ഉൾത്തിളക്കം

ഉടുമുണ്ടുതുണിയൊന്നു ചേറിൽ വീണാൽ,
ത്വരയോടെയതിനേയെടുത്തിടേണം.
ചെളിമൊത്തമതിലൊട്ടിടും മുന്നേ നാം
കഴുകേണമതിനേയുടുക്കാൻ വീണ്ടും.

ഒരുവേളയതു നാമെടുക്കാവിട്ടാൽ,
നിറയുന്നു തുണിമേലഴുക്കെല്ലാമേ.
അതു മൊത്തമെളുതല്ല, വൃത്തിയാക്കാ-
നിനിയെത്രദിനമൊന്നെടുത്തീടും നാം.

അതുപോലെ മനതാരിലെത്തീടുന്നു
ഒരുപാടു മലിനങ്ങളോരോനാളും
മലപോലെയണയുന്നു തിന്മ നമ്മിൽ
ചില ദോഷമനമോടു ചേർന്നാൽ സത്യം.

ചതിയുള്ള ഹൃദിയെന്നറിഞ്ഞാൽപ്പിന്നെ
അവയൊക്കെയധികാരമേൽക്കുംമുന്നേ
അളവോടെയതിനേയിറക്കിടേണം
മതിയൊക്കെയതിനായൊരുക്കീടേണം

നിജമായ മനുജന്റെ ഹൃദിയിൽ കാണാം
വിലപിച്ച ഹൃദയം നനയ്ക്കുംസ്വർഗ്ഗം .
നലമായി ധരയിൽ ജനിച്ചാൽപ്പോരാ
ഗുണമേന്മ കലയായ്ക്കരുത്തായ് വേണം.

മടിയാതെ മനതാരിലെത്തിടേണം
ഹൃദിയോടെയൊരുനല്ലയുൾത്തിളക്കം
ഇതിനൊക്കെ ദിനമുള്ളതാം കടാക്ഷം
വരുമപ്പോൾ വരമായി നമ്മിലെന്നും.

Comments

 1. വളരെ നല്ലൊരു ആശയം ചേച്ചീ ....
  എന്റെ ഇന്നത്തെ വലിയൊരു സംശയത്തിനുള്ള മറുപടി പോലെ തോന്നിച്ചൂ ...

  ReplyDelete
 2. നല്ല കവിത ചേച്ചി. ഒത്തിരി അർത്ഥമുള്ള വരികൾ.

  ReplyDelete
 3. ചേച്ചി..നല്ല കവിത കെട്ടോ.. ഉൾക്കാഴ്ച്ച നൽകുന്ന വരികൾ.. മനസ്സ് ചേറുപറ്റാതെ സൂക്ഷിക്കുക എന്നുള്ളതാണല്ലോ മനുഷ്യന് ഏറ്റവും ബുദ്ധിമുട്ടേറിയ കർമം !

  ReplyDelete
 4. നല്ല വരികൾ

  ReplyDelete
 5. നല്ല കവിത

  ReplyDelete
 6. താളത്തിൽ പറഞ്ഞതൊക്കെയും സത്യം.സലാം ചേച്ചീ.

  ReplyDelete
 7. ചതിയുള്ള ഹൃദിയെന്നറിഞ്ഞാൽപ്പിന്നെ
  അവയൊക്കെയധികാരമേൽക്കുംമുന്നേ
  അളവോടെയതിനേയിറക്കിടേണം
  മതിയൊക്കെയതിനായൊരുക്കീടേണം... അർത്ഥവത്തായ വരികൾ..

  ReplyDelete
 8. മന:ശുദ്ധിയുണ്ടായിരിക്കണം.
  നല്ല വരികൾ
  ആശംസകൾ

  ReplyDelete
 9. നന്നായിട്ടുണ്ട്. ലളിതവും ഹൃദ്യവും. മനസ്സുകളിൽ നന്മ നിറയട്ടെ

  ReplyDelete
 10. വളരെ അർത്ഥവത്തും, മനോഹരവുമായ ഒരു നല്ല കവിത… "അതുപോലെ മനതാരിലെത്തീടുന്നു, ഒരുപാടു മലിനങ്ങളോരോനാളും " എന്ന വരികൾ എനിക്ക് നന്നേ ഇഷ്ട്ടപ്പെട്ടു … എന്റെ ആശംസകൾ.

  ReplyDelete
  Replies
  1. മലിനങ്ങൾ എന്ന പ്രയോഗം തെറ്റാണ്. മലിനം
   എന്നത്
   വിശേഷണം ആയി അല്ലേ ഉപയോഗിക്കുക.. മലിനമായത് എന്തോ അതാണ് മാലിന്യം.. മാലിന്യങ്ങൾ എന്നായിരുന്നു വേണ്ടിയിരുന്നത്.

   Delete
 11. നല്ല ആശയം..ഗുരുവിന്റെയൊക്കെ ആത്മോപദേശശതകം പോലെ താളത്തിൽ ചൊല്ലാവുന്ന വിധത്തിൽ എഴുതിയിട്ടും ഉണ്ട്. താള നിബദ്ധമായ കവിതകൾ ആരും എഴുതാൻ മെനക്കെടാൻ നോക്കാത്ത കാലത്ത് ഇത് ഒരു ആശ്വാസമാണ്. പിന്നെ,
  ഹൃദിയിൽ എന്ന വാക്ക് ആദ്യമായി ഒറ്റയ്ക്ക് ഉപയോഗിച്ച് കാണുന്നത്.കൗതുകം കുറച്ച് കൂടുതൽ ആയത് കൊണ്ട് Olam.in ൽ നോക്കിയപ്പോൾ ഹൃദയത്തിൽ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ഒരു വിഭക്തി ആണ് അത് എന്ന് കണ്ടു. ആലോചിച്ചു നോക്കിയപ്പോൾ ഹൃദിസ്ഥം എന്ന് പറയുന്നതിന്റെ അർത്ഥം ഹൃദയത്തിൽ സ്ഥാനം പിടിച്ചത് /ഉള്ളത് എന്നാണല്ലോ . അങ്ങനെ നോക്കിയാൽ ഹൃദിയിൽ എന്ന് പറയുന്നത് തെറ്റാണ്. ഹൃദി- എന്നാൽ തന്നെ ഹൃദയത്തിൽ എന്ന അർത്ഥം വരുന്നത് കൊണ്ട്.

  പിന്നെ ഞാൻ കണ്ട ഒരു കുറവ്.. (#ദോഷൈകദൃക്ക് 🙏) ഒരേ വാക്ക് തന്നെ പലതവണ ഒരു കവിതയിൽ ഉപയോഗിക്കുന്നത്.. ഉദാഹരണത്തിന് ഇതിൽ
  ഹൃദിയിൽ എന്ന പ്രയോഗം 3 തവണ.. ഇത്
  കവിതയുടെ ഭംഗി കുറയ്ക്കും. ഇത് മറികടക്കാൻ എഴുത്തച്ഛൻ ഒക്കെ രാമൻ എന്ന വേണ്ട സ്ഥലത്ത് ദശരഥതനയൻ, കൗസല്യാസുതൻ എന്നിങ്ങനെ പല പല പര്യായങ്ങൾ ഉപയോഗിച്ചത് ശ്രദ്ധിച്ചാൽ നല്ലതാണ്.

  ReplyDelete
 12. അഭിനന്ദനങ്ങൾ...

  ReplyDelete
 13. ഈ രീതിയിൽ ഉള്ള കവിത ഇപ്പോൾ കിട്ടുക പാടാണ്. നല്ല താളമുണ്ട്. അഭിനന്ദനം.

  ReplyDelete
 14. ആദ്യത്തെ നാലു വരിയിൽ തന്നെ സംഗതി ഗംഭീരമായി.താളാത്മകം,അർത്ഥാത്മകം...

  ചെളി പുരളാത്ത മനസ്സാവട്ടേ ഏവർക്കും

  നന്മകൾ നേരുന്നു

  ReplyDelete
 15. താളമുള്ള കവിത വായിക്കാൻ തന്നെ ഒരു പ്രത്യേക രസമാണ്. ഇതിലിപ്പോൾ നല്ലൊരു സന്ദേശവും ഉണ്ട് താളവും ഉണ്ട്. ഇഷ്ടായി.

  ReplyDelete
 16. ഉൾക്കാഴ്‌ച്ച തരുന്ന ആശയങ്ങൾ..
  നല്ലെഴുത്ത്

  ReplyDelete
 17. കൊള്ളാം.. ഈണത്തിൽ ചൊല്ലാം.. ഇഷ്ടം. അഭിനന്ദനങ്ങൾ

  ReplyDelete
 18. ഗംഭീരമായി ട്ടോ.

  ReplyDelete
 19. മനസിൽ കറ പറ്റിയാൽ അപ്പൊ തന്നെ കഴുകേണം.. ഇല്ലെങ്കിൽ അത് പിടിച്ചു പോകും.. ശരിയാണ്...
  പക്ഷെ കറ നല്ലതല്ലേ ( സർഫ് എക്സൽ) 😂😁

  ReplyDelete
 20. കവിത എന്നപേരിൽ വായിൽ തോന്നിയത് അതുപോലെ എഴുതിവിടുന്നവരുടെ കാലത്ത് നല്ല താളനിബദ്ധമായ ഒരു കവിത വായിക്കാൻ പറ്റി :-)

  ReplyDelete

Post a Comment