ശ്രീകൃഷ്ണസ്തുതികൾ

കാർമുകിൽവർണ്ണാ
    Image may contain: 1 person, text
ചെന്തളിർച്ചുണ്ടിലോരിത്തിരിത്തേനുമായ്-
പ്പുഞ്ചിരിപ്പൂവിതൾദന്തമോടെത്തിടും
കാർമുകിൽവർണ്ണനെക്കണ്ടു കൈ കൂപ്പുവാൻ
ഭാഗ്യമെന്നാളുമെൻ കണ്ണിനുണ്ടാകണേ...
ആധിയും വ്യാധിയും വന്നുപെട്ടീടുകിൽ
ആകുലചിത്തമാശ്വാസമാക്കുവാൻ
കണ്ണനെത്തേടി ഞാൻ കോവിലിൽപ്പോയിടും.
നെയ്‌വിളക്കേറ്റിയെൻ കണ്ണനിൻ വിഗ്രഹ-
ത്തിന്റെയാ കൺകളിൽ കണ്ണുടക്കീടവേ,
നീൾമിഴിത്താരിതൾക്കണ്ണനും നോക്കവേ,
കൗതുകക്കണ്ണിലെപ്പീലിതൻ ഭംഗിയിൽ
സങ്കടം ചൊല്ലുവാൻ വിസ്മരിക്കുന്നു ഞാൻ.
എങ്കിലും ചൊല്ലുവാൻ പോയകാര്യങ്ങളിൽ
നൽക്കടാക്ഷങ്ങളങ്ങേകിടും കണ്ണനും.
ശുദ്ധമാം ബുദ്ധിയിൽ നന്മതൻ ചിന്തകൾ
തോന്നുവാനെന്നിലെത്തീടുമേ സന്തതം.
കഷ്ടകാലത്തിലെൻ സങ്കടം തീർത്തിടും
ഇഷ്ടദേവാ നിനക്കെന്നമെൻ വന്ദനം !


(മോന് പിറന്നാൾ സമ്മാനം)
ഒരു പ്രാർത്ഥന


കണ്ണനു നേദ്യപ്പായസവും
വെണ്ണയുമായ് ഞാനെത്തുകയായ്
താമരനേത്രാ, നിൻ നടയിൽ
കൈത്തിരിയും ഞാനേറ്റുകയായ്.
വിണ്ണിലിരുന്നെന്നോമനയായ്‌
പുഞ്ചിരി തൂകിക്കൊണ്ടൊരുനാൾ
കൺകുളിരേ നീയെൻ മടിയിൽ
വന്നു പിറന്നീ സുന്ദരനാൾ.
പൊന്നുതിരുന്നായോർമ്മദിനം
മുല്ലമലർത്തേൻതുള്ളികളായ്
സന്തതമെന്നിൽ വന്നണയും
ജീവിതസാഫല്യത്തിരുനാൾ.
ഉണ്ണിമനസ്സിൽ ചന്ദനമായ്‌
വന്നണയാനീ തൃപ്പടികൾ
തൊട്ടിരുകൈയാൽ നന്ദനനേ
കുമ്പിടുവാനായെത്തിയിതാ.
നിത്യവുമുണ്ണിച്ചിന്തകളിൽ
നന്മ നിറയ്ക്കാനെത്തിടണേ.
നേർവഴി കാട്ടാനെപ്പൊഴുമെൻ
ഉണ്ണിയൊടൊത്തുണ്ടായിടണേ.
കണ്ണിനു നേരേ വന്നിടുമാ -
പത്തുകളെല്ലാം നീക്കിടണേ
കാലടി നീക്കുന്നേരമതും
നൽത്തുണയേകിക്കാത്തിടണേ.
ഭക്തി വളർത്തിച്ചിത്തമതിൽ
നല്ലൊരു ചെതന്യത്തികവിൽ
പാരിതിലെന്നും വാഴ് വതിനായ്
കാത്തു കടാക്ഷിച്ചീടണമേ.

Comments