച്ചിൽ വാർത്തെടുത്തതുപോലെ താറാവിന്റെ രൂപത്തിലാണ് ഗൂസുകൾ. രാത്രിയുടെ വൈദ്യുതിപ്രകാശത്തിൽ  ഇവിടെനിന്ന് കാണുന്ന ഒന്റാറിയോ നഗരക്കാഴ്ചകൾ അതിമനോഹരം. കാനഡ നാഷണൽ ടവറിന്റ  വർണ്ണവൈവിദ്ധ്യമാർന്ന ദൂരദൃശ്യങ്ങൾ ഈ തീരങ്ങൾക്ക് ഭംഗി കൂട്ടുന്നുണ്ട്. 
അടുത്ത ദിവസം 
ജൂലൈ 15ന്  രാവിലെ 10 മണിയോടെ നഹാനിവേയിലുള്ള മോന്റെ വീട്ടിൽ നിന്നു നയാഗ്ര വെള്ളച്ചാട്ടം ലക്ഷ്യമിട്ടുള്ള യാത്ര ആരംഭിച്ചു. മിസ്സിസ്സാഗ നഗരത്തിലെത്തിയപ്പോൾ ടിം  ഹോർട്ടൻസ് കോഫി കാനഡയിൽ പ്രസിദ്ധമാണ് എന്നു പറഞ്ഞ് മോൻ അവിടുത്തെ കോഫിയുടെ പ്രത്യേക രുചി ഞങ്ങളെ അനുഭവിപ്പിച്ചു...കാറിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾതന്നെ 4കോഫീസ് ഡബിൾ ഡബിൾ എന്ന് ഓർഡർ ചെയ്ത് കാറിൽത്തന്നെയിരുന്നു കടയുടെ ഒരു ജനലിലൂടെ ഈ കോഫി വാങ്ങുന്ന രീതിയും എന്നെ നന്നേ രസിപ്പിച്ചു. ഈ  ഡബിൾ ഡബിൾ എന്നാൽ എന്താണെന്ന് ചോദിച്ചപ്പോൾ അവൻ ഒരു ചെറു ചിരിയോടെ നല്കിയ ഉത്തരം രസകരമായിത്തോന്നി.  രണ്ടു പാക്ക് മധുരവും രണ്ടുപാക്ക് പാലും എന്നാണതെ അതിന്റെ അർത്ഥം. മനുഷ്യനും അവന്റെ ഓരോരോ ഇഷ്ടങ്ങളും സൗകര്യങ്ങളും എത്ര ലാഘവത്തോടെയാണ് ഇവർ കൈകാര്യം ചെയ്യുന്നത് എന്നു ഞാനപ്പോൾ ഓർത്തു.  

അങ്ങനെ വളരെ രുചികരമായ കോഫിയും രുചിച്ചുകൊണ്ടാ യാത്ര തുടർന്നു. ഏതാണ്ട് 50കി. മി.  സഞ്ചരിച്ചപ്പോൾ ഹാമിൽട്ടൺ എന്നൊരു സിറ്റിയിൽ എത്തി. അവിടെ നിറയെ ചെറിയ ചെറിയ വാട്ടർ ഫാൾസ് കണ്ണിനു സായൂജ്യമേകി. അവിടുന്ന് ഒരു 50 കി. മി.  ദൂരം ചെന്നാൽ നയാഗ്ര ആയി. 

ആദ്യം രാജകീയചിത്രശലഭങ്ങൾ കുടിയേറിപ്പാർക്കുന്ന ഒരു പൂന്തോട്ടം കണ്ടു. ലോകമൊട്ടാകെ  പറന്നുനടക്കുന്നതും ഇതുവരെ കാണാത്തതുമായ ഒരുപാടു  ചിത്രശലഭങ്ങളെ അവിടെ കാണാം.  അതാണ്‌  ബട്ടർഫ്‌ളൈ ഗാർഡൻ. അവിടെ  മെക്സിക്കൻ സൂര്യകാന്തികൾ നിരന്നു നില്ക്കുന്നതാണ് എന്നെ ഏറ്റവും ആകർഷിച്ചത്. കൂടാതെ വളരെ മനോഹരമായി  ഉന്നതകലാഹൃദയത്തോടെ നട്ടുപിടിപ്പിച്ചിരിക്കുന്ന  കുറെ വർണ്ണശബളമായ പൂക്കളും ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ വർണ്ണവൈവിദ്ധ്യമാർന്ന ആ  ചിത്രശലഭങ്ങളും തികച്ചും അത്ഭുതകരമായ കാഴ്ചകൾതന്നെ. അവിടെ കണ്ട വളരെ വലിപ്പമുള്ള സുന്ദരമായ കുതിരകളാൽ ബന്ധിച്ച വണ്ടികൾ ആയിരുന്നു എന്റെ ശ്രദ്ധയാകർഷിച്ച മറ്റൊരു പ്രത്യേകത. അതിന്റെ ഭംഗിയുള്ള മുഖവും ആകർഷകമായ കൈകാലുകളും മനോഹരം. 
പോകുന്ന വഴിയോരങ്ങളിലെല്ലാം പല നിറങ്ങളിൽ പൂത്തുനില്ക്കുന്ന അല്‌പായുസ്സുകളായ പൂക്കൾ കണ്ണിനു സുഖം പകരുന്ന കാഴ്‌ചകൾ.  കുട്ടികൾക്കായി ഒരു വർണ്ണസ്വർഗ്ഗംതന്നെ ഒരുക്കിയിട്ടുണ്ട് ക്ലിഫ്ടൻ ഹിൽസിലെ  തെരുവു മുഴുവനും. അവിടെ ഗുരു ഇന്ത്യൻ  ഹോട്ടലിൽ ഉച്ചഭക്ഷണം  കഴിക്കുമ്പോൾ  ഇതൊക്കെ കണ്ടറിഞ്ഞു മടങ്ങാം എന്ന ആനന്ദദായകമായ ഒരു അനുഭൂതിയിൽ മുഴുകിയിരുന്നു മനസ്സ്. അവിടെനിന്ന് വീണ്ടും യാത്ര തുടർന്നു. 

നയാഗ്ര വെള്ളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ചകൾ വളരേ ദൂരങ്ങളിൽ നിന്നുതന്നെ  ദൃശ്യമാകാൻ തുടങ്ങി. അമേരിക്കയുടെയും കാനഡയുടെയും അതിർത്തിയിൽ കാണുന്ന നയാഗ്ര എന്ന നദിയിലേയ്ക്ക് ഏകദേശം 81000 അടി ക്യുബിക് ജലം 51 മീറ്റർ താഴേയ്ക്ക് കുത്തനെ കുതിച്ചൊഴുകി വീഴുന്ന ലോകത്തിലെ അത്യത്ഭുത കാഴ്ചയാണ് നയാഗ്ര വെള്ളച്ചാട്ടം എന്ന പേരിൽ അറിയപ്പെടുന്നത്. അമേരിക്കൻ ഫാൾസ്,  ബ്രൈഡൽ വെയിൽ ഫാൾസ്, കാനേഡിയൻ ഹോഴ്സ് ഷൂ ഫാൾസ് എന്നിങ്ങനെ 3 ഫാൾസ് ആണ് നാം ഒരേ സമയം കാണുന്നത്.  അമേരിക്കയിൽനിന്ന് പതിക്കുന്നതിനാൽ എതിർവശത്തുള്ള കാനഡയിൽനിന്ന് നയാഗ്രയുടെ ഭംഗി പൂർണ്ണമായി ആസ്വദിക്കാൻ കഴിയും. വെള്ളച്ചാട്ടത്തിനു കുറച്ചകലെയായി
കാനഡയിലെ ഒന്റാറിയോ അതിർത്തിയും അമേരിക്കയിലെ ന്യൂയോർക്ക് അതിർത്തിയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു വലിയ പാലം  കാണാം. അതിന്റെ പേര് റെയിൻബോ ബ്രിഡ്ജ് എന്നാണ്. അമേരിക്കയുടെ ഭാഗത്ത്‌ 282 അടി ഉയരത്തിൽ ഒരു വാച്ച് ടവർ കാണാം.. കാനഡയിൽ ഹിൽട്രാമും റോപ് വേയും ആണ്. 

പ്രവേശനട്ടിക്കറ്റ് എടുത്ത്  അകത്തു കടന്നാൽ ഒരു പിങ്ക് നിറമുള്ള പ്ലാസ്റ്റിക് കോട്ട് തരും എല്ലാവർക്കും... (അമേരിക്കൻ ടൂറിസ്റ്റുകൾക്ക് നീല നിറമാണ് ആ കോട്ടിന്). അതു ധരിച്ചുവേണം ഷിപ്പിലേയ്ക്കു
കയറാൻ. ഷിപ്പ് ഒറ്റ റോപ്പിലൂടെ  താഴേയ്ക്കിറങ്ങുന്നതും മുകളിലേയ്ക്കു കയറുന്നതും ഒരു കൗതുകകരമായ അനുഭവമാണ്. ഫ്യൂണിക്കുലാർ എന്നാണ് അത് അറിയപ്പെടുന്നത്.  റോപ് വേയിലൂടെ ഇറങ്ങി ഷിപ്പിൽ കയറി,  ഇടത്തുനിന്ന് ആരംഭിച്ച ഷിപ് വലതു നോക്കി നീങ്ങി. 

അമേരിക്കയിലെ ബഫല്ലോ പട്ടണക്കരയിലെ Erie  തടാകത്തിൽനിന്നുത്ഭവിക്കുന്ന നയാഗ്ര നദിയിലെ ജലം കാനഡയിലെ ഒന്റാറിയോ തടാകത്തിലേയ്ക്ക് കുത്തനെ പതിക്കുന്നതാണ് നാം കാണുന്നത്. ഇങ്ങനെ  പതിക്കുന്നതിന്റെ  ശക്തിയിൽ വെള്ളം ചെറിയ കണികകളായി മേലോട്ടുയർന്ന് മഞ്ഞുപോലെ ദൃശ്യമാകുന്നു.  തൂവെള്ളിമേഘങ്ങൾകൊണ്ട്  ഞൊറിഞ്ഞുടുത്ത പാവാടാപോലെ വെയിലിൽ മിനുങ്ങുന്ന വെള്ളച്ചാട്ടത്തിൽനിന്ന്  ജലകണങ്ങൾ മേലോട്ടുയർന്ന് ആ പ്രദേശമാകെ ചാറൽ മഴയുടെ പ്രതീതിയിൽ സദാ  തണുപ്പിച്ചുകൊണ്ടിരിക്കുന്നു. ഷിപ്  വെള്ളച്ചാട്ടത്തിന്റെ സമീപം എത്തിയപ്പോൾ മഴയിൽ കുളിച്ചപോലെ എല്ലാരും നനഞ്ഞു.  ആളുകൾ ആഹ്ലാദഭരിതരായി ഒച്ചവച്ചുകൊണ്ടിരുന്നു.  കുറച്ചുകൂടെ മുന്നോട്ടു നീങ്ങിയപ്പോൾ ഒന്നും കാണാൻ കഴിയാതെ വെറും പുകപോലെ അനുഭവപ്പെട്ടു. തിരിയുമ്പോൾ ശരിക്കും 'റ' ആകൃതിയിൽ മനോഹരമായ ദൃശ്യമാണ് കാണാൻ സാധിച്ചത്.  തെളിഞ്ഞുനില്ക്കുന്ന വെയിൽ  ജലപ്പരപ്പിനു മുകളിലായി സദാ മഴവിൽ അണിയിച്ചുകൊണ്ട്  നദിയെ സുന്ദരിയാക്കിയ കാഴ്ച വർണ്ണനാതീതം.  ചിലസമയങ്ങളിൽ പാലത്തിന്റെ മുകളിൽ ആ മഴവില്ല് ദൃശ്യമാകും എന്ന് മോൻ പറഞ്ഞു. അവിടുന്ന് കുറച്ചു ദൂരം നടന്നപ്പോൾ  വിക്ടോറിയ ടവർ കണ്ടു. അതിന്റെ വ്യൂ പോയിന്റിലൂടെ വെള്ളച്ചാട്ടം വളരെ അടുത്ത് കാണാൻ സാധിച്ചു.  അവിടെ നിന്നു ദർശിക്കുമ്പോൾ നയാഗ്ര നദിയിൽ നിന്ന് കരിനീല നിറത്തിൽ ഒഴുകിവരുന്ന ജലം   പച്ചനിറമായി താഴോട്ടിറങ്ങുന്നത് അതിമനോഹരമായ ഒരു കാഴ്ചയാണ്. വിവിധ ആകൃതികളിൽ സെറ്റ് ചെയ്തിട്ടുള്ള പൂന്തോട്ടങ്ങൾ വിക്ടോറിയ ഗാർഡനെ രാജകുമാരിയെപ്പോലെ  സുന്ദരിയാക്കുന്നു. 
വിക്ടോറിയ വ്യൂ പോയിന്റിലേയ്ക്ക് പോകുന്ന വഴിയിൽ നിക്കോള ടെസ്ല  എന്ന സെർബിയൻ അമേരിക്കൻ ഇൻവെന്ററിന്റെ  പ്രതിമയുണ്ട്. സർ ഹെൻട്രി പെല്ലറ്റ് എന്ന മഹാൻ ആണ് ആദ്യമായി നയാഗ്രവെള്ളച്ചാട്ടത്തിൽ നിന്ന് ഉത്പാദിപ്പിച്ച  ഹൈഡ്രോ വൈദ്യുതി ടൊറോന്റോ സിറ്റിയിലേയ്ക്ക് കൊണ്ടുവന്നത്. 
സ്കൂളിൽ സാമൂഹ്യപാഠം പഠിപ്പിച്ച വാര്യർ മാഷ് പറഞ്ഞു കേട്ടതാണ് നയാഗ്ര വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യവും മാഹാത്മ്യവും ഒക്കെ. പിന്നെ ചിത്രങ്ങളിലൂടെ കണ്ടു. ഇപ്പോഴിതാ നേരിൽ കണ്ട് സായൂജ്യമടഞ്ഞു.  ഈ സ്വർഗീയ ദൃശ്യം സന്ദർശിക്കാൻ അവസരം ഒരുക്കിയ പ്രിയപുത്രനും ഈ ഭാഗ്യം കൈവരിക്കാൻ വരം നല്കിയ സർവ്വേശ്വരനും നല്കുന്നു അകമഴിഞ്ഞ നന്ദിയും സ്നേഹവും..

സ്നേഹപൂർവ്വം, 

ദേവി. കെ. പിള്ള.Comments

 1. സത്യത്തിൽ ഈ പോസ്റ്റു കാണാൻ വൈകി
  കുറിപ്പിൽ പരാമര്ശിക്കപ്പെട്ടതിൽ അത്യധികം സന്തോഷം.
  എഴുതുക അറിയിക്കുക.
  നമ്മുടെ ബ്ലോഗുകൾ സജീവമാകട്ടെ!
  ആശംസകൾ ​

  ReplyDelete
 2. സത്യത്തിൽ ഈ പോസ്റ്റു കാണാൻ വൈകി
  കുറിപ്പിൽ പരാമര്ശിക്കപ്പെട്ടതിൽ അത്യധികം സന്തോഷം.
  എഴുതുക അറിയിക്കുക.
  നമ്മുടെ ബ്ലോഗുകൾ സജീവമാകട്ടെ!
  ആശംസകൾ ​

  ReplyDelete
 3. ഇവിടെ ഞാൻ ഒരു അഭിപ്രായം ഇട്ടിരുന്നതായാണോർമ്മ പക്ഷേ ഇപ്പോൾ നോക്കിയപ്പോൾ കാണുന്നില്ല.
  നന്ദി ടീച്ചർ ഈ കുറിപ്പിൽ എന്നേ പരാമർശിച്ചു കണ്ടതിൽ.
  ബ്ലോഗുകൾ സജീവം ആകട്ടെ, നന്ദി നമസ്‌കാരം
  ഫിലിപ്പ് ഏരിയൽ വറുഗീസ്, സിക്കന്തരാബാദ്

  ReplyDelete
  Replies
  1. സന്തോഷം ഫിലിപ്പ് സാർ

   Delete

Post a Comment