പിതൃദിനാശംസകൾ!പിതൃദിനാശംസകൾ!
അച്ഛനും ഞാനും. സ്നേഹം മനസ്സിലൊതുക്കി നടക്കുന്ന പ്രകൃതമായിരുന്നു എന്റെ അമ്മയ്ക്ക്. എന്നാൽ അച്ഛൻ സ്നേഹം പ്രകടിപ്പിക്കുമായിരുന്നു.

അച്ഛനെയാണെന്നുമേറെയിഷ്ടം

വായിച്ചു തീരാത്ത പുസ്തകം നീയമ്മേ-
യെന്നെൻറെ ചിത്തേ നിനച്ച നേരം
അച്ഛൻ പിണങ്ങുന്ന ഭാവമെൻ മുന്നിലായ്
വന്നൊന്നു നിൽക്കുന്നു ചോദ്യമൊടെ.

അച്ഛാ, പിണങ്ങല്ലെയന്നെനിക്കേകിയോ-
രാ ചിത്തവ്യാപ്തം മറപ്പതോ ഞാൻ.
വാത്സല്യമേറുന്ന ലാളനയ്‌ക്കൊപ്പമെൻ
ചിത്തത്തിലെന്നും വെളിച്ചമേകി.

ദുഃഖം നിഴൽപോലെ പിന്തുടർന്നുള്ളൊരാ
നാൾകൾ തുണയ്‌ക്കെത്തി നിന്നതല്ലേ.
ഞാനുണ്ടു കൂട്ടായിഎന്ന് ചൊല്ലുന്നൊരെ-
ന്നച്ഛനെയാണെന്നുമേറെയിഷ്ടം.

സ്നേഹം മനസ്സിൻറെ കോണിലേക്കെന്നുമേ
മാറ്റിശ്ശകാരിക്കുമമ്മയേക്കാൾ
സ്നേഹത്തെ ചാലിച്ചു നന്മയോടൊപ്പമാ -
യൂട്ടുന്ന അച്ഛന്റെ ശീലമിഷ്ടം.

അച്ഛന്റെ സാന്നിദ്ധ്യമില്ലയെന്നുള്ളതിൽ
നീറുന്നിതെൻ ചിത്തമെന്നുമെന്നും.
ഓർമ്മച്ചുരുൾ നിർത്തി വേദനിക്കാത്തതായ്
അമ്മേ, എനിക്കില്ല നാൾകളൊന്നും.

ആ രണ്ടു ജീവൻ പൊലിഞ്ഞുപോയീടുകിൽ
ആരോരുമില്ലാത്തപോലെ തോന്നും.
ആരൊക്കെയുണ്ടെങ്കിലും നമുക്കെപ്പൊഴും
ആരോരുമില്ലാത്തപോലെ തോന്നും.

അഭിപ്രായങ്ങള്‍

  1. അച്ഛനെയാണെന്നുമേറെയിഷ്ടം, വളരെ മനോഹരമായി പറഞ്ഞു അതിൻ കാരണം. നന്ദി ടീച്ചർ ഈ കുറിക്ക്. ഒടുവിലത്തെ രണ്ടു വരികൾ, എന്റേയും അനുഭവം.
    സർവ്വേശ്വരൻ തുണയേകട്ടെ. ആശംസകൾ 🌹🙏

    മറുപടിഇല്ലാതാക്കൂ
  2. വളരെ സന്തോഷം സാർ. സ്നേഹാദരങ്ങളോടെ നന്ദി അറിയിക്കുന്നു ദേവി.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ