വിഷുക്കണി

കണ്ണാ, കടല്‍വര്‍ണ്ണ! വാസുദേവാ ,
പുല്ലാങ്കുഴല്‍നാദമോടെയെത്തൂ
വന്നൂ വിഷുക്കാലമിന്നു വീണ്ടും
പൂക്കുന്നിതാ കര്‍ണ്ണികാരമെല്ലാം
മുറ്റത്തു നില്ക്കുന്ന കര്‍ണ്ണികാര-
പ്പൂക്കള്‍ക്കു നിന്‍ ചേലവര്‍ണ്ണമല്ലേ
മോഹിച്ച മോഹങ്ങളൊക്കെ നീയെന്‍
ചാരത്തിതേകിക്കനിഞ്ഞതല്ലേ..
മേടക്കുളിര്‍ത്തെന്നലീണമേറ്റെന്‍
പൂവാടിയില്‍ പൂത്തപൂക്കളെല്ലാം
ചെന്താമരപ്പൂവൊടൊത്തുവന്നാല്‍
നിന്‍ പുഞ്ചിരിപ്പൂവു നോക്കിനില്‍ക്കും
മേടം പിറക്കുന്ന പുണ്യനാളില്‍
കൊഞ്ചുന്ന ദന്തങ്ങള്‍ കാട്ടിനില്ക്കും
നിന്മുഖമൊന്നങ്ങു കണ്ടുണരാന്‍
മോഹിച്ചു ഞാനിന്നുറങ്ങിടട്ടേ
കണ്ണാ ,മുകില്‍വര്‍ണ്ണ! ഗോപബാലാ,
വൃന്ദാവനത്തിന്‍റെ രാഗനാഥാ
പീലിക്കതിര്‍ചൂടിയെത്തുകില്ലേ
കൈനീട്ടമേകാന്‍ വിഷുപ്പുലര്‍ച്ചേ.

അഭിപ്രായങ്ങള്‍