കനല്‍പ്പൂക്കള്‍ (കാവ്യസമാഹാരം)


കനല്‍പ്പൂക്കള്‍(കാവ്യസമാഹാരങ്ങള്‍)


പരിചയക്കുറിപ്പ്

ഞാന്‍ നെടിയൂട്ടം ദേവി. കെ. പിള്ള ,  1959 ല്‍ നെടിയൂട്ടം ശ്രീമതി ലീലാവതിയമ്മപുന്നത്തറ ശ്രീ. കേശവന്‍ അപ്പുപട്ടേരി ദമ്പതികളുടെ മകളായി ഏറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ പഞ്ചവള്ളിവീട്ടില്‍ ജനനം. പറവൂര്‍ കെ. വി. എല്‍. പി. എസ്സ്പറവൂര്‍ ശ്രീനാരായണ ഹൈസ്കൂള്‍, പറവൂര്‍ എന്‍ എസ്സ് എസ്സ് കോളേജ് എന്നിവിടങ്ങളില്‍ ആയി പ്രീഡിഗ്രിവരെ  വിദ്യാഭ്യാസം. ഇംഗ്ലീഷ്മലയാളം ടൈപ്പിംഗ്, M.S. Office , Tally & photoshop, ഓഫീസ് മാനേജ്മെന്റ് കോഴ്സ് എന്നിവയാണ് മറ്റു യോഗ്യതകള്‍. ഗീതാക്ലാസ്സില്‍ കുറച്ചുകാലം പോയിട്ടുണ്ട്. അന്നുമുതല്‍ക്കേ ചുറ്റുപാടും കാണുന്ന അന്യായങ്ങള്‍ മനസ്സിനെ ഉലയ്ക്കാറുണ്ട്. ഒഴിവുസമയങ്ങളില്‍ പടം വരയ്ക്കും. ഇരുപതാം  വയസ്സില്‍ ശ്രീമതി മീനാക്ഷിയമ്മയുടെയും ശ്രീ. ആനന്ദന്‍ പിള്ളയുടെയും മകനായ ശ്രീ പി. എ. കെ പിള്ളയുടെ വേളിയായി ഞാറയ്ക്കല്‍ പെരുമ്പിള്ളിയില്‍ പനയ്ക്കപ്പറമ്പിലേക്ക് മാറ്റിനടപ്പെട്ടു.  ഇരുപത്തിമൂന്നാം വയസ്സില്‍ കേരളം വിട്ട് അന്യദേശങ്ങളില്‍ താമസം. 1997 മുതല്‍  2007 വരെ ഭര്‍ത്താവിന്‍റെ കമ്പനിയില്‍ സേവനം.   മക്കളുടെ പഠിപ്പും വിദ്യാഭ്യാസവും വിവാഹവും കൊച്ചുമക്കളുടെ ജനനവും ഒക്കെയായി ജീവിതത്തിലെ  ഏറെ സന്തോഷങ്ങളുടെയിടയില്‍ ഇടയ്ക്കിടെ നേരിടേണ്ടിവന്ന എതിര്‍കാറ്റുകളോടു മല്ലിട്ട് ജീവിതത്തിന്‍റെ സായാഹ്നത്തില്‍ എത്തിനിലക്കുന്നു. 2013 ഏപ്രില്‍മുതല്‍ സ്വദേശമായ വടക്കന്‍ പറവൂരില്‍ ചരിത്രപ്രസിദ്ധമായ ചേന്ദമംഗലം പാലിയം നാലുകെട്ടിനു സമീപം തോപ്പില്‍ സാന്‍ നിവാസില്‍  പരിപൂര്‍ണ്ണ വിശ്രമജീവിതം നയിക്കുന്നു. പ്രതീക്ഷിക്കാതെ കൈവന്ന ജന്മദേശത്തെ  ഈ സൗഭാഗ്യജീവിതത്തില്‍ പെറ്റമ്മയെ അരികില്‍ കണ്ടു ജീവിക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് മനസ്സിന് ഏറ്റവും സന്തോഷം  നല്കിയത്. കേരളവും കേരളത്തിന്‍റെ പ്രകൃതിസൌന്ദര്യവും ഒരുപാടിഷ്ടപ്പെടുന്നു. അത് എന്‍റെ ഈ എളിയ രചനകിലും പ്രതിഫലിക്കുന്നതായി നിങ്ങള്‍ക്കു കാണാം.. ചിത്രരചനയോടൊപ്പം എഴുത്തിലും താല്‍പ്പര്യം. ശുഭാപ്തിവിശ്വാസവും നന്മയും കൈമുതലായുള്ളവര്‍ക്ക് എവിടെയും തോല്‍വിയുണ്ടാവില്ലാ എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഞാന്‍ ചരിക്കും പാതകളില്‍ നന്മയെ കണ്ടെത്തി അവയെ സ്വായത്തമാക്കുക എന്നതാണ് എന്‍റെ ജീവിതലക്‌ഷ്യം.

സാഹിത്യപരിചയം വളരെ കുറവാണ്. പുസ്തകലോകത്തേക്കുള്ള എന്‍റെ ആദ്യത്തെ കാല്‍ വൈപ്പാണ്. പ്രതീക്ഷയോടെ എന്റെ ഈ  കനല്‍പ്പൂവുകള്‍ എന്ന കവിതാസമാഹാരം നിങ്ങളേവര്‍ക്കുമായി വിനയപൂര്‍വ്വം സമര്‍പ്പിക്കട്ടേ !


ഭര്‍ത്താവ്    -     പി. എ. കെ പിള്ള (വിമുക്ത ഭടന്‍)
                                                               
മകള്‍            -     സംഗീത, B.Tech IT Eng., വിവാഹിത ഭര്‍ത്താവ് സതീഷ്കുമാര്‍മകന്‍ പ്രസിദ്ധ്‌ .
                              
മകന്‍            -    സന്തോഷ്‌, B.Tech IT Eng.വിവാഹിതന്‍, ഭാര്യ- ദിവ്യമകള്‍ - ദിയ.
                                                                
വിലാസം    -    സാന്‍ നിവാസ്മുണ്ട്യാത്തോപ്പ് ചേന്ദമംഗലംപറവൂര്‍, 683512,  ഏറണാകുളം.
                                                               
ഫോണ്‍       -     9048309581

ഇ മെയിൽ -    saro 25.devi @ g mail .com  


ആമുഖം

സരോജാദേവി നെടിയൂട്ടം..... ഇപ്പോഴത്തെ നെടിയൂട്ടം ദേവി. കെ. പിള്ള... എന്റെ ഈ ജീവിത മദ്ധ്യാഹ്നത്തില്‍ എനിക്കു കിട്ടിയ പ്രിയസഖി.... ഒരുനാള്‍ പെട്ടെന്ന് എന്റെ ജീവിതത്തിലേക്ക്കുടുംബത്തിലേക്ക് നിനച്ചിരിക്കാതെ കടന്നുവന്ന കൂട്ടുകാരി.... നിന്നില്‍ ഒളിഞ്ഞിരുന്ന ബാല്യകാല സ്മരണകളെ... വെള്ളിക്കൊലുസും പട്ടുപാവാടയും ഇട്ട് കുറുമ്പുകാട്ടി അച്ഛന്റെ വാത്സല്യവും താഡനവും മതിയാവോളം ഏറ്റുവാങ്ങാന്‍ പറ്റാതെ.... തുടര്‍ വിദ്യാഭ്യാസത്തിനു ഭംഗം വരാത്തവിധം മാത്രം പഠിച്ച് ബാക്കി സമയം മുഴുവനും അച്ഛന്റെ തല്ലുവാങ്ങാന്‍വേണ്ടി മാത്രം കുറുമ്പുകള്‍ കാണിച്ച് നെടിയൂട്ടം തറവാടിന്റെ വിശാലതയില്‍ ഓടിച്ചാടി നടന്ന്.. നന്നേ ചെറുപ്പത്തിലെ ഒരു വീരജവാന്റെ ഭാര്യാപദം ഏറ്റെടുത്ത് ഒരു കുടുംബിനിയായിഅനുസരണയുള്ള ഭാര്യയായിഅമ്മയായി മക്കളെ സ്‌നേഹിച്ച് പരിലാളിച്ച് ശാസിച്ച് അവരുടെ ഉയര്‍ച്ചയില്‍ ആനന്ദംകണ്ട് അവരെ അവരവരുടെ ജീവിതത്തിലേക്ക് നയിച്ച്ശേഷിച്ചകാലം ഭര്‍ത്താവിന്റെയും മക്കളുടേയും പേരക്കുട്ടികളുടേയും പരിലാളനങ്ങള്‍ ഏറ്റവാങ്ങുമ്പോഴും ആസ്വദിച്ച് കൊതിതീരാത്ത ബാല്യസ്മരണകളെ അയവിറക്കി ഓരോ ദിവസവും കഴിഞ്ഞത് ഓര്‍മ്മയില്‍ കാത്തുസൂക്ഷിച്ച് അവയെല്ലാം ഏഴുവര്‍ണ്ണങ്ങള്‍ ചാലിച്ച് കവിതയാക്കി അതിലെ ഓരോ അക്ഷരങ്ങള്‍ക്കും നിറപ്പകിട്ട്‌ചേര്‍ത്ത് ഒരുബുക്കായി പ്രസിദ്ധീകരിക്കാന്‍ പാകത്തിന് തയ്യാറാക്കിയ... അതും വലിയൊരു ആക്‌സിഡന്റിനുശേഷം ശാരീരിക അവശതകളെ അതിജീവിച്ചുകൊണ്ട് ഈ ഭൂമിയില്‍ ജീവിക്കുന്ന സമയം വൃഥാവിലാക്കാതെ ഇത്രയും എഴുതുവാന്‍ സാധിച്ച പ്രിയസഖി നിനക്ക് എന്റെ ഒരായിരം ആശംസകള്‍. ഇനിയും ഇനിയും നിന്നിലുള്ള കലാകാരിയെ അറിയാന്‍ ഇതുപോലെ ഒരുപാട് പ്രസിദ്ധീകരണങ്ങള്‍ ജന്മമെടുക്കട്ടെ എന്നു ഞാന്‍ ആഗ്രഹിക്കുന്നുആശംസിക്കുന്നു. എന്റെ ഹൃദയംനിറഞ്ഞ ആശംസകള്‍.

എന്ന്

രാധാദയാനന്ദന്‍, കൗസ്തുഭം

ആസ്വാദനം

മഴവിൽനിറമഴകേഴുംനിറഞ്ഞമലയാളം
മയിലിൻറെ ചിറകുപോൽ ചന്തമീമലയാളം
മലനാട്ടിലെവിടെയും ദിവ്യമാംമലയാളി-
മണവാട്ടിയണിയുമാനാണമീമലയാളം!

മധുരമായ മലയാള ഭാഷയിൽ കവിതയുടെ മഞ്ചാടിക്കുരുക്കൾ  മനോതരുവിൽനിന്നുതിർത്തുവീഴ്ത്തുന്ന പ്രിയങ്കരിയായകവി ശ്രീമതി ദേവി.കെ.പിള്ളയുടെ 'എൻറെ മലയാളംഎന്നകവിതയിലെ വരികളാണ് മേലുദ്ധരിച്ചത്. ലളിതസുന്ദരമായ മലയാളത്തിൽ ഒരുപുഴയുടെ കളനാദംപോലെ ഒഴുകിവരുന്ന
ചേച്ചിയുടെ കവിതകളിൽ മലയാളത്തനിമ മനോഹരമായി പൂവിട്ടുനിൽക്കുന്നു.
കുലച്ചുനില്ക്കുംവനലക്ഷ്മിതന്നിൽ
കറുത്തവണ്ടൊന്നു പറന്നിരുന്നു
നുകർന്ന തേനിൽ കൊതിപൂണ്ടൊരണ്ണാൻ
ചിലച്ചുകൊണ്ടങ്ങു കുതിച്ചുചാടീ
കവിയുടെ 'സുപ്രഭാതം'എന്നകവിതയിലെ വരികളാണിത് .കവി,പ്രകൃതിയുടെയും അതിലെ ചരാചരങ്ങളുടെയും ഭംഗിയും ചടുലതയുംനിരീക്ഷിക്കുകയും ആ നിരീക്ഷണങ്ങൾ കവിതാസുമങ്ങളിൽ ദലങ്ങളായി വിരിയിക്കുകയും ചെയ്യുന്നുണ്ട്.പ്രകൃതിയുടെ ഉപാസകയായ ചേച്ചിയുടെ മറ്റുപലകവിതകളിലും പ്രകൃതിഭംഗി ലയിച്ചുചേർന്നിട്ടുണ്ട്. പ്രകൃതിഭംഗി മാത്രമല്ലകാലികപ്രസക്തമായ വിഷയങ്ങളും കവിതകൾക്കു വിഷയമായിട്ടുണ്ട്,ശ്രീമതി ദേവിയുടെ കവിതകളിൽ!

രാജനു മക്കളിൽ പ്രീതിയോ കേവലം
രാജ്യവികാസംമാത്രമോ സേവനം?
സാധുജനങ്ങൾക്കും ശാന്തതയേകണം
ശക്തിയുമൂർജ്ജവും കർഷകനേകണം!

 എന്നു ഭരണാധികാരികളെ ഓർമ്മിപ്പിക്കുന്നു,ഇവർ!

കവിയുടെ കവിതകൾചേർത്തു കവിതാസമാഹാരമിറക്കുന്ന ഈവേളയിൽ കവിക്ക് എല്ലാഭാവുകങ്ങളും നേരുന്നു! 'കനൽപ്പൂവുകൾഎന്നപേരിൽ ഇറങ്ങുന്ന ഈഗ്രന്ഥം മലയാളസാഹിത്യത്തിനൊരു മുതൽക്കൂട്ടാവുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു! ഇനിയും ധാരാളംകവിതകൾ ആതൂലികയിൽനിന്നു പൂമഴയായി പെയ്യട്ടെ!

  ആശംസകളോടെ
    ഗീതാഞ്ജലി
(ഗീതാ മോൻസൺ)


ആശംസാക്കുറിപ്പുകള്‍

എന്‍റെ സഹപാഠിയും സുഹൃത്തുമായ സരോജാദേവി എന്ന ദേവി. കെ. പിള്ളയുടെ കവിതകള്‍  കനല്‍പ്പൂവുകള്‍ എന്ന പേരില്‍ പ്രകാശനം ചെയ്യുന്നതില്‍ ഞാന്‍ അഭിമാനിക്കുകയും ആഹ്രാദിക്കുകയും ചെയ്യുന്നു. സമകാലീനമായ കാര്യങ്ങളെക്കുറിച്ചെഴുതാന്‍ ദേവിക്കുള്ള കഴിവ് എടുത്തുപറയേണ്ടതാണ്. എന്‍റെ കൂട്ടുകാരിയുടെ ഉള്ളില്‍ ഒരു കവി ഉറങ്ങിക്കിടക്കുന്നുണ്ടെന്ന് വളരെ വൈകിയാണ് ഞാന്‍ അറിഞ്ഞത്. അതറിയാന്‍ ഇത്രയും വൈകിയതില്‍ പശ്ചാത്താപവും ഉണ്ട്. ഇനിയും നല്ല നല്ല കവിതകളും ലേഖനങ്ങളും ഒക്കെ എഴുതാന്‍ ആരോഗ്യവും മനസ്സും ആയുസ്സും തരട്ടെയെന്ന് ജഗദീശ്വരനോടും പ്രത്യേകിച്ച് നമ്മുടെ പരവൂര്‍ക്കാരുടെ അഭിമാനമായ മൂകാംബികാദേവിയോടും പ്രാര്‍ത്ഥിക്കുന്നു. ശുഭാശംസകള്‍ ദേവീ. ! ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ....

......................................................ബാല്യകാല സഖി രമാദേവി. ജി.എസ്സ്

ചേച്ചിയുടെ കവിതകള്‍ എല്ലാം വായിച്ചിട്ടില്ലെങ്കിലും വായിച്ചതൊക്കെ മനസ്സില്‍ തട്ടിയതാണ്. പഴയകാലയനുഭവങ്ങളിലൂടെ നമുക്കും നമ്മുടെ ബാല്യകാലത്തിലേക്കു നമ്മളെ കൂട്ടിക്കൊണ്ടുപോകാന്‍ ചേച്ചിയുടെ വരികള്‍ക്ക് കഴിയാറുണ്ട്. ചേച്ചിയുടെ എഴുത്ത് ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ്‌ ഞാന്‍. എഴുത്തിന്‍റെ ലോകത്ത് ഒരുപാട് ഉയരങ്ങളില്‍ എത്തി ചേച്ചി ജ്വലിച്ചു നില്ക്കട്ടേ !. എന്‍റെ എല്ലാവിധ ആശംസകളും നേരുന്നു
                                                                                               
..................................................................................................രശ്മി സുധീര്‍.

ചിത്രകലകളെ പ്രണയിച്ചിരുന്ന ദേവി. കെ. പിള്ളയുടെ  എഴുത്തിന്‍റെ ഇടനാഴികളിലൂടെയുള്ള പ്രയാണത്തെ തുടക്കംമുതല്‍ ഇതേവരെ സസൂക്ഷ്മം വീക്ഷിച്ചിരുന്ന ഒരു അഭ്യുദയകാംക്ഷിയെന്ന നിലയില്‍, സാധാരണക്കാരുടെ വികാരവിചാരങ്ങളെയും സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള ആത്മരോഷത്തെയും പ്രോജ്വലമായി അക്ഷരീകരിക്കുന്ന കനല്‍പ്പൂവുകള്‍ എന്ന ഈ കവിതാസമാഹാരത്തിന് ഭാവുകങ്ങള്‍ നേരുന്നു

...........................................................................ജോയ് ഗുരുവായൂര്‍.


Each poem of yours is a seed that evokes cogitate thoughts. You have a unique skill of expressing your thoughts and experiences. My best wishes for your first book and looking forward for more.

Thanks and Regards,
Sathishkumar .


Life is the best teacher. Good, bad, happiness, sadness, ups and downs whatever it may be, at each phase life has taught us something.
There’s no better way to reciprocate this teacher than by narrating the life experiences as beautiful poems.

Best wishes aunty for your first endeavor and your future rendezvous. You are a woman who believed you could and so you did!!!

Thanks and Regards,
Divya


My mother has often captivated me with her ability to view things with a unique perspective. She creates impromptu short stories out of daily routines and chores to. She is a self-taught artist and some of her paintings always mesmerize me. She has always been a fast learner, be it a craft or a computer application. Although, writing poem is relatively new in her list of talents, reading her poems makes me feel as if she has always had it in her. She seems to use words with such ease and make the entire thing appear simple. “KANALPPOOVUKAL” is a compilation of some of her poetic creations brought together to touch the hearts beyond her family. Lots of prayers and wishes for her new pursuit and to make her dreams come true.

love,
Sangeetha. K.
In an egocentric society, your candor was an arrogance.  May  your influential chimes shower blessings across the community. Best wishes from your great admirer Son.

love,
Santhos. K.സമര്‍പ്പണം

എന്‍റെ
ഈ കൃതികളെ
ഒരു ബുക്കായി കാണാന്‍
ആഗ്രഹിച്ച അമ്മയ്ക്കും സ്വസ്ഥമായിരുന്ന്
എഴുതുവാനുള്ള സൗകര്യങ്ങളും സാഹചര്യങ്ങളും
ഒരുക്കിത്തന്ന എന്‍റെ ഭര്‍ത്താവിനും മക്കള്‍ക്കും
കുടുംബാംഗങ്ങള്‍ക്കും വായനയിലൂടെയും
അഭിപ്രായങ്ങളിലൂടെയും എന്‍റെ
എഴുത്തിനെ പ്രോത്സാഹിപ്പിച്ച
സുഹൃത്തുക്കള്‍ക്കും
സമര്‍പ്പണം.


കനല്‍പ്പൂവുകള്‍  (കവിതാസമാഹാരം)
1.  പ്രാര്‍ത്ഥന

എന്തിനുമേതിനും മുമ്പേ വണങ്ങിടാം
വിഘ്‌നങ്ങള്‍ തീര്‍ക്കണേ വിഘ്‌നേശ്വരാ
വിദ്യയായ്കാവ്യമായ് വാഴണേ നാവില്‍ നീ
വാണി ! മനോഹരീ  വാഗീശ്വരീ !

ലക്ഷ്മികടാക്ഷങ്ങളെന്നില്‍ ചൊരിയണേ
നാരായണി ! ദേവി ലോകമാതേ !
ഉണ്മയിന്നഴകായിയര്‍ത്ഥകാവ്യങ്ങളായ്
ഹൃത്തില്‍നിറഞ്ഞാല്‍ ഞാന്‍ ധന്യയായി !


2. അമ്മ

അമ്മയെന്ന പദമാണു പാരിതില്‍
പെണ്മതന്‍ സുകൃതനാമഭൂഷണം.
അംഗനക്കനവു പൂര്‍ണ്ണമാവതും
അമ്മയായതിനു ശേഷമാണതേ !

കുറ്റമറ്റവളൊരമ്മയാകുവാന്‍
ത്യാഗഭാവമൊടു മാറിടേണമേ.
ഒന്നു പെറ്റതിനു ശേഷമമ്മയായ്
പിന്നെ ധന്യത നിറഞ്ഞ ജീവിതം.

പത്തുതായിനെ ലഭിക്കുമെങ്കിലും
പെറ്റതായിനു സമാനമാകുമോ ?
ഭൂമിതന്നില്‍ മികവുറ്റതാം വരം
അമ്മയെന്ന പദമെന്നതും നിജം.

നന്മതന്നുടെയൊരര്‍ത്ഥമാണവള്‍,
അമ്മയാകണമതൊന്നറിഞ്ഞിടാന്‍
ദൈവമായ് തൊഴുതുകുമ്പിടാന്‍ ദിനം
കണ്ണിനാല്‍ കഴിയുമമ്മതന്‍ മുഖം.

ഓര്‍മ്മയില്‍ കരുതിയിന്നു ഞാനിതെന്‍
മാനസത്തിലതിമോദമായ് സദാ
ഭക്തിയോടെ മമ മാതൃതൃപ്പദം
തന്നിലെന്റെ നമനം സമര്‍പ്പണം .


3. അച്ഛന്‍

കുഞ്ഞിന്റെ കണ്‍കളിലാദ്യം പതിഞ്ഞിടും
അമ്മിഞ്ഞയൂട്ടിയുറച്ചോരു തായ്മുഖം.
അച്ഛന്റെ രൂപവുമാഴത്തിലായതില്‍
വൈകാതെ മെല്ലെ പതിഞ്ഞിടുമേ നിജം.

അമ്മിഞ്ഞയൊന്നുനുകര്‍ന്നു ദിനംദിനം
തായിന്‍മനസ്സിനെ തൊട്ടൊന്നറിഞ്ഞിടും
വാത്സല്യമോടതു കാണുന്നൊരച്ഛനേം
കുഞ്ഞറിയുന്നിതു വൈകാതെ സ്പഷ്ടമായ്

കുഞ്ഞിന്‍റെ കാര്യമോര്‍ത്തമ്മയ്ക്കു നേരിടും
ആധിക്കു പിന്നിലോരച്ഛന്റെ മാനസം
ദര്‍ശിച്ചിടാം ദിനം മോഹത്തിനാകുലം
താളത്തിലാ മുഖത്തങ്ങോളവും സദാ

ഈറ്റില്ലമതിലമ്മ പേറ്റുനോവറിയുമ്പോള്‍
അങ്ങിങ്ങുലാത്തിടുമച്ഛന്റെ ചിന്തകള്‍.
വേദനയക്ഷണം നോട്ടത്തിലുള്ളതാം
അക്ഷമയോടെ നടത്തത്തിലെത്തിടും.

കുഞ്ഞിന്റയാദ്യകരച്ചില്‍ നുകര്‍ന്നിടാന്‍
കാതോര്‍ത്തുനിന്നിടുമച്ഛന്റെ കാംക്ഷയും.
പെട്ടന്നു കുഞ്ഞു കരഞ്ഞൊന്നു കേള്‍ക്കവേ
'ദൈവമേ'യെന്നു  പ്രാര്‍ത്ഥിച്ചിടുന്നാ മനം

അമ്മതന്‍ സ്‌നേഹമതാണല്ലോ പാരിതില്‍
ഉണ്‍മയായ് വാഴ്ത്തിവരുന്നുള്ളതേവരും.
അച്ഛനുമുണ്ടൊരു വാത്സല്യമാനസം
എന്നുള്ള വസ്തുത കാണേണമാരുമേ.
                                             

 4. ഗുരുസ്മരണ


ദീപമേറ്റിമടിമേലിരുത്തിയാ
തങ്കമോതിരമെടുത്തു നാവിലെന്‍
ആദ്യയക്ഷരം കുറിച്ചു നല്കിയ
വന്ദ്യനാം ഗുരുവിനാദ്യവന്ദനം

പിച്ചവച്ചപടിയക്ഷരങ്ങളാല്‍
കാടുനീക്കി മമ മാനസത്തിലും
വിദ്യതന്നുലകമൊന്നു തന്നൊരെന്‍
വന്ദ്യരാം ഗുരുവരര്‍ക്കു വന്ദനം.

ധര്‍മ്മമായിടുമി സേവനങ്ങളാല്‍
ജ്ഞാനമാമമൃതമൂട്ടി നിത്യവും
ഭാവിതന്‍ പടവിലേറി മക്കളും
വന്ദ്യരായ ഗുരുവൃന്ദമേ സ്തുതി.

പാരിലുള്ള മികവുറ്റ സേവനം
ധര്‍മ്മബോധമൊടു ചെയ്യുവാന്‍ സദാ
സര്‍വ്വമംഗളവുമേകിടാന്‍ ദിനം
കുമ്പിടുന്നു മമ ദേവിയംബികേ !

കൃത്യമായിവിടെയെന്നുമിങ്ങനെ
കൊച്ചുമക്കളിലനുഗ്രഹങ്ങളായ്
ശോഭയേറുമൊരു ജീവിതത്തിനായ്
നേര്‍ന്നിടുന്നു മമ മംഗളങ്ങളും.

 5. സപ്തസ്വരാംബികേ !

ഇന്നോളം മാനസവാടിയില്‍ പൂത്തതാം
അക്ഷരപ്പൂവുകളത്രയുമാ മുന്നില്‍
എത്രയും ഭക്തിയോടര്‍പ്പിച്ചിടട്ടേ ഞാന്‍
ശാരദേ,  ഭാരതീ,  സപ്തസ്വരാംബികേ !

പുസ്തകംമാത്രമോ ശസ്ത്രവും ഭക്തിയാല്‍
വാഗീശ്വരീ നിന്റെ  തൃപ്പദത്തിങ്കലായ്
അര്‍പ്പിച്ചിടാം ലോകനാഥയാമീശ്വരീ
ശാരദേഭാരതീ,  സപ്തസ്വരാംബികേ !

നാദാംബികേ തവ നാമമന്ത്രങ്ങളാല്‍
സര്‍വ്വവും കാന്തി കലര്‍ന്നു കൈവല്യമായ്
വന്നിടും വാണീ മനോഹരീ  സുന്ദരീ
ശാരദേഭാരതീ,  സപ്തസ്വരാംബികേ !

ആത്മപ്രകാശിനീ,  ദേവിമൂകാംബികേ
വന്ദിതേ ,തായേ  വരങ്ങളായ് വന്നിടാന്‍
നീ കനിഞ്ഞീടണം  വാണി ,വാഗ്‌ദേവതേ
ശാരദേഭാരതീ,  സപ്തസ്വരാംബികേ !


6. അമ്മയും അച്ഛനും


വീടിനും നാടിനും താരമായ് മാറിടും
മംഗല്യമായവര്‍ പാരിലോയേറെ നാള്‍.
അമ്മയൊന്നാകുകില്‍ പെണ്മയോ പുണ്യമായ്
അച്ഛന്റെയാണ്മയും പൂര്‍ണ്ണമായ്ത്തീരുമേ.

അച്ഛനുമമ്മയും ഭൂമിയില്‍ ജാതരാം
കുഞ്ഞൊന്നു ജാതമാകുന്നതോടൊപ്പമേ
കുറ്റമില്ലാതേ വളര്‍ത്തുന്ന മക്കളാല്‍
ജന്മസാഫല്യവും നിര്‍വൃതിയായ് വരും.

കുഞ്ഞിനായേതുമേ താങ്ങിടും തായവള്‍
നല്ലൊരു ത്യാഗിയായ് പിന്നവള്‍ മാറുമേ.
അച്ഛനാ വീടിന്റെയീണവും തൂണുമായ്
അന്ത്യംവരേക്കു താങ്ങാകും,തണലാകും

അമ്മതന്‍ പാല്‍ നുണഞ്ഞിട്ടതാ കുഞ്ഞതും
ശിഷ്യത്വമാദ്യമായ് സ്വീകരിച്ചീടുമേ.
അമ്മയുമേറ്റവും കൗതുകത്തോടെയാ
കുഞ്ഞിന്റെ കൈവിരല്‍ത്തുമ്പില്‍ പിടിച്ചിടും.‍.
                                                   
കൊഞ്ചിപ്പറഞ്ഞീടാന്‍ കൂടെയോടീടുവാന്‍
കൂട്ടായിട്ടായവര്‍ കൂടെയുണ്ടായിടും.
സ്വര്‍ഗ്ഗമായ് വീടിനെ മാറ്റുവാനമ്മയോ
ഭൂമിക്കു നല്ല പര്യായമായ്ത്തീര്‍ന്നിടും.

പിച്ചവയ്ക്കുന്നോരാ പിഞ്ചുകാല്‍ തെന്നിയാല്‍
അമ്മ വന്നെത്തുമാ പിഞ്ചുമെയ്യ് താങ്ങുവാന്‍.
ആദ്യമായ് മിണ്ടുമാ പിഞ്ചിളംകൊഞ്ചലില്‍
ആനന്ദമായവര്‍ കോള്‍മയിര്‍കൊണ്ടിടും.

സൂര്യനും ചന്ദ്രനും ശോഭയോ മങ്ങിടും
അമ്മയ്ക്കു മുന്നിലാ മാനസശോഭയില്‍
അമ്മതന്‍ മറ്റൊരു നാമമാം നന്മയും
സത്യത്തിലൊന്നുപോലെന്നുമീ ഭൂമിയില്‍

അമ്മതന്‍ സ്ഥാനമായാരിതോ മാറുവാന്‍
പത്തമ്മയെത്തുകില്‍ പെറ്റമ്മയാകുമോ ?
തായുള്ള കാലമാണിന്നു നാം കുഞ്ഞതും
പെറ്റമ്മയുള്ളൊരാ കാലവും സ്വര്‍ഗ്ഗമേ.

അറ്റമില്ലാത്തതാം കുറ്റമേ ചെയ്കിലും
ശിക്ഷിക്കയില്ലയാ മാനസക്കോടതി !
അച്ഛനോ സ്‌നേഹമതുള്ളിലൊതുക്കിടും
കുഞ്ഞിന്റെ നന്മയ്ക്കായ് ശിക്ഷയും നല്കിടും.

മാതാവും താതനുമൊന്നുപോല്‍ കുഞ്ഞിനും
മാതാപിതാക്കള്‍ക്കോ മക്കളും തുല്യരാം.
അച്ഛനുമമ്മയ്ക്കും മുന്നിലായ് ഞാനെന്നെ
സ്‌നേഹാദരങ്ങളുമായി സമര്‍പ്പിക്കാം !


7. ജന്മനാള്‍

കൂരിരുട്ടിന്റെയാ ലോകത്തെ വിട്ടു നാം
വെട്ടമാം പാരിനെ സ്വന്തമാക്കുന്ന നാള്‍
പിഞ്ചിലേ പൊക്കിള്‍ക്കൊടിയറുത്തിട്ടു നാം
അന്യനായീടുന്നൊരാദ്യനാള്‍ ജന്മനാള്‍.

മാതാവിലുണ്ടായ താപവും ഗന്ധവും
വാത്സല്യഭാവങ്ങളൊക്കെയും സ്നേഹമായ്
തന്നിലേക്കൊന്നു പകര്‍ന്നൊരു തായ്മുഖം.
ആദ്യമായ് കാണുന്ന പുണ്യനാള്‍ ജന്മനാള്‍.

ഉള്ളിലുണ്ടായൊരുകാഴ്ച്ചകള്‍ വിട്ടു നാം
ഉണ്മയല്ലാത്തൊരു ബാഹ്യലോകത്തിലായ്
തിങ്ങിനിന്നീടുന്ന മായയാം കാഴ്ചകള്‍
കണ്ണിലേറ്റീടുന്നൊരാദ്യനാള്‍ ജന്മനാള്‍.

പിഞ്ചിളംനേത്രത്തിലാദ്യമായമ്മതന്‍
പുണ്യമാം രൂപം പതിഞ്ഞനാള്‍ ജന്മനാള്‍.
അച്ഛനും മറ്റുള്ള സ്വന്തബന്ധത്തിനും
താരമായീടുന്ന ശ്രേഷ്ഠനാള്‍ ജന്മനാള്‍.

ആദ്യമായ് കുഞ്ഞിന്‍കരച്ചിലില്‍ തായ്മനം
ആനന്ദംകൊള്ളുന്ന നാളതും ജന്മനാള്‍.
ജന്മനാളിന്റെ മഹത്ത്വമേറ്റീടുവാന്‍
അമ്മ തന്നാശയ്ക്കു മുന്നെ കൈകൂപ്പിടാം

8. വിഷുക്കണി

പുലരിയിലഴകൊടു കളകളശബ്ദം
രസകരമൊരുകിളിയധികവുമുണ്ടേ
കുയിലുകളവളുടെയഴകു രസിച്ചു
വിനയമൊടുടനടി കുശലവുമായി

അവളുടെ മൊഴികളിലൊരു പുതു നാണം
തൊടിയിലെ മലരിനു പുതുമയുമായീ
മധു നുകരുവതിനു വരുമൊരു വണ്ടും
പുലരിയിലെയി പുതുമയിലു മയങ്ങീ

പുതുകിളി മധുകരമൊരുവരി മൂളീ
മമ കരളിലൊരു വിഷുതിരി തെളിച്ചൂ
ജനനിയൊരു പുതുകിളിയുടെ രൂപം
വിഷുദിനകണിയുണരും മമ ഹൃത്തില്‍
                                                  

9. ശിശുദിനം

ഭാരതം സ്വാതന്ത്ര്യമായപ്പോളാദ്യമായ്
നെഹ്രുജിയായി പ്രധാനമന്ത്രി
ബാലകര്‍ക്കായിയദ്ദേഹം കുറേയേറെ
ബാലവകാശവും കൊണ്ടുവന്നൂ

അത്രയും സ്‌നേഹവാത്സല്യങ്ങള്‍ കണ്ടൊരാ
ബാലകര്‍ക്കോ നെഹ്രു ചാച്ചാജിയായ്
നെഹ്രുതന്‍ ജന്മനാളാഘോഷമൊക്കെയും
തന്‍ പ്രിയബാലകര്‍ക്കേകി നാടും

അങ്ങനെയാദിനം കുഞ്ഞുങ്ങളോടൊത്തു
ഭാരതമിന്നു കൊണ്ടാടിടുന്നു
നിഷ്‌ക്കളങ്കത്വം നിറഞ്ഞ സമ്മാനങ്ങള്‍
പാരിലീ കുട്ടികള്‍ നിശ്ചയംതാന്‍

നാട്ടിലും വീട്ടിലും തോട്ടങ്ങളില്‍ പൂക്കും
ആയിരമായിരം പൂക്കളെപ്പോല്‍
മൊട്ടുകള്‍, പൂവുകള്‍, കായ്കളായ് രൂപങ്ങള്‍
കുട്ടികള്‍ മാറുന്നു മാറിമാറി

കുഞ്ഞുങ്ങള്‍തന്‍മനം സ്‌നേഹം നിറഞ്ഞുള്ള
മാതാവിനാലെ വാത്സല്യമേറി
നാടിനും വീടിനും സ്വത്തായി മാറുന്ന
കുട്ടികളെപ്പോഴും താരമാകും

ഈശ്വരന്‍ പ്രീതിയാല്‍ നല്കിയ പൂക്കള്‍പോല്‍
നല്ലവരാണു കുഞ്ഞുങ്ങളെല്ലാം
അങ്ങനെയുള്ളൊരു കുഞ്ഞുങ്ങളില്‍ നമ്മള്‍
നന്മ നിറയ്ക്കണമെന്നുമെന്നും

നാടിനും വീടിനും നല്ലോരു ഭാവിക്ക-
ടിത്തറയായീടുമീശിശുക്കള്‍
പാരിതില്‍ നാളെതന്‍ വാഗ്ദാനമാണല്ലൊ
നല്ലവരായ് വളര്‍ന്നാല്‍ ശിശുക്കള്‍

ആയുരാരോഗ്യമായ് കുഞ്ഞുങ്ങളെല്ലാമേ
നല്ലവരായി വളര്‍ന്നീടുവാന്‍
ശ്രദ്ധയോടെന്നുമേ പോറ്റുക മക്കളെ
നാടിനു നന്മയായ്ത്തീര്‍ന്നീടട്ടേ !

10. കലികാലം

സത്യങ്ങളൊന്നും ജയിക്കാത്ത കാലം
മിഥ്യയ്ക്കുമാത്രം വകുപ്പുള്ള കാലം

സത്യം ജയിക്കുന്ന കാലംവരേക്കും
കാത്തങ്ങിരിക്കുവാന്‍ പറ്റാത്തകാലം 

മക്കള്‍ പിറന്നാലവര്‍ക്കാശ്രയങ്ങള്‍
മാതാപിതാക്കള്‍ കൊടുക്കുന്ന സ്നേഹം

മക്കള്‍ വളര്‍ന്നാല്‍ സുഹൃത്തുക്കളാക്കാം
ചിത്തം തുറക്കട്ടെ നമ്മള്‍ക്കു മുന്നില്‍

ബാഹ്യത്തിലേക്കങ്ങിറങ്ങാന്‍തുടങ്ങ്യാല്‍
നിത്യം ശരിക്കൊന്നു ശ്രദ്ധിച്ചിടേണം

പോകുന്ന പാതയ്ക്കു കൂട്ടായിടാനോ
സംരക്ഷയേകിത്തുടര്‍ന്നീടുവാനോ

പറ്റാത്തതാണെന്ന കാര്യങ്ങളോര്‍ത്താല്‍
നന്നായി നമ്മള്‍ ഭയത്താല്‍ നടുങ്ങും

മക്കള്‍ നടുക്കത്തിലാകാതെ നോക്കാം
ഒട്ടും ഭയക്കാത്ത ശക്തര്‍കളാക്കാം

വന്നു ഭവിക്കാന്‍ ദുരന്തങ്ങളുണ്ടെങ്കില്‍,
വന്നാല്‍ ചെറുക്കുവാന്‍ പാഠങ്ങള്‍ ചൊല്ലാം

റെക്കയ്ക്കുപിന്നങ്ങൊതുക്കാതിരിക്കാം
കൈയില്‍ മുറുക്കിപ്പിടിക്കാതിരിക്കാം

സംരക്ഷണങ്ങള്‍ക്കു ധൈര്യങ്ങളേകി
കൂട്ടായിരിക്കാമൊളിക്കാതിരിക്കാന്‍

സാത്താന്‍ കുതിക്കുന്ന പൈശാചികങ്ങള്‍
നന്നായ് ചെറുക്കാന്‍ കരുത്തങ്ങു നല്കാം

നന്മയ്ക്കുവേണ്ടി ചെറുക്കാന്‍, പൊറുക്കാന്‍ 
പാഠങ്ങള്‍ ചൊല്ലാമടുപ്പിച്ചുനിര്‍ത്താം

ചെന്നായിന്‍തോലിട്ട ജന്മങ്ങളെല്ലാം
പാരും പിളര്‍ന്നങ്ങു താഴേക്കു പോകാന്‍

സാദ്ധ്യങ്ങളായാലസാദ്ധ്യങ്ങളാകും
കണ്ണീര്‍പ്പുഴയ്ക്കിങ്ങു പഞ്ഞങ്ങളുണ്ടാം

ദുഷ്ടത്തരങ്ങള്‍ക്കു ക്ഷാമം വരട്ടെ
നന്മയ്ക്കു ലോകത്തു ക്ഷേമം വരട്ടെ

നാട്ടില്‍ നടുക്കങ്ങളില്ലാതെ വാഴാന്‍
മക്കള്‍സുരക്ഷയ്ക്കു പ്രാര്‍ത്ഥിച്ചുവാഴാം 


 11. അദ്ധ്വാനം

മാനവനായി മണ്ണില്‍ പിറന്നാല്‍
മാനസമാശതന്നാഴിയാക്കാം
ആശയിലാശയം വേണമൊന്നാ
ആഴിയിലാശയായ് നീന്തിടാനും

ആശയമുന്നതമാക്കീടാനായ്
ആടിയുലഞ്ഞൊരദ്ധ്വാനമാകാം
അദ്ധ്വാനമെന്നതു ശാരിരികം
അര്‍പ്പണമാണതിന്‍ പൂര്‍ണ്ണതയും

അര്‍പ്പണമെന്നതാണല്ലൊ ത്യാഗം
അര്‍ച്ചനയോടതു ചെയ്ക വേണം
ത്യാഗമനോജ്ഞപ്രതിജ്ഞയെല്ലാം
തങ്ങണമെങ്കിലാരോഗ്യം വേണം

നാകയനുഗ്രഹം വിശ്രമമാം
ഭൂവിലനുഗ്രഹമദ്ധ്വാനവും
 നാടിനു സമ്പത്തു വന്നുചേരാന്‍
അദ്ധ്വാനിക്കുന്ന ജനത വേണം

12. കോപം

മാനവന്‍തന്‍ വികാരവിക്ഷോഭമാം കോപം
മാനാഭിമാനങ്ങള്‍ക്കു സദാ കോട്ടം
അസന്തുഷ്ടിതന്‍ കാരണഭൂതനാം കോപം
അനിയന്ത്രിതവര്‍ത്തിക്കു പ്രേരണ

മാനവനെ വെറും വിരൂപനാക്കും കോപം
മാനനഷ്ടമാം വെറുപ്പെന്ന സമ്മാനം
ദുഃഖകരമാം അപകടസൂചനയേകും കോപം
ദുരനുഭവങ്ങളുടെ വിരുന്നുകാരന്‍

മനുഷ്യനെ സദാ  മൃഗതുല്യനാക്കും കോപം
മണ്ണിലെ വിജയത്തിന്‍ ബദ്ധശത്രു
സഹനശക്തിയാര്‍ജ്ജിച്ചടിമയാക്കിടാനിനി
സഹായകമാത്മനിയന്ത്രണമൊന്നുമാത്രം

13. സദ്യയാണു ജീവിതം

തൂശ്ശനില വച്ചങ്ങീശ്വരനൊരുനാളില്‍
മുന്നില്‍ വിളമ്പിടുമായുസ്സെന്ന പേരില്‍ 
ഏറെയാഘോഷമായുണ്ടു മകിഴുവാന്‍
പാരിതില്‍ ജീവിതമാകുന്ന സദ്യയെ

മാമ്പഴപ്പുളിശ്ശേരി പോലത്തെ ബാല്യം
തീയലുപോലെ രുചിയുള്ള കൌമാരം
കായവറുവലുപോലുള്ള കളിചിരി
ശര്‍ക്കരുപ്പേരിപോലേറെ മധുരിക്കും

പാലടപ്രഥമന്‍ പോലുമേ തോല്‍ക്കുന്ന
യൗവ്വനകാലത്തെ മാധുര്യവും
സാമ്പാറുപോലങ്ങു കല്യാണമായെന്നാല്‍
സമ്മിശ്രമവിയലാം സുഖദുഃഖങ്ങള്‍

ഓലനെപ്പോലൊരു ചൊടിയുമില്ലാതെ
നിര്‍വികാരങ്ങളായീടുന്നു ചിലനേരം
പച്ചടി കിച്ചടി പോലുള്ള കുഞ്ഞുങ്ങള്‍
വന്നു പിറക്കുന്ന കാലങ്ങളില്‍ നമ്മള്‍

പപ്പടംപോലൊരു സ്വപ്‌നം പൊടിയവേ
നീറുന്നിതോര്‍മ്മകളച്ചാറിന്നെരിപോല്‍
സദ്യയ്ക്കൊടുവിലെ തൈരും രസവുമായ്
ആശ്വാസമേകിടും സുഹൃത്തുക്കളെല്ലാം

ആറ്റിക്കുറുക്കിയ കാളനെപ്പോലെന്നും
നമ്മെ യോഗ്യരായ് മാറ്റുമനുഭവങ്ങള്‍
കയ്പ്പയ്ക്ക കൊണ്ടാട്ടംപോലെ ചുളുങ്ങിടും
വാര്‍ദ്ധക്യകാലത്തിലിലയും മടക്കാം.

നാക്കില വച്ചതിലിത്ര വിഭവങ്ങള്‍
ആശയോടീശ്വരന്‍ നല്കിയ സദ്യയാം
ജീവിതത്തിന്‍റെ രുചിയറിഞ്ഞങ്ങോളം
മോശമാകാതെയങ്ങൊത്തപോല്‍ ജീവിക്കാം.

14. മലയാളി

കേരളത്തനിമതന്‍ മഹിമയെയിന്നിതാ
മാനവര്‍ പലരിലും ശുഭദമായ് കണ്ടു ഞാന്‍
മങ്കകള്‍ മലയാളക്കരതോറും  മംഗളം
സെറ്റുമുണ്ടിനഴകില്‍ തെരുവുകള്‍ ശോഭനം
നെറ്റിയില്‍ കളഭവും മുടിയിഴത്തുമ്പിലായ്
പൂക്കളും തുളസിതന്‍ കതിരുകള്‍ ചൂടിയും
കാല്‍കളില്‍ കൊലുസതിന്‍ കളകളശബ്ദവും
കങ്കണം കരമതില്‍ പ്രിയമൊടു കൊഞ്ചിയും
വീരനാം പുരുഷന്റെ കരമതില്‍ തൂങ്ങിയാ
മങ്കമാര്‍ വരുവതിന്നഴകു സമ്മോഹനം
വീഥിയില്‍ പലയിടം കനവുപോല്‍ നീങ്ങിടും
വേഷ്ടിയിന്‍കരകളില്‍ പുരുഷനും ശോഭിതം
നന്മയിലെരിയുമാ നിലവിളക്കിന്‍ പ്രഭ
സ്‌നേഹമായൊഴുകിടും മലകളിന്‍ നാട്ടിലും
എന്നുമെന്നുമിനി കൈരളി നീ തിളങ്ങണം
കാണണം മഹിമയോടെന്റെയീ മലയാളം
ചേരണം മനമൊത്തു വരമായി വാഴണം
ആയിരംയുഗമതും പുകഴുകള്‍ പാടണം


 15. കേരളപ്പിറവി

നവംബറൊന്നിന്‍റെ മഹത്ത്വമോതാം
പിറന്നനാളില്‍ നവകേരളത്തില്‍
നിറഞ്ഞ ഭാഷമലയാളഭാഷ
ഹൃദിസ്ഥമാക്കാമതു വേണ്ടുവോളം
ജനിച്ച നാടിനെയുയര്‍ത്തിടാനായ്
നമുക്കു മാലിന്യവിമുക്തമാക്കാം
പ്രതിജ്ഞയൊന്നായെടുത്തിടേണം
പടുത്തുയര്‍ത്താം പുതുകേരളത്തേ
കലയ്ക്കു നല്കാം ബഹുമാനമെന്നും
വളര്‍ത്തിടാം നമ്മുടെ നാടിനേയും
കൃഷിക്കു നല്കാം സകലാനുകൂല്യം
അവര്‍ക്കു വേണ്ടുന്ന സഹായമേകാം
വലിപ്പമുള്ളോരു കൃഷീവലര്‍ക്കാ
മഹത്ത്വമെന്നും തെളിഞ്ഞുകാണാം
ജനങ്ങളൊന്നായ് ഒരുമിച്ചുനിന്നാല്‍
ജയിച്ചിടാനോ തടസ്സങ്ങളില്ലാ
നമുക്കു സംസ്‌കാരമതൊന്നു  കാക്കാം
പിറന്നനാട്ടിന്നഭിമാനമാകാം
ഭരിക്ക നിങ്ങള്‍ സധൈര്യമെന്നും
തുണയ്ക്കു ഞങ്ങള്‍ ബലമായിരിക്കാം
എതിര്‍ക്കുമാ നാടിനു നേരേയായി
നമുക്കു കൈകോര്‍ക്കണമെന്നുമെന്നും
ജയിച്ചിടേണം മമ ഭാരതാംബ !
അതിന്‍ മഹത്ത്വം വലുതായിടട്ടേ !
31/10/2017
16. എന്‍റെ മലയാളം

മഹനീയമൊഴികളില്‍ പഞ്ചമഭാഷയായ്
മമ ഭാരതമൊഴിയില്‍ ശ്രേഷ്ഠമീ മലയാളം
മലകള്‍ക്കു നറുമണം വീശിടും മലയാളം
മകരന്ദനറുമണം പേറുമെന്‍ മലയാളം

മഴവില്‍നിറമഴകേഴും നിറഞ്ഞ മലയാളം
മയിലിന്റെ ചിറകുപോല്‍ ചന്തമീ മലയാളം
മലനാട്ടിലെവിടെയും ദിവ്യമാം മലയാളി-
മണവാട്ടിയണിയുമാ നാണമീ മലയാളം

മറുനാടു കയറിയാല്‍പ്പോലുമീ മലയാളി
മറക്കാതെയരുമയായ് പറയുന്ന മലയാളം
മണിപോലെയനുദിനം നാവിലീ മലയാളം
മധുവായി മൊഴിയണം മക്കളും മലയാളം

മലനാട്ടുമകനുമീ മങ്കയും മലയാളം
മഴപോലെ മൊഴിയണം കേരളം മുഴുനീളം
മലയാളിമഹിളതന്‍ നെറ്റിയില്‍ കാണും
മഹനീയതിലകസിന്ദൂരമീ മലയാളം

മുലയുണ്ടു ജനനിതന്‍ മടിമേലെയെന്നെന്നും
മമകാതിലനുദിനം കേട്ടതീ മലയാളം
മരണാന്ത്യവരസുഖം വന്നിനി തഴുകുമ്പോള്‍
മലരായിയുതിരണം നാവിലെന്‍ മലയാളം

17. മക്കള്‍

വ്യത്യാസമില്ലാതെ പെറ്റമ്മയാലൊന്നു
സ്നേഹിക്കാനാകണം പൈതങ്ങളേ
വീടിനും നാടിനും നന്മകള്‍ ചെയ്യുവാന്‍
എന്നാളും ചൊല്ലീ വളര്‍ത്തിടേണം

ഭക്ഷണം നല്കുന്നതൊന്നുപോലാവണം
വ്യത്യാസം കാണല്ലെ ശിക്ഷണത്തില്‍
ചേതോഹരങ്ങളാം കാഴ്ചയില്‍ വിസ്മയം
ആനന്ദം പെണ്ണിനു ധിക്കാരമോ ?

ആണിനും പെണ്ണിനും വ്യത്യാസമുള്ളോരു
ദേഹത്തിന്നാകൃതി നല്കി ദൈവം
വസ്ത്രം ധരിക്കുന്ന കാര്യത്തിലേവരും
വ്യത്യാസം കണ്ടൂ ധരിച്ചിടാനും

നന്മയും തിന്മയും വേര്‍തിരിച്ചെന്നുമേ
കാണാനും കാവലാള്‍ വേണമെന്നും
കണ്ടു തിരുത്തുന്ന കാര്യങ്ങള്‍ മക്കളേ
നിങ്ങള്‍തൈശ്വര്യമേകുന്നതാവുന്നു 

ഇന്നിന്‍റെ മക്കളങ്ങാകണം നാളത്തെ
സ്വത്തുക്കള്‍ നാടിനും വീടിനുമായ്
എന്നുള്ളതായൊരു രക്ഷകര്‍ത്താവിന്‍റെ
ഉദ്ദേശം വ്യാപിച്ചു നിന്നിടേണം


 18. വോട്ട്

 നാടു ഭരിക്കുവാന്‍ കച്ച മുറുക്കിടും
പൗരനു ലക്ഷണം ലക്ഷ്യമതാകണം
നാടിനുയര്‍ച്ചകള്‍ വേണമതാകിലും
നാട്ടുവികാസമായ് മാത്രമൊതുങ്ങിയാല്‍
രാജനു മക്കളില്‍ പ്രീതിയോ കേവലം
രാജ്യവികാസം മാത്രമോ സേവനം
സാധുജനങ്ങള്‍ക്കും ശാന്തതയേകണം
ശക്തിയുമൂര്‍ജ്ജവും കര്‍ഷകനേകണം
കര്‍ഷകരാകണം നാട്ടിലെ നായകര്‍
മേലധികാരികള്‍ ചാക്കുകളായ് പണം
വാരിവിതച്ചിടുന്നേരമതില്‍ ദിനം
മുങ്ങിമയങ്ങിടാതൊന്നതു മാന്യമായ്
ജീവിതസാഹചര്യങ്ങളില്‍ മൂകമാം
വാഴ്ച സഹിച്ചുവരുന്ന ജനത്തിനും
ആദരവായിനിന്നൊന്നു ഭരിക്കുവാന്‍
മത്സരബുദ്ധിയില്ലാത്തൊരു മന്ത്രിയും
സര്‍വ്വ ചരാചരങ്ങള്‍ക്കുതകുംവിധം
സാധുജനങ്ങളിന്‍ ജീവിതസ്വപ്നവും
വീണുടഞ്ഞങ്ങു പോകാതെ ഭരിക്കണം
ഏതൊരു കാര്യവും മാനവധര്‍മ്മമായ്
നല്‍പ്പരിഹാരവും കണ്ടുഭരിക്കണം
നാടു ഭരിക്കലും കക്ഷിവിരോധവും
കൂട്ടിക്കിഴിച്ചിടും വന്‍വ്യവസാമായ്
മോഹനവാഗ്ദാനം പാലിക്കുമെന്നതാം
ചിത്തം മനഞ്ഞുനല്‍വിശ്വാസമോടിതാ 
എന്‍റെയീ വോട്ടു ഞാന്‍ രേഖപ്പെടുത്തട്ടെ !


19. മഴഭാവങ്ങള്‍

ഇടവപ്പാതിയില്‍ കാര്‍മുകില്‍കീറി
ഇടിയും മിന്നലും കാറ്റുമായ് വന്നു
തകര്‍ത്തുപെയ്തങ്ങു ദാഹമകറ്റാന്‍
ഭൂമിയിലെത്തിടും കാലവര്‍ഷം

മിഥുനമായാല്‍ രാവും പകലും
നിര്‍ദ്ദയമായങ്ങു നിന്നുപെയ്തു
മാനവഹൃത്തില്‍ ഭീതി നിറച്ചിടും
വെള്ളം പെരുപ്പിക്കും പേമാരി

കര്‍ക്കടകത്തില്‍ കറുത്തിരുണ്ട്
ഒളിഞ്ഞുവാനത്തുരുണ്ടകൂടി
കാര്‍മേഘക്കൂട്ടിലൊളിച്ചിരുന്ന്
കാറ്റില്‍ കുരുങ്ങിടും കള്ളമാരി

ചിങ്ങം പിറന്നാല്‍ ചന്നംപിന്നം
നൂലിഴപോലെയുതിര്‍ന്നിറങ്ങി
പൂക്കളം മായ്ക്കാനോടിയെത്തീടും
സൂത്രക്കാരിയാം വികൃതിമാരീ

കന്നിമാസത്തില്‍ കവിളിണയില്‍
നാണമൊളിപ്പിച്ചന്നനടയായ്
ചാരത്തുവന്നെന്‍ ദീപമണച്ചു
കുസൃതി കാട്ടും കൗതുകമാരി

തുലാമാസത്തില്‍ തുലാസുപോലെ
അളന്നുതൂക്കിയൊരാനന്ദക്കാറ്റുമായ്
പെരുമ്പറകൊട്ടിത്താണ്ഡവമാടി
പെയ്‌തൊഴിയും തുലാവര്‍ഷം

വൃശ്ചികംധനുമകരമാസത്തില്‍
മറഞ്ഞിരുന്നു മൗനംപാലിച്ചു
മഞ്ഞുപെയ്യാനായ് മന്ദാരപ്പുഴ
വീഥിയൊഴിഞ്ഞു മന്ദിരംപൂകിയോ

കംഭംമീനംമേടം തുടങ്ങി
ആദിയിടവപ്പാതി വരുംവരെ
ആരും കാണാതെ പമ്മിയിരിക്കും
നിന്റെ താവളമേതെന്നു ചൊല്ലാമോ.

20.  മാതൃഭാഷ

അമ്മിഞ്ഞയൂട്ടിയോരമ്മതന്‍ ഗന്ധവും
അമ്മ ചൊല്ലിത്തരും ഭാഷയിന്നിമ്പവും
അച്ഛന്റെ കൈകളില്‍ തൂങ്ങിയാ വാക്കുകള്‍
കൊഞ്ചിടുംനാള്‍കളെന്‍ നെഞ്ചിലുണ്ടെപ്പൊഴും.

കോപത്തിലെപ്പൊഴുമെത്തുന്നു വാര്‍ത്തകള്‍
മാതാവു ചൊല്ലിപ്പഠിപ്പിച്ച ഭാഷയില്‍
സന്തോഷമായുള്ള നേരത്തുമെത്തിടും
പെറ്റമ്മതന്‍ ഭാഷയെന്നുള്ളതും നിജം

കേരളം വിട്ടു ഞാനന്യദേശങ്ങളില്‍
ജീവിതം ഹോമിച്ച ജാലകക്കാഴ്ചയില്‍
കേരളത്തന്മയിന്‍ മാഹാത്മ്യമൊക്കെയും
ചിത്തത്തിനെന്നുമേ നല്‍വിരുന്നായി,ഹാ!


21.ഓണക്കാലം

ആവണിമാസമായോണം വരവായി
മാവേലിമന്നനെഴുന്നള്ളാന്‍ നേരമായ്
സന്തോഷനാളുകള്‍ക്കടയാളമായങ്ങു
മാനത്തു കണ്ടിടാമോണനിലാവിനി

ചിങ്ങനിലാവിലെന്‍ ബാല്യം തെളിഞ്ഞിടും
ഓണത്തിന്നോര്‍മ്മകള്‍ ഊഞ്ഞാലിലാടിടും
അത്തം പിറന്നാലങ്ങോര്‍മ്മയിലെത്തിടും
പൂക്കളിറുക്കുമാ ചേമ്പിലക്കുമ്പിളും

അത്തം പിറന്നല്ലോ മുറ്റത്തൊരുക്കണ്ടേ
ചിത്തം കുളിര്‍ക്കുമൊരോണക്കളമതും
തുമ്പപ്പൂവേ വായോ ആമ്പല്‍പ്പൂവുമായ്
ചെത്തിമന്ദാരത്തോടൊപ്പം വായോ നീയും

വൃത്തത്തില്‍ തീര്‍ക്കുമോരത്തക്കളത്തിനും
ചിത്തിരചോതിക്കും തുമ്പക്കുടം മാത്രം
ഇല്ലിമുള്‍ക്കമ്പാലെ താമര തീര്‍ത്തതില്‍
വിശാലമായൊരു വിശാഖക്കളം വേണം

 അനിഴംതൃക്കേട്ട തന്‍ നാളുകളില്‍ പല
വര്‍ണ്ണത്തില്‍തീര്‍ക്കുന്ന വട്ടക്കളങ്ങളും
മൂലംനാളില്‍ നാലു മൂലതിരിക്കണം
പൂരാടം പൂക്കളിന്‍പൂരവുമാക്കണം

ഉത്രാടംനാളിലായൊരുകുന്നുപൂക്കളാല്‍
വമ്പന്‍കളമൊന്നൊരുക്കീടുക വേണം
സായന്തനമായാല്‍ പൂ മാറ്റി,  തറകെട്ടി,
അരിമാവുകൊണ്ടങ്ങണിയിച്ചൊരുക്കണം

വാമനരൂപനാമോണത്തപ്പന്മാര്‍ക്കും
മേലാകെ വട്ടത്തില്‍ പൊട്ടുകുത്തീടണം
ഉത്രാടരാവിലുറങ്ങാത്ത കണ്ണുമായ്
പൂപ്പന്തലിട്ടതില്‍ തോരണം തൂക്കണം

തിരുവോണനാളിലോ പൂവടയുണ്ടാക്കി
അവിലും മലരുമായ് വിളക്കത്തു വയ്ക്കണം
ഒന്നായിട്ടെല്ലാരും ആര്‍പ്പുവിളിച്ചങ്ങു
മാവേലിമന്നനെയെതിരേറ്റിരുത്തണം

പൂത്തറതന്നിലിരുത്തിയാ സങ്കല്പ
പൂജാദികര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചീടണം
പത്തുപതിനാറു വിഭവങ്ങളുള്‍ക്കൊള്ളും
ഓണസ്സദ്യക്കുള്ള ഒരുക്കങ്ങളായ്പിന്നെ

സദ്യവട്ടങ്ങളൊരുങ്ങിക്കഴിഞ്ഞെന്നാല്‍
ഭഗവാനു മുന്നിലതത്രയും നേദിച്ചു
മലയാളമക്കള്‍ക്കു സന്തോഷം തന്നെ-
യെന്നോതാതെയോതിടുമാമോദമായ്

പതിനാറാംനാളിലെ ആയില്യം,മകംവരെ
ഓണത്തറയില്‍ തിരിതെളിച്ചീടണം
മക്കള്‍തന്‍ നന്മയ്ക്കായായില്യം,മകവും
കുമ്പിട്ട ശേഷമേ പൂത്തറ മാറ്റാവൂ

ഓണനിലാവത്തു നാടുകാണാന്‍ വരും
മാവേലിത്തമ്പുരാന്‍ ഓണക്കളി കാണും
ഓണക്കോടി ചുറ്റും ഓമനക്കാലമാം
ഓണക്കാലമൊരു ഓമല്‍ക്കാലംതന്നെ.


22. ക്രിസ്തുമസ്

പാലൊളിച്ചന്ദ്രിക തൂകിയ രാവില്‍
മാനവര്‍ക്കൊക്കെയും രക്ഷകനായി
കന്യാമേരിതന്‍ സുതനായ് പുല്ക്കൂട്ടില്‍
ഭൂജാതനായി പുണ്യവാനുണ്ണിയേശു

ആകാശത്തിലെ താരകളൊക്കെയും
നിശ്ശബ്ദസംഗീതം പാടിയ രാവില്‍
മാലാഖക്കൂട്ടം കാവലായ് നില്‌ക്കേ
ഭൂമിയെ പുല്കിയാ ദൈവപുത്രന്‍

മഞ്ഞിന്‍തണുപ്പും തലോടിക്കൊണ്ടന്നു
മണ്ണിനും മനുഷ്യനും കുളിരേകി മെല്ലേ
ഭൂമിയെ പുല്കിവീശിയ പൂന്തെന്നല്‍
വിണ്ണിന്‍നിലാവുപോല്‍ മണ്ണിലുദിച്ചല്ലോ

കാരുണ്യം നിറഞ്ഞൊരു നിര്‍മ്മലഹൃദയന്‍
മണ്ണിലെ മക്കള്‍തന്‍ സങ്കടം തീര്‍ക്കാന്‍
രാജാധിരാജനായ് ക്രിസ്തുമസ്സ് രാവില്‍
ഈ പാരിന്‍നടുവില്‍ വന്നുപിറന്നല്ലോ

മഞ്ഞു പൊതിഞ്ഞൊരു പാതിരാവില്‍
ബത്‌ലഹേമിലെ കാലിത്തൊഴുത്തില്‍
നീലാകാശത്തെ പൊന്‍തിങ്കള്‍പോലെ
ഉണ്ണി പിറന്നതു ക്രിസ്തുമസ്സ് രാവായ്


23. മനസ്സ്

കാണാക്കയങ്ങള്‍തന്നാഴങ്ങള്‍ തേടി
കാരണമില്ലാതെയോടിയൊളിക്കും
വ്യാകുലചിത്തമേനീയറിഞ്ഞീടേണം
പാരിതില്‍ പൂര്‍ണ്ണമായാരുമേയില്ലെന്ന്

വാടിയപകര്‍ഷവലയത്തിലെന്നോ
നിന്‍ മുരടിച്ച മാനസം ഉയര്‍ത്തീടുവാനായ്,
വാനോളമുയരുവാനാരേയുമെന്തിനേം
ഭയക്കാതവകാശമോടെ മുന്നേറണം.

മടക്കമില്ലാത്തൊരായിന്നലെകളില്‍ നീ
പോയതെല്ലാമുപേക്ഷിച്ചുകൊള്ളുവിന്‍
ഇന്നിലെ മായകകള്‍ ശാശ്വതമല്ല,
ഉത്കണ്ഠ വേണ്ടാ നാളെകള്‍ക്കായും

നിന്‍മനോജാലകം പാഴിരുള്‍മൂടിയാല്‍
വെട്ടം നിറയ്‌ക്കേണം മെല്ലെത്തുറന്നതില്‍
കാറ്റത്തെയപ്പൂപ്പന്‍താടിയെപ്പോലവേ
ഭാരം കുറഞ്ഞങ്ങുയര്‍ന്നുപറക്കട്ടേ.

നിഴല്‍പോലെയനുഗമിച്ചീടും മരണം,
ജീവനെയടര്‍ത്തിക്കളയുവതിന്മുന്നേ
ഇന്നിന്റെ മാധുര്യമാസ്വദിച്ചീടുകില്‍
ഓര്‍മ്മയിലെല്ലാമേ ശാശ്വതമായിടും.

24. സൗഹൃദം

സകലതും പങ്കുവച്ചുല്ലസിക്കാന്‍
കപടമില്ലാത്ത ചങ്ങാതി വേണം
കദനഭാരങ്ങളും പങ്കുവയ്ക്കാം
മൃദുലമാം സൗഹൃദത്തോടുമാത്രം

ധരയിലുള്ളോരു കാലംവരേക്കും
നിഴലുപോല്‍ കൂടെയുണ്ടായിടേണം
മധുരമായോര്‍മ്മയില്‍ തങ്ങിനില്ക്കാന്‍
പല നിറങ്ങള്‍ പകര്‍ന്നെത്തിടേണം

ഉലകമുള്ളോരു കാലംവരേക്കും
പുകഴുകള്‍ പാടിയീ പാരിടത്തില്‍
പെരുമയോടെന്നുമേ വാണിടേണം
ഒരുമയായ്മിന്നിയീസൗഹൃദങ്ങള്‍

ചിരിയിലെന്നെന്നുമാനന്ദമോടേ
അരികിലുള്ളോരു ചങ്ങാതിയെന്റെ
ഹൃദയനൊമ്പരവും കാണുകില്ലേല്‍
ധരയിലീ ജീവിതം വ്യര്‍ഥമല്ലേ ?

ഹരിതകക്കാടിനെപ്പുല്കി ഞാനെന്‍
ഉടലെരിഞ്ഞീടുവാന്‍ കാക്കുവോളം
പുകഴിലെന്‍കൂടെ വന്നെത്തിടുംപോല്‍
അഴലിലുംവന്നു കൈകോര്‍ത്തിടേണം
25/03/2017
25. സുപ്രഭാതം

 തുഷാരബിന്ദുക്കളുതിര്‍ന്ന മണ്ണില്‍
വിടര്‍ന്നുനില്ക്കും പുതുപൂക്കളെല്ലാം
പരത്തിവീശും നവഗന്ധമേല്ക്കാന്‍
ഉയര്‍ന്ന് വാനില്‍ നിലകൊണ്ടു സൂര്യന്‍

പെരുത്തനാണത്തൊടു കൂമ്പിനിന്നാ
നനുത്തുമിന്നും ചെറുമൊട്ടുകള്‍ക്കും
വിരിഞ്ഞിടാനുള്ളൊരുണര്‍വ്വു നല്കി
വെളുത്തുനേര്‍ത്താ കിരണങ്ങളെല്ലാം

വിടര്‍ന്നപൂവിന്‍ പുതുഗന്ധമെങ്ങും
പരത്തിയാകേ ശലഭങ്ങളേയും
വിളിച്ചു കാറ്റും കുളിരേകിവന്നൂ
പുലര്‍ന്നനാളിന്‍ വരവോതിനീങ്ങീ

കുലച്ചുനില്ക്കും വനലക്ഷ്മിതന്നില്‍
കറുത്ത വണ്ടൊന്നു പറന്നിരുന്നു
നുകര്‍ന്ന തേനില്‍ കൊതിപൂണ്ടൊരണ്ണാന്‍
ചിലച്ചുകൊണ്ടങ്ങു കുതിച്ചുചാടി

കുരുപ്പു കുത്തീട്ടണിമുറ്റമെല്ലാം
ഇഴഞ്ഞുനീങ്ങും പുഴുജീവനെല്ലാം
എടുത്തുതിന്നും കുരുവിക്കുരുന്നും
കറുത്ത കാക്കേം കലഹിച്ച ശബ്ദം

അകത്തുറങ്ങുന്നരുമക്കിടാവിന്‍
കുരുന്നുകാതില്‍ പതിയുന്നനേരം
ഉണര്‍ന്നയുണ്ണിക്കു പറഞ്ഞു ഞാനും
ചിരിച്ചുകൊണ്ടിന്നൊരു സുപ്രഭാതം.

26. ചില മിത്രങ്ങള്‍

കൂടെയായ് നിന്നിട്ടു പിന്നിലൂടെ
ക്രൂരമായമ്പു തറച്ചിടുന്ന
കാലനാം മിത്രത്തെ കണ്ടറിയൂ
ഇന്നിന്റെ ശാപമാം ജീവിതത്തില്‍

അത്രമായ് വന്നങ്ങൊരേ വയറ്റില്‍
മക്കളായ് വന്നിട്ടു ജാതരായാല്‍
എന്നുമേയാത്മാര്‍ത്ഥമായിരിക്കും
എന്നതും തെറ്റിദ്ധരിക്ക വേണ്ടാ

മിത്രമായുള്ളോരെക്കൂടാതെന്നും
ശത്രുവായ് മറ്റാരുമില്ലാ പാരില്‍
മിത്രമാണെന്നുള്ള സ്വപ്നമെല്ലാം
വ്യര്‍ത്ഥമാണെന്നങ്ങറിഞ്ഞിടേണം

നമ്മളെക്കൊണ്ടിനി കാര്യമൊന്നും
നേടുവാനില്ലെന്ന ചിന്ത വന്നാല്‍
വിസ്മരിച്ചീടുന്നു ചെയ്തതെല്ലാം
തീര്‍ക്കുവാൻപോലും മടിക്കയില്ലാ

സ്വത്തിനും സമ്പാദ്യമായവയ്ക്കും
പങ്കിനായ് വന്നീടുമെന്ന ശങ്ക
കൊന്നിടും കൂടപ്പിറപ്പിനേയും
വന്നിടും പാരിന്റെ ശാപമായി

ഗോപ്യമായുള്ളോരു കാര്യമൊന്നും
വിശ്വസിച്ചേല്പിച്ചുപോയിടാതെ
വന്നിടും സന്താപമൊന്നൊരുക്കി
നമ്മുടെ നേര്‍ക്കതു സായകംപോല്‍

സത്യവും ധര്‍മ്മവുമായി പാരില്‍
ത്യാഗമായ് ജീവിച്ച ജീവിതത്തില്‍
വന്നുചേര്‍ന്നൊരു സൗഭാഗ്യമതില്‍
കണ്ടുമോഹിച്ചങ്ങസൂയയായി

പാരിലെ ജീവിതസ്വര്‍ഗ്ഗമൊന്നും
അറിയാതെ പോകുന്ന സാധുക്കളെ
ശിക്ഷകള്‍ നല്കിശപിച്ചിടാതെ
മാനസം ശുദ്ധീകരിച്ചുനല്കൂ

മാനസം വിങ്ങുന്ന വിങ്ങലെല്ലാം
നീരസം മുറ്റി നശിച്ചിടാതെ
ജീവിതം ജീവിച്ചു തീര്‍ത്തിടാനായ്
കാത്തിടാനീശന്റെ കാല്‍ വണങ്ങാം.

27.  അമ്പിളിമാമന്‍

അങ്കണമാകെ വെളിച്ചംതൂകി
അമ്പിളിമാമനുദിച്ചൂ വാനില്‍
താതനിന്‍ കൈവിരലൂഞ്ഞാലാക്കി
അമ്പിളിമാമനെ നോക്കീഉണ്ണീ 
പുഞ്ചിരിതൂകിയ മാമന്‍ചുണ്ടിന്‍
പൊന്നൊളിയങ്ങു നിറഞ്ഞൂപാരില്‍
അങ്കണമാവിനു ചോട്ടില്‍നിന്നു
അമ്പിളിമാമനെ നോക്കീയുണ്ണി
നിത്യവുമീവഴി വന്നീടാമോ
എന്നൊരുചോദ്യമുയര്‍ന്നൂ വേഗം
താതനുമോതിയിതേപോല്‍ മാമന്‍
ഒത്തിരിനാടു കറങ്ങാനുണ്ടേ
എന്നുവരും മമ വീട്ടില്‍ മാമന്‍
എന്നതുചൊല്ലി കരഞ്ഞൂ ഉണ്ണീ
ഇത്തിരിനാളുകഴിഞ്ഞാല്‍ വീണ്ടും
അമ്പിളിമാമനെ കാണാമെന്നും
പുഞ്ചിരിതൂകിവരുമ്പോള്‍ മാമന്‍
പൊന്നൊളിവീശും താതനുരച്ചൂ
അന്നിനി മാമനെ കാണാം ഉണ്ണീ
എന്നതു ചൊല്ലി താതന്‍തോളില്‍
ചാച്ചിയയുണ്ണിയുമാശ്വാസത്തില്‍
അമ്പിളിമാമനു റ്റാ റ്റാ ചൊല്ലി
വീട്ടിലണഞ്ഞൊരു ക്ഷീണത്തോടെ
ഉണ്ണിയുമങ്ങനുറങ്ങാന്‍പോയി  


28. എന്റെ മുല്ല

ആശിച്ചു മോഹിച്ചെന്നങ്കണത്തിന്‍
ഓരത്തു ഞാനോരു മുല്ല നട്ടൂ
വെള്ളം മുടങ്ങാതൊഴിച്ച കാലം
പൂത്തൂ തളിര്‍ത്തവളങ്ങു നിന്നൂ

ലാളിച്ചുപോറ്റീടും നാളിലെല്ലാം
പുത്തന്‍തളിര്‍ത്തുമ്പു കാറ്റിലാട്ടീ
എങ്ങും സുഗന്ധത്തെ മെല്ലെവീശീ
മുറ്റത്തഭിമാനമായി നില്ക്കേ

മുഖ്യമായെന്‍മുന്നില്‍ വന്നണഞ്ഞു
ബഹുദൂരയാത്രകളടുക്കടുക്കായ്
നിന്നെ മറന്നെന്റെ നാള്‍കളേറേ
ഗൗനമില്ലാതെ കടന്നുപോയ്‌പ്പോയ്

പിന്നീടു ഞാന്‍ വന്നു നോക്കുന്നേരം
ശുഷ്ക്കിച്ചു വാടിക്കരിഞ്ഞുനിന്നൂ
വേദനയാലെന്റെ നെഞ്ചു പിടഞ്ഞൂ
കണ്ണും നിറഞ്ഞുമനസ്സും തകര്‍ന്നു

വാടിക്കരിഞ്ഞങ്ങുപോയ ചില്ലേല്‍
മെല്ലെത്തഴുകി ഞാനോതി ചെമ്മേ
മാപ്പു തരില്ലേനീയിന്നെനിക്കായ്
നിന്നേ മുടങ്ങാതെ കൊഞ്ചിടാം ഞാന്‍

വാടിയ കൊമ്പുകള്‍ മെല്ലെയാട്ടി-
നിന്നൂ ചിരിക്കാനവള്‍ ശ്രമിച്ചൂ
അന്നുതൊട്ടിന്നോളം മുടക്കിയില്ലാ
വെള്ളവും കൊഞ്ചലും ലാളനയും

പുത്തന്‍തളിരിട്ടു മൊട്ടിട്ടവള്‍
ഉത്കൃഷ്ടയുത്തമ പാഠം ചൊല്ലീ
വേണ്ടത്ര ഗൗനം കിട്ടാതെപോയാല്‍
കുട്ട്യോള്‍തന്‍ ഭാവിയും ഇതുപോലെ

 29. പ്രണയവാഗ്ദാനം

കേള്‍ക്കുവിന്‍ കൂട്ടരേ മധുരമല്ലെങ്കിലും
സത്യമായുള്ളോരു പ്രണയവാഗ്ദാനം
അതിയായ ദൂരത്തില്‍നിന്നൊരുത്തന്‍
പ്രാണനെ പ്രണയിക്കാനെത്തിച്ചേരും
എത്ര യുഗങ്ങള്‍ കഴിഞ്ഞെന്നാലും
നീയെത്ര ദൂരങ്ങളില്‍ പോയെന്നാലും
ഇനി മറ്റൊരുത്തനു നീ സ്വന്തമായാലും
തെല്ലു കാരുണ്യവും കാണിച്ചിടാതെ
നിന്നെയും  ഞാനെന്റെ സ്വന്തമാക്കി-
ക്കൊണ്ടങ്ങു ദൂരെ പറന്നുപോകും
അന്നു നിനക്കായ് ഞാന്‍ കൊണ്ടുവരാം
മൃദുലമാം റോസാപ്പൂ വാരിവിതറി
ചേലിലങ്കാരം ചെയ്‌തെടുത്തൊരു
പുഷ്പവിമാനമാം പ്രണയസമ്മാനം
സ്വന്തവും ബന്ധവും സൗഹൃദവും
ഓര്‍ത്തു നിന്‍ കവിളിലൂടൊഴുകിടുന്ന
കണ്ണീര്‍തുടച്ചു ഞാന്‍ സാന്ത്വനിപ്പിച്ച്
നിന്നെയെന്‍ ചാരത്തണച്ചുകൊള്ളാം.

മാലാഖ,
സ്വര്‍ഗ്ഗവിലാസം.

30. സുന്ദരബാല്യം

ഒരു സുന്ദരബാല്യം കനിഞ്ഞെനിക്കേകിയ
കാരുണ്യക്കടലാകും ദൈവമേ സ്വസ്തി !
സംരക്ഷിച്ചീടാന്‍ അമ്മയും അച്ഛനും
അല്ലലകറ്റാന്‍ അച്ഛന്റെ സമ്പത്തും
അനുഭവകഥകള്‍ ചൊല്ലിത്തന്നെന്റെ
ഹൃത്തിന്‍ പ്രഭയേറ്റാന്‍ അമ്മമ്മയും
ശുണ്ഠിപിടിപ്പിക്കാന്‍ പേരിനൊരേട്ടനും
ശണ്ഠയ്ക്കു കൂട്ടിനായ് ചേച്ചിമാരും
സ്‌നേഹം പകരാന്‍ അനിയത്തിമാരും
വാത്സല്യം നല്കാനൊരനിയന്‍കുട്ടനും
ഓടിക്കളിക്കാന്‍ ഒരേക്കര്‍ ഇടവും
കേറിക്കിടക്കാന്‍ വലിയോരു വീടും
പാഠം പഠിക്കാന്‍ നല്ല പള്ളിക്കൂടങ്ങളും
കൂടെക്കളിക്കാന്‍ കൊച്ചുചങ്ങാതിമാരും
കാലത്തുണരാന്‍ പൂവന്റെ കൂവലും
നല്ല മാധുര്യമേറുംകിളിക്കൊഞ്ചലും
ആര്‍ത്തുരസിക്കാന്‍ ആറുമരുവിയും
പേടിപ്പെടുത്താന്‍ കാവിലെ നാഗവും
കണ്ടുരസിക്കാന്‍ മഴവില്ലും മാരിയും
പാറിനടക്കാന്‍ വേലിയും തൊടിയും
പാറിപ്പറക്കാന്‍ മോഹവും സ്വപ്നവും
കൂടെപ്പറക്കാന്‍ വര്‍ണ്ണശലഭവും
സ്മരണയിലെന്നും മധുരിമയേറുമെന്‍
സുഖസുന്ദരബാല്യം എത്രമനോഹരം !

31. വേനല്‍

അരുതരുതേയിനിയൊരടിപോലും
അടുക്കരുതീ ഭൂമിതന്‍പൂമേനിയോട്
മതി മതി നിന്‍ പ്രണയം വല്ലാണ്ടു
വിണ്ടുകീറിവികൃതമാക്കിയീ ഭൂതലം

പട്ടുപോല്‍ നനുത്ത ഭൂപ്രതലമാകെ
വറ്റിവരണ്ടിന്നലങ്കോലമായ് കാണ്മൂ
പച്ചപൂശിക്കാണേണ്ടവയലേലകള്‍
നിറംമങ്ങിമാഞ്ഞുനില്പ്പുണ്ടിവിടെ

കുഞ്ഞിളംകാറ്റിനെ തടയാനായ്
കുഞ്ഞുമരങ്ങള്‍തന്‍ നിരകളില്ലാ
അടുക്കുകെട്ടിടങ്ങള്‍ കെട്ടിപ്പൊക്കി
മരങ്ങള്‍ക്കായ് തെല്ലൊരിടവുമില്ലാ

ചുട്ടുപൊള്ളുന്നു ഭൂമിയീ വേനലില്‍
ചുട്ട ചട്ടുകം ചാരത്തെന്നപോലെ
വെന്തുരുകുന്നീ വേനലില്‍ ഭേദമില്ലാതെ
മര്‍ത്ത്യരും പക്ഷിമൃഗാദികളും

പുറത്തിറങ്ങിയാല്‍ പൊള്ളിവേവുന്ന-
തദ്ധ്വാനിക്കുന്ന ജനതയാണധികവും
ചത്തുമറയുന്നിവിടെ ദാരുണമായി
സൂര്യതാപമേറ്റു പല ജീവികളും

വരണ്ട കിണറുകളാല്‍ വെള്ളമില്ലാതെ
ഉണങ്ങിക്കരിയുന്ന കൃഷിപ്പാടങ്ങളും
കുഴല്‍ക്കിണറുകളിന്നാഴം കൂട്ടി ജനം
ദാഹജലത്തിന്നായ് കേഴുന്നു നിരാലംബം.

വറ്റിവരണ്ട ആറിലും പുഴയിലും
കൊതുമ്പുതോണികള്‍ തറയിലുരസി
കടത്തുകാരനെ കാത്തുനില്ക്കാതെ
ജനം കാല്‌നടയായ് കടവുപൂകുന്നു

നിനച്ചാലുള്ളം പൊള്ളുമീ വേനലില്‍
കാഠിന്യം കുറയുമോയിനിയെന്നെങ്കിലും
ഒരിറ്റുമഴ കാത്തുകഴിയുന്നു ഭൂമി
കേഴുന്ന കുഞ്ഞിളംവേഴാമ്പല്‍പോലെ

 32. വെളിച്ചം

രാത്രിയിലംബരത്തില്‍ പൊഴിക്കും നിലാവിനാല്‍
കൂരിരുട്ടകലുന്നുധരയും തെളിയുന്നു
വന്ദ്യരാം ഗുരുനാഥര്‍ ചൊരിയും പ്രഭയാലേ
മാനസം പൊരുള്‍നേടി ധന്യമായ്മാറീടുന്നു

അജ്ഞാനംമൂലം മനമിരുട്ടില്‍ തപിക്കുമ്പോള്‍
ജ്ഞാനമാം പ്രകാശത്താല്‍ തെളിയുംശുഭംധന്യം !
ആരോഗ്യപാലനത്തിലശ്രദ്ധ വന്നീടുകില്‍
ദേഹവും ശോഷിച്ചങ്ങു തളരും പാരംകഷ്ടം !

അസ്വസ്ഥമാനസത്തിന്‍ പിരിമുറുക്കങ്ങളാല്‍
ചിത്തങ്ങള്‍ പലതിലും ക്രൂരത നാമ്പിടുന്നു
വമ്പിച്ച വരുമാനക്കൊഴുപ്പിന്നിരുട്ടാലെ
മാനവര്‍ പലരിലും ക്രൂരത നിറയുന്നു

മൂഢത കൈവിട്ടങ്ങു മുന്നേറാന്‍ ശ്രമിക്ക നാം
നന്മതന്‍ ദീപമായി ധന്യരായ് വാഴാം പാരില്‍
പാരിതില്‍ മഹനീയജീവിതം നയിച്ചീടാന്‍
സ്‌നേഹത്തിന്‍ ദീപമേന്തി ദൈവത്തെ തൊഴുതീടാം

33. കല്യാണച്ചന്ത

തങ്കമായാല്‍പ്പോരാ മനം
വൈരമായാല്‍പ്പോരാ ഉടല്‍
ജനകന്റെ സമ്പാദ്യം
കോടികള്‍ കവിയേണം
പൂര്‍വ്വികസ്വത്തിന്റെ
ആഴവുമേറണം
പെണ്ണവള്‍ വല്ലാണ്ടു
പ്രായമേറുംമുന്നേ
കല്യാണച്ചന്തയില്‍
വിറ്റഴിഞ്ഞീടുവാന്‍

ദീര്‍ഘകാലത്തേക്കാ
മംഗല്യം നിലനില്ക്കാന്‍
കാണിക്കയേകണം
നാള്‍ക്കുനാളേറെയായ്
അല്ലാത്തപക്ഷത്തില്‍
കൊന്നുകെട്ടിത്തൂക്കി
അച്ഛനു നല്കിടും
കാണിക്കയായിട്ടു
വൈകാതെ ബന്ധുക്കള്‍
കൈയുമൊഴിഞ്ഞിടും


34.സൗഭാഗ്യം

ദേഹമാരോഗ്യമായ് വയ്ക്കുവാനാകുകില്‍
സ്വര്‍ഗ്ഗമായ്ത്തീരുമീ പാരിലെ ജീവിതം
പുണ്യമായെന്നുമാ ജീവിതം മാറുവാന്‍
നന്മയോടെന്നുമേ ശ്രദ്ധയായ് വാഴണം

സ്‌നേഹവും  നന്മയും മാനവര്‍ തങ്ങളില്‍
ആഴമായ് തങ്ങിനിര്‍ത്തീടുവാനാകുകില്‍
പാരിലീ ജീവിതം ഭംഗിയായ് വാഴുവാന്‍
ഏവരും പ്രാപ്തരായീടുമെന്നും നിജം

സത്യവും നീതിയും കണ്‍കളില്‍ കാണുകില്‍
ജീവിതം ഭംഗിയായാസ്വദിച്ചീടണം
ശുദ്ധമാം മാധവസേവയാല്‍ മാനസം
ധന്യമായ്മാറുമീ പാരിലെല്ലാരിലും

സ്‌നേഹമാം കര്‍മ്മമേകുന്നതാം നന്മയും
നന്മയില്‍നിന്നുതിര്‍ന്നുള്ളതാം ഭാഗ്യവും
പാരിതില്‍ ജാതരാകുന്നവര്‍ക്കൊക്കെയും
കൂട്ടിനായന്ത്യത്തില്‍ വന്നുചേര്‍ന്നീടുമേ

ഭൂമിയില്‍ത്തന്നെയീ പാപിതന്നാലയം
പുണ്യരായുള്ളവര്‍ക്കുള്ളതാം നാകവും
നന്മയും തിന്മയും  ചെയ്തവര്‍ തങ്ങളിന്‍
പുണ്യപാപക്കണക്കിങ്ങു തീര്‍ത്തീടണം35. പീഡനം

മദ്യത്തിന്‍ മദം വന്നാല്‍ മസ്തിഷ്‌കം താളം തെറ്റും
കാമത്തിന്‍ തിമിരത്താല്‍ കണ്ണിന്റെ കാഴ്ച മങ്ങും
അമ്മിഞ്ഞപ്പാലേകിയ അമ്മയെപ്പോലും ദുഷ്ടര്‍
ആദരിക്കാതെയപ്പോള്‍ കശക്കിനശിപ്പിക്കും

സോദരിമാരും സ്വന്തം പുത്രിമാര്‍പോലുമപ്പോള്‍
സ്ത്രീരൂപം മാത്രമായിത്തീര്‍ന്നിടുമാ കണ്‍കളില്‍
വികാരം ഫണം പൊക്കിയുയര്‍ത്തിപ്പിടിച്ചിടും
വേച്ചുവേച്ചാടിയാടി താണ്ഡവനൃത്തമാടും

തുള്ളിവെള്ളത്തിനായി ദാഹിക്കും വേഴാമ്പലായ്
വികാരമടക്കിടാന്‍ പെണ്ണിനെ പ്രാപിച്ചീടും
തടുക്കാന്‍ ശ്രമിച്ചെന്നാല്‍ ദാരുണപീഡനവും
മദിച്ചൊരാനയെപ്പോല്‍ കൊന്നുകൊലവിളിക്കും

പുരുഷവര്‍ഗ്ഗത്തിനു പുതിയ പര്യായമായ്
ജനമദ്ധ്യത്തിലവന്‍ അപഹാസ്യനായിത്തീരും
രാഷ്ട്രീയമറപറ്റി വീണ്ടുമീ സമൂഹത്തില്‍
വീരനായകനായി വിഹരിച്ചീടും പിന്നേം

നീതിയെ മുന്‍നിറുത്തി നിയമപാലകന്മാര്‍
തെറ്റിലെ ക്രൂരതകള്‍ തെറ്റാതെ കണക്കാക്കി
ശിക്ഷകള്‍ കഠിനമായ് നടപ്പില്‍വരുത്തുവാന്‍
വൈകുവാനിടയായാല്‍ അനര്‍ത്ഥമായിത്തീരും

നിയമപാലകന്റെ നീതിക്കായ് കാത്തീടാതെ
ജനങ്ങള്‍ പരസ്പരം കൊലകള്‍ നടത്തീടും
വൈരാഗ്യം മൂത്തുമൂത്തിട്ടന്യോന്യം പകപോക്കി
കുരുതിക്കളമാക്കി മാറ്റീടും പാരിതിനെ

 36.  പ്രണയക്കനവ്

മംഗല്യമാകുംമുമ്പേ മൊട്ടിടും പ്രണയത്തിന്‍
മങ്ങിയ കഥയൊന്നു കേള്‍ക്കുവിന്‍ കൂട്ടുകാരേ

“ വിളിച്ചാല്‍ വരുമോ നീസര്‍വ്വതുമുപേക്ഷിച്ചു
വീടുവിട്ടെന്റെകൂടെമല്‍സഖീപ്രിയേ ചെല്ലൂ

നീയില്ലാതസാദ്ധ്യമെന്‍ ജീവിതം പാരില്‍ പ്രിയേ !
ജീവന്റെ ജീവനായ പ്രിയനോ മൊഴിയുന്നു

മാനസം ഹര്‍ഷോന്മാദമാക്കിയ വാക്കില്‍ സര്‍വ്വം
മറന്നൂ ബന്ധങ്ങളും സ്‌നേഹബന്ധനങ്ങളും

പ്രായചാപല്യങ്ങളില്‍ മുങ്ങയെന്‍ മനംതന്നില്‍
പ്രാണനായകന്‍മാത്രംമറ്റെല്ലാം മറഞ്ഞുപോയ്

ദുര്‍ബ്ബലനിമിഷത്തില്‍ സര്‍വ്വവുമുപേക്ഷിച്ചു
ദുഃഖിതയായി ഞാനെന്‍ വീടുവിട്ടിറങ്ങവേ

വാതിലടയ്ക്കുംമുമ്പേ വ്യാകുലചിത്തം പൂണ്ടി-
ട്ടാധിയോടമ്മയെത്തി മാറോടങ്ങണച്ചെന്നെ

നന്മതന്‍ ദീപമായോരമ്മയേയുപേക്ഷിച്ചു-
പോകുവാനാളല്ലാതെ വലഞ്ഞു ഞാനുമപ്പോള്‍

നെഞ്ചിലെ തീയണയ്ക്കാന്‍ കൈയിലെ ഞരമ്പുകള്‍
തീവ്രമായ്മുറിച്ചതില്‍ ചോരയും വാര്‍ന്നുതിര്‍ന്നൂ

ദേഹത്തിന്‍ ഭാരംകൂടി കണ്ണുകളടഞ്ഞുപോയ്
ദേഹിക്കു ചെറിയൊരു തൂവലിന്‍ഭാരമായി

ഇമ്പമായ്ക്കൂടാറുള്ള വസന്തകാലങ്ങളില്‍
ഇമ്പത്തെ മറന്നപ്പോളന്ധമായ് വിവേകവും

കുടുംബസ്വപ്നങ്ങളെ ക്രൂരമായ് മെതിച്ചിട്ടു
കുതിച്ചുചെന്നു ഞാനാ സ്വര്‍ഗ്ഗവാതിലില്‍ മുട്ടി

കുലത്തിന്‍ പാരമ്പര്യം കാക്കുന്ന സ്വര്‍ഗ്ഗം പൂകാന്‍
കുടുംബദ്രോഹം ചെയ്‌തോര്‍ക്കാവില്ലാഗമിച്ചാലും

കേട്ടു ഞാനശരീരി കര്‍ണ്ണത്തില്‍ കൂരമ്പായി
കേറിടാം നരകത്തില്‍ മറ്റൊരു മാര്‍ഗ്ഗമില്ല.

വാതിലില്‍ മുട്ടികഷ്ടം ! നരകോം തുറന്നില്ലാ
വാവിട്ടുകരഞ്ഞു ഞാനനാഥപ്രേതമായി

അലഞ്ഞുനടന്നേറ്റം ക്ഷീണിതയായ നേരം 
അലമുറയിട്ടുകൊണ്ടങ്ങമ്മയെ വിളിച്ചു ഞാന്‍

കണ്ണൊന്നു തുറന്നപ്പോള്‍ കണ്ടു ഞാനമ്മയേയും
കണ്ണിനു കണ്ണായിട്ടു സ്‌നേഹിച്ചൊരച്ഛനേയും

കണ്ണേട്ടന്‍ മുഖത്തേയും കാമിനിച്ചേച്ചിയേയും
കരഞ്ഞുതളര്‍ന്നൊരാ കുടുംബസ്‌നേഹത്തേയും

നിമിഷനേരത്തേക്കു വന്നില്ലാ വിശ്വാസവും
നിദ്രവിട്ടുണര്‍ന്നോരെന്‍ തുറന്ന കണ്ണില്‍ തെല്ലും

കണ്ടതു സ്വപ്നമാണെന്നറിഞ്ഞ നിമിഷത്തില്‍
കണ്ടു ഞാന്‍ മനസ്സിന്റെ ഭാരവും കുറഞ്ഞതായ്

രണ്ടു കൈകളും കൂപ്പി ദൈവത്തെ തെഴുതു ഞാന്‍
രണ്ടായിപ്പോയില്ലല്ലോ ഞാനുമെന്‍ കുടുംബവും

കനവിലാണെന്നാലും കരുണയില്ലാതെ ഞാന്‍
കടമ മറക്കുവാന്‍ പ്രണയം കാരണമായ്

പ്രണയമേനിന്നേക്കാളുമെത്രയോ മേലേമേലേ
പ്രാധാന്യമച്ഛനമ്മമാര്‍ക്കു നല്‌കേണം പാരില്‍

മാതാവിന്‍ മടിത്തട്ടും വളര്‍ന്ന  കുടുംബവും
മന്ദമായ് മനസ്സില്‍നിന്നകന്നതല്ലോ കഷ്ടം !

                                                 
37. ശൂന്യത

എഴുതാനിരിക്കുന്ന നേരങ്ങളിലൊരു
ശൂന്യത വരുമെന്റെ തൂലികത്തുമ്പിലും
കര്‍ക്കടകത്തിലെന്നറയും പുരയും
ശൂന്യമായ്കണ്ടതെന്നോര്‍മ്മയിലുണ്ട്.
കൊയ്‌ത്തൊന്നു കഴിയണം പിന്നെയാ
ശൂന്യത വീടിനെ വിട്ടകന്നീടണമെങ്കില്‍
മാസത്തിന്നവസാനവാരമായാലൊരു
ശൂന്യതയെന്‍ പണപ്പെട്ടിയിലുണ്ടാകും
മാസത്തിന്നാദ്യമായ് കിട്ടുന്ന ശമ്പളം
ശൂന്യതയൊക്കെയും മാറ്റിയെടുക്കുന്നു
വീടെന്ന സ്വപ്നം സത്യമായപ്പോഴും
ശൂന്യതതന്നെയാണാമാടപ്പെട്ടിയില്‍
പരീക്ഷയിലന്നാദ്യമായ് തോറ്റപ്പോള്‍
ശൂന്യതയാകെയെന്‍ മാനസം വാട്ടി
തീമഴ വന്നാലും പ്രളയമായ് വന്നാലും
ശൂന്യത വന്നുനിറയുമീ പാരിതില്‍
മക്കള്‍ക്കു മാംഗല്യമായിക്കഴിഞ്ഞാലും
ശൂന്യത നിഴലിക്കും വീട്ടുമുറ്റത്തും
വേണ്ടപ്പെട്ടോരുടെ വിയോഗങ്ങള്‍മൂലം
ശൂന്യതയാലെന്റെ മാനസം വിങ്ങും
നേത്രത്തിന്‍കാഴ്ച്ച മറയുന്ന കാലം
ശൂന്യത വന്നുനിറഞ്ഞിടുമെങ്ങും

38. മഹാത്മാ

ഇന്ത്യതന്‍ താതനാം ഗാന്ധിജി പണ്ടൊരു
പോര്‍ബന്തര്‍ ഗ്രാമത്തില്‍ ജാതനായീ
സത്യവും ധര്‍മ്മവും ഗാന്ധിജിയന്നൊരു
ശാന്തിതന്‍മാര്‍ഗ്ഗമായ് സ്വീകരിച്ചു
ക്രിസ്തു കാണിച്ചതാം വൈരിയഭീഷ്ടത
ഗാന്ധിയും ബോദ്ധ്യപ്പെടുത്തി നമ്മേ
വാളിനെക്കാളുമങ്ങേറിയ മൂര്‍ച്ചയോ
വാക്കുകള്‍ക്കാണെന്നറിഞ്ഞ മാന്യന്‍
ഹിംസകൂടാതെ പോരാടിയനുദിനം
വിജയത്തിന്‍മാര്‍ഗ്ഗങ്ങള്‍ കണ്ട മഹാന്‍
സ്‌നേഹസമ്മാനമായാദരസൂചകം
ടാഗോര്‍ നല്കിയ നാമം മഹാത്മാ
ലോകവും നാടിനോടൊത്തൊരുമിച്ചു കൊ-
ണ്ടാ മഹാനാമത്തെയേറ്റുപാടീ
നാഥുറാം ഗോഡ്‌സെ തന്‍ വെടിയുണ്ട കൊ-
ണ്ടന്ത്യമുണ്ടായാലും ശോഭയോടെ
ഗാന്ധിജിതന്നുടെയാദര്‍ശമെല്ലാമേ
ഇന്നുമുണ്ടീക്കാണും ഭാരതത്തില്‍
പാരിലീ മണ്ണിലായ് വാഴണമെന്നുമേ
ഗാന്ധിയെപ്പോലുള്ള ദേശസ്‌നേഹി
ഇനിയൊരു ഗാന്ധിജി ഭൂജാതനാകുമോ
ഉര്‍വ്വിയില്‍ ഭാരതമണ്ണിന്‍നടുവിലായ്

39. ഹീറോ

ബാല്യം രസിക്കുന്ന കാലങ്ങളൊക്കെയും
രക്ഷാകര്‍ത്താക്കള്‍ നമുക്കു ഹീറോ
വിദ്യാര്‍ത്ഥിയായുള്ള കാലംമുഴുക്കെയും
വാദ്ധ്യാരവർകൾ നമുക്കു ഹീറോ

ഭാര്യാപദത്തിന്നലങ്കാരകാലമോ
ഭര്‍ത്താവുതന്നെ നമുക്കു ഹീറോ
മാതൃത്വമോദത്തിലെല്ലാം മറന്നിടും
കുഞ്ഞുങ്ങളാകും നമുക്കു ഹീറോ

അമ്മാവിയമ്മയ്‌ക്കൊരാശ്വാസമായ് വരും
മക്കള്‍തന്‍ വേളി  നമുക്കു ഹീറോ
മുത്തശ്ശിഭാഗ്യം വരുന്നോരുകാലമോ
പേരക്കുഞ്ഞുങ്ങള്‍ നമുക്കു ഹീറോ

ഓര്‍മ്മക്കുറവുകളസ്വാസ്ഥ്യജീവിതം
ഓര്‍മ്മപ്പെടുത്തും വയസ്സിനേയും
സത്യത്തിലന്നാണു നമ്മള്‍ക്കു ഹീറൊയായ്
നമ്മള്‍ ജീവിക്കുന്ന കാലമല്ലോ

അന്നങ്ങു വാസ്തവമായിട്ടു ജീവിതം
ആനന്ദിച്ചാസ്വാദ്യമാക്കവേണം
ആരോഗ്യമാണല്ലൊ വേണ്ടത്ര വേണ്ടതും
അന്നാളില്‍ നന്നായിരുന്നിടാനായ്

പിന്നെയും നാളു കടന്നങ്ങു പോകുകില്‍
ആയുസ്സുതന്നെയാണനന്നു ഹീറോ
അന്നോളമുള്ളോരു സ്വപ്നത്തിനൊക്കെയും
അന്ത്യത്തിരശ്ശീല പിന്നെ ഹീറോ

40. കണ്ണും കണ്ണീരും പിന്നെ കണ്‍പീലിയും

കണ്മണീ നിന്മിഴിക്കുള്ളിലായൂറുന്ന
തുള്ളിയെത്തള്ളിപ്പുറത്താക്കുവാനുള്ള
കാരണം ചോദിച്ചു വേദനപ്പെട്ടോരു
കണ്ണുനീര്‍ത്തുള്ളിയോടാശ്വാസമായിട്ടു
കണ്‍പോള ചൊല്ലിനാളന്നേരമീവിധം
കര്‍ണ്ണത്തിനിമ്പമേകുന്നതാം രീതിയില്‍
കണ്ണിന്റെ രക്ഷയ്ക്കു വേണ്ടുന്ന മാത്രയില്‍
ധര്‍മ്മമാം കര്‍മ്മത്തിലാകൃഷ്ടരായിട്ടു
ഞങ്ങളാലിംഗനത്തിങ്കലായീടുന്ന
ധന്യമാം നേരത്തു നീയങ്ങടര്‍ന്നുപോയ്
കണ്‍തടംതന്നിലായ് തങ്ങിനിന്നീടാതെ
വീണതും നന്മയായ്ത്തീര്‍ന്നീടുമെന്നതാല്‍
വീണു നീ പോയതിലുണ്ടായി സങ്കട-
മെങ്കിലും നന്ദി ഞാന്‍ നിന്നോടു ചെല്ലുന്നു 
എന്നങ്ങു കണ്ണുകള്‍ ചൊന്നതില്‍ കണ്ണീരും
സാന്ത്വനം ചൊല്ലുവാനേറ്റം ശ്രമിച്ചിട്ടു
ചേമ്പിലക്കൂമ്പിലെ മഞ്ഞിന്‍കണംപോലെ
തൊട്ടും തൊടാതെയും ചൊല്ലിയീ വാക്കുകള്‍
നീയറിഞ്ഞിടാതെ നിന്നിലിരുന്നു ഞാന്‍
എന്നേക്കുമായങ്ങടര്‍ന്നുവീഴുന്നതും
ഈശ്വരന്‍തന്നുടെ കല്പിതം തന്നെയായ്
കണ്ടിടാമെന്നുമേയെന്നങ്ങു ചൊല്ലിനാള്‍
ഈ വിധം ജീവിതത്തിങ്കലെന്നെന്നുമേ
തമ്മിലാശ്വാസം പകര്‍ന്നിടുകേവരും
സന്തോഷമായിട്ടു ജീവിച്ചുപോകുവാന്‍
എല്ലാര്‍ക്കുമീശ്വരന്‍ കൂട്ടിനുണ്ടാവട്ടെ


41. വിരഹം

ഒരുമാത്ര നേരില്‍ കണ്ടെങ്കിലെന്ന
ഹൃദയത്തിന്‍ വിങ്ങലാണു വിരഹം
നേരില്‍ കാണാനാകാതെ ഒറ്റപ്പെടുന്ന
മനസ്സിന്‍ പിടച്ചിലാണു വിരഹം

ഓര്‍ക്കുമ്പോള്‍ കണ്ണില്‍ കിനിയും
നെഞ്ചിന്‍ ഈറമാണു വിരഹം
കനവില്‍ മോഹങ്ങളായ് വിരിയും
കരളിന്‍ ദാഹമാണു വിരഹം

മനസ്സിന്‍ തേടലാല്‍ ഉയര്‍ന്നുതാഴും
ഹൃദയമിടിപ്പിന്‍ താളമാണു വിരഹം
ഇനിയെന്നു കാണാനാകും എന്ന
മനസ്സിന്‍ തേങ്ങലാണു വിരഹം

അകലുകയാണു തനിച്ചാക്കിയിന്നു
മറയുകയാണെന്ന തോന്നലാണു വിരഹം
അരികിലിപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍
എന്ന മോഹമൗനമന്ത്രമാണു വിരഹം

കണ്ടുകൊണ്ടിരുന്നവരെ കാണാതായ
കണ്ണിന്‍ തീവ്രസങ്കടമാണു വിരഹം
ആഴത്തിലുള്ള സ്‌നേഹങ്ങളൊക്കെയും
നല്കും ഒരുതരം വേദനയാണു വിരഹം.

42. വരം തന്നെ ജന്മം

ജനിച്ചാല്‍ നമുക്കിന്നു നന്നായി ഭൂവില്‍
ജനിക്കാന്‍ ലഭിക്കുന്ന ഭാഗ്യത്തൊടൊപ്പം
ശരിക്കും ലഭിക്കുന്ന കാര്യങ്ങളും നാം
കണക്കാക്കുകാശയ്ക്കു ഭംഗംവരാതെ

മനുഷ്യര്‍ക്കു വേണ്ടുന്ന ധര്‍മ്മം പുലര്‍ത്തീ
ഒരുത്തര്‍ക്കുമേ ദോഷമൊന്നും വരാതെ
സുഖക്കേടിനാലേ കിടക്കാതെയെന്നും
ശരിക്കുള്ള ഭാഗ്യത്തിലൊന്നിച്ചുവാഴാം

പരര്‍ക്കാര്‍ക്കുമൂനം പെരുത്തോരു കഷ്ടം
കൊടുക്കാതെ ജീവിച്ചിടാനായിടേണം
ഇതേ മട്ടിലെന്നും ചരിക്കാന്‍ കഴിഞ്ഞാല്‍
മനുഷ്യാ ! ശരിക്കും വരംതന്നെ ജന്മം !

 43. മഴയൊരു വരം

ദിനകരനാകും കാമുകനൊരുനാള്‍
ജനനിയെ ദ്രോഹിച്ചീടുകിലതിനും
നിജമിതു മക്കള്‍ കാരണമിയലും
ദിനമിനി വന്നെത്തീടുകയരുതേ
തരികിട തിത്തിത്തൈച്ചുവടതുമായ്
അളവൊടു നാശം ചെയ്യുക മനുജാ
അറിയുക നമ്മള്‍ നാടിനു ദിനവും
പലവിധ ദോഷം ചെയ്വതു കഠിനം
അരുതരുതാരും വായുവിലധികം
മലിനകണങ്ങള്‍ ചേര്‍ക്കരുതിനിയും
അതുമതിയെന്നും പാരഴകരുളീ
നലമിവിടെങ്ങും വര്‍ഷവുമൊഴുകാന്‍
മണിമുകിലെന്നും വാനഴകരുളും
മണിമഴയായിപ്പാരിലുമുതിരും
തകധിമിയായിപ്പെയ്തിടുമവനും
പലകുറിയെന്നും നമ്മുടെയിടയില്‍
ശ്രുതിലയമായിപ്പാടിടുമഴകില്‍
ജലകണനാദം കാതിനു കുളിരായ്
വയലുകളെല്ലാം കുഞ്ഞിളവെയിലില്‍
ഹരിതകമേറും നാടിനു നലമായ്
നലമതു ചെയ്‌താല്‍ നന്മകള്‍ വിരിയും
നിജമതു കാണും നമ്മുടെ നയനം
പഴയതുപോലേ നാടിനു മഴയും
വരുമൊരുകാലം മാനുഷകുലമേ !


44. ബാല്യകാലസഖി രമയ്ക്ക്

ബാല്യത്തിലെന്‍റെയൊരു കൂട്ടായിരുന്നസഖി
പാഠം പഠിപ്പതിനു നന്നായ്ത്തുണച്ച സഖി
വിദ്യാലയത്തിലൊരു ക്ലാസ്സില്‍ പഠിച്ചസഖി
വീട്ടിന്നടുത്തുവരെ കൂട്ടായി വന്നസഖി
കല്യാണമായതിനുശേഷം പിരിഞ്ഞസഖി
രണ്ടാളുമങ്ങനെയി നാടും പിരിഞ്ഞുടനെ
ഏതാണ്ടൊരേസമയെ കല്യാണമായതിനാല്‍
കൂട്ടും വിടേണ്ടതിലുമുണ്ടായി സങ്കടവും
വര്‍ഷങ്ങളോളമതു മിണ്ടാതെമിണ്ടി മമ-
ചിത്തത്തിലെപ്പൊഴുമെ വാടാതെ നിന്നസഖി
നാടായനാടുകളിലൊക്കെക്കറങ്ങിയതു
രണ്ടാളുമെങ്ങനെയൊ പ്രാരാബ്ദ്ധമുക്തകളായ്
ചുറ്റിക്കറങ്ങിയിവിടെത്തീട്ടു വീണ്ടുമൊരു
പുത്തന്‍കഥച്ചുരുളഴിച്ചൂ പിടിച്ചു പുന:
സന്ദേശമൊക്കെയിനി കൈമാറിടാം സഖിയെ
ബാല്യത്തിലുള്ള കഥയോര്‍മ്മിച്ചു ചൊല്ലിടുക
വന്നീടുകില്ലയിനി സന്തോഷമേറുമൊരു
വിദ്യാലയത്തിനുടെ മാധുര്യകാലമതു
കുട്ടിക്കുറുമ്പുകളുമാനല്ലയോര്‍മ്മകളു-
മെന്നും സുഖം പകരുമാമോദകാലമിനി
ഒന്നായി നാമിനിയും പങ്കിട്ടു നമ്മളുടെ
യന്ത്യംവരേക്കുമിനി കൊണ്ടാടുമല്ലെ സഖി.
ഫേയ്സ്ബുക്കുസംഗമവും വാട്സാപ്പുസൗഹൃദവും
ഉണ്ടായതൊക്കെ വരമായിന്നു കണ്ടിടുക
02/07/2017
45. വിശപ്പ്

ഭക്ഷണത്തിന്‍ വിശപ്പിനാലേവരും
മൊത്തമായും പണിക്കു പോകുന്നതില്‍
കര്‍ഷകന്‍തന്നെ നല്ല നട്ടെല്ലുപോല്‍
നാടിനും വീടിനും വിശപ്പാറ്റുവാന്‍

നിത്യവും മണ്ണിനോടുമല്ലിട്ടിടും
കര്‍ഷകന്നായി ക്ഷേമമര്യാദയും
നല്സഹയങ്ങളും കൊടുക്കേണ്ടതെ-
ന്നാദ്യമായ്നമ്മളിന്നറിഞ്ഞീടണം

ഭക്ഷണത്തിന്‍ വിശപ്പൊന്നുമാത്രമോ
കൂട്ടരേകാലകാലമായ് കാമവും
കൂടെവന്നു വിശപ്പതിന്‍ പേരുമായ്
ആത്മദേഹോമാനസസ്സുഖത്തിനായ്

പ്രേമമാകും വിശപ്പിനാല്‍ കേഴുമേ
ജീവജാലങ്ങളേവരും പാരിതില്‍
പീഡനത്തിന്‍ വിശപ്പുമാറ്റീടുവാന്‍
ഇന്നു ഗോവിന്ദചാമിപോല്‍ ദുഷ്ടനും

പ്രായമാകാത്ത കുഞ്ഞിലും തോന്നിടും
കാമകേളിക്കു പിന്നിലെ ഭ്രാന്തമാം
ദൈവനീതിക്കു മുന്നിലേ പാപവും 
മാനവര്‍തന്‍ വിശപ്പു തന്നായിടും

ഭിക്ഷ തെണ്ടുന്ന സാധുവെക്കാണവേ
പൈസ നല്കാതിരിക്കണം നമ്മളും
തണ്ടലോടൊട്ടുമാ വയറ്റിന്നു നാം 
ഭക്ഷണം നല്കണം വിശപ്പാറ്റുവാന്‍

46. ശ്രീമാനും ശ്രീമതിയും

കാക്കയും കോഴിയും കുഞ്ഞിക്കുരുവിയും
കാലത്തേ മുറ്റത്തങ്ങൊന്നായ് കലഹിക്കും
കൂട്ടമാം ശബ്ദങ്ങള്‍ കേട്ടുണര്‍ന്നിട്ടു ഞാന്‍
മെല്ലെ കുളികഴിഞ്ഞെത്തി ക്ഷേത്രത്തിലും

ദേവിയെ ദര്‍ശിച്ചു വീട്ടിലേക്കെത്തിയി-
ട്ടീറന്‍മുടിത്തുമ്പു കെട്ടിയിട്ടൊത്തപോല്‍
സീമന്തരേഖയില്‍ സിന്ദൂരവുംപിന്നെ
അമ്പിളിപ്പൊട്ടൊന്നു നെറ്റിയിലും തൊട്ടു

കങ്കണം കൊഞ്ചിടുംകൈകളില്‍ കാപ്പിയും
ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിപ്പൂവുമായ്
മുന്നില്‍ കണിയായിച്ചെല്ലുന്നതും കാത്തു്
പൂമുഖത്തിണ്ണയിന്നോരത്തിരിപ്പൊരാള്‍

തേന്‍നിലാരാത്രിയുമാദ്യാനുരാഗവും
നെഞ്ചകത്തിക്കിളിപ്പുളകമുണര്‍ത്തിയും
ഉണ്ണിയുണ്ടായതുമുള്ളം കുളിര്‍ന്നതും
കള്ളമിഴികളില്‍ മെല്ലെ വിടര്‍ത്തിയും

ചാരുകസേരയിലേവമാകാംക്ഷയായ്
താളംപിടിച്ചുരസിച്ചിരിക്കാനെന്നും
ശ്രീമാന്‍ ഗൃഹത്തിലുണ്ടാകുംവരേക്കുമേ
ശ്രീമതിതന്‍ മുഖം ശോഭയായ് കാണ്മൂ നാം.

47. അമ്മക്കിളി

മാമരക്കൊമ്പത്തു കുടുകൂട്ടി
സ്വപ്നത്തിലാറാടി അമ്മക്കിളി
കിനാവിന്റെ ലോകത്തു പാറിപ്പറന്ന്
മുട്ടയിട്ടാക്കൂട്ടിലമ്മക്കിളി

മുട്ടവിരിഞ്ഞ തന്‍ കുഞ്ഞിക്കിളികളെ
ഓമനിച്ചെന്നുമാ അമ്മക്കിളി
എന്നുംപോലന്നും മധുരം നുണഞ്ഞുകൊ-
ണ്ടിര തേടിപ്പോയാ അമ്മക്കളി

തിരിച്ചുവരുന്നേരം കണ്ടകാഴ്ച്ച
അയ്യയ്യോ ദുസ്സഹമായിപ്പോയി
കുഞ്ഞിക്കിളികളേം കൂടിനേം നോക്കി
കേണുകരഞ്ഞുപോയ്  അമ്മക്കിളി

താഴെക്കിടക്കുന്നതാ തന്‍
ഓമനക്കുഞ്ഞുങ്ങള്‍ ജീവച്ഛവമായി
നാളേറെയായിട്ടു നെയ്തൊന്നടുക്കിയ
മോഹക്കൊട്ടാരമുടഞ്ഞു വീണു

മാമരക്കൊമ്പിനെ വെട്ടിത്താഴെയിട്ടു-
പോയൊരാ വേടന്‍ സ്മരിച്ചുവോ ആവോ..
സാക്ഷാത്കരിക്കാതെ പോയൊരാ സ്വപ്നവും
അമ്മക്കിളിയുടെ ദീനവിലാപവും

48. പൗര്‍ണ്ണമിരാവ്

ഒരൊറ്റ മധുരച്ചിരിയിന്നഴകില്‍
ചിത്തമുലച്ചോളേ,
തെളിഞ്ഞമുകിലിന്മറവില്‍ തിരയും
പൗര്‍ണ്ണമിരാവില്‍ ഞാന്‍.

നിറഞ്ഞചിരിയെന്നകമേ കുളിരായ്
പൂത്തതറിഞ്ഞോ നീ ?
അടുത്ത നിറപൗര്‍ണ്ണമിനാള്‍ വരുമോ
നീയിനിയെന്‍ ചാരേ ?

നിലാവു ചൊരിയും പല പൗര്‍ണ്ണമികള്‍
മല്‍സഖിയെത്തേടീ;
മനസ്സുനിറയേ മധുരം പകരാന്‍
മോഹമതുണ്ടെന്നില്‍.

മുകില്‍നിര നിറഞ്ഞ വാനം മുഴുവന്‍
താരകളായെങ്കില്‍,
തനിച്ചു മതിയിന്‍ മുഴുവന്നൊളിയില്‍
മാഞ്ഞുകളിച്ചേനേ !

നിലാവിന്‍ നിഴലില്‍ കളിയാടിടുവാന്‍
പൗര്‍ണ്ണമിരാവേ വാ !
നിശാശലഭമായ് സഖിനിന്നരികില്‍
വന്നണയാന്‍ മോഹം !

49. നെറികേട് (ഹംസപ്ലുതം)

ഒരിക്കലങ്ങില്ലായ്മയില്‍ തവിക്കും കാലം
മനസ്സുടഞ്ഞാരുടേയും മുന്നില്‍ വന്നീടും
മനസ്സലിവുള്ളോരുവന്‍ കൈകൊടുത്തീടും
തോളില്‍തട്ടി സ്നേഹത്തോടെയാശ്വസിപ്പിക്കും

പുകഴ് പാടിയവനുടെ പിന്നാലെ ചെല്ലും
അവനുടെ സഹായത്താല്‍ മുന്നേറും മെല്ലേ
നിവര്‍ന്നൊന്നു നിന്നീടുവാന്‍ കഴിഞ്ഞുവെന്നാല്‍
അവഗണിച്ചീടും മുന്നേ സഹായിച്ചോനെ

ധരയില്‍നിന്നങ്ങുതന്നെ തുടച്ചുമാറ്റാന്‍
അവസരം ലഭിച്ചെന്നാലതും ചെയ്തീടും
കരുത്തുള്ള നാലുജനം കൂടെയുണ്ടെങ്കില്‍
കളം മാറി ചവിട്ടാനും മടിക്കയില്ലാ 

മനുഷ്യനെക്കൊണ്ടല്ലാതെയിങ്ങനെയൊരു
നെറികേടു കാണിക്കുവാന്‍ സദ്ധ്യവുമല്ലാ
ഉപകാരസ്മരണകളില്ലാതെവന്നാല്‍
മരിച്ചവനോടുതന്നെയുപമിക്കേണം

50. മരണത്തിന്‍ മൊഴി

പതറിപ്പതിക്കുന്ന നിന്‍മിഴിതന്നിലെ
വിസ്മയക്കാഴ്ചകള്‍ കണ്ടു ഞാനും
പടിവാതിലുംചാരി നിന്നിടുന്നിന്നു ഞാന്‍
നിന്റെയീ ചാരുതയില്‍ മയങ്ങീ

ധരയില്‍ക്കഴിഞ്ഞുള്ള കാലങ്ങളില്‍ സദാ
സ്‌നേഹമായാദരവോടെതന്നെ
പരിപാലനംചെയ്യുവാന്‍ വരുന്നുണ്ടു നിന്‍
മക്കളും പേരക്കിടാങ്ങളെല്ലാം

ബന്ധുക്കളും മരുമക്കളും കൂട്ടരും
നിന്റെയീ പാരിലെ ജീവിതത്തില്‍
നിന്നെ പരിചരിച്ചീടുന്നകണ്ടു ഞാന്‍
ആസ്വദിച്ചീടുകയാണാ ഭാഗ്യം

മാനസം വിങ്ങിക്കലങ്ങിയിതേവിധം
നില്പൂ ഞാനല്പനായ്മൂകനായി
നിന്‍പ്രാണനുംകൊണ്ടു പോകുവാനാകാതെ
ഞാനിതാ നിന്നുകുഴങ്ങിടുന്നൂ

അന്ത്യം പടിക്കലെത്തീടുന്നനേരത്തു
പാരിതിന്‍ ജീവിതനാടകത്തിന്‍
ഒടുവിലേ തിരശ്ശീല താഴ്ത്തുന്ന വില്ലനായ്
മരണമാം  സത്യമാണേവര്‍ക്കും ഞാന്‍.

51. കനല്‍പ്പൂവുകള്‍ 

കണ്ടൂനടന്നുള്ള കാഴ്ചകള്‍ക്കും
കേട്ടൂവളര്‍ന്നുള്ള കേള്‍വികള്‍ക്കും
ജീവിച്ചുപോരുന്ന ചിന്തകള്‍ക്കും
ചിത്തത്തിലുണ്ടായി കമ്പനങ്ങള്‍

നിഷ്പക്ഷമാകും നിരീക്ഷണങ്ങള്‍
പ്രത്യക്ഷതോന്നല്‍കളോടുചേർന്ന
ദ്വൈതങ്ങളാം ഭാവമാറ്റമെല്ലാം
എന്നും കനല്‍പ്പൂക്കളെന്‍റെയുള്ളില്‍

നല്ലാശയം കൊണ്ടൊരൂടുമായീ
നല്‍വാക്കുകൊണ്ടുള്ള പാവുമായീ
നല്കാവ്യമൊന്നൂ രചിച്ചിടാനായ്
ചിത്തത്തിലുള്ളോരു മോഹമോടേ

ഇന്നോളമങ്ങൂ രചിച്ചതെല്ലാം 
ചിത്തം വിചാരിച്ചപോലെയല്ലാ
എന്നാണു ഞാനൊന്നു തൃപ്തിയായീ
നല്ലൊരു കവ്യം രചിച്ചിടുന്നേ

സംതൃപ്തമല്ലാതപൂര്‍ണ്ണമാണോ
സങ്കല്പ ലോകത്തെയൂര്‍ജ്ജമാണോ
നല്ലോര്‍മ്മ നല്കുന്ന ശക്തിയാണോ
ഭാവിച്ചു കൂട്ടുന്ന കാവ്യമെല്ലാം
നല്‍വാക്കുകൊണ്ടൂമനഞ്ഞെടുത്തു്
നന്നായ് രചിച്ചുള്ള കാവ്യമെല്ലാം
മാസം തികഞ്ഞു ജനിച്ച കുഞ്ഞായ്
ഉള്‍പ്പൂവിലാനന്ദമേകുമല്ലോ

മൂകംബികേ നിന്‍റെ മുന്നിലായി
കൈകൂപ്പി നില്ക്കുന്നു പ്രാര്‍ത്ഥനയ്ക്കായ്
കാരുണ്യമേകിക്കനിഞ്ഞു  സദാ
ചൈതന്യമായ് വന്നു കാത്തീടണേ !

പുറം കവര്‍

ജീവിതമാകുന്ന വിദ്യാലയത്തിലെ ഏറ്റവും നല്ല ഗുരുവാണ് നമ്മുടെ അനുഭവങ്ങള്‍. ഹൃദയമാകും ക്ഷേത്രത്തിലെ ചൈതന്യമാകും വിഗ്രഹം സ്നേഹവും. അനുഭവങ്ങളുടെ വെളിച്ചത്തിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങളില്‍ നന്മയെന്ന മേമ്പൊടിയും അല്പം സ്നേഹവും കലര്‍ത്തി രചിച്ച കൃതികളുടെ ശേഖരമാണ് കനല്‍പ്പൂവുകള്‍
                                    
നെടിയൂട്ടം ദേവി. കെ. പിള്ളമനമുരുകിപ്രാര്‍ത്ഥിച്ചു ഭഗവാനു നേദിക്കുന്ന നൈവേദ്യംപോലെയാണ് ചില തൂലികകളിലൂടെ    ഉതിരുന്ന അക്ഷരങ്ങള്‍.. അത് എല്ലാവരാലും സാദ്ധ്യമല്ലാത്തതുമാണ്.   അതുപോലെ മനസ്സില്‍ കനലായെരിഞ്ഞു മലരായ് വിരിഞ്ഞ 50 കവിതകളാണ് കനല്‍പ്പൂവുകള്‍ എന്ന ഈ കവിതാസമാഹാരത്തിലൂടെ ഈ കവയിത്രി
നമുക്കായി നല്‍കുന്നത്.

പി. എ. കെ. പിള്ള.

Image may contain: 7 people, including Dinesh Nair and Rinu Rinu, people standing
Image may contain: 5 people, including Sajan Perumpadanna and Rinu Rinu, people standing and indoor
Image may contain: 3 people, people standing and indoor


Comments