കാലത്തിൻ കൗമാരം കൊഴിയുന്നു2019..'TEEN ' ഏജിന്റെ അവസാനവർഷത്തെ അവസാനത്തെ  മാസത്തെ അവസാനത്തെ  നാളുകളിലേക്ക്.

'Teen' to 'Ty'


കാലത്തിൻ കൗമാരം കൊഴിയുന്നു

അജ്ഞാന ബാല്യം വിരിയുന്ന കാലം,
വായിച്ചറിഞ്ഞാൽ ഭയമാണു ലോകം.
കായ്ക്കും മരത്തിന്റെ പഴങ്ങൾ തിന്നൂ
കാട്ടിൽക്കഴിഞ്ഞന്നു മൃഗങ്ങളെപ്പോൽ.

നാണം മറയ്ക്കാനുടുവസ്ത്രമില്ലാ,
വേവിച്ചുതിന്നാൻനൊ നെരുപ്പുമില്ലാ.
പാഠം പഠിക്കാനൊരു പള്ളിയില്ലാ,
പേടിച്ചരണ്ടു കഴിഞ്ഞകാലം.

ആണെന്നു,പെണ്ണെന്നു വ്യത്യാസമില്ലാ-
തെന്നെന്നുമെങ്ങെങ്ങുമലഞ്ഞിരുന്നു.
എന്തൊക്കെയില്ലേലുമനിഷ്ടമില്ലാ
സ്വസ്ഥം മനുഷ്യർ സുഖമായിരുന്നു.

വർഷം പതുക്കേയിഴഞ്ഞുനീങ്ങി
കൗമാരകാലത്തെ വരവേറ്റുനിന്നു.
കൈയ്യൂക്കുകാട്ടിത്തൊഴിലിൻ കരത്തിൽ
പിരിഞ്ഞു വെവ്വേറെ തലങ്ങളായി.

മേൽക്കോയ്മ നാട്ടിൽ നടമാടിയപ്പോൾ
ജാതിക്കുരുക്കിൻ പിടിയിൽക്കുടുങ്ങി.
ദാരിദ്ര്യവേനൽ ഹരിതാഭമാക്കാൻ
മതങ്ങളോരോന്നു കരം കനിഞ്ഞു.

മോഹിച്ചുജീവിച്ചൊരു വർഗ്ഗകേളി
കീഴാളരന്നിന്നടിമച്ചരങ്ങൾ
തൊട്ടൊന്നുതീണ്ടാതെയറപ്പുകാട്ടി
ജന്മത്തെ ശാപക്കറയായി മാറ്റി.

പാവം മനുഷ്യർ, മനുഷ്യരാലേ
നാശം വിതച്ചു വിഷമിച്ച കാലം
മേലാളവർഗ്ഗക്കൊതികോമരത്താൽ
കീഴാളവർഗ്ഗത്തലകൊയ്തിരുന്നു.

കാലങ്ങളോരോന്നു കഴിഞ്ഞുപോകേ,
സൗകര്യമൊന്നൊന്നരികത്തുവന്നൂ.
വിജ്ഞാനസൗകര്യമതിന്റെ നേട്ടം
ചൊല്ലാവതല്ലെന്നു മനസ്സിലാക്കാം.

വ്യാപാരമേളങ്ങളാടിത്തുടങ്ങേ
സുഖം മനുഷ്യന്റെയകം തുടച്ചു
അഹന്തപീലിച്ചുരുളങ്ങഴിച്ചു
മനുഷ്യചിത്തത്തെ വെടക്കു നക്കി.

പാൽവാസനച്ചന്തമൊഴിഞ്ഞിടാത്ത
കുഞ്ഞോമനയ്ക്കും പല പീഡനങ്ങൾ
സർവ്വം തളർന്നൂ കുഴികാത്തിരിക്കും
മുത്തശ്ശിമാർക്കും തറപീഡനങ്ങൾ.

പൊന്നും പണംമാത്രമതല്ല പിന്നെ,
കണ്ണും കരൾ വൃക്കയതിന്നുമേലേ
ഉള്ളിന്റെയുള്ളിൽ തുടികൊട്ടിടുന്ന
ജീവന്റെനാളംവരെ മോഷണങ്ങൾ.

വെള്ളത്തിനും വായുവതിന്നുപോലും
ക്ഷാമങ്ങളായീ പലനാട്ടിലിന്നേ
ആലസ്യമേറും ജനജീവിതത്തിൽ
ഭക്ഷിച്ചിടാനായ് വിഷഭക്ഷണങ്ങൾ.

കാണാത്തവാർത്താവിഷയങ്ങളെന്നും
കേൾക്കാത്തരാഗത്തിനപകീർത്തിയേകി
കാലങ്ങളോട്ടിക്കലികാലമായി
ടീനേജുകാലപ്പടിതാണ്ടിടാറായ്.

കൗമാരരക്തത്തുടിപ്പിനാലേ 
പിടിച്ചുനിന്നങ്ങിവിടോളമെത്തി
പേടിപ്പെടുത്തീ, പ്രളയം നടുക്കി
എന്തൊക്കെയുണ്ടോയിനിയൊന്നു കാണാൻ?

രാഷ്ട്രീയഗോഷ്ടിക്കു ഭയപ്പെടാതെ
നാട്ടിൽ ഭരിക്കാൻ കഴിവുള്ളരാജൻ
മാവേലിയെപ്പോലെ ഭരിച്ചിടാനായ്
വന്നെത്തി നാട്ടിൻ ഗതി മാറ്റിടേണം.

Comments

 1. ആവോ. ചിലപ്പോൾ വരുമായിരിക്കും.

  ReplyDelete
  Replies
  1. പ്രതീക്ഷ... സ്നേഹം സുധി

   Delete
 2. മാറ്റങ്ങൾക്കായി ഒരാൾ തീർച്ചയായും വരുമെന്ന് പ്രതീക്ഷിക്കാം. നല്ല കവിത

  ReplyDelete
  Replies
  1. അതേ... സ്നേഹം പ്രവാഹിനി..

   Delete
  2. അതേ. പ്രതീക്ഷിക്കാം.. സ്നേഹം പ്രവാഹിനി

   Delete
 3. Innathe nadinte gathi kandu iniyum varumo ee nattil pavam Mavelimannan...
  Ashamsakal chechi..

  ReplyDelete
  Replies
  1. സംശയംതന്നെ.. സ്നേഹം ഗീതാ

   Delete
 4. ആദ്യമായിട്ടാണ്.എല്ലാമുള്ള കവിത..പുറത്തുള്ളതെല്ലാം
  അകത്തുമുണ്ട്.
  ഇനിയും വരാം
  ഫോളോ ചെയ്തിട്ടുണ്ട്

  ReplyDelete
  Replies
  1. നന്ദി... സന്തോഷം

   Delete
  2. നന്ദി... സന്തോഷം

   Delete
 5. This comment has been removed by the author.

  ReplyDelete
 6. ആലസ്യമേറും ജനജീവിതത്തിൽ
  ഭക്ഷിച്ചിടാനായ് വിഷഭക്ഷണങ്ങൾ.

  ഈ വരികൾ അസ്സലായി।
  മടിപിടിച്ച ജീവിതങ്ങൾ
  മാരകമായ രോഗങ്ങൾക്ക് അടിമയായി തീരുന്നു।
  എഴുതുക അറിയിക്കുക ആശംസകൾ।

  ReplyDelete
 7. കവിത ഇഷ്ടമായി അർത്ഥവത്തായ വരികൾ. എന്നാൽ
  "പേടിച്ചരണ്ടു കഴിഞ്ഞ' ആ കാലത്ത് തന്നെ "എന്തൊക്കെയില്ലേലുമനിഷ്ടമില്ലാ
  സ്വസ്ഥം മനുഷ്യർ സുഖമായിരുന്നു"എന്ന വരികൾ ചേർത്തു വായിക്കുമ്പോൾ ഒരു ആസ്വാരസ്യം തോന്നുന്നില്ലേ?

  ReplyDelete
  Replies
  1. Innu niraye ishtakkedukal alle nadakkunnathu. athaa uddeshichathu. santhosham ee thuranna abhiprayathinum vayanaykkum. nandi Sir.

   Delete

Post a Comment