പ്രഭാതവന്ദനം മുന്നോട്ട്



പ്രഭാതവന്ദനം മുന്നോട്ട് 

















300 തൃക്കാർത്തിക

പൂത്തിരിപ്രഭാപൂരദീപമായ്
വാനവീഥി പൂകുന്ന ഭാസ്‌ക്കരാ,
വൃശ്ചികക്കുളിർത്തെന്നലായ് വരും
കാർത്തികത്തളിർസുപ്രഭാതമായ്.

വൃശ്ചികത്തിലെ പൗർണ്ണമിക്കു നൽ-
കാർത്തികക്കുളിർ ചേർന്നു വന്ന നാൾ
ദേവി തൻ പിറന്നാൾ മഹോത്സവം
ഭക്തിപൂർവ്വം തൃക്കാർത്തികോത്സവം.

വീടു വൃത്തിയാക്കി, കുളിച്ചു
ഭക്തിയായ് വ്രതം നോറ്റു ശുദ്ധമായ്
ദേവികീർത്തനങ്ങൾ ജപിച്ചു നാം
നൽചിരാതുകൾ വീട്ടിലേറ്റിടാം.

ഐക്യബോധമായ്, സ്നേഹസാന്ദ്രമായ്
പാരിലേവരും വാണിടാൻ ദിനം
നൽക്കടാക്ഷമായെത്തുവാൻ തൊഴാം
കാത്തിടേണമൈശ്വര്യദായകേ!

299 സുഗന്ധമഴ

നഭസ്സിലഴകായ് പ്രഭാതതിരിയാ-
യുദിച്ചയരുണാ, നിനക്കു നമനം.
മുഴുത്ത മിഹിരം വകഞ്ഞയൊഴിവിൽ
തെളിഞ്ഞ പ്രഭയിൽ ധരിത്രി ഹരിതം.

വെളുത്ത കിരണം രസിച്ചു തഴുകി
വിടർന്ന മലരിൽ നിറഞ്ഞ നറുതേൻ
രമിച്ചു നുകരാൻ കൊതിച്ചു ദിനവും
പറന്നു വരുമേ നനുത്ത ശലഭം.

മരത്തിലണിയായ് നിരന്ന കിളികൾ
നനുത്ത ചിറകും വിടർത്തിയഴകായ്
പറന്നു രസമായിറങ്ങി മണലിൽ
ചിലച്ചു മൊഴിയും പ്രഭാതകഥകൾ.

വിരിഞ്ഞമലരിൻ സുഗന്ധമഴയിൽ
നനഞ്ഞു പവനൻ കുളിർമ്മ ചൊരിയും.
കറുത്ത കുയിലിൻ മെലിഞ്ഞയധരം
മൊഴിഞ്ഞ കവിതാശ്രുതിക്കു മധുരം. 

298 നീലത്താമര

കാർമേഘക്കറപുരളും നഭസ്സിലെങ്ങും
വർണ്ണങ്ങൾ വിതറിടുവാൻ മടിച്ചു സൂര്യൻ
മേഘക്കുന്നിനു പുറകിൽ മറഞ്ഞു മെല്ലേ
സ്നേഹപ്പുഞ്ചിരിയൊളിയും തൂകിനിന്നു.

സന്തോഷത്തിരയലകൾ ഞൊറിഞ്ഞു പിന്നെ
വാനത്തിൽ ദിനകരദീപമായ് തെളിഞ്ഞു
പൂന്തോപ്പിൽ കിരണവുമെത്തി പൂ വിരിഞ്ഞു
പാറിപ്പാറി ശലഭമെത്തി തേൻ നുകർന്നു.

നീലത്താമര വിരിയുംസരോവരത്തിൽ
വണ്ടത്താനരികിലണഞ്ഞു തേൻ കുടിക്കാൻ
പുള്ളിപ്പൂങ്കുയിലിണ പാറിവന്നു പാടു-
ന്നീണത്തിൽച്ചെറുകിളിയോതി സുപ്രഭാതം.

297 വൃശ്ചികപ്പൂങ്കാറ്റേ

ആകാശത്താമര വന്ദനമോതി നില്ക്കുംപോലെ
സിന്ദൂരം തൊട്ടതുപോലൊരു സൂര്യബിംബം വാനിൽ.

പാരിൽ നിത്യം ശുഭനാളിലെശോഭ തൂകീടുമ്പോൾ
കൺ മൂടുന്നൂ നവസൂര്യനു സ്തോത്രമോതുന്നൂ ഞാൻ.

പച്ചോലത്തുമ്പിലിരുന്നൊരു പൂങ്കുയിൽ പാടുമ്പോ
പുന്നാരം ചൊല്ലിയടുക്കണ തുമ്പികൾ വന്നെത്തി,

പൂന്തോട്ടത്തിൽ മധുവുണ്ടു മയങ്ങിനിന്നീടുമ്പോൾ
പൂന്തേനുണ്ണാനതിമോദമണഞ്ഞിടുന്നൂ വണ്ടും.

തൂമഞ്ഞിൽ തട്ടിയണഞ്ഞൊരു വൃശ്ചികപ്പൂങ്കാറ്റേ
പൂവാകക്കൊമ്പിലൊരുങ്ങിയ പൂക്കളടർത്തല്ലേ.

296 നവരാഗസുധ

വാനമൊരു വർണ്ണതിലകക്കുറിയണിഞ്ഞു
വിണ്മിഹിരവും നിറപുഞ്ചിരിയണിഞ്ഞു
പൊൻപുലരിതന്നഴകുമായ് മലർ വിരിഞ്ഞു
പൂവിതളുകൾ തഴുകിടാൻ പവനനുമെത്തി.

കോകിലവുമെത്തി, നവരാഗസുധ ചൊരിഞ്ഞു
താമര വിടർന്നിതു സരോവരജലത്തിൽ
പുഞ്ചിരി വിടർത്തി, പുതുപൂക്കളുമുണർന്നു
പൂവിതളിലെത്തി, ശലഭം മധു നുകർന്നു.

ചഞ്ചലമനസ്സു ചെറു സങ്കടമുണർത്താൻ
കൈതൊഴുതു നാമജപമന്ത്രമുരുവിട്ടു.
പൊൻകണിവിളക്കു തൊഴുകാനതിഭക്തിസാന്ദ്രം
കീർത്തനവുമായി മമ മാനസമുണർന്നു.

295 ശുഭഗീതിക

പുതുമോഹമുണർത്തി ദിവാകരൻ
ഗഗനത്തിലകക്കുറിയായിതാ.
അതിശോഭ വിടർത്തിയുദിച്ചിടും
അരുണന്നു വണക്കമതോതിടാം.

മിഹിരങ്ങളൊതുക്കിയുയർന്നിടും
പുലരിക്കതിരോനതിസുന്ദരൻ.
നിറമേഴുമൊരുങ്ങിയിറങ്ങിടും
കിരണങ്ങളുമിന്നതിമോഹനം.

ശുഭഗീതിക പാടിയടുത്തിടും
കുയിലിൻ മണിയൊച്ച മനോഹരം
അതുകേട്ടുണരുന്നു പ്രഭാതവും
ശുഭസുന്ദരമായ പ്രതീക്ഷയും.

തൊടിയിൽ ചെടിയും പുതുപൂക്കളും
നറുതേൻ നുകരും ശലഭങ്ങളും.
ചെറുപുഞ്ചിരി തൂവി നിരക്കവേ,
അരുണോദയഭംഗി വണങ്ങി ഞാൻ.

294 വാനവീഥി

പാരിലുള്ളയന്ധകാര
സന്തതിക്കു മൃത്യനല്കി
ശോഭിതയ്ക്കു ജന്മമേകി
സൂര്യദേവനാഗമിച്ചു .

വാനവീഥി തൂത്തുവാരി
കോലമിട്ടു കാത്തിരുന്ന
മേഘജാലമൊത്തുകൂടി
അർക്കനായ്‌ വിരുന്നൊരുക്കി.

വിണ്ണിലൊന്നുദിച്ചുപൊങ്ങി
താമരയ്ക്കു നാഥനായി
മണ്ണിലേക്കു രശ്മി വീശി
ചുംബനങ്ങളേകി മെല്ലെ.

ഭാസ്കരന്റെ പ്രേമപൂർവ്വ
ലാളനയ്ക്കു താളമായി
പത്മമങ്ങുനിന്നു രാഗ-
ലോലയായി, നാണമോടെ.

293 നവാഗതൻ

പ്രഭാതനേരത്തു മേഘം ചെമന്നു
പ്രഭാകരൻ വന്നുദിക്കുന്നു വാനിൽ
പ്രകാശമാകെപ്പരക്കുന്നു പാരിൽ.
പ്രകീർത്തി പാടിസ്തുതിക്കുന്നു ഭക്ത്യാ.

നനുത്ത മഞ്ഞിൻ തണുപ്പിൽ വിറച്ചു
നവാനുരാഗം ചൊരിഞ്ഞൂ വിടർന്നു
നിലാവുപോലേ സരോജം ചിരിച്ചു
നവാഗതാ, നിന്റെ മന്ത്രം ജപിച്ചു

മരീചിയെത്തിത്തലോടിത്തുടങ്ങേ
മലർ വിരിഞ്ഞു, സുഗന്ധം പരന്നാൽ,
മരന്ദകത്തിൽ കൊതിച്ചൊന്നു പാറി
മടിച്ചിടാതേ മലർത്തുമ്പിയെത്തും.

മകാന്ദമൊന്നായ്പ്പറന്നെത്തി മെല്ലേ
മനോജ്ഞമായിക്കുയിലിന്റെ കൂടെ.
മനോഹരാ, നിന്റെ നാമങ്ങളോതാം
മനം തുടിക്കും വിഭാതത്തിലെന്നും.

292 കീർത്തനമാല

പ്രഭാതനേരത്തു കിഴക്കുദിക്കിൽ
ഉദിച്ചുപൊങ്ങുന്നരുണാ വണക്കം.
നഭസ്സിലെന്നും തെളിയുന്ന സൂര്യാ
സ്തുതിച്ചിടുന്നൂ കരമൊന്നു കൂപ്പി.

ചിരിച്ചു നില്ക്കും മലരിന്റെ തേനിൽ
കൊതിച്ചു പാറിക്കഥയോതി നില്‌ക്കേ
കറുത്തവണ്ടൊന്നു പറന്നടുത്തു
മലർകളിൻ തേൻ നുകർന്നിടുന്നു.

വിടർന്ന ചെന്താമരായോടു കൊഞ്ചി-
ക്കുഴഞ്ഞിടുന്നൂ കിരണം പതുക്കേ.
ഇതൾ വിടർത്തീയാനുരാഗമോടെ
തുടുത്തു നിന്നൂ കമലം ജലത്തിൽ.

മണിക്കുയിൽ പാടിയണഞ്ഞിടുമ്പോൾ
പ്രഭാതഗീതത്തിലലിഞ്ഞു ഞാനും
ജഗത്തിനാകേ സുഖമേകുവാനായ്
പ്രമോദമായ് കീർത്തനമാല ചൊല്ലി.

291 പൊൻകിരണം

സൂര്യനുദിച്ചൊളി തൂകി വരും
സുന്ദരമായൊരു കാഴ്ച തരും
വാനഴകിൽ മമ മാനസവും
ഭൂമിയൊടൊത്തു ചിരിച്ചുണരും.

പക്ഷികൾ പാറിയടുത്തിടവേ
കാറ്റിലുലഞ്ഞു മലർകൊഴിയും
പൊൻകിരണങ്ങളണഞ്ഞിടവേ
പുത്തനുർവൊടു പൂവിരിയും.

പൊൻകിരണം തഴുകിത്തഴുകി
പുഞ്ചിരിതൂകി വിരിഞ്ഞു മലർ.
പൊന്നുഷസുന്ദരപൂവുകളാൽ
മുറ്റമൊരുങ്ങിരസാവഹമായ്.

കണ്ടു രസിച്ചു മനം കുളിരെ
നിർമ്മല സുന്ദര പൂവിതളിൽ
ചിത്രപതംഗമൊരെണ്ണമിതാ
പാറി വരുന്നിതു തേൻ നുകരാൻ.

290 ജഗന്മയാ

നനുത്ത നീരദങ്ങളൊക്കെയൊന്നകന്നു നില്ക്കവേ
നഭസ്സിലേക്കുയർന്നുവന്ന ബാലസൂര്യബിംബമേ,
നിരന്നുനിന്ന പൂക്കളോടു ചേർന്നു ഭക്തിയോടെ ഞാൻ
നിനക്കു മോദമോടെ ചൊല്ലിടുന്നു നിത്യ വന്ദനം!

സരോവരത്തിലിന്നു ഭംഗിയായ് വിരിഞ്ഞു നില്ക്കുമീ
സരോരുഹം ചിരിച്ചു കൈ തൊഴുന്ന കാഴ്ച സുന്ദരം.
സനാഥയാം സുമോഹിനിക്കു നാഥനായ സൂര്യനെ
സപര്യയോടിതൾ വിടർത്തിനിന്നു കുമ്പിടുന്നവൾ.

മലർവിരിഞ്ഞ തോട്ടവും തളിർത്തുനിന്ന വൃക്ഷവും
മണിപ്രവാളഭാഷയിൽ വണക്കമോതി നില്ക്കവേ,
മധുത്രയം കുഴച്ചു നേദ്യമായ് കഴിച്ചപോലിതാ
മദാന്ധനായ് മയങ്ങി വന്നു പാടിടുന്നു പൂങ്കുയിൽ.

ജവാനിലൻ വരാതെയീ ധരിത്രിയൊന്നു കാക്കണേ
ജഗത്തിലാകെ നന്മകൾ വിതച്ചിടേണെ ഭാസ്ക്കരാ,
ജപാക്ഷരങ്ങളൊക്കെയൊന്നടുക്കി ഞാൻ വണങ്ങിടാൻ.
ജഗന്മയാ നിനക്കുമുന്നിലെത്തിടുന്നു സന്തതം.


289 ദിനകരകീർത്തി

ദിനകരനെന്നും ഗഗനെയുദിക്കേ
കമലമുണർന്നൂ ശുഭദിനമോതും.
ഉദയരവിക്കായ് പുലരിയൊരുക്കും
പുതുപുതു പൂക്കൾ നയനമനോജ്‌ഞം.

ചെടികളിലെല്ലാം നവകുസുമങ്ങൾ
ചെറുചെറുമോഹക്കഥപറയുമ്പോൾ
മണിശലഭങ്ങൾ ചിറകുവിടർത്തി
മധുനുകരാനായരികെ വരുന്നു.

കുയിലിണമെല്ലേ ശിഖരമതൊന്നിൽ
സുഖദമിരുന്നു സരിഗമ പാടി.
സ്വരലയഗാന ശ്രുതികളുമായി
കിളികുലമാകേ സുദിനവുമോതി.

മലരുകളൊന്നായ് വിരിയണനേരം
കുളിരലപാകി പവനനുമെത്തി.
ദിനകരകീർത്തിച്ചരിതപദത്തിൻ
സ്തുതികളുമായിത്തൊഴുകുക നാമും.

288 പൂത്തിരിപ്പൂമുഖം

നേരത്തോടൊന്നുയർന്നെത്തിയ സൂര്യാ
കാലത്തേ പുഞ്ചിരിപ്പൂവിതറുന്നോ?
വന്നെത്തീ സൂര്യനോടൊത്തൊരു രശ്മി
പൂങ്കൊമ്പിൽ പൂക്കളെക്കൊഞ്ചിടുവാനായ്.

പൂന്തോട്ടപ്പൂക്കളിൽ ചിത്രപതംഗം
പാറുന്നൂ ചുറ്റിനും തേൻ നുകരാനായ്
വന്നല്ലോ പൂങ്കുയിൽ രാഗവുമായി
മോദത്താലെന്നെയും തട്ടിയുണർത്താൻ.

തോട്ടത്തിൽ പിച്ചകപ്പൂ വിരിയുന്ന
ഗന്ധത്തിൽ മാരുതൻ നിന്നു മയങ്ങി.
മുല്ലപ്പൂങ്കാറ്റിനോടൊത്തൊരുമിച്ചു
കിന്നാരം മൂളിടുന്നൂ ശലഭങ്ങൾ.

അർക്കാ, നിൻ പൂത്തിരിപ്പൂമുഖം കണ്ടാൽ,
സന്തോഷത്തോടെയെൻ മാനസമാകെ
പൂക്കാലപ്പൂമരക്കൊമ്പിനെ പോലെ
എത്തുന്നൂ വന്ദനം ചൊല്ലിടുവാനായ്.

287 വന്ദിച്ചു ചൊല്ലാം

വാനത്തുദിച്ചങ്ങുയരും പ്രഭാകരാ,
മേഘം ചുവപ്പിച്ചുയരുന്നുവോ ദിനം?
മോഹം വിടർത്തിച്ചിരിയോടെ ഭാസ്ക്കരാ,
വർണ്ണങ്ങൾ വാരിച്ചൊരിയാൻ വരുന്നുവോ?

പുള്ളിക്കുയിൽ പാടിയ പാട്ടിലെയീണമായ്
പാറിപ്പറന്നൂ ശലഭങ്ങളെത്തവേ,
മുറ്റത്തു മേയുന്ന കിളികൂജനങ്ങളും
ചന്തം കലർത്തിപ്പറയും പ്രഭാതമായ്.

പൂമ്പാറ്റയോതും കഥ കേട്ടു പൂക്കളും
മെല്ലേ വിരിഞ്ഞൂ നിരയോടെ നില്ക്കവേ,
മന്ദസ്മിതത്തോടുയരും വിഭാകരാ
വന്ദിച്ചു ചൊല്ലാമൊരു നല്ല കീർത്തനം.

286 ഹരിതഭൂമി

ഇനനുദിച്ചുയരും പുതു വാനവും
മഴവിൽപോലതിലെഴു നിറങ്ങളും
ഹരിതഭൂമിയിലെത്രയൊ സുന്ദരം
നയമോഹനമായ പ്രഭാതമേ!

അരുണസേവനരശ്മികളെന്നുമീ
തൊടിയിലുള്ള മലര്‍കളെയത്രയും
തഴുകിയൊന്നു പുണര്‍ന്നു പുലര്‍ച്ചയില്‍
വിരിയുവാനതിമോഹവുമേകിടും

ദിനവുമെന്നുടെയങ്കണമദ്ധ്യെയായ്
വിരിയുമീ മലരിൻറെ സുഗന്ധവും
കവിത പാടിവരും ശലഭങ്ങളും
സുദിനവന്ദനമോടെ വരുന്നിതാ.

ഉദയഭാസ്ക്കര! നിത്യനിരാമയാ!
ഉലകദൈവമെ! കൈ തൊഴുകുന്നു ഞാൻ
കരുണസാഗര! സേവനതല്പരാ!
കനിയണേ, ദിന മീ ധര കാക്കണേ!

285 ദീപാവലി

വിണ്ണിലുദിക്കുന്ന പൊന്നൊളി ദീപത്തെ
മണ്ണിലിരുന്നൊന്നു കണ്ടുതൊഴാനായി
നിത്യമുണർന്നു വരുന്നു കരം കൂപ്പി
കീർത്തനമാലാജപങ്ങളുമായ് ഭക്ത്യാ.

ഭാരതമെമ്പാടുമിന്നു തെളിക്കുന്ന
ശോഭന ദീപത്തിന്നൈശ്വര്യത്തിൽ,
മാനസമോരോന്നും നന്മയിൽ നീരാടി
ജീവിതചൈതന്യമേറിടട്ടെ !!!

നന്മതുളുമ്പും കരങ്ങളാലേറ്റുന്ന -
യോരോരോ ദീപത്തിൻ നാളങ്ങളിൽ
ഉള്ളിലെയജ്ഞതതന്നോരഹന്തക-
ളത്രയും കത്തിയെരിഞ്ഞിടട്ടേ!!!

ഓരോ ചെരാതിലുംനിന്നെരിഞ്ഞീടുന്ന
ദീപവൃന്ദങ്ങൾ തൻ പാലൊളിയിൽ
ഉള്ളിലെ ജ്ഞാനമുകുളങ്ങളോരോന്നും
നന്മയായ്‌ മിന്നി ജ്വലിച്ചിടട്ടെ !!!

284 ദിനകരശ്ലോകം

കതിരവനിന്നും മലമുകളെത്തി
കനകരഥത്തിൻ കണിയുമൊരുക്കി.
അരുണനുദിച്ചൂ കിരണവുമെത്തീ
അരുളുകയായീ നവനവയൂര്‍ജ്ജം.

പുതുമയുണര്‍ത്തും ചിരികളുമായീ
മലരുകളെല്ലാമുണരുകയായീ
കളിചിരിയോടെ കലപില ശബ്ദം
മധുനുകരാനായ് ശലഭവുമെത്തി.

ശുഭസുദിനത്തിൻ സുകൃതവുമായി
അരികിലണഞ്ഞു പുതുകിരണങ്ങൾ
തഴുകി യുണര്‍ത്തീ, നളിനദളങ്ങള്‍
തൊഴുതു നിവര്‍ന്നൂ പ്രണയ സരോജം.

ദിനകരശ്ലോകം മണിമണിയായി
വിനയമൊടേ ഞാൻ മൊഴിയണനേരം
മിഴികളുയര്‍ത്തീ പുലരിയെ നോക്കി
ശുഭദിനമോതീയരുണനൊടൊപ്പം. 

283 സുരംഗസുന്ദരാ

ജഗം മുഴുക്കെ വെട്ടമേകി, വാനിൽ വന്നുദിച്ചുവോ
ദിവാകരാ, സുമോഹനാ, രവീ, നവാഗമപ്രഭാകരാ!
ദിനം ശുഭപ്രതീക്ഷകൾ മനം നിറച്ചുദിച്ചു നൽ-
പ്രമോദമേറ്റിടുന്നതാം ദിനേശനെന്റെ വന്ദനം.

വിരിഞ്ഞുനിന്ന പൂവിൽ തേൻ നുകർന്നിടാൻ വരുന്നതാം
നനുത്ത കുഞ്ഞു തുമ്പികൾ പറന്നിടുന്നു ചുറ്റിനും തൊടിക്കു
ചന്തമേറിടാൻ പ്രഭാതപൂക്കളൊക്കെയും
തലോടിടാൻ ദിനം വരും പ്രഭാതരശ്മിയേ തൊഴാം.

പ്രഭാതഗീതമാലപിച്ചിടാൻ വരുന്ന പൂങ്കുയിൽ
തനിച്ചിരുന്നു പാടിടുന്നതിൽ രസിച്ചു നിന്നു ഞാൻ
ചിലച്ചു മുറ്റമൊക്കെയും നടന്നു നീങ്ങിടുന്നതാം
കുരുന്നു പക്ഷിവൃന്ദവും സുഖം തരുന്ന കാഴ്ചയായ്.

സരോവരത്തിൽ ഭംഗിയായ് സരോരുഹം വിരിഞ്ഞിതാ
മൊഴിഞ്ഞിടുന്നു ഭക്തിയാലെ സുപ്രഭാതവന്ദനം.
പ്രകാശധാരയായി മൺചിരാതുപോലെരിഞ്ഞിടും
പ്രസാദമോദമായ് വരും സുരംഗസുന്ദരാ തൊഴാം.

282 രാഗമാലിക (നാഗരികം)

സുന്ദരദിവ്യദീപമായ്
വാനിലുയർന്നു ഭാസ്‌കരൻ
സർവ്വചരാചരങ്ങളും
കണ്ണു തുറന്നു മോദമായ്.

അങ്കണമാകെ ഭംഗിയായ്
കങ്കണവും കിലുക്കിയീ
വാടികയിൽ വിരിഞ്ഞിടാ-
നൊന്നുണരൂ മലർകളേ.

പൂങ്കുയിൽ രാഗമാലിക
കേട്ടുണർന്നു തോഷമായ്
പുഞ്ചിരി തൂകും പൂക്കളിൽ
തേൻ നുകരുന്നു തുമ്പികൾ.

പക്ഷികളേ പറന്നുവാ
അക്ഷികളും തുറന്നുവാ
മംഗളഗാനമോതിടാൻ
പൂഞ്ചിറകും വിടർത്തിവാ. 

281 പൊൻവസന്തം.

വർണ്ണവാനിൽ നോക്കി മെല്ലേ
അർക്കശ്ലോകം ചൊല്ലി നില്‌ക്കെ,
സൂര്യകാന്തിപ്പൂ വിരിഞ്ഞു
സുപ്രഭാതം പാടി നിന്നു.

വെള്ളിമേഘം തള്ളി നീക്കി
സൂര്യദേവൻ നോക്കിയപ്പോൾ
താമരപ്പൂ കൺ തുറന്നു
മോദമായ് വന്ദിച്ചു നിന്നു.

താമരപ്പൂമ്പൊന്മുഖത്തിൽ
മെല്ലെ നാണപ്പൂവിരിഞ്ഞു.
സൂര്യദേവൻ നോക്കിനില്‌ക്കെ
നീലവാനിൽ പൊൻവസന്തം.

വാടികയ്ക്കുൾ വർണ്ണപൂക്കൾ
കാത്തുനിന്ന കുഞ്ഞുതുമ്പി
പൂവിതൾകൾ തേടിയെത്തി
രാഗമോടേ തേൻ നുകർന്നൂ.

280 സുരാനന്ദം

ആകാശമുറ്റത്തിലിന്നു തെളിഞ്ഞോരു
ഭാസ്ക്കരദീപത്തെ കണ്ടു വണങ്ങുന്നു.
ഭക്തി മനസ്സിൽ നിറഞ്ഞു തുളുമ്പുന്ന
കീർത്തനമോടെൻറെ വന്ദനമോതുന്നു.

ചിത്രപതംഗങ്ങളൊക്കെയടുത്തെത്തി
പുഞ്ചിരി തൂവിപ്പതുക്കെപ്പറക്കുമ്പോൾ,
അംബുജനേത്രം തുറന്നൊരു നേരത്തീ
വണ്ടുകളോരോന്നു മൂളിയടുക്കുന്നു.

പൂമരശാഖയ്‌ക്കു മേലെയിരിക്കുന്ന
പൂങ്കുയിലെത്രയ്ക്കു ഭംഗിയിൽ പാടുന്നു.
വാനിലെ മേഘത്തൊടൊട്ടിപ്പറക്കുന്ന
പക്ഷികളെക്കണ്ടു വിസ്മയമേറുന്നു.

സുന്ദരമീ സുപ്രഭാതസുരാനന്ദം
പാരിതിൽ സ്വർഗ്ഗീയ കാഴ്ചയൊരുക്കുമ്പോൾ,
പൊൻപുലരിച്ചന്തമോടെയണഞ്ഞോരു
പൊന്നൊളിസൂര്യന്നു വന്ദനമോതട്ടെ.

279 പ്രകാശധാര

വെൺപട്ടു ചേല ചുറ്റിയ വാനിൽ
വട്ടത്തിൽ പൊട്ടുകുത്തിയപോലെ
സൂര്യൻ തെളിഞ്ഞു നിന്നതു കണ്ടു
ചെന്താമരത്തളിർ വിരിയുന്നു

പൂക്കൾ വിരിഞ്ഞു പുഞ്ചിരി തൂകി
പൂത്തുമ്പി തേൻ നുകർന്നു രസിച്ചു
പൂങ്കൊമ്പിലെക്കുയിൽമണിരാഗം
പുത്തൻ പ്രഭാതവന്ദനമേളം.

മണ്ണിൽ പ്രകാശധാര ചൊരിഞ്ഞു
കണ്ണിൻ വിരുന്നൊരുക്കിയ സൂര്യാ
നിൻ നാമമന്ത്രമാല ജപിച്ചു
ഞാനും വരുന്നു നിന്നെ വണങ്ങാൻ.

278 വിൺലോക സങ്കല്പം

സൂര്യൻവന്നൂ, സുപ്രഭാതം വിടർന്നു
ആകാശത്താഴ്വാരമാകെച്ചുവന്നു.
ആലോലം താലോലമാടുന്നു ചിത്തം
നാമങ്ങൾ നാവിൽ കളിക്കുന്നു സത്യം.

അർക്കാ, നിൻ മാഹാത്മ്യമെന്നും ജപിച്ചാൽ
ചിത്തത്തിനുന്മേഷനാളം ജ്വലിക്കും.
സൂര്യാ നിൻ രൂപം വാനിൽ തെളിഞ്ഞാൽ
സന്തോഷത്താലെന്റെയുള്ളം തുടിക്കും.

വാനത്തിൽ കാണുന്ന തേജസ്വരൂപാ,
സത്യത്തിൽ നിൻ രൂപമാണെന്റെ ദൈവം
നിന്നിൽ ഞാൻ കണ്ണന്റെ രൂപത്തെ കാണും
വിൺലോകസങ്കല്പസർവ്വം ദർശിക്കും.

നിൻ വെട്ടം കാണുന്ന നേരത്തു നിത്യം
നാവിൽ നിൻ നാമങ്ങളപ്പോഴെയെത്തും.
നിത്യം നിൻ രൂപത്തെ കണ്ടു തൊഴുമ്പോൾ
ആനന്ദത്തത്തേരിൻ വെളിച്ചം മനസ്സിൽ.

277 സർഗ്ഗസന്ധ്യകൾ

അങ്കണത്തിലൊളി തൂകി നിന്നിടും
അമ്പരത്തിലെ നവദീപനാളമേ
നീയൊരുങ്ങി ഗഗനത്തിലെത്തവേ
ഞാനുണർന്നു വരുമൊന്നു കുമ്പിടാൻ.

സൂര്യനാമജപമോടെയെത്തിടും
നിന്റെയീ തിരുശോഭ കാണുവാൻ.
പൊന്നുഷസ്സു കണികണ്ടുണർന്നിടാൻ
ഭാഗ്യമേകിയയരുണന്നു വന്ദനം!

പൂക്കളോടു കുശലങ്ങളോതുവാൻ
വർണ്ണമുള്ള ശലഭങ്ങളെത്തിടും
പൂങ്കുയിൽ സുഖദരാഗമോടെയീ
പൂമരത്തിലണയുന്നു പാടുവാൻ.

സുന്ദരം സരകഭൂമിയിൽ ദിനം
സുപ്രഭാതകണിയെന്നു ചൊല്ലിടാം
സപ്തവർണ്ണിത സ്വർഗ്ഗമാക്കിടും
സർഗ്ഗസന്ധ്യകളീ പ്രഭാകരൻ.

276 നവസുപ്രഭാതം

നിസ്വാർത്ഥ സേവനത്തിൻ പാഠം ചൊല്ലി,
നാന്ദീമുഖത്തു മോഹം വാരിത്തൂവീ
നിത്യേന വർണ്ണമേഘത്താഴ്വാരത്തിൽ
നിഷ്പക്ഷനായുദിക്കും ദേവൻ സൂര്യൻ.

വാനവീഥിയിൽ പൂത്തിരിശോഭതൂകി
ആദിദേവനാദിത്യനുദിച്ചുയർന്നു.
രാഗമോടെയെത്തി കുയിലൊന്നു പാടി
സുപ്രഭാതമായെന്നു വിളിച്ചുണർത്തി.

വാരിജം കരം കൂപ്പി വിരിഞ്ഞുനിന്നു
അങ്കണത്തിലും പൂക്കൾ വിടർന്നിടുന്നു.
തേൻ നുകർന്നു പൂത്തുമ്പി രസിച്ചിരിക്കേ ,
എത്ര സുന്ദരം ഈ നവ സുപ്രഭാതം.

275 രാഗമാലിക

വാനവീഥിയിലെത്തിടുന്ന
ദിവാകരന്നുടെ പൊന്മുഖം
കണ്ടു നിന്നു പുലർച്ചെ നാമ-
ജപങ്ങളിൽ മുഴുകുന്നു ഞാൻ.

താമരത്തളിരോമലാൾ-
ക്കവിളത്തു പൂത്തൊരു പുഞ്ചിരി.
കണ്ടു വണ്ടുകളാടിയാടി
വരുന്ന കാഴ്ച മനോഹരം.

പൂമരത്തിലെ പൂക്കളിൽ ശ-
ലഭം പറന്നു രമിക്കവേ,
ചന്തമുള്ളൊരു മൈനയിന്നു
വിരുന്നു വന്നതിരാവിലെ.

അങ്കണത്തിലെ ചെമ്പക-
ത്തിലണഞ്ഞുവിന്നൊരു പൂങ്കുയിൽ,
രാഗമാലിക തീർത്തൊരു-
സുരസുപ്രഭാതവിരുന്നുമായ്.

274 സൂര്യവണക്കത്തിൽ

സൂര്യാ, നിന്നാഗമം വാനിൽപരത്തുന്ന
വെട്ടമാം രശ്മിതന്നൂർജ്ജമെല്ലാം

ഭൂമിക്കു സന്തതം വന്നുചേർന്നീടുന്ന
ധന്യമാം സൗന്ദര്യസത്യമല്ലോ.

വാനത്തുദിച്ചോരിയർക്കന്റെ രശ്മികൾ
നേരേ പതിച്ചൂ മനോജ്ഞമായീ

പൂന്തോപ്പിലാകെ മലർ ചിരിച്ചീടുവാൻ
നല്ലൂർജ്ജദായകൻ വന്നുനില്‌ക്കെ,

ചുറ്റും പറക്കുന്ന ചിത്രശലഭങ്ങൾ
തേൻ നുകർന്നീടുമ്പോഴെന്തു ചന്തം.

മുറ്റത്തെ മുല്ലയിൽ മുത്തുപോൽ തത്തുന്ന
മഞ്ഞിൻ കണങ്ങളെക്കാൺകെയെന്റെ

കണ്ണിലോരായിരം സ്വപ്നങ്ങളെത്തുന്നു
നിന്നെ വണങ്ങുമ്പോഴെന്റെയുളളിൽ.

273 സൂര്യതേജോമയൻ

പാരിലെല്ലാടവും വെട്ടമേകീടുവാന്
സൂര്യതേജോമയന്‍ വാനമേറുമ്പൊഴേ
താമരപ്പെൺമണീ, പ്രേമമോടിന്നു നീ
നൃത്തമാടുന്നുവോ കാറ്റിനോടൊപ്പമായ്.

കുങ്കുമപ്പൊട്ടുപോല്‍ ദൂരദൂരങ്ങളില്‍
വന്നുനില്ക്കുന്നതാം ദീപശോഭാമൃതം
കണ്ടുകണ്ടാമണിത്താമരത്തണ്ടുകള്‍
കാറ്റിലാടീടുമാ കാഴ്ചകള്‍ മോഹനം.

കണ്‍കളില്‍ നാണവും പുഞ്ചിരിച്ചുണ്ടുമായ്
പൊയ്കയില്‍ നിന്നു കുമ്പിട്ടിടുന്നംബുജേ,
ഭക്തിയോടാദരം കൈതൊഴുന്നേരവും
ഭാസ്കരാലിംഗനത്താലെ നീ സുന്ദരം. 

272 സുഖസു’പ്രഭാതം

ഇനനോടുണര്‍ന്നിടാ’നരുളീയുഡുക്കളും
നമനം കഴിഞ്ഞുടന്‍ ഗമനം തുടങ്ങിയോ ?
കുളിയും കഴിഞ്ഞിതാ സുഖമാം വരങ്ങളിന്‍
കുറിയായുയര്‍ന്നിടു’ന്നരുണന്‍ നഭസ്സതിൽ.


ചൊടിയില്‍ വിരിഞ്ഞിടുംസ്മിതമോടണഞ്ഞു
മണിപോല്‍ കിലുങ്ങിടുംചിരിയില്‍ മയങ്ങവേ,
തൊടിയില്‍ വിടര്‍ന്നിടും ഫലവും, മലര്‍കളിന്‍
മധുവും നുകര്‍ന്നിടാനടിയന്‍ വരുന്നിതാ.

പ്രിയമോടുണര്‍ന്നു വാ, നലമായ് ചിരിച്ചു വാ
കരവും വണങ്ങി ഞാന്‍ ദിനവും പകര്‍ന്നിടാം
ഹിതമായുരച്ചിടാം ശുഭമാമഹസ്സുമെന്‍
ഹൃദയം നിറഞ്ഞതാം സുഖസു’പ്രഭാതവും.

271 പ്രഭാതഗീതം

ഇരുൾ മറച്ചീടാൻ പ്രഭാതനേരത്തിൽ
ഉദിച്ചുയർന്നെത്തും വിഭാകരൻ വാനിൽ.
കിഴക്കു ചെമ്മാനം തുടുത്തുകണ്ടെന്നാൽ
നമിച്ചുനിന്നീടും സരോരുഹം ചേറിൽ.

സരോവരത്തിൽ നിന്നൊളിഞ്ഞു നോക്കീടും
ചെമന്ന പുഷ്പത്തിൽ മയങ്ങി നിന്നിടും
നനുത്ത കാഴ്ചയ്ക്കായ് സ്മിതത്തിലർക്കാ ഞാൻ
സ്തുതിച്ചു ചൊല്ലുന്നു വണക്കമെന്നെന്നും.

ഉണർന്നു വന്നു ഞാൻ സ്തുതിച്ചു നില്ക്കവേ,
പ്രതീക്ഷകൾ നിത്യം വളർത്തിടാനായി
ഉദിച്ച സൂര്യാ നിൻ മുഖത്തെ ഭാവങ്ങൾ
മനസ്സിലെത്തുന്നു പ്രഭാതഗീതമായ്.

270 കരുണാമയനരുണൻ

രവിശക്തിയൊരതിശക്തിയതുയരുന്നിതു ഗഗനെ
തിലകക്കുറിയഴകായ് പുതുമിഹിരത്തിനു മുകളിൽ.

രവിമന്ത്രമതുയരും മമ മനതിൽ മണിമണിയായ്
ദിനമംഗളവിജയത്തിനൊരുഷപൂജയിലമരാൻ.

കരുണാമയനരുണൻ നവയരുളോവിടണയാൻ
ധരയോടതിദയകാട്ടുകയിവിടെന്നുമെയിനിമേൽ.

ഋതുമാറ്റമിയുലകിൽ സുരസുഖമോടിനി സതതം
വരുവാനൊരു മനമാറ്റമി മനുജർക്കിനി വരണം.

പ്രതിസന്ധികളനുനാൾ വരുമതിനുള്ളൊരു തടയായ്,
മതിയിൽ വഴിയരുളീ മമ ദുരിതം കള രവി നീ!

അതിശൈത്യവുമത്യുഷ്ണവുമിവിടിങ്ങനെയിനിമേൽ
അതിദാരുണ ദുരിതങ്ങളെ വിതറാതൊരു വരമായ്

സുഖശീതളസമമായൊരു ഋതു വന്നിവിടണയാൻ
രവിനാമവുമുരുവിട്ടിതു കഴിയാമിനി ദിനവും

ദിവസംപ്രതി ധരയിൽ സുഖമരുളാനിനി വരുവാൻ ,
മൃദുമോഹന,സുരനായക, യരുണാ തവ ശരണം!

269 പൂത്തിരിവെട്ടം

കതിരോനൊരു പൂത്തിരിവെട്ടമായ്
കാൽത്തളയൊന്നു കിലുക്കി വരുന്നൂ
കണിദീപമതിൻ പുതു നാളമായ്
വന്നു പുലർച്ചെയുദിച്ചിടുമർക്കൻ.

മണിമാമനൊഴിഞ്ഞ നഭസ്സതിൽ
ശോഭ പരത്തിടുവാൻ രവിയെത്തി,
കൊലുസിൻ മണിയൊച്ച മുഴക്കി നല്-
പുഞ്ചിരി തൂകിയുണർന്നു ധരിത്രി.

ഉടനേയുണരുന്നൊരു പൂവനും
കൂവിയുണർത്തിവിടർത്തി പ്രഭാതം
ശുഭശോഭയണിഞ്ഞു ധാരതലം
നല്ഹരിതാഭ വിടർത്തി നമിച്ചു

268 അരുണോദയം

അരുണോദയത്തിന്റെ കിരണങ്ങളെത്തുന്നു
തൊഴുകൈയുമായ്‌നിന്ന കമലം വിടർത്താനായ്

മലർവാക പൂക്കുന്ന ശിഖരത്തിലെത്തുമ്പോൾ
കുയിലൊന്നു കൂവുന്ന നവസുപ്രഭാതത്തിൽ

അഴകായ് വിരിഞ്ഞുള്ള മലരോടു കൊഞ്ചുന്ന
ശലഭങ്ങളെത്തുന്നു നറുതേൻ നുകർന്നീടാൻ.

എഴുതാതിരുന്നാലുമരുണാ നിനക്കെന്നും
പറയാതിരിക്കില്ലയകമേ വണക്കം ഞാൻ.

അകലേയുദിക്കുന്ന പകലോനെ കൈകൂപ്പി
തൊഴുകാതിരിക്കില്ലയൊരുനാളുപോലും ഞാൻ.

കനിവോടെ പാരിന്റെ നലമോതിയെത്തും നിൻ
ഒളിയോടു വെല്ലുന്ന പ്രഭയില്ലയെങ്ങെങ്ങും.

പുലരുമ്പൊഴെന്നെന്നുമരുണപ്രകാശത്തിൽ
ഹരിതാഭമാകുന്ന ധരതൻ തിളക്കത്തിൽ,

സുരലോകസൗന്ദര്യമുതിരും പ്രഭാതത്തിൽ
രവിയോടു സംവാദ' മതിലെന്നുമാനന്ദം.

267 ലിപിയേ

ഇരുൾ മായ്ച്ചു പ്രഭയേകി
ഇനനെത്തും പകൽപോലെ
ഇവിടോരോ ലിപികൾക്കും
ഇമയർപോലൊളിയുണ്ട്.

മലയാള ലിപിയേ, നീ
മലനാട്ടിൽ മുഴുനീളം
മഹനീയക്കനിവേകി
മകുടംപോൽ മരുവേണം.

മലർപോലെ മൃദുവായി
മിഴിവോടെ മൊഴിയേണം
മനമൊക്കെക്കുളിരേകി
മഴയായിപ്പൊഴിയേണം.

അതിനായിട്ടിനിയിന്നീ
അതികാലേ മണലിൽ ഞാൻ
അതിഭക്ത്യായെഴുതട്ടെ
അറിവുള്ള ലിപിയെല്ലാം.


266 വാണീകടാക്ഷം

വാണീമനോഹരീ, സപ്തസ്വരാംബികേ!
നിത്യകടാക്ഷമായെന്നിലുണ്ടാവണേ.

നിന്നുടെ വീണയിൽ നർത്തനം ചെയ്തിടും
സപ്തസ്വരങ്ങളെക്കൈതൊഴാമെപ്പൊഴും.

പങ്കജവല്ലി നിൻ കീർത്തനം ചൊല്ലിടാം
നിത്യമെൻ മാനസം ശുദ്ധമായ്ക്കാക്കണേ!

ചിന്തയിലെന്നുമേ നന്മയായെത്തിയെൻ
വാക്കിനെ സന്തതം കാത്തുകൊള്ളേണമേ!

തൂലികത്തുമ്പിലെത്തോരണമായ് ദിനം
നല്പദചിന്തയായെത്തണേയംബികേ!

നല്ലനല്ലാശയം ബുദ്ധിയിലെത്തുവാൻ
നിന്റെ കടാക്ഷമാണെന്നുമെന്നും വരം!

265 സപ്തസ്വരാംബികേ..

ഇന്നോളം മാനസ വാടിയില്‍ പൂത്തതാം
അക്ഷരപ്പൂവുകളത്രയുമാ മുന്നില്‍
എത്രയും ഭക്തിയാലര്‍പ്പിച്ചീടട്ടെ ഞാന്‍
ശാരദേ ! ഭാമിനി സപ്തസ്വരാംബികേ !

പുസ്തകം മാത്രമൊ ശസ്ത്രവും ഭക്തിയാല്‍
അംബുജേ നിന്നുടെ തൃപ്പാദത്തിങ്കലായ്
അര്‍പ്പിക്കാം മന്നിട നാഥയാം പങ്കജേ !
ശാരദേ ! ഭാമിനി സപ്തസ്വരാംബികേ !

നാദാംബികേ തവ നാമ മന്ത്രങ്ങളാല്‍
സര്‍വ്വവും കാന്തി കലര്‍ന്നൂ കൈവല്യമായ്
വന്നീടും വാണി ! മനോഹരീ ! സൗഭാഗ്യേ !
ശാരദേ ! ഭാമിനി സപ്തസ്വരാംബികേ !

ആത്മപ്രകാശിനി ! ദേവി ! മൂകാംബികേ !
വന്ദിതേ ! കാവ്യം വരങ്ങളായ് വന്നിടാന്‍
നീ വരൂ ! വാണി ! മഹേശ്വരീ ! അംബികേ !
ശാരദേ ! ഭാമിനി സപ്തസ്വരാംബികേ


264  ശുഭദിനം!

കാലത്തു പൂവന്റെ കൂവലിൽ സ്വർഗ്ഗ-
സുഖദമൊടു വിടരുമൊരു പുലരിയതു കാൺകേ
പൂക്കളിന്‍ തേന്‍ നുകര്‍ന്നീടുന്നതായ
ശലഭമൊരു മലരിനൊടു കുശലമതു ചൊല്ലി.

മേഘവൃന്ദങ്ങളാല്‍ മായുന്നു സൂര്യന്‍
പുലരിയിലെയരുണനുടെ കിരണമതുമില്ല
മഞ്ഞിന്‍ കണത്തോടു ചേര്‍ന്നൊന്നു ചാറി
കിരണമതിലൊളിയുമൊരു നിഴലുമറ തേടി.

കൊക്കുകള്‍ മെല്ലെ മിനുക്കി രസിക്കും
പുലരിമഴ നനയുമൊരു കുയിലിണയെ കണ്ടു
ഞാനേറ്റുപാടീടുവാനെന്നപോലെ
കുളിരുമൊരു പവനനുടെ വിറയിലതു പാടി.

ചങ്ങാതിമാരായയേവര്‍ക്കുമായി
പ്രിയമുയരുമമൃതരസമമഹൃദയമോതാം
മഞ്ഞില്‍ കുളിച്ച പുലര്‍വന്ദനങ്ങള്‍
സുകൃതലയ സുഖദമൊരു ശുഭദിനവുമോതാം!

263 വണക്കം !

ഇനനോടുണർ‍ന്നിടാ’നരുളീയുഡുക്കളും
നമനം കഴിഞ്ഞുടൻ‍ ഗമനം തുടങ്ങിയോ ?
കുളിയും കഴിഞ്ഞിതാ സുഖമാം വരങ്ങളിൻ
കുറിയായുയർ‍ന്നിടു’ന്നരുണൻ ‍ നഭസ്സിലായ്.

ചൊടിയിൽ‍ വിരിഞ്ഞിടും സ്മിതമോടൊരുങ്ങിയും
മണിപോൽ‍ കിലുങ്ങിടും ചിരിയിൽ‍ മയങ്ങിയും
തൊടിയിൽ വിടർ‍ന്നിടും ഫലവും, മലർ‍കളിൻ
മധുവും നുകർ‍ന്നിടാനൊരുങ്ങി വരും കിളി.

പ്രിയമോടുണർ‍ന്നു വാ നലമായ് ചിരിച്ചു വാ
കരവും വണങ്ങി ഞാൻ ദിനവും പകർന്നിടാം
ഹിതമായുരച്ചിടാം ശുഭമാമഹസ്സിലെൻ
ഹൃദയം നിറഞ്ഞതാം സുഖസു’പ്രഭാതവും.

നയനം ജ്വലിച്ചിടും വദനേ വെളിച്ചമായ്
മുഖപുസ്തകത്തിലേ പ്രിയരേ ദിനം ദിനം
ഉണർവോടുദിച്ചിടും പ്രഭുവേ വണങ്ങിടാ-
നകമേ നിറഞ്ഞു നാമൊരുമിച്ചൊരുങ്ങിടാം

262  ദേശാടനപ്പക്ഷി


പൂങ്കോഴി കൂവിയുണരുന്ന ഗ്രാമം
സന്തോഷമോടെ പുലരും പ്രഭാതം

മേഘം ചുവന്നൂ, കതിരോനുദിച്ചു
വെട്ടം പരന്നൂ ,ധരയും തെളിഞ്ഞു.

പൂക്കൾ വിടർന്നൂ, കഥകൾ മനഞ്ഞു
പൂത്തുമ്പി പാറീയണയുന്ന നേരം

ആകാശവീഥിക്കഴകൊന്നു ചാർത്തി
ദേശാടനപ്പക്ഷി നിരന്നു പാറി.

പൂവാക പൂക്കും മലർകൊമ്പിലണ്ണാൻ
ചിന്തിച്ചിരിക്കുന്നതു കണ്ടു മെല്ലേ

പൂന്തോപ്പിലെല്ലാ മലരും വിരിഞ്ഞു
ചെന്താമരപ്പൂവിതളും വിടർന്നു.

261 ചെമ്മാനം

വാനിൽ തെളിഞ്ഞൂ പ്രഭ തൂകി നില്ക്കും
അർക്കാ, നിനക്കീയഴകാരു നല്കി?
പാരിൽ പ്രകാശത്തരുദീപമേന്തും
നിത്യോദയാ, വന്ദനമോതിടുന്നു.

ബാലാർക്കബിംബം ശുഭനാളു ചൊല്ലി
വാനത്തുദിക്കുന്നതുകണ്ട നേരം
ചെന്താമരപ്പൂവനുരാഗമോടെ
വ്രീളാവതിയായി വിടർന്നു നിന്നു.

സൂര്യോദയത്തിന്നു വണക്കമോതി
മുറ്റത്തു പൂക്കൾ നിരയായ് വിരിഞ്ഞു
പുള്ളിക്കുയിൽ പാടിയ പാട്ടു കേട്ടു
പൂത്തുമ്പി തേനുംനുകർന്നങ്ങിരുന്നു

ചെമ്മാനമാകെച്ചെറു മേഘജാലം
ചന്തം കലർത്തിക്കണിയേകി നില്‌ക്കെ
വർണ്ണം നിറഞ്ഞോരു പ്രഭാതരംഗം
കണ്ണിന്നു നല്ലോരു വിരുന്നൊരുക്കി

260. കാണാക്കിനാവുകൾ

വാനത്തുദിക്കുന്ന സൂര്യന്റെ രശ്മികൾ
പുഞ്ചിരി തൂകിയിറങ്ങിന്നു,
നിത്യവുമിങ്ങനെ സുപ്രഭാതങ്ങളി-
ലാനന്ദമേകി നിറഞ്ഞുനില്പൂ.

മുറ്റത്തെ മുല്ലയിൽ മുത്തുപോൽ തത്തുന്ന
മഞ്ഞിൻ കണങ്ങളെക്കാൺകെയെന്റെ
കണ്ണിലോരായിരം സ്വപ്നങ്ങളൊന്നായി
മെല്ലേ വിരിഞ്ഞങ്ങു നിന്നിടുന്നു.

മല്ലികപ്പൂവിന്റെ ഗന്ധവും വെണ്മയും
നിത്യമെൻ മോഹമുണർത്തിടുന്നു
കാണാക്കിനാവുകൾ കണ്ടെന്റെ മാനസം
വെമ്പൽ കൊണ്ടീടുന്നു വണ്ടിനെപ്പോൽ.

ചുറ്റിപ്പറക്കുന്ന ചിത്രശലഭങ്ങൾ
തേൻ നുകർന്നീടുവാനെന്നവണ്ണം
പൂന്തോപ്പിലാകെ മലർ ചിരിച്ചീടുവാൻ
നല്ലൂർജ്ജമേകിയേയർക്കനെത്തൂ .

നിത്യവുമിങ്ങനെ സുപ്രഭാതങ്ങളിൽ
ചന്തമായ് ചിന്ത നിറഞ്ഞീടണം
കൂട്ടുകാർക്കൊക്കെയും നൽകണം സന്തതം
സന്തോഷമേറുന്ന സന്ദേശവും

259. ചെമ്മാനം

വിണ്ണിൽ മിത്രനൊരുങ്ങി വന്നു നിന്നു
ചെമ്മാനം പുലരിക്കു ചന്തമേറ്റി

മണ്ണിൽ പൊന്നൊളിയേകിടുന്നയർക്കാ
നിന്നെ കണ്ടു തൊഴുന്നു ഞാനിതിന്നും

പുള്ളിപ്പൂങ്കുയിൽരാഗമൊന്നു കേൾക്കേ
വണ്ണാത്തിക്കിളി പാടിടുന്നു കൂടെ

മുറ്റത്തൊക്കെ നിരന്നു പക്ഷിവൃന്ദം
കൊത്തിക്കൊത്തി നടന്നുനീങ്ങി മെല്ലേ

തോപ്പിൽ പൂമരമൊന്നു പൂത്തു കാൺകേ
മെല്ലേ താമര, താരിതൾ വിടർത്തി

മോഹംകൊണ്ടു തിളങ്ങി നിന്ന പൂക്കൾ
കാറ്റിൻ കൈകളിലാടിയങ്ങുലഞ്ഞു

തുള്ളിത്തുള്ളിയടുത്തുവന്നു തുമ്പി
പൂവിൽ തേൻ നുകരുന്ന നല്ല ദൃശ്യം

കാണാനുള്ളൊരു ഭാഗ്യമിന്നു പാരിൽ
സ്വർഗ്ഗത്തോളമുയർന്നതെന്നു ചൊല്ലാം

കണ്ണിൻ കാഴ്ച മറഞ്ഞിടുന്നതിൻ മുൻ
കാണാം നല്ലൊരു സുപ്രഭാതമെന്നും


258. ആനന്ദം!

കുങ്കുമ നിറമോടരുണൻ വന്നാൽ
പാരിനുമുഴുവന്നൊളിയാനന്ദം

താമര വിരിയുന്നതു കാണുമ്പോൾ
സൂര്യനു പ്രണയക്കണിയാനന്ദം!

രാവിലെയുദയപ്രഭയിൽ വാനം
പുഞ്ചിരി വിതറുന്നതിലാനന്ദം

പൂങ്കുയിലിണയോടൊരുമിച്ചെത്തി
പാടിയ മധുരശ്രുതിയാനന്ദം!

പൊന്നുഷവെയിലിൽ വിടരും പൂക്കൾ
നല്സുഖമരുളും നയനാനന്ദം

കാറ്റിലുലയുമീ മലരിൻ ഗന്ധം
പൊൻപുലരികളിൽ ഹൃദയാനന്ദം!


257. സുന്ദരാർക്കൻ

സുപ്രഭാതശോഭ കണ്ടു
സൂത്രപ്പാവപോലെണീറ്റു
സുപ്രതീക്ഷചിന്തയോടെ
സുന്ദരാർക്കനെത്തൊഴുമ്പോൾ

വാക പൂത്തു പൂ കൊഴിഞ്ഞും
വാരിജം വിരിഞ്ഞും നില്ക്കേ,
വാങ്മയിക്കടാക്ഷമെന്നിൽ
വാഗ്വിലാസമേന്തിവന്നു.

മന്ദമാരുതാഗമത്തിൽ
മന്ദഹാസം തൂകിത്തൂകി
മായപോലെ കാവ്യമെത്തി
മാനസം നിറഞ്ഞുനിന്നു.


256. സൂര്യകാന്തി

ചക്രവാളം വിട്ടുയർന്നു
സൂര്യബിംബം തേരിലേറി
വർണ്ണമേഘക്കുന്നു താണ്ടി
എന്റെ മുറ്റത്തെത്തി നിന്നു.

വാനമദ്ധ്യേ ഭംഗിയായ് ഞാൻ
കുങ്കുമപ്പൊട്ടൊന്നു കാൺകെ,
കണ്ണടച്ചൂ, കൈ തൊഴുമ്പോൾ
കണ്ണനെൻ കൺ മുന്നിലെത്തി.

അങ്കണത്തിൽ പ്രൗഢിയോടെ
സൂര്യകാന്തിപ്പൂവിരിഞ്ഞു.
തേൻ നുകർന്നീടാൻ പതംഗം
മെല്ലെമെല്ലേ പാറിവന്നു.

പൂത്തുനില്ക്കും പൂമരത്തിൽ
തുമ്പി പാറും കാഴ്ചകണ്ടു
പൂങ്കുയിൽ വന്നെത്തിയപ്പോൾ
പൊന്നുഷസ്സിൻ ചന്തമേറി.


255. ആകാശദീപം

ആകാശദീപവുമേന്തിച്ചിരിച്ചുകൊ-
ണ്ടാനന്ദത്തേരിൽ വരും ദിനേശാ,

ആശിച്ചപോലെ കടാക്ഷങ്ങളേകി നീ
ആതങ്കമൊക്കെയകറ്റിടേണേ.

ആമോദമോടെയുദിക്കും ദിവാകരാ,
ആരോഗ്യം നല്കിത്തുണച്ചിടേണേ.

ആഘോഷമോടെ വിടർന്നിന്നു നില്ക്കുമീ
ആലസ്യം തീണ്ടാത്ത പൂക്കളെപ്പോൽ

ആശങ്കയറ്റു ചരിക്കാൻ കൊതിക്കുമീ
ആശാസാഫല്യവുമേകിടേണേ.

ആളിപ്പടരുന്ന വ്യാധികളൊക്കെ നീ
ആറ്റിതന്നീടണേ സൂര്യദേവാ.


254. ഭക്തിസാന്ദ്രം

കാർമേഘം മൂടിയ വാനത്തുദിച്ചല്ലോ
വർണ്ണങ്ങൾ തേച്ചെന്നപോലെ സൂര്യൻ.

കാറ്റത്തു പാറിയകന്നോരു മേഘമേ,
കാരുണ്യം വാരിച്ചൊരിഞ്ഞു നീയും.

സൂര്യോദയത്തിനെ കാണാനെനിക്കു നീ
സന്ദർഭം നല്കീ ഗമിച്ചുവല്ലോ.

അർക്കന്റെ മോഹന രശ്മിക്കു മുന്നിലെൻ
കൈകൂപ്പി പ്രാർത്ഥിച്ചിടാൻ കഴിഞ്ഞു.

ആകാശമാകെ പ്രകാശം പരത്തി നീ
ഭൂലോകം മൊത്തം വിളിച്ചുണർത്തി,

ആരാമസുന്ദരപുഷ്പങ്ങളോടൊപ്പമിന്നു ഞാൻ
കൈകൾ കൂപ്പീടുന്നു ഭക്തിസാന്ദ്രം.

ആതങ്കമൊക്കെയകറ്റിത്തരേണമേ!
ആമോദം സർവർക്കുമേകീടണേ!

 253. ചക്രവാളം

സുപ്രഭാതയൂദയാർക്കശോഭയിൽ
ചക്രവാളമിതെത്ര സുന്ദരം!
പ്രാണനാഥനരികത്തുവന്നപോൽ,
നാണമോടെ ധരയേറ്റു ചുംബനം.

രാവിലേ കുളികഴിഞ്ഞു വന്നു പെൺ
നെറ്റിയിൽ വലിയ പൊട്ടു തൊട്ടപോൽ
കുങ്കുമത്തിലകമോടെ നിന്നിടും
ചെങ്കതിർക്കറ പടർന്ന വാനമേ!

അർക്കദേവകിരണങ്ങളാൽ ദിനം
പുല്‌കിവന്നയനുരാഗമേറ്റതാൽ
സ്വർണ്ണമോഹനകപോലമാകെയും
താമരേ, മൃദുലമായ്ത്തിളങ്ങിയോ ?


252. കനകക്കിരണം

ജഗമേയുണരാൻ കതിരവനേ
കിരണങ്ങളുമായുടനെ വരൂ
കനകക്കിരണം ചൊരിയുക നീ
ഇവിടേ സുഖദം നിറനിറയാൻ.

തവയാഗമനത്തിരി തൊഴുകാൻ
ചൊടിയിൽ ചെറു പുഞ്ചിരി വിതറി
തൊടിയിൽ കുസുമം വിരിയുവതിൽ
ശലഭം വരണം മധുനുകരാൻ.

മുകിലിന്നൊഴിവിൽ അദിതിസുതാ
മലരിൻ ചിരിപോൽ വദനവുമായ്
മലമേലണയാൻ മടിയരുതേ
മനമോടടിയൻ സ്തുതി പറയാം.



251. മന്ദസമീരൻ (ചിത്രപദാ)

വെൺമിഹിരങ്ങളകറ്റി
വർണ്ണമനോഹരമാക്കീ
വാനമൊരുക്കിയൂദിപ്പൂ
വിണ്ണൊളിതൂകിയിതർക്കൻ.

വെൺകിരണങ്ങളയച്ചൂ
ചുംബനമേകിയുണർത്തീ
ചെന്തളിരാകെ വിടർത്തീ
താമരവള്ളി നിവർന്നൂ.

ചെങ്കതിരോനനുരാഗ-
ചിന്തയിലാണ്ടു നഭസ്സിൽ.
പൂങ്കവിളാകെത്തുടുത്തൂ
വ്രീളയവൾ ചിരിതൂകീ.

നല്ലനുരാഗസുഖത്തിൻ
ചുംബനമാല കൊരുത്തു
നീൾമിഴിയാളവളപ്പോൾ
സുന്ദരസൂര്യനു നൽകി.

ചന്ദനഗന്ധമണിഞ്ഞു
മന്ദസമീരനുമെത്തി
ചെന്തളിർമേനിയുലച്ചൂ
ചെങ്കതിരോനു രസിപ്പാൻ.


250. ദിനത്തിന്റെ നാഥാ!

നഭസ്സിൽ തെളിഞ്ഞുള്ള സൂര്യന്റെ രൂപം
ധരിത്രിക്കു വെട്ടം പകർത്തുന്നനേരം,
മനസ്സിൽ പ്രതീക്ഷച്ചിരാതായുദിക്കും
ദിനേശൻറെ മുന്നിൽ വണങ്ങുന്നിതാ ഞാൻ.

തൊടിക്കുള്ളിലുള്ളോരു പൂക്കൾ വിടർത്താൻ,
ധരയ്ക്കുള്ള സർവ്വം വിതയ്ക്കാനുയർന്നു
ജ്വലിച്ചങ്ങു തേജസ്സുണർത്തുന്ന നിത്യാ,
കരം കൂപ്പി നാമം ജപിക്കട്ടെയിന്നും.

പ്രപഞ്ചത്തിലെന്നും സുസന്തോഷമോടെ
കിളിക്കൂട്ടമെല്ലാം ചിലയ്ക്കുന്നപോലെ
തൊടിപ്പൂക്കളെല്ലാം ചിരിക്കുന്നപോലെ
മനുഷ്യൻ ചിരിക്കുന്നകാലം വരാനായ്,

പ്രഭാതത്തിലെന്നും പ്രകാശം പരത്തി
പ്രസാദിച്ചിടുന്ന ദിനത്തിന്റെ നാഥാ
ജഗത്തിൽ വസിക്കുന്നണുക്കൾ നശിക്കാൻ
നമിച്ചൊന്നു ഞാനും ജപിക്കട്ടെ നാമം.


249. മോഹനരശ്മി

ആകാശമാകെ പ്രഭ തൂകുമർക്കൻറെ
മോഹനരശ്മികൾ ഭൂവിലെത്തി,

പ്രേമാനുരാഗത്താൽ മെല്ലെത്തഴുകിയീ
താമരമൊട്ടു വിടർന്നനേരം

എന്റെ തൊടിയിൽ വിരിഞ്ഞൂ ചിരിതൂകി
നിന്നിടുമീ പുതുപൂക്കളോടായ്

ചിത്രശലഭങ്ങളോതും കഥയെല്ലാം
കേട്ടുരസിക്കാനുണർന്നിടും ഞാൻ.

പൂങ്കുയിൽ രാവിലെ പാട്ടൊന്നു മൂളിയെൻ
വാകമരകൊമ്പിലെത്തിടുമ്പോൾ,

ആ രാഗഗീതിക കേട്ടു ചിരിക്കുന്ന
സൂര്യനെ കാണുവാനെന്തു ചന്തം.

കത്തിയെരിയുന്ന സൂര്യന്നരികിൽ ഞാൻ
കമ്പിളികൊണ്ടു പുതച്ചു നില്ക്കും

അത്ര കുളിരാണെനിക്കീ പ്രഭകണ്ടാൽ,
ഭാവനയിൽ മനമൂയലാടും.


248. മന്ദാരപുഷ്പം

മന്ദസ്മിതം തൂകി വന്നെത്തിയർക്കൻ
മെല്ലേ ധരിത്രിക്കു വെട്ടം പകർന്നു.

സൂര്യോദയത്തിൻ പ്രകാശത്തിനാലെ
നക്ഷത്രവും നൽനിലവും മറഞ്ഞു.

വാനത്തു മേയുന്ന മേഘങ്ങളൊക്കെ
എങ്ങോട്ടു പോകുന്നിതിത്രയ്ക്കു വേഗം?

എന്നും ചിരിക്കുന്ന സൂര്യന്റെ മുന്നിൽ
നാണിച്ചു നില്ക്കുന്നു ചെന്താമരപ്പൂ

പുള്ളിക്കുയിൽ വന്നു പാടുന്ന പാട്ടിൽ
കണ്ണന്റെയോടക്കുഴൽഗീതി കേട്ടു

മോഹം മനസ്സിൽ വിടർത്തുന്ന പൂക്കൾ
മുറ്റത്തെ തോട്ടത്തിലിന്നും വിരിഞ്ഞു

മുല്ലയ്ക്കടുത്തുള്ള മന്ദാരപുഷ്പം
നോക്കിപ്പറന്നെത്തി, പൂത്തുമ്പി മെല്ലേ

തേനും നുകർന്നൂ പറക്കുന്ന ചന്തം
കണ്ണിന്നു സായുജ്യമേകുന്നു സത്യം.

247. നന്മപ്രഭാവം

വിണ്ണിലുദിച്ചൊരു സൂര്യന്റെ കാന്തിയിൽ
വിശ്വമനോഹരരൂപം തെളിഞ്ഞിടും
കണ്ണിനു നല്ല വിരുന്നേകി മാധവാ
കല്മഷമൊക്കെയകറ്റിത്തരേണമേ.

മാരകരോഗവിപത്തുക്കളൊക്കെയും
മായണമീ ജഗമാകെത്തളിർക്കണം
മാനവമാനസമാനന്ദമാകുവാൻ
മാരണകോവിടൊഴിഞ്ഞങ്ങു പോകണം

സുന്ദരദിവ്യപ്രകാശത്തിലേവരും
സന്തതമൻപൊടു പാരിൽ വസിക്കുവാൻ
ചിന്തകളൊത്തിരി നന്മപ്രഭാവമായ്
ചന്തം കലർത്തിയകം പൂകിടേണമേ.

246. ഐശ്വര്യദീപം

ആകാശമോഹന ചിത്രം വരയ്ക്കുവാൻ
നിത്യം വരും കലാകാരന്നു വന്ദനം!
ഇത്രയ്ക്കു ചന്തമായ് വാനത്തു കോറിടും
ഐശ്വര്യദീപവും കണ്ടു തൊഴുന്നു ഞാൻ.

തോപ്പിൽ വിരിഞ്ഞുനിന്നീടുന്ന പൂക്കളിൽ
പൂമ്പാറ്റ തേൻ നുകർന്നീടാൻ തുടങ്ങവേ,
പൂവിൽ നിറഞ്ഞിടും മാധുര്യമൊക്കെയ-
ങ്ങൂറ്റിക്കുടിക്കുവാൻ വണ്ടും വരുന്നിതാ.

സൗന്ദര്യറാണിയായ് സൂര്യൻ തലോടവേ,
ചെന്താമരത്തളിർപ്പൂവിന്റെ നാണവും
മുറ്റത്തു നില്ക്കുമിപ്ലാവിൻറെ കൊമ്പിലേ-
ക്കെത്തുന്ന പൂങ്കുയിൽപ്പാട്ടിൻറെയീണവും

ആകാശ നീലിമച്ചായം കലർന്നതിൽ
മേഘം വെളുത്തതും സൂര്യൻ ചുവന്നതും
ദേശാടനക്കിളിച്ചന്തം നിരന്നതും
ഹാ! എത്ര സുന്ദരം! നീ സുപ്രഭാതമേ.


245. കിരണവൃന്ദം

മലനിരയ്ക്കും മരങ്ങൾക്കും
ഇടയിലൂടെ ചരിച്ചെത്തും
രവിമുഖത്തിൻ പ്രകാശത്തിൽ
സ്തുതി പറഞ്ഞു വണങ്ങീ ഞാൻ.

ഗഗനമാകും വിഹായസ്സില്‍
അരുണനെന്നും തെളിഞ്ഞെന്നാല്‍
ധരണിയാകേ പ്രഭാതത്തിൻ
സുഖദമേകുംവിരുന്നാകും.

പുലരിമഞ്ഞിന്‍ കുളിര്‍കാറ്റില്‍
തൊടിയിലാകേ സ്മിതം തൂകും
മലരുകള്‍ക്കും സുഹൃത്താണീ
കിരണവൃന്ദം ശുഭം, ദിവ്യം.

244. ശലഭമെത്തി

ആകാശത്തെയിരുൾ മറഞ്ഞു
ആദിത്യന്റെയൊളി പരന്നു
ആമോദത്തൊടു വിരിയുന്നു
ആരാമത്തിലെയരുമസൂനം.

തങ്കത്താമരയനുരാഗ-
ച്ചുണ്ടിൽപ്പുഞ്ചിരി വിടരുമ്പോൾ,
താഴേക്കെത്തിയ കിരണങ്ങൾ
താനേ വന്നു തഴുകിടുന്നൂ.

നാണത്താലേ കമലമപ്പോൾ
കൈയും കൂപ്പി തൊഴുതുനിന്നു.
മെല്ലേയാ മലർ വിരിയുമ്പോൾ
പാട്ടും മൂളി ശലഭമെത്തി.


243. ഉഷഗീതം

മഴമേഘക്കൊലുസ്സിൻറെ കിന്നരത്തിൽ
മണിദീപം നഭസ്സിൽ മറഞ്ഞു നിന്നു.
മടിയോടിറങ്ങുന്ന ചാറൽ കാൺകെ
മധു തേടുന്ന പൂത്തുമ്പിയൊന്നകന്നു.

മഴ പെയ്യും പ്രഭാതത്തണുപ്പിലെന്റെ
മലർതോട്ടച്ചെടിക്കൊക്കെ നാണമാണോ
മിഴിവോടെ നില്ക്കുന്ന പൂക്കളെല്ലാം
ചെറുകാറ്റിൽ മുഖം താഴ്ത്തിയാടി നില്പൂ

മഴ ചാറുംപ്രഭാതത്തെ കണ്ടു ഞാനെൻ
ചെറു കാവ്യം രചിക്കാൻ തുടങ്ങിയപ്പോൾ
ഉഷഗീതസ്തുതിക്കുള്ള രാഗമോടെ
കുയിലെത്തി, നല്ലീണം പകർന്നു നല്കി.


242. പൊടിഗന്ധം

മണിമേഘം വാനിലൊരുങ്ങി നിരന്നു
മഴയായിച്ചാറിയിറങ്ങി വരുമ്പോൾ,
അരുണാ, നീ മാഞ്ഞു തെളിഞ്ഞു കളിച്ചാൽ
പുലരിക്കും പൂവിനുമുണ്ടൊരു ചന്തം.

മഴവെള്ളം മണ്ണു നനച്ചു കുതിർത്തൂ
പൊടിഗന്ധം കാറ്റു കവർന്നു വരുമ്പോൾ,
പുതുമണ്ണിൻ വാസനയിൽ ശലഭങ്ങൾ
മധു തേടിപ്പൂവിനെ നോക്കി വരുന്നു.

ചിറകെല്ലാമൊന്നു നനഞ്ഞു കുതിർന്നു
അകലത്തിൽനിന്നൊരു പൂങ്കുയിലെത്തി
ശിഖരത്തിൽ പാടിയിരുന്നൊരു നേരം
ഗഗനത്തിൽ സൂര്യനെ നോക്കി വണങ്ങാം.


241. ദിനവന്ദനം

പൂത്തൊരു വയലിൻ നടുവിൽ സൂര്യൻ
പൂത്തിരി നിറവോടഴകായ് വന്നു
പിഞ്ചര നിറമോടെരിയും ദീപം
പുഞ്ചിരി വദനക്കണിയായ് നില്പ്പൂ.

വാരിജമഴകായ് നവരാഗത്തിൽ
നീൾമിഴിമൊഴിയാൽ ശ്രുതി മീട്ടുമ്പോൾ
താരിതളരികിൽ തഴുകാനെത്തി
ഭാനുവുമഴകായ് കഥകൾ ചൊല്ലി.

ചെമ്പകമലരിൻ നറുഗന്ധത്തിൽ
ചിത്രശലഭമൊന്നവിടേക്കെത്തി
പൂവിലെ മധുരം നുകരുംനേരം
സൂര്യനു ദിനവന്ദനമോതീ ഞാൻ

 240. വീരാധിവീരൻ

ശ്വേതമേഘങ്ങളെ പീതമാക്കി
പീതാംബരവുമണിഞ്ഞു സൂര്യൻ
വാനമദ്ധ്യത്തിലുദിച്ചു കണ്ടാൽ
കൈയും തൊഴുതു സ്തുതിച്ചുപോകും.

നാണിച്ചനുരാഗമോടെ നില്ക്കും
ചെന്തളിർത്താമരമൊട്ടു മെല്ലേ
തൊട്ടൂ തഴുകിയുണർത്തുവാനായ്
അർക്കാ, നീ വാനിലുദിച്ചിടുന്നോ?

വാനത്തു മേയുന്ന മേഘമദ്ധ്യേ
വീരാധിവീരന്റെയാനനത്തെ
കണ്ടു കൈകൂപ്പിത്തൊഴുന്നതിനാ-
യംബുജം താനേയുണർന്നിടുന്നോ?


239. ഹരിതഭൂമി

ഇനനുദിച്ചുയരും പുതു വാനവും
മഴവിൽപോലതിലെഴു നിറങ്ങളും
ഹരിതഭൂമിയിലെത്രയൊ സുന്ദരം
നയമോഹനമായ പ്രഭാതമേ

അരുണസേവനരശ്മികളെന്നുമീ
തൊടിയിലുള്ള മലര്‍കളെയത്രയും
തഴുകിയൊന്നു പുണര്‍ന്നു പുലര്‍ച്ചയില്‍
വിരിയുവാനതിമോഹവുമേകിടും

ദിനവുമെന്നുടെയങ്കണമദ്ധ്യെയായ്
വിരിയുമീ മലരിൻറെ സുഗന്ധവും
കവിത പാടിവരും ശലഭങ്ങളും
സുദിനവന്ദനമോടെ വരുന്നിതാ.

പ്രഭാതവന്ദനം 238 
ഉദയസൂര്യൻ 


തിലകമെന്നപോലഴകായംബുജത്തെ നോക്കിയീ 
പുലരിയിൽ ചിരിച്ചുയരും സുന്ദരൻ ദിവാകരൻ.

കിരണമോഹനൻ തഴുകി പൂക്കളെ വിടർത്തവെ, 
ശലഭമൊന്നു പാറിവരും തേൻ നുകർന്നുപോകുവാൻ 

കുയിലിണയ്ക്കു പാടിടുവാൻ താളമോടെയെത്തിടും 
കിളികുലങ്ങളൊത്തിടുമീ സുപ്രഭാതമോതിടാൻ 

പവനനെത്തി മുല്ലമലർതൂമണം വഹിച്ചൊരാ 
ഗുണവുമായ് പറന്നകലാൻ സമ്മതത്തെ കേൾക്കവെ,

ചിതലരിച്ച ചിന്തകളെപ്പാടിയൊന്നുറക്കി ഞാൻ 
പുതിയപാഠഭാഗവുമായൊത്തുചേർന്നുണർന്നിതാ 

ഉദയസൂര്യകീർത്തനവും നാമവും ജപിച്ചു കൊ-
ണ്ടുലകനന്മ പ്രാർത്ഥനയാൽ ചൊല്ലിയെൻ വണക്കവും. 


പ്രഭാതവന്ദനം 237
വെള്ളിക്കിരണങ്ങൾ 

കള്ളമേഘങ്ങളൊഴിഞ്ഞു വാനിൽ
വെള്ളിക്കൊലുസണിഞ്ഞെത്തിയല്ലോ
വെള്ളമേഘങ്ങളിലങ്ങിങ്ങായി
പുള്ളി വരച്ചുകൊണ്ടെത്തി സൂര്യൻ 

തെള്ളിത്തെളിഞ്ഞങ്ങുദിച്ചയർക്കാ
വെള്ളിക്കിരണങ്ങൾ കൊണ്ടിറങ്ങി
പുള്ളിയുടുപ്പിട്ട പൂക്കളെ നീ
നുള്ളി നോവിക്കുകയാണോ മെല്ലേ 

കള്ളച്ചിരിയോടെ നീ നോക്കുമ്പോൾ
വെള്ളക്കമലത്തിൻ നാണം കണ്ടോ
വെള്ളാമ്പൽപ്പൂവിനെപോലെ ഞാനും
ഉള്ളം നിറഞ്ഞു വണങ്ങിടുന്നേൻ

പ്രഭാതവന്ദനം 236
വിൺമണിദീപം

വെൺമിഹിരത്തിൽ ചാന്തു പുരട്ടി
വിൺമണിദീപംപോലെയുദിച്ചു
ഭാസ്ക്കരവെട്ടം പാരിലുതിർന്നാൽ
വന്ദനമോതാനെത്തിടുവേൻ ഞാൻ. 

സുന്ദരചിത്രം വാനിലൊരുക്കി
നിത്യവുമെത്തും സത്യദിനേശൻ.
വെട്ടവുമായിങ്ങെത്തിയ സൂര്യാ,
നിന്റെ മഹത്ത്വം ചൊൽവാതസാദ്ധ്യം.

പൂമരമെല്ലാം പൂത്തുതളിർത്തു
പുഞ്ചിരി തൂകീ, പൂക്കൾ വിടർന്നൂ.
പൂവിലിരിക്കും വണ്ടിനെ നോക്കി
പൂങ്കുയിൽ രാഗം പാടി വരുന്നു.


പ്രഭാതവന്ദനം 235
ചിരിമേഘം 

പവനന്‍ നിയന്ത്രിച്ചു മേഘജാലം
അണിയായ് ദിനംനിന്നുപെയ്തിടുമ്പോൾ
കുടചൂടി വാനത്തുദിച്ച സൂര്യാ
മറയുന്നോ വേഗം മഴത്തണുപ്പിൽ?

പുഴകള്‍, കുളങ്ങള്‍, കിണര്‍ കവിഞ്ഞു
കുളിരാല്‍ ജനങ്ങള്‍ക്കു രോഗമായി
പലരും മരം വീണതില്‍ മരിച്ചു
ചിലരൊക്കെ മണ്ണില്‍ തകര്‍ന്നടിഞ്ഞു.
 
പറയാതെ വയ്യെന്‍ മഴത്തുള്ളിയേ, നിന്‍
നെറിവൊട്ടുമില്ലാത്ത പെയ്ത്തു കണ്ടാല്‍,
മതിയാക്കുകില്ലേ? കനിവൊന്നുമില്ലേ?
ധരയോടിതിത്രയ്ക്കു രോഷമെന്തേ?

ചിരിമേഘയോട്ടക്കുതിപ്പിനാലേ
കുളിരൊക്കെ മാറി ജനം ശരിക്കും
സുഖമായി വാഴാന്‍ കുറച്ചു കാലം
മഴയേ, ഗമിച്ചിട്ടിടയ്ക്കു വായോ.


പ്രഭാതവന്ദനം 234
വരപ്രസാദം

മഴ തുള്ളിപ്പെയ്‌തെന്നാൽ കുളിർപ്രഭാതം
രവിയൊന്നിങ്ങെത്തുമ്പോൾ വെയിൽ പ്രഭാതം
 
അരുണൻ മേഘത്തിൽ മറഞ്ഞെന്നാലും
കിരണങ്ങൾ പാരിൽ പ്രകാശമേകും.

മലമേലേയർക്കൻ വന്നുദിച്ചില്ലെങ്കിൽ,
കമലങ്ങൾ കൈകൂപ്പിത്തൊഴുന്നു നിത്യം 

പവനൻ തൻ കൈ വീശി കുളിർ തരുമ്പോൾ
ചെറു വണ്ണാത്തിപ്പൈങ്കിളി പാറിയെത്തും 

കുയിൽപ്പാട്ടിൻ രാഗത്തിൽ മലർ വിരിഞ്ഞാൽ
ശലഭം വന്നെത്തും തേൻ നുകർന്നീടാനായ്
 
മഴ പെയ്താലും പെയ്തില്ലയെങ്കിലും നൽ-
പ്പുലരിക്കീ സൗന്ദര്യം വരപ്രസാദം

അതു കണ്ടാൽ ഞാനെന്നും വണങ്ങി നില്ക്കും
തിരുനാമങ്ങൾ വാഴ്ത്തി സ്തുതിച്ചു പാടും.


പ്രഭാതവന്ദനം 233
കന്നിപ്പൂമാനം 

കന്നിപ്പൂമാനമേ, നിന്നോടു കിന്നാരം
ചൊല്ലിച്ചിരിക്കുന്നോ സൂര്യദേവൻ? 

മോഹത്തിൻ വിത്തുകൾ പാകിച്ചിരിപ്പിച്ചെൻ
ചിത്തം രസിപ്പിക്കും ഭാസ്‌ക്കരാ ചൊൽ 

വാനത്തോടൊത്തു നീ മന്ദസ്മിതം തൂകി
കാലത്തു നേരത്തേ വന്നുദിച്ചോ?
 
കന്നിപ്പാടങ്ങളെക്കണ്ടൂ മയങ്ങീടാം
പേമാരിക്കാർമേഘക്കെട്ടൊഴിഞ്ഞാൽ,
 
മഞ്ഞിൻ പൂപോലെയാ മേഘങ്ങൾ നില്ക്കുമ്പോൾ
നീ വന്നു ചായങ്ങൾ തേച്ചിടുന്നോ?

വട്ടത്തിൽ പൊട്ടുപോലാദിത്യനെത്തുമ്പോൾ
ആകാശമേഘങ്ങൾക്കെന്തു ചന്തം 

ചെഞ്ചുണ്ടിൽ പുഞ്ചിരിപ്പൂവോടെ നിന്നേയാ
ദൂരേ കിഴക്കെങ്ങാൻ കണ്ടുപോയാൽ,

അർക്കാ നിൻ നാമമെൻ നാവിൽ വരും, നിന്നെ
വാഴ്ത്തിസ്തുതിച്ചീടും ഭക്തിപൂർവ്വം.


പ്രഭാതവന്ദനം 232
മഴപ്രഭാതം 

ഗഗനത്തിൽ സൂര്യനുദിച്ചു പകൽ-
ച്ചിരിതൂകും വാനൊളി മായ്ച്ചിതിലേ
മുടിമാടിച്ചീകിയൊതുക്കിവരും
മഴമേഘത്തോരണമാലകളേ...,
 
ചെറുമോഹച്ചിന്തുകളോടെ ദിനം
കഥചൊല്ലിപ്പെയ്യുക നീ മിതമായ്.
ഭയമേറ്റിപ്പാരിതിലേവരിലും
ദുരിതങ്ങൾ വാരി വിതയ്ക്കരുതേ.

കൊലുസിൻ സ്നേഹക്കിന്നരമായ്
മഴതൻമോഹക്കുളിർ ചൊരിയേ,
ചൊടിയിൽ മന്ദസ്മിതമായണയും
പവനാ, നീയും ശ്രുതി മീട്ടിവരാവു. 

മണിമേഘത്തോരണമാം മഴയേ
ശ്രുതി മീട്ടിപ്പെയ്തിടു നീ ധരയിൽ
മൃദുരാഗം പാടി നനച്ചിടുവാൻ
കുളിരേകിപ്പെയ്‌തിടു നീയിവിടേ...


പ്രഭാതവന്ദനം 231
ആകാശസൗന്ദര്യം 

സൂര്യോദയം കണ്ടു കൈവണങ്ങി
നാമങ്ങളൊക്കെ ജപിച്ചു നില്ക്കെ,

മേഘം ചുവന്നു തുടുത്തുമെല്ലേ
ആകാശസൗന്ദര്യമേറിവന്നു.

പൂവാക പൂത്തോരു കൊമ്പിലപ്പോൾ
അണ്ണാൻ ചിലയ്ക്കുന്നയൊച്ച കേട്ടു 

മുറ്റത്തെ പൂക്കൾ വിരിഞ്ഞനേരം
പൂത്തുമ്പിയും വന്നു തേൻ നുകർന്നു.

വെള്ളാമ്പലോടൊട്ടി നിന്നിടുന്ന
ചെന്താമരപ്പൂവിതൾ മൊഴിഞ്ഞു 

മാങ്കൊമ്പിലെത്തുന്ന പൂങ്കുയിലേ
ഇന്നെന്തെ പാടാതിരുന്നിടുന്നു?

പ്രഭാതവന്ദനം 230
ആനന്ദകോകിലം

കാർമേഘമൊക്കെയും പാറിപ്പറത്തിയി-
പ്പൂങ്കാറ്റു മായ്ക്കുന്ന നീലവാനിൽ 
ആകാംക്ഷയോടിന്നും കാണാം ദിനേശനെ 
ചെമ്പട്ടുകുങ്കുമപ്പൊട്ടൊന്നുപോൽ.

ആനന്ദകോകിലം രാഗങ്ങളോതിയെൻ 
ചിത്തം മയക്കുവാനെത്തീടവെ, 
കാക്കക്കറുമ്പനും മൈനക്കുറുമ്പിയും 
മുറ്റം മുഴുക്കെയും വൃത്തിയാക്കി.

കണ്ണും തിരുമ്മി ഞാൻ കോലായിലെത്തുമ്പോൾ 
അർക്കൻറെ ദീപപ്രകാശം  കണ്ടു 
ആ നല്ല ദീപവും കണ്ടു കൈകൂപ്പി ഞാൻ
ബാലാർക്ക നാമം ജപിച്ചു നിന്നു  

പ്രഭാതവന്ദനം 229 
പൊൻകിരണം 

താമരവള്ളിത്തുമ്പുകളിൽ 
പൂത്തൊരു പൂമൊട്ടേ,  ദിനവും 
നിന്നെ വിടർത്താനായിയിതാ 
ഭാസ്കരനെത്തീ വാനഴകിൽ. 

പൊൻകിരണത്താൽ കൊഞ്ചിയവൻ 
നിൻ മൃദുമെയ്യിൽത്തഴുകുമ്പോൾ, 
സ്വർഗ്ഗസുഖത്തിൻ ലാളനയിൽ 
നീ വിടരുന്നു സുന്ദരമായ്. 

നല്ലനുരാഗകണ്ണുകളാൽ 
നീ മൊഴിയും നൽവാക്കുകളും 
നിന്നധരത്തേൻപുഞ്ചിരിയും- 
കൊണ്ടു മദിച്ചങ്ങർക്കനിതാ.

ഭൂമിയെ നോക്കിച്ചന്തമെഴും 
പുഞ്ചിരി തൂകികൊണ്ടു ദിനം  
സർവ്വമുണർത്തുന്നർക്കനു നൽ -
വന്ദനമോതാനായുണരാം.. 

പ്രഭാതവന്ദനം 228
ശുഭസുദിനം

കതിരോനുദിച്ചു മലമുകളിൽ 
ചിരിതൂകുംമഞ്ഞ മലർനിറമായ് 
മിഹിരം ചുവന്നു ഗഗനപഥേ 
നവസുപ്രഭാതമൊളിമയമായ്.

ചെടിയിൽ കിളിർത്ത മുകുളമതിൽ 
തഴുകിത്തലോടി കിരണകരം 
വിടരും മലർകളഴകഴകായ് 
തൊടിയിൽ നിരന്നു ഇതളുകളായ്‌.

കുയിലൊന്നു കൂവി മൊഴിയുകയായ് 
മൃദുരാഗമോടെ ശുഭസുദിനം. 
തൊഴുകൈയുമായി അരുണ മുഖം 
കണികണ്ടു ഞാൻ സ്തുതി പറയുമിനി. 

പ്രഭാതവന്ദനം 227

പ്രഭാത മഴ 


കുയിലിണകളിന്നിനിയ രാഗവും 

അരുണകിരണപ്രഭയുമെങ്ങുപോയ്

ഗഗനവിരിയാം മണിമുകില്‍കളാല്‍

ഇരുളു നിറവായ്‌ പുലരിമൊത്തവും.


അധികമഴയില്‍ തൊടിമലര്‍കളി-

ന്നിതളിനഴകില്‍ കുറവുവന്നുവോ 

അഴകുചിരിയില്‍ മലരുകാണുവാന്‍

വെയിലു വരുമോ ശലഭസുന്ദരീ 


ചെറുകുരുവിതന്‍ കളകളാരവം

പുലരിശ്രുതിയില്‍ മധുരമേകുകില്‍

മധു നുകരുവാന്‍ ഭ്രമരവും വരും 

ശ്രവണസുഖദം  പുലരി സുന്ദരം.


പ്രഭാതവന്ദനം 226 
മഴമേഘമേ 

മഴമേഘമേയിന്നും കിരണങ്ങളൊളിതൂകി 

ധരയിൽ പതച്ചിടാൻ മറയായ് നിന്നോ?

അരുണാ,പ്രഭാതത്തിൽ പ്രഭ തൂവി വരുമെന്നു

ദിനവും പറഞ്ഞു നീ കളിയാക്കുന്നോ?   


മലരോടു കിന്നാരം പറയുന്ന ശലഭങ്ങ-

ളഴകോടെ തേൻ നുകർന്നതിമോദത്താൽ.

കുയിലൊന്നു പാടുമ്പോളരികത്തഴകോടെ 

വിരിയുന്ന താമരത്തളിരും കാണാം. 


അഴകോടെ വാനിൽ നിന്നുദയത്തെ കണികണ്ടു

തൊഴുകാൻ വരുന്നു ഞാൻ സ്തുതിയോടെന്നും. 

തെളിയാതെ നീയെന്നും മറയുന്നദിനമെന്റെ 

മുഖമൊന്നു വാടിടുന്നുഷദീപമേ.


പുറമേയ്ക്കിറങ്ങാതെന്നകതാരു നിറയുന്നു 

വെയിലൊന്നു കാണുവാനതിയായ്  മോഹം 

തുടരുന്ന പേമാരിക്കരിമേഘനിരകളാല-

ഖിലവും 


പ്രഭാതവന്ദനം 225

ഉഷസ്സിന്റെ കൊഞ്ചൽ 


ഇരുൾ മായ്ച്ചു വെട്ടം നല്കും 

ചെമന്നുള്ള സൂര്യൻ വാനിൽ 

തെളിഞ്ഞൊന്നു കാണുന്നേരം 

സ്തുതിക്കുന്നു നാമം ചൊല്ലി.


നഭസ്സിൽ ദിനേശാ നിന്റെ 

പ്രകാശം പരന്നീടുമ്പോൾ,

നിരന്നങ്ങു നിന്നു മണ്ണിൽ 

മലർകൾ വിരിഞ്ഞീടുന്നു


മലർവാക പൂക്കുംകൊമ്പിൽ 

കുയിൽ വന്നു പാടീടുമ്പോൾ 

മനസ്സിന്റെ മോഹം പോലെ 

ഉഷസ്സിന്റെ കൊഞ്ചൽ കേൾക്കാം.


പ്രഭാത വന്ദനം 224

വർണ്ണത്താമര 


വിണ്ണിൽ മിത്രനുദിച്ചുയർന്നിടാൻ 

മേഘം മാറിയൊതുങ്ങി നിന്നുവോ?

സൂര്യൻ പാരിനു ശോഭതൂകവെതി വന്നിടാം.


വർണ്ണത്താമരയെയുണർത്തുവാൻ 

പാരിൽ രശ്മിയിറങ്ങിവന്നുവോ?

രാഗാർദ്രം രവി നോക്കിനില്ക്കവെ,

നാണത്താൽ മിഴി താഴ്‌ത്തിയംബുജം.


തോപ്പിൽ പുഞ്ചിരി തൂകിനിന്നൊരീ 

പൂവിൽ തേൻ നുകരുന്ന തുമ്പികൾ 

മെല്ലേ പാറിയകന്നു പോകവെ,

മോഹത്തോടണയുന്നു വണ്ടുകൾ


പ്രഭാതവന്ദനം 223

ദിവ്യരൂപം


വിണ്ണിൽ നല്ലൊരു ദീപമെന്നപോൽ 

വാനിൽ സൂര്യനുദിച്ചുനില്ക്കവെ,


പാരിൽ മാനവ മാനസങ്ങളിൽ 

മോഹം താനേയുണർന്നുയർന്നിടും.


മിത്രാ, നിൻ കിരണങ്ങളൊക്കെയീ 

മണ്ണിൽ സ്വപ്നമലർ വിരിച്ചിടും 


മാങ്കൊമ്പിൽ കുയിലെത്തിയീണമായ് 

സ്നേഹത്തിൻ മൃദുഗീതമോതവെ 


മോഹപ്പൂവിലെ തേൻ നുകർന്നിടാൻ 

ഇന്നും നൽശലഭങ്ങളെത്തിയോ?


ആകാശത്തിലെ ദിവ്യരൂപമേ,

അർക്കാ, നിന്നെ വണങ്ങിടുന്നു ഞാൻ.


പ്രഭാതവന്ദനം 222 
പൂത്തുമ്പികൾ

മണിമുകിലൊതുങ്ങി മാറിച്ചിരിച്ചു നില്ക്കേ 
കതിരവനൊരുങ്ങി വാനിൽ തെളിഞ്ഞിടുന്നു 

ധരയിലൊളി തൂകി മെല്ലേ നിറഞ്ഞിടുമ്പോൾ 
പുതുപുലരിയിൽ പ്രതീക്ഷാമനം മോഹനം 

നവകിരണമെത്തി, പൂക്കൾ വിടർത്തിടാനായ് 
മധു നുകരുവാൻ വരും പൂത്തുമ്പികൾ മുദാ.

അതിമധുരമായി രാഗം ചൊരിഞ്ഞെത്തിടും 
കുയിലിണയുമായിയെത്തുന്നുണർത്തീടുവാൻ 

കളകളമൊരാരവം കാക്കയും മൈനയും 
ഒളി പടരുമീ മണൽതരിയിൽ കൊത്തിടും 

ചെറുകുരുവികൾ ചിലയ്ക്കുന്ന താളങ്ങളിൽ 
ദിനകരനു വന്ദനം ചൊല്ലി ഞാൻ വാഴ്ത്തിടും 

പ്രഭാതവന്ദനം 221  
കാരുണ്യരൂപാ!

വാനത്തു മേയുന്ന കാർമേഘവൃന്ദത്തിൽ 
വർണ്ണങ്ങളേഴും കലർത്തിയുദിക്കുമ്പോൾ,
 
കണ്ണന്റെ രൂപത്തിലെൻ കണ്ണിലെത്തുന്ന 
കാരുണ്യരൂപാ! ദിനേശാ! വണങ്ങുന്നു. 

പൂക്കൾ വിടർന്നൂ ചിരിച്ചു വിളിക്കുമ്പോൾ 
പുള്ളിക്കുയിൽ വന്നു പാട്ടൊന്നു പാടുന്നു. 

പൂകൊണ്ടു പായൊന്നു മണ്ണിൽ വിരിച്ചപോൽ  
പൂവാക പൂത്തിന്നു  പൂക്കൾ കൊഴിഞ്ഞല്ലൊ.

പുത്തൻ മലർകൾ വിടർന്നപ്പോൾ  ചേലൊത്ത-
പൂത്തുമ്പി മുറ്റത്തു പാറിപ്പറക്കുന്നു.

പൂന്തേൻ നുകർന്നു രസിക്കുന്ന തുമ്പിക്കു
പക്ഷത്തിലാരിത്ര വർണ്ണം ചമയ്ക്കുന്നു?

പ്രഭാതവന്ദനം 220
ദിവ്യാനുഭൂതി 


തെച്ചിയും വാകയും പൂത്തപോലെ 
വാനിലങ്ങിങ്ങായ് ചെമന്നമേഘം 
നീലവിരിപ്പിലെ മുല്ല പോലെ 
പിന്നെയങ്ങിങ്ങായ്‌ വെളുത്തമേഘം 

മേഘപ്പൂ പൂത്തൊരു നീലവാനിൽ 
പൂത്തിരിവെട്ടമായ് വന്നുദിച്ചു
പാരിൽ പ്രഭാതം വിടർത്തിടുന്ന 
ഭാസ്ക്കരാനിന്നെ വണങ്ങിടുന്നേൻ.

മുറ്റമണിഞ്ഞ നൽപൂക്കളാലെ 
ചിത്രശലഭവും പാറിവന്നു 
കാറ്റിൻ കരങ്ങളിൽ തൂങ്ങി മെല്ലേ 
പൂവിൻ സുഗന്ധവും പേറിയെത്തി

താമരപ്പൂവിന്റെ നാണംകണ്ടു 
സൂര്യന്റെ മാനസമാനന്ദിക്കേ
പൂങ്കുയിൽ രാഗവുമായി വന്നു 
ദിവ്യാനുഭൂതി നിറച്ചുഷയിൽ.

പ്രഭാതവന്ദനം 219
സ്വർഗ്ഗസൗന്ദര്യം 


ചക്രവാളം വിട്ടു സൂര്യനുയരുമ്പോൾ 
ആകാശവീഥിയിൽ മേഘം ചെമക്കവേ 
പാരിതിൽ മാനവർ മാനസത്തിൽ ദിനം 
ആയിരം മോഹങ്ങളൊന്നായ് വിടർന്നിടും.

കാർമേഘജാലങ്ങൾ താനേ യൊതുക്കി നീ 
വാനിലേക്കാഗമിച്ചീടൂ പ്രഭാകരാ 
നീ പ്രകാശം ചൊരിഞ്ഞൊന്നുദിച്ചീടുകിൽ 
സ്വർഗ്ഗ സൗന്ദര്യമാണോരോ പ്രഭാതവും.

പൂങ്കുയിൽപാട്ടിന്റെയീണത്തിലെപ്പൊഴും 
പൊന്നുഷസന്ധ്യയുണർന്നു ചിരിക്കവേ,
പൂത്തുമ്പി പാറിവന്നീടുന്ന കാഴ്ച്ചയിൽ 
കൺതുറന്നീടുന്നു താമരപ്പൂക്കളും.

സൂര്യരശ്‌മിക്കരം നിത്യവും ലാളിച്ചു 
പുഞ്ചിരി തൂവിയീ പൂക്കൾ വിരിഞ്ഞെന്നാൽ,
കണ്ണിനാനന്ദം പകർന്നു നല്കും വിധം 
പൊൻപ്രഭാതത്തിന്റെ ചന്തവുമേറിടും.

പ്രഭാതവന്ദനം 218
ദേവാധി ദേവാ!

വിണ്ണിലുദിക്കുന്നയാദിത്യദേവാ 
കണ്ണിൽ തെളിഞ്ഞുള്ളയാദ്യത്തെ ദേവാ 
മണ്ണിൽ പ്രകാശം ചൊരിഞ്ഞെത്തി നിത്യം 
പുഞ്ചിരി തൂകുന്ന ദേവാധി  ദേവാ!

ഏതു കലാകാരനാണീത്രിസന്ധ്യാ-
മോഹനസങ്കല്പസ്വർഗ്ഗം ചമച്ചു,
ചായവുമായിങ്ങു വന്നെത്തിയിത്ര 
സുന്ദരചിത്രം വരയ്ക്കുന്നു വാനിൽ.

രണ്ടു പ്രഭാതങ്ങളും കണ്ടു ചിത്തം 
സങ്കടമുക്തിപ്രസാദം ലഭിപ്പാൻ,
ഭക്തി മനസ്സിൽ നിറഞ്ഞു തുളുമ്പി 
നാമജപങ്ങൾ തുടങ്ങുന്നു നാവിൽ 

പൊന്നുഷസന്ധ്യാപ്രകാശം പരത്തി,
നിത്യകടാക്ഷം കനിഞ്ഞെത്തുമർക്കാ!
കന്മഷനാശം വരുത്തുന്ന നാഥാ!
കൈ തൊഴുതെന്നും വണങ്ങുന്നു നിന്നെ.

പ്രഭാതവന്ദനം 217 
നിത്യദീപം 

വാനൊളിപ്പൂമരം പൂത്തുനില്ക്കേ,
വിൺമരക്കൊമ്പിലെ പൂ കൊഴിഞ്ഞോ?

പാലൊളിത്തേനിലാവെന്നപോലെ 
പുഞ്ചിരിപ്പൂത്തിരിപ്പൊൻ പ്രഭാതം.

സൂര്യരശ്മിക്കണിത്തേരിറങ്ങി
മൺതരിച്ചേലിണത്തോഴരായി. 

പൂക്കളും കായ്കളും പൂത്തുമ്പിയും
പച്ചിലത്തോരണക്കൂട്ടുകാരായ്. 

കൈകൊരുത്തൊന്നു കിന്നാരമോതി
സുപ്രഭാതത്തെ വർണ്ണാഭമാക്കി.

വെൺമയൂഖം കരം നീട്ടിയപ്പോൾ  
താമരപ്പൂവിതൾ കൺ‌തുറന്നു.

പൂങ്കുയിൽ രാഗമോടെത്തിയപ്പോൾ 
പൂമ്പുലർ വേളയും ചന്തമായി.

നിത്യദീപത്തിലെ പൊൻ വെളിച്ചം
കണ്ടു കൈ കൂപ്പി ഞാൻ  കുമ്പിടട്ടെ!   

പ്രഭാതവന്ദനം 216 
പവനകിന്നരം.


ധരയിലെയിരുളിൻ മറയകറ്റിടാൻ 
ഗിരിമുകളുയരുന്നുദയഭാസ്ക്കരൻ

പുലരൊളി ചൊരിയും പുതുവിഭാതമായ് 
കുളിരു പകരുവാൻ പവനകിന്നരം.

അരുണകിരണമേ തഴുകിയെത്തുവിൻ  
മലരു വിടരുവാനഴകുചില്ലയിൽ. 

കമലയിതളിലെകിരണചുംബനം  
പ്രണയമധുരമായരുണചിന്തയിൽ

ചെറിയ കുരുവികൾ നടനമാടിയും 
പുതിയ കുയിലുതൻ മധുരഗാനവും 

പുലരിയരുമയായ് മൃദുലവീണയിൽ 
സ്വരലയസുഖമായ് ശ്രുതികൾ മീട്ടിടും.

ദിനകരനകലെയുദയമാകുകിൽ 
സകല ചെടിയിലും മലർവിരിഞ്ഞിടും  

അഴകുചിറകുമായ് മലരിൽ  പാറിടും  
പുതിയ ശലഭവും  മധുനുകർന്നിടാൻ.


പ്രഭാതവന്ദനം 215 
സുദിനശോഭ

മിഹിരമേറും വിഹായസ്സിൽ 
അരുണനിന്നും ഉദിച്ചല്ലോ  

പുലരിമാരിക്കുളിർകാറ്റിൽ
ധരണിയാകേ വിറയ്ക്കുന്നു 

സുദിനശോഭപ്രഭാതത്തിൽ 
കിരണവൃന്ദം തലോടുന്നു  

ചെടികളെല്ലാമുണർന്നപ്പോൾ  
കുസുമമൊക്കെ വിരിഞ്ഞല്ലോ  

ഇതൾ വിരിച്ചൂ സസന്തോഷം 
ചെറുമലർകൾ നിരന്നപ്പോൾ  

ചിറകു നീർത്തിയടുത്തെത്തി 
ശലഭവും തേൻ നുകർന്നീടാൻ.

അരുമയായീയിളം തെന്നൽ 
മലർസുഗന്ധം കൊതിച്ചെത്തി.

കുയിലു പാടുന്ന രാഗത്തിൽ 
മമ വണക്കം പറഞ്ഞിന്നും

പ്രഭാതവന്ദനം 214 
ചതയദിനം 

ഒരുമയുടെ മന്ത്രമോതും
ചതയദിനസുപ്രഭാതം

തെരുവുകളിലൊക്കെ മഞ്ഞ-
ക്കൊടികളുടെ ഘോഷയാത്രാ

മിഹിരനിരയൊക്കെ പീതം
കലരുമൊരു വർണ്ണഘോഷം

ഉദയരവി കുങ്കുമത്തി-
ന്നരുണിമ കലർന്നു വാനിൽ

കിളികളുടെയാരവത്തിൽ
കുയിലിണകളെത്തി, പാടാൻ

തൊടികളിലെ പൂ വിരിഞ്ഞു
ശലഭനിര തേൻ നുകർന്നു

മനതിലതിഭക്തിയോടെ
അരുണമുഖമൊന്നു നോക്കി

വിനയമൊടു ഞാൻ വണങ്ങി
ശുഭസുദിനസുപ്രഭാതം.

പ്രഭാതവന്ദനം 213
ആതിഥ്യൻ 

ആനന്ദപ്പൂത്തിരിപോലെ
ആകാശത്തർക്കനുദിച്ചു
ആമോദത്തേരു തെളിച്ചു
ആദ്യത്തെ ദേവനുദിച്ചു
ആദിത്യൻ ശോഭ പരത്തി
ആരാമപ്പൂക്കൾ വിടർന്നു
ആലോലം തുമ്പി പറന്നു
ആകൂതം തേൻ നുകരുന്നു
ആഹ്ലാദപ്പൂക്കളമെല്ലാം
ആമോദത്തോടെ രസിച്ചു
ആസ്വാദ്യസദ്യയുമുണ്ടു
ആശിർവാദങ്ങളുമേകി
ആഘോഷം ബാക്കി നിറുത്തി
ആതിഥ്യൻ പോയി മറഞ്ഞു
ആട്ടപ്പൂക്കളമൊഴിഞ്ഞു
ആട്ടക്കാർ വേഷമഴിച്ചു.

പ്രഭാതവന്ദനം 212
തിരുവോണപ്പുലരി

പൊൻവയൽച്ചേറിലേയ്ക്കൊന്നിറങ്ങി
ആടിയും പാടിയും കൊയ്തെടുത്ത
നെന്മണിക്കായിയിങ്ങോടിയെത്തും
വെള്ളരിപ്രാവിനിന്നോണമാണേ.

മാരിവിൽച്ചേലിലെൻ മാവിൻകൊമ്പിൽ
മോദമായ് കെട്ടിയോരൂയലാടാൻ
മോഹമൊടൊത്തുതന്നെത്തിയല്ലോ
മഞ്ഞണിത്തുമ്പിയും കൂട്ടുകാരും.

തുമ്പികൾ പൂവിലെത്തേൻ കുടിക്കാൻ
തഞ്ചമായ്പ്പാറിവന്നെത്തിടുമ്പോൾ
ഓണമായോണമായെന്നു ചൊല്ലാൻ
ഓടിവന്നെത്തിയോ വെണ്ണിലാവേ.

പൂക്കളം കണ്ടുകണ്ടാസ്വദിച്ചും
പൂങ്കുയിൽ പാടിയൊന്നാനയിച്ചും
പൂവടപ്പായസസദ്യയുണ്ണാൻ
 ഓണമാവേലിയിങ്ങെത്തിയല്ലോ.

പ്രഭാതവന്ദനം 211 
ഉത്രാടപ്പൂക്കളം 

കാലത്തുണർന്നു വരുന്ന നേരം 
വാനം ചുവന്നു തുടുത്തിരുന്നു

സൂര്യോദയക്കണിദീപമായി 
വിണ്ണിൽ ജ്വലിച്ച പ്രകാശബിംബം

മണ്ണിൽ പ്രതീക്ഷകളേറെ നല്കി 
ഉത്രാടശോഭയുമായുദിച്ചു 

പൊന്നോണനാളിലെ മോഹമോടെ 
ഉത്രാടപ്പൂക്കളമൊന്നൊരുക്കാൻ  

തോട്ടം നിറഞ്ഞു വിരിഞ്ഞുനിന്നു
കൊഞ്ചിക്കുഴഞ്ഞു മൊഴിഞ്ഞു പൂക്കൾ  

 പുന്നാരപൂങ്കുയിലൊന്നു മൂളി 
കിന്നാരമോടെ വരുന്നനേരം 

പൂത്തുമ്പികൾ മധു തേടിവന്നു
മുറ്റത്തു മൈനയുമെത്തി മെല്ലേ 
  
ചിത്തം നിറഞ്ഞൊരു തൃപ്തിയോടെ   
കൈകൂപ്പി വന്ദനമോതി ഞാനും.


പ്രഭാതവന്ദനം 210 
പൂരാടപൂക്കളം 

ഭാസ്‌ക്കരൻ പൂത്തിരിപോലുദിച്ചു 
മേഘത്തിലൊക്കെ നിറം ചൊരിഞ്ഞു. 

വാനത്തുയർന്നതു സൂര്യനെങ്കിൽ, 
തോപ്പിൽ വിരിഞ്ഞതു വർണ്ണപുഷ്പം. 

ആമ്പൽക്കുളത്തിലെ താമരപ്പൂ  
നാണംകുണുങ്ങി വിടർന്നുനില്പൂ.  

പൊന്നോണപൂനിലാപൂരംപോലെ
പദ്മം വിരിഞ്ഞതു കണ്ടു സൂര്യൻ

കിന്നാരമോതി വിളിച്ചു  മെല്ലേ 
കണ്ണാൽ മൊഴിഞ്ഞനുരാഗഗീതം

മുറ്റത്തു പുഞ്ചിരി തൂവിനിന്ന 
പുഷ്പങ്ങൾ പൂരാടപ്പൂക്കളത്തിൽ. 

പൂരാടപൂക്കളഭംഗികാണ്മാൻ 
പൂവാകക്കൊമ്പിലൊരൂയൽ കെട്ടി 

വണ്ണാത്തിപക്ഷികളാടിടുമ്പോൾ  
ഈണത്തിൽ പൂങ്കുയിൽ പാടിടുന്നു  

പൂക്കൾക്കു മേലെ പറന്നുവന്നു
പൂത്തുമ്പി തേൻ നുകരാനിരുന്നു.

പ്രഭാതവന്ദനം 209 
മൂലപ്പൂക്കളം 

നീലവാനച്ചോലയിൽ 
വെള്ളിമേഘത്താഴ്വരയിൽ
മോഹവർണ്ണപ്പൂക്കുടയും 
ചൂടിവന്നുദിച്ചു രവി.  

പുഞ്ചിരിപ്പൂവിന്നിതളിൽ 
പൊൻകിരണച്ചുംബനവും
പൂമരത്തിൻ കൊമ്പുകളിൽ 
പൂങ്കുയിൽപ്പാട്ടിൻ ശ്രുതിയും

വർണ്ണ വർണ്ണപ്പൂവഴകിൽ 
തേൻ കുടിക്കും തുമ്പികളും  
സുപ്രഭാതപ്പാലൊളിയും   
ചേർന്നിടുമ്പോഴെന്തു രസം 

അങ്കണത്തിൽ പൂത്തമലർ 
കങ്കണത്തിൻ ചിന്തുകളാൽ 
മൂലം നളിൻ പൂക്കളവും
ഭംഗിയാക്കാനിന്നു വരും.   

പ്രഭാതവന്ദനം 208
തൃക്കേട്ടപ്പൂക്കളം 

ഭാസ്‌ക്കരൻ വാനത്തുദയമായി
പൊൻവെയിൽ മുറ്റത്തൊളി പരത്തി
പൂമരക്കൊമ്പിൽ കുയിലു പാടി
പൊൻപ്രഭാതത്തിന്നഴകു കൂട്ടി.

അങ്കണപ്പൂവിന്നിതളടർത്തി
തൃക്കേട്ടപ്പൂക്കളമൊന്നൊരുക്കി
പുഞ്ചിരിപ്പൂവിൽ ശലഭമെല്ലാം
തേൻ നുകർന്നീടാനരികിലെത്തി.

താമരപ്പൂവിന്നിതൾ വിരിഞ്ഞു
സൂര്യനു നേരെച്ചിരി വിടർത്തും
സുപ്രഭാതത്തിൻ മഹിമയിൽ ഞാൻ
വന്ദനം ചൊല്ലിത്തൊഴുതു നിന്നു.

പ്രഭാതവന്ദനം 207
അനിഴപ്പൂക്കളം 

ഉദയഗിരിത്താഴ്‌വരകൾ 
അഴകുനിറചാർത്തുകളായ് 
പുതുകിരണത്തേരഴകിൽ 
അരുണനുദിച്ചെത്തു കയായ് 

തൊടിയഴകിൽ പൂത്ത മലർ 
ചെറുചിരിയാലോതുകയായ് 
ഇതളുകളെക്കിള്ളിയിടൂ 
അനിഴമലർപ്പൂക്കളമായ്

മലർമൊഴിതൻ ഭാവനയിൽ 
തരിമണലിൽ പൂ വിതറി 
പുതിയൊരു നൽപൂക്കളമായ് 
പുലരൊളിയിൽ മിന്നുകയായ്

പുതുചിറകിൽ പാറിവരും 
ചെറുശലഭം തേൻ നുകരാൻ 
കുയിലിണയും പാടി വരും 
പുതുപുലരിച്ചാരുതയിൽ.

പ്രഭാതവന്ദനം 206
വിശാഖപ്പൂക്കളം.


സൂര്യനുണർന്നു പൊന്നൊളി തൂവി
വിൺമിഹിരങ്ങൾ താലമെടുത്തു
മൺതരിപോലും നിദ്രയുണർന്നു
രാഗനിഗാദം കൈതൊഴുകുന്നു.

പൂത്തിരിപോലെ പുഞ്ചിരിതൂവി
മാമലയെല്ലാം താണ്ടി വരുമ്പോൾ
സൂര്യനുമുന്നിൽ ഞാനുമുണർന്നു
കീർത്തനമോടെ വന്ദനമോതി.

മുറ്റമടിച്ചു സുന്ദരമാക്കി
ചാണകവെള്ളംകൊണ്ടു തളിച്ചു
പൂക്കളിറുത്തു മെല്ലെനിരത്തി
നല്ല വിശാഖപ്പൂക്കളമിട്ടു.

ഭാസ്ക്കരദീപപുഞ്ചിരികണ്ടു
മാനസമാകെ പൂത്തുലയുന്നു.
പൊൻതിരുവോണത്തുമ്പികളിന്നും
തേൻനുകരനായ് പാറിയടുത്തു.

പ്രഭാതവന്ദനം 205
ചോതി

ഗഗനമതിൽ നവപുലരൊളിപാകി
കതിരവനേ, തവ ശുഭദിനചരിതം.
ഹരിതകഭൂമിയിലനുദിനമെത്തി
തഴുകിയുണർത്തിടുമരുണർന്നാൽ

ഒളിമയസൂര്യൻ, ഇരുളലയകറ്റി
പുലരി വിടർന്നു കിരണവുമിറങ്ങി
ഗഗനപരപ്പിലെ നവമിഹിരങ്ങൾ
കതിരവനോടൊരു കഥപറയുന്നു.

ധരതലമാകെയൊളിമയമായി
ദിനമിതു ചോതി, തൊടികളിലാകെ
അരുണിമയോടെ മലർകൾ വിരിഞ്ഞാൽ
നലമൊരു പൂക്കളമിവിടെയൊരുക്കാം.

നയനമനോഹര കുസുമനിരയ്ക്കുൾ
പുതുമയിലെത്തിയ ശലഭമിരുന്നു
മലരുനിരത്തിയ പുതുകളമിപ്പോൾ
മണലിലെ സുന്ദരസുഖമയകാഴ്ച.

പ്രഭാതവന്ദനം 204
ചിത്തിര

പുലരിയിലിത്തിരി ചിരിയുതിരും
ഇനിയൊരു ചിത്തിരകുസുമകളം
മണിമുകിലൊക്കെയുമകലുകയായ്
തെളിവതു വാനിലെ മിഹിരനിറം 

കതിരവനിന്നുമൊരൊളിയഴകായ്
പുലരിയിലെത്തിയൊ പുതുചിരിയായ്?
നിറമനമോടിനി തൊഴുതു വരാം
അരുണമുഖത്തിലെ നവകിരണം.

കളകളശബ്ദമൊടൊരു കിളിയും
ശ്രുതിലയതാളമൊടൊരു കുയിലും
മധു നുകരും നവ ശലഭവുമായ്
നയനമനോഹര ശുഭസുദിനം.

സുരദിനചിത്തിരമലരുകളേ
വിരിയുക പൂക്കളനിരയിലിടാൻ
പലവിധ സുന്ദരകുസുമയിതൾ
ഉഷയുടെ പുഞ്ചിരിനിറവുകളിൽ.


പ്രഭാതവന്ദനം 203
കമനീയകാഴ്ച


മലനാട്ടില്‍ മഴയങ്ങൊഴിഞ്ഞുപോയ്‌
വരവായിപ്പലവര്‍ണ്ണഘോഷവും
നിറവാനില്‍ ഒളിതൂവി സൂര്യനും
തിരുവോണം വരവായി നാട്ടിലും

തൊടിമദ്ധ്യേ വിരിയുന്ന പൂക്കളില്‍
ഭ്രമരങ്ങള്‍ ശ്രുതിചേര്‍ത്തു പാടിയും
ശലഭങ്ങള്‍ ചിരിതൂകി പാറിയും
മധുതേടിക്കൊതിയോടെ വന്നിടും

മുറപോലെ സുഖമായി മാറിടും
നിറമേറും ലയതാള ജീവിതം
ഭഗവാന്‍ നല്‍വരമായി നല്കിടും
ധരതന്നില്‍ കമനീയകാഴ്ചകള്‍

പുലരുമ്പോൾ മതിതന്നിൽ ഭക്തിയായ്
നിണവർണ്ണരവിയോടു ചൊല്ലിടും
അകതാരിൽ കണിദീപശോഭയായ്
കരുതീ ഞാൻ ദിനമോതും വന്ദനം.


പ്രഭാതവന്ദനം 202
ശുഭനാൾ 

ഉദയപ്പൊൻകണിദീപം
ഗഗനത്തിൽ തെളിയുമ്പോൾ
മനസ്സിന്റെ മണിമുറ്റ-
ത്തൊരു കോടിച്ചെറു മോഹം.
തൊടിതോറും വിരിയുന്ന
നിറമുള്ള പുതുപൂക്കൾ
നറുഗന്ധം ചൊരിയുമ്പോൾ
മനസ്സാകെത്തുടിമേളം.
സരസ്സിന്റെയൊരുകോണിൽ
ദിനനാഥൻ ഒളികണ്ണാൽ
തിരയുന്നു കമലത്തിൻ
അനുരാഗപുതുനാണം.
ശുഭനാളിൻ ചിരിതൂകി
ധരയെങ്ങും വിലസുന്ന
കിരണങ്ങൾ തഴുകുമ്പോൾ 
ഉഷചൊല്ലി നമസ്‌കാരം!


പ്രഭാതവന്ദനം 201
ആവണിനിറവിൽ


മോഹനകനവിൻ പുതുമയിലുയരും
ആവണിനിറവിൽ ദിനമണിയുദയം
പൊന്നൊളികിരണം ദിവസവുമിനിമേൽ
പൂത്തിരിയഴകിൽ ശുഭദിനമരുളും

സുന്ദരചിറകിൽ പലപല നിറമായ്
കണ്ണിനു സുഖമായ് വരുമൊരു ശലഭം
ഓമനമലരിൽ കൊതിയൊടു പരതി
തേൻ നുകരുവതിൻ കണിയതിരസമായ്.

പൊന്നുഷമണലിൽ, മഴയുതിരുകളിൽ
പുഞ്ചിരി വിതറും മലരുകളിനിയും
ചെമ്പകശിഖരം കയറിയകിളികൾ
പച്ചിലമറതൻ കുളിർമയിലൊളിയും

മാരുതവിരുതൻ മലരുകൾ തഴുകി
ഗന്ധമൊടരികിൽ വരുവാതു സുഖദം
താമരമലരിന്നിതളിലുമരുണൻ
കണ്മിഴിമൊഴിയാൽ കഥകളെ മനയും.

പ്രഭാതവന്ദനം 200
ആവണിച്ചിന്ത്

അർക്കനുദിച്ചു, യിരുളകന്നു
പൂത്തിരിച്ചന്തത്തിലൊളി പരന്നു.
വിൺവെളിച്ചത്തിൽ ധരയുണർന്നു
സുപ്രഭയോടെയുഷവിടർന്നു

പൂമരച്ചില്ലയ്ക്കിടയിലൂടെ
സ്വർണ്ണവർണ്ണത്തേരൊളിതെളിച്ചു
പമ്മിയും പാത്തും രവി ചിരിച്ചു
താമരപ്പൂവിന്നിതൾ വിരിഞ്ഞു.

ആടിമാസസങ്കടദിനങ്ങൾ
പോയ്മറഞ്ഞു മാനവമനസ്സിൽ.
പൊൻപ്രതീക്ഷത്തിരികൊളുത്തി
ചിന്തയിൽ ദീപപ്രഭതെളിഞ്ഞു.

പാരിതിൽ സന്തോഷനവരാഗം.
ആവണിച്ചിന്തിന്റെ മധുരത്തിൻ
വീണയിൽ മീട്ടി ശ്രുതി പകർന്നു
പൂങ്കുയിൽ പാടുന്നൊരനുഭൂതി.

പ്രഭാതവന്ദനം 199
ആവണിസൂര്യൻ


കർക്കടകത്തിൻ ദുർദിനമെല്ലാം
മർക്കടകക്കൈ പെട്ടതുപോലെ
ദുഃഖദുരന്തം വാരിവിതച്ചൂ
നാളുകളെല്ലാം കൂരിരുൾ മൂടി,

ആടിയൊതുങ്ങീ കോമരവേഷം
മെല്ലെയൊഴിഞ്ഞു, യാത്ര പറഞ്ഞു.
കോവിഡുമാത്രം പിന്തുടരുന്നു
പിൻനിഴലായിപ്പിന്നെയുമിന്നും

ചിങ്ങവെളിച്ചം കണ്ടുതുടങ്ങി
എങ്കിലുമോരോ മാനവജീവൻ
ക്രൂരവിപത്തും കോവിഡുമായി
വിട്ടൊഴിയുന്നൂ മുൻവിധിപോലെ.

ആവണിസൂര്യൻ പുഞ്ചിരി തൂകി
പൂക്കളമിട്ടാലങ്കണമാകേ,
പൊൻതിരുവോണക്കോടിയുടുക്കാൻ
മാനസമെങ്ങാൻ പൂവണിയുന്നോ?


പ്രഭാതവന്ദനം 198
സുന്ദരശലഭം


കശ്യപതനയൻ ഗിരിമുകളേറി
മേഘനിരകളങ്ങകലെയകറ്റി
കുങ്കുമനിറമായ് ഗഗനേയുദിച്ചു
പൂത്തിരി നിറവോടൊളി പകരുന്നു

താമരമലരോടരുണനു മോഹം
നൽകിരണവുമായ്‌ ധരയിലിറങ്ങി
ചെന്തളിരിതളിൽ തഴുകിവിളിച്ചു
കണ്മിഴിമൊഴിയാലവളെയുണർത്തി

മഞ്ഞണിമലരേ വിരിയുക വേഗം
നിന്നിതളഴകിൽ നയനമുടക്കി
സുന്ദരശലഭം മധുനുകരാനായ്
വന്നിടുമിവിടെച്ചിറകു വിടർത്തി.

ഭാസ്ക്കരകിരണം പുലരിയുണർത്തും
പക്ഷികളിവിടെക്കലപിലകൂട്ടും
ഞാനുണരുവതിന്നൊരുശ്രുതിമീട്ടി
പൂമരശിഖരെ കുയിലിണയെത്തും

പ്രഭാതവന്ദനം 197
സുന്ദരദീപം


ഭാസ്ക്കരനേ, നിൻ സുന്ദരദീപം
കണ്ടുതൊഴാനായിന്നുമുണർന്നൂ.
പുഞ്ചിരിതൂകുന്നർക്കനുമുൻപിൽ
കീർത്തനമോടങ്ങോടിയടുത്തു.

മുല്ലമലർതൻ നല്ല സുഗന്ധം
വീശിനടക്കുംമാരുതനേ, നിൻ
സൗരഭ‌മെല്ലാമിങ്ങിവിടെങ്ങും
നന്മ നിറച്ചൂ പാറിനടന്നൂ.

പൂവിനു മേലേ ചിത്രപതംഗം
പൂമധുവുണ്ണാൻ പാറിയടുക്കേ,
പൂമഴ മണ്ണിൽ ചാറിയനേരം
പൂവുകളെല്ലാം താനെയടർന്നൂ.

പൂങ്കുയിലൊന്നെൻ കാതിനൊരിമ്പ-
പ്പഞ്ചമരാഗം പാടിവരുമ്പോൾ,
സൂര്യനു മുമ്പിൽ വന്ദനമോതി
നിന്നിതു ഞാനെന്നങ്കണമണ്ണിൽ

പ്രഭാതവന്ദനം 196
പൊൻതാഴികക്കുടം


മിഹിരനിരയകലുവതിലർക്കൻറെയാഗമം
പൊൻതാഴികക്കുടമെന്നപോലെ .

ദിനകരനിനരുമമുഖമെന്നും പ്രഭാതത്തിൽ
കണ്ടൂ തൊഴാൻഞാനുണർന്നിടുന്നു.

നവകമലമുകുളമതിതെന്തോരു ചന്തമായ്
ചെന്താരിതൾകൾ വിടർത്തിടുന്നു.

മധുരമൊഴിയഴകിലനുരാഗം ചൊരിഞ്ഞിടും
ചെന്താമരപ്പൂവിനെന്തു ചന്തം !

കിരണമതു തഴുകിയുണരുന്നോരു പൂക്കളിൽ
പൂമ്പാറ്റ പൂന്തേൻ നുകർന്നിടുന്നൂ

കിളികളുടെ കളകളവുമിന്നിപ്രഭാതത്തിൽ
പൂങ്കുയിൽ നാദവുമെത്ര ധന്യം!

ഇനനെ മമ നയനമതു കണ്ടൂ രസിക്കവേ,
വന്ദനം ചൊല്ലി, വണങ്ങി വാഴ്ത്തീ.

നയനസുഖസുരഗഗനദീപനാളത്തിൽ ഞാൻ
സത്യസ്വരൂപനെ വാഴ്ത്തിടുന്നൂ.

പ്രഭാതവന്ദനം 195
ശ്രീകരം


ഒരു കൈയിൽ മാരിതൻ താണ്ഡവവും
മറുകൈയിൽ മാരകകോവിഡുമായ്
ദുരിതത്തിൻ ക്രൂരമാം കൈകളുമായ്
യമദൂതൻ, മാനവർ പിൻനിഴലായ്

ജഗമെല്ലാം പാഞ്ഞിടുന്നൂ കലിയായ്
ജനമാകേ ഭീതിതൻ നീർച്ചുഴിയിൽ.
ദുരിതങ്ങൾ മായ്ച്ചിടാൻ നീ വരുമോ?
ദിനനാഥാ! ഈ ജഗം കാത്തിടുമോ?

സുരലോകസുന്ദരാ, കൈതൊഴുകാം
പുറലോകം കണ്ടു നാം വാണിടുവാൻ
അനുവാദം നല്കിടാനുള്ള വരം
ഇനിയെന്നൊന്നെത്തിടും ഭാസ്ക്കരാ ചൊൽ

ശ്രീകരം തന്നുടെ പൂപ്പുഞ്ചിരിയാൽ
ശുഭമോഹത്താരിളം തെന്നലുകൾ
മുദമോടെ പാറിയടുത്തതുപോൽ
മനമാകെ സുദിനത്തിൻ ശ്രുതിപാടി.

പ്രഭാതവന്ദനം 194
കുളിർതെന്നൽ


ഇരുൾ മൂടിയ വാനത്തു സൂര്യനിന്നും
ചുരുൾമേഘനിരയ്ക്കുള്ളിലായൊളിച്ചൂ.
ഇടയ്ക്കിടെയൊളിച്ചൊന്നു നോക്കിടുമ്പോൾ
ദിനേശന്റെ മുഖം കണ്ടു കുമ്പിടുന്നേൻ.

ഇതൾ വാടിയ പൂക്കൾ നിരന്നിടുമ്പോൾ,
ഉഷസ്സിന്റെ മുഖം മങ്ങി വാടിടുന്നൂ.
മഴത്തുള്ളിയുതിർന്നുള്ള പൂക്കളിന്മേൽ
മരന്ദം നുകരാനിന്നു തുമ്പിയില്ലാ.

വിറയ്ക്കുന്ന കുളിർതെന്നലാഞ്ഞടിക്കേ
കുയിൽ വന്നൊരു രാഗം ചൊരിഞ്ഞതില്ലാ.
മഴത്തുള്ളിയിലൊന്നങ്ങിറങ്ങിടാനായ്
മനസ്സിൽ കൊതിതോന്നിത്തുടങ്ങിയെന്നിൽ.

ഇടയ്ക്കൊന്നു മുഖം കാട്ടിയർക്കദേവൻ
മുളംതണ്ടിലൊരീണം പകർന്നിടുമ്പോൾ,
ഇളം തണ്ടിൽ വിരിഞ്ഞോരു താമരപ്പൂ-
വിതൾകൾ ചെറുനാണം വിടർത്തിനിന്നൂ.

പ്രഭാതവന്ദനം 193
മോഹനപ്പക്ഷികൾ


ശ്രീ വിളങ്ങീടുമാ സൂര്യന്റെ ശോഭയിൽ
സുപ്രഭാതം വിടർന്നീടുകിൽ സുന്ദരം.
രശ്മികൾ തൊട്ടുരുമ്മിത്തലോടീടുകിൽ
താമരപ്പൂ വിടർന്നീടുമാമോദമായ്.

അങ്കണത്തിങ്കലീ മോഹനപ്പക്ഷികൾ
കണ്ഠമൊന്നൂ കുലുക്കീ നടന്നീടുകിൽ,
സൂനകിന്നാരവും കൊഞ്ചലും കേട്ടുടൻ
പാറിവന്നെത്തിടും തുമ്പികൾ, വണ്ടുകൾ.

പൂമരക്കൊമ്പിലേ പൂങ്കുയിൽ ഹർഷമായ്
പാടിടും പാട്ടു കേട്ടീടുവാൻ മന്ദമായ്
പാരിജാതപ്രസൂനത്തിലേ ഗന്ധവും
പേറിവന്നൂ തലോടീടുന്നു മാരുതൻ.

ഇത്ര നാളിങ്ങു നീയിങ്ങനേ കേഴുവാൻ
കാർമുകിൽവാനമേ, യെന്തു സന്താപമോ?
പെയ്തൊഴിഞ്ഞിട്ടു ഞാൻ സൂര്യനെക്കാണുമോ
കാത്തുനിന്നെന്നുടേകാൽ കുഴഞ്ഞീടുമോ?

പ്രഭാതവന്ദനം 192
ദിനമണിയുദയം


സൂര്യനുദിച്ചൂ പുലരിയിലൊളിയായ്
പുഞ്ചിരി തൂകീ കമലവുമഴകായ്
പൂങ്കുയിലെത്തീ, ശ്രുതിലയസുഖമായ്
വാകമരത്തിൻ ശിഖരവുമിളകി.

രശ്മികളെത്തിത്തഴുകിയ ചെടിയിൽ
പൂവിടരുമ്പോളതിലൊരു ശലഭം
തേൻനുകരാനായതിരസകരമായ്
വന്നണയുന്നുണ്ടുഷയുടെ കുളിരിൽ.

ഭക്തിയൊടെന്നും പുലരിയിലണയാം
വന്നു നമിക്കാം ദിനകരമുഖമേ.
പൊന്നുഷഗീതസ്വരസുധമധുരം
കാതിനൊരിമ്പം ദിനമണിയുദയം.

നന്ദകുമാരാ തവതിരുനടയിൽ
നെയ്ത്തിരിയേറ്റാം മനമൊടെയടിയൻ
ഭാസ്ക്കരബിംബം ഗഗനതിലകമായ്
നിത്യവുമെത്താനൊരുവരമരുളൂ.

പ്രഭാതവന്ദനം 191
ഭൂപാലകനേ 

 
വാനിൽ മണിമേഘം കൊഞ്ചിക്കുഴയുന്നൂ
കാറ്റിൻ ഗതിയെത്തീ മെല്ലത്തഴുകീടിൽ,
സൂര്യോദയദീപം മായാതൊളിതൂവും
തോപ്പിൻ മലരെല്ലാം ഹർഷച്ചിരിതൂകും.

തോടും പുഴയെല്ലാം വെള്ളം കവിയുന്നൂ
മർത്ത്യർ നനയുമ്പോൾ, പേടിച്ചണയുമ്പോൾ
കൂടേ നനയാനായ് ദൈവം തുണവന്നാൽ,
ആരാണിവിടുത്തേ രക്ഷാകവചങ്ങൾ?

കാലൻ കലിതീരാതെങ്ങും പരതുന്നോ?
കോവിഡ്മരണങ്ങൾ പോരാതാലയുന്നോ?
കൊല്ലാനിനിയുണ്ടോ നാട്ടിൽ ജനവൃന്ദം
കുറവക്കാൻ തീർത്തോ ജനകോടി.

അർക്കാ, വരികില്ലേ? വെട്ടം തരികില്ലേ?
മാരിത്തടയേകീ പാരിൻ ഭയമാറ്റാൻ
ഭൂപാലകനേ നീ കണ്ണിൽക്കനിവോടെ
തണ്ണീരുയരാതേ കാക്കൂ ജഗന്നാഥാ!

പ്രഭാതവന്ദനം 190
അതിമോദം


സൂര്യൻ മലമേലേ വന്നാലതിമോദാൽ
പാരിൽ പ്രഭതൂകുംദീപം കണികാണാം
ചെന്താമരയോടും ചെല്ലക്കിളിയോടും
കിന്നാരവുമായിട്ടെത്തുംകിരണങ്ങൾ.

പൂക്കൾ ചിരിയോടേ തോപ്പിൽ വിരിയുമ്പോൾ
തേനുണ്ണുവതിന്നായ് പാറും ശലഭങ്ങൾ.
മന്ദാരമലർകൾ മെല്ലേ വിടരുമ്പോൾ
കുഞ്ഞിക്കുരുവിക്കും തേനിൽ കൊതിയേറും.

പൂവാകമരത്തിൽ പുള്ളിക്കുയിലെത്തും
വീണാമൊഴിയീണം രാഗശ്രുതി മീട്ടും.
മുറ്റത്തഴയോടേ കണ്ണിൽകഥ ചൊല്ലി,
ചുണ്ടിൽ ചിരിതൂവീ, മൈനക്കിളി പാടും

വിണ്ണിൽ മഴമേഘം മെല്ലേയണയുമ്പോൾ,
ആകെയിരുളായി, മണ്ണിൽ മഴ പെയ്യും.
സൂര്യൻ ദിനമെത്തി, കൊഞ്ചിത്തഴുകുമ്പോൾ,
ചെന്താമരസൂനം രാഗം ചൊരിയില്ലേ?

പ്രഭാതവന്ദനം 189
മോഹനരാഗം


സൂര്യനുദിച്ചൂ, ശോഭ പരന്നൂ
ധാത്രിയിലേക്കാ വെട്ടമിറങ്ങി.
കാർമുകിലെത്തി, വാനമിരുണ്ടൂ
രശ്മികളെല്ലാം മൂടിമറഞ്ഞൂ.

മുല്ലമലർതൻ ഗന്ധവുമായി
മാരുതനിന്നും പാറിയകന്നൂ
വാകമരത്തിൻ പൂക്കളുതിർന്നു
മൺതരിയെല്ലാം പൂവിൽ മറഞ്ഞു

പൂച്ചെടിയൊന്നിൽ മൊട്ടു വിടർന്നു
മഞ്ഞമലർകൾ പുഞ്ചിരി തൂവീ.
ചെത്തിമരത്തിൽ ചെന്നിറമോടേ
പൂക്കൾ വിരിഞ്ഞൂ, കായ്കൾ പഴുത്തൂ

തേൻ നുകരാനായ് ചിത്രപതംഗം
സുന്ദരമായി പാറിയടുത്തൂ.
പൂങ്കുയിലപ്പോൾ സ്നേഹസഹർഷം
മോഹനരാഗം പാടിവരുന്നൂ.

പ്രഭാതവന്ദനം 188
പാലൊളി


വാനം, കാർമുകിലണിയാലേ
വെട്ടം മൂടിയ പകലായി.
സൂര്യൻ വന്നതു മറയുമ്പോൾ
പാരിൽ കൂരിരുളലയായി.

വിണ്ണിൽ തട്ടിയ മരമെല്ലാം
വമ്പൻ മാരുതതടയായി
കൊഞ്ചും മേഘനയകലാതെ
മണ്ണിൽ പൂമഴയുതിരായി.

വീശും കാറ്റല സഹിയാതേ
മെല്ലെന്നീയിലയിളകുമ്പോൾ
പൂവിൻ കൊമ്പുകളടരുന്നു
മണ്ണിൽ വീണതു നനയുന്നു.

മണ്ണിൽ പൂമഴയൊഴിയുമ്പോൾ
വിണ്ണിൽ പാൽലൊളി തെളിയുന്നു.
വെട്ടം പാരിതിലണയുമ്പോൾ
നാമം ചൊല്ലി മമ മനസ്സും.

പ്രഭാതവന്ദനം 187
മേഘജാലം


ഭാനു വന്നുദിച്ചിടുമ്പോൾ
കണ്ണടച്ചു കൈകൾ കൂപ്പി
കീർത്തനങ്ങളാലപിക്കാൻ
ഭവ്യമായി മുന്നിലെത്തി.

മേഘജാലമാകെ വെള്ള-
പ്പട്ടുടുടുത്തു പൊട്ടുകുത്തി
ഭൂമി നോക്കി നിന്നിടുന്ന
വാനമിന്നിതെത്ര ഭംഗി!

തോപ്പിലുള്ള പൂക്കളൊക്കെ
സൂര്യരശ്മി തൊട്ടു തൊട്ടു
ചന്തമായ് വിരിഞ്ഞു നിന്നു
സുപ്രഭാതമോതിടുന്നു.

പൂങ്കുയിൽ പറന്നു വന്നു
പൂമരത്തിലൊന്നിരുന്നു
പൂക്കളോടു കിന്നരിച്ചു
രാഗമായ് രസിച്ചു പാടി.

പ്രഭാതവന്ദനം 186
പൊൻദീപം


തങ്കത്തേരിൽ ഭാസ്വാനെന്നും
സന്തോഷത്തിൻ പൂച്ചെണ്ടോടേ
വട്ടപ്പൊട്ടിന്നാകാരത്തിൽ
വാനത്തേക്കങ്ങെത്തീടുന്നു.

ആരാമത്തിൽ പൂക്കൾ കണ്ടാൽ,
വണ്ടത്താനും ചാരത്തെത്തും
തേനൂറ്റാനായ് പൂത്തുമ്പിക്കും
മോഹം കണ്ണിൽ കാണുന്നുണ്ടേ.

പൂത്താങ്കീരിക്കൂട്ടം വന്നൂ
മുറ്റത്തൊക്കെപ്പാറീടുമ്പോൾ,
കാക്കക്കൂട്ടിൽ കല്ലിട്ടോണം
ശബ്ദത്താലെൻ നിദ്രാഭംഗം.

ആകാശത്തേക്കെന്നും നോക്കി
പൊൻദീപത്തേ വാഴ്ത്തീടും ഞാൻ
സൂര്യാ, നിന്നെക്കീർത്തിച്ചെന്നും
മന്ത്രം ചൊല്ലീ വന്ദിച്ചീടാം.

പ്രഭാതവന്ദനം 185
പുതുരാഗം


മിഹിരമൊഴിഞ്ഞൊരു ഗഗനത്തിൽ
ഖരകരനെത്തിയിരുളകന്നു
ഒളിമയമായി ധരതലത്തിൽ
പുലരി വിടർന്നു, സകലമുണർന്നു.

തൊടികളിലാകെ മലർവിരിഞ്ഞു
ചെറുചിരിതൂവി കളിപറഞ്ഞു
മധു നുകരാനിനി ശലഭങ്ങൾ
ചിറകു മിനുക്കിയരികിലെത്തും

ചെറുകിളി, പൂങ്കുയിലിണയെത്തി
രസകരമായൊരു കുയിൽനാദം
അതിശയസുന്ദരസുഖതാളം
പുലരിയണിഞ്ഞൊരു പുതുരാഗം.

പ്രണയസരോവരജലമദ്ധ്യേ
കമലമുണർന്നതു രവി കണ്ടു
മിഴിമൊഴിയാലെ കഥപറഞ്ഞു
മറുമൊഴിയേകീയവൾ ചിരിച്ചു.

പ്രഭാതവന്ദനം 184
മുല്ലക്കൊടി


ഭാസ്വാനതിസുന്ദരനായിയുദിച്ചു
വാനത്തിലെ സ്വർഗ്ഗസുഖവാഹകാഴ്ച്ച
കണ്ടൊന്നു തൊഴാനതികാലെയുണർന്നു
ഞാനും മലരും മണലും കൊതിയോടെ.

ചെന്താമരയൊന്നു വിടർന്നു നമിച്ചു
ഭാസ്വാനനുരാഗസുഖം നുകരുന്നു.
കാർമേഘമടുത്തു വരുന്നൊരു നേരം
മെല്ലേ മണിമേഘകരത്തിലൊളിച്ചു.

പൂക്കൾ വിരിയുന്നതു കാത്തൊരു തുമ്പി
പാറുന്നതു കണ്ടു രസിച്ചു വരുന്നു
പുള്ളിക്കുയിലും ചെറുമൈനയുമൊരുമിച്ചു
രാഗാർദ്രമനോഹര ഗീതവുമായി.

മുല്ലക്കൊടിയിൽ ചെറുപുഞ്ചിരി തൂകി
പൂക്കൾ കൊതിയോടെ വിരിഞ്ഞു നിരന്നു
കാറ്റിൻ കരമൊന്നു പിടിച്ചു സുഗന്ധവുമായി
മുറ്റത്തു രസിച്ചു പറന്നു നടന്നു.

പ്രഭാതവന്ദനം 183
ഉദയരവി


കതിരൊളിവെട്ടം വാനിലുയർന്നൂ
നവ കിരണങ്ങൾ പാരിലിറങ്ങി.
കുയിലിണ വന്നൂ കൂവിവിളിച്ചാൽ,
ഉണരുകയായീ വാനൊളി കാണാൻ

മൃദുലയരാഗത്തേനൊലിയോടെ
ധരയെയുണർത്തും ധർമ്മവുമായി
ദിനകരനാകാശത്തുയരുമ്പോൾ,
പുലരികളോരോന്നും വിടരുന്നു

അകലെ മരത്തിൽ പൂത്തൊരു പൂവായ്
പകലവനെന്നെന്നും വിരിയുന്നു
ചെറിയ ചെരാതൊന്നേറ്റിയ പോലേ
നയനമനോജ്‌ഞം ഭാസ്ക്കരബിംബം.

ദിനമണിയെത്തുന്നേരമുണർന്നു
കുളിജപമെല്ലാമൊന്നു കഴിഞ്ഞാൽ,
മണലിലിറങ്ങും ഞാൻ പതിവായി
ഉദയരവിക്കെൻ വന്ദനമോതാൻ.

പ്രഭാതവന്ദനം 182
സ്വർഗ്ഗപ്രഭാതം


നിശയുടെ മങ്ങലൊഴിച്ചതിവേഗം
ദിനകരനെത്തി വെളിച്ചവുമായി
ധരയിലെ സർവ്വചരാചരഹസ്തം
ഒളിമയസൂര്യനു വന്ദനമേകി.

തൊടിയിലെ നല്ല മനോഹരകൊമ്പിൽ
മുകുളമതൊക്കെ വിരിഞ്ഞുതുടങ്ങി
ചിറകുകളൊന്നു മിനുക്കിയടുത്തൂ
മധുനുകരാനൊരു ചിത്രപതംഗം.

ശ്രുതിലയരാഗസുധാലയമോടേ
കളകളഗീതവുമായ് കുയിലെത്തി.
മഴവരുമെന്നൊരു സൂചനയേകി
മണിമുകിലാടിയുലഞ്ഞു വരുന്നൂ.

തൊഴുതുപിടിച്ച കരങ്ങളുമായി
പുതിയൊരു താമരമൊട്ടു വിരിഞ്ഞു.
അവളുടെ സുന്ദരമേനിയുഴിഞ്ഞു
കിരണവുമെത്തി സ്വർഗ്ഗപ്രഭാതേ.

പ്രഭാതവന്ദനം 181
ശുഭകിരണങ്ങൾ


ഗഗനനിരപ്പിൽ സൂര്യനുദിച്ചു
ശുഭകിരണങ്ങൾ പാരിലുതിർന്നൂ.
ധരതലമെല്ലാം ശോഭപരന്നു
ഹരിതനിറത്തിന്നാഭയുമേറി.

ദിനകരനെത്തി, പുഞ്ചിരി തൂകി
തൊടികളിലെല്ലാം പൂ വിരിയുന്നു.
ചിറകുകൾ മെല്ലേ ചീകി മിനുക്കി
മധു നുകരനായ് തുമ്പികളെത്തി.

അഴകിയ മുല്ലപ്പൂ തഴുകാനായ്
അരികിലണഞ്ഞൂ മാരുതനപ്പോൾ
കുസുമസുഗന്ധം പേറിവരുന്നാ
പവനനെ നോക്കി മുല്ല ചിരിച്ചു.

കതിരവനിന്നും വാനിലുദിച്ചു
പുലരി വിരിഞ്ഞൂ വാനൊളി തൂവി
കളകളഗീതം പാടിവരുന്നൂ
കുയിലിണ മെല്ലേയെന്നെയുണർത്താൻ.

പ്രഭാതവന്ദനം 180
അമ്പിളിമാമൻ


ഭാസ്‌ക്കരനേ നിന്നൊളിപടരുമ്പോൾ
അമ്പിളിമാമൻ മറയുകയായി.
അംബരമാകേയൊളി പകരുമ്പോൾ
വർണ്ണമനോജ്‌ഞം പുലരികളെല്ലാം.

പൂത്തിരിപോലേ ദിനകരനെത്തി
മേഘന മെല്ലേ, യകലുകയായി
പുഞ്ചിരിയോടേ മലരുകളെല്ലാം
വന്ദനമേകാനടിയനുമെത്താം.

സുന്ദരസൂര്യാ, തവ വദനത്തിൽ
മോഹനകൃഷ്ണച്ചിരി തെളിയുന്നു.
നിന്നുടെ നിത്യക്കതിരൊളി ചൂടും
താമരയോ നിൻ പ്രണയി; നിരാധ!

മോഹമലർകൾ വിടരുവതെല്ലാം
കണ്ണിനു ഹർഷക്കുളിരുപകർന്നൂ
പാറിയടുത്തു മലരിനുചുറ്റും
ചിത്രപതംഗം മധുനുകരുന്നു.

പ്രഭാതവന്ദനം 179
വണ്ണാത്തിപ്പക്ഷികൾ


ഭാസ്ക്കരാ, നിന്മുഖം കണ്ടു കൈ കൂപ്പുവാൻ
നിത്യവും സുപ്രഭാതത്തിലുണരുന്നു

സൂര്യോദയത്തിൻ്റെ വെട്ടമിങ്ങെത്തിയാൽ
വെക്കമീ താമരപ്പൂവും വിടരുന്നു.

സുപ്രഭാതം വിടർന്നെന്നു ചൊല്ലാൻ ദിനം
പൂമരക്കൊമ്പിലേക്കെത്തിടും പൂങ്കുയിൽ.

ഈണമായ് പാടുന്ന പൂങ്കുയിൽപാട്ടുകൾ
കേട്ടുണർന്നെത്തിടും പൂത്തുമ്പി പൂക്കളിൽ.

തേൻ നുകർന്നു രസിച്ചീടുന്നു മോദമായ്
പൂക്കളെച്ചുറ്റിപ്പറക്കുന്നതുമ്പികൾ.

മുറ്റത്തിലങ്ങിങ്ങായ്‌ കാക്കയും മൈനയും
കൊത്തിപ്പെറുക്കുവാൻ മത്സരിച്ചീടുന്നു.

കൂടച്ചിലയ്ക്കുന്ന വണ്ണാത്തിപ്പക്ഷികൾ
സുപ്രഭാതത്തിന്നു മാറ്റു കൂട്ടീടുന്നു.

പാരിജാതത്തിന്റെ ഗന്ധവും പേറിയീ
മാരുതൻ മന്ദമായ് വന്ദനം ചൊല്ലിയോ?

പ്രഭാതവന്ദനം 178
സുവർണ്ണസൂര്യൻ


ചെമന്നവാനത്തു സുവർണ്ണസൂര്യൻ
തെളിഞ്ഞു നില്ക്കുന്ന പ്രഭാതനേരം
വിടർന്നു നില്ക്കുന്ന മലർകളെല്ലാം
നിരന്നുനിന്നൂ പറയും വണക്കം.

വിരിഞ്ഞ പൂക്കൾ തഴുകിത്തലോടി
സുഗന്ധമേകീ പവനൻ വരുമ്പോൾ,
പറന്നുവന്നോരു കുയിൽക്കറുമ്പൻ
പ്രഭാതമായെന്നു വിളിച്ചുണർത്തി.

മലയ്ക്കു മദ്ധ്യത്തിലുദിച്ചുയർന്നൂ
ധരയ്ക്കു വെട്ടം ചൊരിയുംപുലർച്ചേ
കുളിച്ചുവന്നെത്തി, വിളക്കു വച്ചു
ദിവാകരാ, നിന്നെ സ്തുതിച്ചു പാടി.

അഹസ്ക്കരാ, നാമജപങ്ങളോടെ
ഇഹത്തിലെന്നും തവ കീർത്തിതന്നെ
നിറഞ്ഞു മിന്നുന്നറിവിന്റെ നാളം
അകത്തു സത്യപ്രകാശമേറ്റും.

പ്രഭാതവന്ദനം 177
കണ്ണാ, കനിയില്ലേ?


കതിരോൻതൻ വെട്ടം മലമേലേയേറി
കണിദീപം വാനിൽ തെളിയുമ്പോൾ,
കമനീയക്കണ്ണൻ മുഖമായെന്നുള്ളിൽ
വിളയാടീടുന്നൂ തവ രൂപം.

അരുണാ, നിൻ സേവച്ചരിതമെന്നെന്നും
സുകൃതമാകുന്നീയുലകത്തിൽ.
അകതാരിൽ സൂര്യന്നപദാനം വാഴ്ത്തി
സ്തുതിയേകാനായിട്ടുണരും ഞാൻ.

നിറദീപംപോലേയെരിയുംസൂര്യാ, നിൻ
ഒളിയെൻ ചിത്തത്തിൽ നിറയേണം.
മതിയിൽ നേർബുദ്ധിക്കതിരായിട്ടെന്നും
പകലോനേ, എന്നിൽ കനിയേണം.

അണുവൊന്നീ ലോകം നിറയുന്നൂ, മർത്ത്യർ
പിടയുന്നൂ നിത്യം യമൻ കൈയിൽ.
വരികില്ലേ, രോഗം തടയാനായ് മാർഗ്ഗം
തരികില്ലേ കണ്ണാ, കനിയില്ലേ?

പ്രഭാതവന്ദനം 176
വണക്കം!


സുപ്രഭയേകും ഭാസ്കരബിംബം
സുന്ദരനായിട്ടിന്നുമുദിച്ചു.
കുങ്കുമമാകെച്ചിന്തിയപോലെ
വാനിലെ മേഘക്കൂട്ടമതെല്ലാം.

പുഞ്ചിരി തൂകി പഞ്ചമരാഗം
പാടി വരുന്നിപ്പൂങ്കുയിലിന്നും
കങ്കണമോദത്താളവുമായി
തങ്കനിലാപോൽ താമരയെത്തി.

തേൻ നുകരാനായ് ചിത്രപതംഗം
വന്നിടുവാനീ പൂവ് കൊതിച്ചു
സാധുമലർകൾ ഭാവന ദൂരേ-
യായ്കരിവണ്ടാണെത്തിയതല്ലോ.

തേൻ നുകരുന്നാ വണ്ടു പറന്നു
തുമ്പികളെല്ലാം പൂക്കളിലെത്തി.
കാത്തു മുഷിഞ്ഞാ ചിത്രപതംഗം
വന്ദിതയായിച്ചൊല്ലി വണക്കം.

പ്രഭാതവന്ദനം 175
സുന്ദരബിംബം


കാർമുകിലൊക്കെയകന്നു കൊടുത്തു
ശോണിമയാകെ കലർന്നു തുടങ്ങി

സൂര്യസുശോഭിതസുന്ദരബിംബം
വാനിലുയർന്ന മനോഹരരൂപം

സർവ്വചരാചരനിദ്രയുണർത്തി
ജീവകസേവനതല്പരനർക്കൻ

കൊന്നമലർക്കണിദീപവുമേന്തി
മഞ്ഞനിറത്തിലുയർന്നു വിഭസ്വാൻ.

കൂരിരുളാകെയകറ്റിടുവാനായ്
മാമലമേലെയുദിച്ചിടുമർക്കൻ

മോഹപ്രതീക്ഷകളേകി വിളിച്ചു
മാനസമാകെ തെളിച്ചു വെളിച്ചം.

കണ്ടുതൊഴാനുതകുന്നൊരു ദൈവം
വിശ്വസുരക്ഷകളേകിടുമർക്കൻ

കണ്ണിനു മുന്നിലൊരുങ്ങിയുദിക്കേ,
വന്നിതു ഞാനുമൊരുങ്ങി വണങ്ങാൻ.


പ്രഭാതവന്ദനം 174
പ്രഭാതഗീതം


നഭസ്സിലുള്ളോരിരുട്ടു മാച്ച
വെളിച്ചമേകാനുദിച്ചു സൂര്യൻ
ചിരിച്ചുകേറിത്തെളിഞ്ഞുനിന്നു
ധരിത്രിയാകെ പ്രകാശമാക്കി.

വെളുത്ത മുല്ലക്കൊടിക്കു മേലേ
വിരിഞ്ഞ പൂവിൻ സുഗന്ധമെല്ലാം
വരുന്ന കാറ്റിൻ കരം പിടിച്ചു
സുഖം പരത്തിപ്പറന്നകന്നു.

തൊടിക്കു മദ്ധ്യേ ചുവന്നപൂക്കൾ
വിടർന്നു വന്ദിച്ചിടുന്നു മെല്ലേ.
മുഖത്തെ നാണം മറച്ചു നില്പൂ
സരോവരത്തിൽ സരോരുഹങ്ങൾ.

മരത്തിലെത്തിരസിച്ചു കൂവി
നനുത്ത തൂവൽ കുടഞ്ഞു കാട്ടി,
കുയിൽ ക്കറുമ്പൻ വണക്കമോതി
പ്രഭാതഗീതം പുകഴ്ന്നു പാടീ.

പ്രഭാതവന്ദനം 173
അനുരാഗപ്പു


കരയാൻ വിതുമ്പിയ മേഘങ്ങളെ
പവനൻ തലോടിയകറ്റാൻ വരും
തുണയായി കൂടെ നടന്നകലും
ഉദയാർക്കനേറി വരും മോദമായ്.

അരുണന്റെ പൂമിഴിയാംഗ്യങ്ങളിൽ
മലരൊന്നു പുഞ്ചിരി തൂവീടുകിൽ
കിരണം വരും തഴുകീടും നിജം
ശലഭങ്ങളും മധുവുണ്ണാൻ വരും.

മഴയായി പെയ്തു നനച്ചിടാതെ
അകലേക്കു നീങ്ങിയ മേഘങ്ങളാൽ
ശുഭസുപ്രഭാതയൊളിച്ചിന്തുമായ്
നനയാതെയിന്നു പുലർന്നൂ ദിനം.

ചിരകാലമോഹപ്രതീക്ഷാഫലം
കമലത്തിൻ കണ്ണിൽ വിരിഞ്ഞിന്നിതാ
അനുരാഗപുഞ്ചിരിസമ്മാനമായ്
അവളോതി നല്ല പുലർ വന്ദനം.

പ്രഭാതവന്ദനം 172
ശംഘുപുഷ്പം


പ്രഭാകരൻ കൺ തുറന്നാൽ
പ്രകാശമായ് പാരിലെങ്ങും
പ്രതീക്ഷകൾ നല്കിയെത്തും
പ്രഭാതമേ! കൈവണങ്ങാം!

ദിനം ദിനം ഭാസ്ക്കരാ, നിൻ
നവാഗമത്തേരൊളിക്കായ്
നഭസ്സു നോക്കി കൈവണങ്ങീ
സരോരൂഹം കാത്തുനില്പൂ

തരാതരപ്പൂമരങ്ങൾ
നിരന്നൊരെൻ വാടികയ്ക്കുൾ
മയിൽനിറം കണ്ണിൽ തേച്ചു
വിടർന്നിതാ ശംഘുപുഷ്പം.

ചിരാതൊളിച്ചന്തമോടെ
ചരാചരങ്ങൾക്കുവേണ്ടി
നിരന്തരം സേവ ചെയ്യും
ദിവാകരാ മൽ വണക്കം.

പ്രഭാതവന്ദനം 171
ഗഗനദീപം

കണിവിളക്കിൻ പ്രകാശത്തിൽ
പുലരിസൗന്ദര്യമാസ്വദിക്കാൻ,
ഗഗനദീപം കൊളുത്തിക്കൊ-
ണ്ടരുണനെത്തി പ്രഭാതത്തിൽ.

ഉലകനാഥൻ വിരുന്നേകി
ഒളി‍ പരത്തി നില്ക്കുമ്പോൾ,
ധരയിലാകെ പ്രഭാതത്തിൻ
വളകിലുക്കം മുഴങ്ങുന്നു.

പുലരിശീതക്കുളിർകാറ്റിൽ
തൊടിമലർകൾ സ്മിതം തൂകി
ശലഭവൃന്ദം പറന്നെത്തി
മധു നുകർന്നു രസിക്കുന്നു.

ചിറകൊതുക്കിപ്പറന്നിറങ്ങി
കിളികുലങ്ങൾ ചിലയ്ക്കുമ്പോൾ,
അടിയനിന്നും കരം കൂപ്പി
സുദിനമോതി പ്രകീർത്തിച്ചു.

പ്രഭാതവന്ദനം 170
മഴഗീതം


അർക്കനോടൊരുമിച്ചെത്തുന്നു വിണ്ണിൽ
കള്ളക്കർക്കടകത്തിൻ മേഘവൃന്ദം.

പൊന്നുഷയ്‌ക്കൊളിയില്ലാ ചന്തമില്ലാ
വാനിലാകെയിരുൾ മൂടിക്കിടപ്പൂ.

പെയ്തൊഴിഞ്ഞകലുമ്പോൾ വെട്ടമേകാൻ
കാത്തിരിക്കുകയാണിന്നീ വിവസ്വാൻ.

വാടിയിൽ കലികക്കൂട്ടങ്ങളെല്ലാം
മോഹമായ് ഗഗനത്തിൽ നോക്കി നില്പൂ.

പൊന്നൊളിച്ചിരിതൂകി ഭാസ്‌കരന്റെ
രശ്മികൾ വരുവാനായ് കാത്തിരിപ്പൂ.

മൊട്ടുകൾ വിരിയാനായ് കാത്തുകാത്തു
തേനിനായ് ശലഭങ്ങൾ പാറി ചുറ്റും.

പൂങ്കുയിൽ ഹരമോടെ പാടിയില്ലാ
വെള്ളിനൂൽ മഴഗീതംമാത്രമായി

പെയ്തൊഴിഞ്ഞിടുവാൻ ഞാൻ കാത്തിരിക്കേ,
മൗനമായി പുലരുന്നു സുപ്രഭാതം.

പ്രഭാതവന്ദനം 169
പൊൻപുലരി


അംബരമുറ്റം തൂത്തതിലോ-
രഞ്ചിതളായ്പ്പൂക്കോലമിടാം.
അംബരമാകേ സുന്ദരമാ -
ണിമ്പമൊടർക്കാ, നീ വരികിൽ.

അംബരബീജശ്രേഷ്ഠതയിൽ
അംബുധികാഞ്ചീ, നീയുണരൂ.
അംഗുലിസന്ദേശങ്ങളുമാ-
യംബുകമെല്ലാം പൂത്തുലയാൻ.

അമ്പിളി മാഞ്ഞോരംബരമേ,
അർക്കനുദിച്ചാൽ പൊൻപുലരി.
അംബുജമൊട്ടിൽ ശ്രീശലഭം
നർത്തനമാടും പൂമ്പുലരി.

അംബരഗംഗാതീർത്ഥമതിൽ
ചന്ദനഗന്ധത്താരിതളായ്
ഇങ്കിതമോടേയംബുജമീ-
യംഗനമാരെപ്പോൽ വിടരും.

പ്രഭാതവന്ദനം 168
കള്ളക്കാറ്റേ


തങ്കത്തേരിൻ തോരണം പോൽ
ആടിപ്പാടീ സൂര്യനെത്തി.
മേഘക്കൂട്ടം തെന്നിമാറി
ആകാശത്തിൻ ചന്തമേറി

വാനം പൂത്തൂ പൂ വിരിഞ്ഞു
പൂവിൻ വർണ്ണം പാരിലെത്തി
പച്ചപ്പുല്ലിൻ ശോഭയേറി
പൂന്തോട്ടത്തിൽ പൂ ചിരിച്ചു.

പൂത്താങ്കീരിക്കൂട്ടമെല്ലാം
പാറിപ്പാറുന്നങ്കണത്തിൽ
മുല്ലപ്പൂവിൻ കൈ കൊരുത്തു
കള്ളക്കാറ്റേ നീ പറന്നോ?

വാഴപ്പൂവിൻ തേൻ കുടിക്കാൻ
നല്ലോരണ്ണാൻ കുഞ്ഞുമെത്തി
വാകപ്പൂക്കൾ പുഞ്ചിരിച്ചു
ചേലിൽച്ചൊല്ലീ സുപ്രഭാതം!

പ്രഭാതവന്ദനം 167
ബാലഭാസ്‌ക്കരൻ


സുപ്രഭാതയുദയാർക്കബിംബമേ,
നിന്റെയീയഗിരകാഴ്ചകൾ ശുഭം
മഞ്ഞവർണവളയത്തിനുള്ളിലെ
ശോണിമക്കതിരു കണ്ടു കൈ തൊഴാം.

മന്ദമായഹികാന്തി വീശിടും
മാമലയ്ക്കരികിലൂടെ നീങ്ങവേ,
നല് ഗൃഹാതുരതയോർമകൾ തരും
ബാലഭാസ്ക്കരനു നല്ല വന്ദനം.

നിത്യമീയകളയാനനക്കണി
വിസ്മയങ്ങളണിചേർന്നു നിന്നിടും
സത്യശോഭിതവരപ്രസാദമേ
സങ്കടങ്ങളെയകറ്റിടേണമേ.

ഭക്തിസാന്ദ്രനവകീർത്തനങ്ങളെ
ചൊല്ലിടാമുദയഭാസ്‌ക്കരാ, ദിനം
ഈ കൊറോണഭയമൊന്നകറ്റിടാൻ
ഔഷധത്തെ വരമായി നല്കണേ.

പ്രഭാതവന്ദനം 166
ബാലസൂര്യൻ


കൂരിരുളിൻ കെട്ടഴിച്ചു
പൂമ്പുലരിപ്പായ് വിരിക്കാൻ
കാർ മുകിലിൻ കൈ പിടിച്ചു
കേറിവരും ബാലസൂര്യാ.

പൂമഴയിൽ പൊന്നുഷസ്സിൻ
ചന്തവുമായാഗമിക്കേ,
പൂത്തിരിപോൽ നിൻ വെളിച്ചം
ഭൂതലമാകെപ്പരന്നു

പൂങ്കുയിലിൻ പാട്ടു കേട്ടു
പൂ നിരകൾ കൺ തുറന്നു .
പുഞ്ചിരിതൂവുന്ന പൂവിൽ
തേൻ നുകരാൻ തുമ്പിയെത്തി.

സർവ്വരുമീ ഭൂതലത്തിൽ
സങ്കടമില്ലാതെ വാഴാൻ,
ഭാസ്ക്കരനെക്കൈവണങ്ങി
പ്രാർത്ഥനയാൽ ഞാനിരിപ്പൂ.

പ്രഭാതവന്ദനം 165
ഹരിതാഭ


മണിമേഘമൊക്കെയൊഴിഞ്ഞ വാനിൽ
കവിളിൽ ചുവന്ന തുടിപ്പുമായി
കതിരോനുയർന്നുവരുന്ന നേരം
കുയിലിൻറെ പാട്ടിലുണർന്നിന്നു ഞാൻ.

നലമോടെ വാനിലുദിച്ച സൂര്യൻ
ചിരിതൂകിടുന്നതു കണ്ടു മോദാൽ
പതിവുള്ള കീർത്തനമൊന്നു ചൊല്ലി
കൊതിയോടെ വന്ദനമേകി നിന്നു

ധരയാകെ ശോഭ പരന്നിടുമ്പോൾ
ഹരിതാഭ കൂടി വരുന്നു പാരിൽ.
കിരണം പതുക്കെ തലോടിടുമ്പോൾ
കമലം വിടർന്നു സരോവരത്തിൽ.

വിടരാൻ കൊതിച്ചു നിരന്നുനിന്നീ
മുകുളങ്ങളൊക്കെയുമെന്തു ഭംഗി.
വിടരുന്ന പൂവിലെ തേൻ കുടിക്കാൻ
ചിറകു മിനുക്കിയടുത്തു തുമ്പി.

പ്രഭാതവന്ദനം 164
തേരൊളിച്ചന്തം


പൂമിഴിത്താരിതൾ പൂട്ടീയിന്നും
താരകൾ ചന്ദ്രനോടൊപ്പം

മുല്ലരിപ്പല്ലുകൾ കാട്ടീ മെല്ലേ
പുഞ്ചിരിച്ചീടുന്നു സൂര്യൻ.

കൂരിരുൾ കമ്പളം മാറ്റാനർക്കൻ
നിത്യവും സത്യമായെത്തും

ചന്ദനപ്പൊട്ടുപോൽ വന്നൂ വാനിൽ
പാരിതിൽ വെട്ടമേകുന്നു.

സൂര്യനിൽനിന്നുതിർന്നീടും രശ്മി
ചാരെ വന്നൊന്നുരുമ്മുമ്പോൾ

പച്ചിലപ്പൂച്ചെടിക്കൊമ്പിൽ കാണും
പൂക്കളെല്ലാം വിരിഞ്ഞീടും

പൂങ്കുയിൽ പാടുമോരീണം കേട്ടാൽ
കൺതുറന്നെത്തിടും ഞാനും.

കുങ്കുമത്തേരൊളിച്ചന്തം കാൺകേ,
കൈ തൊഴാൻ തോന്നിടും ഭക്ത്യാ.

പ്രഭാതവന്ദനം 163
അർക്കസ്തുതി


അർക്കന്റെ രശ്മികൾ ഭൂവിൽ പതിക്കവേ
ആരാമമാകെയുണർന്നിടുന്നു.
ആകാശവീഥിയിൽ വന്നെത്തി നിത്യവും
ആനന്ദമേകുന്നു സൂര്യദേവൻ.

ഇക്കണ്ട സർവമുണർത്തും ദിവാകരൻ
ഇച്ഛിച്ച ദേവസ്വരൂപനല്ലോ.
ഈരേഴുലോകവും കാക്കുന്ന തമ്പുരാൻ
ഈടുറ്റഭക്തിക്കതൊത്തയീശൻ.

ഉണ്മയ്ക്കുദാഹരിച്ചെന്നും തെളിഞ്ഞിടും
ഉത്തേജനത്തിന്റെയുത്തമാ നീ
ഉള്ളോളമെത്തിയെന്നജ്ഞാനമൊക്കെയും
ഊക്കോടെ വറ്റിച്ചിടുന്ന ദേവൻ.

എന്നും വെളിച്ചമേകീടും പ്രഭാകരൻ
എന്നെന്നുമെന്നേയുണർത്തുവാനായ്‌
ഏണിക്കുമെത്തിടാ ദൂരത്തുദിച്ചിടും
ഏകപ്രപഞ്ചത്തിനേകനാഥൻ.

ഐരാവതം കണക്കുള്ളോരു മാമല-
ക്കൈശ്വര്യമായങ്ങുദിച്ചു പൊങ്ങും
ഒട്ടല്ല കൗതുകം തേരേറിവന്നിടും
ഓങ്കാര മാർത്താണ്ഡദർശനത്തിൽ

ഔപമ്യമേകുവാനർത്ഥം ലഭിച്ചിടാ-
തൗന്നത്യമേറും പ്രകാശരാജാ
അക്കങ്ങളില്ല നിന്നാത്മാർത്ഥസേവനം
അത്യത്ഭുതത്തോടെയെണ്ണിനോക്കാൻ

അർക്കന്റെദർശനംആത്മപ്രഭാവമായ്
അത്യാദരത്തോടെകുമ്പിടുന്നേൻ
അജ്ഞാനമൊക്കെയകറ്റാനുതിർന്നനിൻ
അച്ചാരരശ്മിക്കു വന്ദനങ്ങൾ

പ്രഭാതവന്ദനം 162
സുദിനവിരുന്ന്


പുലരിയിലിന്നും പുഞ്ചിരി തൂവി
കതിരവനെത്തിപ്പൊന്നൊളി വീശി
ധരതലമാകെപ്പച്ചനിറത്തിൽ
പുടവയുടുത്തൂ സുന്ദരിയായി.

തൊടികളിലെല്ലാം പൂ വിരിയുമ്പോൾ
ഇതളുകൾ മെല്ലേ മാടിവിളിക്കേ,
ചിറകു മിനുക്കിച്ചിത്രപതംഗം
അരികിലണഞ്ഞു തേൻ നുകരനായ്.

കിളികുലമൊക്കെപ്പാറിവരുമ്പോൾ,
ചിലു ചിലു വണ്ണാൻ ചാടി മരത്തിൽ.
ശ്രുതിലയരാഗത്താളവുമായി
കുയിലിണയപ്പോൾ പാടിവരുന്നു.

സുദിനവിരുന്നും പേറിവരുമ്പോൾ
ഉദയദിനേശാ വന്ദനമോതാം
ഉലകിതിലെന്നും ഭവ്യതയേറ്റും
ദിനകരനേകാം നല്ല വണക്കം.

പ്രഭാതവന്ദനം 161
ചങ്ങാതിപ്പൂങ്കുയിൽ


അമ്മതൻ താരാട്ടിന്നീണവുമായ് വന്നു
രാത്രിയിലമ്പിളി കൂട്ടിരിക്കും.

രാക്കിനാവിൽ നിന്നും തട്ടിയുണർത്തീടാൻ
അച്ഛനെപ്പോലർക്കനെത്തിടുന്നു.

ആകാശദീപത്തെക്കണ്ടു കൈ കൂപ്പി ഞാൻ
പൊന്നുഷകീർത്തനം ചൊല്ലിടുമ്പോൾ,

പൂക്കളിൽ തേൻ നുകർന്നീടുന്ന പൂത്തുമ്പി
സുപ്രഭാതത്തിൻറെ പൊന്മണിയായ്.

ചങ്ങാതിപ്പൂങ്കുയിൽ പാടുന്ന പാട്ടിലെൻ
മാനസം തുള്ളിക്കുതിച്ചിടുമ്പോൾ,

താമരപ്പൂവിതൾ നാണത്തോടർക്കാനായ്
കണ്ണിമക്കാവ്യം മൊഴിഞ്ഞിടുന്നു.

സുന്ദരിപ്പൂവിന്റെ സൗരഭ്യമൊക്കെയും
കാറ്റിൻറെ കൈകളിൽ ഭദ്രമായി.

കുന്നത്തു വച്ച വിളക്കുപോലൈശ്വര്യം
ഭൂലോകമാകെ വിളങ്ങിടാനായ്

ആരോഗ്യ സംരക്ഷണത്തിന്റെ രീതികൾ
പാഠമായ് ചൊല്ലിയടർത്തിടുന്ന

ഭീകരൻ കോവിഡുംകൂടൊന്നു പോയെങ്കിൽ,
എത്രയോ സന്തോഷമായിരുന്നു

മാനവരാശിയെകോവിഡ് വിമുക്തരായ്
മാറ്റുവാനൗഷധമെത്തിടേണം

എന്നു നിനച്ചിന്നും ഭക്തിപുരസ്സരം
പ്രാർത്ഥനാവന്ദനമോതിടുന്നു.

പ്രഭാതവന്ദനം 160
പൂത്തുമ്പികൾ


ചക്രവാളവും വിട്ടകന്നർക്കൻ
വാനിവീഥിപൂകീടവേ,
കൺകളിൽ മഷിക്കൂട്ടുമായ് കരം
കൂപ്പിനില്ക്കുമീയംബുജം.

മുല്ലവളളിയിൽ കാലുടക്കിയോ
പൂസുഗന്ധമായ് മാരുതൻ
കാർമുകിൽകളെക്കൂട്ടി യാത്രയായ്
പോയകന്നിതാ മാരിയും.

സുപ്രഭാതസംഗീതസാഗര-
ത്തോടെ വന്നിതാ പൂങ്കുയിൽ.
പൂത്തുനിന്നൊരാ വാകയിൽ മലർ-
തേൻ നുകർന്നു പൂത്തുമ്പികൾ.

ദൂരെ ദൂരെനിന്നെത്തിനോക്കുമാ
സൂര്യദേവനെക്കണ്ടു ഞാൻ
നൽച്ചിരാതുപോൽ കത്തിനില്ക്കുമാ
യർക്കദേവനെൻ വന്ദനം!

പ്രഭാതവന്ദനം 159
പുതുപുഷ്പങ്ങൾ


ഇരുളാറ്റുംപൊരുളായെന്നും
മലമേലെയടിവച്ചേറീ
മണിമേഘത്തിരകൾ നീക്കി
ഗഗനത്തിൽ തെളിയുംദീപം.

പതിവായി ധരയിൽ മൊത്തം
ഒളി തൂവും കതിരോനേ, നിൻ
മുഖഭാവം കണികണ്ടെന്നും
ഉണരുന്നു പുതുപുഷ്പങ്ങൾ.

മണലോടും മലരോടും ഞാൻ
കുശലങ്ങൾ പറയുംനേരം
സുഖമോടെ തഴുകും കാറ്റിൽ
നറുമുല്ലക്കതിരിൻ ഗന്ധം.

കുയിലെത്തി പുതുരാഗത്തിൽ
അരുണാ നിൻ പുകഴ് പാടുന്നോ?
കമലത്തിൻ കഥ കേൾക്കാനായ്
പുലരുമ്പോഴുണരുന്നോ നീ?

പ്രഭാതവന്ദനം 158
അങ്കണച്ചാരുത


വാനിലീ സൂര്യനുദിക്കുന്ന ചന്തത്തിൽ
കണ്ടു കൈ കൂപ്പിവണങ്ങിനിന്നീടുന്ന
താമരപ്പൂവുകൾ പുഞ്ചിരി തൂകുമ്പോൾ
എത്രയോ സുന്ദരമാണീ പ്രഭാതങ്ങൾ.

കാക്കയും മൈനയും പാറുംവിഭാതത്തിൽ
പൂക്കളിൽ തേൻ നുകരാനെത്തി പൂത്തുമ്പി
പാറിടും കാഴ്ചയിലുള്ളോരു സൗന്ദര്യം
അങ്കണച്ചാരുതയേറ്റുന്നു സത്യത്തിൽ.

പൂമരച്ചില്ലയിലങ്ങോട്ടുമിങ്ങോട്ടും
പൂക്കളിൽ പാറിയിരുന്നുകൊണ്ടീ കിളി
തേൻ നുകർന്നിന്നു രസിക്കും പ്രഭാതത്തിൻ
പൊൻവെയിൽ രശ്മിയുമാലോലമാടുന്നു.

പൂങ്കുയിൽ പാടിയ രാഗത്തിലാമോദം
ചാമരം വീശിയടുക്കുന്നിളങ്കാറ്റിൽ
മഞ്ഞമന്ദാരമലർച്ചില്ലയാടുമ്പോൾ
സുപ്രഭാതം സുരസൗന്ദര്യസായുജ്യം..

പ്രഭാതവന്ദനം 157
നയനോത്സവം


അരുണോദയഗിരിസുന്ദര സുരദർശന ചമയം
ദിനമിങ്ങനെ ഗഗനക്കലയരുളും ശുഭസുദിനം.

വിഹഗങ്ങളുമണിയായ് മണിമിഹിരങ്ങളുമകലെ
അതിരാവിലെ നയനോത്സവസുഖമേകിയ പുലരി.

മഴവില്ലിലെയഴകേഴിലുമുതിരും നവകിരണം
ശുഭശോഭിതതിരുദീപികയുയരും പുതുപുലരി.

മമയങ്കണമണലിൽ ചെറുകിളിശബ്ദവുമഴകായ്
വിരിയും നവ കുസുമങ്ങളുമണിയുന്നൊരു പുലരി.

കിരണാവലി തഴുകുന്നതിലുണരുന്നൊരു കമലം
അനുരാഗിണി, മതിമോഹിനിയഴകേ തവ ശരണം.

അതിരാവിലെ കുളിയും രവിജപവും തവപുകഴാൽ
മുടിയിൽ തിരുതുളസീദലസുരഗന്ധിക തിരുകീ

നിടിലിൽ ചെറുതിലകം മമ മുഖകാന്തിയുമുയരാൻ
ശുഭമംഗളസുഖകാഴ്ചയിലമരുന്നിതിയുഷയിൽ.

സുരസുന്ദരവരവർണ്ണിതചൊടിതൻ ചിരിയഴകും
വരകുങ്കുമകുറിയും തൊഴുതടിയൻ തവ ശരണം.

പ്രഭാതവന്ദനം 156
വന്ദനമോതാം


ചെമ്പവിഴപ്പൊട്ടു കുത്തിയ നീലവാനം
അങ്ങകലേ പാറിടുന്ന നീഡജങ്ങള്‍

കൺമൊഴിയാൽ കാവ്യമോതി നിരന്നുനിന്നു.
പാരഴകിൻ മാറ്റുകൂട്ടിയ നീരജങ്ങൾ.

വാടികയിൽ പൂത്തുനിന്നൊരു ചെമ്പകത്തിൻ
പൂവിതളിൽ തട്ടി വീശിയ തെന്നലേ നിൻ

പൂമണമീയങ്കണത്തിലെ മൺതരിക്കും
തേൻ നുകരാൻ പാറിയെത്തിയ തുമ്പികൾക്കും.

പൂങ്കുയിലിൻ പാട്ടു കേട്ടു മയങ്ങി മെല്ലേ
പൂങ്കുരുവിക്കൂട്ടമൊക്കെ പറന്നിറങ്ങി

പൂമ്പുലരിച്ചന്തമൊന്നുലയാതെയിന്നും
വന്ദനമോതാൻ മുദാ തൊഴുതെത്തി ഞാനും

പ്രഭാതവന്ദനം 155
ധന്യപ്രഭാതം.


പന്തയമാരോടോതിയുയര്‍ന്നു
നല്ലനുരാഗക്കോമളരൂപാ

ഭാസ്ക്കരബിംബം കണ്ടതിമോദാല്‍
അംബരമാകെപ്പുഞ്ചിരിതൂകി

കങ്കണതാളക്കൈകളുമായ
അങ്കണമാകെപ്പൂവിരിയുമ്പോൾ

നല്ലൊരു ഗന്ധം പേറിവരുന്നൂ
എന്തൊരു ചന്തം ധന്യപ്രഭാതം.

കാമുകനേത്രം മെല്ലെവിടര്‍ത്തി
പങ്കജവല്ലിക്കേകി കടാക്ഷം

കൂപ്പിയ കൈകള്‍ നീട്ടി കുളത്തില്‍
വ്രീളയവള്‍ നിന്നാദരപൂര്‍വം.

ചെഞ്ചൊടിയാകേ കുങ്കുമമിട്ടു
മെല്ലെ മൊഴിഞ്ഞു നല്ല വണക്കം.

ഭൂമിയൊടൊപ്പം വന്ദനമോതി
കൈതൊഴുകുന്നൂ സർവ്വതുമപ്പോൾ.

പ്രഭാതവന്ദനം 154
തിലകക്കുറി


അകലും രാവിന്നു വിടചൊല്ലിയരുണൻ
അകതാരിൻ വെട്ടമരുളുന്നു ദിനവും

ഇരുളിൽ പൂക്കുന്നയൊളിയായരുണൻ
ഇവിടേക്കെത്തുന്നിതുഷയായ് പുലരാൻ.

ഉലകിൽ സർവ്വത്രമുണരുന്ന സമയം
ഉടലിന്നുന്മേഷവരമാണു കതിരോൻ.

എരിയുംതാരക്കണിവിളക്കകലെയായ്
എടകൂറിൽ താമരമലരോടു പ്രണയം.

ഐകഭാവ്യം മറ്റു പലതോടുമുലകിൽ
ഐഹികം സൗഖ്യത്തിലമരുന്നു സതതം.

ഒടിമാടംപോലുമരുണന്റെ കിരണം
തഴുകിത്താലോലമുണരും പുലരിയിൽ.

കടലോരം രക്തക്കറപോലെയുയരും
കതിരോൻ വാനത്തു തിലകക്കുറിയുമായ്

പുലരുമ്പോഴുള്ളിലതിഭക്തിയുണരും
പുതുപുത്തൻ കീർത്തനവുമായണയും ഞാൻ.

പ്രഭാതവന്ദനം 153
ഇനിയരാഗം


മിഥുനമാരിക്കുളിരു പെയ്തു
പുലരിസൂര്യന്നൊളിയെ മായ്ച്ചു
കിളികളെല്ലാം മഴനനഞ്ഞു
വിറവിറച്ചു തലകുനിച്ചൂ

കുയിലുപോലും ചിറകൊതുക്കി
തൊടിമലർതൻ ചിരിയകറ്റി
ചെറുവിതുമ്പൽ മുഖവുമായി
ശലഭമെല്ലാം പറപറന്നു.

അരുണവെട്ടം ചെറിയതായി
മിഹിരമദ്ധ്യേ തെളിയുംനേരം
പ്രണയരാഗക്കുളിരുപാകി
കമലമിന്നും ചിരിവിടർത്തി.

ഇതൾ വിരിച്ചു, ചിരി കലർത്തി
ഇനിമയോടെ സുദിനമോതി
ഇനി വിഭാതക്കുളിരു പാകി
ഇനിയരാഗം കുയിലു പാടും

പ്രഭാതവന്ദനം 152
പൂമണിമേഘം


അമ്പിളി മാഞ്ഞു, താരയുറങ്ങി
ഭാസ്ക്കരബിംബത്തേരൊളി വാനിൽ
പൂത്തിരിവെട്ടത്തോടെയൊരുങ്ങി
പുഞ്ചിരിതൂവിപ്പാരിലിറങ്ങി.

സൂര്യനുദിച്ചാലംബുജനേത്രം
കണ്ണു തുറന്നൂ കൈതൊഴുതീടും
നല്ലനുരാഗക്കൺകളുടക്കി
ഇത്തിരി നേരം നൽക്കഥ ചൊല്ലും

പൂഞ്ചിറകെല്ലാമൊന്നു മിനുക്കി
പൂങ്കുയിലെത്തിപ്പാടിരസിക്കേ,
പൂമണിമേഘം താലമെടുത്തൂ
പൂവുകളോരോന്നായ് വിരിയുന്നു.

വർണമനോജ്ഞച്ചിത്രപതംഗം
പൂക്കളെ നോക്കിപ്പാറിയടുത്തൂ
പൂവിതളിൽ തേനുണ്ടു രമിക്കും
നല്ല പ്രഭാതക്കാഴ്ചയൊരുക്കി.

പ്രഭാതവന്ദനം 151
ഉഷപൂജ


ഉലകം മുഴുവൻ പ്രഭയരുളാൻ
മലമേലരുണായണയുക നീ.
മിഹിരം വഴിമാറിയകലുകയായ്
കരുണാകരനേ, കനിയുക നീ.

ഗഗനം മണിമേഘയണികളുമായ്
കുശലം പറയും പുലരിയിതിൽ
മഴയായ് പൊഴിയാനണിയണിയായ്
മിഹിരം കൊലുസൊന്നണിയുകയായ്.

സുദിനോദയഭാസ്ക്കരയൊളിയിൽ
തുടരാനനുഭൂതിതചരിതം
പവനാ,കുളിരലയായരികിൽ
വരുമോ മുകിലിൻ നിരയകലാൻ?

ഇരുളിൽ മറയും ദിനകരനേ
മറയാതിനി നീയൊളിപകരൂ
ഉഷപൂജകളിൽ ശുഭകരമായ്
തെളിയാനിനിയും മടിയരുതേ.

പ്രഭാതവന്ദനം 150
പ്രണയം പ്രകൃതിയോട്


ഇരുളകന്നു ഭൂവുണരാൻ പൂത്തിരിക്കരങ്ങളാൽ
ഗഗനവീഥി പൂകിടുമാ സൂര്യനായുദിക്കണം.

കലികയായ്ക്കരം തൊഴുകും പത്മജത്തെ നോക്കി ഞാൻ
മണിമയൂഖമായ്‌ത്തഴുകി പങ്കജം വിടർത്തണം.

പുലരി പൂത്തു പൊങ്ങിവരുംഭാസ്‌കരന്റെ ശോഭയിൽ
മിഹിരമോടെയൊട്ടിടുമാതിങ്കളായൊളിക്കണം.

ഇലയുതിർന്ന കൊമ്പഴകിൽ ഊയലൊന്നു കെട്ടണം
തളിരുയർന്നു പൂത്തുലയുംനാൾ വരേയ്ക്കുമാടണം.

കുരുവി പാറിവന്നണയും ചന്തമൊന്നു കാണണം
കുയിലു കൂവിടുന്നതുപോൽ കൂടെയൊന്നു കൂവണം.

പറവപോലെ വാനഴകിൽ മേഘമായ്‌പ്പറക്കണം.
മണിമുകിൽ ചിരിച്ചുതിരുംമാരിയായി ചാറണം.

മലർവസന്തവാടികകൾ പൂത്തുലഞ്ഞുനില്ക്കവേ,
ശലഭമായി വന്നരികിൽ തേൻനുകർന്നിരിക്കണം.

പവനനോടു ചേർന്നലിയുംനൽസുഗന്ധമാകണം
പ്രകൃതിയോടു മൽപ്രണയം പങ്കുവച്ചു വാഴണം.

പ്രഭാതവന്ദനം 149
കതിരൊളി


ദിനകരനിൻ കതിരൊളിമെല്ലേ
മലനിരതൻ നടുവിലുയർന്നു
കരിമുകിലിൻ കറ കളയുംപോൽ
മിഹിരനിരയ്ക്കൊളി പകരുന്നു.

ചൊടിയിണയിൽ ചിരിയഴകോടെ
സുദിനസുഖപ്രഭചൊരിയുമ്പോൾ
കുയിലിണതൻ കളകളനാദം.
ശ്രുതിലയമായൊഴുകിവരുന്നു

തൊടിമണലിൽ മലരുകളെല്ലാം
രസകരമായ് വിരിയുകയായി.
അഴകെഴുമീയുഷകൾ കണ്ടാൽ
മതിവരുമോ സഹൃദയരേ ചൊൽ.

മധു നുകരാന്‍ വരുമൊരു വണ്ടിന്‍
ചെറുചെവിയിൽ പറയുവതുണ്ടെ
മധുമൊഴിയാൽ ചെറുപ്രണയത്തിൻ
രസകരമാം നവചരിതങ്ങൾ.

പ്രഭാതവന്ദനം 148
കനകരഥം


കതിരവനിന്നും പുഞ്ചിരി തൂവി
ശുഭദിനദീപനാളവുമേന്തി

കനകരഥത്തിലേറി വരുന്നു
ഉണരുക വേഗം വന്ദനമോതാൻ

ചിറകു വിടർത്തി തുമ്പികളെല്ലാം
മലരിലിരുന്നു തേൻ നുകരുന്നു.

കുയിലിണ വന്നു കൊമ്പിലിരുന്നു
സ്വരലയമോടെ ഗീതിക പാടി.

സുരസുഖമായി കിന്നരമോതി
കുളിരു പകർന്നു മന്ദസമീരൻ

മണിമുകിലെത്തിയാടിയുലഞ്ഞു
മഴയുടെ താളം കേട്ടു തുടങ്ങി.

മഴമുകിലൊക്കെ പെയ്തൊഴിയുമ്പോൾ
ദിനകരനെത്തി ശോഭ പരത്തും

സുദിനപ്രഭാത വന്ദനമോതാം
കതിരവൻ മുന്നിൽ കൈതൊഴുതീടാം.

പ്രഭാതവന്ദനം 147
ശുഭസുദിനം


ഇരുളിൽ മറഞ്ഞ ധര തെളിയാൻ,
ഗഗനം നിറച്ചുമൊളിപകരാൻ,
അധരം നിറഞ്ഞ ചിരിയൊളിയായ്
മലമേലുയർന്നു വരുമരുണൻ

ദിനവും തനിച്ചു മലമുകളിൽ
കണിദീപമായിയണയുമവൻ
നയനം തുറന്നുവതിലലിയാൻ
കണികണ്ടുണർന്നു ജനമുലകിൽ.

ധരയിൽ പരന്നയൊളിയഴകിൽ
തൊടിയിൽ വിരിഞ്ഞു പുതുമലരും
പുതുരാഗമോതും കിളികുലവും
സുഖമായുണർന്ന നിജപുലരി.

പവനൻ കനിഞ്ഞ കുളിരരുളും
നവഗന്ധവും പുതുപുലരഴകിൽ.
ശലഭം പറന്നു വരുമരികിൽ
മധുരം നിറഞ്ഞ മധുനുകരാൻ.

കരുണാകരൻറെ തിരുമുഖവും
പുലരും പ്രഭാത സുരസുഖവും
നുകരാനുണർന്ന മമനയനം
മൊഴിയാൽ വണങ്ങി ശുഭസുദിനം

പ്രഭാതവന്ദനം 146
വാരിജമോഹം


വാനത്തിൽ നിറദീപമുയർന്നാൽ
വാരിജമോഹമുണർന്നീടും
പൊൻനാകക്കിരണം തഴുകുമ്പോൾ
പൂവിതളൊക്കെ വിടർന്നീടും.

പ്രേമത്താലനുരാഗമുണർന്നാ
പ്രേയസിതന്നുടെയാസ്യത്തിൽ
നാണംകണ്ടു മയങ്ങി ദിനേശൻ
പുഞ്ചിരിതൂവി വിളിക്കിന്നു.

മോദത്താലൊരു പൂങ്കുയിൽ പാടും-
പാട്ടിലുണർന്നു വിരിഞ്ഞിന്നും,
പൂന്തോപ്പിൽ ചിരിയോടെ മലർകൾ
ചന്തമുണർത്തി നിരക്കുന്നു.

മുറ്റത്തും തല ചാച്ചു ചരിച്ചു
പക്ഷികളും പുതുതാളത്തിൽ.
പാറിപ്പാറി നടന്നു സഹർഷം
തേൻ നുകരുന്നൊരു പൂത്തുമ്പി.

ഇന്നും നല്ല പ്രതീക്ഷയുണർത്തി
വന്നു നഭസ്സിലുദിച്ചോരീ
ആകാശത്തിരുദീപവരത്തെ
വന്ദനമോതി വണങ്ങീടാം.

പ്രഭാതവന്ദനം 145
അംബരേശൻ


രാപ്പുതപ്പിന്നിരുൾ ദിനം തുടച്ചുമാറ്റി
വെള്ളിമേഘം വകഞ്ഞു വന്നുദിച്ചു സൂര്യൻ.
സത്യദേവപ്രകാശിതൻ വരുന്നു വിണ്ണിൽ
നിത്യദീപത്തെളിച്ചവും കനിഞ്ഞു മണ്ണിൽ.

ശക്തിയോടങ്ങുണർന്നിടും ധരിത്രിമെല്ലേ
ഭക്തിസാന്ദ്രം വണക്കവും മൊഴിഞ്ഞു നില്പൂ.
പൂങ്കുയിൽപാട്ടുണർത്തിടുംജനസമൂഹ-
മാനസത്തിൽ പ്രതീക്ഷയും തളിർത്തിടുന്നു.

പുഞ്ചിരിപ്പൂവണിഞ്ഞൊരീ മലർച്ചെടിക്കും
മാരി പെയ്യുംതണുപ്പിനാൽ മുഖം കുനിഞ്ഞു
പൂമരത്തിൽ ചിലച്ചിടും കിളിക്കുരുന്നിൻ
കുഞ്ഞുമോഹത്തളിർമുഖം വിറച്ചിടുന്നു.

അംബരേശൻ കരങ്ങളാൽ തലോടിടുന്നു
അംബുജത്തിന്നിതൾകളിൽ സരോവരത്തിൽ.
തുമ്പിതുള്ളുംമലർകളിൻ ഹൃദന്തമെല്ലാം
സുപ്രഭാതം പറഞ്ഞു നല്‌വണക്കമോതി.

പ്രഭാതവന്ദനം 144
പൊന്നുഷഃകിന്നരം


ചെന്തളിർതേൻചൊടിയിൽ
പുഞ്ചിരിപ്പൂക്കളുമായ്
ഭാസ്‌ക്കരൻ ദീപവുമായ്
വാനിലേക്കാഗമമായ്.

പൂങ്കുയിൽ പാടിവരും
താമരപ്പൂവിരിയും
മുറ്റവും പൂവണിയും
വന്ദനം ചൊല്ലിടുവാൻ.

പൂമ്പുലർ പൂമണലിൽ
കാകനും മൈനകളും
ഉപ്പനും വന്നണയും
വന്ദനം ചൊല്ലിടുവാൻ.

മന്ദമായ് മാരുതനും
പൂക്കളിൽനിന്നുയരും
ഗന്ധവും പേറിവരും
വന്ദനം ചൊല്ലിടുവാൻ.

പൊന്നുഷഃകിന്നരവും
പൂവിളിപ്പൊന്നലയും
കേട്ട് ഞാനങ്ങുണരും
വന്ദനം ചൊല്ലിടുവാൻ.

പ്രഭാതവന്ദനം 143
പൊന്നുഷച്ചന്തം


സൂര്യകാന്തിപ്പൂവിൻ ഭംഗിയോടെ
അംബരത്താഴ്വാരം പൂകുമർക്കാ,

ചെന്തളിർചുണ്ടിൽ നല്ലീണമോടെ
പൂങ്കുയിൽ പാടും നിൻ കീർത്തനങ്ങൾ.

അങ്കണത്തോട്ടത്തിൽ പൂവിടർന്നു
അംബുജം കൈകൂപ്പാൻ കൺ തുറന്നു

മുല്ലയും മുറ്റത്തിൽ പൂത്തുനിന്നു
ചിത്തവും മോഹത്താൽ പൂവണിഞ്ഞു.

പാരിജാതപ്പൂവിൻ ഗന്ധമോടെ
കാറ്റിലാടീടുംപൂഞ്ചില്ല കണ്ടു

ദിവ്യചൈതന്യത്തിൻ ദീപമേന്തി
നന്മകൾ പൂക്കും നൽസുപ്രഭാതം.

പാരിടത്തിൽ സ്വർഗം താണിറങ്ങും
പൊന്നുഷച്ചന്തത്തിൽ ഞാൻ മയങ്ങി.

ദിവ്യമാമൈശ്വര്യക്കാഴ്ചകാണാൻ,
മൽസഖേ, നീയും വന്നെത്തുകില്ലേ.

പ്രഭാതവന്ദനം 142
ദൈവപ്രസാദം


ബാലാർക്കബിംബം പൂർവേയുദിച്ചു
രശ്മിക്കരം നീട്ടിത്തൊട്ടുണർത്തി.

മാരിക്കുളിർത്തെന്നൽ വീശിടുമ്പോൾ
ആരാമപൂക്കൾക്കാമോദമായി.

പുള്ളിക്കുയിൽപ്പാട്ടിൻ രാഗതീർത്ഥം
സോപാനഗീതത്തിൻ താളമേളം

സ്നേഹപ്രഭാതത്തിൻ പുഞ്ചിരിത്തേൻ
ദൈവപ്രസാദത്തിൻ മംഗളങ്ങൾ.

പൂത്തുമ്പി വന്നൂ നൃത്തം തുടങ്ങി
പൂക്കൾക്കുചുറ്റും പാറിക്കളിച്ചു.

സുപ്രഭാതത്തിൻ രാഗാർദ്ര ഗീതം
സ്വർഗ്ഗാനുരാഗശ്രുതി മീട്ടി നിന്നു.

നിത്യപ്രതീക്ഷപ്രകാശാത്മനേ നിൻ
സത്യസ്വരൂപത്തെയെന്നും വണങ്ങാം.

പാരാകെയെപ്പോഴുമുത്സാഹമേകാൻ
വാനത്തുദിക്കുന്നയർക്കാ വണക്കം !

പ്രഭാതവന്ദനം 141
കാഞ്ചനകാഴ്ച


സുപ്രഭയേകിയുദിച്ചുയരുന്നൊരു ഭാസ്‌ക്കരനെ-
ക്കണ്ടു നമിച്ചു വിടർന്നു ചിരിച്ച സരോരുഹമേ,

നിന്നനുരാഗമൊഴിച്ചിരികണ്ടുണരാനരുണൻ
രാവിലെ വാനിലണഞ്ഞു, ധരിത്രി പ്രകാശിതയായ്.

മുല്ല വിരിഞ്ഞു സുഗന്ധസുലേപിതനായ് പവനൻ
മന്ദമൊരുങ്ങിയിറങ്ങി വരും നവകിന്നരവും

അങ്കണമാകെ നിരന്നതിസുന്ദര പൂങ്കുലയും
പൂങ്കുയിൽ പാടിയുണർത്തിയ പക്ഷികുലങ്ങളുമായ്

തെച്ചിമലർകഥ കേട്ടൊരു നൽതുളസീദളവും
പുഞ്ചിരി തൂവിയ മഞ്ഞമലർക്കണിമംഗളമായ്

കണ്ണനണിഞ മണിക്കൊലുസൊന്നു പതിഞ്ഞതുപോൽ
ഇന്നു പ്രഭാതമിതെന്തൊരു ചന്തമണിഞ്ഞിവിടെ.

കാതിനു പീയുഷമേകിയ പൂങ്കുയിൽഗീതികയിൽ
കണ്ണിനു കാഞ്ചനകാഴ്ചയൊരുക്കിയ പൂമ്പുലരി

നിത്യവുമിങ്ങനെ സ്വർഗ്ഗസുഖം തരുവാനണയും
സുന്ദര സൂര്യനെയൊന്നു നമിച്ചു വാങ്ങിവരാം.

പ്രഭാതവന്ദനം 140
പുലരിക്കതിരോൻ


അരുണാ, വരു പൊൻകിരണവുമായ്
കരുണക്കണിയായ് മലമുകളിൽ.
കരുണാകരനെ തൊഴുതിടുവാൻ
പുലരിക്കമലം വിടരുകയായ്.

കുയിലിൻ സ്വരമങ്ങുയരുകയായ്
ധരയിൽ നലമായ് പ്രഭ ചൊരിയൂ.
കിരണം തഴുകിത്തരിവളയാൽ
കുസുമം വിരിയാനഴകഴകായ്.

പുലരിക്കതിരോനുയരുകയാൽ
കിരണാവലികൾ ചൊരിയുകയായ് .
തൊടിയിൽ മലരും കലികകളും
ദിനവും വിടരും നവചിരിയിൽ.

മലരിൻ മധുവുണ്ടതിരസമായ്
കരിവണ്ടുകളും വരിവരിയായ്
ചിറകിൽ പലവിധകലകളുമായ്
ശലഭം കളിയാടിടുമരികിൽ.

പ്രഭാതവന്ദനം 139
പ്രദീപ്തിച്ചിരി


പ്രഭാതത്തുടിപ്പിൻറെയുടുപ്പുമെടുത്തിട്ടു
കുങ്കുമക്കുറിച്ചാർത്തുമണിഞ്ഞ പ്രഭാതത്തിൻ

പ്രകാശം പരത്തുന്ന ദിനേശകണിക്കാഴ്ച
പ്രകീർത്തിച്ചരിത്രത്തെയുണർത്തിവരുന്നെന്നും.

പ്രദീപപ്രവാളത്തിലലിഞ്ഞു സസന്തോഷ-
പ്രഭാവം മനസ്സിന്റെ പ്രതീക്ഷ വളർത്തുന്നു.

പ്രദോഷത്തിരശ്ശീലയടുത്തു വരുന്നോളം
പ്രദീപ്തിച്ചിരിത്താളമുയർത്തി നടന്നീടാം.

പ്രഭാതവന്ദനം 138
മഴവിഭാതം

സുഖദമായൊരു സുദിനമോതിടാൻ
ദിനവുമെത്തിടും ദിനകരൻ

രജനിതന്നിലെ ഇരുളു മായ്ച്ചവൻ
ഒളിപകർന്നിടാനണയുമെ.

അകലെയായ് രവി ഉദയമായതിൽ
ധരയിലേക്കൊളി പതിയുമെ.

അരുണശോഭയിലരുമയായ് ദിനം
പുതുമ തേടുമീ പുലരിയിൽ

ഇനനുമായിനി കുശലമോതുവാൻ
വിരിയുമംബുജം ചിരിയുമായ്.

അഴകെഴും നവകുസുമമോതിയീ
മഴവിഭാതവും സുഖകരം.

തൊടിയിലെത്രയോ മലർവിരിഞ്ഞിതാ
ചൊടിയിലോമനച്ചിരിയുമായ്.

അതിമനോഹര ശലഭമൊന്നിതാ
മധു നുകർന്നിടാൻ വരികയായ്.

കുയിൽ വരുന്നതിമധുരഗീതക-
ശ്രുതി പകർന്നിടാനുഷയുമായ്.

ഉദയമാമൊരു സുഖദസുകൃതം
ധരയിലാകെയമൃതമരുളി.

പ്രഭാതവന്ദനം 137
ജീവൻ കാക്കാം


വികൃതി കാട്ടീടുന്ന മേഘത്തെ മെല്ലേ നീക്കി
കയറി വാനിലേക്കാ ഭാസ്ക്കരജ്യോതിയിന്നും

ഉദയം കണികാണാൻ, സൂര്യന്റെ ദിവ്യവെട്ടം
ദിനവും കാത്തുനില്ക്കാനേറെയാണെനിക്കിഷ്ടം.

കുളിയും തേവാരവും കഴിഞ്ഞു വന്നുവെന്നാൽ
ഗഗനം നോക്കിനിന്നു പൂക്കളോടൊത്തു ഞാനും.

ധരയിൽ ചരാചരംസർവ്വവും കൺ തുറന്നു
തെളിയും പ്രകാശത്തിൽ പ്രതീക്ഷ നിറഞ്ഞിന്നും

നിറയും പ്രതീക്ഷതൻ മുത്തുകൾ പെറുക്കി ഞാൻ
ഹൃദയച്ചെപ്പിനുള്ളിൽ ഭദ്രമായ് സൂക്ഷിച്ചിടും.

ഭഗവാൻ നിറവേറ്റും സ്വപ്‌നത്തിൻ വരകൾ ഞാൻ
മനസ്സിൻ ഭിത്തിയിലെ ആണിയിൽ തൂക്കുമല്ലോ

നയനാനന്ദമോടെ ഓരോന്നായ് വായിച്ചു ഞാൻ
കരളിൽ ദിനം ദിനം താലോലിച്ചിടും മെല്ലേ.

വിജയം കാണാതെ പോയ് മറയും പ്രതീക്ഷകൾ
ജയമായീടുംവരെ ത്യാഗത്തിൽ പിന്തുടരും.

ഇവിടെ ഈ വർഷമെൻ പ്രതീക്ഷയെന്താണെന്നോ
ധരയിൽ മമ ജീവൻ കാക്കുവാൻ ശ്രദ്ധിക്കണം

പ്രളയം വരാതെയും കോവിഡ് പിടിക്കാതെയും
സസുഖം വാണീടണം സർവരുമീ ജഗത്തിൽ.

പ്രഭാതവന്ദനം 136
തെളിദീപം


രജനിതന്നിരുൾപുതപ്പെടുത്തുമാറ്റി
കതിരവൻ കണിയായ് തെളിഞ്ഞു വിണ്ണിൽ.

മുകിലുകൾ നിരയായണഞ്ഞു വാനിൽ
ഇരുളണിഞ്ഞതിവേഗമീ പ്രഭാതം.

മണിമുകിൽ മഴയായുതിർന്നു മണ്ണിൽ
അരുണനിൻ തെളിദീപമെത്തി വീണ്ടും.

തൊടികളിൽ ചെടികൾ മുഖം നിവർത്തി,
കലികകൾ വിരിയാൻ കൊതിച്ചു നിന്നു.

മലരുകൾ കഥ ചൊല്ലുവാൻ വിളിച്ചു
ശലഭവും ചിരിതൂകി ചാരെ വന്നു

തളിരിലച്ചിരി കണ്ടു ഞാൻ ചിരിച്ചു
പുലരിതൻ പ്രഭകണ്ടു പുഞ്ചിരിച്ചു.

കിളികളും കുയിലും പറന്നിറങ്ങി
കളകളം ശ്രുതി ചേർത്തു പാടിടുന്നു

കമലവും കണിയേകി വിരിഞ്ഞു നിന്നു
മമതയാൽ മൊഴിയുന്നു സുപ്രഭാതം.

പ്രഭാതവന്ദനം 135
വന്ദനധനം!


അരുണോദയനണയും നവപുലരിപ്രഭ തൊഴുകാൻ
അതിരാവിലെയുണരും മമ കിരണാ തവ ശരണം.

കരുണാകരരവിവന്നൊളിപകരുന്നൊരു സമയം
പുതുതായൊരു പ്രഭയങ്കണമണലിൽപതിയുകയായ്.

ഗഗനത്തിരുവൊളിതൂവിയ ഭഗവാനുടെ വദനം
ധരയിൽ വരശുഭദർശനഭവദായകയരുളായ്‌

ദിനമിങ്ങനെ കണിദീപികസുരകാഴ്ചയിലുണരാൻ
അതിയായൊരു സുഖമാണതുമറിയാമിതിയുലകിൽ.

അഴകോടെയൊരനുരാഗിണി ചെറുതാമരയിതളും
രവിതന്നുടെ കിരണാവലി തഴുകുന്നതിൽ വിരിയും

അകലത്തിലെയതിശോഭിതതിരുപർവയിൽ വിടരും
കമലത്തിലെയിതളങ്ങനെ പുതുനാണവുമണിയും.

തൊടിയിൽ വരിവരിയായ് ചിരിയുതിരും പല മലരിൽ
ശലഭങ്ങളുമണിയായ് മധു നുകരാനിനി വരവായ്.

കുയിലും കിളികുലവും ശ്രുതിസുഖരാഗമൊടണയും\
സുരസുന്ദരസുവിഭാതസുദിനവന്ദനധനമായ്.

പ്രഭാതവന്ദനം 134
പുലരി


അർക്കൻ മഴയാലൊളിഞ്ഞഗഗനെ
മേഘക്കലകൾ മുഷിഞ്ഞപുലരി
കാറ്റിൻ ഗതിയാലുലഞ്ഞു വരുമാ
ചാറ്റൽമഴയിൽ നനഞ്ഞപുലരി.

പെയ്യുംമഴയിൽ കുളിർന്നു സുഖമായ്
ചൂടിൻ കഠിനം കുറഞ്ഞപുലരി
മുറ്റം നിറയും ജലത്തിലൊഴുകും
കപ്പൽകളിയെ സ്മരിച്ചപുലരി

പൂവിൽ ശലഭം നുകർന്ന മധുര-
ത്തേനിൽ കിളികൾ കൊതിച്ചപുലരി.
കാറ്റിൻ കുളിരിൽ തണുത്ത മലരും
ഞാനും മണലും ചിരിച്ചപുലരി

പ്രഭാതവന്ദനം 133
സുദിനം


അംബരനിടിലിൽ കുങ്കുമതിലകം
പുഞ്ചിരി വിതറിക്കൊണ്ടൊരു നടനം
ദർശനസുഖമോടെന്നുടെ നയനം
വന്ദനമൊഴിയായ് ചൊല്ലിയി സുദിനം.

അഞ്ചിതൾമലരിൻ സുന്ദരമൊഴിതൻ
കൊഞ്ചലു രസമായ് കേൾപ്പതു തൊടിയിൽ.
തുമ്പികളരികിൽ പൂവിലെ മധുര -
ത്തേനിനെ നുകരുന്നേറെ ലഹരിയിൽ

മോഹനമിഴികൾക്കഞ്ജനമെഴുതി
കിന്നരമണിതൻ തൊങ്ങലുകളുമായ്
തെന്നലിലിളകീ ചില്ലകളഴകായ്
വന്ദനവദനത്തോടെയി സുദിനം.

രാവിലെയണയും വാനവനരുണൻ
കണ്ണിനു കണിയായ് കാണ്മതു സുഖദം.
സർവ്വവുമുണരാൻ സുപ്രഭയരുളീ
ശോഭനകിരണം തൂവിയി സുദിനം.

പ്രഭാതവന്ദനം 132
സുകൃതലയം


സൂര്യപ്രകാശം പരന്നു നഭസ്സിൽ
സുഖദമൊടു വിടരുമൊരു പുലരിയതു കണ്ടു.

മേഘവൃന്ദങ്ങളാൽ മൂടുന്ന നേരം.
പുലരിയിലെയരുണനുടെ കിരണവുമൊളിച്ചു.

അർക്കൻറെ ശോഭയ്ക്കു മുന്നിൽ വിരിഞ്ഞു
തൊടികളിലെ മലരിയവ ചൊടിയഴകുമായി

പൂക്കളിൻ തേൻ നിറഞ്ഞീടുന്ന നേരം
ശലഭമൊരു മലരിനൊടു കുശലമതു ചൊല്ലി

ചുറ്റും പറന്നൂ രസിച്ചൂ പ്രഹർഷം
മധുരമധു നുണയുവതിനൊരു കുതുകിയായി

കൊക്കുകൾ മെല്ലേ മിനുക്കീ രസിക്കും
പുലരിമഴ നനയുമൊരു കുയിലിണയും വന്നു

ഞാനേറ്റുപാടീടുവാനെന്നപോലെ
കുളിരുമൊരു പവനനുടെ വിറയിലതു പാടി.

ചങ്ങാതിമാരായ, യേവർക്കുമായി
ഹൃദിനിറയുമധുവചന വരിഷമിനിയേകാം

ചിത്തം കുളിർക്കെ പുലർവന്ദനങ്ങൾ.
സുകൃതലയസുഖദമൊരു ശുഭദിനവുമോതാം.

പ്രഭാതവന്ദനം 131
സുകൃതലയം


സൂര്യപ്രകാശം പരന്നു നഭസ്സിൽ
സുഖദമൊടു വിടരുമൊരു പുലരിയതു കണ്ടു.

മേഘവൃന്ദങ്ങളാൽ മായുന്നതാലെ
പുലരിയിലെയരുണനുടെ കിരണവുമൊളിച്ചു.

അർക്കൻറെ ശോഭയ്ക്കു മുന്നിൽ വിരിഞ്ഞു
തൊടിമലരുചൊടികളിലെ ചിരിയലഞൊറിഞ്ഞു.

പൂക്കളിൻ തേൻ നിറഞ്ഞീടുന്ന നേരം
ശലഭമൊരു മലരിനൊടു കുശലമതു ചൊല്ലി.

ചുറ്റും പാറന്നൂ രസിച്ചൂ മുദത്തിൽ
മധുരമധു നുണയുവതിനൊരു ചിരി ചിരിച്ചു.

കൊക്കുകൾ മെല്ലെ മിനുക്കീ രസിക്കും
പുലരിമഴ നനയുമൊരു കുയിലിണയും വന്നു

ഞാനേറ്റുപാടീടുവാനെന്നപോലെ
കുളിരുമൊരു പാവനനുടെ വിറയിലതു പാടി.

ചങ്ങാതിമാരായയേവർക്കുമായി
ഹൃദിയിലതിപ്രിയമൊടിനി ചൊടിചിരിയിലോതാം

ചിത്തം കുളിർക്കെ പുലർവന്ദനങ്ങൾ
സുകൃതലയസുഖദമൊരു ശുഭദിനവുമോതാം.

പ്രഭാതവന്ദനം 130
നിറദീപം


സർവ്വപ്രകാശിതാ, മലമേലെ നിൻ
രൂപത്തിൻ ദർശനം തരണേ ദിനം.
സത്യസ്വരൂപനേ, വരദായകാ!
ചിത്തേ വസിക്ക നീ നിറദീപമായ്

നിത്യപ്രതീക്ഷതൻ തെളിദീപമായ്
വാനത്തുദിച്ചിടും കണിദീപമേ,
ബുദ്ധിപ്രകാശനം ദിനമേകുവാൻ .
ചിത്തേ വസിക്ക നീ നിറദീപമായ് !

ഭൂലോകനാഥനായണയുന്ന നിൻ
ജ്ഞാനോദയത്തിനാലുണരുംമനം
നന്മപ്രഭാതമായരുണോദയാ
ചിത്തേ വസിക്ക നീ നിറദീപമായ !

തേജോമയാ! രവീ! കരുണാകരാ!
നിത്യച്ചിരാതൊളിത്തിരിനാളമേ,
നിത്യം വണങ്ങിടാം മനമോടെ ഞാൻ.
ചിത്തേ വസിക്ക നീ നിറദീപമായ് !

പ്രഭാതവന്ദനം 129
ഉദയം


അകലെ സൂര്യനുദിച്ചു വരുന്നിതാ
അകമെ നല്ല പ്രതീക്ഷയുയർത്തിടാൻ
ഇനിയ രാഗസുധാസ്വരഗീതമായ്.
ഇണയുമായൊരു പൂങ്കുയിൽ ഗീതികാ

ഉയരുമാസ്വരമെന്നെയുണർത്തിയി-
ന്നുദയസൂര്യനു വന്ദനമോതി ഞാൻ.
എതിരെ വന്നു സുഗന്ധസുഖം തരും
എളിമയായ് തഴുകും നവ മാരുതൻ.

ഒരുമയോടെ വിടർന്നു നിരന്നിതാ
ഒരു മലർക്കുല നിന്നു ചിരിക്കവേ,
ഒരു തുടർക്കഥപോലെയൊരുക്കമായ്
ഒടുവിലെത്തിടുമാ ശലഭങ്ങളും.

പ്രഭാതവന്ദനം 128
ആകാശദീപം


ആദിത്യദേവന്റെ ദിവ്യരൂപം
ആദ്യത്തെ ദൈവം പ്രപഞ്ചസത്യം.
ആകാശദീപം തെളിഞ്ഞുനിന്നാൽ
ആമോദമാണീ പ്രപഞ്ചമാകെ.

ആകർഷമോടുള്ള രശ്മികണ്ടു
ആർത്തങ്ങിരമ്പുന്ന പക്ഷിവൃന്ദം
ആഹ്ളാദമായിച്ചിലച്ച ശബ്ദം
ആഞ്ഞൊന്നു വന്നെന്റെ കാതിലെത്തി

ആ കാഴ്ച കാണാനൊരുങ്ങി ഞാനും
ആശിച്ചു മുറ്റത്തിറങ്ങി നിന്നു.
ആമ്പൽകുളത്തിൽ സരോരുഹങ്ങൾ
ആരാധികത്താലമേന്തിനിന്നു.

ആകാംക്ഷയോടെത്തി തേൻ നുകർന്നു
ആനന്ദമായ് തുമ്പി മൂളിടുമ്പോൾ
ആരാമപുഷ്പങ്ങളൊക്കെക്കണ്ടൂ
ആലോലമാടുന്നു സുപ്രഭാതം.

പ്രഭാതവന്ദനം 127
സ്മിതത്തിളക്കം


കിഴക്കു ചെമ്മാനം തുടുത്തു കണ്ടെന്നാൽ,
നമിച്ചുനിന്നീടും സരോരുഹം ഭൂവിൽ.
മുഖത്തെ നാണത്തിൻ സ്മിതത്തിളക്കത്തിൽ
രസിച്ചു ബാലാർക്കൻ തെളിഞ്ഞിടും വിണ്ണിൽ.

ഉദിച്ചുയർന്നെത്തും സുശോഭസൗന്ദര്യം
ജഗത്തിലെത്തിക്കും ദിനം ദിനം രശ്മി
മലർകളെയെല്ലാം കൊതിച്ചു ചുംബിച്ചു
വിടർത്തിയുല്ലാസക്കുളിർമ്മയേകിടും.

തികഞ്ഞസന്തോഷം മുഖത്തു കാണിച്ചു
വിളിച്ചനേരത്തു വരും പതംഗങ്ങൾ
മദിച്ചു മോദത്താൽ പറന്നു പൂന്തോപ്പിൽ
സുഖിച്ചു ചുറ്റുമ്പോൾ മനസ്സിലാഘോഷം.

പ്രഭാതനേരത്തിൽ മരത്തിലെത്തീടും
അണിൽ ചിലയ്‌ക്കുന്നാ ചിലുച്ചിലു ശബ്ദം
കുയിൽകുലം കേട്ടു രസിച്ചു പാടുമ്പോൾ
മനസ്സിലുണ്ടാകും നനുത്ത സ്വപ്‌നങ്ങൾ.

വിടർന്നപുഷ്പത്തിൽ നിറഞ്ഞ പൂന്തേനിൽ
രമിച്ചു മാധുര്യം നുകർന്നു മോദത്താൽ
മൊഴിഞ്ഞു നന്നാളിൻ ശുഭപ്രഭാതത്തിൻ
കുളിർന്നയാശംസാവരം പ്രകീർത്തിച്ചു.

പ്രഭാതവന്ദനം 126
ദിനത്തിന്റെ നാഥാ


നഭസ്സിൽ തെളിഞ്ഞൂ കനൽക്കട്ടപോലേ
ജഗത്തിൽ കരുത്തേകിടാൻ നിത്യമെത്തീ
വിളിച്ചൊന്നുണർത്തും ദിനത്തിന്റെ നാഥാ
കരം കൂപ്പി നിന്നെത്തൊഴുന്നൂ ജനങ്ങൾ.

ചിരിക്കുന്ന നിന്റെ മുഖം കണ്ടു നിത്യം
വിരിഞ്ഞങ്ങു നില്പൂ തൊടിപ്പൂക്കളെല്ലാം.
പ്രഭാതത്തിലെന്നും വിഹായസ്സിലെത്തീ
സരോജത്തിനേറേ സസന്തോഷമേകും.

പ്രണേതാരമായി വിടർന്നൂ ചിരിക്കാൻ
പ്രതീക്ഷാദിനത്തിൻ വരങ്ങൾ കരത്തിൽ
പ്രകാശപ്രഭാവം നിറച്ചൂ ജഗത്തിൽ
പ്രഭാതത്തിലെത്തുന്നയർക്കാ വണക്കം

പ്രപഞ്ചത്തിനെന്നും പ്രമോദം ചൊരിഞ്ഞും
കുയിൽപാട്ടിന്നീണം രസിച്ചങ്ങിരുന്നും
പ്രസൂനങ്ങളിൽ തേൻ നുകർന്നൂ രസിക്കും
മണിത്തുമ്പിയാണീ പ്രഭാതത്തിൻ ചന്തം.

പ്രഭാതവന്ദനം 125
സൂര്യബിംബം


നീലവാനചോലയിലെ
വെള്ളിമേഘപാളികളെ
തള്ളിനീക്കിചാരുതയിൽ
പൊങ്ങി വന്നുദിച്ചു രവി.

അംഗനയ്ക്കു നെറ്റിയിലെ
വട്ട വട്ട പൊട്ടുപോലെ
ദൂരെ ദൂരെ വാനഴകിൽ
കുങ്കുമക്കലാതിലകം.

രത്നമൊന്നു ചൂടിയപോൽ
സൂര്യബിംബമങ്ങുയരും
സുപ്രഭാതസുന്ദരനായ്
പുഞ്ചിരിച്ചു പൊങ്ങിവരും.

പൊത്തി പൊത്തി നമ്മെ ദിനം
പോറ്റിടുന്നൊരച്ഛനേപോൽ
ജീവകത്തെയേകി സദാ
കാത്തിടുന്ന നാഥനവൻ.

രാപ്പകൽ നിനച്ചിടാതെ
സേവചെയ്യുമമ്മയേപോൽ
വിശ്രമിച്ചിടാതെ ദിനം
കത്തിനിന്നു ജ്വാലയായ്,

പാരിനാകെ സേവകനായ്
നിത്യമങ്ങെരിഞ്ഞുരുകും
ധർമ്മകർമ്മപാലകനേ
കൈയെടുത്തു കുമ്പിടുവേൻ.

പ്രഭാതവന്ദനം 124
ഉദയാർക്കൻ


അരുണോദയത്തിന്നമൃതം കുഴച്ചു
ഉദയാര്‍ക്കബിംബം തെളിഞ്ഞു നഭസ്സില്‍
മഴമേഘമിന്നും ധരിത്രി നനച്ചു
ചെറുതായി ചാറല്‍ ചൊരിഞ്ഞു രസിച്ചു.

കിരണങ്ങളെല്ലാമതിവേഗമെത്തി
മലരോടുമെല്ലേ കുശലങ്ങളോതി
ഗഗനത്തിലെത്തുന്ന വിശേഷമൊക്കെ
ഗമയോടുരച്ചു സുഖലാളനത്താൽ.

ശലഭങ്ങളെത്തി നടനം തുടങ്ങി
അതുകണ്ടുനിന്ന കുയിലും മൊഴിഞ്ഞു
സഖി നീയുണര്‍ന്നോ..മിഴികള്‍ തുറന്നോ..
ഉദയാര്‍ക്കനായിപ്പറഞ്ഞോ വണക്കം?

കണികണ്ടുണർന്നു കിളികൂജനങ്ങൾ
മുദമോടെ മുറ്റത്തണിയായ് നിരന്നു,
സുദിനം കുറിക്കാൻ തുണയായി നീയും
മയിൽപീലിതൂവൽ കാരമേന്തി വായോ.

പ്രഭാതവന്ദനം 123
വാനമെത്ര സുന്ദരം


കുങ്കുമത്തിൻധൂളിയാൽ ഭംഗിയോടെ നിത്യവും
വാനിതിൽ വരയ്ക്കുമാ ചിത്രകാരനാരിതോ...?

സുപ്രഭാതകാഴ്ചയിൽ വാനമെത്ര സുന്ദരം
പൂത്തുനിന്നപൂമരം കായ്ച്ചതാണൊയീ പഴം?

മൂത്തുപോയിടുന്നതിൻ മുന്നെയായെടുത്തിടാം
കൈപിടിച്ചു കൂടെവാ കൂട്ടുകാരെ നിങ്ങളും

വർണ്ണചിത്രപക്ഷവും വീശിവീശിപ്പാറി നാം.
വെള്ളിമേഘപാളികൾ തള്ളിനീക്കിപ്പോയിടാം

ശൂന്യമാംവിഹായസ്സിൽ പൊങ്ങി ദൂരെയെത്തിടാം
ചാരെനിന്നിതാപ്പഴം തൊട്ടുനോക്കി വന്നിടാം.

മാമരത്തിൽ കായ്ച്ചുനില്ക്കും മാമ്പഴത്തെപ്പോലെയായ്
തൂങ്ങിയാടിപ്പുഞ്ചിരിക്കും പൊൻപഴത്തെയേന്തിടാം

പ്രഭാതവന്ദനം 122
പുലരിമാരി


പുലരിമാരിക്കുളിരു പെയ്തു
തെരുവിലെല്ലാം ജലകണങ്ങൾ
അരുണശോഭക്കിരണമേറ്റു
മണികളായങ്ങിലയിൽ മിന്നി.

കിളികുലത്തിൻ കലപിലയ്ക്കുൾ
കുയിലു പാടുന്നിനിയ രാഗം
മധുരമായൊന്നനുകരിക്കാൻ
മനതിലെന്നും വരുമൊരാശ.

വാക പൂത്തു പൂ കൊഴിഞ്ഞു
തെരുവിലാകേയണിനിരന്നു.
അതിനു മദ്ധ്യേയുദയസൂര്യൻ
കളിപറഞ്ഞങ്ങുയർന്നുപൊങ്ങി.

നിണമുതിർക്കുന്നധരമോടെ
സ്മിതവുമേകീയൊളിപരത്തും
ദിനകരന്റെ വരവിലിന്നും
പ്രിയമൊടോതാം സുദിനസൗഖ്യം.

പ്രഭാതവന്ദനം 121
അരുണാ വണക്കം!


അതിദൂരെ കാണുമൊരീയർക്കന്റെ രൂപം
കണിദീപശോഭസുഖമരുളുന്ന സത്യം
പ്രഭ തൂകി നിത്യവുമതിഭംഗിയോടെ
ഗഗനത്തിലെത്തീടുമരുണാ വണക്കം.

പുലരാൻ തുടങ്ങിയുമുണരാൻ മടിച്ചു
നയനം തുറക്കാതെ സുഖമായ് ശയിക്കേ,
കുയിലിന്റെ ഗീതിക ചെവിയിൽ മുഴങ്ങീ
ഉണരുമ്പോഴോതീടുമരുണാ വണക്കം.

അധരത്തിലിത്തിരി ചിരിയോടുദിച്ചു
ധരയെയുണർത്തീടാനതികാലയെത്തി
തിരിയിട്ടു കത്തുമൊരു മണിദീപം പോലെ
ധരയാകെ ശോഭ തരുമരുണാ വണക്കം.

കൊതിയോടെയർക്കന്റെ പ്രഭ കാത്തു നില്ക്കും
തൊടിയാകെ നിത്യവുമൊളിതൂകിയെത്തി,
മലർകൾ വിരിഞ്ഞതിമുദമോടെ നില്ക്കാൻ
കിരണം ചൊരിഞ്ഞീടുമരുണാ വണക്കം.


പ്രഭാതവന്ദനം 120
സുരസുപ്രഭാതം


പുലരിയിൽ തെളിഞ്ഞൊരു ദീപമായി
ദിനകരൻ ചെമന്നു തുടുത്തു വാനിൽ
അഴകെഴും ധരിത്രിയലങ്കരിച്ചു
ഹരിതശോഭിതം സുരസുപ്രഭാതം.

ഇടിമുഴക്കമായ് മണിമേഘമാകെ
ചെറിയ മിന്നലും പുലരിക്കു ചന്തം.
ഇരുളു വന്നു മൂടിടുമോ പ്രഭാതം?
മഴ നനഞ്ഞു മങ്ങിടുമോ പ്രഭാതം?

കിളികുലം പറന്നകലാനൊരുങ്ങെ,
മലർമുഖത്തെ പുഞ്ചിരിക്കൊരു മങ്ങൽ.
കുളിരുപാകി തെന്നലു കുറുമ്പുകാട്ടി
തഴുകി വന്നു പൂമരചില്ലയാട്ടി.

പുലരി മങ്ങിയീ മഴ പെയ്തിറങ്ങി
മമ മനം മഴച്ചിറകിൽ പറന്നു
വിഹഗമായ് വിഹായസിലേക്കു പാറി
തൊടിമലർകളാകെ തരിച്ചുനിന്നു.

സഹജരേ.., പറന്നു പറന്നു ചെല്ലാൻ
മഴ നനഞ്ഞു പാരിടമാകെ ചുറ്റാൻ,
വരിക നിങ്ങളും തുണയായി കൂടെ
ചിരിതൂകി ചൊല്ലുവാൻ സുപ്രഭാതം.

പ്രഭാതവന്ദനം 119
മഴയെത്തുമോ?


മഴമേഘവാനിലെ സൂര്യനിന്നും
ഒരു കള്ളകാമുകനെന്നപോലെ
ചിരിയോടിടയ്ക്കിടെയെത്തിനോക്കി
ചെറുഭൂമിപെണ്ണിനെ നാണിപ്പിച്ചു.

മണലോടു കിന്നരമോതിയോതി
കിളികൾ കുണുങ്ങി നടന്നിടുന്നു.
അതുകണ്ടു പൂക്കളുമാശയോടേ
ചിരിതൂകിനിന്നു രസിച്ചിടുന്നു.

മലർവാകപൂത്തൊരു കുഞ്ഞുകൊമ്പിൽ
ചിറകും മിനുക്കിയിരുന്നു മെല്ലെ
അനുരാഗഗീതികയോർത്തു പാടി
കുയിലൊന്നു കൂവിയുണർത്തിടുമ്പോൾ,

മഴയെത്തുമെന്നു ധരിച്ചു ഞാനും
കുസുമത്തൊടൊത്തു കൊതിച്ചു നിന്നു.
മലർകൾ വിരിഞ്ഞതു കണ്ടു ചെമ്മെ
ശലഭം പറന്നരികത്തു വന്നു,

രസമോടെ തേൻ നുകരാൻ തുടങ്ങേ
ഇടിയും മുഴക്കി വരുന്നു മേഘം
കുളിരുള്ള കാറ്റു പരന്നു വീശി
മഴയെത്തി ചൊല്ലുമോ സുപ്രഭാതം?

പ്രഭാതവന്ദനം 118
നീലാകാശം


മേഘമൊഴിഞ്ഞൊരു നീലാകാശേ
സൂര്യനുദിച്ചതി ശോഭിതനായി
ആഭ പരന്നെന്നങ്കണമാകെ
പുഞ്ചിരിതൂകിപ്പുഷ്പമുണർന്നു.

പൂക്കൾ വിരിഞ്ഞൊരു തോട്ടംതേടി
തേൻചുവ മെല്ലേയോർത്തുചിരിച്ചു
നേത്രവിരുന്നിനു മാറ്റുംകൂട്ടി
പാറിവരുന്നൂ ചിത്രപതംഗം.

കാതിനു പീയുഷരാഗമതോടെ
കോകിലഗാനമൊലിച്ചപ്രഭാതം
മേന്മ നിറഞ്ഞൊരു നല്ലമൃതത്തിൻ
നന്മകൾ വാരിച്ചൊരിയുകയായി.

സുന്ദരമായ പ്രഭാതം കാണാൻ
നിദ്രയകറ്റിയുണർന്നിതു വേഗം
തൂലിക കയ്യിലെടുത്തു സഖീ ഞാൻ
ഇന്നു പ്രഭാതക്കുറിപ്പു കുറിക്കാൻ!

പ്രഭാതവന്ദനം 117
ചാരുഹാസം.


ഗഗനശിഖരമാകേയർക്കാനാൽ പൂത്തൊരുങ്ങീ
അരുണ കിരണമെത്തീ, താമരപ്പൂമുഖത്തിൽ
ഇനിയസുഖദനാണം മിന്നിടും ചാരുഹാസം.
രവിവരനതുകണ്ടൂ രാഗലോലാനുരാഗം

മധുരവചനമോതീ പുഞ്ചിരിച്ചങ്ങു മോദാൽ
കണിസുഖമൊരു ദീപം വാനിലെത്തുന്ന നേരം
അരുണകിരണവൃന്ദം ഭൂവിലെത്തുന്നു മന്ദം
കളകളകിളിനാദം കാതിലെത്തുന്നതോടെ

കനവുകളുടെ ലോകം വിട്ടുണർന്നിന്നു ഞാനും
തൊടിമലരൊടു കൊഞ്ചിപ്പാറിമൂളുന്ന വണ്ടിൻ
സുരസുഖലയരാഗം കേട്ടൊരാനന്ദമോടെ -
ന്നകതളിരിലെ സ്നേഹം പങ്കുവച്ചീടുവാനായ്
പ്രിയസഹജരൊടിന്നും ചൊല്ലിടാം സുപ്രഭാതം..

പ്രഭാതവന്ദനം 116
സുന്ദരശുഭദിനം


കുങ്കുമവർണ്ണത്തിലാദിത്യൻ പൊങ്ങിയോ?
സുന്ദരശുഭദിനപ്രഭയെന്റെ കൺകളിൽ
വന്നു പതിക്കുന്നു, സൂര്യകിരണങ്ങൾ
നേരം പുലർന്നെന്നു ചൊല്ലി വിളിക്കുന്നു.

കിളികുലമാനന്ദമോടൊത്തു ചൊല്ലിടും
കലപിലക്കഥകളും കേട്ടിടുന്നു
പതിയെയെണീറ്റു ഞാൻ നയനവിരുന്നിലെ
പുലരിതൻ കാഴ്ചകൾ കണ്ടു രസിക്കാനായ്.

അകലേ വാനിലെയരുണോദയത്താൽ
പുലരിതന്‍ പൊന്‍കിരണങ്ങളേറ്റു
പുഞ്ചിരി തൂകിയെന്നങ്കണവാടിയില്‍
കിന്നാരം ചൊല്ലി പുന്നാരപ്പൂവുകൾ.

നനുത്ത ദളങ്ങളില്‍ മന്ദമായ് മാരുതന്‍
തഴുകിപ്പരത്തുന്ന നറുമണം വന്നതിൽ
മധു നുകര്‍ന്നീടുവാന്‍ വട്ടമിട്ടങ്ങനെ
പാറിപ്പറക്കുന്നു വര്‍ണ്ണശലഭങ്ങൾ.

ഈ കണ്ടകാഴ്ച്ചയിൽ ഞാനും മയങ്ങി
മിഴികൾ വിടർത്തി, ചിറകു വിരിച്ചു,
വർണ്ണവിഹായസ്സിൽ ചായങ്ങൾ തേയ്ക്കുവാൻ
മേലേക്കു നോക്കി പാറിപ്പറന്നല്ലോ.

പ്രഭാതവന്ദനം 115
അരുണമുഖം


കരിമഷിയാൽ കണ്ണെഴുതി
ഉദയഗിരിപൂത്തിലകം.
ഇനിയ പ്രഭാതക്കലയായ്
ശുഭദിനനാഥൻ വരുമെ.
\
കലികമുഖചാരുതതൻ
മൃദുലതയിൽ തൊട്ടു രവി
ശ്രുതിലയമായ് തഴുകിടുകിൽ
ഇതൾ വിടരും താമരയിൽ.

അധരമതിൻ പുഞ്ചിരിയിൽ
അഴകൊഴുകും തേന്മൊഴിയാൾ
മിഴികളിലേ കാവ്യവുമായ്
വിരിയുകയായാമ്പലുകൾ.

നയനമതിൽ രാഗവുമായ്
അരുണമുഖം കാണുകയാൽ,
മൊഴിയുകയായ് വ്രീളയവൾ
തൊഴുതുടനേ വന്ദനവും.

പ്രഭാതവന്ദനം 114
മഴത്താളം


മഴത്താളമാണീ പ്രഭാതത്തിനിന്നും
മടിച്ചങ്ങു വന്നു വിഭസ്വാൻ നഭസ്സിൽ.
മഴത്തുള്ളി മെല്ലേയൊഴിഞ്ഞങ്ങു തന്നാൽ
തെളിഞ്ഞീടുവാനായ് തരം നോക്കി നില്പൂ.

മലർചന്തമെല്ലാം മഴത്തുള്ളിയാലെ
നനഞ്ഞു കുളിച്ചു കുനിഞ്ഞങ്ങിതാടി.
മണൽകീറി വന്നു കുരുപ്പും നിറഞ്ഞു
കുയിൽ കൂസലില്ലാതെ കൂവുന്നതുണ്ടേ.

മയൂഖങ്ങളെത്താൻ മനസ്സിൽ കൊതിച്ചു
ദിനേശൻ ഉദിക്കാൻ ക്ഷമിച്ചങ്ങു നില്ക്കും
തൊടിക്കുള്ളിലുള്ള മലർകൾക്കു ചൊല്ലാം
സ്വയംഭൂ നിറച്ചെൻ ശുഭസുപ്രഭാതം

പ്രഭാതവന്ദനം 113
പുലർകാഴ്ച


ഗഗനമാകെ ചെമന്നു തുടുത്തൊരാ
വദനമോഹന ചാരുതയില്‍ സദാ
സുഖദസുന്ദരരശ്മികളൊക്കെയും
പുലരിതൻ കഥ ചൊല്ലി മലർകളിൽ.

വെയിലുദിച്ചൊരു നേർത്തപ്രഭാതമേ
മണിമുകിൽകളിരുണ്ടു വരുന്നിതാ
മഴവരുന്നതുപോലതിശക്തമായ്
പവനകിന്നരമെത്തി സുഖവാഹം.

ചിരിയെ മാച്ചു നിരന്നു മുകിൽകളും
പതിയെ മഴയായ് ചൊരിയുന്നിതാ
കുളിരു കോരി വിറച്ചു വിടർന്നിടും
മലരു മെല്ലെ മൊഴിഞ്ഞു പ്രഭാതമായ്

മഴ നനഞ്ഞ പ്രഭാത കുളിർമയിൽ
വിടരുമീ പുതുപൂക്കളിലാശയായ്
മധു നുകർന്നു രസിച്ചിടുവാനൊരു
ശലഭമൊന്നു പറന്നു വരുന്നിതാ.

അതിവിദൂരതയിൽ ചെറു പക്ഷികൾ
അഴകുചിത്രമൊരുക്കി പറന്നിതാ
അകലെയായിയകന്നു മറഞ്ഞിടും
അരുമയായൊരു കാഴ്ച പുലർച്ചയിൽ.


പ്രഭാതവന്ദനം 112
കാര്‍മേഘജാലം


ചെമ്പട്ടു ചുറ്റി, ഒളിയായുദിച്ചു
വാനത്തു നിന്നു കിരണം ചൊരിഞ്ഞു

രശ്മിയയച്ചു ധരയൊന്നുണര്‍ത്താ-
നായുന്ന സൂര്യന്‍റെ മുഖം മറച്ചു

കാര്‍മേഘജാലം നിരയായി നിന്നൂ
ചാറല്‍ കൊരുത്തു മഴയായിറങ്ങി

സൂര്യന്‍ മറഞ്ഞങ്ങിരുളായ് പ്രഭാതം.
പെട്ടെന്നു മങ്ങുംപ്രഭയങ്ങു പോയി

വാടുന്ന ഭൂവില്‍ പരിതാപമേറി
കാര്‍മേഘജാലം വഴിമാറി വീണ്ടും

അര്‍ക്കന്‍റെയാസ്യം ചിരിയാല്‍ വിടര്‍ന്നൂ
പാരിന്നു വീണ്ടും പ്രഭയേകിനിന്നൂ.

സന്തോഷമോടെ പ്രിയകൂട്ടുകാര്‍ക്കായ്
നേരുന്നു ഞാനും സുദിനം സ്മിതത്താല്‍

പ്രഭാതവന്ദനം 111
പുലരിമാരി


പുലരിമാരിക്കുളിരു പെയ്തു
തെരുവിലെല്ലാം ജലകണങ്ങൾ
അരുണരശ്മിച്ചിരിയുമിന്നു
മണികളായങ്ങിലയിൽ മിന്നി.

കിളികുലത്തിൻ കലപിലയ്ക്കുൾ
കുയിലു പാടുന്നിനിയ രാഗം
മധുരമായൊന്നനുകരിക്കാൻ
മനതിലെന്നും വരുമൊരാശ.

പൂമരത്തിലെ പൂ കൊഴിഞ്ഞു
തെരുവിലാകേയണിനിരന്നു.
അതിനു മദ്ധ്യേയുദയസൂര്യൻ
കളിപറഞ്ഞു മറഞ്ഞുനിന്നു

നിണമുതിർക്കുന്നധരമോടെ
സ്മിതവുമേകീയൊളിപരത്താൻ
ദിനകരന്റെ വരവിനായി
മലരു മെല്ലെ സുദിനമോതി.

പ്രഭാതവന്ദനം 110
കനകക്കിരണം


അരുണാ, വരൂ പൊൻ കിരണവുമായ്
കുയിലിൻ സ്വരമങ്ങുയരുകയായ്
കരുണാകരനെ തൊഴുതിടുവാൻ
കമലാവലിയും വിരിയുകയായ്.

തൊടിയിൽ തളിരും മലരുകളും
തവയാഗമനം കരുതിയിതാ
അധരം ചൊരിയും ചിരികളുമായ്
മധുരം നുണയാൻ ഭ്രമരമതും

ജഗമേയുണരാൻ കതിരവനേ
കിരണങ്ങളുമായുടനെ വരൂ
കനകക്കിരണം ചൊരിയുക നീ
ഇവിടേ സുഖദം നിറനിറയാൻ.

മുകിലിന്നൊഴിവിൽ അദിതിസുതാ
മലരിൻ ചിരിപോൽ വദനവുമായ്
മലകൾ നടുവിൽ വരുവതിനായ്
മടിയാതിനി നീ പകലവനേ.

പ്രഭാതവന്ദനം 109
പുലരിച്ചന്തം


പൂങ്കനലൊളിയായെരിയും സൂര്യൻ
പുഞ്ചിരിയുതിരും പുലരിച്ചന്തം.
പൊൻകിരണമൊരുങ്ങിയിറങ്ങുമ്പോൾ
പൂങ്കലിക വിടർന്നു വരുന്നുണ്ടേ.

പൂഞ്ചിറകു മിനുക്കി മനംപോലെ
പൂങ്കുയിലുകൾ പാടിവരും രാഗം.
പൂന്തളിരരികിൽ കഥകൾ ചൊല്ലി
പൂങ്കുലയഴകോടെ വിരിഞ്ഞിന്നും.

പൂമധു നുകരാനതിവേഗത്തിൽ
പൂമണിശലഭം കൊതിയോടെത്തി.

പൂമരശിഖരക്കളിയൂഞ്ഞാലിൽ
പൂങ്കുരുവികളാർത്തു ചിലയ്ക്കുമ്പോൾ
പൊന്നൊലി ശ്രുതിയോടെ വിരുന്നേകും
പൂങ്കനവിലുറക്കമുണർത്താനായ്.

പൂമിഴിയിതളിൽ വിടരും സ്നേഹ -
പ്പൂമൊഴിയുതിരും സഹജർക്കെല്ലാം
പൂമഴ പകരും കുളിരാൽ ഞാനും
പൂമ്പുലരിയിൽ വന്ദനമോതീടാം.

പ്രഭാതവന്ദനം 108
മന്ദമാരുതൻ 

വാനിലേറെ ഭംഗിയോടുയർന്നുവന്നസൂര്യനെൻ
കാതിലോതിടുന്നു സ്നേഹസുപ്രാഭാതനന്മകൾ

എന്നെ നോക്കി പുഞ്ചിരിച്ചിതൾ വിടർത്തി രാവിലേ
മുറ്റമാകെ പൂത്തുലഞ്ഞു നിന്നിടുന്നു പൂക്കളും

പൂക്കളിൻ സുഗന്ധമൊന്നു പേറി വീശിയെത്തിടും
മന്ദമരുതന്റെ കൈകളെന്നെയും തലോടിടും

പൂക്കളെ വഹിച്ചുകൊണ്ടു കാറ്റിലാടിനിന്നിടും
ചില്ലയിൽ ലയിച്ചിരുന്നു പാടിടുന്നു പൂങ്കുയിൽ

പൂക്കളോടു കിന്നരിച്ചു പാറിവന്ന തുമ്പികൾ
തേൻ നുകർന്നിരുന്നിടുന്ന കാഴ്ചയെത്ര സുന്ദരം.

രാഗമോടെ കൊഞ്ചിടുന്നയമ്പുജത്തിൻ നാണവും
കണ്ടുനിന്നയെന്നെ നോക്കി കണ്ണിറുക്കി സൂര്യനും

സുപ്രഭാതനേരമെൻറെയങ്കണത്തിലെത്തിടും
കാക്ക, മൈന, കോഴി,യുപ്പനെത്രയെത്ര പക്ഷികൾ

ഇത്തരത്തിലുള്ളതായ സുപ്രഭാതകാഴ്ചകൾ
എന്നുമെൻറെ മാനസത്തിനത്രമേൽ പ്രിയങ്കരം.

ഇഷ്ടമേറി കാമുകന്റെ ചിത്തമായി രാവിലേ
മോദമോടെ ചുറ്റിടുന്നു മുറ്റമൊക്കെയിങ്ങനെ

കൂട്ടിനായി നിങ്ങളെയും കൂട്ടീടുന്നു, നിങ്ങളും
സ്നേഹമോടെയെത്തിടേണമെന്നതെൻറെയിംഗിതം.


പ്രഭാതവന്ദനം 107
സർവ്വശക്തിദായകൻ

പൂർവ്വദിക്കിലുദയമായി
ഭൂവിനൊക്കെ നന്മയേകി,
പാരിലെന്നും പരിലസിക്കും
സൂര്യനെന്റെ വന്ദനം.

സർവ്വശക്തിദായകൻ
സുപ്രസിദ്ധ ദേവനായി
താമരയ്ക്കുനാഥനായി
വാനിലെന്നുമെത്തിയാൽ

കൂമ്പിനിന്നയിതൾകളെ
കൺകളാലുഴിഞ്ഞു മെല്ലെ
പ്രേമമോതി വിടർത്തിടുന്ന -
യർക്കനെന്റെ വന്ദനം.

പൂങ്കുയിലിൻ പാട്ടുകേട്ടു
പൂക്കളോടു പ്രണയമോതി
താരരാജരശ്മികൾ -
ക്കേകിടുന്നു വന്ദനം.

പ്രഭാതവന്ദനം 106
പൊന്നുഷസ്സ്


പൊൻതൂവലൊക്കെയും പാറിപ്പറത്തിയീ
പൊന്നുഷസ്സിന്നും വിരുന്നു വന്നൂ

വീരമായ് കൂവിയ പൂവന്റെയൊച്ചയിൽ
നാടാകെ മെല്ലെയുണർന്നുവല്ലോ
കാക്കയും മൈനയും പൂത്താംകുരുവിയും
അങ്കണമാകെയുലാത്തുകയായ്.

കോകിലം പാടുമോരീണത്തിനൊപ്പമായ്
കൂടെഞാൻ പാടിരസിച്ചിതിന്നും
കോലായിലിന്നുമെൻ കട്ടനും മോന്തിയാ
പക്ഷിതൻ രാഗങ്ങളേറ്റുപാടാൻ

കാത്തിരിക്കുന്നൊരെൻ കൗതുകം കണ്ടതും
ചാഞ്ഞും ചരിഞ്ഞും പറന്നിറങ്ങും
എന്നെക്കളിപ്പിച്ചു മൗനം ഭജിച്ചീടും
ഞാനൊന്നു കൂവാനായ് കാത്തിരിക്കും

രണ്ടുപേരും ചേർന്നു കൂവിക്കളിച്ചിടും
കാഴ്ചയിലുള്ളം കുളിർന്നിടുന്നു.
ഇന്നീ പ്രഭാതവുമാസ്വദിച്ചേകീടാം
സുന്ദരഭക്തിതൻ വന്ദനങ്ങൾ !

പ്രഭാതവന്ദനം 105
ഭാഗ്യം


രജനി വിരിച്ചയിരുൾ പുതപ്പിൻ
മറയെയകറ്റി നിറം ചൊരിഞ്ഞൂ
കതിരവനാകേ ചമഞ്ഞൊരുങ്ങീ
പ്രഭയരുളാനിവിടെത്തിയല്ലോ.

അരുണിമയാർന്നൊരു വാടികക്കുൾ
മലരുകളൊക്കെ വിരിഞ്ഞു നിന്നൂ
മധുനുകരാനതിമോദമോടേ
മണിശലഭങ്ങളടുത്തു മെല്ലേ.

മധുരിമയാർന്നൊരു ഭവ്യഗീതം
കുയിലിണ പാടിയുണർത്തിടുന്നൂ
മലരണിവാകതൻ ചില്ല തോറും
മധു നുകരുന്ന കിളികുലങ്ങൾ.

മകുടമനോഹരശാതധന്യം.
മൃദുലയശീതളമാരുതന്റെ
മിതമയരാഗസുധാരഥത്തിൽ
മുഴുകിയുണർന്നതിതെത്ര ഭാഗ്യം.

പ്രഭാതവന്ദനം 104
ആകാശഗംഗ

മേലെ ദൂരെ മിന്നൽ വെട്ടമേന്തിയേന്തി
സൂര്യദൂതായേറിവന്ന രശ്മി കാൺകെ,

നീലവാനിൽ വെള്ളിമേഘമൊന്നൊതുങ്ങി
ഭവ്യമായ് നിന്ന കാഴ്ച കാണുവാൻ ചന്തം.

താഴെ നീലപ്പൊയ്കയിൽ തെളിഞ്ഞിടുന്നാ
ചിത്രമെന്നും കണ്ണിനാനന്ദമേകിടും.

ആരാമമാകെ പൂത്തു നിന്നു പൂമരം
തെന്നലിൽ മെല്ലെയാടി ചില്ലകൾ.

പന്തലിൽ പടർന്നേറും മുല്ലവള്ളിയിൽ
പൂക്കളൊക്കെയും നോക്കി പുഞ്ചിരിക്കുന്നു.

ആകാശഗംഗയാം വിൺതടാകമാകെ
താമരപ്പൂവിതൾ വിരിഞ്ഞു നില്ക്കുന്നു.

വിണ്ണിലെ പാരിജാതപ്പൂക്കളൊക്കെയും
തെന്നലിൽ ചാഞ്ചാടിക്കൊഴിഞ്ഞുവീഴവേ,

സുപ്രഭാതസൗരഭ്യമാകെ പരന്നു
കൈ കൂപ്പി സൂര്യനോടായ് ചൊല്ലി വന്ദനം

പ്രഭാതവന്ദനം 103
സൂര്യനു നമനം.


ഒളിതൂകി വരും രവിയുടെ വരവിൽ
വിരിപോലഴകിയ മിഹിരമതകലും

കിരണവുമിഴപോലുതിരുമി ധരയിൽ
സുഖമയമൊരു നല്പുലരിയുമണയും.

തൊടിമലരുകളിൽ പുതുചിരി വിടരും
മധു നുകരാനൊരു ശലഭവുമണയും

തരളിതരാഗം ശ്രുതിലയമോടെ
രസകരമായൊരു കുയിലിണ പാടി.

തേനരുവികളിൽ പാറിയിറങ്ങി
ദാഹമകറ്റൂ ചെറുകുരുവികളേ,

കനവുകളാലേ കവിതയതെഴുതാൻ
പുതിയൊരു താളം മനയുക നിങ്ങൾ.

കോവിഡ് മറയാൻ, ഭയമില്ലാതെ
മാനവജീവനു സുഖമായ് കഴിയാൻ

ഉഷപൂജകളിൽ മനമുരുകുന്നൊരു
പ്രാർത്ഥനയോടെ സൂര്യനു നമനം.


പ്രഭാതവന്ദനം 102
മാതൃദിനം


മമതയുടഴകിൽ ജനനിയുടോർമ്മ
മമ മനമാകെ നിറയുവതെന്നും

ഒരു ദിനമല്ല, ജീവൻ പിരിയും
കാലം വരെ നാം ആ മുഖമോർക്കും.

നറുതേൻ നിനവിൽ നിറയുവതൊളിയായ്
നറു പുഞ്ചിരികൾ വിതറിയ അമ്മ

ചെറുമണിമകളായ് സുരസുഖമടിയിൽ
കഴിവതിലതി സുഖമരുളിയ കാലം.

പാരിൽ ശാശ്വത സുഖമരുളുന്ന
പരിപാവനമാം സ്നേഹമതൊന്നേ.

സ്വാർത്ഥതയെല്ലാം മക്കൾ പേരിൽ
അമ്മ മനസ്സിൽ നിജമതിതുലകിൽ.

രവിയുടെയൊളിയിൽ ശുഭശോഭിതയായ്
നിലവിൻ നിഴലായ് കരുണയൊടഴകായ്

തണലായ് ദിനവും സുഖമരുളീടും
ദിനവും തൊഴുകാം തായകമൊരു കോവിൽ

പ്രഭാതവന്ദനം 101
നിറദീപശോഭ

കിഴക്കുവാപക്ഷി വിളിച്ചുണർന്നതാൽ
കിഴക്കു ദിക്കിൽ രവി വന്നുദിച്ചുവോ?

ഇരുട്ടു മായ്ച്ചൊന്നു വെളിച്ചമേകുവാൻ
കനിഞ്ഞു വന്നൊന്നു തെളിഞ്ഞു നിന്നുവോ?

ധരയ്ക്കു സൗഖ്യങ്ങളനുഗ്രഹിച്ചു നീ
നഭസ്സിലെത്തും നിറദീപശോഭയിൽ

തെളിഞ്ഞിടുന്ന മലർമുഖങ്ങളും
ചിരിച്ചു നില്ക്കുന്നു നമിച്ചു ഭവ്യമായ്.

മണിക്കുയിൽ വന്നു രസിച്ചു പാടവെ,
നനുത്ത രാഗത്തിലലിഞ്ഞു ഭംഗിയായ്

നിറങ്ങളും തേച്ചു മിനുക്കി വന്നിതാ
പറന്നു പൂമ്പാറ്റയിരുന്നു പൂക്കളിൽ.

ചരാചരങ്ങൾക്കു സുഖം പകർന്നിടാൻ
തുനിഞ്ഞു വന്നങ്ങു തെളിഞ്ഞഭാസ്ക്കരാ,

നിനക്കു മുന്നിൽ കരമൊന്നു കൂപ്പിയെൻ
മനം നിറഞ്ഞൊന്നു നമിച്ചിടട്ടെ.



നൂറ് പ്രഭാതവന്ദനങ്ങൾക്ക് ഒരു ഒറ്റ വന്ദനം.


M. S. Vinod Mukhapusthakam Group
******************************************************
മുഖപുസ്തകത്തിലെ പ്രഭാതവന്ദനം എന്ന പ്രതിദിന പരമ്പരയ്ക്ക് ഇന്ന് നൂറ് തികയുകയാണ്.ഈ നൂറ് സുന്ദരമായ പ്രഭാതങ്ങൾ കവിതയിലൂടെ ഒരുക്കി നമുക്ക് കാഴ്ചവെച്ച പ്രിയ കവയിത്രി ശ്രീമതി. ദേവി.കെ.പിള്ളക്ക് നിങ്ങൾ ഓരോരുത്തരുടേയും പേരിൽ ഞാൻ ഇവിടെ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.

കഴിഞ്ഞ ഡിസംബർ 12 നാണ് ദേവി.കെ.പിള്ള ആദ്യമായി നമ്മുടെ മുഖപുസ്തകം സാഹിത്യ ഗ്രൂപ്പിൽ പ്രഭാതവന്ദനം എന്ന തലക്കെട്ടിൽ സുപ്രഭാത സ്തുതി പ്രസിദ്ധീകരിക്കുന്നത്. അതിൻ്റെ തലക്കെട്ട് പ്രഭാതവന്ദനം എന്ന് തന്നെയായിരുന്നു എങ്കിലും കവിതക്ക് മഞ്ഞുമഴ എന്ന പേരാണ് നൽകിയിരുന്നത്. ഡിസംബറിലെ മഞ്ഞുമഴക്കാറ്റിലാടി മെല്ലെ പുഞ്ചിരിച്ചെത്തുന്ന സുപ്രഭാത വർണ്ണന ശ്രദ്ധേയമായി അന്ന് എനിക്ക് തോന്നി. പ്രഭാതത്തെ "വെൺമിഹിരക്കൂട്ടം" എന്നൊക്കെയാണ് വിശേഷിപ്പിച്ചിരുന്നത് ദേവി.രണ്ടാമത്തെ ദിവസവും രാവിലെ പ്രഭാത സ്തുതി എന്ന തലക്കെട്ടോടെ ഉദയ സമയത്ത് തന്നെ സ്തുതി വന്നപ്പോഴാണ് ഇത് മുഖപുസ്തകത്തിലെ പ്രഭാതപരമ്പരയായി അവതരിപ്പിക്കാം എന്ന ആശയം മനസിൽ ഉദിച്ചത്.ദേവിയുമായി സംസാരിച്ചപ്പോൾ അവർ വളരെ സന്തോഷത്തോടെ നിർദ്ദേശത്തെ സ്വാഗതം ചെയ്തു. അങ്ങനെ അടുത്ത ദിവസം മുതൽ പ്രഭാതവന്ദനം മുഖപുസ്തകത്തിൻ്റെ ഔദ്യോഗിക പരമ്പരയായി നിലവിൽ വന്നു.

തുടക്കത്തിൽ ഈ പരമ്പരയുടെ ഭാവിയെപ്പറ്റി വ്യക്തമായ ഒരു ധാരണയും എനിക്കുണ്ടായിരുന്നില്ല. ഒരു മുപ്പത് ദിവസം എന്നതായിരുന്നു ഞാൻ ആഗ്രഹിച്ച അല്ലെങ്കിൽ പ്രതീക്ഷിച്ച സമയക്രമം. അങ്ങനെ കരുതാൻ നിരവധി കാരണങ്ങൾ ഉണ്ട്.ഒന്നാമത്തെ കാരണം പ്രഭാതം എന്ന വാക്കിന് മൂന്ന് അക്ഷരങ്ങൾ മാത്രമാണുള്ളത്. ഒന്ന് കൂടി കൂട്ടിച്ചേർത്താൽ അത് സുപ്രഭാതമെന്ന നാല് അക്ഷരമായി. പ്രഭാതവും സുപ്രഭാതവും പിന്നെ അതിൻ്റെ പര്യായപദങ്ങളും ഒക്കെ ചേർത്ത് വെച്ചു പിടിച്ചാൽ പോലും അമ്പത് ദിവസത്തിൽ കീശ കാലിയാകും എന്നത് ഉറപ്പാണ്. നാലോ ആറോ വരികളിൽ പ്രഭാതസ്തുതി സമർപ്പിച്ച് സെഞ്ച്വറി നേടിയ കവികൾ ഇവിടെയുണ്ട്. എന്നാൽ ദേവിയുടെ രീതി അതായിരുന്നില്ല. ശരാശരി 10 മുതൽ 16 വരികൾ വരെയുള്ള സമ്പൂർണ്ണ കവിതകൾ തന്നെയായിരുന്നു അവ.ചിലതിന് 16 ൽ അധികവും വരികളും നമുക്ക് കാണാം. അത്തരം ഒരു ശ്രമത്തിൻ്റെ പരിമിതി മനസിൽ കണ്ടാണ് മുപ്പത് ദിവസം എന്ന കണക്കിൽ ഞാനും മുഖപുസ്തകത്തിൻ്റെ അഡ്മിൻ ടീമും നീങ്ങിയത്. എന്നാൽ ഞങ്ങളെയെല്ലാം അമ്പരപ്പിച്ചു കൊണ്ട് രണ്ടും കല്പിച്ച പ്രഭാതഭേരികളാണ് പിന്നീട് നമ്മുടെ പ്രിയപ്പെട്ട കവയിത്രി ദേവിയിൽ നിന്ന് പ്രവഹിച്ചത്.

പകലോൻ, എന്ന് വെച്ചാൽ സൂര്യൻ, "ചിരിതൂകി വരാൻ നലമൊരു കവിതയ്ക്ക് ഉതകുന്ന വിധം വിഷയം പദമായ് വിരിയാൻ തുണയരുളുക വാണി മനോഹരി..." എന്ന പ്രാർത്ഥനയിലാണ് ദേവി ആരംഭിച്ചതു തന്നെ. ദേവിയായ വാണി മനോഹരി ആ ധർമ്മം പൂർണ്ണമായി നിർവ്വഹിച്ച് നമ്മുടെ ദേവിയെ അനുഗ്രഹിച്ചതിൻ്റെ ഫലമാണ് ഈ നൂറ് സുപ്രഭാത സ്തുതികൾ.

ദേവി.കെ.പിള്ള എന്ന കവയിത്രിയുമായി എനിക്ക് രണ്ടര വർഷത്തെ സൗഹൃദമുണ്ട്. നേരിൽ പരിചയപ്പെടുന്നതിന് മുമ്പുതന്നെ ദേവിയുടെ വകയായി നിരവധി കവിതകളും ലേഖനങ്ങളും കഥകളും എനിക്ക് വായിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. പിന്നീട് നന്മ, കനൽപ്പൂക്കൾ എന്നീ കവിതാ സമാഹാരങ്ങളും കനലെരിയും മനസ്സുകൾ എന്ന കഥാസമാഹാരവും പ്രസിദ്ധീകരിക്കപ്പെട്ടു. നിരവധി പുരസ്ക്കാരങ്ങളും ആദരവുകളും ലഭിച്ചിട്ടുള്ള ദേവിയെ ഞാൻ മുഖപുസ്തക സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തേണ്ടതില്ല.

പ്രഭാതവന്ദനത്തിൻ്റെ രചനാരീതിയിൽ ദേവി സ്വീകരിച്ച വ്യക്തതയാണ് ഈ പരമ്പരയെ ജനപ്രിയമാക്കിയത്.തുടക്കം മുതൽ ഈ സ്തുതിഗീതത്തിന് സ്ഥിരം വായനക്കാരും ഉണ്ട്. ഓരോ ദിവസത്തേയും സുപ്രഭാതത്തിന് വ്യത്യസ്തമായ വർണ്ണവും സുഗന്ധവും നൽകാനും അത് വായനക്കാർക്ക് പകർന്നു കൊടുക്കാനും ദേവിക്ക് കഴിഞ്ഞു. ആവർത്തന വിരസമല്ലാത്ത പുലരികളായി കഴിഞ്ഞു പോയ ദിനങ്ങൾ മാറിയത് തീർച്ചയായും ഈ കവയിത്രിയുടെ ഭാവനയുടേയും വർണ്ണനയുടേയും മനോഹാരിത കൊണ്ടാണ്‌. പ്രഭാതത്തിൻ്റെ നായകനായ സൂര്യൻ്റെ ഓരോ ദിവസത്തേയും വ്യത്യസ്ത ഭാവങ്ങളെ നമുക്ക് മുന്നിൽ അവതരിപ്പിക്കാൻ യോജിക്കുന്ന പദവും നാനാർത്ഥവും കണ്ടെത്തി അത് ഉപയോഗപ്പെടുത്തുക വഴി പദസമ്പത്തിൻ്റെ ഭണ്ഡാരം സ്വയം നിറച്ച് അത് ഇവിടെ എല്ലാർക്കും കോരി കൊടുക്കാൻ ദേവി പരിശ്രമിച്ചിട്ടുണ്ട്.

നായകനായ സൂര്യനോടൊപ്പം സർവ്വ ചരാചരങ്ങളേയും കൂട്ടിച്ചേർക്കുന്നുണ്ട് പ്രഭാതവന്ദനത്തിലെ മിക്കവാറും കവിതകളിൽ. പൂവും പൂമ്പാറ്റയും കാടും കടലും കുന്നും താഴ്വാരവും മനുഷ്യൻ്റെ സർവ്വ വികാര വിചാരങ്ങളും പ്രഭാതത്തിന് അകമ്പടി സേവിക്കുന്നു. ഒപ്പം,

''നമ്മുടെ പുഞ്ചിരി മറ്റു മനസ്സിൽ
നല്ലൊരു ദീപശോഭ തെളിക്കാൻ,
നിത്യസുഖത്തിൻ നന്മകളോതി
സത്യമുഖത്താലൊത്തു ചിരിക്കാം.... "

തുടങ്ങിയ ആഹ്വാനങ്ങൾ കൊണ്ട് ഇത് ആസ്വദിക്കുന്നവൻ്റെ മുഖത്ത് പുഞ്ചിരിയുടെ ഉദയങ്ങൾ വിരിയിച്ച് ഒരു സൂര്യോദയത്തിനൊപ്പം നമ്മുടെ ഉള്ളിലും വെളിയിലുമായി ഒരായിരം സൂര്യനെ തെളിയിച്ചു നിർത്തുന്നു ദേവി. ഓരോ ഉദയങ്ങളിലും പ്രകൃതി എഴുതിച്ചേർത്ത നന്മയും സ്നേഹവും അതിനേക്കാൾ ഉയരത്തിൽ ഉയർത്തിപ്പിടിക്കുന്ന വരികളാണ് ദേവി നമുക്ക് സമ്മാനിച്ചത്.

ലോകത്തിലെ ഏറ്റവും സുന്ദരമായ പ്രതിഭാസം സൂര്യോദയം തന്നെയാണ്. എന്നാൽ നമ്മളിൽ ഭൂരിപക്ഷവും വല്ലപ്പോഴും പോലും ആ സൗന്ദര്യം ആസ്വദിക്കാൻ ഭാഗ്യം ലഭിച്ചവരല്ല. എന്നേപ്പോലെ ചുരുക്കം ചിലർ നട്ടുച്ചയ്ക്കാണ് സൂര്യനെ കാണുന്നതുപോലും. അത്തരക്കാർക്ക് എന്നും പ്രഭാതത്തിൻ്റെ ലൈവ് ഷോ എന്നു തന്നെ വിശേഷിപ്പിക്കാൻ കഴിയുന്ന വിധം പ്രഭാതവന്ദനം മാറ്റിയെടുത്തതാണ് ദേവിയുടെ മറ്റൊരു മിടുക്ക്.

നമുക്കറിയാം ഓരോ പ്രഭാതങ്ങളും മറ്റൊരു പ്രഭാതത്തിൽ നിന്ന് വ്യത്യസ്തമാണ്. എന്നും സുന്ദര സുപ്രഭാതങ്ങളല്ല എന്ന് സമ്മതിക്കാനും ദേവി തയ്യാറാണ് എന്നത് ശ്രദ്ധേയമായ കാര്യമാണ്.

"ചക്രവാളത്തിൻ്റെ സീമ ചെമന്നില്ല
വർണ്ണമതൊന്നുമണിഞ്ഞതില്ല,
അർക്കനും വന്നില്ല, വാനമൊരുങ്ങീല
മേഘമണിക്കുട ചൂടിയില്ല .... "

എന്ന് സത്യസന്ധമായി ചില പ്രഭാതങ്ങളെ വിലയിരുത്താനും ദേവിയുടെ വരികൾക്ക് കഴിഞ്ഞിട്ടുണ്ട്.

ഒരു പ്രഭാതത്തെ അതിൻ്റെ ഏറ്റവും വ്യത്യസ്തമായ സൂക്ഷ്മതലം കണ്ടെത്തി ഭാഷയുടെ എല്ലാ പരിമിതികളും മറികടന്ന് നൂറ് ദിവസത്തിലധികമായി നമുക്ക് മുന്നിൽ അവതരിപ്പിക്കുന്ന ദേവിയുടെ ഈ മഹത്തായ പരിശ്രമത്തെ അതിൻ്റെ എല്ലാ അർത്ഥത്തിലും മുഖപുസ്തകം സാഹിത്യ കൂട്ടായ്മ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു.സമീപകാലത്തെ പ്രതിസന്ധികൾ പോലും മറികടന്ന് തൻ്റെ ഉത്തരവാദിത്വം നിർവ്വഹിക്കാൻ ദേവി കാണിച്ച ശുഷ്ക്കാന്തി എന്നും ഓർത്തുവെയ്ക്കേണ്ടതാണ്‌. തുടർന്നും പ്രഭാതങ്ങൾ ഒരുക്കിത്തന്ന് ഈ തിരുമുറ്റം അലങ്കരിക്കാൻ ദേവിയുടെ പ്രാർത്ഥന പോലെ വാണീ മനോഹരി അനുഗ്രഹിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് നൂറ് തികഞ്ഞ പ്രഭാതവന്ദനത്തിന് മുഖപുസ്തകം അഡ്മിൻ ടീമിന് വേണ്ടി അഭിനന്ദനങ്ങൾ സമർപ്പിക്കുന്നു.

ജയലക്ഷ്മി രമേഷ്

ഭൂമിയിൽ നാം ഉൾപ്പടെയുള്ള ജീവജാലങ്ങളുടെ നിലനില്പ് തന്നെ സൂര്യന്റ് പ്രഭാവത്താലാണല്ലൊ! അപ്പോൾ ആകാശത്തു കാണുന്ന പ്രകാശഗോളങ്ങളിൽ ഒന്നായ സൂര്യൻ നമ്മുടെ ജീവിതത്തിൽ അത്യന്താപേക്ഷിതമായ സ്ഥാനമാണ് വഹിക്കുന്നത് . ആ ചൈതന്യത്തെ നിറഞ്ഞ മനസ്സോടെ ആരാധിക്കുന്ന ,വണങ്ങുന്ന ദേവിയുടെ പ്രഭാത സ്തുതികൾ ലളിതസുന്ദരങ്ങളായ പദാവലികൾ കൊണ്ട് സമ്പന്നമാണ് .സൂര്യന്റ് മറ്റു നാമങ്ങമായ അർക്കൻ, ആദിത്യൻ, പ്രഭാകരൻ, ഭാസ്ക്കരൻ, ദിവാകരൻ, അരുണൻ, അംശുമാൻ തുടങ്ങിയ വാക്കുകൾ ചേർത്ത് എല്ലാ പ്രഭാതങ്ങളേയും വർണിക്കാറുണ്ട് .സൂര്യോദയത്തിൽ പ്രകൃതിയിൽ വരുന്ന മാറ്റങ്ങൾ, അത് ആഘോഷിക്കുന്ന മനുഷ്യരും, സസ്യ ,ജന്തുജാലങ്ങളും എല്ലാവരേയും ദേവീ ഉൾപ്പെടുത്താറുണ്ട് .എന്നോട് ദേവി പറഞ്ഞിട്ടുള്ള ഒരു കാര്യം ഓർമ്മ വരുന്നു .മിക്കപ്പോഴും പ്രഭാത വരികൾ അന്നന്ന് ഉണർന്നെണീക്കുമ്പോഴാണ് എഴുതുന്നതെന്ന് .ഈ നിമിഷ കവയിത്രിയായ ദേവിയുടെ കൈകളിൽ തീർച്ചയായും വിദ്യാരൂപിണി സരസ്വതീദേവി തന്നെയല്ലെ തത്തിക്കളിക്കുന്നത് . ഇനിയും ധാരാളം കൃതികൾ എഴുതുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു .എന്റ് വളരെ പ്രിയംകരിയായ സഖിക്ക് വിനോദ് സാറിനെപ്പോലെയുള്ള ഒരു മഹത് വ്യക്തിയിൽ നിന്നും ഇത്തരം ഒരു മംഗളപത്രം കിട്ടുകയെന്നത് എനിക്കും അഭിമാനകരംതന്നെ ! വളരെ സത്യസന്ധമായി, യാതൊരു ഏച്ചുകൂട്ടലും ഇല്ലാതെ സാർ അത് എഴുതിയിട്ടുമുണ്ട് .രണ്ടു പേർക്കും അഭിനന്ദനങ്ങൾ....

ജെന്നി തങ്കച്ചി

കവിതയെഴുതുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ബാലികേറാമലയാണ്(ഇടയ്ക്ക് അബദ്ധത്തിൽ ആരെങ്കിലും ബലമായി നിര്ബന്ധിക്കുമ്പോൾ മാത്രം ആ മലയിൽ കയറുന്നു എങ്കിലും)😃😃😃😃എന്ന് ഞാൻ ആദ്യമേ പറയട്ടെ .

പലപ്പോഴും കവിത രൂപപ്പെടുന്നത് അനുഭൂതികളുടെ സുന്ദരപദാവിഷ്കാര ങ്ങളിലൂടെയാണ്. അനായാസേന ഒഴുകിവീഴുന്നവാക്കുകളില്‍ കവിത രൂപപ്പെടണമെങ്കില്‍ കവിയുടെ തപസ്സ് അതിന് പിന്നിൽ ഉണ്ടാവണം.അതില്‍ വായനയ്ക്ക് വലിയൊരു പങ്കുണ്ടെന്നത് വാസ്തവം.ആ തപസ്സിലൂടെ കവി നേടിയെടുക്കുന്നത് അനുവാചകഹൃദയത്തിലേയ്ക്കു കടന്നു ചെല്ലാനുള്ള തുറന്നവഴിയാണ്. തെളിഞ്ഞ പദസമ്പത്തുക്കൾ കൊണ്ട് അങ്ങനെയൊരു വഴി വെട്ടിത്തെളിക്കുവാൻ എന്റെ അമ്മുക്കുട്ടന് കഴിയുന്നൂ എന്നത് എനിക്കെപ്പോഴും അഭിമാനമാണ്.

CONGRATS AMMA.. PROUD OF YOU💖💖💖

വിനോദേട്ടന്റെ എഴുത്തുകളൊക്കെ, സത്യസന്ധവും, നല്ലറിവുകൾ നിറഞ്ഞതുമാണ്. വിനോദേട്ടന്റെ പക്കൽ നിന്നും ഇത്തരമൊരു അഭിനന്ദന പ്രവാഹം ഒരു ഭാഗ്യമായാണ് എനിക്ക് തോന്നുന്നത്. രണ്ടാൾക്കും മംഗളങ്ങൾ. ഇനിയും എഴുതുക 💖💕💕💕💕💕💕💕💕

ജയമോഹൻ ചാത്തനാടത്ത്

വിനോദ് സാറിന്റെ വിലയിരുത്തൽ വളരെ അർത്ഥവത്താണ്. ഞാന് കുറേയൊക്കെ വായിച്ചിട്ടുണ്ട് മറുകുറിപ്പുകൾ ഏതാനും വരികളിൽ
നൽകാറുമുണ്ട്. ഈ സഹോദരിയുടെ കവിതകൾ എളുപ്പം
വായിക്കാവുന്ന രീതിയിലാണ് പ്രസന്റ് ചെയ്യുന്നത്. അതിൽ
സൂര്യനോടൊപ്പം സർവ്വ ചരാചരങ്ങളും ഉണ്ടാകും. താമരയാണ്
പ്രധാനം കിളികൂജനങ്ങൾ കേട്ടുണരുന്ന എല്ലാം അതിൽകാണും ശ്രീ ദിനകരൻ ചെങ്ങമനാട് അഞ്ഞൂറ് തികച്ച് പിന്നേയും വന്ദനംതുടരുന്നു.

ശ്രീ ജയദേവനും ഇത്തരത്തിൽംവന്ദനംപാടി തൊട്ടടുത്തുണ്ട്.ശ്രീമതി ദേവി ദിവസം രണ്ട് പ്രഭാത വന്ദനം നമുക്ക് പറയാറുണ്ട്. അതുകൂടി
ചേർക്കുമ്പോൾ നൂറൊന്നുമല്ല സൃഷ്ടികൾ. ഏതായാലും ഈ ചരിത്രം നിമിഷത്തിൽ രണ്ട് വരി കുറിക്കാൻ കഴിഞ്ഞത് ഭാഗ്യം.

എല്ലാവിധ ഭാവുകങ്ങളും പ്രിയ സഹോദരിക്ക് നൽകട്ടേ! ഇനിയും പ്രഭാത വന്ദനമെഴുതി സൂര്യശോഭയിൽ ദേവി പ്രകാശപൂരിതമാക്കട്ടേ,
നമ്മുടെ പ്രഭാതങ്ങൾ! നന്ദി വിനോദ് സാർ,ശ്രീമതി ദേവി കെപിള്ള.

Viji Prasad
നൂറുപുലരികൾ നൂറുപ്രഭാതവന്ദനസ്തുതികളോടെ പ്രത്യക്ഷ ദേവനായ പകലോനെ വരവേറ്റ് വായനക്കാരുടെ ഹൃദയത്തിൽ പ്രാർത്ഥനാദീപം എന്നും കൊളുത്തിവെക്കുന്ന ദേവിമാഡത്തിന്റെ പദഭാവനാസമ്പന്നതക്ക് സ്നേഹാശംസകൾ. ഉണർവും ഊർജ്ജവും പകരുന്ന ഈ സ്തുതികൾ മേടമാസത്തിൽ ഉദിച്ച് ഉച്ചത്തിൽ നില്ക്കുന്ന സൂര്യതേജസ്സായി എന്നും ഉജ്ജ്വലിക്കട്ടെ. ശുഭ ദിനം

Gopalakrishna Pilla

ജഗദേകചക്ഷുസ്സിനു സ്തുതിഗീതമാലപിച്ചുകൊണ്ടുള്ള ദേവി.കെ.പിള്ളയുടെ പ്രഭാതവന്ദനം 'പ്രാർത്ഥനാശതകം' പിന്നിടുന്നുവെന്ന അറിവ് ആഹ്ലാദദായകമാണ്. കവയിത്രിയ്ക് അഭിനന്ദനമർപ്പിച്ചുകൊണ്ട് അഡ്മിൻ എംഎസ് വിനോദ് എഴുതിയത് അംഗങ്ങളുടെയെല്ലാം ഹൃദയ വികാരമാണ്. കാളിദാസന്റെ ഋതു വർണ്ണനകൾ പോലെ പ്രകൃതിയുടെ മാറിമാറി വരുന്ന രൂപഭാവങ്ങളെ വർണ്ണനയ്കു വിഷയമാക്കിക്കൊണ്ട് ദേവി ഈ പംക്തി. തുടരാൻ ഈശ്വരാനുഗ്രഹമുണ്ടാകട്ടെ🙏

Vishwanathan Akathoot.

എന്നും ഓരോ കവിത. കവിത നിറഞ്ഞമനസ്സിനു മാത്രമെ അതിനു കഴിയു.ആശംസകൾ.

George John

അത്ഭുതപ്പെടുത്തിയിട്ടുണ്ട് മുടങ്ങാതെ ഉള്ള ഈ പ്രഭാതവന്ദനം, എഴുത്തിൽ ഉള്ള സമർപ്പണം വരികളിൽ കാണാം. വിനോദ് സാറിനും മുഖപുസ്തകത്തിനുമൊപ്പം ഞാനും എൻ്റെ ആദരവും,🙏 അഭിനന്ദനവും അറിയിക്കുന്നു 💐

Krishnakumaari

ശ്രീമതി ദേവി കെ.പിള്ളയെ നമുക്കിനി സൂര്യകാന്തി എന്നും വിളിക്കാം
സൂര്യോദയവും അസ്തമവും ആ സൗന്ദര്യം മറ്റെവിടെ കിട്ടാൻ? ആശംസകൾ

Vishwambharan K.

സുപ്രഭാതങ്ങൾ സുന്ദരങ്ങളാക്കിയ ദേവി.കെ. പിള്ളയ്ക്കും അവലോകനത്തിലുടെ അവയുടെ മാറ്റുരച്ച് കാട്ടിയ വിനോദ് മാഷിനും ഹൃദയാഭിവാദ്യങ്ങൾ.

Binoy Pampadi

ഈ എഴുത്തിനായ് കാണിച്ച ആർജവം അഭിനന്ദനീയം തന്നേ ദേവിയേച്ചി. എല്ലാ ഭാവുകങ്ങളും. തുടരുക

Reply from Me.
ഈ FB സൗഹൃദങ്ങളിൽ സ്നേഹബഹുമാനങ്ങളോടെ മനസ്സിൽ കൊണ്ടുനടക്കുന്ന വിനയത്തിന്റെ പര്യായമായ വ്യക്തിയാണ് വിനോദ് സാർ. ഞാൻ പഠിച്ച മലയാളഅക്ഷരമാലയിൽ എത്ര പരതിയിട്ടും വിനോദ് സാറിന്റെ നല്ലവാക്കുകളാൽ സമൃദ്ധമായ ഈ പ്രോത്സാഹനകുറിപ്പിന് നന്ദി ചെലുത്തുവാനുള്ള വാക്കുകൾ എനിക്ക് ലഭിക്കാത്തതിനാൽ സ്നേഹം എന്ന വാക്കിലൊതുക്കുന്നു എന്റെ മനസ്സിലെ നന്ദിയും സന്തോഷവും ആദരവും എല്ലാം.

സൂര്യോദയത്തെ നിത്യവും ഓർമ്മിക്കാനും മനസാ മുടങ്ങാതെ സ്തുതിക്കുവാനും നന്നേ ചെറുപ്പത്തിൽതന്നെ എന്നെ ശീലിപ്പിച്ചത് എന്റെ അമ്മമ്മയാണ്. സൃഷ്ടി, സ്ഥിതി, സംഹാര കർമ്മങ്ങളെ നിർവ്വഹിക്കുന്ന സാക്ഷാൽ വിഷ്ണുദേവനായിട്ടാണ് സൂര്യദേവനെ മനസ്സിൽ കാണേണ്ടതെന്നു പഠിപ്പിച്ചത് ഭഗവത്ഗീതാ ക്ലാസ്സിലെ ആശാനും. സൗരോർജ്ജം ലഭിക്കാതെ സർവ്വചരാചരങ്ങൾക്കും ഭൂമിയിൽ ജീവിതം അസാദ്ധ്യമെന്നും ഒരു ദിവസത്തിന്റെ ആരംഭകണിയായി നമിക്കേണ്ടതായ ആദിത്യനാണ് ആദ്യത്തെ ദൈവമെന്നും ആശാനാണ് ചൊല്ലിത്തന്നത്.

എഴുത്തിന്റെ രംഗത്തേക്ക് കടന്ന ആദ്യകാലങ്ങളിൽ വല്ലപ്പോഴുംമാത്രമേ സൂര്യനെക്കുറിച്ചുള്ള വരികൾ എഴുതാറുള്ളൂ. എന്നാൽ വിജയകുമാർ എന്നൊരു കൂട്ടുകാരന്റെ ആവശ്യപ്രകാരം സൂര്യനെക്കുറിച്ചുള്ള വരികൾ നിരന്തരമായി എഴുതുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നകാലത്താണ് വിനോദ്സാറും ഇതിനെക്കുറിച്ച് സംസാരിച്ചത്. അങ്ങനെയാണ് എന്റെ സൂര്യനെക്കുറിച്ചുള്ള കവിതയെഴുത്ത് എപ്പോഴോ എനിക്ക് ഒരു ഹരമായിതീർന്നത്. ഇപ്പോൾ ഇങ്ങനെ കുറച്ചു വരികൾ എഴുതാത്ത നാളുകൾക്കു അപൂർണ്ണത അനുഭവപ്പെടാൻ തുടങ്ങിയിരിക്കുന്നു എന്ന മട്ടായി.

പ്രഭാതവന്ദനത്തിന്റെ സ്ഥിരം അനുവാചകരുമായി രാവിലെ ഒരു കുശലം പറയുന്ന സന്തോഷവും ഇതിലൂടെ ലഭിക്കുന്നുണ്ട്. 100 കവിതകൾ തികയ്ക്കണം എന്ന വെല്ലുവിളിക്ക് എന്റെ മനസ്സിനോട് ഇതിനിടയിൽ എപ്പോഴോ സമ്മതിക്കുകയുമുണ്ടായി. ഇന്ന് അതിന്റെ പൂർണ്ണതയുടെ നിർവൃതിയിലാണ് ഞാൻ.

ഇതിന്റെ വായനക്കാരാണ് എന്റെ നിത്യപ്രചോദകർ. അതുകൊണ്ട് എന്റെ പ്രിയ അനുവാചകർക്കും ഇതിന്റെ പ്രചോദകരുംകൂടി ആയ പ്രിയ സുഹൃത്തുക്കൾ വിനോദ് സാറിനും വിജയകുമാറിനും സർവ്വോപരി ഏകാന്തമനസോടെ എഴുതാൻ സൗകര്യമൊരുക്കിയ സ്നേഹനിധിയായ എന്റെ ഏട്ടനും, ഓർമ്മകളിൽ ജീവിക്കുന്ന അമ്മമ്മയ്ക്കും ആശാനും മുൻപാകെ ഈ 100 കവിതകളും സമർപ്പിക്കുന്നു.

എന്ന്

സ്നേഹാദരങ്ങളോടെ,
നിങ്ങളുടെ സ്വന്തം
ദേവി.

******************************************************************
സുപ്രഭാതകവിതകൾ
മേയ് 8, 2020
പ്രഭാതവന്ദനം 100.
ദേവീകടാക്ഷം

സൂര്യസ്തുതിക്കുള്ള കാവ്യം രചിക്കാൻ,
ദേവീ, കടാക്ഷം ചൊരിഞ്ഞെത്തുകില്ലേ?
നിത്യേന വാനത്തുദിക്കുന്ന സൂര്യാ,
ഇന്നിത്ര ചന്തം നിനക്കാരു തന്നു?

രാവിന്നിരുൾ മാറി വാനം ചെമന്നൂ,
വെള്ളപ്പുതപ്പിൻറെയാഭ തെളിഞ്ഞു.
ആകാശവീഥിക്കു ചന്തം കലർത്തി,
നീ നിന്റെ വെട്ടം പരത്തുന്നു പാരിൽ.

കൺമുന്നിലാ വെട്ടമെത്തുന്ന നേരം
ഞാനെൻറെ കൺകൾ തുറക്കുന്നു സത്യം.
സൂര്യോദയത്തിൻ്റെ ശോഭയ്‌ക്കു മുന്നിൽ
കൈരണ്ടും കൂപ്പി വണങ്ങുന്നു നിത്യം.

നിന്നോടു നിത്യം മനം സംവദിച്ചു
നീയെന്റെ ജീവന്റെ താളത്തോടൊട്ടി.
സൗരോർജ്ജമില്ലാതെ ഈ ജീവജാലം
ജീവിച്ചിടാനുള്ള മാർഗങ്ങളുണ്ടോ?

നിന്റെ നിഴൽപോലുമോരോ തരത്തിൽ
അർത്ഥങ്ങളേറെത്തരുന്നൂ ജഗത്തിൽ.
വാണീ, പദംചേർന്നു പാദങ്ങളായ് നീ
എൻ തൂലികത്തുമ്പിലെത്തേണമെന്നും.

******************************************************************
മേയ് 7, 2020

പ്രഭാതവന്ദനം 99
ഓമനപ്പൂവിതൾ

ആദിത്യദേവന്റെയാഗമശോഭയിൽ
ഭൂമിയുണർന്നു ചിരിച്ചിടുന്നു

പൊന്നാഭയേന്തിക്കൊണ്ടർക്കനെഴുന്നള്ളാൻ
മേഘത്തിൻ പാളിയൊതുക്കിടുമ്പോൾ

അങ്കണമാകെ പരക്കും വെളിച്ചത്തിൽ
കങ്കണമൊന്നു കിലുക്കി മലർകൾ.

പൊൻതാഴികക്കുടംപോലെയുദിച്ചിടും
സൂര്യനിൽ താമരക്കണ്ണുടക്കി.

സൂര്യനിൻ പ്രേമാനുരാഗനയനത്താ-
ലംബുജനേത്രവും മിന്നിടുന്നു.

കാറ്റിൻറെ കൈകളിൽ ചന്തമോടാടുന്ന
വാരിജത്തോടൊരു കിന്നാരവും

ഓതിക്കൊണ്ടാമോദത്തോടെ പുലർച്ചയ്‌ക്കു
പൂങ്കുയിൽ രാഗമോടൊന്നണഞ്ഞു.

ഓമനപ്പൂവിതൾ നാണിച്ചു നിന്നപ്പോൾ
കാണുവാനെന്തൊരു ചന്തമാണേ.

സുന്ദരമായൊരാ കാഴ്ച കണ്ടു മെല്ലെ
സുപ്രഭാതച്ചിരിയേകി സൂര്യൻ.

കത്തിജ്വലിക്കുന്ന സൂര്യന്റെ ശോഭയിൽ
ചൊല്ലിടാം ഞാനുമെൻ സുപ്രഭാതം.

******************************************************************
മേയ് 6, 2020

പ്രഭാതവന്ദനം 98
പരിമളപുലരി

അരുണിമയേറുന്നരുമനിറത്തില്‍
പുടവയുടുത്തൂ ഗഗനമൊരുങ്ങി.
ഒളിമയമായിപ്പുതുചിരിയോടെ
സുദിനമതോതീയരുണനുദിച്ചു.

കിളികുലമെല്ലാം സുരഭിലഗാന-
ശ്രുതികളുയര്‍ത്തിപ്പുലരിയുണര്‍ത്തി.
നിരനിരയായിക്കിരണവുമെത്തി
തൊടികളിലെല്ലാം പരതിനടന്നു.

ചെടികളിലോരോ കലികകളേയും
സുഖകരമോടെത്തഴുകിയതാലേ
മലരുകളെല്ലാം വിരിയുകയായി.
പരിമളഗന്ധം പടരുകയായി.

അഴകിയവര്‍ണ്ണച്ചിറകുമിനുക്കി
മധുരിമതേടുന്നധരവുമായി
സരിഗമപാടിക്കൊതിയൊടു പൂവിന്‍
മധുനുകരാനായ് ശലഭവുമെത്തി.

******************************************************************
മേയ് 5, 2020

പ്രഭാതവന്ദനം 97
ചാറ്റൽ മഴ

ചെഞ്ചൊടി നിറയെപ്പുഞ്ചിരിയൊളിയാൽ
സുന്ദരനരുണൻ സുഖദമണഞ്ഞു
ചാറിയ മഴയിൽ ചിറകു നനഞ്ഞു
പാറിയ കിളികൾ കുളിരിൽ വിറച്ചു

ഭാസ്കരനിടയിൽ മുകിലിലൊളിച്ചു
മങ്ങിയ കിരണം ധരയിലിറങ്ങി
കിന്നരമണിയാൽ തഴുകിയുണർത്തി
പൂവുകളുടനെ മിഴികൾ തുറന്നു

സുന്ദര ശലഭം മധുനുകരുന്നു
നല്ലൊരു ദിനമെൻ സഹജരുമായി
പങ്കിടുവതിനായെഴുതുകയാണീ
വന്ദനവരികൾ മമത നിറച്ചു.

******************************************************************

മേയ് 4, 2020

പ്രഭാതവന്ദനം 96
തങ്കത്താമര
ചുണ്ടിൽ പുഞ്ചിരി തൂകി ഭാസ്‌ക്കരൻ
തങ്കത്തേരിലൊരുങ്ങി വന്നുവോ
ചായം മുക്കിയ മേഘപാളികൾ
മെല്ലെ മാടിയൊതുക്കി നിന്നുവോ

വാനത്തിൻ നടുനെറ്റിമേലെ നീ
ചാന്തിൻ നല്ലൊരു പൊട്ടുപോൽ ദിനം
കണ്ണിൽ കണ്ടു തൊഴുന്ന ദീപമായ്
വന്നെത്തുന്ന നിനക്ക് വന്ദനം.

തങ്കത്താമര വിടർന്നു നിന്നിതാ
കൈകൾ കൂപ്പി നിനക്കു മുന്നിലായ്
സ്വർഗ്ഗകാഴ്ചയൊരുക്കിനിത്യവും
ചൊല്ലും വന്ദനമെത്ര സുന്ദരം.

******************************************************************
മേയ് 3, 2020

പ്രഭാതവന്ദനം 95
വിമർശനം

നാവിൽ ദേവിയകന്നിരിക്കെ
വേവു പോരാത്ത വാക്കു നല്കി
പൂവുപോലുള്ള മാനസത്തിൽ
നോവു നല്കി ചിലർ രസിക്കും.

വായനയ്ക്കു വരുന്ന നേരം
നല്ലതല്ലെന്നിരിക്കെ നമ്മിൽ
ജ്ഞാനമൊന്നങ്ങകന്നു നില്ക്കേ,
നല്ലെഴുത്തും രസിക്കുകില്ല.

രാകികൂർപ്പിച്ച കത്തിയെപോൽ
ചീകി മൂർച്ചിച്ച വാക്കുകൊണ്ടും
വന്ന ദേഷ്യത്തെ പോക്കിടുന്നു
ചിന്തയില്ലാവിമർശനത്താൽ.

നല്‌വിമർശനമെന്നുമെന്നും
നല്ലെഴുത്തിന്റെയേണിയാകാൻ
വായനയ്ക്കായിയെത്തിടുവോർ
നാവിൽ ദേവി വിളങ്ങിടട്ടെ.

തെറ്റിയെന്നൊന്നു വേദനിക്കേ
നല്ലവാക്കിന്റെ സാന്ത്വനങ്ങൾ
മെല്ലെ വന്നു തലോടിടുംപോൽ-
തന്നെ വേണം വിമർശനങ്ങൾ.

നല്ലെഴുത്തിന്റെ നായകന്മാർ
പൂർവകാലം സ്മരിച്ചുവെന്നാൽ
അന്ധകാരം തുളുമ്പിനില്ക്കും
ചിന്തയിൽ വെട്ടമെത്തിനോക്കും.

******************************************************************
മേയ് 2, 2020

പ്രഭാതവന്ദനം 94
നാടിന്നഭിമാനം

സൂര്യന്റെ പുഞ്ചിരി കണ്ടു ദിനം ദിനം
അങ്കണമാകെ വിരിഞ്ഞിടും പൂക്കളേ,

രണ്ടുനാൾ പൂച്ചെടികൊമ്പിന്നലങ്കാരം
നല്കിനിന്നിട്ടു കൊഴിഞ്ഞു വീഴുമ്പൊഴും

പാഠങ്ങളൊത്തിരി ചൊല്ലുന്നതുണ്ടു നീ
ഭൂമിയിൽനിന്നു മറഞ്ഞുപോകും മുന്നെ

മാരിക്കുമിളപോലുള്ളൊരീ ജീവിതം
കൊണ്ടു നാം പാരിന്നു സൗരഭ്യമേകണം

പാരിൽ നിയോഗമായെത്തിയതാകിലും
ഏതു സാഹചര്യം വന്നു ഭവിക്കിലും

ദേഹമാരോഗ്യമായ്‌ വച്ചു നീ നിന്നുടെ
ആത്മാവിനോടുള്ള നീതി പുലർത്തണം.

ചേറിൽ വിരിഞ്ഞു നിന്നീടുന്ന താമര
ദേശീയ മലരായി പേരെടുത്തില്ലയോ

വാനത്തുദിക്കുന്ന സൂര്യനും സൗജന്യ
സേവനം തന്നെയീ പാരിന്നു നല്കുന്നു.

ജീവിച്ചിരിക്കുന്ന കാലത്തു നമ്മളും
നാടിന്നഭിമാനമായീ വിളങ്ങണം .

മുറ്റത്തു പൂക്കുന്ന മുല്ലമലർപോലെ
നന്മതൻ വാസന നമ്മിൽ നിറയട്ടെ.

******************************************************************
      മേയ് 1, 2020

പ്രഭാതവന്ദനം 93
മേയ്ദിനം

മനുഷ്യശരീരമതൊന്നു ലഭിച്ചാൽ,
പതുക്കെയതിൽ കയറുന്നു കൊറോണ.
നിരങ്ങി നടന്നു കുടുംബമൊരുക്കി
ഹൃദന്തമിടിപ്പു നിറുത്തിയിറങ്ങും.

ക്ഷമിച്ചു സഹിച്ചു നമുക്കിതൊതുങ്ങാം
കൊറോണ വിരണ്ടു മടങ്ങിടുവാനായ്
അടങ്ങിയൊതുങ്ങിയൊരിത്തിരികൂടെ
ഗൃഹത്തിലിരിക്കുകയേ വഴിയുള്ളൂ.

നിറഞ്ഞവയൽ കുരുതിക്കു കൊടുക്കും
നരുന്തു കൊറോണയെ തേടി വിരട്ടി,
കടന്നു വരാതെയിരിപ്പതിനായി
തടുപ്പുമരുന്നതു കണ്ടുപിടിക്കാൻ.

കൊറോണ ദുരന്തമൊഴിഞ്ഞു വസിക്കാൻ
വിദഗ്ദ്ധർ മനം കടയുന്നതിശക്തം.
ഫലം വരുമെന്ന പ്രതീക്ഷയൊടെന്നും
സഹിച്ചു നടപ്പതു നമ്മുടെ ധർമ്മം.

തൊഴിൽദിനമിന്നു സ്മരിച്ചു നമിക്കാം.
കൊറോണയൊഴിഞ്ഞു തൊഴിൽവരുമാനം
ലഭിച്ചിടുവാനൊരുമിച്ചു മനസ്സിൽ
നമുക്കിതു നല്ലൊരു പ്രാർത്ഥന ചൊല്ലാം.

******************************************************************

ഏപ്രിൽ 30, 2020

പ്രഭാതവന്ദനം 92
നമിക്കുന്നു നിത്യം


ഇരുട്ടിന്റെ ലോകത്തു വെട്ടം പരത്തി
ഉണർത്തുന്നു സർവ്വം ജഗത്തിങ്കലെന്നും
മലയ്ക്കും ചെടിയ്ക്കും നടുക്കായിനിന്നു
വെളിച്ചം പരത്തുന്നൊരർക്കാ വണക്കം.

കനൽക്കട്ടപോലെ ജ്വലിച്ചങ്ങുനിന്നു
വരം, വൈരരശ്മിയയച്ചെന്റെയുള്ളിൽ
കരുത്തുറ്റയൂർജ്ജം പകർന്നെന്നുമെത്തും
ദിനത്തിന്റെ നാഥാ, നമിക്കുന്നു നിത്യം.

സരോജത്തെ നോക്കിച്ചിരിക്കുന്ന സൂര്യൻ
മനസ്സിൽ ചെരാതിൻറെ ശ്രീത്വം വിളമ്പി
പ്രഭാതങ്ങളേകുംപ്രതീക്ഷയ്ക്കു നിത്യം
പ്രഭാവം കലർത്തിപ്രകാശിച്ചു നില്പൂ.

******************************************************************

ഏപ്രിൽ 29, 2020

പ്രഭാതവന്ദനം 91
പ്രഭാതസുഖം

അരുണൻ, കുളിച്ചു കുറിയഴകിൽ
ഭുവനം മുഴുക്കെ വരമരുളാൻ
കണിയായ് നഭസ്സിലൊരു തിലകം
നയനം കുളിര്‍ക്കെ തൊഴുതുവരാൻ

ഗഗനം ചിരിച്ച ചിരിയതിനാൽ
ധരയിൽ വെളിച്ചമുതിരുകയായ്
സുഖമോടണഞ്ഞു പ്രഭയരുളി
മലരും വിരിഞ്ഞു പരിമളമായ്.

ഇനനിൻ പ്രകാശതഴുകലിനാൽ
കമലം വിരിഞ്ഞു തൊഴുകരമായ്
കിളികൾ ചിലച്ചു രസകരമായ്
കുയിലിൽ രാഗമതതിലളിതം.

മഴയിൽ കുതിർന്ന തരിമണലിൽ
പവനൻ പതുക്കെ തൊടുവതിനാൽ
ഇവിടം മുഴുക്കെ പൊടിമണമായ്
കരളിൽ പ്രഭാതസുഖലയമായ്‌

******************************************************************
ഏപ്രിൽ 28 ,2020

പ്രഭാതവന്ദനം 90
പുഞ്ചിരി

സൂര്യനുദിച്ചാലന്നു മുഴുക്കെ
അംബരമാകെയാർത്തുചിരിക്കും
മോദസുഖത്താലൂർജ്ജിതരായി
ഭൂമിയിലുള്ളോരൊക്കെ രസിക്കും.

പുഞ്ചിരിയെല്ലാം സുന്ദരമല്ലേ
സ്നേഹമുഖത്തിൻ ഭാഷയതല്ലേ
ഇഷ്ടമനസ്സിൻ പുഞ്ചിരികണ്ടാൽ
സങ്കടമെല്ലാം പമ്പകടക്കും.

നമ്മുടെ പുഞ്ചിരി മറ്റുമനസ്സിൽ
നല്ലൊരു ദീപശ്ശോഭ തെളിക്കാൻ,
നിത്യസുഖത്തിൻ നന്മകളോതി
സത്യമുഖത്താലൊത്തു ചിരിക്കാം.

ഹർഷമുഖങ്ങൾ കണ്ടു രസിക്കാൻ
സുന്ദരനാളൊന്നോർത്തു സുഖിക്കാൻ
ഒത്തിരി നന്മച്ചിന്തകളോടെ
ഇത്തിരി നേരം പുഞ്ചിരി തൂകാം.

******************************************************************
ഏപ്രിൽ 27 ,2020

പ്രഭാതവന്ദനം 89
പ്രഭാതയരങ്ങ്

സുന്ദരമായ വിഭാതയരങ്ങില്‍
ബാലദിവാകരരശ്മികളെത്തി
കുക്കുടരാഗമുയര്‍ന്നു ശ്രവിക്കെ,
നിദ്രയിലാണ്ടവരൊക്കെയുണര്‍ന്നു.

കാകനുമൊത്തൊരു കോകിലമെത്തി
സ്വാഗതഗീതികരാഗസുഖത്തില്‍
മൈനചിരിച്ചു കുണുങ്ങിനടന്നു
ഉപ്പനുമുണ്ട് തുണയ്ക്കുകുണുങ്ങാന്‍.

അങ്കണമാകെയിഴഞ്ഞുരസിക്കും
മണ്ണിരയും പുഴുജീവികുരുപ്പും
ഭക്ഷണമാക്കി വിശപ്പുമകറ്റി
മുറ്റമതൊക്കെ വിശുദ്ധിവരുത്തി..

അര്‍ക്കനുണര്‍ത്തി വിടര്‍ന്നമലര്‍കള്‍
ഭംഗിയിലാടി നിരന്നുചിരിക്കേ,
ശീതളമാരുതപാണി തലോടി
നല്ല സുഗന്ധസുശോഭിതരായി

പുഞ്ചിരിയോടതിസുന്ദരമായി
വണ്ടുകളും ശലഭങ്ങളുമെത്തി
നല്ലൊരു തേന്‍രസമൂറ്റിരുചിക്കും
കാഴ്ച മനോഹരമെന്തൊരു ഭാഗ്യം

******************************************************************
ഏപ്രിൽ 26, 2020

പ്രഭാതവന്ദനം 88
മേടച്ചിരി
വാനത്തഴകായുദിച്ചയരുണാ
വെള്ളിക്കതിരിന്നിഴയ്ക്കു സമമായ്‌
താപക്കിരണം ജ്വലിച്ചു നിരയായ്
പാരില്‍ വിലസിത്തെളിഞ്ഞ രവി നിന്‍
മേടച്ചിരിയാലുലഞ്ഞു സകലം
താപം സഹിയാതലഞ്ഞുവരവേ,
ചാറല്‍ മഴയായ്ത്തുടങ്ങിയൊടുവില്‍
സര്‍വ്വം കുളിരും വിധത്തിലുതിരും
വേനൽമഴയാല്‍ കുതിർന്നു ധരയും
ചൂടിൻ കഠിനം കുറഞ്ഞു, സുഖമായ്.‍..

******************************************************************
ഏപ്രിൽ 25, 2020

പ്രഭാതവന്ദനം 87
കുഞ്ഞൻകോവിഡ്

ഇത്തിരിപ്പോന്നൊരു കുഞ്ഞനാണെങ്കിലും
ഒത്തിരിപ്പാഠമെനിക്കു ചൊല്ലീയവൻ

ലോക് ഡൗൺ കാലമൊരിക്കലും വിസ്മരി-
ക്കില്ല ഞാൻ ഭൂമിയിലുള്ളകാലംവരെ.

എങ്ങനെ നമ്മുടെ ദേഹമാരോഗ്യമായ്
വയ്ക്കണം എന്നൊരു പാഠം പഠിച്ചു നാം

ഉണ്ണുവാൻ മാത്രമതല്ല നാം കൈകളെ
നല്ലപോൽ വൃത്തിയിലെപ്പൊഴും വയ്ക്കുകിൽ,

കോവിഡില്ലെങ്കിലുമേതു രോഗാണുവും
വായിലും മൂക്കിലും പോകാതെ നോക്കിടാം.

ദൈവചൈതന്യമതെപ്പൊഴും നമ്മിലാ-
ണെന്ന വിശ്വാസമതുള്ളതും സത്യമായ്.

രോഗിയാണെന്നൊരു മുദ്രകുത്തുന്നതാം
മാനവർ പാതിയും രോഗമില്ലാത്തവർ.

വീടുകൾക്കുള്ളിലിരിക്കുമീ മാനവർ-
ക്കിപ്പൊഴാ രോഗമതൊക്കെയെങ്ങോട്ടു പോയ്.

എപ്പൊഴും മാളിൽ നിരങ്ങിയിരുന്ന നാ-
മെങ്ങു പോകുന്നു ദിനം ദിനം കാശുമായ്.

പാർലറില്ലാതെയും മൂവിയില്ലാതെയും
ഭൂമിയിൽ സ്വർഗ്ഗമറിഞ്ഞിടുന്നു ദിനം.

കായ്കറിത്തോട്ടമതിൽ പണി ചെയ്തിടാം
ആയുരാരോഗ്യമതും ലഭിച്ചീടുമേ.

ആഡംഭരങ്ങളുമാർഭാടവും വിട്ടു
ജീവിതം സാദ്ധ്യമതെന്നറിഞ്ഞല്ലോ നാം.

ദ്രോഹമൊന്നും നമ്മൾ പ്രകൃതിക്കു ചെയ്യാതെ
നിത്യവും വാഴുകിലെത്രയോ സുന്ദരം.

നാട്ടിലെ പുഴകളും കാട്ടിലെ വൃക്ഷവും
ഈ പ്രപഞ്ചത്തിന്നലങ്കാരമേറ്റിടും

സ്നേഹചിത്തങ്ങളിൻ ഐക്യസ്വഭാവങ്ങൾ
സ്വാർത്ഥചിത്തങ്ങളിൽ നന്മ വിതയ്ക്കുകിൽ

മാനവർകൈകളിലാണു ഭൂസ്വർഗ്ഗവും
നാട്ടുസമ്പാദ്യവുമെന്ന പാഠങ്ങളായ്.

ഇത്തിരിപ്പോന്നൊരു കുഞ്ഞനാണെങ്കിലും
ഒത്തിരിപ്പാഠമെനിക്കു നല്കീയവൻ

ലോക് ഡൗൺ കാലമൊരിക്കലും വിസ്മരി-
ക്കില്ല ഞാൻ ഭൂമിയിലുള്ളകാലംവരെ.

******************************************************************
ഏപ്രിൽ 24, 2020

പ്രഭാതവന്ദനം 86
ഒരു തിരിനാളമാകാം

മനസ്സിന്‍റെ കിളിവാതില്‍ മെല്ലെത്തുറന്നു
മഹത്ത്വങ്ങളണിചേരും ദീപം കൊളുത്താം.

മലര്‍ഗന്ധമണിദീപശ്ശോഭയ്ക്കു മുന്നില്‍
മന:ശക്തിയുയരാനായ് കൈകൂപ്പിനില്ക്കാം.

മലര്‍പോലെ ഗുണമേറും മാണിക്യദൃശ്യം
മയില്‍പ്പീലിയഴകേറും നേത്രം നിറയ്ക്കാം.

മൊഴിച്ചന്തമിയലും കര്‍ണ്ണങ്ങള്‍ രസിക്കാന്‍
മണിക്കുയിലിണയോതും രാഗം ശ്രവിക്കാം.

മന:സാക്ഷി നലമാക്കി സ്നേഹം വിതയ്ക്കാം
മതിപ്പുള്ള വിളയായിത്തങ്ങാം ജഗത്തില്‍.

മരിച്ചാലുമുടയോര്‍തന്നോര്‍മ്മയ്ക്കകത്തായ്
മറഞ്ഞോരു തിരിനാളമായങ്ങിരിക്കാം

******************************************************************
ഏപ്രിൽ 23, 2020

പ്രഭാതവന്ദനം 85
ഒളി മാത്രം

കാലത്തെഴുന്നേറ്റു ചുറ്റും നോക്കീ-
ട്ടർക്കനേയിങ്ങെങ്ങും കാണ്മതില്ലാ.
സുപ്രഭാതത്തിന്റെ ശോഭയേകീ -
ട്ടാദിത്യനെങ്ങോ മറഞ്ഞിരിപ്പൂ.

എങ്ങു തിരിഞ്ഞൊന്നു നോക്കിയാലും
ഒന്നുപോലുള്ളൊരു കാഴ്ചതന്നെ.
വാനത്തെ ചുംബിക്കാൻ വെമ്പി നില്ക്കും
അംബരചുംബിയാംകെട്ടിടങ്ങൾ.

കൂവിയുണർത്തുവാൻ പൂവനില്ലാ
രാഗങ്ങൾ പാടുവാൻ കുയിലുമില്ലാ
കേരങ്ങൾ തിങ്ങുന്ന കേരളത്തിൻ
സുപ്രഭാതത്തിന്റെ ചേലുമില്ലാ....

എങ്കിലുമോതുന്നു കൂട്ടുകാരേ
സ്നേഹം നിറഞ്ഞൊരു സുപ്രഭാതം...
നല്ലോരു നാളിന്റെയാശംസയും
ഇന്നു നിങ്ങൾക്കായി നേർന്നിടാം ഞാൻ.
******************************************************************
ഏപ്രിൽ 22, 2020

പ്രഭാതവന്ദനം 84
മേഘമണിക്കുട

ഇന്നലെ നീരിലിറങ്ങിയ സൂര്യൻ
ഇന്നു കുളിച്ചു കരേറിയൊരുങ്ങി
കുങ്കുമവർണ്ണമനോഹരനായി
വാനിലുദിച്ചുദയാമൃതമേകാൻ.

വാനിലൊരിത്തിരി ദൂരെയിരുന്നും
കൈകളിലേന്തിയ ദീപവുമായി
മേഘമണിക്കുട ചൂടി വരും നിൻ
കാഴ്ചയിതെന്തൊരു സുന്ദരമാണേ.

മുറ്റമതിൽ നിറപുഞ്ചിരിയോടെ
നീ വരുമെന്ന പ്രതീക്ഷയിലിന്നും
വാനമതിൽ നയനങ്ങളെ നട്ടീ
താമരയും ചെറു പുഞ്ചിരിതൂകി.

വന്ദനമോതിയ കൈകളുമായി
നിന്നിടുമിപ്പുതുമൊട്ടു തലോടി
അങ്കണമാകെ സുഗന്ധമൊരുക്കാൻ
വന്നൊരു ഭാസ്ക്കരാനെന്റെ വണക്കം.

******************************************************************
ഏപ്രിൽ 21, 2020

പ്രഭാതവന്ദനം 83
വാകപ്പൂക്കൾ

വാനം പൂത്താല്‍ ഭൂവിലെത്തി
ദീപത്തേരിന്‍ വെട്ടമെല്ലാം
പച്ചപ്പുല്ലിന്‍ ശോഭയേറി
പൂന്തോട്ടത്തില്‍ പൂ ചിരിച്ചൂ.

ആകാശത്തിൻ ചന്തമേറി
മേഘക്കൂട്ടം നൃത്തമാടി
തങ്കത്തേരിൻ തോരണങ്ങള്‍
ആടിപ്പാടീ ശൃങ്കരിച്ചു.

പൂത്താങ്കീരിക്കൂട്ടമെല്ലാം
പാറിപ്പാറുന്നങ്കണത്തിൽ
മുല്ലപ്പൂവിൽ തട്ടി മെല്ലെ
മന്ദം മന്ദം കാറ്റു വീശി.

വാഴപ്പൂവിൻ തേൻ കുടിക്കാൻ
നല്ലോരണ്ണാൻകുഞ്ഞുമെത്തി
വാകപ്പൂക്കൾ പുഞ്ചിരിച്ചു
ചേലിൽച്ചൊല്ലീ സുപ്രഭാതം

******************************************************************
ഏപ്രിൽ 20, 2020

പ്രഭാതവന്ദനം 82
നിത്യപ്രതീക്ഷ

വാനത്തു പൂക്കുന്ന കാണാമരത്തിൽ
മൊത്തം ചെമന്നോരു തെച്ചിപ്പഴംപോൽ
കാണുന്ന സൂര്യാ നിനക്കെന്തു ചന്തം
കൈനീട്ടി നോക്കുന്നു പ്രായം മറന്നും.

കണ്ടാൽ ശരിക്കൊന്നു തിന്നുന്ന പാകം
കിട്ടാൻ കൊതിക്കുന്നു കൈക്കുള്ളിൽ നിന്നെ
തൊട്ടൊന്നു നോക്കാൻ ശ്രമിക്കുന്നു ഞാനും
നിന്നോടെനിക്കൊന്നു മിണ്ടാനുമിഷ്ടം

കുഞ്ഞായിരുന്നകാലം മുതൽക്കേ
കാലത്തുദിക്കുന്നനിൻ ഭംഗി കണ്ടാൽ,
ചിത്തത്തിലെപ്പോഴുമെന്തിഷ്ടമെന്നോ
കൈക്കുള്ളിലിട്ടൊന്നിതമ്മാനമാടാൻ.

മോഹത്തെയമ്മമ്മയോടൊന്നു ചൊല്ലി
പിന്നിൽ നടക്കുന്ന കാലങ്ങളിന്നും
കുഞ്ഞോർമ്മയായെന്റെ കൂടെക്കളിക്കു-
ന്നേരത്തു ചുമ്മാ ചിരിച്ചു രസിക്കും.

താമരപ്പൊയ്കയ്ക്കു മദ്ധ്യേ വിരിഞ്ഞു
നില്ക്കുന്നൊരാമ്പൽപ്രസൂനം കണക്കേ
നീയെന്നെ നോക്കുന്നതില്ലെന്നറിഞ്ഞും
നിന്നോടെനിക്കുള്ളിലുണ്ടോരു പ്രേമം.

രാവിന്നിരുൾ മായ്ച്ചു വെട്ടം തരുമ്പോൾ
പുഷ്പങ്ങളോടൊത്തുനിന്നൂ രമിക്കാൻ
ഞാനെന്റെ മുറ്റത്തിറങ്ങുന്നു സത്യം
നീ നിത്യമെത്തുന്നതും നോക്കി നില്ക്കാൻ.

നീ വന്നുദിച്ചാൽ തെളിഞ്ഞൊന്നു കാണും
പാരിന്റെ പച്ചപ്പിലന്നേ കൊതിക്കും.
നിത്യപ്രതീക്ഷയ്ക്കു കൂട്ടായി നിന്നു
കത്തിജ്വലിക്കുന്ന സൂര്യാ വണക്കം.

******************************************************************
ഏപ്രിൽ 19, 2020

പ്രഭാതവന്ദനം 81
മാമലനാട്ടുമഹത്ത്വം

കുക്കുടവീരനുണർന്നതിരാവിലെ കൂവിയതിൽ
മഞ്ഞണിവാകമലർ പൊഴിയുന്നൊരു മുറ്റമതിൽ

സുപ്രഭയേകിയുദിച്ചുവരുന്നയൂഷസ്സുകളെ-
ക്കണ്ടു ചിരിച്ചു നമിച്ചു വിടർന്ന സരോരുഹവും

രാത്രി വിടർന്നൊരു മുല്ലമലർക്കൊടിഭംഗികളും
പൂമ്പുലർ ഗന്ധവുമേന്തിവരും നവ മാരുതനും

വാടികതോറുമതൊന്നു വിരിഞ്ഞതി മോഹനമാം
പൂക്കളിലിത്തിരി തേൻ നുകരാനൊരു മോഹവുമായ്

വന്നണയുന്നമനോഹരമായൊരു തുമ്പിയതും
പൂമരശാഖയിലിത്തിരി സ്നേഹവുമായി വരും

പൂങ്കുയിലിന്റെ രസാവഹമായൊരു ഗാനമതും
കേട്ടുണരുന്ന പ്രഭാതസുഖത്തിലെ സ്വർഗ്ഗമതിൽ

പൂമുഖവാതിൽ തുറന്നുവരാനൊരു ഭാഗ്യമതും
മാമലനാട്ടുമഹത്വമതോതുകയല്ലെ നിജം.

******************************************************************
ഏപ്രിൽ 18, 2020

പ്രഭാതവന്ദനം 80
കണ്ണാ, വണങ്ങുന്നു.

കൃഷ്ണാ മുകുന്ദാ മുരാരേ മനസ്സിന്റെ
മുറ്റം നിറഞ്ഞങ്ങു നില്ക്കുന്ന കണ്ണാ.
നിത്യം ഹൃദന്തത്തിൻവാതിൽ തുറന്നൊന്നു
നിൻ മുന്നിലെത്തിച്ചശേഷം മയങ്ങുന്നു.

കണ്ണൻ മനസ്സിൽ കളിക്കുന്നതുണ്ടെങ്കി-
ലുള്ളം തെളിഞ്ഞൊന്നു കാണാൻ കഴിഞ്ഞീടും
കള്ളങ്ങളുള്ളോരു നെഞ്ചിൽ നിറഞ്ഞുള്ള
നഞ്ചിന്റെ ഛായാചരിത്രം പുകഞ്ഞീടും.

കണ്ണാ കടൽവർണ്ണ, കാത്തോളണേയെന്റെ
വീടൊക്കെ, നാടൊക്കെ, ലോകത്തെ മൊത്തവും
കഷ്ടങ്ങളെല്ലാം നികത്തിക്കടാക്ഷിച്ചു
തന്നീടണേ നന്മ നിത്യം വിളങ്ങാനായ്.

ചിത്തത്തിലാശയ്ക്കു മോശം വരാതങ്ങു
സത്യം നടപ്പാക്കി നല്കുന്നു കണ്ണാ നീ.
നിൻ നാമമെന്നും ജപിക്കുന്ന ചിത്തത്തെ
പൊന്നായിനോക്കുന്ന കണ്ണാ, വണങ്ങുന്നു.

******************************************************************
ഏപ്രിൽ 17, 2020

പ്രഭാതവന്ദനം 79
പുലരിവന്ദനം

അരുണനിത്ര മനോഹരമായ് ദിനം
മലനിരയ്ക്കതി ചാരു കലർത്തിയീ
ധരയിലേക്കൊളി വീശിയുയർന്നിതാ
ഗഗനവീഥിയിലെത്തി വിഭാതമായ്.

കുയിലു പാടി രസിച്ചിടുമീയിളം
സുഖദരാഗവുമായി വരുന്നൊരീ
പവനനോടു രമിച്ചു നിരന്നിതാ
മലരു പുഞ്ചിരി തൂകിയ കാഴ്ചകൾ.

നയനമോഹന കാഴ്ചയിലെത്രയോ
ശലഭസുന്ദരിമാരതിമോഹമായ്
മധു നുകർന്നു നുകർന്നു ലസിച്ചിടും
പുലരിയോടൊരു വന്ദനമോതിടാം.

******************************************************************
ഏപ്രിൽ 16, 2020

പ്രഭാതവന്ദനം 78
മേടക്കാറ്റ്

വിണ്ണിൽ പൂക്കുന്ന മണിമലർച്ചന്തം
മണ്ണിൻമാറിൽ പ്രഭ ചൊരിയുന്നേരം
മേടക്കാറ്റിൻ കുളിരു പകർന്നെത്തി
മാരിക്കാറും മണലിലുതിർന്നല്ലോ.

വാരിക്കോരിച്ചിതറിയുതിർന്നീടും
മാരിചാറൽ പൊടിമണലിൽ വീഴേ
പൂമ്പാറ്റയ്‌ക്കും ചിറകുനനഞ്ഞപ്പോൾ
പൂന്തോട്ടത്തിൽ മലരു ചിരിക്കുന്നു

മാരിത്താളച്ചിരി മുറുകും മേളം
കാണാൻ ചന്തം കിളിയെ നനയ്ക്കുന്നു..
ചേലോടെത്തുന്ന കുയിലു കൂവുമ്പോൾ
പുള്ളിപ്പൂന്തേൻകുരുവി ചിലയ്ക്കുന്നു.

കോലായിൽ വന്നു വെറുതെ നിന്നപ്പോൾ
കൈയിൽ കട്ടൻ കരുതിയിരുന്നു ഞാൻ
പാട്ടുംമൂളിപ്പുതു കഥയും ചൊല്ലും
പൂത്താങ്കീരിക്കു സുദിനകിന്നാരം.

******************************************************************
ഏപ്രിൽ 16, 2020 .

പ്രഭാതവന്ദനം 77
മിഴിമൊഴി

പുലരിക്കതിരോൻ മാഞ്ഞൂ വാനിൽ
മണിമുകിലെത്തീല്ലോ

ഉണരൂ സഖിയേ കാണാൻ വായോ
മണിമുകിലിൻ ചന്തം

കുയിലിന്നനുരാഗത്തിൻഗീതി-
കളണിയാം വാ വാ

ഇരുളിന്നലയാൽ മേഘക്കൂട്ടം
പ്രഭയെ മറയ്ക്കുന്നൂ

ഇടിയും മഴയും വന്നീ ജൂണിൻ-
പുലരി നനയ്ക്കുന്നൂ
കരളിൽ കുളിരായ് മണ്ണിൽ സർവ്വം
നനയുകയായെങ്ങും

തുടരും മഴയിൽ മുറ്റത്തെല്ലാം
കുമിളൾ തുള്ളുന്നു

മരവും ചെടിയും പൂവും മൊട്ടും
മിഴിമൊഴിയാലെന്നെ

തുണയായണയാനാനന്ദിക്കാ-
നരികെ വിളിക്കുന്നു

അതിലെൻ മനതിൽ തുള്ളിത്തുള്ളി-
ച്ചിരികളുയർന്നല്ലോ

മഴയിൽ നനയാനെന്നിൽ മോഹം
പെരുകുകയായുള്ളിൽ

ഒടുവിൽ പടികൾ താണ്ടീ ഞാനും
നനയുകയാണിപ്പോൾ

മഴയിൽ നനയാൻ കൂട്ടായ് വാ വാ
കിളിമകളേ നീയും.

നനവിൽ കുതിരും സ്നേഹത്താലേ
ശുഭദിനമോതാൻ വാ.

******************************************************************
ഏപ്രിൽ 14, 2020

പ്രഭാതവന്ദനം 76
വിഷുക്കണി.

ലോകപ്രതീകമാമോട്ടുരുളിയൊന്നു
തേച്ചുമിനുക്കിയെടുത്തിടേണം

കൈകാൽമുഖം നനച്ചെത്തിയ പിന്നെ നാം
വർഷം മുഴുവനും തോഷസമൃദ്ധിക്കായ്

വിഷ്ണുചൈതന്യത്തിൻ സങ്കല്പത്തോടതിൽ
പുത്തനുണക്കലരി ചൊരിഞ്ഞീടണം.

പൊൻമുഖച്ഛായതന്നോർമ്മയിൽ നാമൊരു
സ്വർണ്ണനിറമുള്ള കണിവെള്ളരിക്കയും

കാലപുരുഷക്കിരീടമായ്ക്കാണുന്ന
സൗവർണ്ണ ശോഭയാം കർണ്ണികാരത്തിന്റെ

പൂമണിക്കൊമ്പൊന്നു മേലെ വച്ചീടണം.
കദളിവാഴപ്പഴപ്പടല വേണം.

മാമ്പഴം വേണം വരിക്കച്ചക്ക വേണം.
നാളികേരത്തിനെ രണ്ടുമുറിയാക്കി

നെയ്ത്തിരിയിട്ടോരൊ ദീപം തെളിക്കണം
വെറ്റില, പാക്കുമെടുത്തോരരികത്തായ്

നൽപുതുവസ്ത്രവുമൊന്നു കരുതേണം
വെള്ളോട്ടുകിണ്ടിയിൽ വെള്ളം തുളുമ്പണം

കണ്ണന്റെ വിഗ്രഹച്ചാരത്തു നല്ലൊരു
മംഗളമായുള്ളയഷ്ടമംഗല്യത്തട്ടിൽ

പൂർണ്ണകുംഭം, വിളക്കു, വാൽക്കണ്ണാടിയും
ചന്ദനക്കിണ്ണവും വലംപിരിശംഖും

കുങ്കുമച്ചെപ്പും താംബൂലവും സ്വസ്തികം
കൈനീട്ടമായ് നല്കാൻ നാണയവയ്ക്കണം

ആമാടപ്പെട്ടീന്നു പാലയ്ക്കാമാലയും
കൃഷ്ണന്റെ വിഗ്രഹത്തേലൊന്നു ചാർത്തണം

എല്ലാമൊരുക്കിയ ഓട്ടുരുളി പിന്നെ
ഭക്തിയായ് കണ്ണന്റെ മുന്നിൽ വച്ചിടണം.

കാലത്തെഴുന്നേറ്റു സ്നാനംകഴിഞ്ഞിട്ടു
ദീപം കൊളുത്തി വിഷുക്കണി കാണണം.

******************************************************************
ഏപ്രിൽ 13, 2020

പ്രഭാതവന്ദനം 75
മണിമുകിൽ

കരിയിലാങ്കുരുവിതൻ
കലപില കേട്ടു ഞാൻ
കരിമിഴിരണ്ടും തുറന്നു മെല്ലെ
മണിമുകിൽ നിരകളിൻ
പുറകിലെയർക്കനിൻ
തെളിമയിലെങ്ങും പ്രകാശമായി.
തൊടിയിലെക്കുസുമവും
വിരിയുകയായിതാ
ശലഭവുമൊത്തു കഥപറയാൻ

******************************************************************
ഏപ്രിൽ 12, 2020

പ്രഭാതവന്ദനം 74
ഈസ്റ്റർ

പുണ്യവാൻ യേശുവെന്നസത്യം
പുനരുദ്ധരിച്ചനാൾ

പാപത്തിൽ, മരണത്തിൽ യേശു
വിജയം വരിച്ച നാൾ

സത്യവും നന്മയും രക്ഷയെന്ന
പാഠം പഠിച്ച നാൾ

രക്ഷതൻ മഹത്വത്തിന്നടയാളമായ്
കുരിശുയർന്ന നാൾ

നിത്യരക്ഷതന്നച്ചാരദൈവമായ്‌
യേശു പുനരുദ്ധരിച്ച നാൾ

സ്വർഗ്ഗത്തിരുനാളാഘോഷം മണ്ണിൽ
ഈസ്റ്റർ പെരുന്നാൾ.

******************************************************************
ഏപ്രിൽ 11, 2020

പ്രഭാതവന്ദനം 73
വർണ്ണഘോഷം

കുങ്കുമച്ചിമിഴ് കമിഴ്ന്നോ
വാനമാകെ വർണ്ണഘോഷം
മേഘജാലമൊന്നു കീറി
സൂര്യദേവനെത്തിനോക്കി.

ചക്രവാളസീമ വിട്ടു-
യർന്നുവന്നു സൂര്യദേവൻ
രാത്രിതന്നിരുൾ മറച്ചു
പാരിലാകെ ശോഭയേകി.

പൂങ്കുയിൽ വിളിച്ചു കൂവി-
യെന്നെയൊന്നുണർത്തി മെല്ലെ
കൺതിരുമ്മി വന്നുനിന്നു
കൂടെ കൂവി വാശിയേറ്റി.

മൗനമായിരുന്നു പിന്നെ
ഒച്ച താഴ്ത്തിയൊന്നു കൂവി
വിട്ടതില്ല, മെല്ലെ മെല്ലെ
കൂടെ കൂവി ഞാൻ കളിച്ചു.

കണ്ടുനിന്ന പൂക്കളൊക്കെ
ഞങ്ങളേ രസിച്ചു നോക്കി
പുഞ്ചിരിച്ചിതൾ വിടർത്തി
സുപ്രഭാതമോതി മെല്ലെ

******************************************************************
ഏപ്രിൽ 10, 2020

പ്രഭാതവന്ദനം 72
പൂമാരി

പൂന്തിങ്കൾക്കല മറഞ്ഞു
പൂഞ്ചോലക്കുയിലു പാടി
പൂപോലേയരുണവെട്ടം
പൂവാനത്തുദയമായി.

പൂവാകക്കതിരു മെല്ലേ
പൂങ്കാറ്റാലിളകിയാടീ
പൂമാരിക്കുമിളയെല്ലാം
പൂമുറ്റത്തണി നിരന്നു.

പൂന്തോപ്പിൽ മലർവിരിഞ്ഞൂ
പൂക്കൈതച്ചിരിയുണർന്നൂ
പൂത്താലിച്ചരടുമായീ
പൂവാനിൽ രവിയൊരുങ്ങി

******************************************************************
ഏപ്രിൽ 9, 2020

പ്രഭാതവന്ദനം 71
സർഗ്ഗപ്രഭാതം

കുങ്കുമവർണ്ണം വാരി വിതച്ചൂ
സൂര്യനുദിക്കും സുന്ദരവാനിൽ
പക്ഷികുലങ്ങൾ പാറിവരുമ്പോൾ
കണ്ണിനു സായൂജ്യത്തിരയോട്ടം.

പൊൻകിരണങ്ങൾ ഭൂവിലിറങ്ങി
പച്ചവിരിപ്പിന്നാഭ തിളങ്ങി,
മുല്ലമലർതൻ ഗന്ധവുമായി
അങ്കണമാകെക്കാറ്റു പരന്നു.

തേൻമധുരപ്പൂഞ്ചന്തമെഴും നല് -
പുഞ്ചിരിതൂകിപ്പൂമരമെല്ലാം
മാടിവിളിക്കുന്നേരമതോരോ
ചിത്രപതംഗം ചാരെ വരുന്നൂ.

പാരിതിലെന്നും പൊൻപ്രഭയേകും
നൽപുലരിക്കാഴ്ചക്കതിരോൻ
എത്ര മനോജ്ഞകാഴ്ചകളാണീ
നിത്യസുഖത്തിൻ സർഗ്ഗപ്രഭാതം !

******************************************************************
ഏപ്രിൽ 8, 2020

പ്രഭാതവന്ദനം 70
നയനോത്സവം

മണിപോൽ ചൊടിയിൽ ചിരിയുതിരും
മുകിലിൻ നടുവേയദിതി സുതൻ.
കലയായ് തിലകക്കുറിയഴകിൽ
കണിയായുയരും രവി ദിനവും.

അരുണാ, തവ കൺമിഴിമൊഴിയിൽ,
അനുരാഗിണിയായ് കമലമിതാ
കിരണാവലികൾ തഴുകിയതിൽ
കമലാദളവും വിടരുകയായ്.

തൊടിയിൽ വിരിയും മലരുകളിൽ
തെളിയും മധുവിൻ രുചിമധുരം
മലരിൽ നിറയും മധു നുകരാൻ
മദമോടണയും മണിശലഭം.

നയനോത്സവമായനുദിനവും
കണിയേകി വരുന്നയരുണനുമായ്
കരവും തൊഴുതൊന്നുരചെയ്യാം
നമനം ശുഭദം സുരസുഖദം.

******************************************************************

ഏപ്രിൽ 7, 2020

പ്രഭാതവന്ദനം 69
ലോകപാലകാ

ലോകം മുഴുവൻ ഭയം മറയാനായ്
ലോകനായകാ തിരി തെളിക്കാം

ലോകം മുഴുവൻ ഭയം മറയാനായ്
ലോകനായകാ തിരി തെളിക്കാം

മരണനിവാരണമരുളും മരുന്നായ്
മർത്ത്യർ മതിയിൽ തെളിയുകില്ലേ

ലോകം മുഴുവൻ ഭയം മറയാനായ്
ലോകനായകാ തിരി തെളിക്കാം

ദുരാഗ്രഹത്താൽ സ്വാർത്ഥത മൂത്തു
കരുണയില്ലാക്കൈകൾ കൂടുമ്പോൾ

സഹികെട്ടണുവായ് പാറി വന്നു
പിഴുതൊന്നെറിയാൻ നോക്കുന്നോ

മണ്ണിൽ മനുജർ തീർന്നിടും മുൻപേ
ഔഷധമായ് നീ വന്നിടാമോ.

ലോകം മുഴുവൻ ഭയം മറയാനായ്
ലോകനായകാ തിരി തെളിക്കാം

കല്ലിൽ പുല്ലിൽ കനിവായ് തെളിയും
ദൈവമേ മനം തളരുകയായ്

രോഗവ്യാപകം അതിർകടന്നു
ലോകപാലകാ മതിയാക്കൂ

ആപത്തിൻ കൈകളിൽപ്പെട്ടവർക്കായ്
ഔഷധരൂപമായവതരിക്കൂ.

ലോകം മുഴുവൻ ഭയം മറയാനായ്
ലോകനായകാ തിരി തെളിക്കാം

മരണ നിവാരണമരുളും മരുന്നായ്
മർത്ത്യർ മതിയിൽ തെളിയുകില്ലേ

******************************************************************
പ്രഭാതവന്ദനം 68

ഏപ്രിൽ 6, 2020
സ്തുതിച്ചുപാടിടാം

കിഴക്കുദിക്കിലായുദിച്ചുയർന്നിടും
ചെമന്നസൂര്യനെ വണങ്ങിടാം ദിനം.
ഇരുണ്ടഭൂമിയിൽ വെളിച്ചമേകുവാൻ
തനിച്ചു വാനിലായ് വരുന്നു നിത്യവും.

വെളിച്ചംകണ്ടു നാമുണർന്നു രാവിലേ
വരുന്നനേരത്തു മുഖത്തും ദേഹത്തും
പതിച്ചിടും നല്ല വെളുത്തരശ്മികൾ
നമുക്കു ശക്തിയെ തരുന്നു നിത്യവും.

ദിനം ദിനം വരും വെളുത്തരശ്മിയാൽ
അണുക്കളൊക്കെയുംനശിച്ചുപോവതാൽ,
പ്രപഞ്ചമാകെയായ് നിറഞ്ഞുനില്ക്കുന്ന
അണുക്കളിൽനിന്നും വിമുക്തരാണു നാം.

ഒരിക്കലീ സൂര്യൻ ഉദിച്ചിടാത്തനാൾ
ഇരുട്ടിൽ തപ്പിടുന്നവസ്ഥയോർത്തിടാം.
വെളിച്ചമുള്ളൊരു ജഗത്തിൽ വാഴുവാൻ
ഉദിച്ചസൂര്യനെ സ്തുതിച്ചുപാടിടാം.

******************************************************************
ഏപ്രിൽ 5, 2020

പ്രഭാതവന്ദനം 67
കലാകാരൻ

നഭസ്സിൽ വരയ്ക്കും പ്രഭാതത്തിലെ
മനോജ്ഞങ്ങളാകുന്ന ദൃശ്യങ്ങളെ
വരച്ചിട്ടു സംതൃപ്തനാകാതെ യീ
കലാകാരനെന്നും തുടയ്ക്കുന്നുവോ ?

വരച്ചും തുടച്ചും നിറം ചാർത്തിയും
പുതുദൃശ്യമെന്നും കണിക്കേകിയും
മനസ്സിൽ നിറയ്ക്കുന്നയൂർജ്ജത്തിനാൽ
ഉഷാറാക്കിടുന്നീയൂഷസ്സെന്നുമേ.

ചിലയ്ക്കുന്ന പക്ഷികുലങ്ങൾ വരം
പ്രഭാതങ്ങളോതി വിളിക്കും ദിനം
കുയിൽരാഗഗീതത്തിലാമോദമായ്
മലർകൾ ചിരിക്കും പ്രഭാതങ്ങളിൽ.

തൊടിക്കുള്ളിലായിപ്പറക്കും ദിനം
ഉഷസ്സിന്റെ ഗീതം രസിച്ചങ്ങനെ
ഇനിക്കുന്ന തേനും നുകർന്നാടുമീ
നവസ്നേഹതുമ്പിക്കുമാഹ്ലാദമായ്.

******************************************************************
ഏപ്രിൽ 4, 2020

പ്രഭാതവന്ദനം 66
മധുരവചനം

ഗഗനശിഖരമാകെ അർക്കനായ് പൂത്തൊരുങ്ങി
കണിസുഖമൊരു ദീപം വാനിലെത്തുന്നതോടെ
അരുണകിരണവൃന്ദം ഭൂവിലെത്തുന്നു മന്ദം
സകലതുമുണരുന്നു സുപ്രഭാതത്തിലെന്നും.

കുയിലുകളുടെ രാഗം സുപ്രഭാതത്തെയോതി
കളകളകിളിനാദം കാതിലെത്തുന്നതോടെ
കനവുകളുടെ ലോകം വിട്ടുണർന്നൊന്നു ഞാനും
ശുഭദിനസുരതാളം കേട്ടു നിന്നു രസിക്കേ,

അരുണകിരണമെത്തി താമരപ്പൂമുഖത്തിൽ
ഇനിയ സുഖദ രാഗം നാണമായ് മിന്നിനിന്നു
അരുണനുമതു കണ്ടു രാഗലോലനുരാഗം
മധുരവചനമോതിപ്പുഞ്ചിരിച്ചങ്ങു കൊഞ്ചി.

തൊടിമലരിനെ ചുറ്റിപ്പാറിമൂളുന്ന വണ്ടിൻ
സുരസുഖലയരാഗം കേട്ടൊരാനന്ദമോടെ
അകതളിരിലെ സ്നേഹം പങ്കുവച്ചീടുവാനായ്
പ്രിയസഹജരോടിന്നും ചൊല്ലിടാം സുപ്രഭാതം.

******************************************************************
ഏപ്രിൽ 3, 2020

പ്രഭാതവന്ദനം 65
പൊൻപുലരി

അമ്പിളി മാഞ്ഞോരംബരമേ,
അർക്കനുദിച്ചാൽ പൊൻപുലരി.
അംബുജമൊട്ടിൽ പൂങ്കുരുവി
നർത്തനമാടും പൂമ്പുലരി.

അംബരനാഥൻ തഴുകുമ്പോൾ
അംബുജമൊട്ടേ നീ വിടരും
അന്തിമയങ്ങുന്നേരത്ത്
അംബുജനേത്രം അടയുന്നു.

അംബരമാകെ സുന്ദരമാ-
ണിമ്പമൊടർക്കൻ വന്നീടുകിൽ.
അംഗുലിസന്ദേശങ്ങളുമായ്
അംബുകമെല്ലാം പൂത്തുലയും.

അംബരബീജശ്രേഷ്ഠതയിൽ
അംബുധികാഞ്ചിയൊന്നുണരൂ.
ഇംഗിതമോടെയംബുജമീ
അംഗനമാരെപ്പോലുണരും

******************************************************************
ഏപ്രിൽ 2, 2020

പ്രഭാതവന്ദനം 64
ഉഷഗായകൻ

സുന്ദരനായൊരുങ്ങിയീ
വാനിലുയർന്നൂ ഭാസ്‌ക്കരൻ.
സർവ്വചരാചരങ്ങളും
കണ്ണുതുറന്നു മോദമായ്.

പുഞ്ചിരി തൂകും പൂക്കളേ,
വാടികയിൽ വിരിഞ്ഞു വാ.
അങ്കണമാകെ ഭംഗിയായ്
കങ്കണവും കിലുക്കി വാ.

അക്ഷികളെ വിടർത്തി യീ
പക്ഷികുലം പറന്നിതാ.
പൂമ്പുലരിക്കു രാഗമായ്
പൂങ്കുയിലെത്തിയില്ലയെ.

കോകിലരാഗമേളയിൽ
നിത്യമുണർന്നു ശീലമായ്
നീ വരികില്ലയെങ്കിലെൻ
നാളിതു മൗനമായിടും.

ഓടിവരൂ പികങ്ങളേ
പാടിവരൂ സുഖം തരൂ
പൊന്നുഷഗായകാ മനം
തേടുകയാണിതു നിന്നെയും

******************************************************************
ഏപ്രിൽ 1, 2020

പ്രഭാതവന്ദനം 63
വാസരശോഭ

വാനിലെ വീഥി ചെമന്നിന്നും
വർണ്ണമനോജ്ഞമതായ്ക്കാണാം
വാരിധരങ്ങളൊതുങ്ങുന്നു
വാരിളസൂര്യനുദിക്കുന്നു

വാകമരത്തിലെ സൂനങ്ങൾ
വന്ദനമോതിയണയ്ക്കുമ്പോൾ
വാരിജയാസ്യനുരാഗത്തിൻ
വാസരശോഭ ചിരിക്കുന്നു.

വാടികതൻ ചെറു പൂഷ്പത്തിൻ
വാസനയെങ്ങുമുലാത്തുന്നു.
വാസിതയങ്കണയോരത്തിൽ
വാസന്തമൊന്നതു പാടുന്നു.

******************************************************************
മാർച്ച് 31, 2020

പ്രഭാതവന്ദനം 62
ഉഷ്ണകാഴ്ചകൾ

ചെഞ്ചായം ചൊടിയിൽ തേച്ചു
പുഞ്ചിരി തൂകി ബാലാർക്കൻ
മൊഞ്ചുള്ളാ പുഞ്ചിരി കണ്ടെൻ
നെഞ്ചകമാകെയുണർന്നു.

കൊഞ്ചിക്കൊഞ്ചി ശാരികയും
പഞ്ചമരാഗശ്രുതി മീട്ടി.
മഞ്ജുളമോഹനഗാനം
കോകിലരാഗശ്രുതിയിൽ.

സുന്ദരസൂനസുഗന്ധം
അങ്കണമാകെ പരന്നു
എന്തൊരു രസമാണെന്നോ
ഈ ഉഷഃകാഴ്ചകളെന്നെന്നും.

******************************************************************
മാർച്ച് 30, 2020

പ്രഭാതവന്ദനം 61
നിത്യവസന്തം

മാനസമുറ്റമടിച്ചു തൂത്തു
ചപ്പു ചവർകളെ നീക്കി, മെല്ലെ
സ്വാർത്ഥതയൊക്കെയിളക്കിമാറ്റി
സ്നേഹമലർച്ചെടി നട്ടുവയ്ക്കാം.

നിഷ്ക്കളമായ മനം പകർന്നു
നിത്യവുമാച്ചെടി നാം വളർത്താം
പൂത്തു തളിർത്തതു മെല്ലെമെല്ലെ
വന്മരമായിയുയർന്നിടട്ടെ.

നിത്യവസന്തമലർ വിരിഞ്ഞു
സത്യസുഗന്ധമതിൽ നിറഞ്ഞാൽ,
സ്വർഗ്ഗസുഖത്തെ നുകർന്നു നമ്മൾ
സന്തതമീ വരമാസ്വദിക്കാം.

******************************************************************
മാർച്ച് 29, 2020

പ്രഭാതവന്ദനം 60
വീട്ടിലിരിക്കാം

ധരണിയിൽ ജനങ്ങളെ ഒന്നടങ്കം
മരണമാം വഴിക്കു നയിച്ചിടാനായ്
ഭരണിയും തുറന്നു വരുന്നു ഭൂതം
കരുണ തെണ്ടുവാനിവിടില്ല ദൈവം.

മനുജരേ മനസ്സു മടുത്തിടാതെ
കടയിലേക്കിറങ്ങി നടന്നിടാതെ
ഒഴിവുനാൾ ഗൃഹത്തിനെ വൃത്തിയാക്കാം
കനവുകൾ മനഞ്ഞു ദിനത്തെ നീക്കാം.

തൊടിയിലേ മരങ്ങളിൽ പൂത്തുനില്ക്കും
മലരണിത്തരങ്ങളെയാസ്വദിക്കാം
അവരെയൊന്നടുത്തു രസിച്ചുനില്ക്കാൻ
കൊതിയുമായ് നിനച്ചു നടന്നതില്ലേ?

തനയരാം പ്രിയങ്ങളോടൊത്തു നിത്യം
പ്രിയസഖീമുഖത്തെ ചിരിപ്പൂ കാണാൻ
സമയവും ലഭിച്ചു കൊറോണയാലെ
അനുഭവിച്ചിടാമിനിയെന്നുമെന്നും.

വിവരവും വിവേകവുമുള്ള നമ്മൾ
കടയിലും നിരത്തിലുമടുത്തുകൂടി
തനുവിലീ കൊറോണ വഹിക്കുകില്ലേ?
അണുവിനെപ്പകർന്നു നടന്നിടാമോ.?

കൈതൊഴാനൊരമ്പലവുമില്ല പാരിൽ
കരുണയുള്ള ദൈവവുമില്ല ഭൂവിൽ
അവരുമീ മനുഷ്യമനം വെറുത്തോ?
തനിയെ നാം കരുത്തു മനസ്സിനേകാം.

******************************************************************
മാർച്ച് 28, 2020

പ്രഭാതവന്ദനം 59
ഉദയേശ്വരജ്യോതി

ഭുവനം മുഴുവന്നൊളി തൂകി ദിനം
ഗഗനത്തിരുമുറ്റമതില്‍ക്കതിരോന്‍
കണികണ്ടുണരാനതിശോഭിതനായ്
മണിദീപമതായിയുദിച്ചുയരും.

മഹനീയ ഗുണത്തിലകോദയവും
കുയിലിന്‍ കളഗീതലയശ്രുതിയും
തൊടിയില്‍ വിടരും മലരില്‍ മധുവു-
ണ്ടുവരും വരിവണ്ടു ധരയ്ക്കു വരം.

പ്രഭമങ്ങിയ വൈകിയ നേരമതില്‍
നിറസന്ധ്യ ചെമന്നു തുടുത്തു വരും.
നിശ നീട്ടിയ കൈകളിലെത്തിയുടന്‍
പകലോനൊളിയുന്നിരുളിന്‍മറയില്‍.

രജനീശ്രുതിമീട്ടിയ രാക്കിളിതന്‍
മൃദുരാഗമതെന്നെ മയക്കിടവേ,
നിശയില്‍ വിരിയും മലര്‍വാസനയില്‍
സുഖമായ് കനവൊന്നു തലോടിടവേ,

ഒരുപാതിധരയ്‌ക്കൊളിസേവയതി-
ന്നൊഴിവേകി ഗമിച്ചിടുമീ കതിരോന്‍
ഇരുളിന്‍ പിടിയില്‍ കഴിയുന്നിടമാം
മറുപാതി ജനത്തിനു വെട്ടവുമായ്.

ഉരുവാകിയനേരമതന്നുമുതല്‍
ഒഴിയാതെ മിടിച്ചിടുമെന്‍ ഹൃദയം
മിടിയൊക്കെ നിറുത്തി ഗമിച്ചിടുമെ
ഒരുനാള്‍ മരണത്തിലകപ്പെടുകില്‍.

അതുപോലെയിയര്‍ക്കനു വിശ്രമമാ -
യൊരു നാളുമതില്ല, നിനച്ചിതു ഞാന്‍,
ഒഴിവോടൊരുനാള്‍ രവി പോയിടുകില്‍,
ജഗമൊക്കെയിരുള്‍പ്പിടിയില്‍ മറയും

അഴകൊക്കെ രസിച്ചിടുമെന്‍നയനം
അലയേണമതന്ധതയില്‍ സതതം.
പതിവായ് നയനോത്സവമേകിവരാ
നിതുപോല്‍ ഭഗവാനില്ലുലകില്‍.

ഉദയേശ്വരജ്യോതിയരുള്‍ ചൊരിയാന്‍
തിരുരൂപമതായ് നിലകൊണ്ടു ഭവാന്‍
മനഃശുദ്ധതയോടെ ദിനം തൊഴുകാം.
ഹൃദിവന്ദനമോടെ വണങ്ങിവരാം.

******************************************************************
മാർച്ച് 27, 2020

പ്രഭാതവന്ദനം 58
കോവിഡ് കൊറോണ

പോരാടി മല്ലരേ കൈയാൽ ഞെരിച്ചും
കോലാഹലത്തിൽ കയർത്തും മരിച്ചും
അതിജീവനത്തിൻ്റെ മാർഗ്ഗങ്ങളേറേ
പുരാണങ്ങളിൽ നാമന്നേ പഠിച്ചു .

ഇക്കാലമത്രയും കാണാത്തവണ്ണം
ഓഖിക്കരുത്തും സുനാമിയും വന്നു.
കണ്ടോരെയൊക്കെയും മുക്കീ പ്രളയം
ഇണ്ടൽ വരുത്തീ, പെരുത്തോരു നഷ്ടം!

വെള്ളത്തിൽ മുങ്ങീ ശ്വാസം നിലച്ചാ
പള്ളകൾ വീർത്തുള്ള ദേഹങ്ങളൊന്നും
കണ്ടിട്ടും പോരാതെത്തീല്ലൊ പ്രളയം
പെയ്തല്ലോ മാരീ തുടർക്കഥപോലേ.

കഷ്ടങ്ങളൊക്കെക്കവിഞ്ഞൂകടക്കേ,
വന്നിന്നുമെത്തീല്ലോ ജീവൻ അടർത്താൻ.
ലോകത്തെയാകേ വിറപ്പിച്ചുകൊണ്ടീ
വീരാധിവീരനാം കോവിഡ് കൊറോണാ.

ലോകരാഷ്ട്രങ്ങളേയൊന്നായ് കുലുക്കീ
വല്ലാതെയങ്ങൂ വലച്ചൊന്നണുക്കൾ
പിന്നെയും വന്നൂ മുന്നിൽ നിരന്നല്ലൊ
അതിജീവനത്തിൻ നാളിൻ നടുക്കം !

കൽക്കീ ഭരിക്കുന്നകാലം കഠോരം
തീമാരി വന്നൂ നമ്മേയെരിച്ചാലും
അതിജീവനത്തിൻ കോലം മായ്ക്കാതേ
ഒന്നായ് പോരാടി വെന്നിടേണം നമ്മൾ.

******************************************************************
മാർച്ച് 26, 2020

പ്രഭാതവന്ദനം 57
കലാഹൃദയൻ.

നിശതന്നിരുളൊന്നു മറച്ചിടുവാൻ
വരകുങ്കുമമോടണയും കതിരോൻ,
ഉദയത്തിരുശോഭ പരത്തി ദിനം
ഗഗനക്കലയായുയരും ശുഭദം.

മതിയിൽ മലർപോൽ വിടരുംകനവിൻ
സുഖലാളനതൻ മടിവിട്ടുണരും
മനുജർ മടിയാതെ വണങ്ങിടുവാൻ
നിറദീപപകിട്ടിലുദിച്ചുയരും.

മണിമാലയുലഞ്ഞു ചിരിച്ചതുപോൽ
വിടരുന്നവിഭാതമലർകളിലേ
മധുരം നുണയുംശലഭശ്രുതിയിൽ
മൃദു രാഗവുമോതി വരുന്നു കുയിൽ

വിടചൊല്ലിടുവാനണയുംസമയം
ചെറുശോകകലാമുഖവാട്ടവുമായ്
ഹൃദിയിൽ ഘനമായകാലനതിരിൽ
രവിയാസ്യമതൊന്നു കലങ്ങിവരും

ഉദയാസ്തമയങ്ങളിലുള്ള നിറം
ഗഗനത്തെ മനോഹരമാക്കിടുവാൻ
ദിനമങ്ങണയുന്ന കലാഹൃദയ-
ന്നഭിനന്ദനമോതി വരാം സതതം

******************************************************************
മാർച്ച് 25, 2020

പ്രഭാതവന്ദനം 56
ജാഗ്രത!

ലോകത്തിന്റെ അവസ്ഥകൾ
കണ്ടറിഞ്ഞു വാഴണം.

ലോകാരോഗ്യസംഘടനാ-
സന്ദേശങ്ങൾ കേൾക്കണം.

ഭയത്തെ നാമുപേക്ഷിച്ചു
ജാഗ്രതകൾ പാലിക്കണം.

നമ്മളാലീയണുക്കളെങ്ങും
തങ്ങീടാതെ നോക്കണം.

നമ്മിലുമീയണുക്കൾ വന്നു
പെട്ടിടാതെ നോക്കിടാം.

വീട്ടീന്നെങ്ങും പോയിടാതെ
വ്യായാമങ്ങൾ ചെയ്തീടാം.

പാട്ടുപാടി നൃത്തംവയ്ക്കാം
ഉല്ലാസമായിരുന്നീടാം.

ശുദ്ധമായ ഭക്ഷണങ്ങൾ
വീട്ടിനുള്ളിൽ ഉണ്ടാക്കാം.

വൃത്തിയായി ഭക്ഷിക്കാം
ആരോഗ്യമായിരുന്നീടാം.

ദേഹം നന്നേ തളർത്തീടും
ഭയത്തെ നാം മറന്നീടാം.

മനോന്മേഷം കൂട്ടി നമ്മൾ
ജാഗ്രതയോടിരുന്നീടാം.

രോഗാണുക്കൾ പടർന്നീടും
ചങ്ങലയെ മുറിച്ചീടാൻ,

വീട്ടീന്നെങ്ങും ഇറങ്ങാതെ
പ്രാർത്ഥിച്ചെന്നും കഴിഞ്ഞീടാം.

സൂര്യോദയം കണ്ടു തൊഴാം
ജീവകവും ലഭിക്കട്ടെ!

******************************************************************
മാർച്ച് 24, 2020

പ്രഭാതവന്ദനം 55
സ്തുതിച്ചിടുന്നേൻ

വാനിലുദിക്കുന്ന സൂര്യദേവാ
മാനവ സേവയ്ക്കിറങ്ങിടുന്ന
മാനുഷരേയൊക്കെ രക്ഷിക്കണേ
രോഗം വരാതേ നീ കാത്തിടേണേ.

മണ്ണിലെ മക്കൾക്കു കാലനായി
വന്നൊരു രോഗാണു നാശമാക്കി
വിണ്ണുലകത്തിന്റെ നാഥനേ നീ
മണ്ണുലകത്തിന്റെ രക്ഷയേകൂ.

രോഗികളെ നോക്കി സംരക്ഷിക്കും
മാനവർക്കൊക്കെയും കാവലേകീ
പോറലുപോലുമതേറ്റിടാതേ
കാത്തുകടാക്ഷിച്ചു തന്നിടേണേ.

രോഗാണുബാധയ്ക്കു നാശമേകാൻ,
നല്ലൊരു പോംവഴി തോന്നിയെന്നും
പാരിനു സംരക്ഷണങ്ങളേകാൻ
വന്ദനമേകി സ്തുതിച്ചിടുന്നേൻ.

മാനവബുദ്ധിക്കു ശക്തിയേകീ
നിന്റെ കുടച്ചോട്ടിലുള്ളവർക്കായ്
നിത്യസഹായങ്ങളേകിടാനായ്
വന്ദനമേകി സ്തുതിച്ചിടുന്നേൻ.

******************************************************************
മാർച്ച് 23, 2020

പ്രഭാതവന്ദനം 54
പുണ്യകടാക്ഷം

ബാലദിവാകര, സുന്ദരസൂര്യാ,
വന്ദനമേകിസ്തുതിപ്പൂ നിന്നെ.
കുങ്കുമവർണ്ണമനോഹരദേവാ,
കാത്തരുളീടുകയംബുജനാഥാ.

നല്ലുദയാമൃതമേകുവതിന്നായ്
വിണ്ണിലുദിച്ചുയരുന്നൊരു നാഥാ
സത്യസുരക്ഷസുശോഭകൾ നല്കും
നിത്യസുഖാവഹഭാസ്ക്കരബിംബാ

നിന്റെ സുശോഭിതരശ്‌മികളല്ലോ
ഭൂമിയിലാകെ പരന്നുകിടപ്പൂ
നിന്റെ വെളിച്ചവുമൂർജ്ജവുമാണീ
സർവ്വചരാചരജീവപ്രപഞ്ചം

നിന്നിലെ ജീവകമൂല്യമതെല്ലാം
നല്ലൊരു രോഗവിമുക്തപ്രസാദം
നിത്യനിരാമയ, വൃഷ്ടികൃപാകര
നല്ല ഋതുസ്സുഖകാരണരൂപാ,

നന്മകൾമാത്രമതെന്നുമി പാരിൽ
പുണ്യകടാക്ഷപ്രസാദമതേകി
എപ്പഴുമീ ഭുവി കാത്തിടുവാനായ്
സത്യവണക്കമതേകി സ്തുതിപ്പൂ..

******************************************************************
മാർച്ച് 22, 2020

പ്രഭാതവന്ദനം 53
നിത്യോദയഭാനു

പുള്ളിക്കുയിൽ പാടിടവേ,
തങ്കത്തളയാട്ടി ദിനം
സത്യപ്രഭയേകിടുവാൻ
നിത്യോദയഭാനു വരും.

ഭാസ്വാനുടെ പാർവ്വയതിൽ
ചെന്താമരമൊട്ടുണരും
പ്രേമാമൃതപുഞ്ചിരിയാൽ
വ്രീളാവതിയായ് വിരിയും.

പൂവാകയിൽ പൂ വിരിയും
പൂമ്പാറ്റകൾ തേൻ നുകരും
പൂന്തോപ്പിലെ പൂ വിടരും
പൂവണ്ടുകൾ വന്നണയും.

മുറ്റത്തൊരു മുല്ലയതിൽ
പൂമൊട്ടുകൾ ആടിടവേ,
പൂങ്കാറ്റിലെ സൗരഭമായ്
പൂക്കുന്നിതാ പൂമ്പുലരി

******************************************************************
മാർച്ച് 21, 2020

പ്രഭാതവന്ദനം 52.
ഭക്തിപ്രണാമം!

ആകാശമൊക്കെച്ചെമന്നൂ - മെല്ലെ
പാരിൽ പ്രകാശം പരന്നൂ
തൊണ്ടിപ്പഴച്ചാറിൽ മുങ്ങി - ഇന്നും
ചന്തം കലർത്തിയൊരുങ്ങി.

വാനത്തുദിക്കുന്നു നിത്യം - നല്ല
ജീവാമൃതത്തിന്റെ സത്തായ്.
അർക്കന്റെ രശ്മികൾ വന്നു - നമ്മേ
മെല്ലെ വിളിച്ചുണർത്തുന്നു.

ആദിത്യദേവനിതെന്നും - നല്ല
ശക്തിപ്രഭാവമായ് മിന്നും.
കണ്ടാൽ കൊതിക്കും പ്രഭാതം - നല്ലോ-
രാരോഗ്യദായകദൂതൻ.

അർക്കന്റെ മുന്നിൽ ചെല്ലാം - നിത്യം
ആത്മാർത്ഥവന്ദനം ചൊല്ലാം
ബുദ്ധിക്കതെത്തുന്നതെല്ലാം - ചേർത്തു
ഭക്തിപ്രണാമവും ചൊല്ലാം.

******************************************************************

പ്രഭാതവന്ദനം 51.
തങ്കകിരീടം

ആകാശമുറ്റമടിച്ചുവാരീ
തൂത്തൂ തുടച്ചൊരു കോലമിട്ടു
മേഘക്കുരുന്നുകൾ കാത്തിരുന്നു
അർക്കന്റെ ആഗമഭംഗി കാണാൻ.

ഭൂവിൽ പ്രകാശം ചൊരിഞ്ഞിടാനായ്
എന്നും വരുന്നതുപോലെയിന്നും
സ്നാനം കഴിഞ്ഞു പ്രഭാത സൂര്യൻ
തങ്കക്കിരീടമണിഞ്ഞു വന്നൂ.

കണ്ടാൽ കൊതിക്കും സരോവരത്തിൽ
കൈകൂപ്പി നിന്ന സരോരുഹത്തേ
തൊട്ടും തലോടിയുമൊന്നുണർത്താൻ
രശ്മിക്കരങ്ങളെ മെല്ലെ നീട്ടീ.

പൊന്നിൻദളങ്ങളിൽ കൈ പതിഞ്ഞാ
അർക്കന്റെ ചൂടു ലഭിച്ച നേരം
കണ്ണും തിരുമ്മിയുണർന്നു താരം
കണ്ണിൽ വിരിഞ്ഞനുരാഗ നാണം.

അർക്കന്റെ മാനസമാകെ പൂത്തൂ
കത്തുന്ന പൂത്തിരിപോൽ ചിരിച്ചൂ
ആ ശോഭയിൽ ഹരിതാഭ കൂടീ
മുറ്റത്തു പൂക്കൾ വിരിഞ്ഞു നിന്നു

നന്മക്കരങ്ങളെ നീട്ടിനില്ക്കും
സൗരഭ്യ സുന്ദര സുപ്രഭാതം
കണ്ടൊന്നു കൈതൊഴുതീടുവാനായ്
ഒന്നിങ്ങുണർന്നു വാ കൂട്ടുകാരേ.

******************************************************************
മാർച്ച് 18, 2020

പ്രഭാതവന്ദനം 50
പൂവണികൾ

അംബരദീപച്ചിരിയായീ
ഭാസ്ക്കരദീപം തെളിയുമ്പോൾ
പാരിതിലാകേയൊളികണ്ടൂ
പുഞ്ചിരി തൂകീപൂവണികൾ.

നിത്യവുമിവിടെ പ്രഭയേകാൻ
നല്ലൊരു വർണ്ണപ്പൂത്തിലകം
വനിലെ നെറ്റിക്കുറിയഴകായ്
ശോണിമയാർന്നൂ ഈ ഗഗനം.

കുത്തുവിളക്കിൻ തിരിപോലേ
ഭവ്യതയോടേയെരിയുന്നീ
ദിവ്യചെരാതിന്നൊളിയിങ്കൽ
സുന്ദരമാണീ ഭൂവുലകം.

വാർമഴവില്ലിന്നേഴഴകിൽ
മെല്ലെയിറങ്ങുംകിരണങ്ങൾ
പൊന്നൊളിവീശിത്തഴുകുമ്പോൽ
നാമുണരുന്നതു ഭവ്യസുഖം.

******************************************************************
മാർച്ച് 17, 2020

പ്രഭാതവന്ദനം 49
കിളിക്കൂട്ടം

നിലാവിന്റെ വെട്ടം മാഞ്ഞൂ
നിശാഗന്ധിപ്പൂക്കൾ മങ്ങീ
ഇരുൾ മൂടുന്നാകാശത്തിൽ
പ്രകാശം കൊണ്ടെത്തീ സൂര്യൻ.

കണിക്കൊന്നപ്പൂക്കൾ മെല്ലേ
തൊടിപ്പൂവിന്നാസ്യം കണ്ടൂ
മണിച്ചന്തം വാരിക്കൂട്ടീ
ചിരിക്കുമ്പോഴുണ്ടാനന്ദം

വിഹംഗങ്ങൾ പാറുന്നോരാ
വിഹായസ്സിൽ ദീപം കണ്ടും
കുയിൽപ്പാട്ടിന്നീണം കേട്ടും
ഉണർന്നീടാൻ ഭാഗ്യം വേണം.

കിളിക്കൂട്ടം മുറ്റത്തെല്ലാം
ചിലച്ചുംകൊണ്ടാടിപ്പാടി
നടക്കുമ്പോൾ ചിത്തം ചൊല്ലും
ഉഷസ്സെല്ലാം സ്വർഗ്ഗംതന്നെ.

******************************************************************
മാർച്ച് 16, 2020

പ്രഭാതവന്ദനം 48.
മോഹനരാഗം

ചെഞ്ചായം ചുണ്ടിൽ തേച്ചു
പുഞ്ചിരി തൂകും ബാലാർക്കൻ
മൊഞ്ചു നിറഞ്ഞാ ചിരികണ്ടാൽ
നെഞ്ചകമാകെയുണർന്നീടും.

കൊഞ്ചുംമൊഴിയിൽ ശാരികയോ
സുന്ദരപഞ്ചമരാഗശ്രുതി മീട്ടി.
മഞ്ജുളമോഹനരാഗം മൂളിയ
കോകിലഗാനം ശ്രുതിമധുരം.

എന്തൊരു രാസമാണെന്തൊരു-
രാസമാണീ യുഷഃകാഴ്ചകളെന്നെന്നും

******************************************************************
മാർച്ച് 15, 2020

പ്രഭാതവന്ദനം 47
കോവിഡ്

കത്തിജ്വലിച്ചുയരുന്ന ദിനേശന്റെ
ചൂടിൽ നശിച്ചു നിലംപരിശാകട്ടെ
ലോകം നടുക്കി, അടക്കി ഭരിക്കുന്ന
കോവിഡ് കുമാരവിലാസഭയങ്കരൻ.

നാട്ടിൻജനങ്ങളിൽ ഭീതി വളർത്തുന്ന
ദോഷൈകവിത്തു തടഞ്ഞൊന്നു
പാരിന്റെ ഈ ഗതി മായ്ച്ചു കളഞ്ഞൂടെ
വിശ്വംഭരാ ! തവ കോമളതാപത്താൽ.

ലോകത്തിലാകെ പരന്നു കിടക്കുന്ന
രോഗാണു നീക്കിയനുഗ്രഹതേജസ്സു
വാരിച്ചൊരിഞ്ഞു ജഗത്തിനെ രക്ഷിക്കു
സൂര്യോദയക്കിരണങ്ങളെ നിങ്ങളും.

ലോകത്തിലാകെയശാന്തി പരത്തുന്ന
ഇന്നിന്റെ യീ ഗതി മാറ്റി സുഖം നല്കാൻ
കേഴുന്ന ഞാൻ ദിനമിങ്ങനെ പ്രാർത്ഥിച്ചു
സൂര്യോദയത്തിനു വന്ദനമേകട്ടെ!

******************************************************************
മാർച്ച് 14, 2020

പ്രഭാതവന്ദനം 46.
സ്വർണ്ണവർണ്ണത്തേര്

ചക്രവാളം വിട്ടു മെല്ലെ മെല്ലേ
വാനിലെത്തുന്ന ഭാസ്കരാ നിൻ
സ്വർണ്ണ വർണ്ണത്തേരിനിത്ര ചന്തം
ആരു വാരിത്തേച്ചിതെന്നു ചൊല്ലൂ.

ഭവ്യമായ് നീ വന്നുദിച്ചിടുമ്പോൾ
പാരിലേക്കെത്തുന്ന നിൻ പ്രകാശം
കണ്ടു ഞാൻ നിത്യേന കുമ്പിടാനായ്
കൺ തുറന്നെത്തുന്നു നിന്റെ മുന്നിൽ.

താമരപ്പൂവിന്റെ നാഥനേ നീ
വാനിലെത്തുന്നതു കാത്തുനില്ക്കും
നിൻ പ്രിയയ്‌ക്കേകുന്ന നൽക്കടാക്ഷം
കണ്ടു നിൽക്കാനെന്തു ചന്തമെന്നോ.

വീട്ടുമുറ്റത്തുള്ള പൂക്കളെല്ലാം
നിൻ പ്രകാശത്തിന്റെ ചുംബനത്താൽ
നിത്യവും പൂത്തൂ തളിർത്തീടുമ്പോൾ
സുപ്രഭാതത്തിന്റെ ഭംഗി കണ്ടോ.

******************************************************************
മാർച്ച് 12, 2020 

പ്രഭാതവന്ദനം 45.
സുഖസുപ്രാഭാതം

സൂര്യോദയത്തിൻ്റെ ഒളി കണ്ടുണർന്നുവോ
പൂങ്കോഴി കൂവുന്ന ഒലി കേട്ടുണർന്നുവോ
പൂങ്കൊമ്പിലെത്തീ കുയിലൊന്നു കൂവിയോ
ചൊല്ലെന്റെ ഉദ്യാനമലർച്ചിലങ്കയേ.

ശ്രീകോവിലിൽനിന്നുയരുന്ന ശ്രീരാഗ-
സോപാനഗീതശ്രുതികേട്ടുണർന്നുവോ.
ഇന്നെന്റെ മുറ്റത്തു വിരിഞ്ഞു നിന്നിടും
പൂക്കൾ മനോജ്‌ഞം, സുഖസുപ്രാഭാതം.

വർണ്ണാഭമായുള്ള മലർകളൊക്കെയും
പൂത്തങ്ങു നില്പൂ, നവപുഞ്ചിരിപ്പുലർ -
ശോഭയ്ക്കു മാറ്റേറ്റിയടുത്തുവന്നിടും
പൂന്തേൻ കുടിക്കാൻ ശലഭക്കുരുന്നുകൾ.

******************************************************************
മാർച്ച് 11, 2020

പ്രഭാതവന്ദനം 44.
അർക്കാനന്ദൻ

പൂർണ്ണനിലാവനെ മായ്ച്ചൂ വാനിൽ
പൂത്തിരിപോലെ ജ്വലിപ്പൂ സൂര്യൻ
പൂങ്കലികയ്‌ക്കു സമീപം വന്നൂ
പൂവിതളൊക്കെ വിടർത്തീ മെല്ലെ.

താരകളൊക്കെ മറച്ചൂ വിണ്ണിൽ
താലിയൊരുക്കിയിറങ്ങീ ഭൂവിൽ
താമരയോടനുരാഗം ചൊല്ലാൻ
താമസമൊന്നു വരുത്താതെത്തീ.

സർവ്വചരാചര സന്താപത്തിൻ
സാക്ഷകളൊക്കെയടയ്ക്കാനെത്തും
സുന്ദരശോഭിതയർക്കാനന്ദാ
വന്ദനമോതി വണങ്ങീടുന്നേൻ! 

******************************************************************
മാർച്ച് 10, 2020

പ്രഭാതവന്ദനം 43.
ദീപാഞ്ജലി

ഓങ്കാരപ്പൊരുളിന്റെയാധാരമേ..
ഔപമ്യാമൃതജ്യോതിസ്വരൂപമേ...
ആദിത്യോദയരശ്മിയാമൌഷധം
ബോധത്തോടുണരാനുള്ളേകാശ്രയം.

ശ്രീരാഗപ്രണവത്തിനാകാരമാ -
മർക്കാ, നിന്നൊളിതൂകുമീദർശനം
സ്വർലോകം തെളിയിച്ച ചൈതന്യമാ -
മാകാശത്തിരുമുറ്റദീപാഞ്ജലി.

മിത്രാ, നിൻ തിരുനാമമെന്നും മനം
സാകൂതം ജപമായിയോതുന്നിതാ
ഭൂലോകം സുരസൌഖ്യമാക്കുന്ന നിൻ
ഭൂഷാദിക്കിരണങ്ങലളല്ലോ വരം.

******************************************************************
മാർച്ച് 9, 2020

പ്രഭാതവന്ദനം 42.
പുലർവെളിച്ചം

അരുണനെത്തി, വാനവീഥി
ഇരുളു മാഞ്ഞു ശോഭയേറി
പുലർവെളിച്ചം കണ്ടു നിന്നു
ചിരിച്ചിടുന്നു പൂക്കളെല്ലാം.

വെളുത്ത മേഘവൃന്ദമൊക്കെ
മുദത്തിൽ വർണ്ണസാരി ചുറ്റി
കുയിൽപാട്ടിൻ താളമോടെ
നടന്നുപോകും കാഴ്ചയായി.

തുടുത്തു നില്ക്കും പൂക്കൾമേലെ
മോദമോടെ രാഗം മൂളി
കുരുന്നുതുമ്പി വട്ടമിട്ടു
പാറിടുന്നു തേൻ കുടിക്കാൻ.

കൈകൾ കൂപ്പി ഭവ്യമായി
മുന്നിൽ നില്ക്കുന്നമ്പുജത്തിൻ
കണ്ണിൽ നോക്കി പുഞ്ചിരിപ്പൂ.
സുപ്രഭാതസൂര്യനപ്പോൾ

******************************************************************
മാർച്ച് 8, 2020

പ്രഭാതവന്ദനം 41.
പരിമളക്കാറ്റ്

സൂര്യോദയത്തിന്റെ ശോണിമയിൽ
വിസ്മയംപൂണ്ടു ഞാൻ നിന്നിടുമ്പോൾ
ഭൂമിയെപ്പുല്കുന്ന രശ്മി മെല്ലെ
തൊട്ടുതഴുകിക്കടന്നുപോകേ,

അങ്കണവാടിയിൽ പൂത്തുനില്ക്കും
പൂമൊട്ടു മെല്ലേ വിടർന്നുവല്ലോ
മന്ദമായവിടെയ്ക്കൊഴുകിവന്നു
വീശും പരിമളക്കാറ്റിനൊപ്പം

പൂമരക്കൊമ്പിലിരുന്നിരുന്ന
കോകിലം പാടിടും രാഗങ്ങളെൻ
മാനസമാകെയുണർത്തിടുമ്പോൾ
സ്നേഹമായോതട്ടെ സുപ്രഭാതം !

******************************************************************
മാർച്ച് 7, 2020
പ്രഭാതവന്ദനം 40
ആർക്കാ, നീയെവിടെ?

പൂമ്പുലരിച്ചന്തം കണിയാക്കി
സുപ്രഭയേകുന്നോരരുണാ നീ
നിത്യവുമിത്രയ്ക്കെന്തു തിരക്കോ
രാവിലെ നിന്നെകാണുവതില്ലാ

കാർമുകിലോടും വാനനിരത്തിൽ
നിന്നൊളിമാത്രം തൂകി മറഞ്ഞോ
പൂമഴയോടങ്ങൊത്തു കളിക്കാൻ
നീ ഗമനം ചെയ്തെന്നു നിനയ്ക്കാം.

താമര നിത്യം വന്നു പുലമ്പി
പൂച്ചെടിയെല്ലാം നോക്കി മടുത്തു
പൂമുഖമാകെ വാട്ടിയൊതുക്കി
നിന്നിതു കേഴും നീയതറിഞ്ഞോ?

വൈകിവരും നീ നിത്യവുമിപ്പോൾ
നല്ല പ്രഭാതപ്പൂവഴകെല്ലാം
നിന്നൊളി കാണാൻ, പുഞ്ചിരിതൂകാൻ
വെമ്പി നിരന്ന് നോക്കിയിരുപ്പായ്.

എങ്ങു മറഞ്ഞൂ ചൊല്ലുകയർക്കാ
നിന്നുടെ ശോഭപുഞ്ചിരി കാണാ-
തിന്നിവരെല്ലാം മൗനികളാണേ
ഒന്നിതു വേഗം വന്നു ചിരിക്കൂ.

******************************************************************
മാർച്ച് 6, 2020

പ്രഭാതവന്ദനം 39
കമലക്കലിക

അരുണന്നൊളിതൻ പ്രസാദമായ്
മഴയിൽക്കുതിരുംപ്രഭാതമേ,
കിളികൾ കുളിരിൽ ചിലയ്ക്കവേ,
കതിരോൻ മറവിൽ രസിപ്പതോ?

തൊടിയും മലരും ചിരിക്കുവാൻ
ഗഗനേ വരൂ നീ പ്രഭാകരാ
ഒളിയായ്ച്ചിതറിച്ചിരിച്ചു നീ
കളിയോടവുമായ വരൂ വരൂ.

പുലരിക്കതിരോനണഞ്ഞിടും
പ്രഭയിൽ വിടരാൻ കൊതിക്കുമീ
കമലക്കലികാമുഖങ്ങളിൽ
കിരണം ചൊരിയാനടുത്തിടൂ.

******************************************************************
മാർച്ച് 5, 2020

പ്രഭാതവന്ദനം 38.
മരീചിസേവനം

മണിക്കിനാക്കള്‍വിട്ടുണര്‍ന്നു ഭാസ്ക്കരന്‍
കുളിച്ചുയര്‍ന്നിട്ടാ നഭസ്സിലെത്തിയീ
ധരിത്രിസൌന്ദര്യം രസിച്ചു നില്ക്കവേ,
മൊഴിഞ്ഞു രാജീവം പ്രഭാതവന്ദനം.

അഹസ്ക്കരന്‍ രാഗം ധരയ്ക്ക് നല്കിടും
മയൂഖമോടൊപ്പം രമിച്ചു മോദമായ്
കിഴക്കുവാടിക്കുള്‍ സുവാസമേകിടും
മരുത്തിനോടൊപ്പം മലര്‍കളൊക്കെയും.

പതംഗവൃന്ദങ്ങള്‍ പറന്നു ചുറ്റിലും
മരന്ദമാധുര്യം നുകര്‍ന്ന പ്രീതിയില്‍
വളര്‍ന്നപൂമൊട്ടും വിരിഞ്ഞുനിന്നിതാ
രമിക്കുമാനന്ദം മരീചിസേവനം.

ധരയ്ക്കു നല്കീടും വിഭാതയൂര്‍ജ്ജവും
കൊതിച്ചു ചൊല്ലീടാം പ്രഭാതവന്ദനം

******************************************************************
മാർച്ച് 4, 2020

പ്രഭാതവന്ദനം 37.
നീലിമച്ചന്തം

രാവിലേ വാനത്തു സൂര്യനില്ലാ
സുപ്രഭാതത്തിൻറെ വെട്ടമില്ലാ.

സൂര്യദേവൻ മാഞ്ഞ വാനമെല്ലാം
നീലിമച്ചന്തത്തിലാണിതല്ലോ

വേനലിന്നാധിക്യമൊന്നു മാറ്റാൻ
താളമായ് തഞ്ചത്തിലെത്തി മാരി.

ആർത്തലച്ചിന്നത്തെ പെയ്ത്തിലൂടെ
കോരിത്തരിച്ചു പ്രഭാതവേള.

പൂക്കളിന്നാലാസ്യയാസ്യമെല്ലാം
സൂര്യദേവാ, നിന്നെത്തേടിടുന്നൂ.

പൊന്നുഷപ്പൂക്കൾക്കു വേണ്ടതെല്ലാം
അർക്കാ, നിൻ പുഞ്ചിരിപ്പൂമുഖം താൻ.

******************************************************************
മാർച്ച് 3, 2020

പ്രഭാതവന്ദനം 36.
വാനം പൂത്തൂ

ആകാശത്തിൻ ചന്തമേറി
മേഘക്കൂട്ടം തെന്നിമാറി

തങ്കത്തേരിൻ തോരണം പോൽ
ആടിപ്പാടീ ശൃങ്കരിച്ചു

വാനം പൂത്തൂ പൂ വിരിഞ്ഞു
പൂവിൻ വർണ്ണം പാരിലെത്തി

പച്ചപ്പുല്ലിൻ ശോഭയേറി
പൂന്തോട്ടത്തിൽ പൂ ചിരിച്ചു.

പൂത്താങ്കീരിക്കൂട്ടമെല്ലാം
പാറിപ്പാറുന്നങ്കണത്തിൽ

മുല്ലപ്പൂവിൽ തട്ടി മെല്ലെ
മന്ദം മന്ദം കാറ്റു വീശി.

വാഴപ്പൂവിൻ തേൻ കുടിക്കാൻ
നല്ലോരണ്ണാൻ കുഞ്ഞുമെത്തി

വാകപ്പൂക്കൾ പുഞ്ചിരിച്ചു
ചേലിൽച്ചൊല്ലീ സുപ്രഭാതം

******************************************************************
മാർച്ച് 1, 2020

പ്രഭാതവന്ദനം 35.
പൂമ്പുലരി

പുള്ളിക്കുയിൽ പാടിടവേ,
തങ്കത്തളയാട്ടി ദിനം
സത്യപ്രഭയേകിടുവാൻ
നിത്യോദയഭാനു വരും.

ഭാസ്വാനുടെ പാർവ്വയതിൽ
ചെന്താമരമൊട്ടുണരും
പ്രേമാമൃതപുഞ്ചിരിയാൽ
വ്രീളാവതിയായ് വിരിയും.

പൂവാകയിൽ പൂ വിരിയും
പൂമ്പാറ്റകൾ തേൻ നുകരും
പൂന്തോപ്പിലെ പൂ വിടരും
പൂവണ്ടുകൾ വന്നണയും.

മുറ്റത്തൊരു മുല്ലയതിൽ
പൂമൊട്ടുകളാടിടവേ,
പൂങ്കാറ്റിലെ സൗരഭമായ്
പൂത്തിന്നൊരു പൂമ്പുലരി.

******************************************************************
ജനുവരി 29, 2020

പ്രഭാതവന്ദനം 34.
സൂര്യദേവൻ

പാരിലുള്ളയന്ധകാര
സന്തതിക്കു മൃത്യനല്കി
ശോഭിതയ്ക്കു ജന്മമേകി
സൂര്യദേവനാഗമിച്ചു .

വാനവീഥി തൂത്തുവാരി
കോലമിട്ടു കാത്തിരുന്ന
മേഘജാലമൊത്തുകൂടി
അർക്കനായ്‌ വിരുന്നൊരുക്കി.

വിണ്ണിലൊന്നുദിച്ചുപൊങ്ങി
താമരയ്ക്കു നാഥനായി
മണ്ണിലേക്കു രശ്മി വീശി
ചുംബനങ്ങളേകി മെല്ലെ.

ഭാസ്കരന്റെ പ്രേമപൂർവ്വ
ലാളനയ്ക്കു താളമായി
പത്മമങ്ങുനിന്നു രാഗ-
ലോലയായി, നാണമോടെ.

******************************************************************
ജനുവരി 28, 2020

പ്രഭാതവന്ദനം 33.
ഭാസ്കരദീപം (മാണവകം)

അംബരദീപച്ചിരിയായ്
ഭാസ്ക്കരദീപം തെളിയും
പാരിതിലാകേയൊളിയായ്
പുഞ്ചിരി തൂകീയണയും.

നിത്യവുമീ നല്ലുദയം
നല്ലൊരു വർണ്ണത്തിലകം
രാവിലെ വന്നെത്തുകയാൽ
ശോണിമയാർന്നൂ ഗഗനം

കുത്തുവിളക്കിൻ തിരിപോൽ
ഭവ്യതയോടേയെരിയും
ദിവ്യചെരാതിന്നൊളിയിൽ
സുന്ദരമാണീയുലകം.

വാർമഴവില്ലിന്നഴകിൽ
മെല്ലെയിറങ്ങുംകിരണം
പൊന്നൊളിവീശിത്തഴുകീ
നമ്മെയുണർത്തും ദിനവും

******************************************************************
ജനുവരി 26, 2020

പ്രഭാതവന്ദനം 32.
പൊൻകിരണങ്ങൾ
താമരയോടനുരാഗവുമായ്‌
വാനഴകിൽ ചിരിതൂകി വരും
ഭാസ്കരനേ, തവ താപമതിൽ
വെന്തുരുകുന്നു ജനം ധരയിൽ.

പൊൻകിരണങ്ങളുതീർത്തുവിടും
നിന്നുടെ മോഹിതചുംബനമാം
ചൂടു സഹിച്ചുസഹിച്ചിവിടെ
തോപ്പു, മലർ, ചെടി, പൂമരവും.

ഉച്ചിവയിൽ തല ചുട്ടുവരും
സാധുജനത്തെയുമൊക്കെയിനി
മെല്ലെ നനച്ചു കുളിർചൊരിയാൻ
തേന്മഴയായിവിടെന്നു വരും?

കാർമുകിലോടിനടന്നിടുമാ
മങ്ങിയവാനനിഴൽത്തണലും
മാരിയുമെത്തുവതീഭുവിയിൽ
സർവ്വചരാചരമോഹമതായ്.

മാമലനാടിനു ക്ഷേമവുമായ്
താപനിലയ്ക്കു മറക്കുടയായ്
വന്നു നനച്ചു സുഖംപകരാൻ
ഭാസ്കരനേ, മഴയെന്നു വരും?

******************************************************************
ജനുവരി 24, 2020

പ്രഭാതവന്ദനം 31.
അർക്കസ്തുതി

ആകാശവീഥിയിൽ വന്നെത്തി നിത്യവും
ആനന്ദമേകുന്നു സൂര്യദേവൻ.
അർക്കന്റെ രശ്മികൾ ഭൂവിൽ പതിക്കവേ
ആരാമമാകെയുണർന്നിടുന്നു.

ഇക്കണ്ട സർവമുണർത്തും ദിവാകരൻ
ഇച്ഛിച്ച ദേവസ്വരൂപനല്ലോ.
ഈരേഴുലോകവും കാക്കുന്ന തമ്പുരാൻ
ഈടുറ്റഭക്തിക്കതൊത്തയീശൻ.

ഉണ്മയ്ക്കുദാഹരിച്ചെന്നും തെളിഞ്ഞിടും
ഉത്തേജനത്തിന്റെയുത്തമാ നീ
ഉള്ളോളമെത്തിയെന്നജ്ഞാനമൊക്കെയും
ഊക്കോടെ വറ്റിച്ചിടുന്ന ദേവൻ.

എന്നും വെളിച്ചമേകീടും പ്രഭാകരൻ
എന്നെന്നുമെന്നേയുണർത്തുവാനായ്‌
ഏണിക്കുമെത്തിടാ ദൂരത്തുദിച്ചിടും
ഏകപ്രപഞ്ചത്തിനേകനാഥൻ.

ഐരാവതം കണക്കുള്ളോരു മാമല-
ക്കൈശ്വര്യമായങ്ങുദിച്ചു പൊങ്ങും
ഒട്ടല്ല കൗതുകം തേരേറിവന്നിടും
ഓങ്കാര മാർത്താണ്ഡദർശനത്തിൽ

ഔപമ്യമേകുവാനർത്ഥം ലഭിച്ചിടാ-
തൗന്നത്യമേറും പ്രകാശരാജാ
അക്കങ്ങളില്ല നിന്നാത്മാർത്ഥസേവനം
അത്യത്ഭുതത്തോടെയെണ്ണിനോക്കാൻ

അർക്കന്റെദർശനംആത്മപ്രഭാവമായ്
അത്യാദരത്തോടെകുമ്പിടുന്നേൻ
അജ്ഞാനമൊക്കെയകറ്റാനുതിർന്നനിൻ
അച്ചാരരശ്മിക്കു വന്ദനങ്ങൾ.

******************************************************************
ജനുവരി 23, 2020

പ്രഭാതവന്ദനം 30.
ഉഷസ്സ്

ശ്രീകോവിലൊച്ചയാം സോപാനഗീതതൻ
ശ്രീത്വം വിളങ്ങിനിന്നീടുന്നുഷസ്സിതിൽ,
ആദിസ്വരൂപനേ! ആദിത്യദേവനേ!
ആനന്ദദായകാ! നാഥാ! വണങ്ങിടാം!

സത്യസ്വരൂപനിൻ സേവാമൃതം ദിനം
സർവ്വർക്കുമൂർജ്ജമേകീടും പ്രസാദമായ്.
സൂര്യോദയത്തിനെക്കാണാം, വണങ്ങിടാം
സൂത്രത്തിലായുരാരോഗ്യത്തെ നേടിടാം.

കാലത്തു നിത്യവും സൂര്യന്റെ ശോഭയിൽ,
കണ്ണിന്നു കാണുവാനാകാത്ത ജീവകം
സൗജന്യമായ്‌ ലഭിച്ചീടും വരങ്ങളായ്
സൗഭാഗ്യമൊക്കെയേകീടുന്നുഷസ്സിതിൽ

വ്യായാമമാം സവാരിക്കൊന്നു പോകുകിൽ
വ്യാധിക്കു യാത്രാനുവാദവും ചൊല്ലിടാം.
സത്യപ്രകാശമാം പൊന്നുഷദീപമേ,
സന്മാർഗ്ഗദർശിയായെന്നിൽ വിളങ്ങണേ!

******************************************************************
ജനുവരി 22, 2020

പ്രഭാതവന്ദനം 29.
അരുണകിരണം
ഗഗനശിഖരമാകെ അർക്കനാൽ പൂത്തൊരുങ്ങി
അരുണകിരണമോതി, താമരപ്പൂമുഖത്തിൽ
ഇനിയസുഖദനാണം മിന്നിടും ചാരുഹാസം
രവിവരനതു കണ്ടു രാഗലോലാനുരാഗം.

മധുരവചനമോതി പുഞ്ചിരിച്ചാരു മോദാൽ
കണിസുഖമൊരു ദീപംവാനിലെത്തുന്നനേരം
അരുണകിരണവൃന്ദം ഭൂവിലെത്തുന്നു മന്ദം
തൊടിമലരൊടുകൊഞ്ചി പാറി മൂളുന്ന വണ്ടും.

കളകളകിളിനാദം കാതിലെത്തുന്നതോടെ
കനവുകളുടെ ലോകം വിട്ടുണർന്നിന്നു ഞാനും
സുരസുഖലയരാഗം കേട്ടൊരാനന്ദമോടെ
പ്രിയസഹജരൊടിന്നും ചൊല്ലിടാം സുപ്രഭാതം

******************************************************************
ജനുവരി 21, 2020

പ്രഭാതവന്ദനം 28.
പ്രഭാകരന്നു വന്ദനം !

പ്രകീർത്തിതൻ പ്രഭാവമായ്
പ്രകാശദീപനാളമായ്
പ്രഭാകരന്നുദിച്ചിതാ
പ്രഭാതമായ് ധരിത്രിയിൽ.

പ്രതീക്ഷയേറെ നല്കിയും
പ്രഭാതഗീതമോതിയും
പ്രദീപ്തിയോടെയെത്തിടും
പ്രഭാകരന്നു വന്ദനം!

പ്രശാന്തഭൂമിദേവിതൻ
പ്രദക്ഷിണത്തിലെത്തിടും
പ്രസാദമായ് നിനച്ചിതാ
പ്രമോദമായ് വണങ്ങിടാം!

പ്രസുപ്തരെയുണർത്തിടാൻ
പ്രഹർഷണത്തൊടെത്തിടും
പ്രപഞ്ചരാഗസാക്ഷിയാം
പ്രസിദ്ധനെന്റെ വന്ദനം!

******************************************************************
ജനുവരി 20, 2020

പ്രഭാതവന്ദനം 27.
വിശ്വരക്ഷകാ!

സുപ്രഭാതവും ചൊല്ലി വാനിതിൽ
വന്നുദിച്ചിടും ഭാസ്ക്കരാ,
നിൻ കടാക്ഷമാം നിത്യശോഭയിൽ
ചൊല്ലിടുന്നിതായെന്റെ വന്ദനം.

ദാനമായ് കനിഞ്ഞേകിയീ പാരിൽ
നിത്യജീവിതം ധന്യമാക്കണേ.
ധർമ്മചിന്തയിലൂന്നിയെൻമനം
കർമ്മകാഞ്ചനമാക്കണേ.

തേജസാംപതി, ദ്വാദശാത്മനേ!
നന്മയേകി നയിക്കണേ
ഊർജ്ജദായകാ, നേർവഴി കാക്കാൻ
നിത്യവും കൂടെ നില്കണേ.

സർഗ്ഗസാന്ത്വനഋതുക്കളേകി യീ
വിശ്വമൊക്കെയും കാക്കണേ
വിശ്വരക്ഷകാ, നിത്യനായകാ,
കൈ തൊഴുന്നു ഞാൻ സന്തതം

******************************************************************
ജനുവരി 19, 2020

പ്രഭാതവന്ദനം 26.
ഭാനുസ്തുതി

ബാലഭാസ്കരാ! മിത്രദേവനേ!
പ്രത്യുഷാമൃതദായകാ!

ഭാനുവേ, ലോകബാന്ധവാ നിന്റെ
ദാനമല്ലെ യീ ജീവിതം

സത്യദീപമായൂർജ്ജമേകി നീ
നല്കിടും നിറകാരുണ്യം.

നിന്റെയുഷ്ണത്തിൻ മന്ത്രരശ്മികൾ
നല്ല ജീവസ്വരൂപങ്ങൾ

നിത്യദീപമായ് തെളിഞ്ഞു, മാനസം
സത്ഗുണാദിയുണർത്തണേ

ദാനമായ് കനിഞ്ഞേകിയീ ഭുവിൽ
ജീവിതം ധന്യമാക്കണേ.

ധർമ്മചിന്തയിലൂന്നിയെൻമനം
കർമ്മകാഞ്ചനമാക്കണേ.

തേജസാംപതി, ദ്വാദശാത്മനേ!
നന്മയേകി നയിക്കണേ

ഊർജ്ജദായകാ, നേർവഴി കാക്കാൻ
നിത്യവും കൂടെ നില്കണേ.

സർഗ്ഗസാന്ത്വനഋതുക്കളേകി യീ
വിശ്വമൊക്കെയും കാക്കണേ

വിശ്വരക്ഷകാ, നിത്യനായകാ,
കൈതൊഴുന്നു ഞാൻ സന്തതം.

******************************************************************
ജനുവരി 18, 2020

പ്രഭാതവന്ദനം 25
നിത്യസൂനൻ
ബാലകരൂപത്തിലെന്നും പ്രഭാതത്തെ
സുന്ദരമാക്കിടും സൂര്യദേവാ!

നിത്യവുമൂര്‍ജ്ജം പകര്‍ന്നെത്തി ഞങ്ങളെ
യുത്സുകരാക്കിടും നീ ജഗത്തില്‍!

വിശ്രമമില്ലാതെ നെട്ടോട്ടമോടുന്ന
ഭൂവുപകാരിയാമര്‍ക്കദേവാ,

നിന്നോളമീഭൂവിലാരുണ്ടിതിത്രയ്ക്കു-
മുത്തരവാദിത്വ ബോധമോടെ.

നീയൊരു നാളിങ്ങു വന്നെത്തിയില്ലെങ്കി-
ലന്ധതതന്നെയീ പാരിടത്തില്‍.

സുന്ദരമായുള്ളയാസ്യം വഹിക്കുന്ന
കണ്ണുകളത്രയും വ്യര്‍ത്ഥമല്ലോ

പത്മിനീവല്ലഭാ! ഭാസന്തദേവനേ!
പാരിനു സര്‍വ്വവും നീയല്ലയോ.

ലോകൈകബാന്ധവാ, നിത്യസ്യൂനാ നിന്നെ
സാദരം സന്തതം കൈതൊഴുന്നേന്‍.

******************************************************************
ജനുവരി 17, 2020

പ്രഭാതവന്ദനം 24
മണിമുറ്റം (വൃത്തം : സുമുഖി)

മതി മാഞ്ഞുമറഞ്ഞ വാനിലേ -
ക്കൊളി വീശിവരുന്നയർക്കനായ്
ചെറുമേഘമണിക്കുടങ്ങളേ
നവകാവിയുടുത്തൊരുങ്ങിയോ?

നിറദീപവരപ്രസാദമായ്
കതിരോനുയരുന്നു രാവിലേ
കലയോടെ നഭസ്സൊരുങ്ങിടും
കണികണ്ടുണരാമൊരു ഭാഗ്യമായ്‌.

കരയുംകുരുവിക്കുരുന്നുമായ്
മണിമുറ്റമലങ്കരിക്കവേ,
നവരാഗസുധാപ്രവാഹമായ്
കുയിൽനാദമുയർന്നുണർത്തിടും .

ഗഗനേയുയരും പ്രഭാകരൻ
ചിരിതൂകിവരും പ്രഭാതമായ്
വിഹഗങ്ങളുയർന്നു പാറവേ
പറയുന്നു പ്രഭാതവന്ദനം !

******************************************************************
ജനുവരി 16, 2020

പ്രഭാതവന്ദനം 23.
കുങ്കുമച്ചിരി (ഭദ്രികാ)

മംഗളം പറയുവാൻ ദിനം
കുങ്കുമച്ചിരിയിലെത്തുമീ
ഭാസ്ക്കരന്റെയൊളി ദീപമാം
സുപ്രഭാതകണി സുന്ദരം.

മൺചെരാതിലെ സുശോഭയിൽ
കൺകളിൽ പുതിയ താളമായ്
വന്നുദിക്കുമൊരു ചിന്തകൾ
നന്മയായി വിളയാടണേ.

പൂമരത്തണലിലായിരം
പൂപൊഴിഞ്ഞു പുതുമെത്തയായ്
പൂത്ത വാകമലരൊക്കെയും
പൂഴി മായ്ക്കുമതിമോഹനം.

പൂക്കളിൽ മധുനുകർന്നിടാൻ
വന്നിടുന്ന ശലഭങ്ങളും
സുപ്രഭാതകിരണങ്ങളും
ചൊല്ലിടുന്നു നവവന്ദനം.

******************************************************************
ജനുവരി 2, 2020

പ്രഭാതവന്ദനം 22
പുതുവർഷസുദിനം

പുതുവർഷസുന്ദരസുദിനമതിൽ
ഉദയാർക്കനെത്തുന്ന ശുഭനിമിഷം
സുരസുപ്രഭാതത്തിന്നലഞൊറികൾ
നിറയേണമോരോ മനമതിലും .

പുലരാനിരിക്കുന്ന പുലരികളേ
പുതുവർഷയാഹ്‌ളാദനിറകതിരായ്
വരമായിയൈശ്വര്യമലരണികൾ
ചൊരിയൂ ദിനന്തോറുമനവരിലും

നയനത്തിലാനന്ദകണിസുഖവും
ചെവിരണ്ടിലാശ്വാസമൊഴിയൊലിയും
നിറസ്നേഹമായുള്ളയനുഭവവും
അനുഭൂതിയേകട്ടെയനവരതം

പുതുവർഷമോരോയിതളുകളായ്
സുഖമുള്ളയോർമ്മക്കതിരണിയാൻ
കരുണാമയൻ വന്നു കനിവരുളാൻ
ഹൃദിയോടെ വാഴ്ത്തട്ടെ ശുഭവചനം.

******************************************************************
ജനുവരി 1, 2020

പ്രഭാതവന്ദനം 21.
തിലകോദയം

പുതുവത്സരസുപ്രഭാതമായ്
ശുഭദായകസൂര്യശോഭയാൽ
ഉദയാമൃതമേകിയെത്തവേ ,
ഗഗനക്കലയെത്ര മോഹനം!

മിഹിരങ്ങളൊഴിഞ്ഞ വീഥിയിൽ
മൃദുപുഞ്ചിരി തൂകിനിന്നിടും
സഹയാത്രികനേത്രസുന്ദരൻ
പകലോനൊരു നല്ല വന്ദനം!

സകലൗഷധസേവനങ്ങളാൽ
ജനജീവിത സൗഖ്യമേകി നീ,
ഹൃദിയിൽ നലമേകിയെത്തിടും
പരമോന്നതശക്തിവൈഭവാ!

നിശതന്നിരുളു മായ്ച്ചു നീ
ഗഗനേയണയും വിഭാകരാ!
തിലകോദയരക്തപുഷ്പമാം
ധരണിക്കധിപാ! വണങ്ങിടാം!

ധരയിൽ ഹരിതാഭ നിത്യവും
മറയാതതിശോഭയേകി യീ
സുരസുന്ദരഭൂമി കാത്തിടും
കരുണാമയനെന്റെ വന്ദനം!

മതിയിൽ പ്രഭയായ് വിളങ്ങിടാ-
നരുളായ്‌ തെളിയുന്ന ദീപമേ,
നിറവോടഴകായുദിച്ചിടാൻ,
മുറയായ് ദിനവും വണങ്ങിടാം.

******************************************************************
ഡിസംബർ 31, 2019

പ്രഭാതവന്ദനം 20.
സിന്ദൂരത്തിലകം
ആകാശത്തിരുമണിമുറ്റം
വർണ്ണത്താൽ പ്രസരിതമായി.
വാനത്തിൽ തൊടുകുറിമേഘം
സിന്ദൂരത്തിലകമതർക്കൻ.

കണ്ണിൽ തേൻകണിയുമൊരുക്കി
ഉന്മേഷം സിരകളിലേറ്റാൻ
ആത്മാർത്ഥശ്രുതിലയമോടെ
സത്യത്തേനമൃതവുമായി,

നിത്യം വന്നുദയദിനേശൻ
ദൂരത്തായ് തെളിയുവതുണ്ടേ.
ചിത്തത്തേനലകളുയർത്തി
സന്തോഷസ്മിതവദനത്താൽ

നാമെല്ലാമുണരുകവേണം
സ്നേഹത്താൽ ശുഭദിനമോതാൻ.

******************************************************************
ഡിസംബർ 30, 2019

പ്രഭാതവന്ദനം 19.
നിറകരുണ്യം
ബാലഭാസ്കരാ! മിത്രദേവനേ!
പ്രത്യുഷാമൃതദായകാ!

ആദിത്യാ, ലോകബാന്ധവാ നിന്റെ
ദാനമാകുമീ ജീവിതം
    
സത്യദീപമായൂർജ്ജമേകി നീ
നല്കിടും നിറകാരുണ്യം.

നിന്റെയുഷ്ണത്തിൻ മന്ത്രരശ്മികൾ
നല്ല ജീവസ്വരൂപങ്ങൾ

നിത്യദീപമായ് തെളിഞ്ഞു, മാനസം
സദ്ഗുണത്താലുണർത്തണേ..

******************************************************************
ഡിസംബർ 29, 2019

പ്രഭാതവന്ദനം 18
നയനമോഹനം

മണിപോലെ ചിരിച്ചു നഭസ്സതിൽ
തെളിവോടെ വരുന്ന വിഭാകരാ !
കണിയായ് ഗഗനത്തിലുദിച്ചിടും
ദിനകരന്നു സുശോഭിത വന്ദനം !

കരുണാമയനായ് ധരയിൽ ദിനം
സുദിനമോതി വരുന്നു പ്രഭാകരൻ !
ഹരിതാഭ ധരയ്ക്കതി മോഹനം
ചൊരിയുവാൻ വരുമേ ശുഭകാരണൻ !.

കുയിൽനാദമുണർന്ന പ്രഭാതമായ്
കിളികുലങ്ങളുണർന്നു രമിക്കവേ,
മധു തേടിയ ചിത്രപതംഗവും
നയനമോഹനമായിയുഷസ്സിതിൽ.

കിരണാവലികൾ തഴുകീടുകിൽ,
തൊടിമലർ വിരിയുന്നതിലത്രയും
ശലഭം മധുതേടിവരുന്നതിൽ
കമലക്കലികയ്ക്കതിമോദമായ്

അരുണൻ ചൊരിയുന്നൊളിയാൽ ദിനം
മതി തെളിഞ്ഞിടുമെന്നൊരനുഗ്രഹം !
ശുഭദായകനേരമുണർന്നിടാ-
നൊരു വരം തരുനീ വരദായികേ !

******************************************************************
ഡിസംബർ 28, 2019

പ്രഭാതവന്ദനം 17
ആദിത്യദേവൻ

ഭൂമിക്കു വെട്ടം തരുന്ന സൂര്യൻ
വാനത്തുദിച്ചല്ലോ കൂട്ടുകാരേ.
കണ്ണും തുറന്നിങ്ങു വന്നുവെന്നാൽ
ആദിത്യദേവന്റെ ഭംഗി കാണാം.

സൂര്യോദയത്തിൻവെളിച്ചത്തിനാൽ
ഭൂലോകമാകെയുണർന്നുകാണാം.
സർവ്വത്ര ജീവനുമൂർജമേകി-
ക്കാക്കുന്ന സൂര്യനാമാദിദേവൻ,

പൂർവ്വേയുദിച്ചത്ര ചന്തമോടെ
നില്‌പാണു വാനിൽ മനോജ്ഞമായി.
സുപ്രഭാതത്തിലെ ബാലസൂര്യൻ
നല്കുന്ന രശ്മികളേറ്റുവെന്നാൽ,

സൗജന്യമായ്ക്കിട്ടും ജീവകത്താൽ
കണ്ണിന്റെ കാഴ്ചയ്ക്കു ശക്തിയേറ്റാം.
നന്മവിതയ്ക്കുന്നഹസ്‌ക്കരന്റെ
നല്ലോരു സേവനമേറ്റുവാങ്ങി

ആരോഗ്യമായിട്ടു വാണീടുവാൻ,
മാളോരേ നിങ്ങളും കൂട്ടുവായോ.

******************************************************************
ഡിസംബർ 27, 2019

പ്രഭാതവന്ദനം 16.
ബാലസൂര്യൻ

രാവിന്നിരുട്ടൊക്കെ മായ്ച്ചെത്തി നിത്യം
കാലത്തു നേരത്തുണർത്തീടുവാനായ്
കണ്ണിന്നു മുന്നിൽ തെളിഞ്ഞങ്ങു കാണു -
ന്നാദിത്യനാണെന്നുമാദ്യത്തെ ദൈവം.

ബാലാർക്ക രശ്മിക്കു തുല്യങ്ങളായി -
ട്ടെന്തുണ്ടിഹത്തിങ്കലെന്നും നമിക്കാൻ
സൂര്യന്റെ തേജസ്സു നല്കുന്നയൂർജ്ജം
നമ്മിൽക്കരുത്തേകിയുൻമേഷരാക്കും

ജീവന്റെ ജ്യോതിക്കു കൂട്ടായിയെന്നും
കാത്തും കനിഞ്ഞും വരം നല്‌കി നില്ക്കും
സത്യം നിറഞ്ഞോരു സൂര്യന്റെ മുന്നിൽ
നിത്യം നമിക്കാം നമുക്കീ ജഗത്തിൽ.

******************************************************************
ഡിസംബർ 26, 2019

പ്രഭാതവന്ദനം 15.
നന്മ

നന്മതൻ കാവൽകാക്കും
മാനവർ നിത്യംനിത്യം
മൂഢരാംലോകർക്കെന്നും
ആക്ഷേപക്കോലംമാത്രം.

നന്മകൾ ചൊല്ലുന്നേരം
അജ്ഞാനത്തിമിർപ്പാലെ
സന്തതം ക്രോധംകാട്ടും
നിന്ദയും ചൊല്ലാനെത്തും.

നന്മതൻ ചിത്തത്താലേ
വഞ്ചിതക്കോലം വന്നാൽ
ചഞ്ചലം തെല്ലുംവേണ്ടാ
കാത്തിടാം, ശാന്തം നാൾകൾ

മൗനമായ് കാലം നീക്കാം
സങ്കടം വേണ്ടാ വേണ്ടാ.
നന്മയിൻ ശ്രോതാവായാൽ,
നിശ്ചയം ജേതാവാകും.

******************************************************************
ഡിസംബർ 25, 2019

പ്രഭാതവന്ദനം 14
മണിദീപം

നീരാടിക്കുറിതൊട്ടൂ സുന്ദരിയായീ
ചെമ്മാനം പുതുപുത്തൻ ചേലയണിഞ്ഞൂ
ചെഞ്ചുണ്ടിൽ സ്മിതമോടേ നിന്നു തിളങ്ങീ
ആദിത്യൻ കമലത്തെത്തേടുകയായി.

പൊൻതൂവൽമണിമാല്യം ചാർത്തുവതിന്നായ്
കൈകൂപ്പിത്തൊഴുകുന്നൂ പങ്കജവല്ലീ.
വൈരംപോൽ കിരണങ്ങൾ മിന്നിമിനുങ്ങീ.
രോമാഞ്ചം പുണരുന്നൂ പൂക്കളിലെല്ലാം.

നല്ലോമൽ മലരെല്ലാം മെല്ലെ വിരിഞ്ഞു
ആരാമം നിറയുന്നൂ പുഞ്ചിരിയാലേ.
ഈണത്തിൽ ശ്രുതിമോദാൽ പാറിവരുന്ന
പൂഞ്ചോലക്കുരുവിക്കും വന്നൊരുകാവ്യം.

കാതോരം കുയിലിന്റെ മോഹനരാഗം
ചിത്തത്തിൽ മണിദീപശോഭയൊരുക്കീ
ആത്മാർത്ഥച്ചെറുപീലിച്ചാരുതയോടെ
ചൊല്ലാം ഞാൻ പ്രിയരോടെൻ സ്നേഹപ്രഭാതം.

******************************************************************
ഡിസംബർ 24, 2019

പ്രഭാതവന്ദനം 13.
നവതാരുണ്യം

പുലരിയിലുയരുമി ഹരിലാവണ്യം
പുതുദിനമരുളിയ ശുഭകാരുണ്യം

ധരണിയിലുതിരുമി കിരണാവേശം
ഹൃദികളിലണിയണ നവതാരുണ്യം.

ഇരുളുകന്ളൊഴിയുമി പകലോൻ വന്നാൽ,
കരളിലതുയരുമെ പുതു മോഹങ്ങൾ

ചൊടികളിലുതിരണ ചിരിയാലപ്പോൾ
മൊഴികളിലണിയുമെ മുഖലാവണ്യം.

തൊടിയിലെ ചെടികളെ തഴുകാനായി
കിരണമതൊഴുകിടുമതിമോദത്താൽ

ഇതളുകൾ വിരിയണ നയനാനന്ദം
പ്രകൃതിയതണിയുമെ നവതാരുണ്യം.

ഇതളുകളുതിരണ സൗരഭ്യത്താൽ
പവനനുമണയുമെ സസുഖാനന്ദം

മലരുകളുതിരണ മധുമാധുര്യം
നുകരുമി ശലഭവുമതിചാതുര്യം.

******************************************************************
ഡിസംബർ 23, 2019

പ്രഭാതവന്ദനം 12.
ചക്രവാളസീമ

അങ്ങകലെച്ചക്രവാള സീമയിൽ
പൊങ്ങിവരും സൂര്യനെത്ര സുന്ദരൻ
തങ്കവർണ്ണത്തേരിലേറി വന്നവൻ
രാജകീയപാർവ്വയേകി നീങ്ങിടും.

തേർതെളിച്ചു വാനവീഥി പൂകിടും
ഭാസ്ക്കരന്റെ സത്ഗുണങ്ങളത്രയും
ശോഭയുള്ള തൂളിയായി മൊത്തവും
ഏറ്റുവാങ്ങിത്തൂവിടുന്നു ഭൂമിയിൽ.

പൂത്തിരിയെ വെന്നിടുന്ന പുഞ്ചിരി
ചന്തമോടു ചിന്തിടുന്ന രശ്മികൾ
കാത്തിവിടെ നിന്നിടുന്നു പൂക്കളും
പൂങ്കുയിലും മൈനകളും കാകനും.

പാരിലാകെ വെട്ടമേകിടാൻ വരും
സൂര്യനെന്നുമാദിദേവനല്ലയോ
സുന്ദരസ്സുശോഭയേകുമർക്കനായ്
വന്ദനങ്ങളോതി മെല്ലെ വന്നിടാം.

******************************************************************
ഡിസംബർ 22, 2019

പ്രഭാതവന്ദനം 11
ഉദയാമൃതം

ബാലദിവാകര, സുന്ദരസൂര്യാ,
വന്ദനമേകിസ്തുതിപ്പൂ നിന്നെ.

കുങ്കുമവർണ്ണമനോഹരദേവാ,
കാത്തരുളീടുകയംബുജനാഥാ.

നല്ലുദയാമൃതമേകുവതിന്നായ്
വിണ്ണിലുദിച്ചുയരുന്നൊരു നാഥാ

നല്ല സുരക്ഷസുശോഭകൾ നല്കും
നിത്യസുഖാവഹഭാസ്ക്കരബിംബാ,

നിന്റെ സുശോഭിതരശ്‌മികളല്ലോ
ഭൂമിയിലാകെ പരന്നുകിടപ്പൂ

നിന്റെ വെളിച്ചവുമൂർജ്ജവുമാണീ
സർവ്വചരാചരജീവപ്രപഞ്ചം

നിന്നിലെ ജീവകമൂല്യമതെല്ലാം
നല്ലൊരു രോഗവിമുക്തപ്രസാദം

നിത്യനിരാമയ, വൃഷ്ടികൃപാകര
നല്ല ഋതുസ്സുഖകാരണരൂപാ,

എപ്പഴുമീ ഭുവി കാത്തിടുവാനായ്
സത്യവണക്കമതേകി സ്തുതിപ്പൂ..

******************************************************************
ഡിസംബർ 21, 2019

പ്രഭാതവന്ദനം 10.
വിസ്മയത്തേര്

ചക്രവാളത്തിന്റ സീമയിൽ ഭാസ്കരാ
നിന്റെയർദ്ധവൃത്താകൃതിയെത്ര ചന്തം

ഇന്നുമീ വാനത്തു കോറിയ നിൻ ചിത്രം
കണ്ടു ഞാൻ വിസ്മയത്തേരിലേറി

ഓരോ പ്രഭാതവും വെവ്വേറെ വർണ്ണത്തിൽ
കണ്ണഞ്ചും കാഴ്ചകൾ തന്നേയല്ലോ

കണ്ണിന്നു പീയൂഷമേകുന്ന കാഴ്ച്ചയിൽ
എന്റെ ചിത്തത്തിലൂർജ്ജവുമേറിയല്ലോ

പാരിതിൽ സർവ്വർക്കും ക്ഷേമങ്ങളേകിടും
അർക്കാ ! നിനക്കെന്റെ വന്ദനങ്ങൾ.

******************************************************************
ഡിസംബർ 20, 2019

പ്രഭാതവന്ദനം 9. 
കിന്നാരക്കാറ്റ്

വാനത്തിൻവീഥിയിലൊട്ടിനില്ക്കും
മഞ്ഞിൻ പൂവാകെയടർന്നതാണോ
വൈരംപോൽ മിന്നി മിനുങ്ങിടുന്ന
മേഘത്തിൻമുത്തു കൊഴിഞ്ഞതാണോ

ആകാശത്താമരമൊട്ടുകളെ
കിന്നാരക്കാറ്റിനു കൂട്ടു പോന്നോ?
രാവേ, നിൻ ചാരുതയേറ്റിടുന്ന
നക്ഷത്രക്കൂട്ടമിറങ്ങിവന്നോ?

വെള്ളിച്ചേലൊത്തണിമേഘമെല്ലാം
വാനത്തിൻകൈയിലിരുന്നു മെല്ലേ
തുമ്പപ്പൂപോലെയുതിർന്നുവീഴും
ചന്തത്തിൽ ഞാനൊരുഷസ്സു കണ്ടൂ.

******************************************************************
ഡിസംബർ 19, 2019

പ്രഭാതവന്ദനം 8
അംബരനാഥാ!

വർണ്ണമനോഹരരശ്മികളോടെ
ശക്തി പകർന്നു പ്രകാശിതമായി
രാവിലെ വാനിലുദിച്ചുയരുന്ന
സുന്ദര സൂര്യനു നല്ല വണക്കം.

കുക്കുടവീരനുണർന്നുവിളിച്ചു
പക്ഷിമൃഗാദിമനുഷ്യരുണർന്നു
കോകിലഗീതിക കേട്ടു രസിച്ചു
സസ്യലതാദിയുണർന്നുരമിച്ചു.

പൂക്കളിലെത്തിയ ചിത്രപതംഗം
തേൻ നുകരുന്നതിലെന്തൊരു ചന്തം
വായുവിലുള്ളയണുക്കളതൊക്കെ
ഊർജ്ജിതരശ്മികളാലെനശിച്ചു

രോഗവിമുക്തവരങ്ങളുമായി
നല്ല പ്രതീക്ഷകളേകിടുവാനായ്
പൊൻപ്രഭയോടെയുദിച്ചുവരുമ്പോൾ,
അംബരനാഥനു കോടി വണക്കം!


******************************************************************
ഡിസംബർ 18, 2019

പ്രഭാതവന്ദനം 7
മേഘമണിക്കുട

ചക്രവാളത്തിന്റെ സീമ ചെമന്നില്ല
വർണ്ണമതൊന്നുമണിഞ്ഞതില്ലാ.
അർക്കനും വന്നില്ല, വാനമൊരുങ്ങീല
മേഘമണിക്കുട ചൂടിയില്ലാ.

മാമലക്കാറ്റിന്റെ ശീലുകളില്ലാതെ,
നിത്യമുണർന്നുവരുന്നുഷസ്സിൽ.
അർക്കനെക്കാണാതെ, പക്ഷികളില്ലാതെ
അംബരമാകെയൊഴിഞ്ഞു കാണ്മൂ.

പൂമരക്കൊമ്പില്ല, പൂച്ചെടിയുമില്ല
തേൻ നുകരാനൊരു തുമ്പിയില്ലാ.
പൂങ്കുയിൽപ്പാട്ടില്ല, മൈന വരുന്നില്ല
മാരുതനില്ല മലർസുഗന്ധം.

വെണ്മയിൽ മുങ്ങിക്കുളിച്ച പ്രഭാതത്തെ
ചില്ലുകളാൽ പൊതിയുന്നപോലേ
പൊൻപ്രഭാതത്തിന്റെ ചന്തവുമില്ലില്ല
പൊന്നൊളി വീശിയതില്ലയെങ്ങും.

******************************************************************
ഡിസംബർ 17, 2019

പ്രഭാതവന്ദനം 6.
വരമാണു സൂര്യൻ.

പതിവായി വാനത്തുദിച്ചുവരുമർക്കനേ
നിന്റെയീ ശോഭയെ കൈവണങ്ങാം.
ഉദയാമൃതത്തെ വഹിച്ചു ദിനമെത്തിടും
ഭാസ്ക്കരാ! നിന്നെ നമസ്ക്കരിക്കാം.

ദിനവും കണിക്കൊന്നപോലെയതിസുന്ദരം
വാനിലീ ഭാസ്കര ബിംബപുണ്യം.
സകലാനുഭൂതിക്കുദാരമതിയായ നീ
ആയുരാരോഗ്യവരങ്ങളേകീ

മരണം വരിക്കും വരേയ്ക്കുമതു കാത്തിടും
നിന്റെയീ സേവനമെത്ര ഭാഗ്യം.
ഒരു നാളുപോലും മുടക്കമതു വന്നിടാ-
തെത്തിടുന്നൊരീയനുഗ്രഹത്തിൽ,

സുരലോകചൈതന്യശോഭ നിലനിർത്തുമീ
വാനവും ഭൂമിയുമൊന്നുപോലേ.
വരമേകി നിത്യം സുവർണ്ണസുഖജീവിതം
നല്കിടും നിന്നെ ദിനം നമിക്കാം.


******************************************************************
ഡിസംബർ 16, 2019

പ്രഭാതവന്ദനം 5.
പുലരിപ്പുഞ്ചിരി

സൂര്യനുദിച്ചാലന്നു മുഴുക്കെ
അംബരമാകെയാർത്തുചിരിക്കും
മോദസുഖത്താലൂർജ്ജിതരായി
ഭൂമിയിലുള്ളോരൊത്തുചിരിക്കാൻ.

പുഞ്ചിരിയെല്ലാം സുന്ദരമല്ലേ
സ്നേഹമുഖത്തിൻ ഭാഷയതല്ലേ
ഇഷ്ടമനസ്സിൻ പുഞ്ചിരികണ്ടാൽ
സങ്കടമെല്ലാം 'പമ്പകടക്കും'.

നമ്മുടെ പുഞ്ചിരി മറ്റുമനസ്സിൽ
നല്ലൊരു ദീപശ്ശോഭ തെളിക്കാൻ,
നിത്യസുഖത്തിൻ നന്മകളോതി
സത്യമുഖത്താലൊത്തു ചിരിക്കാം.

ഹർഷമുഖങ്ങൾ കണ്ടു രസിക്കാൻ
സുന്ദരനാളൊന്നോർത്തു സുഖിക്കാൻ
ഒത്തിരി നന്മച്ചിന്തകളോടെ
ഇത്തിരി നേരം പുഞ്ചിരി തൂകാം.

******************************************************************
ഡിസംബർ 15, 2019

പ്രഭാതവന്ദനം 4.
പൊൻപ്രഭാതം

അരുണാഭ ചൊരിയുന്ന പൊൻപ്രഭാതം
അണിവൈരകിരണങ്ങളെത്ര ധന്യം!
ഇരവിന്റെയിരുളോടു യാത്ര ചൊല്ലി
ഇനനെത്തി പകലിന്റെയൂർജ്ജമായി.

ഉദയാർക്കനൊരു നല്ല കൂട്ടുകാരൻ
ഉപചാരസഹയാത്രികൻ ദിനത്തിൽ
എഴിലാര്‍ന്ന ചരിതങ്ങള്‍ രശ്മിയാലേ
എഴുതുന്നു നവകാവ്യമീ ജഗത്തിൽ.

ഒളിയോടെ ഹരിതാഭ ചാര്‍ത്തി ഭൂമി
ഒരു രാഗലയഗീതമാലപിക്കേ.
അനിലന്‍റെ പ്രണയാർദ്രസ്പര്‍ശമേല്‍ക്കേ
അനുരാഗലോലയായീ പ്രപഞ്ചം


******************************************************************
ഡിസംബർ 14, 2019

പ്രഭാതവന്ദനം 3
ഗഗനമൊരുങ്ങി

അരുണിമയേറുന്നരുമനിറത്തില്‍
പുടവയുടുത്തൂ ഗഗനമൊരുങ്ങി.

ഒളിമയമായിപ്പുതുചിരിയോടെ
സുദിനമതോതീയരുണനുദിച്ചു.

കിളികുലമെല്ലാം സുരഭിലഗാന-
ശ്രുതികളുയര്‍ത്തിപ്പുലരിയുണര്‍ത്തി.

നിരനിരയായിക്കിരണവുമെത്തി
തൊടികളിലെല്ലാം പരതിനടന്നു.

ചെടികളിലോരോ കലികകളേയും
സുഖകരമോടെത്തഴുകിയതാലേ

മലരുകളെല്ലാം വിരിയുകയായി-
പ്പരിമളഗന്ധം പടരുകയായി.

അഴകിയവര്‍ണ്ണച്ചിറകുമിനുക്കി
മധുരിമതേടുന്നധരവുമായി

സരിഗമപാടിക്കൊതിയൊടു പൂവിന്‍
മധുനുകരാനായ് ശലഭവുമെത്തി.

******************************************************************
ഡിസംബർ 12, 2019

പ്രഭാതവന്ദനം 2
കതിരവനെവിടെ ?

ഹിമമലരുതിരും പുലരിക്കുളിരിൽ
ദിനമിവിടിതുപോൽ മൃദുവായ് മണിപോൽ

പനിമഴയുതിരും പുലരിക്കലയിൽ
കതിരവനെവിടേ മറയുന്നു സദാ.

തരിവളയിളകുന്നൊലിയിൽപ്പവനൻ
മൃദുലയസുഖമായ് ശ്രുതിമീട്ടിടവേ

ഒളിമയപകലോൻ ചിരിതൂകി വരാ
നലമൊരു കവിതയ്ക്കുതകുന്ന വിധം

മതിയിലെ വിഷയം പദമായ് വിരിയാൻ
തുണയരുളുക വാണിമനോഹരി നീ.

******************************************************************
മേയ് 9, 2019

പ്രഭാതവന്ദനം 1
മഞ്ഞുമഴ

മഞ്ഞുമഴക്കാറ്റിലാടി മെല്ലെ മെല്ലെ പുഞ്ചിരിച്ചെ-
ന്നങ്കണവും വെള്ളിപോലെ മിന്നിടുമ്പോഴെന്തു ചന്തം.
ശ്വേതമലർ കൊഞ്ചിടുന്ന വെൺപുലർച്ചക്കാഴ്ചയിൽ ഞാൻ
വിൺതിലകം പൂത്തുകണ്ട വെട്ടം തൊട്ടുനോക്കീ.

മഞ്ഞുമഴത്തുള്ളി തട്ടി വീശിയെത്തും മാരുതനിൻ
ചാരുതയോടൊട്ടി നിന്റെ താപമെല്ലാം കൂടൊഴിഞ്ഞോ?
തീപ്പൊരിപോലെത്തിടുന്ന രശ്മി തൊട്ടെൻ കൈ വിറയ്ക്കാൻ
മഞ്ഞുമലർചിന്തകളിൽ മനക്കുഴപ്പം വന്നുചേർന്നോ?

വെൺമിഹിരകൂട്ടമെന്നപോലെ പാരിൽ മഞ്ഞുതിർന്നാൽ
മഞ്ഞുകണങ്ങൾക്കപാര ശക്തിയെന്നും ഞാനറിഞ്ഞു
താപവുമായ് നീയുദിപ്പതെന്നിനിച്ചൊല്ലർക്കദേവാ!
സത്യമെനിക്കത്ഭുതത്തെ കാഴ്ചവച്ചീ വെൺപ്രഭാതം!

******************************************************************

അഭിപ്രായങ്ങള്‍

  1. ചേച്ചി ... മുകളിലെ കുറിപ്പ് വായിച്ചു . കവിതകൾ കുറച്ചു വായിച്ചു . ആശംസകൾ ചേച്ചി. കവിത എഴുതാൻ കഴിയുന്നത് ഒരു ഭാഗ്യവും അനുഗ്രഹവുമായാണ് ഞാൻ കരുതുന്നതു . കഥ എഴുതുമ്പോലെയല്ല കവിത എഴുത്ത് ... ഇനിയും ഒരുപാടു കവിതകൾ എഴുതാൻ ചേച്ചിക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്നേഹം ചേച്ചി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരുപാടു സനേഹം ഗീത ഈ നല്ല വാക്കുകള്കകും പ്രോല്‍സാഹനത്തിനും

      ഇല്ലാതാക്കൂ
  2. മറുപടികൾ
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി സാര്‍.

      ഇല്ലാതാക്കൂ
  3. ഒരു പ്രഭാതത്തെ അതിൻ്റെ ഏറ്റവും വ്യത്യസ്തമായ സൂക്ഷ്മതലം കണ്ടെത്തി ഭാഷയുടെ എല്ലാ പരിമിതികളും മറികടന്ന് നൂറ് ദിവസത്തിലധികമായി നമുക്ക് മുന്നിൽ അവതരിപ്പിക്കുന്ന ദേവിയുടെ ഈ മഹത്തായ പരിശ്രമത്തെ അതിൻ്റെ എല്ലാ അർത്ഥത്തിലും അഭിനന്ദിച്ചു കൊള്ളുന്നു ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരുപാടു നന്ദി സാര്‍ ഈ നല്ല വാക്കുകള്കകും പ്രോല്‍സാഹനത്തിനും

      ഇല്ലാതാക്കൂ
    2. അഭിനന്ദനങ്ങൾ മഹത്വമാർന്ന സാഹിത്യ രചനാ പരിശ്രമത്തിന്.

      ഇല്ലാതാക്കൂ
    3. ഒരുപാടു നന്ദി ഈ നല്ല വാക്കുകള്കകും പ്രോല്‍സാഹനത്തിനും

      ഇല്ലാതാക്കൂ
  4. മനോഹരം ... ഭാവുകങ്ങൾ ... ദൈവാനുഗ്രഹം എന്നുമുണ്ടാവട്ടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരുപാടു നന്ദി ഈ നല്ല വാക്കുകള്കകും പ്രോല്‍സാഹനത്തിനും

      ഇല്ലാതാക്കൂ
  5. നൂറു തികഞ്ഞ ഈ കുറികൾക്കു അഭിനന്ദനങ്ങൾ
    ആശംസകൾ
    അധിക പങ്കും ഫേസ്ബുക്കിൽ വായിച്ചിരുന്നു. അവിടെ ചില കമന്റുകളും ഇട്ടിരുന്നു.
    എഴുതുക അറിയിക്കുക!
    ഫിലിപ്പ് ഏരിയൽ
    സിക്കന്തരാബാദ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരുപാടു നന്ദി ഈ നല്ല വാക്കുകള്കകും പ്രോല്‍സാഹനത്തിനും

      ഇല്ലാതാക്കൂ
  6. കുറച്ചു നാളുകളായി ഞാൻ എല്ലാ ദിവസവും വായിക്കുന്ന ഒരു
    പംക്തിയാണിത്.. ഇപ്പോൾ 100ൻറെ നിറവിൽ നിൽക്കുന്നു എന്നറിഞ്ഞപ്പോൾ വളരെ സന്തോഷം.... എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട്...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരുപാടു നന്ദി ഈ നല്ല വാക്കുകള്കകും പ്രോല്‍സാഹനത്തിനും

      ഇല്ലാതാക്കൂ
  7. ഞാൻ എല്ലാ ദിവസവും വായിക്കുന്നപ്രഭാതവന്ദനംഇപ്പോൾ 100ൻറെ നിറവിൽ നിൽക്കുന്നു എന്നറിഞ്ഞപ്പോൾ വളരെ സന്തോഷം.... എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട്...ഗോപകുമാർ , കുടമാളൂർ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരുപാടു നന്ദി ഈ നല്ല വാക്കുകള്കകും പ്രോല്‍സാഹനത്തിനും

      ഇല്ലാതാക്കൂ
  8. 300 ദിനവും കടന്ന് പ്രഭാതവന്ദനം... ബിഗ് സല്യൂട്ട്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ സന്തോഷം. നന്ദി ഈ പ്രോത്സാഹനത്തിന്.

      ഇല്ലാതാക്കൂ
  9. എല്ലാം വളരെ വളരെ നന്നായിരിക്കുന്നു വായിക്കുവാൻ താമസിച്ചു പോയി എന്നു മാത്രം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ സന്തോഷം പ്രദീപ്. നന്ദി ഈ നല്ല വാക്കുകൾക്ക്.

      ഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ