കൊറോണയെ തുരത്താംവലിയൊരു ലോകം മുഴുവൻ കാക്കാൻ

വീട്ടിലിരുന്നാൽ മതിയാകും. 


ഭീതി വേണ്ടാ. ജാഗ്രതമാത്രം!


പ്രിയ മിത്രങ്ങളേ, ഭീതി വേണ്ടാ. ജാഗ്രതമാത്രം മതി.

ജില്ലയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇത് അധികനാള്‍ നീണ്ടുനിന്നാല്‍ എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ട് കൊറോണയെ എത്രയും വേഗം തുരത്തേണ്ടത് അത്യന്താപേക്ഷിതം. കൊറോണയുടെ ചങ്ങലപൊട്ടിക്കുക എന്നതുമാത്രമാണ് ഇതിനൊരു പോവഴി.

അത്യാവശ്യമില്ലാതെ നമ്മളിലാരുംതന്നെ പുറത്തിറങ്ങാതിരിക്കുക എന്നതു മാത്രമാണ് കൊറോണയെ പ്രതികരിക്കാനുള്ള ഒറ്റമൂലിയായി ഇന്നുവരെ നമ്മുടെ മുന്നിലുള്ളത്. നമുക്കുവേണ്ടി ജീവന്‍ പണയംവച്ച് രോഗികളോട് അടുത്തിടപഴകുന്നവര്‍ക്കും നമ്മുടെ നിത്യജീവിതത്തിന് അത്യാവശ്യ മുള്ളതൊക്കെ നല്കാന്‍വേണ്ടി പുറത്തിറങ്ങാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്കും വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം. ലോകാരോഗ്യസംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ ഒന്നുവിടാതെ അനുസരിച്ച് ലോകത്തിനുതന്നെ മാതൃകയാകുവിധം നാമോരോരുത്തരും ജാഗ്രതപാലിക്കേണ്ടതാണ് ഇപ്പോള്‍ നാം നമ്മോടും നമ്മുടെ കുടുംബത്തോടും നമുക്കു വേണ്ടപ്പെട്ടവരോടും നാം ജീവിക്കുന്ന സമൂഹത്തോടും ജില്ലയോടും സംസ്ഥാനത്തോടും സ്വദേശ ത്തോടും സ്വരാജ്യത്തോടും നമ്മുടെ ലോകത്തോടും കാണിക്കോണ്ടതായ നന്മ, നീതി, ന്യായം, മര്യാദ, ബഹുമാനം, ആദരവ് എന്നീ കര്‍മ്മങ്ങ ളിലൂടെയുള്ള ധര്‍മ്മം.

സ്വന്തം ശരീരത്തെ വൃത്തിയായും ആരോഗ്യമായും സൂക്ഷിക്കുക. കുഞ്ഞുങ്ങളേയും പ്രായംചെന്നവരേയും പ്രത്യേകം ശ്രദ്ധചെയുത്തുക.. കോവിഡ്-19 വിമുക്തലോകം മാത്രമാകട്ടെ ഇപ്പോഴത്തെ നമ്മുടെ ലക്ഷ്യം. രോഗമുണ്ടെന്ന് ചെറിയൊരു സൂചന തോന്നിയാല്‍ എതയുംവേഗം പരിശോധനയ്ക്ക് സ്വയം വിധേയരാകുക എന്നതും നമ്മുടെ ഉത്തരവാദിത്ത്വമാണ് എന്നതും മറക്കാതിരിക്കുക.

ഇക്കാര്യത്തില്‍ നിസ്സഹകരണം അധര്‍മ്മമാണ്. സഹകരണമാണ് ഓരോ പൗരന്റേയും ധര്‍മ്മം എന്നത് മറക്കാതിരിക്കുക. വീട്ടിലിരിക്കുക എന്ന ഈ ഒരു ധര്‍മ്മത്തിലൂടെ മാരകമായ കൊറോണയെ പ്രതിരോധിക്കുവാന്‍ സാധിക്കുമെങ്കില്‍, അതിനുസഹകരിക്കുക എന്നതുതന്നെയാണ് ഇപ്പോഴത്തെ നമ്മുടെ ധര്‍മ്മം. ഈ പ്രതിസന്ധിയില്‍നിന്ന് മറികടക്കുവാന്‍ ഏകമനസ്സോടെ ലോകാരോഗ്യസംഘടനയോട് സഹകരിക്കുക..... സഹകരിക്കുക... .കൊറോണയെ തുരത്തുംവരെ സഹകരിക്കുക.
വീട്ടിൽ ഇരിക്കാം

വാനത്തു നിത്യവും വന്നുനിന്നു
കത്തിജ്വലിച്ചിടും സൂര്യദേവാ
ജീവന്റെ അംശമായുള്ളതൊക്കെ
വാടിത്തളർന്നിടും നിന്റെ ചൂടിൽ.

വാടാത്ത വീരനൊന്നെത്തി പാരിൽ
മർത്ത്യന്റെ നിദ്രയെപ്പാട്ടിലാക്കി
ചുറ്റിത്തിരിഞ്ഞഹങ്കാരമോടെ
ചെത്തിച്ചെനക്കിടും കാഴ്ചയായി.

സൂര്യാ നിനക്കു നിൻ ചൂടിനാലീ
കോവിഡ് എരിച്ചിടാനാകുകില്ലേ
നിന്നേയും നിർവീര്യനാക്കിയെങ്ങും
പേടിപ്പെടുത്തിടും വീരനായി

നെഞ്ചും കുലുക്കി നഞ്ചും പൊഴിച്ചു
ലോകം മുഴുക്കെ രോഗം വിതച്ചു
നാശത്തിലേക്കു നീക്കുന്ന കാൽകൾ
വെട്ടിത്തകർക്കാനാരുണ്ടു പാരിൽ?

സർവ്വം നശിച്ചു തീരുന്നതിൻ മുൻ
പാരീന്നുതന്നെ ഓടിച്ചിടാമീ
നാശങ്ങളിങ്ങു വാരി വിതയ്ക്കും
മോശം കൊറോണവൈറസ് തുരത്താം.

കേറീ വളർന്നു നാശം വിതയ്ക്കാൻ
നമ്മൾ ശരീരം നല്കാതിരിക്കാം
നാമൊക്കെയിന്നു വീട്ടിൽ ഇരിക്കാം
രോഗാണുവെത്തടഞ്ഞീടാൻ ശ്രമിക്കാം.

കോവിഡ് ശല്യം

ഇത്തിരിപ്പോന്ന കുഞ്ഞൻ കോവിഡ്
ഒത്തിരി ശല്യക്കാരൻ പാരിൽ

ഭീതി വേണ്ട ഭീതി വേണ്ട
പോതും ജാഗ്രത എന്നങ്ങോതി

വീട്ടിലിരുപ്പു പിന്നേം നീട്ടി
ഏപ്രിൽ പാതി വരേയ്ക്കും കിട്ടി

വന്നുപെട്ടാൽ കൊണ്ടേ പോകൂ
ജാഗ്രതയാണേ ഒറ്റമൂലി .

ഓഖി കണ്ടും സുനാമി കണ്ടും
അഹന്തയൊട്ടും കുറഞ്ഞില്ല

പ്രളയത്തിൽ താഴ്ത്തിനോക്കി
ഭൂകമ്പത്തിൽ വീഴ്ത്തിനോക്കി

കുലുക്കമില്ല, മർത്ത്യർക്കൊട്ടും
മാറ്റമൊക്കെയല്പകാലം

അറ്റകൈയായ് കോവിഡ് എത്തി
പത്തി താഴ്ത്തൂ മാനവാ

ഇല്ലായെങ്കിൽ തൂത്തുവാരും
മുന്നിൽ ചെല്ലാതൊളിച്ചിരിക്കാം

പണ്ഡിതനേയും പാമരനേയും
കോവിഡ് കേറി ഭരിക്കുന്നു

ജാതി, മതം നോക്കീടാതെ
താണ്ഡവമാടി രസിച്ചീടുന്നു

മാനവജീവനു വിലപേശുന്ന
കോവിഡ് ലേലമുറപ്പിക്കുന്നു

കീശയ്ക്കുള്ളിൽ കാശതു കണ്ടാൽ
കോവിഡ് വീരനു പുല്ലാണേ

പണത്തേക്കാൾ ഗുണം കാട്ടി
ഐക്യതയോടേ ജീവിക്കാം

വൈരാഗ്യങ്ങൾ ഉപേക്ഷിക്കാം
തമ്മിൽ തമ്മിൽ സ്നേഹിക്കാം

ജീവനു ഭീഷണി നല്കിനടക്കും
പ്രാണൻകൊല്ലി കോവിഡ് വീരൻ

പുറത്തുപോയാൽ കയ്യേലൊട്ടും
വീട്ടിലിരിക്കാം, ജാഗ്രത!

കറങ്ങിനടന്നാൽ കൂടേ കൂടും
കൂട്ടിലിരിക്കാം, ജാഗ്രത!

പ്രതിരോധത്തിൻ മാർഗ്ഗത്തെ നാം
ഒത്തുപിടിക്കാം ചേർന്നു വിരട്ടാം.

ഒത്തുപിടിച്ചാൽ മലയും പോരും
എന്നൊരു ചൊല്ലു പരീക്ഷിക്കാം.

അതിജീവിക്കാം.

പോരാടി മല്ലരേ കൈയാൽ ഞെരിച്ചും
കോലാഹലത്തിൽ കയർത്തും മരിച്ചും
അതിജീവനത്തിൻ്റെ മാർഗ്ഗങ്ങളേറേ
പുരാണങ്ങളിൽ നാമന്നേ പഠിച്ചു .

ഇക്കാലമത്രയും കാണാത്തവണ്ണം
ഓഖിക്കരുത്തും സുനാമിയും വന്നു.
കണ്ടോരെയൊക്കെയും മുക്കീ പ്രളയം
ഇണ്ടൽ വരുത്തീ, പെരുത്തോരു നഷ്ടം!

വെള്ളത്തിൽ മുങ്ങീ ശ്വാസം നിലച്ചാ
പള്ളകൾ വീർത്തുള്ള ദേഹങ്ങളൊന്നും
കണ്ടിട്ടും പോരാതെത്തീല്ലൊ പ്രളയം
പെയ്തല്ലോ മാരീ തുടർക്കഥപോലേ.

കഷ്ടങ്ങളൊക്കെക്കവിഞ്ഞൂകടക്കേ,
വന്നിന്നുമെത്തീല്ലോ ജീവൻ അടർത്താൻ.
ലോകത്തെയാകേ വിറപ്പിച്ചുകൊണ്ടീ
വീരാധിവീരനാം കോവിഡ് കൊറോണാ.

ലോകരാഷ്ട്രങ്ങളേയൊന്നായ് കുലുക്കീ
വല്ലാതെയങ്ങൂ വലച്ചൊന്നണുക്കൾ
പിന്നെയും വന്നൂ മുന്നിൽ നിരന്നല്ലൊ
അതിജീവനത്തിൻ നാളിൻ നടുക്കം !

കൽക്കീ ഭരിക്കുന്നകാലം കഠോരം
തീമാരി വന്നൂ നമ്മേയെരിച്ചാലും
അതിജീവനത്തിൻ കോലം മായ്ക്കാതേ
ഒന്നായ് പോരാടി വെന്നിടേണം നമ്മൾ.

ചങ്ങല പൊട്ടിക്കാം

ലോകത്തിന്റെ അവസ്ഥകൾ
കണ്ടറിഞ്ഞു വാഴണം.
ലോകാരോഗ്യസംഘടനാ-
സന്ദേശങ്ങൾ കേൾക്കണം.

ഭയത്തെ നാമുപേക്ഷിച്ചു
ജാഗ്രതകൾ പാലിക്കണം.
നമ്മളാലീയണുക്കളെങ്ങും
തങ്ങീടാതെ നോക്കണം.

നമ്മിലുമീയണുക്കൾ വന്നു
പെട്ടിടാതെ നോക്കിടാം.
വീട്ടീന്നെങ്ങും പോയിടാതെ
വ്യായാമങ്ങൾ ചെയ്തീടാം.

പാട്ടുപാടി നൃത്തംവയ്ക്കാം
ഉല്ലാസമായിരുന്നീടാം.
ശുദ്ധമായ ഭക്ഷണങ്ങൾ
വീട്ടിനുള്ളിൽ ഉണ്ടാക്കാം.

വൃത്തിയായി ഭക്ഷിക്കാം
ആരോഗ്യമായിരുന്നീടാം.
ദേഹം നന്നേ തളർത്തീടും
ഭയത്തെ നാം മറന്നീടാം.

മനോന്മേഷം കൂട്ടി നമ്മൾ
ജാഗ്രതയോടിരുന്നീടാം.
രോഗാണുക്കൾ പടർന്നീടും
ചങ്ങലയെ മുറിച്ചീടാൻ,

വീട്ടീന്നെങ്ങും ഇറങ്ങാതെ
പ്രാർത്ഥിച്ചെന്നും കഴിഞ്ഞീടാം.
സൂര്യോദയം കണ്ടു തൊഴാം
ജീവകവും ലഭിക്കട്ടെ!

തൊട്ടുരുമ്മാതെ

കോവിഡ് എന്നൊരു കോക്കാച്ചി,
ലോകം മുഴുവന്‍ ചുറ്റുന്നു

കോക്കാച്ചീടെ വായില്‍പ്പെട്ടാല്‍,
ആപത്താണെന്നോര്‍ത്തോളൂ.

തട്ടാതേയും മുട്ടാതേയും
തട്ടിന്മേലെയിരുന്നോളൂ.

തുള്ളിച്ചാടി നടന്നവരെല്ലാം
തൊട്ടാവിടികളായ് മെല്ലെ

തൊട്ടുരുമ്മാതെ തീണ്ടാതകലം
പാലിച്ചിന്നു നടന്നോളൂ.

കോവിഡ്‌ക്കൈയിലകപ്പെട്ടെന്നാല്‍
ജീവന്‍പോകും ചൊല്ലീല്ലേ.

വീഥിയിലൊക്കെ മാനവര്‍ വേണ്ടേ
തട്ടീം മുട്ടീം തൊട്ടുരമ്മാനും

തൊട്ടാവാടികളായോരെല്ലാം
തുള്ളിച്ചാടി നടക്കേണ്ടേ

തോള്‍ചേര്‍ന്നെന്നും സ്‌നേഹിക്കാല്ലോ
കോവിഡ്കാലം കഴിയട്ടേ.

രണ്ടോ മൂന്നോ ആഴ്ചകള്‍ വീണ്ടും
വീട്ടില്‍ കേറിയിരുന്നാലീ

മാനവരൊക്കെ പാരില്‍ തങ്ങാന്‍
കാരണമായാല്‍ നന്നല്ലേ

കോവിഡ്ശല്യം തീക്കാമെങ്കില്‍
കോവില്‍ കൊട്ടിയടച്ചൂടെ

കോവിഡ് പോയാല്‍ നാമെല്ലാരും
ഇഷ്ടംപോലെ നടക്കാല്ലോ

കൊറോണ (വ്യത്യസ്താമാമൊരു ബാർബറാം ബാലനെ എന്ന ഗാനത്തിന്റെ പാരഡിഗാനം )

ഭീകരനായൊരു കോവിഡ് കൊറോണയെ
ആദ്യമെയാരും തിരിച്ചറിഞ്ഞില്ല.

ഭീകരനായൊരു കോവിഡ് കൊറോണയെ
ആദ്യമെയാരും തിരിച്ചറിഞ്ഞില്ല.

പുറത്തിറങ്ങുന്നോർക്കു പകരുമീ കോവിഡ്
പുറത്തിറങ്ങുന്നോർക്കു പകരുമീ കോവിഡ്

വെറുമൊരു രോഗമല്ലിവാനൊരു കാലൻ
കോവിഡ് ഒരു കാലൻ ഉയിർകൊല്ലിവീരൻ

അതിവീരൻ അതിശയകാലൻ ഉമിനീരാൽ
പകരും കോവിഡ് കോവിഡ് കോവിഡ് കോവിഡ്

ഭീകരനായൊരു കോവിഡ് കൊറോണയെ
ആദ്യമെയാരും തിരിച്ചറിഞ്ഞില്ല.

ഉലകം വിറയ്ക്കുന്ന രോഗമായെത്തി
മരണം വിതയ്ക്കുന്ന നാശക്കൊറോണ

ഉലകം വിറയ്ക്കുന്ന രോഗമായെത്തി
മരണം വിതയ്ക്കുന്ന നാശക്കൊറോണ

ശ്വാസം വലിക്കുന്നതോടെ അകം പൂകി
ശ്വാസകോശങ്ങൾ അടയ്ക്കുന്ന വീരാ

രോഗരാജാവിന്റെ സ്നേഹിതൻ കോവിഡ്
ഈനാട്ടുനാശത്തിൻ വേരിട്ട രോഗം

കൈയ്യൊന്നറിയാതെ തൊട്ടുപോയാലതിൽ
കൈയ്യൊന്നറിയാതെ തൊട്ടുപോയാലതിൽ

രോഗം പകർത്താൻ ഒളിക്കുന്ന കാലൻ
കോവിഡ് ഒരു കാലൻ മാരക വീരൻ

അതിവീരൻ ചുമകളിലൂടെ ജനദ്രോഹം
ചെയ്യണ കോവിഡ് കോവിഡ് കോവിഡ് കോവിഡ്

പലരിൽ പതുങ്ങിഇരിക്കും കൊറോണ
ഹായ് ആയ് ഹായ് ഹായ് ഹായ്

പലരിൽ പതുങ്ങിഇരിക്കും കൊറോണ
തൊട്ടാൽ പകരുന്നു മാരക കോവിഡ്

വൃക്കയെ കലക്കി നശിപ്പിച്ചു വേഗം
ഹൃദയമിടിപ്പിന്റെ താളം നിലപ്പിക്കും

ഭീകരനായൊരു കോവിഡ് കൊറോണയെ
മൊത്തത്തിലിപ്പോൾ തിരിച്ചറിയുന്നു.

വൈദ്യശാസ്ത്രത്തിന്റെ അപമാനമാകും
വൈദ്യശാസ്ത്രത്തിന്റെ അപമാനമാകും

കൊറോണക്കാലാ നിനക്കെന്നു നാശം
കോവിഡ് ഒരു ശാപം, ധരയുടെ നാശം

കൈകൾ നന്നായി ശുചിയാക്കും നേരം
തീരണ കോവിഡ് കോവിഡ് കോവിഡ് കോവിഡ്

കോവിഡ് ഒരു കാലം പടരണശീലൻ
അതിവീരൻ, നാമിതുപോലെ വീട്ടിലിരുന്നാൽ
തകരും കോവിഡ് കോ.........വിഡ്

Comments

 1. ഇത് കെ]റോണക്കാലം.
  നമുക്ക് വീട്ടിലിരിക്കാം.

  ReplyDelete
 2. കൊറോണക്ക് ഒരു ചരമ ഗീതം

  ReplyDelete
 3. നാമൊക്കെയിന്നു വീട്ടിലിരിക്കാം
  ലോക്ക്ഡൗണുമായിട്ട്
  ലോഹ്യത്തിലാഴാം.

  ReplyDelete
 4. കൊറോണാക്കാലത്തെ വിശ്രമജീവിതം!
  ആശംസകൾ

  ReplyDelete
 5. കേറി വളർന്ന് നാശം വിതയ്ക്കാൻ
  നമ്മൾ ശരീരം നല്കാതിരിയ്ക്കാം
  നാമൊക്കെയിന്നു വീട്ടിൽ ഇരിയ്ക്കാം
  രോഗാണുവെത്തടഞ്ഞീടാൻ ശ്രമിക്കാം..


  ലോകത്തിനു മുഴുവനായുള്ള ആഹ്വാനം.

  ReplyDelete

Post a Comment