എന്‍റെ പ്രണയം


കാര്‍ത്തികവിലാസത്തിന്‍ മുന്നിലേ വീഥി കാണ്‍കേ
കൗമാരകാലത്തിന്‍റെ ഓര്‍മ്മകള്‍ ദൂരേ... ദൂരേ...
ഒത്തിരി പിന്നിലേക്കു പോയിട്ടു കൂട്ടിവന്നെന്‍
ചാരത്തു മാധുര്യങ്ങള്‍ നുണയാനെത്തീടുന്നു
വൈകിയ നേരത്തൊരു മൂന്നുപേര്‍ നിശ്ശബ്ദമാം
വീഥികള്‍ നാലും കണ്ടുപകച്ചുനിന്ന നേരം
കൈയിലു ബുക്കുകളും തോളിലോ കുടയുമായ്
ഓരത്തിലൂടെയങ്ങൊന്നൊതുങ്ങി നടക്കുന്ന
എന്നുടെയടുത്തേക്കു വന്നവര്‍ ചോദിച്ചതോ
എന്‍റെയച്ഛന്‍റെ പേരും വിലാസോം തന്നെയല്ലോ
ഉള്ളിന്‍റെയുള്ളിലൊരു ഞെട്ടലുണ്ടായെങ്കിലും
തെല്ലൊരു കുസൃതിയോ’ടന്നു ഞാന്‍ മെല്ലെ ചൊല്ലി
നല്ലപോലറിഞ്ഞൊരു കുടുംബം തന്നെയാണേ
ധൈര്യമായെന്‍റെ കൂടെ വന്നോളൂ കാട്ടിത്തരാം
വീടിന്‍റെ പടിവാതില്‍ കടന്നുവന്നശേഷം
ഉണ്ടായ സംഭവങ്ങ’ളൊക്കെയും തമാശകള്‍
ബന്ധുവിന്‍ ബന്ധുവായ പയ്യനെ തൃപ്തിയായി
അന്വേഷണത്തിന്‍റെയോരാവശ്യമില്ലാതായി
അന്നെന്‍റെ പെണ്ണുകാണല്‍ ചടങ്ങു നടന്നതും
നല്ലൊരു പ്രണയത്തിന്‍ നാമ്പുകള്‍ മൊട്ടിട്ടതും
കാമുകന്‍ നിര്‍ബന്ധിച്ചു പ്രേമലേഖനങ്ങളും
കൈമാറാനനുവാദം വാങ്ങിയെന്നച്ഛനോടായ്
അങ്ങനെ പ്രണയത്തിന്‍ ‘പ്ര’ യെന്നോരക്ഷരത്തെ
ഓര്‍ക്കുവാന്‍ പോലും പേടി’ച്ചങ്ങു നടന്നിരുന്ന
കര്‍ശനക്കാരനാകും അച്ഛന്‍റെയനുവാദ-
ത്തോടെയെന്‍ പ്രണയത്തിന്‍ മാധുര്യം നുകര്‍ന്നതും
ഇന്നലെ കഴിഞ്ഞപോലോര്‍മ്മയിലോടിയെത്തും
കാര്‍ത്തികവിലാസത്തിന്‍ മുന്നിലേ വീഥി കാണ്‍കേ.

അഭിപ്രായങ്ങള്‍